തര്‍ജ്ജനി

പുസ്തകം

പ്രണയവും സമരവും ഒരുപോലെ

ഇരുപതാം നൂറ്റാണ്ടിലെ കേരളീയ സമൂഹത്തിന്‌ പൊതുവായ ഒരു സുഗമസംഗീത സംസ്കാരം രൂപവത്കരിച്ചുനല്‍കിയവരുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന കവിയാണ്‌ പി.ഭാസ്കരന്‍. ഒരു ജനവര്‍ഗത്തിന്റെ ജീവിതമുന്നേറ്റം, പ്രാഥമികമായി,വര്‍ഗസ്മൃതികളുടെയും സംസ്കാരത്തിന്റെയും അടിയില്‍ക്കിടക്കുന്ന നാടോടികല്‍പനകളുടെ മുന്നേറ്റമാണെന്ന്‌ അദ്ദേഹം ആഴത്തില്‍ തിരിച്ചറിഞ്ഞു. അതിനാല്‍ ആധിപത്യവ്യവസ്ഥകളുടെ മനുഷ്യവിരുദ്ധതകളെ നിരന്തരം നേരിടാന്‍ പോന്ന ചരിത്രശക്തിയായി കവി നാടോടിപ്പാട്ടിന്റെ പൊരുതുന്ന സ്നേഹത്തെ സ്വീകരിച്ചു. "പാട്ടുകൊണ്ടൊരു ചൂട്ടുകെട്ടി മോത്തു കുത്തും ഞാന്‍" എന്നു പാടിയ നാടോടിക്കവിത്വത്തിന്റെ ലാവണ്യാത്മക സമരങ്ങളെ സ്വന്തം പാട്ടിന്റെ അന്തര്‍ബലമാക്കുകയും ചെയ്തു.
പി.ഭാസ്കരന്റെ പാട്ടുകളില്‍ പ്രണയവും സമരവും ഒരുപോലെയാണ്‌. വരാനിരിക്കുന്ന നല്ല കാലങ്ങളുടെ പിറവിക്കായി മണ്ണില്‍ വിതയ്ക്കപ്പെടുന്ന ജൈവപരാഗങ്ങളാണ്‌ കവിക്ക്‌ പ്രണയവും സമരവും. കവിയുടെ കല്‍പ്പന ഭാവനാലോകത്തുനിന്നു താഴേക്കു പൊഴിക്കുന്ന പ്രണയമണിത്തുവലില്‍ സ്വന്തം ഇച്ഛാബലത്തിന്റെ ജീവശോണിതവും കലര്‍ന്നിരിക്കുന്നു എന്നറിയുന്ന ജീവിതരൂപകമാണത്‌. അവിടെ കവിത, ജീവിതപ്രണയത്തിന്റെ രക്തവും
മാംസവുമാണ്‌.

അധഃസ്ഥിത ജനവിഭാഗത്തിന്റെ പദസംസ്കാരവും നാടോടിച്ചന്തങ്ങളും ഉപയോഗിച്ചു പാട്ടെഴുതുമ്പോള്‍ അടിച്ചമര്‍ത്തപ്പെട്ട പലതരം ജനതകള്‍ മുഖ്യധാരാസംസ്കാരത്തിന്റെ മുകളിലേക്കു വരും എന്ന്‌ പി. ഭാസ്കരന്റെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ജനവര്‍ഗമെല്ലാം പാടുന്ന പാട്ടുകള്‍ മനോഹരങ്ങളാണെന്ന്‌ കവി പാടാനിടവരുന്നത്‌ അതുകൊണ്ടാണ്‌. കേരളീയ നവോത്ഥാനം മുന്നോട്ടു വച്ച മാനവികതാ ബോധത്തിന്റെ സൌന്ദര്യപൂര്‍ണമായ വികാസമായി ഈ ദര്‍ശനം ഭാസ്കരന്‍ മാഷുടെ രചനകളിലെല്ലാം ആഴത്തില്‍ വേരോടിയിട്ടുണ്ട്‌. "പ്രമദവനത്തില്‍ വെച്ചു ഹൃദയാധിനാഥന്‍ പ്രണയകലഹത്തിനുവരു"ന്നതു മാത്രമല്ല, "കയ്യിലും കുത്തിനടക്കു"ന്നതും ഒരു പ്രണയഭംഗമാണെന്നറിയുന്ന സമഗ്രസൌന്ദര്യദര്‍ശനമാണത്‌.

P Bhaskaran

താന്‍ പാട്ടെഴുതാന്‍ തുടങ്ങിയ സാഹചര്യത്തെക്കുറിച്ച്‌ ഭാസ്കരന്‍ മാഷ്‌ തന്നെ ഇപ്രകാരം രേഖപ്പെടുത്തിവെച്ചിട്ടുണ്ട്‌:
"നാടന്‍ പാട്ടുകള്‍ മിക്കവാറും അധഃസ്ഥിതരായിരുന്ന ഒരു ജനവിഭാഗത്തിന്റെ സാംസ്കാരിക സമ്പത്തായി വയലേലകളിലും തെങ്ങിന്‍പറമ്പുകളിലുമെല്ലാം തങ്ങിനിന്നു. കഥകളിപ്പാട്ടുകളും മറ്റും ബഹുജനസംഗീതത്തിന്റെ അംശങ്ങളായി മാറിയിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ മലയാളിക്ക്‌, പാടുവാന്‍ ലളിതഗാനങ്ങളോ ദേശീയപ്രവര്‍ത്തകര്‍ക്കും വിപ്ലവകാരികള്‍ക്കും വീര്യമുള്‍ക്കൊണ്ട്‌ ആലപിക്കുവാന്‍ സമരഗാനങ്ങളോ ഉണ്ടായിരുന്നില്ല. ആ പശ്ചാത്തലത്തില്‍, കാലഘട്ടത്തിന്റെ ചരിത്രപരമായ ഒരാവശ്യം എന്നെക്കൊണ്ടു പാട്ടുകളെഴുതിച്ചു എന്നു പറയാം."

ജീവിതത്തിന്റെ വര്‍ത്തമാനത്തെ പരിവര്‍ത്തനോന്മുഖമായി മുന്നോട്ടുനയിക്കണമെങ്കില്‍ ചരിത്രത്തിന്റെ മണ്ണടരുകളില്‍ നിന്ന്‌ നാടോടിസൌന്ദര്യത്തിന്റെ സമരപ്രണയാനുഭവങ്ങള്‍ സംഭരിക്കേണ്ടതുണ്ടെന്നും എത്രത്തോളം നാം നാടോടിത്തത്തിന്റെ അഗാധതയിലേക്ക്‌ പോകുന്നുവോ, അത്രത്തോളം നമ്മുടെ തനിമയുടെ സത്യവും ബലവും വെളിപ്പെട്ടു കിട്ടുന്നു എന്നുമാണ്‌ ഭാസ്കരന്‍ മാഷ്‌ തന്റെ പാട്ടുകളിലൂടെ പറയാന്‍ ശ്രമിച്ചത്‌. ആറുനാട്ടില്‍ നൂറുമലയാളമുണ്ടെന്നും ആ മലയാളത്തിലൊക്കെ കവിതയുണ്ടെന്നും ആ പാട്ടുകള്‍ നമ്മെ ബോധ്യപ്പെടുത്തി. അറബിമലയാള ഗാനസാഹിത്യത്തിന്റെ ഭാഗമായി നിലനിന്നിരുന്ന മാപ്പിളപ്പാട്ടുവഴക്കങ്ങളെ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയ മലയാള കവി പി‌.ഭാസ്കരനാണ്‌. മോയിന്‍കുട്ടി വൈദ്യരുടെയും പുലിക്കോട്ടില്‍ ഹൈദറുടെയും ശുജായിയുടെയും ചേറ്റുവ പരിക്കുട്ടി സാഹിബിന്റെയും മറ്റനവധി പേരറിയാക്കവികളുടെയും പാട്ടുകെട്ടുപാരമ്പര്യങ്ങളെ അതുവഴി ഭാസ്കരന്‍ മാഷ്‌ നമ്മുടെ മുഖ്യധാരകാവ്യസംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റി. മാപ്പിളപ്പാട്ടുകള്‍ കെട്ടുന്ന രീതിയില്‍ത്തന്നെ പലപ്പോഴും പി. ഭാസ്കരന്റെ പാട്ടുകളില്‍ നാട്ടുവര്‍ത്തമാനം പാട്ടിലാവുന്നത്‌ നം കേട്ടിട്ടുണ്ട്‌. "ആട്ടെപോട്ടെ ഇരിക്കട്ടെ ലൈലേ" "ഹാലുപിടിച്ചൊരു പുലിയച്ചന്‍", "അരപ്പിരിയിളകിയതാര്‍ക്കാണ്‌", "കണ്ടംബെച്ചൊരു കോട്ടാണ്‌", "പാലാണു തേനാണെന്‍ ഖല്‍ബിലെ പൈങ്കിളിക്ക്‌", "ഓട്ടക്കണ്ണിട്ടുനോക്കും കാക്കേ", "പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍","ഉമ്മായ്ക്കും ബാപ്പായ്ക്കും ആയിരമായിരം", "വെളിക്കുകാണുമ്പം നിനക്കു ഞാനൊരു പരുക്കന്‍ മുള്ളുള്ള മുരിക്ക്‌", "വെളുക്കുമ്പോ കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍", "അരക്കാരൂപ മാറാന്‍ കൊറുക്ക ഇബ്രാഹിം", "ഒരു കുടുക്കാ പൊന്നുതരാം" എന്നിങ്ങനെ എത്രയെത്രയോ പാട്ടുകളെ ഉദാഹരിക്കാം. ഇവിടെയൊക്കെ ഭാസ്കരന്‍ മാഷ്‌ പച്ചയായ ജീവിതം കൊണ്ടു പാട്ട്‌ കെട്ടുകയും അസംസ്കൃതമായ കവിതയുടെ നാടോടിച്ചുട്ടു പിടിച്ചെടുക്കുകയും പ്രാകൃതത്വം നിറഞ്ഞ നാട്ടുവഴികളിലൂടെ നിരന്തരം സഞ്ചരിക്കുകയും നാഗരിക പൂര്‍വ്വമായ മലയാളത്തിന്റെ മനുഷ്യാനുഭവങ്ങളെയും മനോഭാവങ്ങളെയും പുറത്തെടുക്കുകയുമാണ്‌ ചെയ്തുകൊണ്ടിരുന്നത്‌. അങ്ങനെ അദ്ദേഹം നമ്മെ വരമൊഴിമാത്രം സംസാരിക്കുന്ന കൃത്രിമമനുഷ്യരല്ലാതാക്കി മാറ്റി. ഹൃദയത്തിലെ വികാരങ്ങളെ അവയുടെ യഥാര്‍ത്ഥ ശുദ്ധിയിലും തനിമയിലും പ്രകടമാക്കുന്ന പച്ചമലയാള വാമൊഴിയില്‍ മനുഷ്യഭാവങ്ങളെ ആവിഷ്കരിച്ചതിനാല്‍ ഭാഷ്കരന്‍ മാഷുടെ പാട്ടുകളില്‍ കപടവിനിമയം ഇല്ലാതാവുകയും പരുക്കന്‍ സന്ദര്യം നിറഞ്ഞ നാട്ടുമനുഷ്യത്വം തിരിച്ചുവരുകയും ചെയ്തു. നാട്യപ്രധാനമായ നഗരമാലിന്യതകളില്‍ നിന്ന്‌ മനുഷ്യന്റെ പച്ചയിലേക്ക്‌ നീളുന്ന കവിതയുടെ ഈ നാടോടിപ്പാത മലയാളഗ്രാമീണതയുടെ അനന്തശാലീനമായ ലാവണ്യങ്ങള്‍ നിറഞ്ഞതാണ്‌. അവിടെ നാഴിയുരിപ്പാലുകൊണ്ട്‌ നാടാകെ കല്യാണമാവുന്നു. കദളിവാഴക്കയ്യിലിരുന്ന്‌ കാക്കകള്‍ വിരുന്നുവിളിക്കുന്നു. പൊന്നണിപ്പാടങ്ങളില്‍ നിന്ന്‌ പഞ്ചാര പാടിയാലും പറഞ്ഞാലും തീരാത്ത കഥകളുമായി പഞ്ചാരപ്പനന്തത്തകള്‍ പറന്നുവരുന്നു. മഞ്ഞണിപ്പൂനിലാവ്‌ പേരാറ്റിന്‍ കടവത്ത്‌ മഞ്ഞളരച്ചുവെച്ചു നീരാടുന്നു. കന്നിരാവിന്റെ കളഭക്കിണ്ണം പൊന്നാനിപ്പുഴയില്‍ വീഴുന്നു. താന്നിയൂരമ്പലത്തിലെ കഴകക്കാരനെപ്പോലെ താമരമാലയുമായി ചിങ്ങമാസമെത്തുന്നു. കൊന്നപ്പെണ്ണിനു വസന്തമാസം കൊടക്കടുക്കന്‍ പണിയുന്നു. കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നു കവിത പാട്ടിന്റെ പാലാഴി തീര്‍ക്കുന്നു. പാട്ടിന്റെ പൂമാരി വീണു വീണ്‌ കാട്ടിലെ മുളങ്കാട്‌ പീലിനീര്‍ത്തുന്നു. വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന്‌ കല്ലടിക്കോട്ട്‌ന്ന്‌ കല്യാണമാവുന്നു. കടത്തനാടന്‍ കന്യക അഞ്ജനക്കണ്ണെഴുതി, ആലിലത്താലി ചാര്‍ത്തി അറപ്പുരവാതിലില്‍ കാമുകനെ കാത്തിരിക്കുന്നു.

ഇങ്ങനെയിങ്ങനെ പ്രകൃതിബദ്ധമായ പ്രണയം അതിന്റെ സമസ്ത ഋതുഭംഗികളോടും കൂടി പൂത്തുലഞ്ഞു വിലസുന്ന വസന്തോത്സവമായി പി. ഭാസ്കരന്റെ ഗാനലോകം മലയാളമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. മൂന്നുതലമുറകളുടെ പ്രണയത്തിലും വിരഹത്തിലും കിനാവിലും കണ്ണീരിലും ഏകാന്തതയിലും വിഷാദത്തിലും ഈ പാട്ടുകള്‍ ഹൃദയശ്രുതിചേര്‍ത്തു നിലനിന്നത്‌ നമ്മുടെ സംസ്കാരചരിത്രത്തിന്റെ ഭാഗമാണ്‌.

ഭൂമിയില്‍ പ്രണയം ജീവിച്ചിരിക്കുന്ന കാലത്തോളം ജീവിക്കുന്ന അനുരാഗപ്രപഞ്ചങ്ങളാണ്‌ പി. ഭാസ്കരന്‍ തന്റെ അനശ്വരങ്ങളായ പ്രേമഗാനങ്ങളില്‍ മുത്തുച്ചിപ്പിക്കുള്ളിലെ സാഗരഗീതം പോലെ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്‌. "പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍", "താമസമെന്തേ വരുവാന്‍?", "അന്നുനിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല", "പൂര്‍ണ്ണേന്ദുമുഖിയോറ്റമ്പലത്തില്‍ വെച്ചു", "പകല്‍ക്കിനാവിന്‍ സുന്ദരമാകും പാലാഴിക്കരയില്‍",'എഞ്ചിന്‍ നീ മറക്കും കുയിലേ','കന്നിനിലാവത്തു കസ്തൂരിപൂശുന്ന','കുങ്കുമപ്പൂവുകള്‍ പൂത്തു','ഒരു കൊച്ചു സ്വപ്നത്തിന്‍','എന്‍ പ്രാണനായകെന്‍ എന്തുവിളിക്കും','ഇന്നലെ മയങ്ങുമ്പോള്‍','മധുരപ്രതീക്ഷതന്‍ പൂങ്കാവില്‍ വെച്ചൊരു','സ്വര്‍ഗ ഗായികേ ഇതിലേ ഇതിലേ','നീ മധു പകരൂ', 'ഇന്നലെ നീയൊരു സുന്ദരഗാനമായെ‌ന്‍‌','ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍', 'ആറ്റിനക്കരെയക്കരെയാരാണോ?','ഈ വഴിയും ഈ മരത്തണലും','വൃശ്ചികപ്പൂനിലാവേ' തുടങ്ങി എത്രയെത്രയോ ഗാനങ്ങളില്‍ അനുരാഗത്തിന്റെ ഇളനീര്‍ക്കടലില്‍ മലയാളമനസ്സുകള്‍ നീരാടിത്തുടിച്ചു! കല്‍പ്പാന്തപ്രളയത്തിനുശേഷവും ബാക്കിയാവുന്ന പ്രണയമാണ്‌ ഈ വരികളുടെയെല്ലാം ജീവന്‍.

കേരളീയ സമൂഹത്തിലെ നാനാജാതിമതവിഭാഗങ്ങളില്‍പ്പെട്ട മനുഷ്യരുടെ സുന്ദരങ്ങളായ പ്രണയസങ്കല്‍പ്പങ്ങള്‍ പി. ഭാസ്കരന്റെ പാട്ടുകളില്‍ ഒരു ചരിത്രകാലഘട്ടത്തിലെ തനിമകളുടെ വാങ്മയം പോലെ കാത്തുസൂക്ഷിക്കപ്പെട്ടിരിക്കുന്നു. എള്ളെണ്ണമണം വീശുന്ന തന്റെ മുടിക്കെട്ടില്‍ മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരന്റെക്കാത്ത്‌ ഒരു കൊച്ചുപന്തലും പുളിയിലക്കര മുണ്ടും കിനാവുകണ്ടിരിക്കുന്നത്‌ ഏതോ നാലുകെട്ടിലെ വള്ളുവനാടന്‍ നായര്‍ പെണ്‍കിടാവാണ്‌.

"എന്തിന്നു നോക്കണ്‌ എന്തിന്നു നോക്കണ്‌
ചന്ദിരാ നീ ഞങ്ങളെ
ഞാനില്ല മേല്‍പ്പോട്ട്‌ ഞാനില്‍ മേല്‍പ്പോട്ട്
കല്യാണച്ചെക്കനുണ്ട്‌, താഴെ
കല്യാണച്ചെക്കനുണ്ട്‌"
എന്ന്‌ പഞ്ചമിച്ചന്ദ്രനോട്‌ പ്രണയപരിഭവം ഭാവിക്കുന്നത്‌ പുലയമാടത്തിലെ അടിയാത്തിപ്പെണ്ണാണ്‌. കരക്കാരറിയാതെ, കണ്ണിണയൈടറാതെ കരളും കരളും ചേര്‍ന്നു നിക്കാഹു ചെയ്ത്‌, തന്റെ വളയിട്ട കൈപിടിച്ച പുതുമാരനെ കാത്തിരിക്കുന്നത്‌ ഏറനാട്ടിലെ ഒരുമ്മക്കുട്ടിയാണ്‌. മുടി മേലെക്കെട്ടിവെച്ച്‌, തുളുനാടന്‍ പട്ടുടുത്ത്‌, മുക്കുറ്റിച്ചാന്തും തൊട്ട്‌, കന്നിവയല്വരമ്പത്തെ കാലൊച്ചകേള്‍ക്കുന്നതും കാത്ത്‌ കാതോര്‍ത്തിരിക്കുന്നത്‌ ഏതോ പുരാതനരാജകന്യകയാണ്‌. വെള്ളത്തുണിയിട്ട്‌ മാനത്തെ പെണ്ണുങ്ങള്‍ പള്ളിയില്‍ പോകുന്ന നേരത്ത്‌ ഓടക്കാട്ടിലൊളിച്ചിരുന്ന്‌ ഓശാന പാടുന്ന കാറ്റിനൊപ്പം മലമൂട്ടില്‍നിന്നു വന്ന മാപ്പിള 'മണിമലപ്പള്ളിയില്‍ പോരാമോ?' എന്നു പ്രണയപ്പുന്നാരം ചോദിക്കുന്നത്‌ മാലാഖപോലുള്ള ഒരു കൃസ്ത്യാനിപ്പെണ്ണിനോടാണ്‌.

സ്ഥലത്തിനും കാലത്തിനും അപ്പുറത്ത്‌, ജാതി, മത,വര്‍ണ,വര്‍ഗ പരിഗണനകള്‍ക്കതീതമായി മലയാളമണ്ണിലെ ഒരു കാമുകനും കാമുകിയും ഈ പാട്ടുകള്‍ക്കുള്ളിലിരുന്ന്‌ അനന്തമായ അനുരാഗത്തിന്റെ കരിക്കിന്‍ വെള്ളം നുണയുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഭാസ്കരന്‍ മാഷുടെ ഗാനങ്ങള്‍ കാലനിരപേക്ഷമായ മനുഷ്യപ്രകൃതിയുടെ പ്രണയയാത്രകളെയത്രയും അടയാളപ്പെടുത്തിയിരിക്കുന്നു എന്നു പറയാം. അഗാധമായ ഈ മാനവിക പ്രണയാനുഭവത്തെത്തന്നെയാണ്‌ ഭാസ്കരന്‍ മാഷ്‌ തന്റെ കാലഘട്ടത്തിലെ സമരമുന്നേറ്റങ്ങളുടെ പ്രചോദനശക്തിയായും മാറ്റുന്നത്‌. ഒരോതുള്ളിച്ചോരയില്‍നിന്നും ഒരായിരം പേരുയിര്‍ത്തെഴുന്നേറ്റുവന്ന്‌ നാടിന്റെ വിമോചനസമരാങ്കണങ്ങളില്‍ പടരുന്ന ഒരു നാട്ടുപടയാണിയാണത്‌. "ഇതു കൈച്ചങ്ങളയല്ലാ, പുത്തന്‍ ഭാരത സൃഷ്ടിച്ചങ്ങള മര്‍ദിതകോടികള്‍ മണ്ണിതിനേകിയ മര്‍ത്ത്യച്ചങ്ങല" എന്ന്‌ ഈ അജയ്യ സംഘമഹാശക്തി ഒരൊറ്റ മനുഷ്യനെപ്പോലെ നിവര്‍ന്നെഴുന്നേറ്റു നില്‍ക്കുന്നതാണ്‌ ജീവിതസമരത്തിന്റെ നാടോടിനിലങ്ങളില്‍ പി. ഭാസ്കരന്‍ കണ്ടത്‌.
"എല്ലാ നിറവും ഞങ്ങടെ വര്‍ണം,
എല്ലാ മണ്ണും ഞങ്ങടെ മണ്ണ്‌
എല്ലാ ജാതിമതസ്ഥന്മാരും
സമരസഖാക്കള്‍ ഞങ്ങള്‍ക്ക്‌"
എന്നുള്ള ഒരു പുതുവിശ്വമാനവികതയുടെ വിശ്വാസം ആ പഴയ പടണിക്കുണ്ടായിരുന്നു. കേരളീയ നവോഥാനത്തിന്റെ ചരിത്രമുന്നേറ്റമായിരുന്നു അത്‌.
ഈ സമര ചരിത്രത്തിലേക്ക്‌ ഇങ്ങനെ മൂന്നടി പിന്നോട്ടിറങ്ങിനിന്നു കൊണ്ട്‌ കവി മനുഷ്യവംശത്തിന്റെ ആത്യന്തിക വിമോചന സമരബോധത്തെയാണ്‌ സ്പര്‍ശിക്കുന്നത്‌. അതൊരു പ്രാചീനമായ വര്‍ഗ്വികാരത്തിന്റെ ജൈവമണ്ഡലമാണ്‌. നാടോടിയായ ആദിമമനുഷ്യന്റെ അടിസ്ഥാന സ്നേഹാനുഭങ്ങളെല്ലാം
അവിടെയാണ്‌. ആ തനിമയില്‍നിന്നു ശക്തി സംഭരിക്കുമ്പോള്‍ മാത്രമേ "മജ്ജയല്ലിതു;മാംസമല്ലിതു ദുര്‍ജ്ജയനൂതനജനശക്തി" എന്ന്‌ പ്രഖ്യാപിച്ചെഴുന്നേറ്റുനില്‍ക്കുന്ന ഒരൊറ്റ മനുഷ്യവര്‍ഗത്തെ കാണാന്‍ സാധിക്കുകയുള്ളൂ. അവിടെ മാത്രമേ തന്റെ വീണക്കമ്പികളെല്ലാം വിലയ്ക്കെടുത്ത്‌ തന്റെ കയ്യില്‍ പൂട്ടാനുള്ള വിലങ്ങു തീര്‍ക്കുന്ന അധികാരവര്‍ഗ്ഗത്തോട്‌ "എന്‍ കിനാവിന്‍ മണ്‍കുടിലിലിരിക്കുന്നു ഞാന്‍, പൊന്‍പുലരി വരുന്നതും നോക്കി നോക്കി" എന്നു പ്രഖ്യാപിക്കുന്ന ശുഭാപ്തിവിശ്വാസത്തിന്റെ കവി ജനിക്കുകയുള്ളൂ. ആ ഗാനശേഖരത്തിന്റെ പൂക്കണി കണ്ടുണരുന്നതുകൊണ്ടാണ്‌ ഇന്നും മലയാളഭാഷ പി. ഭാസ്കരന്റെ നാലഞ്ചുതുമ്പകളുടെ നാട്ടുവെളിച്ചങ്ങളെ ആത്മാവിലണിഞ്ഞു പുലരുന്നത്‌.

P Bhaskaran
ആലങ്കോട്‌ ലീലാകൃഷ്ണന്‍
Subscribe Tharjani |