തര്‍ജ്ജനി

സാമൂഹികം

അറബിപ്പെണ്ണിന്റെ അധികാരം

ഖാലിദ്‌ മുഹമ്മദ്‌ ഇബ്രാഹിം കരയുമെന്ന മട്ടായി! കരച്ചില്‍ കടിച്ചു പിടിച്ചുകൊണ്ട്‌ കയര്‍ക്കുകയാണയാള്‍. ആരോടെന്നില്ലാതെ ഒഴുകിവരുന്ന ധാര്‍മികരോഷം കേള്‍വിക്കാരുടെ എണ്ണം കൂട്ടികൊണ്ടിരുന്നു. വര്‍ഷങ്ങളായി ആ ടെലഫോണ്‍ ബൂത്തില്‍ വന്നുപോകുന്നവരെല്ലാം ആ ചെറുപ്പക്കാരന്റെ പരിചയക്കാരാണ്‌. ഇത്രയേറെ വികാരതീവ്രതയോടേ ഖാലിദിന്റെ മുഖം ആരും കണ്ടിട്ടില്ലത്രെ.

ചുരുങ്ങിയ കാലം കൊണ്ട്‌ അതിവേഗം അടുത്തുകിട്ടിയ അറേബ്യന്‍ കൂട്ടുകാരനാണ്‌ ഖാലിദ്‌. അറേബ്യയുടെ അതിര്‍ത്തിഗ്രാമമായ നജ്രാനില്‍ നിന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ജിദ്ദയിലെത്തിയ ഗോത്രവര്‍ഗ്ഗക്കാരനാണ്‌ അവന്റെ പിതാവ്‌. ഒരു കച്ചവടയാത്രക്കിടയില്‍ കണ്ടുകിട്ടിയ ഫാത്തിമാ നഹീദയെ ഭാര്യയാക്കി ജീവിതം തുടങ്ങി. ഇന്ന്‌ ആ പിതാവിന്‌ അറുപത്‌ കഴിഞ്ഞു. മൂത്തമകന്‍ ഖാലിദ്‌ മുപ്പത്തിയഞ്ച്‌ വയസ്സ്‌. സഹോദരങ്ങള്‍ പതിനൊന്ന്‌. പിതാവിന്റെ ആരോഗ്യവും വ്യാപാരവും മോശമല്ലാതെ തുടരുന്നു.

ഖാലിദ്‌ കഴിഞ്ഞ ഇരുപത്‌ കൊല്ലമായി ഈ ബൂത്തില്‍ ജോലി ചെയ്യുന്നു. രാവിലെ എട്ടുമണി മുതല്‍ രാത്രി ഒരു മണിവരെ. അതിനിടയില്‍ നാല്‌ പ്രാര്‍ഥനവേള (നിസ്കാരം)കള്‍ മാത്രമാണ്‌ വിശ്രമം. ഇരുന്ന ഇരിപ്പില്‍ വിശപ്പടക്കാന്‍ സാന്റ്‌വിച്ചും പെപ്സിയും ഇടക്കിടെ വാങ്ങി കഴിക്കുന്നു. അത്രയേറെ ദാരിദ്ര്യമില്ലാത്ത കുടുംബമായിട്ടും ഖാലിദ്‌ എന്തിന്‌ പാടുപെടുന്നു? അതാണ്‌ അറബിപ്പുരുഷന്‍ നേരിടുന്ന മറ്റൊരു ദാരിദ്ര്യത്തിന്റെ ചിത്രം. സ്ത്രീധനം കേരളീയ സമൂഹത്തില്‍ വിതയ്‌ക്കുന്ന നാശം കണ്ടുവന്ന ഞാന്‍ "മഹര്‍" എന്ന പേരില്‍ അറേബ്യന്‍ സമൂഹത്തെ വേട്ടയാടുന്ന "പുരുഷധനം" കണ്ട്‌ അന്ധാളിച്ച്‌ പോകുന്നു.

ഖാലിദ്‌ കഷ്ടപ്പെടുന്നത്‌ കുടുംബം പുലര്‍ത്താനല്ല. കല്യാണം കഴിക്കാനാണ്‌! അവന്റെ കല്യാണച്ചിലവുകള്‍ അവന്‍ തന്നെ അധ്വാനിച്ചുണ്ടാക്കണം. പിതാവിനോ കുടുംബത്തിനോ അക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവുമില്ല. അഥവാ പിതാവിനോട്‌ പോലും വിവാഹച്ചിലവിന്‌ കുറച്ചുപണം കടമായിട്ടെങ്കിലും വാങ്ങിയതായി പെണ്‍വീട്ടുകാര്‍ അറിഞ്ഞാല്‍ കല്യാണം മുടങ്ങുകയും ചെയ്യും! കല്യാണച്ചെലവുകള്‍ അറിയുമ്പോഴാണ്‌ ഖാലിദിന്റെ ധര്‍മ്മസങ്കടം മനസ്സിലാവുക. ഇന്നത്തെ നിലയില്‍ ഏറ്റവും ചുരുങ്ങിയത്‌ നാല്‍പ്പതിനായിരം സൌദി റിയാല്‍ അതായത്‌ ഏകദേശം അഞ്ചുലക്ഷം രൂപ "മഹര്‍" ആയി പെണ്ണിന്റെ വീട്ടില്‍ കൊടുക്കണം. പിന്നെ സ്വന്തമായി ഒരു ഫ്ലാറ്റ്‌ (വാടകക്കെങ്കിലും) തരപ്പെടുത്തണം. പരമാവധി മെച്ചപ്പെട്ട വീട്ടുസാമഗ്രികള്‍ ഒരുക്കണം. കാറിന്റെ കാര്യത്തില്‍ മാത്രം ചെറിയ വരുമാനക്കാര്‍ക്ക്‌ കല്യണാലോചനയില്‍ ഇളവു കിട്ടും. എന്നാലും അരലക്ഷം റിയാല്‍ ഒത്തില്ലെങ്കില്‍ ഖാലിദിന്‌ കല്യാണമില്ല; ജീവിതമില്ല. "എത്ര ഒത്തു" എന്ന്‌ കളിയായി ചോദിച്ചപ്പോഴാണ്‌ അവന്റെ മനസ്സ്‌ പൊട്ടിയത്‌. ലക്ഷ്യത്തിന്റെ പകുതി പിന്നിട്ട്‌ കണക്കു ബുക്കില്‍ കണ്ണുംനട്ട്‌ ഖാലിദ്‌ ചോദിക്കുന്നു "ജീവിതത്തിലേക്ക്‌ ഇനിയുമെത്ര കാലം?“

സ്ത്രീധനത്തിന്റെ മറുപുറമാണ്‌ അറേബ്യന്‍ മഹര്‍ എന്ന്‌ ധരിക്കേണ്ടതില്ല.പുരുഷന്റെ മേല്‍ അറബിപ്പെണ്ണിനുള്ള അമിതാധികാരമാണ്‌ ഈ വ്യവസ്ഥയെന്നും കരുതേണ്ടതില്ല. മറിച്ച്‌ പുരുഷാധിപത്യസമൂഹത്തില്‍ നിലനില്‍ക്കുന്ന ചൂഷണത്തിന്റെ മറുവശമാണ്‌ ഈ മഹര്‍ സമ്പ്രദായം. കാരണം പെണ്‍കുട്ടിയുടെ മഹര്‍ നിശ്ചയിക്കുന്നത്‌ പിതാവാണ്‌. നമ്മുടെ നാട്ടില്‍ ആണ്‍കുട്ടിയ്ക്ക്‌ വില ചോദിക്കുന്ന രക്ഷിതാക്കളെപ്പോലെ ഇവിടെ പെണ്‍കുട്ടിയെ വില്‍പ്പനക്കുവെയ്‌ക്കുന്നതും പിതാക്കള്‍ തന്നെ. മക്കളെ കമ്പോളച്ചരക്കാക്കി പുരുഷന്‍ നടത്തുന്ന വ്യാപാരം തന്നെയാണ്‌ നാട്ടിലും മറുനാട്ടിലും വിവാഹമെന്ന കര്‍മ്മത്തെ ആഭാസമാക്കിത്തീര്‍ക്കുന്നത്‌.

പെണ്‍കുട്ടിയുടെ മഹര്‍ പിതാവിന്റെ ജന്മാവകാശമാണ്‌. മിക്കപ്പോഴും ഈ പണം ജീവിതച്ചിലവുകള്‍ക്കല്ല വിനിയോഗിക്കുന്നത്‌! ഇങ്ങനെ ഒരോ മക്കളുടേയും "പുരുഷ ധനം" കൊണ്ട്‌ രണ്ടും മൂന്നും വിവാഹം ചെയ്ത പിതാക്കന്മാരെ ഖാലിദ്‌ എനിക്ക്‌ പരിചയപ്പെടുത്തി തന്നു. രസവും കൌതുകവും നല്‍കുന്ന കാഴ്ച്ചയാണത്‌. മകള്‍ വധുവായി പോയതിന്റെ പിറ്റേന്ന്‌ പിതാവ്‌ മറ്റൊരു ഫ്ലാറ്റിലേക്ക്‌ മകളുടെ പ്രായമുള്ള പുതുമണവാട്ടിയെ ആനയിക്കുന്നു. "രണ്ടാം കെട്ടു"കാരനോട്‌ അല്‍പ്പം കൂട്ടിയനിരക്കില്‍ വിലപേശുകയും പതിവാണത്രെ!

ഖാലിദിന്റെ കഥയില്‍ നിന്ന്‌ വിചിത്രമായ ഒരു കാര്യം കൂടി. ഉച്ചപ്രാര്‍ഥനയുടെ ഇടവേളയില്‍ എല്ലാ ദിവസവും ഉമ്മയെകാണാന്‍ അവന്‍ ഓടിപ്പോകാറുണ്ട്‌. മക്കള്‍ക്ക്‌ ഉമ്മ നല്‍കുന്ന ഉപദേശം, പിതാവിനോട്‌ പലതരം ആവശ്യങ്ങള്‍ പറഞ്ഞ്‌ പണച്ചിലവുകളൂണ്ടാക്കണമെന്നാണ്‌! പിതാവിനോട്‌ ഉമ്മയ്ക്ക്‌ ഇഷ്ടക്കേടാണോ എന്നന്വേഷിച്ചപ്പോള്‍ ഖാലിദ്‌ പൊട്ടിച്ചിരിക്കുന്നു. ഉമ്മായ്ക്ക്‌ അങ്ങേയറ്റം മുഹബ്ബത്ത്‌ ആണത്രെ! കയ്യില്‍ പണം മിച്ചം വന്നാല്‍ മൂപ്പര്‌ പുതിയൊരു പെണ്ണുകെട്ടും എന്നാണ്‌ ഉമ്മാന്റെ പേടി. അന്‍പതുവയസ്സുകഴിഞ്ഞ ഉമ്മ ഇപ്പോഴും മാസത്തില്‍ അഞ്ഞൂറ്‌ റിയാലെങ്കിലും സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്ക്‌ വേണ്ടി ചെലവഴിക്കുന്നുവെന്നും ഖാലിദ്‌ പറയുന്നു. ഭര്‍ത്താവിനെ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമല്ല കൂടിയ ചെലവില്‍ അണിഞ്ഞൊരുങ്ങുന്നത്‌ അറുപതാം വയസ്സിലും അയാളെ പാപ്പരാക്കി നിര്‍ത്താന്‍ കൂടിവേണ്ടിയാണ്‌ ഈ ദുര്‍വ്യയം! ബഹുഭാര്യാത്വം അന്തസ്സായി കരുതുന്ന നാട്ടിലും പെണ്‍മനസ്സിന്‌ അതുള്‍ക്കൊള്ളാനായിട്ടില്ല.

അറബിപ്പെണ്ണിന്റെ വേദനകള്‍ ആര്‍ജ്ജവത്തോടെ ആവിഷ്ക്കരിച്ച ഒരു കഥാപുസ്തകം ഇതേ കാലത്ത്‌ എന്റെ കൈവശം വന്നുചേര്‍ന്നു. സൌദി അറേബ്യയിലെ സ്ത്രീകള്‍ എഴുതിയ ചെറുകഥകളുടെ ഒരു സമാഹാരം. അറബിപ്പത്രങ്ങളില്‍ വന്ന കഥകള്‍ ഒരുക്കൂട്ടി വിവര്‍ത്തനം ചെയ്ത്‌ ഇംഗ്ലീഷില്‍ കനപ്പെട്ട ഗ്രന്ഥമായി പുറത്തുവന്നിരിക്കുന്നു. "വോയ്സ്‌ ഓഫ്‌ ചേയ്ഞ്ച്‌" (മാറ്റത്തിന്റെ സ്വരം) എന്നുപേരിട്ടിരിക്കുന്ന ഈ കഥാസമാഹരം ലണ്ടനില്‍നിന്നാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ജിദ്ദയില്‍ സാമൂഹ്യശാസ്ത്രാധ്യപകനായ അബൂബക്കര്‍ ബഗാദര്‍ എന്ന സൌദി എഴുത്തുകാരനാണ്‌ കഥകള്‍ കണ്ടെത്തിയത്‌. കാനഡക്കാരിയും അറേബ്യയില്‍ നരവംശശാസ്ത്രഗവേഷകയുമായ ഡേബോറ എക്കേര്‍സ്‌ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം സൌദിയിലുണ്ടായിരുന്ന ഹംഗേറിയന്‍ എഴുത്തുകാരി ഏവാ ഏറിഡോഫ്‌ അവ എഡിറ്റ്‌ ചെയ്യുകയും വിവര്‍ത്തനം കുറ്റമറ്റത്താക്കുകയും ചെയ്തു. മൂന്നു പേരുടേയും സംയുക്ത നാമധേയത്തിലാണ്‌ പുസ്തകമിറങ്ങിയിരിക്കുന്നത്‌. അറേബ്യയും യൂറോപ്പും അമേരിക്കയും ചേര്‍ന്നുള്ള ഒരു കൂട്ടുസംരംഭം!

പുസ്തകത്തില്‍ ഉറഞ്ഞുകൂടിക്കിടക്കുന്നത്‌ സൌദി അറേബ്യന്‍ കുടുംബങ്ങളില്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന സ്ത്രീയുടെ നൊമ്പരങ്ങളാണ്‌. ഈ കണ്ണീര്‍ക്കഥകള്‍ക്ക്‌ പാശ്ചാത്യ നാടുകളോടല്ല, കേരളത്തോടാണ്‌ കൂടുതല്‍ സാമ്യം. കഥയുടെ ലക്ഷണശാസ്ത്രപ്രകാരം കുറ്റമറ്റതല്ല ഈ പുസ്തകത്തിലെ കഥകള്‍. ലേഖനരൂപത്തില്‍ പൊട്ടിത്തെറിച്ച്‌ പറയുന്ന സങ്കടങ്ങളാണ്‌ മിക്ക കഥകളും. പക്ഷെ മലയാളിപ്പെണ്‍കൊടിയുടെ വര്‍ത്തമാന ദുഃഖങ്ങള്‍, മരുഭൂമിയിലേക്ക്‌ പറിച്ചുനട്ടാല്‍ ഇങ്ങനെ ഒട്ടേറെ ഗ്രന്ഥങ്ങള്‍ ലഭിക്കും. ഞാനും കൂട്ടുകാരന്‍ ഖാലിദുമൊക്കെ നിസ്സഹായരായ കഥാപാത്രങ്ങള്‍ മാത്രം!

എ.പി. അഹമ്മദ്‌
Subscribe Tharjani |