തര്‍ജ്ജനി

സംഗീതം

ശ്രുതിയില്‍ നിന്നുയരും നാദശലഭങ്ങളേ...

നാദവും താളവും ജീവിതത്തിന്റെ അധാരശിലകളാകുമ്പോള്‍ സംഗീതത്തെക്കുറിച്ചുള്ള പഠനങ്ങളും പരീക്ഷണങ്ങളും സ്വാഭാവികമാകുന്നു. വയലിന്‍ വാദനത്തില്‍ 2004 ലെ കേരള സംഗീത നാടക അക്കാഡമിയുടെ അവാര്‍ഡ്‌ ജേതാവായ കൊല്ലം വേളമാനൂര്‍ ആതിരയില്‍ s. സായിബാബുവിന്റെ ജീവിതവും ഇതില്‍ നിന്ന് വ്യതിരക്തമാകുന്നില്ല.

സംഗീതവും വെദ്യവും ജ്യോതിഷവും കൊണ്ട്‌ സമ്മിശ്രമായ വ്യക്തിത്വത്തിന്റെ ഉടമായാണ്‌ സായിബാബു. ശുദ്ധസംഗീതത്തിന്റെ ഉപാസകനും. നാദം ശ്രുതിയാല്‍ ലീനവും രഞ്ജകമായിരിക്കണമെന്നു നിര്‍ബ്ബന്ധമുള്ള സായിബാബു സംഗീത ലോകം ഉറ്റുനോക്കുന്ന പരീക്ഷണങ്ങളുടെ പണിപ്പുരയിലാണ്‌. ഏതൊന്നിനെ സാക്ഷിയാക്കിയാണോ ഒരയുഷ്കാലം മുഴുവന്‍ സംഗീതത്തെ ഉപാസിച്ചത്‌ അതില്‍ തന്നെ ശ്രേഷ്ഠമായത്‌.

കര്‍ണ്ണാടക സംഗീതത്തില്‍ നിലവിലുള്ള ഇരുപത്തിരണ്ടു ശ്രുതികളെ കൂടാതെ 50 ശ്രുതികള്‍ കൂടിയുണ്ടെന്നാണ്‌ സായിബാബു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌. വ്യത്യസ്ത കമ്പന സംഖ്യ കണക്കാക്കി 72 ശ്രുതികളെ നിര്‍ണ്ണയിക്കുന്ന ഒരു ഗ്രന്ഥത്തിന്റെ രചനയിലാണ്‌ സായിബാബു. അന്‍പത്‌ വ്യത്യസ്ഥ ശ്രുതികള്‍ കണ്ടെത്തലിനു കൂട്ടുപിടിച്ചിരിക്കുന്നത്‌, പഞ്ചഭൂതതത്വാത്മകമായി പ്രതിപാദിച്ചിട്ടുള്ള ആകാശതുല്യമായ വിശുദ്ധിചക്രത്തിലുള്ള 72 കിരണങ്ങളെയാണ്‌. അഥവാ ഈ കിരണങ്ങള്‍ക്കെല്ലാം ഉപരിയായി സഹസ്രദലകമലത്തിലുള്ള ചന്ദ്രമണ്ഡലരൂപമായ സുധാസിന്ധുവില്‍ ബിന്ദു സ്ഥാനത്തില്‍ കുടികൊള്ളുന്ന നാദസ്വരൂപിണിയായ പരാശക്തി പാദപത്മങ്ങളില്‍ ഏകാഗ്രമായി മനസര്‍പ്പിച്ച്‌ തന്റെ ഉപാസനയിലൂടെ കണ്ടെത്തിയ 72 ശ്രുതികളെക്കുറിച്ച്‌ കൂടുതല്‍ വിശദമാക്കാന്‍ തയ്യറല്ലെങ്കിലും ശ്രുതികളുടെ മനോഹാരിത വെങ്കിടമഖിയാല്‍ കണ്ടുപിടിക്കപ്പെട്ട 72 മേളകര്‍ത്താ രാഗങ്ങളിലൂടെ സായിബാബു പ്രയോഗിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന അഭൌമമായ രാഗമാധുരി ശ്രോതാക്കളില്‍ അനിര്‍വചനീയമായ അനുഭൂതിയുണ്ടാക്കും.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വ്വ വയലിന്‍
Rare Violin
വയലിന്റെ നാദം, അതിന്റെ തരംഗം എങ്ങനെ തുടങ്ങി ഒടുങ്ങുന്നുവെന്ന് സൌണ്ട്‌ എന്‍ജിനീയര്‍മാര്‍ ഇന്നും അന്വേഷണം നടത്തുമ്പോഴും ജര്‍മ്മനിയിലെ ലോക പ്രശസ്ത വയലിന്‍ നിര്‍മ്മാതാവ്‌ ആന്റണീസ്‌ സ്ട്രാസിവാരിയോസ്‌ സ്വന്തം കൈകളാല്‍ 287 വര്‍ഷം മുമ്പ്‌ നിര്‍മ്മിച്ച (1719-ല്‍) വയലിന്‍ ഇപ്പോഴും സായിബാബുവിന്റെ കയ്യില്‍ പുതു പുത്തനായിരിക്കുന്നു! ആയിരത്തില്‍പരം വയലിനുകളേ സ്ട്രാസിവാരിയോസ്‌ തന്റെ ജീവിതകാലത്ത്‌ സ്വന്തമായി നിര്‍മ്മിച്ചിട്ടൂള്ളൂ. അതിലൊന്നാണ്‌ സായിബാബുവിന്റെ കൈയ്യിലുള്ളത്‌.

മനുഷ്യശരീരത്തോട്‌ സാദൃശമുള്ള ഇന്നത്തെ വയലിന്റെ രൂപകല്‍പന സ്ട്രാവാരിയോസിന്റെ സംഭാവനയാണ്‌. അതുവരെ ദീര്‍ഘചതുരാകൃതിയിലായിരുന്നു വയലിന്റെ രൂപം. ഓക്കുമരത്തിന്റെയും പൈന്‍ മരത്തിന്റെയും മേപ്പിലിന്റെയും മണ്ണിനടിയിലെ തായ്ത്തടിയിലാണ്‌ സ്ട്രാസിവാരിയോസ്‌ വയലിനുകളുടെ പുറം ചട്ട രൂപപ്പെടുത്തിയത്‌. വയലിനുവേണ്ടി മുറിച്ചെടുത്ത തടികള്‍ നിരവധി പരിണാമപ്രക്രീയകള്‍ക്ക്‌ അദ്ദേതം വിധേയമാക്കിയിരുന്നു. സംഗീതത്തിന്റെ പ്രചണ്ഡമായ ശബ്ദതരംഗങ്ങള്‍ ഈ തടികളിലെ തന്മാത്രകളില്‍ അത്ഭുതകരമായി പരിണാമമുണ്ടാക്കുമെന്നും സ്ട്രാസിവാരിയോസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇത്തരം സങ്കീര്‍ണ്ണതകളിലൂടെ ജന്മം കൊണ്ട്‌ വയലിനാണ്‌ സായി ബാബുവിന്റെ കൈയ്യിലുള്ളത്‌.

ഒരു പുരുഷായുസ്സിന്റെ ഉപാസനാ സാഫല്യമായി ശ്രുതികളുടെ കണ്ടുപിടുത്തമെന്നു കരുതുന്ന സായിബാബു വയലിന്‍ വാദനത്തിനു പത്തുമുതല്‍ പതിനാറുമണിക്കൂര്‍ വരെ ചെലവഴിക്കാറുണ്ട്‌. വയലിന്‍ വാദനത്തില്‍ മാത്രമല്ല സംസ്കൃത കീര്‍ത്തനരചനയിലും കഴിവ്‌ തെളിയിച്ചിട്ടുള്ള ബാബു നിഷ്ണാതരായ സംഗീതജ്ഞര്‍ വിളിച്ചാല്‍ മാത്രമേ വയ്പ്പാട്ടിനു പോകാറുള്ളൂ. പ്രശസ്തരായ പലര്‍ക്കും പിന്നണിയൊരുക്കിയിട്ടുള്ള ബാബു 72 ല്‍ ശബരിമലയില്‍ യേശുദാസിനു വേണ്ടിയും വയലിന്‍ വാദനം നടത്തി. s.v.s. നാരായണസ്വാമിയായിരുന്നു മൃദംഗം.

മറ്റു സംഗീത ഉപകരണങ്ങളുടെയെല്ലാം ലീഡറാണ്‌ വയലിനെന്നാണ്‌ സായിബാബു ചൂണ്ടിക്കാട്ടുന്നത്‌. വയലിനില്‍ ശൂന്യമാരിക്കുന്നിടത്തുനിന്നാണ്‌ നാദമുണ്ടാകുന്നത്‌. ശ്രവ്യസുന്ദരമായ സ്വരസങ്കല്‍പം ധിഷണകൊണ്ടും കമ്പനങ്ങള്‍ കൊണ്ടും സൂക്‍ഷമായ അധ്വാനം കൊണ്ടുമാണ്‌ സൃഷ്ടിക്കുന്നത്‌. എവിടെ നിന്ന് നാദം കണ്ടുപിടിക്കാനാവുമെന്നു. സ്വരങ്ങളുടെ ആവൃത്തി നിയന്ത്രിക്കാന്‍ കഴിയുന്ന മൊട്ടുകളു(സ്ഥാനം) ണ്ടെന്നുമുള്ള കണ്ടെത്തല്‍.

സായി ബാബുവിന്റെ വയലിന്‍ കച്ചേരികള്‍ക്കും കണ്ടെത്തലുകള്‍ക്കും സന്തതസഹചാരിയായുള്ളത്‌ അപൂര്‍വമായ ഒരു വയലിനാണ്‌. ജര്‍മ്മനിയിലെ ആന്റണീസ്‌ സ്ട്രാസിവാരിയോസ്‌ സ്വന്തം കൈകള്‍ കൊണ്ട്‌ നിര്‍മ്മിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള വയലിന്‍. 1719 -ലാണ്‌ ഇതിന്റെ നിര്‍മ്മാണം. ബാബു നിധിപോലെ സൂക്ഷിക്കുന്ന വയലിന്‍ ബ്രട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യയില്‍ വന്നതാണ്‌. തമിഴ്നാട്ടിലെ മുരുകപുരി നാട്ടുരാജ്യത്തിലെ ആസ്ഥാന വിദ്വാനായിരുന്ന എം. ജി. ഗോപാലകൃഷ്ണ അയ്യരുടെ കൈയ്യില്‍ നിന്നാണ്‌ സയിബാബുവിന്റെ അപ്പൂപ്പന്‍ കുഞ്ഞുണ്ണിയാശാന് ലഭിക്കുന്നത്‌. സംഗീതത്തിലും വൈദ്യത്തിലും ജ്യോതിഷത്തിലും നിപുണനായിരുന്ന കെ. എം. ശേഖരനാശാന്‌ ആശാന്‍ പട്ടം നല്‍കിയത്‌ വൈക്കം കൊട്ടാരത്തിലെ തമ്പുരാനായിരുന്നു. ഇരുപതു വയസ്സുവരെ സായിബാബുവിന്‌ ഈ അപൂര്‍വവയലിന്‍ സ്പര്‍ശിക്കുവാന്‍ അനുമതി ലഭിച്ചിരുന്നില്ല.

തന്റെ സംഗീത സപര്യക്കിടയിലും ആയുര്‍വ്വേദചികിത്സയ്ക്കും ജ്യോതിഷത്തിനും സായിബാബു സമയം കണ്ടെത്തുന്നു. 'തരുണാസ്ഥി തേയ്മാന'ത്തിന്‌ പ്രതിവിധിയായി 280 ദിവസം നീണ്ടുനില്‍ക്കുന്ന ചികിത്സാ പാക്കേജും ബാബുവിനുണ്ട്‌. ജ്യോതിഷജ്ഞാനം പാരമ്പര്യമായി കിട്ടിയതുകൊണ്ട്‌ ജനന ലഗ്ന സമയനിര്‍ണ്ണയത്തെ സംബന്ധിച്ച അപൂര്‍വമായ ആധികാരിക രേഖകളും ബാബുവിന്റെ പക്കലുണ്ട്‌.

ഇരുപതു വയസുവരെ അച്ഛനോടൊപ്പമാണ്‌ സായിബാബു സംഗീതം അഭ്യസിച്ചത്‌. അമ്മ വലിയവീട്ടില്‍ പാറുക്കുട്ടിയും സംഗീത തത്പരയായിരുന്നു. ബി. ശശികുമാറിന്റെ കീഴിലായിരുന്നു സംഗീതം അഭ്യസിച്ചത്‌. സ്വാതിതിരുനാള്‍ കോളേജില്‍ നിന്നും ഗാനഭൂഷണവും ഗാനപ്രവീണൂം പാസ്സായ സായിബാബു 77 ലാണ്‌ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത്‌. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പകല്‍ക്കുറി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും സംഗീതാദ്ധാപകനായി റിട്ടയര്‍ ചെയ്തു.

തലമുറകള്‍ കൈമാറിവന്ന സംഗീതനിധിക്കു പിന്‍ഗാമിയായിവ്ബ്‌ സയിബാബുവിന്റെ മക്കളായ ശ്രുതിയും സ്മൃതിയും വളര്‍ന്നുവരുന്നു. ശ്രുതിയും സ്മൃതിയും ജില്ലാ -സംസ്ഥാന തലത്തില്‍ സംഗീതവിഭാഗത്തില്‍ സമ്മാനം നേടിയിട്ടുള്ളവരാണ്‌. ബി. എഡ്ഡിനു പഠിക്കുന്ന ശ്രുതി വീണയിലും വായ്പ്പാട്ടിലും ശ്രദ്ധയൂന്നുമ്പോള്‍ തിരുവനന്തപുരം വിമണ്‍സ്‌ കോളേജില്‍ എം. എ. സംഗീത വിദ്യാര്‍ത്ഥിയായ സ്മൃതിക്കു വയലിനിലും വായ്പ്പാട്ടിലുമാണ്‌ താത്പര്യം. ശുദ്ധസംഗീതത്തിന്റെ നാദവിശുദ്ധി പകര്‍ന്നു നല്‍കിയുള്ള സായി ബാബുവിന്റെ സഞ്ചാരത്തില്‍ സംഗീതത്തെ താലോലിക്കുന്ന ഭാര്യ വസന്തകുമാരിയും ഒപ്പമുണ്ട്‌. കാരണം ഈ കുടുംബത്തിന്റെ ജീവാത്മാവ്‌ സംഗീതം തന്നെയാണ്‌.

സൈഫ്‌ വേളമാനൂര്‍.
Subscribe Tharjani |