തര്‍ജ്ജനി

കവിത

മാപ്പ്‌


ദ്രവിക്കുമോലയില്‍
മരിക്കുമക്ഷരം
ചികഞ്ഞൊരാള്‍
മറയുമോരോ സുകൃതങ്ങളെണ്ണി,
ഇടയ്ക്കയുണരുമ്പോല്‍
ഇടയ്ക്കുചൊല്ലുന്നു.
ഉണര്‍ന്നിരുന്നിതും
ഉണ്ണീ, ഹൃദിസ്ഥമാക്കുക.
ജ്വലിക്കും യൌവനയുക്തിയില്‍,
വേണ്ട നിന്റെ ജരച്ച പൈതൃകമെന്ന്‌
തിരസ്കരിച്ചകലുമ്പോള്‍
തപിക്കുമേതോ
ഭോഗതര്‍ഷയില്‍
തേടുന്നിവനൊരുകാമതീര്‍ത്ഥം.
ചോരതുപ്പി മരിക്കും പകലിന്‍
ജഢം തിന്നുടല്‍ ചീര്‍ത്ത-
രാവിന്നാസുരതകളില്‍ രമിക്കേ
ഓര്‍ത്തില്ലൊ,ടുവില്‍
ഗൃഹഗര്‍ഭത്തിലാര്‍ത്തനായി കിടക്കുമ്പോള്‍
മലിനഭൂതത്തിലേക്കൊരു നാഭീനാളി
ശ്ലഥസ്മൃതി ചേര്‍ക്കുമെന്ന്,
മനമിരുണ്ട്‌ വിങ്ങുമെന്ന്..
മൃതിബോധമലട്ടുമെന്ന്...

സുനില്‍ ചിലമ്പിശ്ശേരില്‍
Subscribe Tharjani |