തര്‍ജ്ജനി

മുഖമൊഴി

താരലോകത്തിലെ നായകന്മാരും വില്ലന്മാരും

ഇക്കൊല്ലം സര്‍ക്കാര്‍ ഓണാഘോഷപരിപാടിക്കു് നിറപ്പകിട്ടുനല്കാന്‍ നടന്‍ കമലഹാസനെ ക്ഷണിച്ചതും അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തതും വലിയ കോലാഹലത്തിനു് ഇടവരുത്തി. ഈ വര്‍ഷത്തെ ടൂറിസംവാരാഘോഷപരിപാടിയാണു്


കമലഹാസന്‍

താരസംഘടനയുടെ അരിശത്തിനു് ഇരയായത്. കേരളത്തില്‍ മലയാളികളായ നടീനടന്മാരുണ്ടായിരിക്കെ തമിഴനായ കമലഹാസനെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ചു് താരസംഘടന പരിപാടി ബഹിഷ്കരിച്ചു. കമലഹാസനാവട്ടെ സഹജമായ വിനയത്തോടെ തനിക്കു് കേരളസംസ്ഥാനം നല്കിയ മഹനീയമായ ആദരത്തില്‍ സംസ്കൃതചിത്തനായ കലാകാരനു് ഉചിതമായ വാക്കുകളോടെ സംസാരിക്കുകയും ചെയ്തു. മലയാളസിനിമയിലൂടെ അഭിനേതാവായി ഉയര്‍ന്നുവന്ന തന്റെ ഭൂതകാലത്തെ അനുസ്മരിച്ചും തന്നെ ഒരു കലാകാരനായി ഉയര്‍ത്തിയതില്‍ കേരളീയസമൂഹത്തിനോടുള്ള കടപ്പാടിനുമുന്നില്‍ നമ്രശിരസ്കനായും പറഞ്ഞ വാക്കുകള്‍ നമ്മുടെ പടംനടിപ്പുസമൂഹത്തിന്റെ ബഹിഷ്കരണത്തിന്റെ പശ്ചാത്തലത്തില്‍ വേറിട്ട ശബ്ദമായി.

അന്യസംസ്ഥാനലോട്ടറികള്‍ നടത്തുന്ന കൊള്ളയും അതിനു പിന്നില്‍ നടക്കുന്നുവെന്നു് രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും ആരോപിക്കുന്ന അഴിമതിയും വിവാദമായ സമയം കൂടിയാണിതു്. ഈ പശ്ചാത്തലത്തില്‍ ലോട്ടറിക്കാരുടെ പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും താന്‍ പിന്‍വാങ്ങുന്നുവെന്നു് നടന്‍ ജഗതി ശ്രീകുമാര്‍ പ്രഖ്യാപിച്ചു. ഇദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തനം മറ്റു് അഭിനേതാക്കള്‍ക്കും മാതൃകയാവണം എന്നു് മുഖ്യമന്ത്രി പറഞ്ഞു. കമ്പോളത്തിലെ വിവിധ ഉല്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നമ്മുടെ അഭിനേതാക്കള്‍ താല്പര്യം കാണിക്കുന്നതു്, അവ അഭിനേതാക്കളുടെ സര്‍ഗ്ഗാവിഷ്കാരത്തിന്റെയോ സത്യാന്വേഷണത്തിന്റെയോ വഴിയെന്ന നിലയിലല്ല. പരസ്യത്തിലെ അസംബന്ധാഭിനയത്തിനു് ലഭിക്കുന്ന പ്രതിഫലം തന്നെയാണു് ഇവിടെ ആകര്‍ഷണം. ലോട്ടറി, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെയുള്ളവയോടൊപ്പം വസ്ത്രവിപണനം, വിദ്യാഭ്യാസക്കച്ചവടംവരെ വ്യാപിച്ചു നില്ക്കുന്ന അഭിനയം ഈ നടീനടന്മാര്‍ക്കു് എന്തു് ഉല്‍ക്കര്‍ഷമാണു് പ്രദാനം ചെയ്യുന്നത് ? ബ്രാന്റ് അംബാസഡര്‍ എന്ന പുത്തന്‍വിലാസം ഇത്തരം അഭിനയക്കരാറുകള്‍ക്കു് ഇന്നുണ്ടു്. ബ്രാന്റിനെ പ്രശസ്തമാക്കുന്നതിലൂടെ കലാകാരന്മാര്‍ എന്ന നിലയില്‍ എന്ത് സാമൂഹികധര്‍മ്മമാണു് ഇവര്‍ നിര്‍വ്വഹിക്കുന്നതു് ? വ്യാജമായ അവകാശവാദങ്ങളുമായി മൂലധനതാല്പര്യത്തിന്റെ ദല്ലാളികളായി സമൂഹത്തിനുമുമ്പിലെത്തുന്നതു് അധാര്‍മ്മികമായ പ്രവര്‍ത്തനമാണെന്നു് ഇവര്‍ക്കു് തോന്നിയിട്ടുണ്ടാകുമോ? ഇല്ല എന്നു തന്നെയായിരിക്കും ഉത്തരം. മദ്യത്തിന്റെ പരസ്യത്തിനും ഖാദിയുടെ പരസ്യത്തിനും ഒരേയാള്‍ തന്നെ വരുന്നതു് അധാര്‍മ്മികമാണു് എന്നു് പറഞ്ഞതു് സുകുമാര്‍ അഴീക്കോടാണു്. അതിന്റെ പേരില്‍ നടനുമായി തര്‍ക്കമുണ്ടാവുകയും പ്രശ്‌നം കോടതിയില്‍ എത്തുകയും ചെയ്തിരിക്കുന്നു. മദ്യത്തിനും ഖാദിക്കും ഒരാള്‍ തന്നെ പരസ്യക്കാരനാകുന്നതില്‍ ഔചിത്യഭംഗമുണ്ടോ എന്നു് ഖാദിപ്രചരണത്തിനു് നടനെ ക്ഷണിച്ചവര്‍ ആലോചിച്ചിരിക്കാനിടയില്ല. അങ്ങാടിയിലെ ഏത് വില്പനച്ചരക്കിനും പരസ്യക്കാരനാകാനാവുന്നതു് അഭിനേതാവിന്റെ കേമത്തിന്റെ അളവുകോലാണു്. ജനപ്രിയത എത്രത്തോളും വലുതാണോ അത്രത്തോളം കൂടിയ അളവില്‍ വിപണിയില്‍ പരസ്യക്കാരനാകാനാവും. തമിഴകത്താണെങ്കില്‍ ജനപ്രിയത താരത്തിന്റെ സിനിമയുടെ കമ്പോളവിജയം ഉറപ്പുവരുത്തുന്ന ഘടകമാണു്. കേരളത്തില്‍ അങ്ങനെ ഒരു ഗ്യാറന്റിയും ഇല്ല. സൂപ്പര്‍താരങ്ങളുടെ പടങ്ങള്‍പോലും താരസാന്നിദ്ധ്യം എന്ന ഒറ്റക്കാരണത്താല്‍ കമ്പോളവിജയം നേടും എന്നതിനു് ഒരു ഉറപ്പുമില്ല.

സിനിമ എന്ന കലയുടെ വിലാസത്തിലാണു് വിപണിയില്‍ വിരാജിക്കുന്ന ഈ താരോദയം. സിനിമ കല മാത്രമല്ല, വ്യവസായം കൂടിയാണു്. അങ്ങനെയാണു് ജനപ്രിയകല എന്ന വിചിത്രസംവര്‍ഗ്ഗം ഉദയം ചെയ്യുന്നതു്. ചുവരെഴുത്തുകാരനെ ചിത്രകാരനായി അംഗീകരിക്കണമെന്നു് അവര്‍ സാധാരണ പറയാറില്ല. ചിത്രകാരന്‍ എന്നു് അറിയപ്പെടുന്നതിന്നതില്‍ വലിയ കേമത്തമുണ്ടെന്നു് അവര്‍ കരുതുന്നില്ല. ചിത്രകാരന്മാര്‍ക്കു് വേറെ പണി, നമ്മുക്കു് പണി വേറെ എന്നതാണു് ന്യായം. അതാവട്ടെ ശരിയാണുതാനും. എന്നാല്‍ ജനപ്രിയകലയ്ക്കു് ഗൗരവമുള്ള കലയുടെ വേദിയില്‍ ഇടം സംവരണം ചെയ്തുതരണം എന്നു് ആവശ്യം ഉന്നയിക്കുകയും അതു് നേടിയെടുക്കുകയും ചെയ്തതു് നമ്മുടെ നാട്ടിലാണു്. ചലച്ചിത്രകലാകാരന്മാരോടൊപ്പം വ്യവസായികളെയും വിനോദസിനിമക്കാരെയും ഇരുത്തണമെന്നതു് നല്ല ന്യായമല്ല. കാരണം കലാകാരന്മാര്‍ വിനോദക്കാരുടെയും കച്ചവടക്കാരുടേയും വേദിയില്‍ ഇടം വേണം എന്നു് ആവശ്യപ്പെടുന്നില്ല. അവര്‍ക്കതു് ആവശ്യമില്ല. കേരളത്തില്‍ മാത്രമല്ല ദേശീയതലത്തിലും കമ്പോളസിനിമയുടെ കൈക്കരുത്തില്‍ നല്ല സിനിമയ്ക്കുവേണ്ടിയുള്ള പരിശ്രമങ്ങള്‍ തകരുകയാണു്. തങ്ങളുടെ ഇംഗിതം സാധിച്ചെടുക്കാന്‍ ഇവരെല്ലാം കൂട്ടുപിടിക്കുന്നതു് രാഷ്ട്രീയക്കാരെയാണു്. അവര്‍ക്കാണെങ്കില്‍ വോട്ടുകിട്ടാന്‍ ഈ താരങ്ങളുടെ ജനപ്രിയത ഗുണകരമായേക്കും എന്ന ആലോചനയില്‍ ഇവരെ കൈവെടിയാനുമാവില്ല. അത്രയുമല്ല, കല, സാഹിത്യം, തത്വചിന്ത എന്നിങ്ങനെയൊക്കെയുള്ള പൊല്ലാപ്പുകള്‍ രാഷ്ട്രീയക്കാര്‍ക്കു് വലിയ ഗുണം നല്കുന്നവയുമല്ല.

വിപണി, രാഷ്ട്രീയം എന്നിവയുടെ സംസ്കാരത്തിന്റെ സമന്വയമായി താരസംഘടന രംഗത്തുണ്ടു്. സംഘടനാവിരുദ്ധപ്രവര്‍ത്തനത്തിനു് ചിലരെ പുറത്താക്കുകയും പുറത്തുതന്നെ നിറുത്തുയും ചെയ്യേണ്ടത് പലപ്പോഴും രാഷ്ട്രീയക്കാര്‍ ചെയ്യുന്ന കുതന്ത്രമാണു്. അധികാരം കൈവശമുള്ളവന്‍ സ്വന്തം താല്പര്യത്തിനു് ഹാനികരമായേക്കാവുന്ന സാന്നിദ്ധ്യങ്ങളെ വരിയുടച്ചു് നശിപ്പിക്കുന്നതുപോലെ കലാകാരന്മാരുടെ സംഘടനയ്ക്കു് ചെയ്യാനാകുമോ? കലാപ്രവര്‍ത്തനത്തിന്റെ ന്യായങ്ങളല്ല ഇത്തരം സന്ദര്‍ഭങ്ങളില്‍ താരസംഘടന പറഞ്ഞുകേട്ടത്. തിലകനെ പുറത്താക്കുമ്പോഴും വിനയന്റെ സിനിമയെ ആകാവുന്ന രീതിയിലെല്ലാം ചെറുക്കുമ്പോഴും താരസംഘടന പറഞ്ഞ കാര്യങ്ങളെല്ലാം സമകാലികകേരളത്തിലെ പലതരം തമാശകളില്‍ ചിലതുമാത്രമാണു്.

കേരളത്തിലെ താരസംഘടനയിലെ അംഗങ്ങള്‍, കമലഹാസന്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍പരിപാടിയില്‍, സ്വന്തം നിലയില്‍ പങ്കെടുക്കുന്നതില്‍ വിലക്കില്ലെന്നും കമലഹാസനോടു് സംഘടനയ്ക്കു് വിരോധമൊന്നുമില്ലെന്നും സംഘടനയുടെ പ്രസിഡന്റ് പറയുകയുണ്ടായി. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനു് എന്തിനാണു് സംഘടനയുടെ മേല്‍വിലാസം. സംഘടനയിലെ അംഗങ്ങളായ അഭിനേതാക്കളെ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നതു് ഏതെങ്കിലും ഒരു സംഘടനയില്‍ അവര്‍ അംഗങ്ങളാണെന്നതിനാലാണോ അതോ അഭിനേതാക്കളാണു് അവര്‍ എന്നതിനാലോ? സംഘടനയുടെ പേരില്‍ ക്ഷണിക്കപ്പെടുക അതിന്റെ ഭാരവാഹികളെയായിരിക്കുമല്ലോ. അങ്ങനെയെങ്കില്‍, സംഘടനയുടെ ഭാരവാഹികള്‍ ക്ഷണിക്കപ്പെടാത്തിടത്തു് അംഗങ്ങളാരും പോകരുതെന്നാണോ? ഇതെന്തു് ഇരുമ്പുമറ സംഘടനയാണു്? പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനു് സംഘടനയിലെ അംഗങ്ങള്‍ക്കു് വിലക്കില്ല എന്നു് പ്രസിഡന്റ് പറയുമ്പോള്‍ മറ്റെന്തൊക്കെയോ ഉണ്ടെന്നാണു് മനസ്സിലാക്കാനാകുന്നതു്. കമലഹാസനോട് സംഘടനയ്ക്കു് വിരോധമില്ല എന്നുകൂടി പറയുമ്പോള്‍ ചിത്രം വ്യക്തമാകുന്നു. കേരളത്തില്‍ ഇത്രത്തോളം അഭിനേതാക്കളുള്ളപ്പോള്‍ എന്തിനു് ഒരു പരദേശിയെ വിളിച്ചുകൊണ്ടുവന്നു? എന്തിനു് ആദരിക്കുന്നു? ആദരിക്കാനാണെങ്കില്‍ അതിനു് ഇവിടെനിന്നു് ആരെയെങ്കിലും തെരഞ്ഞെടുത്താല്‍ പോരെ? മലയാളത്തിലെ നടന്മാരെ തമിഴകത്ത് ഇങ്ങനെ ആദരിക്കുന്നുണ്ടോ? സിനിമ എന്ന കലയുടെ കാര്യം വ്യവസായത്തിന്റെ പരിമിതയുക്തിയില്‍ ആലോചിക്കുമ്പോള്‍ എത്രത്തോളം വികൃതമാകും എന്നതിനു് ഇതില്‍പരം തെളിവു വേണ്ട. കമലഹാസനും മലയാളസിനിമയും തമ്മിലുള്ള ബന്ധവും അദ്ദേഹത്തിന്റെ സംഭാവനകളും ഒക്കെ വിട്ടുകളയുക. പടംനടിപ്പുകാരുടെ സംഘടന ഈ ന്യായം മറ്റുകാര്യങ്ങളില്‍ കൂടി വ്യാപിപ്പിച്ചാല്‍ കേരളസംസ്ഥാന ചലച്ചിത്രഅക്കാദമി ഇനിമേലില്‍ കേരളത്തിലെ സിനിമകള്‍ മാത്രമേ മേളകളില്‍ പ്രദര്‍ശിപ്പിക്കാവൂ എന്നുവരെ വാദിക്കാന്‍ അധികകാലം കാത്തിരിക്കേണ്ടിവരില്ല. അതോടൊപ്പം, സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ തിലകന്റേയും വിനയന്റേയും സിനിമകള്‍ ഒഴിവാക്കാമെന്നും അവരോടൊന്നും ഒരു വിരോധവുമില്ല എന്നും പറയാവുന്നതാണു്.

Subscribe Tharjani |
Submitted by edacheridasan[kadaththanadan] (not verified) on Sun, 2010-09-12 23:39.

വിഷയം ചര്‍ച്ചക്കെടുത്തത്‌ നന്നായി.മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ഗവേഷണം നടത്തുന്നവര്‍ പരിഗണനയ്ക്ക്പോലും എടുക്കാന്‍ താല്പര്യം ഇല്ലാത്തതും, ഈ മേഖലയില്‍ ആഴത്തില്‍ വേരോടിപ്പോയതുമായ ജീര്‍ണ്ണതയുടെ പ്രതിഫലനങ്ങളില്‍ ചിലതാണിത്‌. വസ്തുതാനിരാസത്തിന്റെ, നുണകളുടെ കൂമ്പാരത്തില്‍ കുടിപാര്‍ക്കുന്ന, യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ നേരെ കണ്ണടക്കുന്ന നാടിന്റേയും നാട്ടുകാരുടേയും വിഷയത്തില്‍ താല്പര്യമെടുക്കാതെ, ജീര്‍ണ്ണസംസ്കാരത്തിന്റെ ഉല്പാദന-വിതരണ ഫാക്റ്ററിയായി ഇക്കൂട്ടര്‍ ഈ മേഖലയെ മാറ്റിക്കഴിഞ്ഞു. എല്ലാറ്റിന്റേയും സൂപ്പര്‍ ആകുവാന്‍ കുതികാല്‍ വെട്ടുന്ന ഈ താരങ്ങളുടെ വൈരൂപ്യം മേയ്ക്കപ്പില്ലാതെ ജനം കാണാന്‍ തുടങ്ങിയിരിക്കുന്നു. ക്ഷണിക്കപ്പെട്ട അതിഥിയെ അപമാനിച്ച, സങ്കുചിതമായ മണ്ണിന്റെ വാദം ഉന്നയിച്ച 'അമ്മ' പരസ്യമായി മാപ്പു പറയണം.

Submitted by V P Gangadharan (not verified) on Sun, 2010-09-19 17:48.

അനുദാത്തം, അനഭിലഷണീയം, അപഹാസ്യം!
ദാര്‍ശനികത്വത്തിന്റെ തീപ്പൊരി സംഭാഷണങ്ങള്‍ മാലപ്പടക്കമാക്കി സിനിമാക്കൊട്ടകകളില്‍ മാറ്റൊലിക്കൊള്ളിക്കുന്ന, ധര്‍മ്മബോധമുണര്‍ത്താന്‍ പോന്ന പൌരുഷവാക്യങ്ങളുടെ മിന്നല്‍പ്പിണരുകള്‍ വെള്ളിത്തിരയില്‍ ഉല്‍പാദിപ്പിച്ചു കാണികളുടെ കൈയ്യടിവാങ്ങുന്ന കേരളത്തിന്റെ താരലോകത്തിലെ നായകന്‍മാരും വില്ലന്‍മാരും നടത്തുന്ന ഈ താരസംഘടനയ്ക്കു 'അമ്മ' എന്ന ശ്രേഷ്ഠനാമം തികച്ചും അനുചിതം!
ഭാരതത്തിന്റെ ഉദ്ഗ്രഥനം 'ജനഗണമന...' യിലൂടെ പാടി, അഭിവന്ദ്യനായ ടാഗോര്‍ ഏല്‍പ്പിച്ചുപോയ വര്‍ണ്ണപതാകയ്ക്കു ചുറ്റുവേലി കെട്ടുന്നവര്‍ കേരളത്തിന്റെ അഭിമാനഭാജനങ്ങളാണെന്നോ? സഹൃദയത്ത്വത്തിന്റെ, സാഹോദര്യത്തിന്റെ, സഹിഷ്ണുതയുടെ ആത്മീയചിന്തകള്‍ ഭരതവാക്യങ്ങളിലൂടെ സ്ഫുടമായി അമൃതഭാഷണം ചെയ്ത്‌ വിദേശിയരെ ഉന്‍മത്തരാക്കിയ സ്വാമി വിവേകാനന്ദന്‍ ഈ കോലാഹലം കണ്ട്‌ അങ്ങകലെ കാണാലോകത്തിരുന്ന്‌ വിലപിക്കട്ടെ... ഡോക്ടറേറ്റ്‌ ഇല്ലാത്തവര്‍, പദ്മശ്രീപട്ടം കിട്ടാതെ പോയവര്‍, ഒരു ലെഫ്റ്റനെന്റ്‌ പദവിക്കുപോലും അര്‍ഹതപ്പെടാത്ത ദരിദ്രനാരായണന്‍മാര്‍! പരമപണ്ഡിതരാണുപോലും. വെറും പഴമക്കാര്‍! പണ്ടേ പോയി തുലഞ്ഞല്ലോ...!
- കേഴുക മമ നാടേ!

തൊട്ടുകാട്ടിയ പത്രാധിപര്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു!

വി. പി. ഗംഗാധരന്‍, സിഡ്നി
vp.gangadharan@bigpond.com

Submitted by priya (not verified) on Mon, 2010-09-20 19:22.

സിനിമയോടുള്ള കമ്മിറ്റ്മെന്റിനേയും അഭിനയശേഷിയുടേയും കാര്യത്തില്‍ കമലിന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോന്നവരുണ്ടോ മലയാളസിനിമയില്‍?

Submitted by Krishnakumar (not verified) on Tue, 2010-09-28 18:22.

അര്‍ഹിക്കുന്നവരെ ആദരിക്കണം.
ഭാഷ, നിറം, വര്‍ഗം ഒന്നും അതിനു തടസ്സം നില്‍ക്കരുത്.
അഭിനയം എന്ന കലയില്‍ കമലഹാസന്‍ മലയാളത്തിലെ നടന്മാരെക്കാള്‍ വളരെ മുന്‍പിലാണ്.
അത് അംഗീകരിക്കാന്‍ മടിക്കുന്നവര്‍ സ്വയം താഴുകയാണ് .
അതിര് കവിഞ്ഞ അഭിമാനം അഹന്തയാണ് എന്നും നമുക്ക് സ്മരിക്കാം.