തര്‍ജ്ജനി

വിനോദ് മങ്കര

ചീഫ് പ്രോഗ്രാം പ്രൊഡ്യൂസര്‍,
എഷ്യാനെറ്റു്, പുളിയറക്കോണം പി.ഒ.
തിരുവനന്തപുരം

വെബ്ബ് സൈറ്റു്: വിനോദ് മങ്കര

Visit Home Page ...

ലേഖനം

നളചരിതം അഞ്ചാംദിവസം

ആത്മകഥാപരമായ അംശത്തിന്റെ പ്രാതിസ്വികതയാല്‍ ആട്ടക്കഥകളില്‍ നളചരിതം വ്യത്യസ്തമാകുന്നു. നളചരിതം ആത്മകഥ എന്നു കലാമണ്ഡലം ഗോപിയാശാന്‍ പറയുന്നു. ഈ തിരക്കഥ, നളചരിതത്തില്‍ പ്രകടമാകുന്ന ഉണ്ണായിവാരിയരുടെ സര്‍ഗ്ഗവ്യക്തിത്വത്തെക്കുറിച്ചുള്ള അന്വേഷണമാണു്. പരാജിതമായ പ്രണയവും അതിന്റെ വ്യഥകളും പുന:സമാഗമത്തിനുള്ള തീവ്രാഭിലാഷവും ഉണ്ണായിവാരിയരിലെ നളനേയും ബാഹുകനേയും കലിയേയും സൃഷ്ടിക്കുന്നു. എഴുത്തുകാരന്‍, കഥാപാത്രം, അരങ്ങില്‍ കഥാപാത്രത്തെ സാക്ഷാത്കരിക്കുന്ന നടന്‍, രസാസ്വാദനം നേടുന്ന ആസ്വാദകന്‍ എന്നിങ്ങനെ നാലുപേരും ഒന്നിക്കുന്ന ഒരു അപൂര്‍വ്വരാസവിദ്യയാണു് നളചരിതത്തിന്റെ മൗലികവ്യത്യസ്തത.

കലാമണ്ഡലം ഗോപിയാശാനുമായുള്ള സംഭാഷണങ്ങളെ ഉപജീവിച്ചു് രൂപപ്പെടുത്തിയ ഈ തിരക്കഥയില്‍ ഗോപിയാശാന്‍ കഥാപാത്രവും പ്രേക്ഷകനും വ്യാഖ്യാതാവുമാണു്. ഡിസംബര്‍ മാസത്തില്‍ ചിത്രീകരണം നടത്തുന്ന ഡോക്യുമെന്ററിയുടെ തിരക്കഥ ഇവിടെ പ്രകാശിപ്പിക്കുകയാണു്, ഒരു പക്ഷെ ചിത്രീകരണത്തിനു മുമ്പു് പ്രസിദ്ധീകരിക്കപ്പെടുന്ന മലയാളത്തിലെ ആദ്യത്തെ ഡോക്യുമെന്ററി തിരക്കഥയാവും വിനോദ് മങ്കരയുടെ നളചരിതം അഞ്ചാം ദിവസം. രാജാ രവിവര്‍മ്മയുടെ ജീവിതവും കലയും പ്രതിപാദിക്കുന്ന ബിഫോര്‍ ദ ബ്രഷ് ഡ്രോപ്ഡ്- നു് ശേഷം മറ്റൊറു കേരളീയപ്രതിഭയ്ക്കു മുന്നില്‍ അര്‍പ്പിക്കുന്ന അഞ്ജലിയാണിതു്.


സീന്‍ 1
കൂടല്‍മാണിക്യക്ഷേത്രക്കുളം. കുളത്തില്‍ മുങ്ങി നിവരുന്ന കലാമണ്ഡലം ഗോപി.

സീന്‍ 2
ക്ഷേത്രനടയില്‍ വെച്ച് കുറിയിട്ടു് അമ്പലം വലംവയ്ക്കുന്ന ഗോപി. ഒരിടത്തു്-

സീന്‍ 2A
പൂക്കൂടയുമായി മാലകെട്ടാനിരിക്കുന്ന കുറച്ചുപേര്‍ പൂക്കളും മാലയും കൈവേഗതയും ശ്രദ്ധയും

സീന്‍3
ഗോപി വീണ്ടും മുന്നോട്ടു് നടക്കുന്നു. Cut

സീന്‍ 4
മാല കെട്ടുന്ന ഉണ്ണായി വാരിയര്‍. ഏതോ ദു:ഖം അയാളുടെ മുഖത്തുണ്ടു്. അയാള്‍ പൊട്ടിക്കരയുന്നു.

സീന്‍ 5
ബാഹുകന്‍ ആടുന്നു

വിജനേ, ബത! മഹതി വിപിനേ നീയുണര്‍ന്നിന്ദു
വദനേ, വീണെന്തു ചെയ്‌വൂ കദനേ?
അവനേ ചെന്നായോ, ബന്ധു-
ഭവനേ ചെന്നായോ ഭീരു?
എന്നു കാണ്മനിന്ദുസാമ്യരുചിമുഖ-
മെന്നു പൂണ്മനിന്ദ്രകാമ്യമുടലഹം?

സീന്‍ 6
കലാമണ്ഡലം ഗോപിയുടെ വാക്കുകള്‍:
ഉണ്ണായി വാരിയരുടെ വൈദഗ്ദ്ധ്യം നമുക്കിവിടെ കാണാം. ഒരു തരം ട്രിക്ക് തന്നെ. തന്റെ വേദന ഹൃദയത്തിന്റെ ഇലച്ചിന്തിലാക്കി മഹാഭാരതത്തില്‍ നിന്നും അടര്‍ത്തിമാറ്റിയ കഥാസന്ദര്‍ഭത്തില്‍ ആവേശിപ്പിച്ചു് നളന്റെ വേദനയില്‍ തന്റെ വേദന ചാലിച്ചു് മൂന്നാമനായ കലാമണ്ഡലം ഗോപിയെക്കൊണ്ടാടിച്ചു് നാലാമനായ പ്രേക്ഷകനെ ഉള്ളംകയ്യിലിട്ടു് അമ്മാനമാടുന്ന വിദ്യയാണിതു്. ഈ കഥയിലെ നാലാമനായിട്ടാണു് ഞാനിപ്പോള്‍ നിങ്ങളോടു് സംസാരിക്കുന്നതു്. ഒന്നാമന്‍ ഉണ്ണായി, രണ്ടാമന്‍ നളന്‍, മൂന്നാമന്‍ നളനു വേണ്ടി കണ്ടെത്തിയ നടന്‍ കലാമണ്ഡലം ഗോപി, നാലാമന്‍ ഇതിപ്പോള്‍ വിശകലനം ചെയ്യുന്നകലാമണ്ഡലം ഗോപി. ഈ നാലാമന്റെ പേരു് നിങ്ങളുടേതുമാകാം. ഒരു തരം പകര്‍ന്നാട്ടമാണിതു്.

സീന്‍ 7

ഉണ്ണായിയുടെ വീടു്. പൂജാമുരിയില്‍ നിന്നും ഇറങ്ങിവരുന്ന ഉണ്ണായി. അതികഠിനമായ വിഷമം. ഒന്നിലും മനസ്സുനില്ക്കായ്ക. കയ്യില്‍ നിന്നും വീഴുന്ന പൂജാപാത്രങ്ങള്‍. ആരോടും പറയാനാവാത്ത വിങ്ങലുകള്‍. തന്റെ പ്രണയിനി മറ്റൊരാളുടെ ഭാര്യയായതറിഞ്ഞാണു് ദു:ഖം. അയാള്‍ വേച്ചുവേച്ചു് നടക്കുന്നു.

കമന്ററി - (അയാളുടെ ആത്മഗതം)

സീന്‍ 8
കേശിനിയോടു് ബാഹുകന്‍

ഒളിവിലുണ്ടോ ഇല്ലയോവാന്‍?
നളനെ ആര്‍ കണ്ടൂ ഭൂതലേ?
ഉചിതമപരവരണോദ്യമം
എന്തു ഹന്ത! നളചിന്തയാ?

സീന്‍ 9
കലാമണ്ഡലം ഗോപി: ഇവിടെ ഉണ്ണായിയുടേയും നളന്റേയും പ്രശ്‌നം ഒന്നാണു്. ഒരു പെണ്ണിന്റെ വിയോഗത്തിലുള്ള സങ്കടം. അവളുടെ വിവാഹം നടക്കുന്നു എന്നറിയുമ്പോള്‍ പലതരത്തില്‍ സമാധാനപ്പെടുന്നുണ്ടെങ്കിലും അയാള്‍ അകത്തേക്കു് കരയുകയാണു്. അയാള്‍ ആത്മാവിനോടു തന്നെ സംസാരിക്കുന്നുണ്ടു്, പലതവണ.

സീന്‍ 10
ബാഹുകന്‍ വിലപിക്കുന്നു.

മറിമാന്‍കണ്ണിമൗലിയുടെ മറിവാര്‍ക്കിതറിയാം!
ഒരുമായായ് രമിച്ചിരുന്നൊരു മയാപരാധം
അവശം ചെയ്യപ്പെട്ടതോര്‍ത്താല്‍
വിധുരം നിതരാം ചെയ്‌വനോ?

സീന്‍ 11
മഴ. ഓലക്കുടയുമായി മഴയിലൂടെ നടന്നുവരുന്ന ഉണ്ണായി. അയാള്‍ കൊട്ടാരത്തിന്റെ പത്തായപ്പുരയിലേക്കു് കയറുന്നു. ആട്ടുകട്ടിലിലിരുന്നു് വെറ്റിലമുറുക്കാന്‍ തുടങ്ങുമ്പോള്‍ ഒരു ഭടന്റെ ഒച്ചയനക്കം. ഭടന്‍ രാജാവു് ഇങ്ങോട്ടു് എഴുന്നള്ളുന്നുണ്ടെന്നു് അറിയിക്കുന്നു. ``അടിയന്‍'' എന്നു് ഉണ്ണായി പറയുന്നു.

സീന്‍ 11
മഴയിലൂടെ വരുന്ന പല്ലക്കു്. ഒപ്പം കാര്യക്കാരും.

സീന്‍ 12

ഉണ്ണായിയുടെ ഭവ്യതയോടെയുള്ള നില്പ്.
രാജാവു് : ഉണ്ണായീ .... രാമാ .... നമുക്കൊരു ആട്ടക്കഥ വേണം. കഥയില്‍ ഏറെ സംഗീതം ചെലുത്തണം. എന്താ, ആവാലോ?
ഉണ്ണായി : അങ്ങനെയാവട്ടെ, അടിയന്‍.

സീന്‍ 12 A
പല്ലക്കു് മഴയത്തു് തിരിച്ചു പോകുന്നു.

സീന്‍ 13
മഴയിലേക്കു് നോക്കിയിരിക്കുന്ന ഉണ്ണായി. അയാളുടെ ആത്മഗതം. നളന്‍ താന്‍ തന്നെയല്ലേ? താന്‍ അവളെ ആലോചിച്ചുകൊണ്ടിരുന്ന കാലം! തന്റെ ഭൈമി അന്നു് തന്റേതു മാത്രമായിരുന്നു. അവള്‍ക്കതു് അറിയില്ലെങ്കിലും.( കമന്ററി)

സീന്‍ 14
നളന്‍െ പദം:
കുണ്ഡിനനായകനന്ദിനിക്കൊത്തൊരു
പെണ്ണില്ലാ മന്നിലെന്നു കേട്ടു മുന്നേ
വിണ്ണിലുമില്ല നൂനം അന്യലോകത്തിങ്കലും
എന്നുവന്നിതു നാരദേരിതം നിനയ്ക്കുമ്പോള്‍.

സീന്‍ 15
പ്രേക്ഷകനായ കലാമണ്ഡലം ഗോപി:
ആത്മകഥാപരമായ ഈ നളചരിതത്തില്‍ സംസ്കൃതം, മലയാളം, മണിപ്രവാളം തുടങ്ങി പലഭാഷകളിലുള്ള പദങ്ങളും ശ്ലോകങ്ങളുമുണ്ടു്. രൂപഭദ്രതയില്‍ ഒരു ഒതുക്കമില്ലായ്മ അല്ലെങ്കില്‍ ഒരു ബന്ധമില്ലായ്മ ഒരു പക്ഷേ തോന്നിയേക്കാം. പക്ഷെ, ഒരു കാര്യമുണ്ടു് ആത്മസംഘര്‍ഷമേല്ക്കുന്ന നേരത്തു് ചിലതു് ചിലഭാഷകളില്‍ പറഞ്ഞാലേ ശരിയാവൂ. യോദിപ്പില്ലായ്മയൊക്കെ ഉണ്ടായിയെന്നു വരാം. ജീവിതം പച്ചയായി പകര്‍ത്തുമ്പോള്‍ ഇങ്ങനെ സംഭവിച്ചേക്കാം.

സീന്‍ 16
ഉണ്ണായിയുടെ വീടു്. അകത്തേക്കു കയറുമ്പോള്‍ വീണവായിക്കുന്ന ഉണ്ണായിയെ കാണാം. അയാള്‍ ആനന്ദനിര്‍വൃതിയിലാണു്.

സീന്‍ 17
കഥകളി അണിയറ. മനയോല തേയ്ക്കുന്ന കലാമണ്ഡലം ഗോപി. അരങ്ങത്തെ സന്ധ്യകേളി കേള്‍ക്കാം.

സീന്‍ 18
നളന്‍:
വിധുമുഖിയുടെ ......
നിര്‍ജ്ജനമെന്നതേയുള്ളൂ ഗുണമോ
നിശ്ചയമുദ്യാനത്തില്‍.
ഇജ്ജനത്തോടു പെരിക വൈരമായ് വന്നി-
തീശ്വരനുമിന്നിജ്ഝഷകേതനനും.

സീന്‍ 19
പിന്നില്‍ ചേങ്ങില പിടിച്ചു് പാടുന്ന ഗായകനായി ഉണ്ണായി

സീന്‍ 19 A
Inter cut.
നളന്‍ : നിര്‍ജ്ജനമെന്നതേയുള്ളൂ .....

സീന്‍ 20
ഇടവഴി. ഇടവഴിയിലൂടെ നടന്നു് തോണിക്കടവിലെത്തുന്ന ഗോപി അയാള്‍ തോണിയില്‍ കയറുന്നു. തോണി നീങ്ങുന്നു.
പശ്ചാത്തലത്തില്‍ ഭൈമിയുടെ വിലാപം :
വാഹസം ഗ്രസിക്കുന്നു ചരണവും കാന്ത,
മോഹസംഹൃതമന്ത:കരണവും;
സാഹസപ്രിയ, നീയെന്‍ മരണവും കേട്ടാല്‍
സേ്‌നഹസദൃശം ചെയ്ക സ്മരണവും. (രണ്ടാം ദിവസം)

സീന്‍ 20 A
നളന്‍:
എന്തുപോല്‍ ഞാനിന്നു ചെയ്‌വേന്‍?
ബന്ധമോ മേ വൈരികളായ്
അന്തകവൈരിപാദചിന്തനം കുറകയോ?
ബന്ധമെന്തെനിക്കേവം സന്താപം വരുവാന്‍? (രണ്ടാം ദിവസം, ചൂതില്‍ തോറ്റു്)

സീന്‍ 22
ബസ്സ്. സെഡ് സീറ്റില്‍ ഉറങ്ങുന്ന കലാമണ്ഡലം ഗോപി. ബസ്സ് ഓടിക്കൊണ്ടിരിക്കുന്നു.

സീന്‍ 23
അണിയറ. വേഷം ബാഹുകന്‍. കിരീടം അഴിച്ചു് വിശ്രമിക്കുന്നു. കരിക്കു കുടിക്കുന്ന കലാമണ്ഡലം ഗോപി. അയാള്‍ വിശ്രമിക്കുകയാണു്. അരങ്ങിനും അണിയറയ്ക്കും ഇടയ്ക്കുള്ള വിശ്രമം.
അരങ്ങില്‍ നിന്നും പാട്ടു് കേള്‍ക്കുന്നു.
ദമയന്തിയുടെ ചിന്ത :
നൈഷധനിവന്‍ താന്‍
ഒരീഷലില്ല മേ നിര്‍ണ്ണയം.

സീന്‍ 24
പ്രേക്ഷകനായ ഗോപി : സ്വപ്‌നം കാണാനുള്ള കരുത്താണു് മനുഷ്യനെ പിടിച്ചു നിറുത്തുന്നതു്. ഇവന്‍ നളന്‍ തന്നെയെന്നു ബാഹുകനെക്കണ്ടു് സംശയിക്കുന്ന ദമയന്തിയില്‍ ഉണ്ണായിയുടെ തന്നെ സാന്ത്വനമാണു് നാം കാണുന്നതു്. അവള്‍, തന്നെ തിരഞ്ഞുവരുമെന്നും വീണ്ടും തങ്ങള്‍ ഒരുമിക്കുമെന്നുമുള്ള കൊി ദമയന്തിയെക്കൊണ്ടു് പറയിപ്പിച്ചു് നളനേയും, ഒപ്പം തന്നേയും ഈ വാരിയര്‍ സമാധാനിപ്പിച്ചു് കിടത്തിയുറക്കുകയാണു്.

സീന്‍ 25
കിടപ്പറ. രാത്രി. കിടക്കയിലുറങ്ങുന്ന ഉണ്ണായി. അയാള്‍ സ്വപ്‌നം കാണുകയാണു് -

സീന്‍ 26
പകല്‍. കുളപ്പുരയിലേക്കു് നടന്നുകയറുന്ന ഉണ്ണായി. കുളിച്ചു തിരിച്ചു വരുന്ന സുന്ദരി. ഈറന്‍മുടി. നനഞ്ഞ ഉടുപുടവ. ഉണ്ണായി അവളെ തടഞ്ഞു നിറുത്തുന്നു. അവള്‍ പോകാനായുമ്പോള്‍ അവളെ കുളപ്പടിലേക്കു് അയാള്‍ കിടത്തുന്നു. അവളുടെ നിലവിളിയെ പ്രതിരോധിക്കാന്‍ കയ്യിലുണ്ടായിരുന്ന ഓലക്കെട്ടു് അവളുടെ വായില്‍ തിരുകുന്നു. ഉണ്ണായി അവളെ ബലാത്സംഗം ചെയ്യുന്നു. ഇതിനിടയില്‍ അവള്‍ മരിക്കുന്നു.
``അരുതു്, ഞാനിപ്പോള്‍ മറ്റൊരാളുടെ ഭാര്യയാണു്'' എന്നവള്‍ അവസാനം പറഞ്ഞു. അയാളതു് കേട്ടതായി ഭാവിച്ചില്ല.

സീന്‍ 27
കിടപ്പുമുറി. സ്വപ്‌നത്തില്‍ നിന്നു് ഉണ്ണായി പേടിച്ചു് വിറച്ചു് ഞരങ്ങുന്നു. മുഖത്തു് വിയര്‍പ്പുതുള്ളികള്‍. കണ്‍തുറന്നു് അയാള്‍ അല്പനേരം കിടക്കുന്നു. പതുക്കെയെഴുന്നേറ്റു് മുറുക്കാന്‍ ചെല്ലം തുറന്നു് മുറുക്കുന്നു. ദൂരെ നിന്നും അതു് അയാള്‍ കേള്‍ക്കുന്നു : ഹംസവിലാപം
ജനകന്‍ മരിച്ചുപോയി, തനയന്‍ ഞാനൊരുത്തനെന്‍
ജനനി തന്റെ ദശയിങ്ങനെ;
അപി ച മേ ദയിതാ ( കളിയല്ല) നതിചിരസൂതാ പ്രാണന്‍
കളയുമതിവിധുരാ ; എന്നാല്‍
കുലമതഖിലവുമറുതി വന്നിതു, ശിവ ശിവ!

സീന്‍ 28
കലാമണ്ഡലം ഗോപി എന്ന പ്രേക്ഷകന്‍ :
തന്നെ വഞ്ചിച്ച പ്രണയിനിയെ അയാള്‍ സ്വപ്‌നത്തില്‍ കൊന്നു പക്ഷെ പഴി തീര്‍ന്നില്ല. അയാളുടെ അസ്വസ്ഥതയ്ക്കു് അതു് മൃതസഞ്ജീവനിയായില്ല. ഇപ്പോഴും അവള്‍ തന്നെയാണു് ജയിക്കുന്നതെന്ന വസ്തുത അയാളെ അസ്വസ്ഥനാക്കി അയാള്‍ അവളെ വിണ്ടും പ്രേമിച്ചുതുടങ്ങി. അടര്‍ത്തിമാറ്റുന്നതിനു് വേണ്ടി അവളെ വീണ്ടും വീണ്ടും പ്രണയിച്ചു തുടങ്ങി. അയാളുടെ കുതികാലിലൂടെ കലി അയാളെ ആവേശിക്കുകയായിരുന്നു. പ്രണയത്തിന്റെ അന്ധതയില്‍ അയാള്‍ നിലാമഴ കൊണ്ടുനിന്നു.

സീന്‍ 29
നളന്‍ :
പ്രിയമാനസാ നീ പോയ് വരേണം
പ്രിയയോടെന്റെ വാര്‍ത്തകള്‍ ചൊല്‍വാന്‍.

സീന്‍ 30
പെരുമഴ. കുടയുമായി ഇറയത്തു് വന്നുകയറുന്ന കലാമണ്ഡലം ഗോപി. അയാള്‍ പറയുന്നു, പ്രേക്ഷകനോടായി -
ഇപ്പൊ മനസ്സിലായില്ലേ? ഇതുപോലെ തിരിമുറിയാതെ പെയ്യുന്ന തിരവാതിര ഞാറ്റുവേലയാണു് നളചരിതം ആത്മകഥ. ഈ മഴയിലേക്കു നോക്കൂ. ഉണ്ണായിവാരിയരും നളനും നടനും ഞാനും എല്ലാം ഒന്നാകുന്നു. ആത്മസംഘര്‍ഷങ്ങളുടെ പെരുമഴയില്‍ വാരിയര്‍ കോര്‍ത്തുണ്ടാക്കിയ മാലയിലെ ഇതളുകള്‍ ഞാനും നിങ്ങളുമൊക്കെയല്ലേ? മാലകെട്ടുകാരനായ ഈ വാരിയര്‍ ഇങ്ങനെ മനസ്സുകെട്ടിയുണ്ടാക്കുമെന്നു് വിശ്വസിക്കാനാവുന്നുണ്ടോ? എന്നോ എഴുതപ്പെട്ട ഈ ആത്മകഥയില്‍ പേരുവെട്ടിമാറ്റി നമ്മുടെ പേരിട്ടാലും തെറ്റൊന്നുമില്ല. കാരണം ഇതു് മനുഷ്യന്റെ കഥയല്ലേ? അല്ലേ?

സീന്‍ 31.
മഴ. മഴ മുറ്റത്തു് പൊള്ളങ്ങളുണ്ടാക്കിക്കളിക്കുകയാണു്. ഒരു ഇടിമിന്നല്‍ വീശുന്നു.

വിനോദ് മങ്കര
ചിത്രങ്ങള്‍: കെ. ആര്‍. വിനയന്‍, പി. മോഹന്‍

Subscribe Tharjani |
Submitted by സുനിൽ (not verified) on Fri, 2008-09-12 13:12.

വായിച്ചു. സിനിമയെ പറ്റി വലിയ പിടിപാടില്ലാത്തതുകൊണ്ട്‌ തിരക്കഥയെപ്പറ്റി ഒന്നുമ്പറയാനില്ല.
ചിത്രങ്ങളും സ്കെച്ചുകളും അടിപൊളി.

ഡോക്യുമെന്ററിയായി ഇറങ്ങിയാൽ കാണാം.
-സു-

Submitted by Roman (not verified) on Sat, 2008-09-13 01:48.

പൂര്‍ണ്ണമാണോ ഈ തിരക്കഥ? ഇല്ലെങ്കില്‍ അപൂര്‍ണ്ണം എന്നു സൂചിപ്പിക്കണം.

Submitted by മഹേഷ് മംഗലാട്ട് (not verified) on Sat, 2008-09-13 12:58.

തിരക്കഥ പൂര്‍ണ്ണമാണു്. സാധാരണ നിലയില്‍ ചലച്ചിത്രാന്ത്യത്തിലെ ടൈറ്റിലുകള്‍ എന്നു കൊടുക്കും, പൂര്‍ണ്ണമാണു് എന്നു് ധരിപ്പിക്കാന്‍. ഇവിടെ അതു് ചേര്‍ത്തിട്ടില്ല എന്നേയുള്ളൂ.

Submitted by yameera (not verified) on Sun, 2009-05-31 14:50.

നന്നായിരിക്കുന്നു.ഡോക്യുമന്ററി തിരക്കഥാ നിർമ്മാണം ഇപ്പോൾ
പാഠ്യപദ്ധതിയുടെ ഭാഗമാണ്‌.
ചില സംശയങ്ങൾ ചോദിക്കുന്നതിൽ വിരോധമുണ്ടോ?