തര്‍ജ്ജനി

വര്‍ത്തമാനം

നാടകത്തിലൂടെ നാടിന്നകങ്ങളിലേക്ക്‌

മറ്റ്‌ സാഹിത്യ രൂപങ്ങളെ അപേക്ഷിച്ച് നാടകത്തിനു മനുഷ്യന്റെ അസ്ഥിയില്‍ തൊടുന്നതിനുള്ള കഴിവുണ്ട്‌. ഒരായുസ്സിനിടക്ക്‌ ഒരാളെപ്പോഴെങ്കിലും നാടകത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ പിന്നിടതില്‍നിന്നും വിട്ടുനില്‍ക്കാനാവില്ല തന്നെ. അരങ്ങിലേക്കും അണിയറയിലേക്കും മനുഷ്യരെ പിടിച്ചു വലിക്കുന്നത്‌ നാടകത്തിന്റെ മാത്രം പ്രത്യേകതയാണ്‌. കാലം കേവലം ഒരകലം മാത്രമാണെന്നും ജനിക്കാനിരിക്കുന്നവരും മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരെക്കാള്‍ പ്രായം ചെന്നവരാണെന്നും പ്രണയം ഒരു നിതാന്ത ആത്മാന്വേഷണമാണെന്നും നാടകത്തിലൂടെ പറഞ്ഞ്‌ ഇതിന്റെയെല്ലാം നാളങ്ങള്‍ ജീവിതത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്‌ കെ. വി. ശ്രീജ.

Sreeja

ഒരു സമാന്തരജീവിതത്തിന്റേതായ ശൈലിയും ശ്രീജയ്ക്കുണ്ട്‌. ജൈവകൃഷിക്കു പുറമേ ചിത്രരചന, നൃത്തം, വയലിന്‍, ചെണ്ട എന്നിവ പഠിപ്പിക്കുന്ന ഒരു കലാപാഠശാലയും തുടങ്ങിയിരിക്കുന്നു. കല്യാണത്തിലൂടെ ആറങ്ങോട്ടുകരയില്‍ നിന്നും പറിച്ചുനടേണ്ടി വരാഞ്ഞത്‌ അനുഗ്രഹമായിയെന്നു ശ്രീജ കരുതുന്നു.ആറങ്ങോട്ടുകര എന്ന നാട്ടുമ്പുറത്തിന്റെ എല്ലാ പരിമിതികളും തന്റെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടെന്നു പറയുമ്പോഴും കേരളം മുഴുവന്‍ ചലിപ്പിച്ച നാടകങ്ങളായിരുന്നു ശ്രീജയും സുഹൃത്തുക്കളും ചെയ്തത്‌ എന്നത് നിസ്തര്‍ക്കം.

കേരള സാഹിത്യ അക്കാദമിയുടെ, 2005-2006 വര്‍ഷത്തെ ഏറ്റവും നല്ല നാടകപുസ്തകത്തിനുള്ള അവാര്‍ഡ്‌ കെ.വി.ശ്രീജയുടെ "ഒരോരോ കാലത്തിലും" എന്ന നാടകസമാഹാരത്തിനാണ്‌ ലഭിച്ചത്‌. ഈ സമാഹാരത്തിലെ ഒരോരോ കാലത്തിലും, ലേബര്‍ റൂം, കല്യാണ സാരി എന്നീ മൂന്നു നാടകങ്ങളും നിരവധി വേദികളിലവതരിപ്പിച്ചവയാണ്‌.

ചോദ്യം: കുട്ടിക്കാലം നാടകപ്രവര്‍ത്തനത്തിനു സഹായകമായ അന്തരീക്ഷത്തിലായിരുന്നുവോ?
ശ്രീജ: ആറങ്ങോട്ടുകര എന്ന പ്രദേശത്തെ മണ്ണിന്‌ സൌഹൃദങ്ങളെയും സംഘത്തേയും വളര്‍ത്തിയെടുക്കാനുള്ള പശിമയുണ്ട്‌. അതിനാല്‍ ഏകദേശം ഹൈസ്കൂള്‍ കാലം മുതല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന കൂട്ടുകാരുടെ കൂട്ടം തന്നെ ഉണ്ടായിരുന്നു എനിക്ക്‌. ശെയില, ഭാമ, ബിച്ചു, അനു എന്നിങ്ങനെ. പിന്നീട്‌, പട്ടാമ്പി കോളേജിലെ സൌഹൃദങ്ങളും അധ്യാപകപരിശീലന കാലത്തെ സുഹൃദ്‌ സംഘവുമൊക്കെ ഒരു ഇന്റിമേറ്റ്‌ ഗ്രൂപ്പിനെ അന്വേഷിച്ചു കൊണ്ടിരിക്കുന്ന എന്റെ പ്രകൃതം കൊണ്ടു കൂടി ഉണ്ടായതാണ്‌. രാഷ്ട്രീയ പ്രവര്‍ത്തനമായാലും കൃഷിയായാലും നാടകപ്രവര്‍ത്തനമായാലും ആത്മാര്‍ത്ഥമായ അടുപ്പമുള്ള കൂട്ടായ്മയിലേ എനിക്കു ചെയ്യാന്‍ കഴിയൂ. ഈയൊരു കാഴ്ചപ്പാടിന്‌ അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടു്‌ എന്നെനിക്കറിയാം. പ്രൊഫഷണല്‍ അടിക്കുറിപ്പോടു കൂടി നാടകത്തിലായാലും കൃഷിയിലായാലും സംഘടനയിലായാലും എനിക്ക്‌ നിലനില്‍ക്കാന്‍ പറ്റാത്തത്‌ - ഞാന്‍ ശ്രമിക്കാത്തതും - ഇത്തരത്തിലുള്ള ജന്മസ്വഭാവം കൊണ്ടു കൂടിയാകാം.

ചോദ്യം: പട്ടാമ്പി കോളജ്‌ എങ്ങിനാണ്‌ ഭാവിപ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചത്‌?
ഏകദേശം 1984-ഓടു കൂടിയാണ്‌ പെണ്‍കുട്ടികളുടെ പ്രശ്നങ്ങള്‍ ചര്‍ച ചെയ്യാനും കൂടിയിരിക്കാനുമായി സ്ത്രീകള്‍ മാത്രമായ ഒരു സംഘടന വേണമെന്ന ആശയം വിദ്യാര്‍ത്ഥിനികളുടെ ഇടയില്‍ നിന്നു വരുന്നതും മാനുഷി രൂപം കൊള്ളുന്നതും. ഇത്തരം പുത്തനുണര്‍വുകളെ പരിപോഷിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു അന്നു പട്ടാമ്പി കോളജില്‍ ഉണ്ടായിരുന്നത്‌. സാറ ടീച്ചര്‍, സുമംഗല ടീച്ചര്‍, ഇന്ദിര ടീച്ചര്‍, പാര്‍വതി ടീച്ചര്‍ എന്നിങ്ങനെ അധ്യാപകരുടെ ഒരു നിര തന്നെ കുട്ടികളുടെ ചലനങ്ങള്‍ക്കൊപ്പം നില്‍ക്കാനുണ്ടായിരുന്നു. നക്സലൈറ്റ്‌ പ്രസ്ഥാനത്തോട്‌ ആഭിമുഖ്യമുള്ള 'വിദ്യാര്‍ഥിവേദി' എന്ന സംഘടന ക്യാമ്പസ്സില്‍ സജീവമയിരുന്നു. ശശി, നാരായണന്‍, ബിച്ചു, രമ എന്നിവരടങ്ങിയ സംഘവുമുണ്ടായിരുന്നു.

ചോദ്യം: മാനുഷിയുടെ സ്വാധീനം ഉണ്ടായിരുന്നില്ലേ?
ശ്രീജ: തീര്‍ച്ചയായും. മാനുഷി എന്ന പേര്‍ നിര്‍ദേശിച്ചത്‌ സാറടീച്ചറായിരുന്നു.ക്യാമ്പസ്സിനെ സജീവമാക്കിയ ധാരാളം പ്രവര്‍ത്തനങ്ങള്‍ അക്കാലത്ത്‌ നടന്നു. പെണ്‍കുട്ടികള്‍ മാത്രം പങ്കെടുത്ത പ്രകടനം, സ്ത്രീധന മരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, 'മൊഴി‘ എന്ന പേരില്‍ സമാന്തര ലിറ്റില്‍ മാഗസിന്‍ പുറത്തിറക്കല്‍ തുടങ്ങിയവയൊക്കെ ക്യാമ്പസ്സില്‍ ചലനങ്ങളുണ്ടാക്കിയ പ്രവര്‍ത്തനങ്ങളായിരുന്നു. അന്നു കേരളത്തിലുണ്ടായിരുന്ന പ്രചോദന, ബോധന തുടങ്ങിയ ഗ്രൂപ്പുകളെയൊക്കെ പങ്കെടുപ്പിച്ചു കൊണ്ട്‌ വാവനൂരില്‍ മാനുഷിയുടെ നേതൃത്വത്തില്‍ ഒരു ക്യാമ്പ്‌ നടന്നു. രാഷ്ടീയ സാംസ്കാരിക മേഖലകളില്‍ സ്ത്രീകളുടെ പങ്കുവെയ്ക്കലും ഒരുമിച്ചുള്ള പ്രവര്‍ത്തനവും ഏതെല്ലാം വിധം സാധ്യമാവും എന്നാലോചിക്കന്‍ കൂടിയായിരുന്നു അത്‌. മാനുഷിയിലൂടെയാണ്‌ ഞാന്‍ നാടകത്തോട്‌ അടുക്കുന്നത്‌. രാഷ്ട്രീയമായ ഒരു ആയുധം എന്ന നിലയില്‍ നാടകത്തെ ഫലപ്രദമായി ഉപയോഗിക്കാനാവുമെന്ന്‌ സാറടീച്ചര്‍ അടക്കമുള്ളവര്‍ ക്യാമ്പസ്‌ തിയേറ്ററില്‍ നിന്നും പഠിച്ചിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം കളിക്കാമെന്ന വിശ്വാസത്തോടെ സാറടീച്ചറുടെ നേതൃത്വത്തില്‍ ഒരു സ്ക്രിപ്റ്റ്‌ റെഡിയായി. കേരളം മുഴുവന്‍ കളിക്കാനായില്ലെങ്കിലും തൃശ്ശൂരിലെയും പാലക്കാട്ടെയും നിരവധി വേദികളില്‍ ഈ തെരുവുനാടകം അരങ്ങേറി. ഒരു ആക്റ്റിവിസ്റ്റ്‌ എന്ന നിലയില്‍ കേരളത്തില്‍ ഇടം കണ്ടെത്തുന്നതിന്‌ സാറടീച്ചറെ സാഹായിച്ചത്‌ മാനുഷിയാണ്‌.

ചോദ്യം: നാടകം ജീവിതമായപ്പോള്‍ കുടുംബത്തിലും ജീവിതത്തിലും പ്രശ്നങ്ങള്‍ ഉണ്ടായോ?
ശ്രീജ: നാടകക്കാരി, അഴിഞ്ഞാട്ടക്കാരി എന്നീ പുച്ഛപരിഹാസങ്ങള്‍ എനിക്കധികം കേള്‍ക്കേണ്ടി വന്നിട്ടില്ല. നക്സലൈറ്റ്‌, ഫെമിനിസ്റ്റ്‌ എന്നീ വിശേഷണങ്ങളൊക്കെ കഴിഞ്ഞാണ്‌ ഞാന്‍ നാടകക്കാരിയാവുന്നത്‌ എന്നതു കൊണ്ടാവാം. അതിനു പുറമെ, നാടകം ജീവനായി കൊണ്ടു നടക്കുന്ന നാരായണനോടുകൂടെ ജീവിക്കുമ്പോഴാണ്‌ ഞാന്‍ നാടകത്തില്‍ സജീവമാകുന്നത്‌ എന്നതുകൊണ്ടുമാവാം.സംഘടനാപ്രവര്‍ത്തന കാലത്താണ് ഞാന്‍ പരിഹാസവും കുടിയിറക്കു ഭീഷണിയുമെല്ലാം നേരിട്ടത്‌.

ചോദ്യം: നാടകസംഘത്തിന്റെ സ്വഭാവമെന്തായിരുന്നു?
ശ്രീജ: വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള ഒരുപാടു പേര്‍ സംഘത്തിലുണ്ട്‌. പക്ഷേ, നാടകസംഘം ഒരു രാഷ്‌ട്രീയ നാടക വേദിയല്ല. എന്നിരുന്നാലും സംഘം ചെയ്യുന്ന നാടകങ്ങളില്‍ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാവാറുണ്ട്‌.

ബാംഗ്ലൂര്‍, മൈസൂര്‍, മുംബയ്‌ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സംഘം നാടകങ്ങള്‍ ചെയ്തിട്ടുണ്ട്‌. തികച്ചും വ്യത്യസ്തരായ നിരവധി പേര്‍ ചേര്‍ന്ന ഒരു സംഘമായതിനാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്‌. എങ്കിലും, സംഘത്തിലെ എന്റെ നിലനില്‍പ്പിനെ ഞാന്‍ സന്തോഷത്തോടു കൂടി തന്നെ അനുഭവിക്കുന്നു.

ചോദ്യം: എഴുതിയ നാടകങ്ങളെക്കുറിച്ചു പറയാമോ?
ശ്രീജ: ഞാനെഴുതിയ മൂന്നു നാടകങ്ങളിലും സ്ത്രീപക്ഷ ചിന്തകള്‍ക്കാണ്‌ മുന്‍‌തൂക്കം. പുരുഷന്മാരും സ്ത്രീകളും സജീവമായി നില്‍ക്കുന്ന ഒരു സംഘത്തില്‍ ഇതിനെ ഒരു പരിമിതിയായി തന്നെ ഞാന്‍ കാണുന്നു. വൈവിധ്യമാണ്‌ എഴുത്തിന്റെ കാതല്‍ എന്നെനിക്കറിയം. 'ഓരോരോ കാലത്തിലും' എന്ന നാടകത്തിലെ താത്രി എന്റെയുള്ളില്‍ ഞാനൊരുപാട്‌ കാലം കൊണ്ടു നടന്ന തന്തുവാണ്‌. താത്രി ജീവിച്ച പരിസരങ്ങള്‍ എന്റെ വീടിനോട്‌ തൊട്ടുകിടക്കുന്നു. എന്റെയും ഒരു ചങ്ങാതിയുടെയും ലേബര്‍ റൂം അനുഭവമാണ്‌ ആ പേരിലുള്ള നാടകത്തിന്റെ കാതല്‍. ഒരേ വേഷം പല നടികള്‍ ചെയ്ത ഈ നാടകത്തോട്‌ എനിക്കൊരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്‌. ഞാന്‍ കൂടി പങ്കാളിയായ കുടുംബശ്രീ യൂണിറ്റിനു വേണ്ടി എഴുതിയതാണു 'കല്യാണസാരി'. സ്ത്രീയുടെയും പുരുഷന്റെയും തുറന്ന പ്രണയം ആവിഷ്കരിക്കാനുള്ള ശ്രമമായിരുന്നു 'പരേതാത്മാവിന്റെ സാരോപദേശം' എന്ന നാടകം. അകം എന്ന പേരിലാണ്‌ ഞങ്ങളിപ്പോള്‍ നാടകം ചെയ്യുന്നത്‌. ആളുകളുടെ തിരക്കും മറ്റ്‌ പ്രശ്നങ്ങളും സംഘം പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സം നില്‍ക്കാറുണ്ടെങ്കിലും നാടകം ചെയ്യുന്നതിലൂടെ മാത്രമെ ഇതിനെ മറികടക്കാനാവൂ എന്നു ഞങ്ങള്‍ക്കറിയാം. നാടകമായാലും കൃഷിയായാലും സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ്‌ എന്റെ ഊര്‍ജ്ജം. ആറങ്ങോട്ടുകരയിലെ കുടുംബശ്രീയൂണിറ്റിനൊപ്പം സംഘം ഇപ്പോള്‍ ജൈവകൃഷിയും ചെയ്യുന്നുണ്ട്‌.

ബീനമോള്‍.സി.പി.
Subscribe Tharjani |
Submitted by മുഹമ്മദ്‌ (not verified) on Tue, 2010-10-26 11:48.

വളരെ സത്യസന്ധമായ ഉത്തരങ്ങള്‍