തര്‍ജ്ജനി

യാത്ര

ഗംഗോത്രി

ഞാനങ്ങനെ ദൂരെ നോക്കി ജീവിതത്തിന്റെ ദൃശ്യവും അദൃശ്യവുമായ ഉള്‍വഴികളുടെ നിഗൂഢതകളെക്കുറിച്ചോര്‍ത്തു നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് നമസ്ക്കാരം പറഞ്ഞു. രജ്മിശ്രയെന്ന് സ്വയം പരിചയപ്പെടുത്തി.” ഇവിടെ ഹിമാലയത്തില്‍ വന്നാല്‍ കണ്ടുമുട്ടുന്നവരെല്ലാം സ്വന്തം ആള്‍ക്കരാണെന്നു തോന്നും. പുതിയഓരാളെ പരിചയപ്പെടമെന്നു കരുതിയല്ല നാം ഒരാളുടെ അടുത്തു ചെല്ലുക. വര്‍ഷങ്ങളായി ഒന്നിച്ചു കഴിയുന്ന സുഹൃത്തിന്റെ അടുത്തേക്കു ചെല്ലുന്ന സ്വാതന്ത്ര്യമാണ് സംഭവിക്കുക. അല്ലേ?“.

സുന്ദരനായ ഒരു ചെറുപ്പക്കാരന്‍. ഏറിയാല്‍ 35 വയസ്സു പ്രായം കാണും. ആള്‍ വലിയ സംസാരപ്രിയനാണ്. ആ പ്രസന്നതയും പ്രസരിപ്പും കണ്ടപ്പോള്‍ നല്ല സന്തോഷം തോന്നി. മിശ്ര മൌണ്ടനീയറാണ്. വിദേശീയരെ ഹിമാലയത്തിന്റെ ഉച്ചിയിലെത്തിക്കുന്ന ഗൈഡ്. ഒരു ജെര്‍മന്‍ ടീമുമായി നന്ദന്‍വനത്തിലേക്കു പോവുകയാണ്. നന്ദന്‍വനം വനമൊന്നുമല്ല.മഞ്ഞണിഞ്ഞ പര്‍വ്വതനിരയിലെ ഒരു വിശാല മൈതാനമാണ്. ഗോമുഖം കടന്ന്` മുകളിലോട്ട് ഒത്തിരി യാത്ര ചെയ്താലെ നന്ദന്‍വനത്തിലെത്തൂ. പരിചയസമ്പന്നരായ ഗൈഡിന്റെ സഹായത്തോടെ മാത്രമേ അങ്ങോട്ടു യാത്ര ചെയ്യാനാവൂ.

“ഒരിക്കല്‍ ഇവിടെ വന്നു പോയാല്‍ പിന്നെ അവന്റെ കാര്യം പോക്കാണ്. വീണ്ടും വീണ്ടും ഈ സൌന്ദര്യം നമ്മെ ഇങ്ങോട്ടു പിടിച്ചു വലിച്ചുകൊണ്ടിരിക്കും. ഈ ശാന്തിയും ഈ സമാധാനവും വേറെ എവിടുന്നു ലഭിക്കും. എനിക്കു് ആത്മീയതയിലൊക്കെ ആദ്യം വലിയ താല്പര്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിലൊന്നും വിശ്വാസമില്ല. എല്ലാം കള്ളന്മാരാണ്. ദുര്‍ബല മനസ്സുകളെ ചൂഷണം ചെയ്തു് രക്തമൂറ്റിക്കുടിക്കുന്ന ചെകുത്താന്മാരാണു് സ്വാമിമാര്‍. ഞാന്‍
പലപ്രാവശ്യം പറ്റിക്കപ്പെട്ടിട്ടുണ്ട്”.

എന്റെ കോലം കണ്ടപ്പോള്‍ ഒരു ആശ്രമത്തില്‍ നിന്നാണ് വരുന്നതെന്ന് ആള്‍ക്കു മനസ്സിലായിട്ടുണ്ടാവും. അതുകൊണ്ട് നമ്പറിട്ടു് വീഴത്താനൊന്നും ശ്രമിക്കണ്ടന്നു് ആദ്യംതന്നെ സൂചിപ്പിച്ചതായിരിക്കും. അതു നന്നായി. ഇനി ശ്രദ്ധിച്ചു സംസാരിക്കാമല്ലോ.

അപ്പോഴേക്കും ഗായത്രി ക്ഷേത്രത്തില്‍നിന്നും ഞങ്ങളുടെ അടുത്തെത്തി. ഗായത്രിക്കും ഒരു ഷെയ്ക്ക്‌ഹാന്റ് കൊടുത്തു് അയാള്‍ തുടര്‍ന്നു: “ഞങ്ങളുടെ അടുത്തുള്ള ടാറ്റാ ടൌണില്‍ താമാസിച്ചിരുന്ന ഒരു മലയാളി ബാബയുടെ മുഖതേജസ്സ് കണ്ട് അദ്ദേഹത്തില്‍ ആകൃഷ്ടനായി. സൌമ്യമായ സംസാരം. ശാന്തപ്രകൃതം. എന്നാല്‍ ആറുമാസം കഴിഞ്ഞതോടെ ആളുടെ തനിസ്വരൂപം മനസ്സിലാക്കാന്‍ തുടങ്ങി. കഞ്ചാവു ബിസിനസ്സാണു് ആളുടെ മുഖ്യസാധന. പിന്നെ അയാളെ വിട്ടു. അതിനുശേഷം പൂനയിലുള്ള ഒരു ചെറുപ്പക്കാരന്‍ സ്വാമിയെ പരിചയപ്പെട്ടു. വിദേശീയാരോടു മാത്രമാണു് ആള്‍ക്കു താല്പര്യം. 22 പുസ്തകങ്ങള്‍ എന്നോടു് വായിക്കാന്‍ പറഞ്ഞു. അതു പഠിച്ചതിനുശേഷം അവിടെ നടക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കണം. പൂര്‍ണ്ണ നഗ്നരായി എല്ലാവരും നൃത്തം ചെയ്യുന്നുണ്ടാകും.അതില്‍ പങ്കെടുക്കുവാനുള്ള യോഗ്യതയാണു് പുസ്തക പഠനം. ആ നൃത്തത്തില്‍ പങ്കാളിയാവുന്നതോടെ മോക്ഷം ഉറപ്പണത്രെ.ഇത്രയും ആയതോടെ ആ വകുപ്പു് വേണ്ടന്നു വച്ചു. ഇപ്പോള്‍ ഹിമാലയത്തിലിങ്ങനെ സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന അനുഭൂതിയുണ്ടല്ലോ അതു തന്നെയാണ് എന്റെ ഗുരു.

മിശ്രയുടെ ആത്മാന്വേഷണകഥ കേട്ടപ്പോള്‍ എനിക്കദ്ദേഹത്തോടു സംസാരിക്കന്‍ തോന്നി.

“എന്തിനാണ്‌ നാം ഗുരുവിനെ അന്വേഷിക്കുന്നതു്? ഗുരുവിനെ കണ്ടതുകൊണ്ടും കൂടെ താമസിച്ചതുകൊണ്ടും എന്തെങ്കിലും പ്രയോജനമുണ്ടോ? ഗുരുവിന്റെ കൈത്തലം നമ്മുടെ തലയില്‍ ഒന്നുസ്പര്‍ശിച്ചാല്‍ അതുകൊണ്ടു് മോക്ഷം കിട്ടുമോ? നമ്മുടെ ദുഃഖത്തിനു നിവൃത്തിയുണ്ടാകുമോ? ഇല്ല. ഒരിക്കലുമില്ല. അങ്ങനെ സഭവിക്കുമായിരുന്നെങ്കില്‍ ഈ ലോകത്തു വന്നുപോയ ഗുരുക്കന്‍മാരുടെ സമീപത്തെത്തിയ കോടാനുകോടി ജനങ്ങളെല്ലാം ദുഃഖത്തില്‍ നിന്നും മോചിതരാവണമായിരുന്നു. ഒരു ഗുരുവിന്റെ മരണാനന്തരം ഒന്നോ രണ്ടോ പേര്‍ മാത്രമേ അദ്ദേഹത്തിന്റെ സാനിധ്യത്തില്‍ നിന്നും ലഭിച്ച നിര്‍വൃതിയില്‍ കഴിയുന്നുളള്ളൂ. ബാക്കീ എല്ലാവരും പഴതു പോലെ സാധാരണക്കാരായി അസ്വസ്ഥമാനസരായ്‌തന്നെ തുടരുന്നൂ."

“ഇതില്‍നിന്നെല്ലാം നാം ഒന്നു മനസ്സിലാക്കണം. ഒരു ഗുരുവിന്‍ നമ്മെ മോക്ഷത്തിലോ സുഖത്തിലോ ഒന്നും എത്തിക്കാനാവില്ല. എന്നാല്‍ ഒരു ഗുരുവിന്റെ സാനിധ്യം നമ്മെ അതിനു സഹായിച്ചേക്കാം.അതിനുമുമ്പ് നാം അറിയേണ്ട ഒരുകാര്യംനമുക്ക് എന്താണു വേണ്ടത് എന്നതാണ്?

“അറിഞ്ഞും അറിയാതെയുമുള്ള വികാരവിചാരങ്ങളുടെ ഉള്‍പ്പാച്ചിലില്‍പെട്ടുഴലുന്ന മനുഷ്യരില്‍ ചിലര്‍ക്ക് ജീവിതത്തിന്റെ ഈ ആവര്‍ത്തനങ്ങള്‍ക്കുമപ്പുറമുണ്ടെന്നു പറയുന്ന സ്ഥായിയായ സമാധാനത്തെക്കുറിച്ചറിയാനുള്ള താല്പര്യം ജനിക്കാറുണ്ട്‌. അതു് ഏതെങ്കിലും പുസ്തകം വായിച്ചതുകൊണ്ടോ ആരെങ്കിലും പറഞ്ഞുകേട്ടോ വെറുതെ ഒരു ഔത്സുക്യംകൊണ്ടോ സംഭവിക്കുന്നതല്ല. ഉള്ളിന്റെ ഉള്ളില്‍ നിന്നും തീവ്രമായ ഒരു ഉള്‍തള്ളലായാണ് ആ അസ്വാസ്ഥ്യം ഉണര്‍ന്നു വരിക."

“ഈ ഭൂമിയില്‍ തന്നെപ്പോലെത്തന്നെ ജീവിച്ചു മരിച്ചുപോയ പല മനുഷ്യരുടെയും ജീവിത കഥകളിലൂടെ കടന്നു പോകുമ്പോള്‍ അവെരെല്ലാം ഏതോ അനിര്‍വചനീയമായശാന്തി അനുഭവിച്ചിരുന്നതായി കാണുന്നു. എന്തോ ഒരു ആകര്‍ഷണീയത അവരുടെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുനന്നു. അതുപോലെ ജീവിക്കന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നൊരു തോന്നല്‍ ഉള്ളില്‍ നിറയുന്നു. അവരുടെയൊക്കെ ജീവിതത്തെ ആഴത്തില്‍ മനസ്സിലാക്കാനുള്ള തല്പര്യം ജനിക്കുകയായി. ആ യാത്ര അങ്ങനെയുള്ള ആരെങ്കിലും ഇപ്പൊള്‍ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന അന്വേഷണത്തിലും എത്തിക്കാതിരിക്കില്ല. എന്നാല്‍ അങ്ങനെയുള്ള ആരെങ്കിലും ഇപ്പോള്‍ ഈ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന അന്വേഷണത്തിലും എത്തിക്കതിരിക്കില്ല. എന്നാല്‍ അങ്ങനെയുള്ള ആളെ കണ്ടെത്തി അവരുടെ അടുത്തുപോയി തിരിച്ചു വന്നിട്ടും വലിയ മാറ്റമൊന്നും തന്നില്‍ സംഭവിക്കുന്നതായി കാണുന്നില്ല.

എന്തായാലും ഈ ഭൌതിക സുഖഭോഗങ്ങളില്‍ തന്റെ ഹൃദയം കൊതിക്കുന്ന ആനന്ദമൊന്നും കണ്ടെത്താനാവില്ലന്നു അവനു ബോദ്ധ്യമായിട്ടുണ്ട്. എന്തോ ഒന്നു് ഇതിന്റെയെല്ലാം അധിഷ്ഠാനമായി മുറിയാതൊഴുകുന്നുണ്ടെന്ന് എവിടെയോ അല്പമായി അവനു് അറിയാനാവുന്നുണ്ടെങ്കിലും അതെന്തെന്ന് സംശയരഹിതമായി അറിയാന്‍ കഴിയുന്നില്ല. അതു് അറിഞ്ഞേപറ്റൂ, അനുഭവിച്ചേ കഴിയൂ എന്നൊരു ദാഹം അവനില്‍ തീവ്രമായാല്‍ അതവന്റെ ജീവിതത്തെ അവന്‍പോലുമറിയാതെ നയിച്ചുകൊണ്ടു പോകാന്‍ തുടങ്ങും. ഇതവനെ ഒരാശ്ചര്യത്തില്‍ എത്തിക്കാതിരിക്കില്ല. തന്റെ ജീവിതത്തെ നയിക്കുന്നതു് താനല്ല എന്ന സൂക്ഷ്മമായ അറിവ് അവനില്‍ ഉണര്‍ന്നു എന്നര്‍ത്ഥം. ഇത് ജീവിതത്തിന്റെ സത്ത അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കാനുള്ള ഇച്ഛ തീവ്രമാക്കാനുള്ള വളമായി തീരുന്നു.

ഇതോടെ അവനു് ചില കാര്യങ്ങളൊക്കെ മനസ്സിലായിത്തുടങ്ങും. തന്റെ ആത്മോല്‍ക്കര്‍ഷത്തിനു തടസ്സമായി നില്‍ക്കുന്ന വിഷയങ്ങളിലേക്ക് മനസ്സിനെ വലിച്ചിഴച്ചു കൊണ്ടുപോകേണ്ട. കുറച്ചുകാലം‌മുമ്പുവരെ എന്തുകണ്ടാലും സ്വന്തമാക്കണം എന്നാഗ്രഹമായിരുന്നൂ. എന്നാല്‍ സ്വന്തമാക്കിക്കഴിയുന്നതോടെ അതിലുള്ള താല്പര്യം കുറയുകയും വേറൊന്നിലേക്കു മനസ്സു തിരിയുകയുമായി. ഇതിലെന്തോ ചതിയുണ്ടന്നു് അവനു മനസ്സിലായിത്തുടങ്ങുന്നു. എന്തും സ്വന്തമാക്കുമ്പോള്‍ അതിനോടു തോന്നിയിരുന്ന ആകര്‍ഷണവും അതില്‍ നിറഞ്ഞുനിന്നിരുന്ന സൌന്ദര്യവും ഇല്ലാതായിപ്പോകുന്നു. സ്വന്തമാക്കുന്നതിലൂടെ നഷ്ടപ്പെടുന്നതാണ് സൌന്ദര്യം എന്നൊരറിവു് അവനില്‍ നിറയുന്നു. അതോടെ ഒന്നുകൂടി അവനറിയും; സൌന്ദര്യം നൈമിഷികതയുടെ വരദാനമാണെന്നു്.സൂര്യോദയവും സൂര്യാസ്തമയവും ഇത്ര സുന്ദരമായിരിക്കുന്നതു് അതു് കുറച്ചുനേരം നിലനിന്നു് ഇല്ലാതായിപ്പോകുന്നതുകൊണ്ടാണ്. ഹിമാലയപര്‍വ്വതനിരകള്‍ തനിക്കിത്ര ആനന്ദം നല്‍കുന്നതു് അതു സ്വന്തമാക്കാനാവുന്നതുകൊണ്ടും പൌര്‍ണ്ണാമിയോടു് എനിക്കിത്ര പ്രണയം തോന്നുന്നതു് അതു് ഒരു രാത്രി മാത്രമേ അനുഭവിക്കാനാവൂ എന്നതുകൊണ്ടുമാണു്.

അവന്‍ ഒന്നു തീരുമാനിക്കുന്നു.ഇനി വേണ്ടാത്ത വിഷയങ്ങളിലേക്ക് ഇന്ദ്രിയങ്ങളെ വലിച്ചിഴച്ചുകൊണ്ടുപോകണ്ട. അടങ്ങിയൊതുങ്ങി അരിടത്തിരുന്നു് ലളിതമായി കഴിഞ്ഞേക്കാം. എന്നാല്‍ മനസ്സിന്റെ സ്വഭാവം വക്രമാണു്. അവന്‍ ഉള്ളിരുന്നു് വഴക്കുണ്ടാക്കാന്‍ തുടങ്ങും. ജീവിതം ഇത്തിരിയേയുള്ളൂ. നീ പുറത്തുപോയി അടിച്ചുപൊളിച്ചു ജീവിക്കൂ. ഈ ലോകം നിനക്കു സുഖിച്ചു രസിക്കാനായി ഉണ്ടായിട്ടുള്ളതല്ലെ?

മനസ്സിന്റെ സ്വഭാവമറിയാവുന്ന നമ്മുടെ കക്ഷി അതൊന്നും ചെവിക്കൊള്ളാതെ മൌനമായിരിക്കുകയേയുള്ളൂ. അവനറിയാം തന്നെ പ്രശനങ്ങളുടെ ലോകത്തേക്കു് വലിച്ചിഴക്കാനാണ് മൂപ്പരുടെ ശ്രമമെന്നു്.

ഇതോടെ ലോകമനസ്സിന്റെ സങ്കല്പങ്ങള്‍ക്കനുസ്സരിച്ചു ജീവിക്കുകയെന്ന അഭിനയം അദ്ദേഹം നിറുത്തിക്കഴിഞ്ഞിരിക്കും. തന്റെ ഉള്ളില്‍ അനുഭവിക്കാനാവുന്ന പ്രകാശത്തിന്റെ നേരിയ വെട്ടത്തില്‍ നടന്നാല്‍മതിയെന്നു അവന്‍ തീരുമാനിച്ചുകഴിഞ്ഞിരിക്കും. ലോകം വിടുമോ? അവര്‍ ആക്രമണം തുടങ്ങും. മാനസികമായും ശാരീരികമായും പഢിപ്പിച്ചേക്കും. ഭ്രാന്തനെന്നു മുദ്രകുത്തും. എന്നാല്‍ അവനു് ആരോടും പരിഭവമില്ല. പ്രതികാരബുദ്ധിയുമില്ല. താന്‍ ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വരുന്നല്ലോ എന്ന പരാതിയുമില്ല. ലോകത്തിന്റെ അറിവില്ലായ്മ ഇതോടെ അവനു ബോദ്ധ്യമായിക്കഴിഞ്ഞിട്ടുണ്ടു്. എല്ലാം ശാന്തമായി സഹിക്കാന്‍ അവനു കഴിയുന്നു. ഉള്ളിലനുഭവിക്കാന്‍ കഴിയുന്ന ശാന്തിയുടെ ബലമാണു് അവനെ അതിനു പ്രാപ്തനാക്കുന്നതു്.

അവന്‍ വെറുതെ ഇരിക്കുകയാണന്നു കരുതരുതു്. എത്തിച്ചേരാന്‍ തീവ്രമായി കൊതിക്കുന്ന ശാന്തിസ്ഥാനം സത്യം തന്നെയാണന്നുള്ള വിശ്വാസം ഇപ്പോഴുമവനുണ്ടു്. അങ്ങനെയുള്ള ശാന്തിയില്‍ എത്തിച്ചേര്‍ന്ന ആളുകളേയും അവരുടെ വചനങ്ങേളെയും സ്വാത്മസത്തയിലേക്ക് ആവാഹിക്കാനുള്ള ത്വര മുറിയാതെ നടന്നുകൊണ്ടിരിക്കും ഇനി ബുദ്ധിയെ പല ലോകങ്ങളിലും വ്യാപരിപ്പിച്ചു് കലുഷമാക്കാ‍ന്‍ അവന്‍ തയ്യാറല്ല. ഉള്ളില്‍ അനുഭവിക്കാനാവുന്ന സമാധാനത്തില്‍ അതിനെ നിലനിറുത്താന്‍ അവന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.

ഇനിയും അങ്ങനെ കഴിയാന്‍ വയ്യ. തന്റെ ആത്മസത്തയെ പൂര്‍ണ്ണമായും അനുഭവിച്ചേ മതിയാവൂ. എല്ലാ തടസ്സങ്ങളും അഴിഞ്ഞുപോയേ മതിയവൂ. കൊട്ടാരം വിട്ടിറങ്ങി നടന്നു പോയ ബുദ്ധന്റെ അവസ്ഥയിലാണു് അവനിപ്പോള്‍. എന്നാല്‍ ബുദ്ധനെപ്പോലെ സ്വയം അതു കണ്ടെത്താനുള്ള ത്രാണി അവനില്ല. അതുകൊണ്ടാവാം ഒരു അറിഞ്ഞവനു വേണ്ടിയുള്ള ദാഹം അവനില്‍ ഇത്രയും ശക്തമായി ഉണരുന്നതു്. മുമ്പും അവന്‍ ഗുരുക്കന്മാരുടെ അടുത്തുപോയിട്ടുണ്ടു്. എന്നാല്‍ അന്നു് ഇങ്ങനെയുള്ള അഭിനിവേശം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അവനിലുള്ളതു് എന്തോ ഒരു നിറയിലിനു വേണ്ടിയുള്ള അസ്വാസ്ഥ്യമാണു്. അതു ഒരു ചോദ്യമായൊന്നുമല്ല ഉണര്‍ന്നു വരുന്നതു്. പോകണം എന്നൊരു ഉള്‍ത്തള്ളല്‍ മാത്രം.

അവന്‍ ഇറങ്ങിത്തിരിക്കുന്നു. പലരിലൂടെയും സഞ്ചരിക്കുന്നു. ഒരാളുടെ അടുത്തു ചെന്നിരുന്നപ്പോള്‍ ഉള്ളിലെ കെട്ടുകളെല്ലാം അഴിഞ്ഞു വീഴുന്നതുപോലെ അവനുഭവമാകുന്നു. ഇദ്ദേഹത്തോടൊപ്പം താമസിക്കണം എന്നൊരു വെമ്പല്‍. വേറെ ഒന്നും അവനുവേണ്ട. വെറുതെ അദ്ദെഹത്തെയും ശുശ്രൂഷിച്ചു കഴിയണം. ആ മൌനമന്ദഹാസത്തില്‍ ആമഗ്നനായി ഇനിയുള്ള കാലം കഴിക്കണം.അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ അഹങ്കാരമെല്ലാം അലിഞ്ഞില്ലതാകുന്നപോലെ. അങ്ങനെ ഒരു ദിവസം മുറിയാതൊഴുകുന്ന നിര്‍വൃതിയുടെ ലോകത്തേക്കു് അവന്‍ ഉയര്‍ന്നു പോകുന്നു.

നമ്മുടെ മുമ്പോട്ടുള്ള യാത്ര തടസ്സമായി നില്‍ക്കുന്ന ഇരുട്ടിനെ ഇല്ലാതാക്കുന്നതെന്തോ അതാണു് ഗുരു. അതൊരു വിശുദ്ധഗ്രന്ഥത്തിന്റെ സാന്നിദ്ധ്യമാകാം. പ്രകൃതിയുടെ ശുദ്ധഭാവമാകാം. തന്നില്‍ തന്നെ ലീനമായിരിക്കുന്ന വിശുദ്ധിയാവാം. ഒരു പുല്‍ക്കൊടിയാവാം. എന്തുമാവാം. അല്പമ്പോലും അഹങ്കാരസ്പര്‍ശ‌മില്ലാത്ത നിഷ്കളങ്കമായ ഭക്തിയാണിവിടെ വേണ്ടതു്. ഒരു നിമിഷം‌പോലും മുറിയാതെ ഒഴുകുന്ന ഭക്തി. അല്ലാതെ ഗുരുവിനെ കാണുന്നതിലൂടെയോ താമസിക്കുന്നതിലൂടെയോ ഒരു ചര്‍ച്ചയിലൂടെയോ അമ്പലസന്ദര്‍ശനത്തിലൂടെയോ അഞ്ചുനേരം നിസ്ക്കരിക്കുന്നതിലൂടെയോ ഞായറാഴ്ച്ച കുര്‍ബാനയിലൂടെയോ മാത്രം അങ്ങനൊരു സമാധാനം ലഭിക്കുകയില്ല.”

രാത്രി ഗുജറാത്തി ആശ്രമത്തിലെ ആരതിയും സത്സംഗത്തിലും പങ്കെടുത്തു. ആദ്യം ഭജനയായിരുന്നു. ഗംഗാദേവിയെ സ്തുതിച്ചുകൊണ്ടുള്ളാ ആലാപനം. അതിനുശേഷം ഏതോ ഒരു ഗ്രന്ഥംഹൃദയസ്പര്‍ശിയായി, ശ്രുതിമധുരമായ സ്വരത്തില്‍ സ്വാമി പാരായണാം ചെയ്തു. എല്ലാവരും മൌനമായി കണ്ണടച്ചു് അതു ശ്രവിച്ചുകൊണ്ടിരുന്നു. എത്ര സൌമ്യമായ സത്സംഗം.

പുറത്തിറങ്ങി മുറിയിലേക്കു് നടന്നപ്പോള്‍ മിശ്ര ചിരിച്ചുകൊണ്ടു് നില്‍ക്കുന്നു. പിന്നെയും കുറേനേരം ഞങ്ങളോടു് സംസാരിച്ചു് ആള്‍ പോയി.

“നീ എന്താണെന്നു് നിനക്കു നന്നായി അറിയാമല്ലോ. യാത്രയില്‍ കണ്ടുമുട്ടുന്ന ആളുകള്‍ നിന്നോടു് സ്നേഹവും ഭക്തിയുമൊക്കെ കാണിക്കുന്നുണ്ടങ്കില്‍ അതു് ആ സമയത്തു് നിന്നില്‍ നിന്നും വരുന്ന വാക്കിലുള്ള ഭക്തിയാണു്. ആ വാക്കു് നിന്റേതല്ലന്നു് അറിയുക. അഹങ്കരിക്കതെ. കൂടുതല്‍ ഗൌരവമൊന്നും അഭിനയിക്കാതെ ആ പുലിവാലുകാരന്‍ ഷൌക്കത്തായി നടന്നാല്‍ മതി”. ആരോ ഇടക്കിടക്കു് ഉള്ളിലിരുന്നു് ഓര്‍മ്മപ്പെടുത്തുന്നു.

രാത്രിയില്‍ നല്ല നിലാവായിരുന്നു. താഴെ ഗംഗ കുതിച്ചുപാഞ്ഞൊഴുകുന്നതു നിലാവൊളിയില്‍ കാണാം. അങ്ങകലെ മഞ്ഞുമലകള്‍ ആകാശത്തെ പുല്‍കി നിലാവിന്റെ തലോടലേറ്റ് പുളകംകൊള്ളുന്നു. ദൈവമേ.......

ഷൌക്കത്ത്
Subscribe Tharjani |