തര്‍ജ്ജനി

വായന

വക്കാരി ചെയ്യുന്നത്‌...

ഈയിടെ എന്തിനാണ്‌ ബ്ലോഗുന്നത്‌ എന്ന് ഒരു ബ്ലോഗര്‍ സുഹൃത്തിനോട്‌ ചോദിച്ചു. ഒത്തുകിട്ടിയ സാഹചര്യത്തില്‍ ഹൃദയത്തിനോട്‌ ചേര്‍ന്നു നില്‍ക്കുന്ന ഒരു കാര്യം ഞാന്‍ ചെയ്യുന്നത്‌ ബ്ലോഗുക എന്നതു മാത്രമാണ്‌, എന്നതായിരുന്നു സുഹൃത്തിന്റെ മറുപടി. ബ്ലോഗുകള്‍ ആത്മാവിഷ്കാരത്തിനുതകുന്ന ഉപാധിയായാണ്‌ ഇവിടെ കാണുന്നത്‌. അത്യാവശ്യം നുണപറയുന്നതില്‍ കുഴപ്പമില്ല എന്നുവിശ്വസിക്കുന്നുണ്ടെങ്കിലും ഇദ്ദേഹം, കഴിയുന്നതും സത്യസന്ധമായേ ബ്ലോഗ്‌ എഴുതാറുള്ളൂ എന്ന് പറയുന്നു. അഞ്ജാതനായി ബ്ലോഗാനുള്ള സുഖമാണ്‌ ഇദ്ദേഹം ആസ്വദിക്കുന്നത്‌. അഞ്ജാതനാകുമ്പോള്‍ തോന്നിയതെഴുതാം എന്നദ്ദേഹം പറയുന്നു.

ഒരു കൊച്ചുകടലാസിന്റെ ഉപയോഗത്തില്‍നിന്നും ബ്ലോഗുകളെ വ്യത്യസ്തമാക്കുന്നത്‌, ബ്ലോഗുകള്‍ സ്വയം പ്രസിദ്ധീകരണയോഗ്യമാണെന്നതാണ്‌. എഴുതുന്നു, അപ്പോള്‍ തന്നെ പ്രസിദ്ധീകരിക്കുന്നു. ഭാഗ്യമുണ്ടെങ്കില്‍ കമന്റുകളുടെ കൂമ്പാരം തന്നെ കിട്ടുന്നു.

ഇത്തരത്തില്‍ കമന്റുകള്‍ കൊണ്ടുമൂടിയ ചില പോസ്റ്റുകള്‍ കഴിഞ്ഞ മാസം അല്‍പ്പം അധികം ബൂലോകത്ത്‌ ഉണ്ടായിരുന്നു. അതില്‍ പ്രധാനമായതൊന്ന്‌ എല്‍.ജിയുടെ "പിറന്നാള്‍ സമ്മാനം" എന്ന കൊച്ചു പോസ്റ്റാണ്‌. നമ്മുടെ സമൂഹത്തിലെ ഒരു മാലിന്യത്തെ വളരെ ഭംഗിയോടേ എല്‍. ജി ഒരു കഥാരൂപത്തില്‍ എഴുതിയിരിക്കുന്നു. ബൂലോകര്‍ അതര്‍ഹിക്കുന്ന വിധത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ചര്‍ച്ചകള്‍ക്കിടയില്‍ ചില അനുഭവസ്ഥരുമുണ്ടായിരുന്നു എന്നതാണ്‌ വാസ്തവം.

അതുപോലെ എടുത്തുപറയേണ്ട ഒരു പോസ്റ്റാണ്‌ വക്കാരിയുടെ "കൂകൂ കൂകൂ തീവണ്ടി". സകലബ്ലോഗുകളിലും കമന്റിടാറുള്ള വക്കാരി ഒരു അത്യാധുനിക കണ്ടുപിടുത്തത്തെ വളരെ ലളിതമായ ഭാഷയില്‍ വിവരിച്ചിരിക്കുന്നു. അഞ്ജാതനായി ബ്ലോഗുന്ന വക്കാരി എന്ന വക്കാരിമഷ്ട സ്വയം പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും, അദ്ദേഹത്തിന്റെ കമന്റുകളിലൂടെയും പോസ്റ്റുകളിലൂടെയും ഒരു ആത്മപ്രകാശനം തന്നെ നടത്തുന്നുണ്ട്‌. വിഡ്ഡികളെന്നു സ്വയം വിശേഷിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ വിഡ്ഡികളല്ല എന്ന്‌ , ഉമേഷ്‌ ഒരിടത്ത്‌ പറയുകയുമുണ്ടായി. വാസ്തവം ഇവരുടെയൊക്കെ കമന്റുകളും പോസ്റ്റുകളും വായിച്ചാല്‍ അറിവാകും.

വക്കാരിയുടെ തന്നെ രണ്ട്‌ പോസ്റ്റുകള്‍ "എങ്കില്‍പ്പിന്നെ" എന്നതും ബൂലോകക്ലബിലെ ദീപികയെക്കുറിച്ചുള്ള ഒരു പോസ്റ്റും ബൂലോകത്ത്‌ ഇത്തരത്തില്‍പ്പെടുന്ന അപൂര്‍വപോസ്റ്റുകളാണ്‌. ജേണലിസം മലയാളം ബ്ലോഗുകളില്‍ കണ്ടിട്ടില്ല ഇതുവരെ. എങ്കിലും നമ്മുടെ പൊതുസമ്മതി അവകാശപ്പെടുന്ന പത്രകേമന്മാര്‍ക്കെതിരെ ഒരു വിരല്‍ചൂണ്ടി ഈ പോസ്റ്റുകള്‍ നില്‍ക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റേയും സ്വയം പ്രസിദ്ധീകരണസൌകര്യത്തിന്റേയും ഉത്തമോദാഹരണങ്ങളാണ്‌ ഈ പോസ്റ്റുകള്‍.

അതുപോലെതന്നെ ചന്ദ്രശേഖരന്‍ നായര്‍ എന്ന കര്‍ഷകന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നതിനായി ബ്ലോഗുകള്‍ ഉപയോഗിക്കുന്നു. പലപ്പോഴും അദ്ദേഹത്തിന്‌ ആവശ്യമായ സഹായസഹകരണങ്ങള്‍ മറ്റു ബ്ലോഗന്മാരും ബ്ലോഗിണികളും ചെയ്തുകൊടുക്കാറുണ്ട്‌. ദേവന്‍ മൈക്രോസോഫ്ട്‌ എക്സലില്‍ വര്‍ക്ക്‌ ചെയ്യുന്നതിന്‌ സഹായാഭ്യാര്‍ഥനയുമായി ഒരു പോസ്റ്റ്‌ ചെയ്ത്‌ അല്‍പ്പസമയത്തിനകം അദ്ദേഹത്തിന്‌ സഹായവാഗ്ദാനവുമായി മറ്റു ബ്ലോഗന്മാരും ബ്ലോഗിണികളും എത്തി. രേഷ്മ അവധിക്കുപോകുന്നതിന്‌ മുന്‍പായി വായിക്കേണ്ട പുസ്തകങ്ങള്‍ ഏതൊക്കെയാണേന്ന്‌ അന്വേഷിച്ച്‌ ഒരു പോസ്റ്റ്‌ ചെയ്തപ്പോഴേക്കും ഒരു പാട്‌ നിര്‍ദ്ദേശങ്ങളുമായി കമന്റുകള്‍ വന്നു നിറഞ്ഞു!.

മുകളില്‍ പറഞ്ഞെതെല്ലാം ബ്ലോഗുകളുടെ പലവിധത്തിലുള്ള ഉപയോഗങ്ങള്‍ മാത്രം. എഴുതാനുപയോഗിക്കുന്ന വെള്ളക്കടലാസില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്‌ ബ്ലോഗുകളുടെ പ്രസിദ്ധീകരണസൌകര്യം തന്നെയാണ്‌. മലയാളബൂലോകത്തെക്കുറിച്ച്‌ അടുത്തകാലത്തായി ധാരാളം ലേഖനങ്ങള്‍ പൊതുമാധ്യമങ്ങളില്‍ വരുന്നുണ്ട്‌. അവ വായിച്ചും ബൂലോകകമന്റുകള്‍ വായിച്ചും ഒരുപാട്‌ പുതുബ്ലോഗന്മാരും ബ്ലോഗിണികളും ഉണ്ടാകുന്നുണ്ട്‌. തീര്‍ച്ചയായും മലയാള ബൂലോകം കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നു.

മലയാള ബ്ലോഗുകളിലൂടെ വളര്‍ന്നു വരുന്ന കൂട്ടായ്മ അതിന്റെ അടുത്ത പടിയിലേക്ക് പോകുന്നതിന്റെ കാഴ്ചയാണ് ഇപ്പോള്‍ തമ്പുരാന്‍ ശ്രദ്ധിച്ച ഒരു കാര്യം. ഈയിടെ നടന്ന ബാംഗ്ലൂര്‍ ബ്ലോഗേഴ്സ് മീറ്റും ഇനി നടക്കാം പോകുന്ന കേരള ബ്ലോഗേഴ്സ് മീറ്റും യു. എ. ഇ ബൂലോക സമ്മേളനവും ഈ ദിശയിലെ നല്ല കാല്‍‌വൈപ്പുകളാണ്. പുതിയ സൌഹൃദങ്ങളും ഈ മീറ്റുകളും മലയാള ബ്ലോഗുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. എല്ലാ ബ്ലോഗ് മീറ്റുകള്‍ക്കും ഞങ്ങളുടെ ആശംസകള്‍!! ഒപ്പം തന്നെ ഭാഷാഇന്ത്യ ഇന്ഡിക് ബ്ലോഗേഴ്സ് അവാര്‍ഡ് നേടിയ സജീവിനും ഞങ്ങളുടെ അഭിനന്ദനങ്ങള്‍!!

ബൂലോകം വളരുന്നതനുസരിച്ച്‌ ഒരു ഗ്രേഡിംഗ്‌ സമ്പ്രദായം തയ്യാറാക്കേണ്ട ആവശ്യമുണ്ട്‌. വായനക്കാര്‍ക്ക് റേറ്റ് ചെയ്യാവുന്ന തരത്തിലെ ഒരു ബ്ലോഗ് അഗ്രഗേറ്റര്‍ വായനക്കാരെ വളരെയധികം സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിലെ ഗ്രേഡിംഗ്‌ നിര്‍ണ്ണയിക്കേണ്ടത്‌ വായനക്കാരായിരിക്കണം. കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ക്കനുസരിച്ച്‌ പോസ്റ്റുകള്‍ തരം തിരിക്കണം. ഇത്തരം ഒരു സംവിധാനം താമസംവിനാ ചിന്ത.കോമില്‍ത്തന്നെ നിലവില്‍ വരും എന്ന പ്രതീക്ഷയോടെ...

മൂന്നാം തമ്പുരാന്‍
mthampuran അറ്റ് chintha.com
Subscribe Tharjani |
Submitted by S.Chandrasekhar... on Sun, 2006-07-02 05:55.

ബൂലോകം വളരുന്നതനുസരിച്ച്‌ ഒരു ഗ്രേഡിംഗ്‌ സമ്പ്രദായം തയ്യാറാക്കേണ്ട ആവശ്യമുണ്ട്‌. വായനക്കാര്‍ക്ക് റേറ്റ് ചെയ്യാവുന്ന തരത്തിലെ ഒരു ബ്ലോഗ് അഗ്രഗേറ്റര്‍ വായനക്കാരെ വളരെയധികം സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിലെ ഗ്രേഡിംഗ്‌ നിര്‍ണ്ണയിക്കേണ്ടത്‌ വായനക്കാരായിരിക്കണം. കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ക്കനുസരിച്ച്‌ പോസ്റ്റുകള്‍ തരം തിരിക്കണം

A very good suggestion
---
I am an ex-service man and a farmer aged 56 yrs with qualification SSLC. To see more details please visit: http://chandrasekharan.nair.googlepages.com/otherlinks
Thank you