തര്‍ജ്ജനി

ലേഖനം

സാഹിത്യസിദ്ധാന്തം വായിക്കുമ്പോള്‍

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ബി.എ./ബി.എസ്.സി വിദ്യാര്‍ത്ഥികളുടെ മലയാളം സിലബസ്സിലെ സമകാലികസാഹിത്യസിദ്ധാന്തം കോഴ്സിനു് ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട് പുറത്തിറക്കിയ പാഠപുസ്തകത്തിനു് ഗ്രന്ഥകര്‍ത്താക്കള്‍ എഴുതിയ ആമുഖലേഖനം

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ സാംസ്കാരികപഠനരംഗത്തെയാകെ ചലിപ്പിക്കുകയും നവീകരിക്കുകയും ചെയ്ത സിദ്ധാന്തങ്ങളെ സാമാന്യമായി മനസ്സിലാക്കുകയും ലളിതമായി പ്രതിപാദിക്കുകയും ചെയ്യുക എതാണ്‌ ഈ പുസ്തകത്തിന്റെ ലക്ഷ്യം. എന്നാ‍ല്‍ കാര്യങ്ങള്‍ ഒട്ടും ലളിതമല്ല.

ഇവിടെ വിവരിക്കുന്ന സിദ്ധാന്തങ്ങളുടെ തിരയിളക്കങ്ങള്‍ക്കു അരനൂറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിലത്തെ ദശകങ്ങളിലാണ്‌ അവ ശക്തമായൊരു ഊര്‍ജ്ജപ്രവാഹമായി മാറുന്നത്‌. നവസിദ്ധാന്തങ്ങളുടെ പുഷ്കലകാലമാണത്‌ പറയാം. ഭാഷാശാസ്ത്രം, ചിഹ്നശാസ്ത്രം, ഘടനാവാദം, അപനിര്‍മ്മാണം, നവചരിത്രവാദം - ഇങ്ങനെയൊരു ക്രമത്തിലാണ്‌ പാശ്ചാത്യലോകത്ത്‌ ഈ ചിന്തകളുടെ ഉദയവികാസങ്ങള്‍. എന്നാ‍ല്‍ മലയാളത്തില്‍ ഈ സിദ്ധാന്തങ്ങള്‍ അവയുടെ ചരിത്രപരമായ നൈരന്തര്യക്രമത്തിലല്ല പിറന്നുവീണത്‌. ഇവിടെ എല്ലാം ഒന്നി‍ച്ചു സംഭവിക്കുന്നു‍. കോളനികളില്‍ എപ്പോഴും അങ്ങനെയാണ്‌. അത്‌ ഒരു ചന്തസ്ഥലമാണ്‌. പഴയതും പുതിയതും ഒരേസമയം അവിടെ വില്പനയ്ക്കു വരും. അവിടെ ഉല്പന്നങ്ങള്‍ ഉണ്ടാവും. എന്നാ‍ല്‍ ഫാക്ടറി ഉണ്ടാവണമെന്നില്ല.

ബൌദ്ധികരംഗത്ത്‌ സങ്കീര്‍ണ്ണമായ പുതുകോളനീകരണം ശക്തമാവുകയല്ലേ എന്നു‍ സംശയിക്കേണ്ട ഒരു സാഹചര്യത്തിലൂടെയാണ്‌ നമ്മുടെ കാലം കടന്നുപോകുന്നത്‌. ആധുനികകാലത്തേതു പോലെ തനതുവിജ്ഞാനങ്ങളും രീതികളുമെല്ലാം അപരവല്‍ക്കരിക്കപ്പെടുകയും തുടച്ചുമാറ്റപ്പെടുകയും ചെയ്യുന്നു‍ എന്നത്‌ മാത്രമല്ല ഇവിടുത്തെ പ്രശ്നം. ഒപ്പം, വിമോചകമായ വിവക്ഷകള്‍ തമസ്ക്കരിച്ച്‌ തനിമാവാദത്തിനും മൌലികവാദത്തിനും ഉപകരിക്കുമട്ടി‍ല്‍ ആധുനികാനന്തരചിന്തകള്‍ ഇറക്കുമതി ചെയ്യപ്പെടുന്നു‍. ആധുനികകാലത്തെ ഹിംസാത്മകമായ ഏകീകരണയുക്തിക്കു പകരം അതിലേറെ ഹിംസാത്മകമായ വിഭാഗീയയുക്തി ഇറക്കുമതി ചെയ്യപ്പെടുന്നു‍ എന്നു‍ സാരം. സിദ്ധാന്തങ്ങളെ ഫാഷന്‍ കണക്കെ സ്വാംശീകരിക്കാനും കാമ്പില്ലാത്ത കസര്‍ത്തുകള്‍ നടത്താനുമുള്ള പ്രിയം വളര്‍ന്നു‍വരുന്നു‍ എന്നതും ഇതോടൊപ്പം കാണേണ്ടതുതന്നെ. ഗവേഷണരംഗത്ത്‌ തുടക്കം കുറിച്ച ഈ സംവാദരഹിതമായ താല്പര്യം വിദ്യാഭ്യാസത്തിന്റെ താഴേത്തട്ടി‍ലേക്ക്‌ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ്‌ ഇപ്പോള്‍ നടന്നുവരുന്നത്‌.

സാംസ്കാരികമായ കോളണീകരണത്തെക്കുറിച്ച്‌ ആഴത്തില്‍ മനസ്സിലാക്കുന്നതിന്‌ പുതിയ സിദ്ധാന്തങ്ങളെ വിവേചനബുദ്ധിയോടെ, വിമര്‍ശനാത്മകമായി പരിചയപ്പെടേണ്ടതുണ്ട്‌. അതുകൊണ്ടുതന്നെ‍ സിദ്ധാന്തങ്ങളുടെ ആവിഷ്കര്‍ത്താക്കളായ മഹാമനീഷികളെ ആദരവോടെ മാത്രമേ കാണാനാവൂ. സാമ്പ്രദായികവീക്ഷണഗതികളെ ചോദ്യം ചെയ്ത അവരുടെ ധീരതയും പ്രതിബദ്ധതയും ആദരിക്കപ്പെടേണ്ടതുമാണ്‌. ഈ ചിന്താധാരകളെപ്പറ്റി മനസ്സിലാക്കാന്‍ താല്പര്യമുള്ള പഠിതാക്കള്‍ പ്രോത്സാഹനമര്‍ഹിക്കുന്നു‍. പക്ഷേ, ഇതൊക്കെ രണ്ടാംഭാഷയായി മലയാളം എടുത്തുപഠിക്കുന്ന, സാഹിത്യതല്പരരായ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്പിക്കുന്നതില്‍ വിവേകരാഹിത്യമില്ലേ എന്ന സംശയം ഞങ്ങള്‍ക്കുണ്ട്‌.
വൃത്തശാസ്ത്രത്തെയും അലങ്കാരശാസ്ത്രത്തെയും വ്യാകരണത്തെയും ഭാഷാപഠനത്തില്‍നിന്നു്‌ അകറ്റിനിര്‍ത്തുമ്പോഴാണ്‌ ആഖ്യാനശാസ്ത്രത്തിനും ഘടനാവാദത്തിനും ഇവിടെ പൂമൂടല്‍ നടത്തുന്നത്‌. അല്പം കഥയും കവിതയുമൊക്കെ വായിക്കുകയും പഠിക്കുകയും ആസ്വദിക്കുകയും ചെയ്യാം എന്ന ആഗ്രഹത്തോടെ ഭാഷാ-സാഹിത്യക്ലാസ്സിലേക്ക്‌ എത്തുന്ന വിദ്യാര്‍ത്ഥികളെ എന്നെന്നേക്കുമായി പടികടത്താനേ ബിരുദതലത്തിലെ പൊതുഭാഷാസിലബസ്സുകളില്‍ സിദ്ധാന്തക്കെട്ടു‍കളും സാഹിതീയതയെ അവഗണിക്കുന്ന നിരൂപണങ്ങളും ഭരണഘടനയും മറ്റും കുത്തിച്ചെലുത്തുന്ന ഈ പുതിയ നയം കൊണ്ടു കഴിയൂ. സാഹിത്യത്തിന്റെ അനുഭൂതിപരമായ മേഖലകളിലേക്ക്‌ സഞ്ചരിക്കുവാനുള്ള താല്‍പര്യവുമായെത്തുന്ന വിദ്യാര്‍ത്ഥികളെ ഭാഷാപഠനരംഗത്തുനിന്നു്‌ ഓടിച്ചകറ്റുക എന്ന ലക്ഷ്യമാണോ ഇതിന്നു‍ പിന്നി‍ലുള്ളത്‌ എന്നു് സംശയിക്കേണ്ടിയിരിക്കുന്നു‍.

ഭാഷാപഠനത്തെ സംബന്ധിക്കുന്ന എല്ലാ മൌലികപരിഗണനകളെയും തിരസ്കരിക്കുന്നതാണ്‌ നമ്മുടെ യൂണിവേഴ്സിറ്റികളില്‍ ആവിഷ്കരിച്ചിരിക്കുന്ന നവീനസാഹിത്യസിലബസ്‌ എന്നു‍ പറയാതെ വയ്യ. യുക്തിയുടെയും ശാസ്ത്രത്തിന്റെയും വിചാരപരമായ മേഖലകളോടൊപ്പം കലാപരമായ അനുഭവസമൃദ്ധിയും അതില്‍നിന്നു‍ണ്ടാകുന്ന ജീവിതവിമര്‍ശാവബോധവും കൈവരിക്കുമ്പോള്‍ മാത്രമേ വൈജ്ഞാനികവികാസം സന്തുലിതമായിത്തീരൂ എന്നു് മനസ്സിലാക്കിയവരുടെ ഭാവനയില്‍ പിറന്നതാണ്‌ ആധുനികഭാഷാവിദ്യാഭ്യാസക്രമം. ശാസ്ത്രവും മറ്റു വൈജ്ഞാനികവിഷയങ്ങളും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പോലും സര്‍ഗ്ഗാത്മകവും സാംസ്കാരികവുമായ ക്ലാസ്സിക്‌രചനകളെ മുന്‍നിര്‍ത്തുന്ന ഭാഷാപഠനം നടത്തണം എന്നു് നിശ്ചയിച്ചതിനു പിന്നി‍ലുള്ള ഈ ദര്‍ശനമാണ്‌ ഇപ്പോള്‍ കൈമോശം വന്നിരിക്കുന്നത്‌. മാറ്റങ്ങളാവാം. അത്‌ കൂടുതല്‍ മികച്ച ദര്‍ശനത്തിന്റെ പിന്‍ബലത്തോടെയായിരിക്കണം എന്നുമാത്രം. ഭാവനയും ചിന്തയും വിടചൊല്ലിയ പെറ്റിരാഷ്ട്രീയത്തില്‍നിന്നും ഫാഷന്‍ഭ്രമത്തില്‍നിന്നും അത്തരം ദര്‍ശനം ഉയര്‍ന്നു‍വരുമെന്ന്‌ വിമര്‍ശാവബോധമുള്ള ഏതെങ്കിലും മനുഷ്യന്‍ വിശ്വസിക്കുമോ?

കലാപരമായ സൃഷ്ടികളെ കേവലം ചരിത്ര-സാമൂഹികരേഖകളായി മനസ്സിലാക്കാനുള്ള പ്രവണത ഇന്നു‍ ശക്തമാണ്‌. കലാസൃഷ്ടികളെ നിര്‍വ്വചിക്കുന്ന സൌന്ദര്യപരത നിഷേധിക്കപ്പെടുന്നു‍ എന്ന ദുരന്തമാണ്‌ അവിടെ സംഭവിക്കുന്നത്‌. സൌന്ദര്യം എന്നതു് കേവലമായി എടുക്കേണ്ടതല്ല. സൌന്ദര്യസൃഷ്ടികള്‍ നിര്‍മ്മിക്കപ്പെടുന്ന സാമൂഹികാനുഭവങ്ങളില്‍ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ അംശങ്ങളുണ്ട്‌. അതിനാല്‍ കലാസൃഷ്ടികള്‍ അത്തരത്തില്‍ അപഗ്രഥിക്കപ്പെടുതില്‍ അപകടമൊന്നു‍മില്ല. പക്ഷേ, സാഹിത്യകലാസൃഷ്ടികളെ സാമൂഹികശാസ്ത്രത്തിന്റെയോ രാഷ്ട്രതന്ത്രത്തിന്റെയോ ഉപവിഷയം അല്ലെങ്കില്‍ വിശകലനവസ്തു മാത്രമായി സാഹിത്യവിദ്യാര്‍ത്ഥിയുടെ മുന്നി‍ല്‍ അവതരിപ്പിക്കുന്നതില്‍ അനൌചിത്യമുണ്ട്‌. അപഗ്രഥനം ആവശ്യപ്പെടുന്നി‍ടത്ത്‌ വിസ്മയം കൊണ്ടിട്ടെന്തുകാര്യം എന്നു‍ ചോദിക്കുമ്പോഴും വിസ്മരിച്ചുകൂടാത്ത ഒരു കാര്യമുണ്ട്‌. വിസ്മയിക്കേണ്ടിടത്ത്‌ വിസമയിക്കുകതന്നെ‍ വേണം, അവിടെ അപഗ്രഥനം മതിയാകില്ല എന്ന ലളിതമായ കാര്യം.

സാഹിതീയവും കലാപരവുമായ മണ്ഡലത്തെ സാമൂഹികശാസ്ത്രയുക്തി കീഴ്പ്പെടുത്തുന്നതില്‍, നിഷ്കാസനം ചെയ്യുന്നതില്‍, ഒരു അധിനിവേശവും അന്തര്‍ഭവിച്ചിരിപ്പുണ്ട്‌. ആധുനികതയുടെ കടന്നാക്രമണപരമായ പ്രത്യയശാസ്ത്രത്തിന്റെ തുടര്‍ച്ച ദര്‍ശിക്കാവുന്ന ഈ ഇടപെടല്‍ ദൂരവ്യാപകമായ ഫലങ്ങളുളവാക്കുന്നതാണ്‌. നിരൂപണത്തെയും വിശകലനത്തെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുകയും സര്‍ഗ്ഗസാഹിത്യത്തെ അരിക്കാക്കുക (മാര്‍ജിനലൈസ്‌)യും ചെയ്യു ഭാഷാപഠനം അസന്തുലിതമനുഷ്യരെ രൂപീകരിക്കാനേ ഉപകരിക്കുകയുള്ളൂ.

അപഗ്രഥനപ്രധാനമായ ശാസ്ത്രവിജ്ഞാനത്തെപ്പോലെതന്നെ പ്രധാനപ്പെട്ടതാണ്‌ ഉദ്ഗ്രഥനാത്മകമായ കലാ-സാഹിത്യാനുഭവങ്ങള്‍. ഇതു മനസ്സിലാക്കിക്കൊണ്ടുമാത്രമേ നമ്മുടെ വിദ്യാര്‍ത്ഥികള്‍ വിമര്‍ശനത്തിന്റെയും വിശകലനത്തിന്റെയും രംഗങ്ങളില്‍ ഉള്‍ക്കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന സിദ്ധാന്തപരമായ അറിവുകളെ സ്വീകരിക്കാവൂ എന്നാ‍ണ്‌ ഞങ്ങള്‍ കരുതുത്‌. ഈ പുസ്തകത്തിലെ കുറിപ്പുകള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുന്നത്‌ ആസ്വാദനപരമായ സാഹിത്യവായനയ്ക്കു വിഘാതമായിത്തീരരുതെന്ന ആഗ്രഹവും ഞങ്ങള്‍ക്കുണ്ട്‌.

ബിരുദതലത്തില്‍ എന്തു പഠിപ്പിക്കണം, ബിരുദാനന്തരക്ലാസ്സില്‍ എന്തു പഠിപ്പിക്കണം, സെക്കന്റ്‌ ലാംഗ്വേജുക്ലാസില്‍ എന്തു പഠിക്കണം, മെയിന്‍ ക്ലാസില്‍ എന്തു പഠിക്കണം എല്ലൊമുള്ള വിവേചനബോധംപോലും പുതുക്കിയ ഭാഷാപാഠ്യപദ്ധതിയില്‍ കാണാന്‍ കഴിയില്ല. സിദ്ധാന്തഭ്രമം മൂത്ത്‌ എവിടെയും അതുതന്നെ പഠിപ്പിക്കണമെന്നു് വെച്ചിരിക്കുന്നു‍! നല്ലൊരു വിവര്‍ത്തിതകൃതി ഉപഭാഷാവിദ്യാര്‍ത്ഥി പഠിക്കണം എന്നു് നിശ്ചയിച്ചാല്‍ അതു മനസ്സിലാക്കാം. വിവര്‍ത്തനസിദ്ധാന്തങ്ങള്‍ എന്തിനാണ്‌ അയാളില്‍ അടിച്ചേല്പിക്കുന്നത്‌? വിവര്‍ത്തനസിദ്ധാന്തം പഠിച്ചാല്‍ ഒരാള്‍ക്കു വിവര്‍ത്തകനാകാന്‍ കഴിയും വെച്ചിട്ടാ‍ണോ? എങ്കില്‍ കാവ്യശാസ്ത്രം പഠിച്ചവന്‍ കവിയാകണമല്ലോ.

ഏതോ അമിതാവേശക്കാരുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിമൂലം ഉപഭാഷാപാഠ്യപദ്ധതിയില്‍ കടന്നുവന്നിട്ടു‍ള്ള സിദ്ധാന്തങ്ങളെ അഭിമുഖീകരിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഈ പുസ്തകം കുറച്ചൊക്കെ ഉപകരിക്കുമെന്നു് പ്രതീക്ഷിക്കുന്നു‍. അവരെ ഉദ്ദേശിച്ച്‌ ഒരു പുസ്തകം വേഗത്തില്‍ തയ്യാറാക്കിക്കൊടുക്കണം എന്നു് പ്രസാധകനായ ലിപി അക്ബര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ ഇത്‌ രചിച്ചത്‌. വേണ്ടത്ര ഭംഗിയായി രചന നിര്‍വ്വഹിക്കാനായിട്ടു‍ണ്ടോ എന്നു‍ സംശയിക്കുന്നു‍. ഒപ്പം, ഈ പുസ്തകം വായിക്കുവാനിടയാകുന്ന സാഹിത്യതല്പരരായ ബിരുദവിദ്യാര്‍ത്ഥികള്‍ തൊട്ടു‍പിന്നാ‍ലെ നല്ലൊരു കെട്ടു‍കഥയോ കവിതയോ നോവലോ ഉപന്യാസമോ വായിച്ച്‌ ആസ്വാദനത്തിന്റെ/അനുഭൂതികളുടെ ലോകത്തേക്കു മടങ്ങട്ടേയെന്നു് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു‍.

ഡോ. കെ. വി. തോമസ്‌ , ഡോ. സി. ജെ. ജോര്‍ജ്ജ്‌

Subscribe Tharjani |
Submitted by Anonymous (not verified) on Mon, 2010-09-13 21:37.

ലേഖകരുടെ അഭിപ്രായത്തോട് വളരെ യോജിയ്ക്കുന്നു. സാഹിത്യത്തില്‍ ‘രാഷ്ട്രീയശരി’-യുടെ (Political Correctness) അവതാരവും പ്രയോഗവും അതിന്റെ അന്തകനായി തീര്‍ന്നിരിയ്ക്കുന്ന കാലത്താണ് നാം ജീവിയ്ക്കുന്നത്. വേണ്ടത്ര രാഷ്ട്രീയാനുഭവത്തിന് സ്കോപ്പില്ലാത്തയിടങ്ങളില്‍, ഈ വക അസുഖങ്ങള്‍ സാഹിത്യകലാശരീരത്തില്‍ കടന്നുകൂടുക സ്വാഭാവികം. കാരണം ആ ശരീരങ്ങള്‍ വാസ്തവലോകങ്ങളെ പ്രതിനിധീകരിയ്ക്കുന്നവയല്ല. രാഷ്ട്രീയം അടരാടുന്ന ശരിലോകങ്ങളിലാകട്ടെ പരിപ്പ് വേവുന്നുമില്ല. അതിനാല്‍ സാഹിത്യത്തെ മുച്ചൂടും നശിപ്പിച്ചിട്ടെ ഈ സൈദ്ധാന്തിക മൂര്‍ച്ഛ ഷെല്‍ഫിലേയ്ക്ക് കയറിക്കിടന്ന് വിശ്രമിയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളു.

പക്ഷെ ഒരു സംശയം: ഇത് സമകാലികസാഹിത്യസിദ്ധാന്തം’ കോഴ്സിന് ആമുഖമായി എഴുതിയതാണെന്നാണല്ലൊ തുടക്കത്തില്‍ പറഞ്ഞത്. അങ്ങിനെയെങ്കില്‍ ഇത് കോഴ്സിന്റെ ഉള്ളടക്കത്തെ തന്നെ ഖണ്ഡിയ്ക്കുന്നതായിപ്പോയില്ലേ? എന്നിട്ടും ഈ ലേഖനത്തെ ആ കോഴ്സിനു ആമുഖമായി സ്വീകരിച്ചത് അത്ഭുതകരമായി തോന്നുന്നു! അതൊ ഇതും ഒരു സര്‍വ്വകലാശാല വിക്രസ്സോ?

Submitted by മഹേഷ് മംഗലാട്ട് (not verified) on Mon, 2010-09-13 22:08.

സുദേഷ്,
കോഴ്സ് സര്‍വ്വകലാശാല ഉണ്ടാക്കുന്നതാണ്. അതിനു് പാകത്തില്‍ പാഠപുസ്തകം ആര്‍ക്കും ഉണ്ടാക്കാം, വില്‍ക്കാം. ലിപി പബ്ലിക്കേഷന്‍സിനു് വേണ്ടി പുസ്തകം തയ്യാറാക്കിക്കൊടുത്തവരാണു് കെ.വി.തോമസും സി.ജെ.ജോര്‍ജ്ജും. സര്‍വ്വകലാശാലയോട് വിയോജിച്ചും അക്കാദമികമായ പ്രവര്‍ത്തനം ആകാമല്ലോ.

പക്ഷെ സര്‍വ്വകലാശാല വിമര്‍ശനം ഉന്നയിക്കുന്ന ഈ പുസ്തകത്തിനു് പകരം ബദല്‍ പുസ്തകം ഇറക്കി, അവരുടെ കോപ്പറേറ്റീവ് സ്റ്റോര്‍ വഴി. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള പുസ്തകം വാങ്ങാം, പഠിക്കാം, പരീക്ഷ എഴുതാം!!!