തര്‍ജ്ജനി

രമാദേവി പി.

നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍,
വാകയാട്‌, കോഴിക്കോട്‌

Visit Home Page ...

ലേഖനം

ആത്മകഥയെഴുത്തിലെ സ്ത്രീധാരകള്‍

ആത്മകഥകള്‍ അതിന്റെ ചരിത്രത്തിന്റെ ആദ്യഘട്ടത്തില്‍ വിലയിരുത്തപ്പെട്ടത്‌ മാതൃകാജീവിതപഠനസഹായികളായാണ്‌. രാഷ്ട്രീയസാംസ്ക്കാരികമണ്ഡലങ്ങളില്‍ ജനങ്ങളുടെ ആദരവിനു പാത്രമായവര്‍ അവര്‍ ജീവിച്ച വഴികള്‍ ഓര്‍ത്തെടുത്ത്‌ അവതരിപ്പിക്കുന്നത്‌ പൊതുവെ സ്വീകാര്യമായി. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ആണ്‌ മലയാളത്തില്‍ ആത്മകഥകളുണ്ടാകുന്നത്‌. എന്നാല്‍, മലയാളത്തിലെ ആത്മകഥാചരിത്രത്തിലേക്ക്‌ സ്ത്രീകള്‍ കടന്നുവരുന്നത്‌ ഇരുപതാംനൂറ്റാണ്ടോടെയാണ്‌. മാത്രമല്ല എഴുപതുകള്‍വരെ ഈ മേഖലയില്‍ നാമമാത്രമായ സ്ത്രീപ്രാതിനിദ്ധ്യമേ ഉള്ളൂ.

നമ്മുടെ സാമൂഹികമായ പ്രത്യേകതകള്‍ തന്നെയാണ്‌ ഈയൊരവസ്ഥയ്ക്ക്‌ കാരണം. സമൂഹത്തിലെ അലിഖിതനിയമങ്ങളായ മര്യാദകള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അയവില്ലാത്തതും പലപ്പോഴും കര്‍ക്കശവുമാണ്‌. സാഹസികതയുടെ പരിവേഷമുള്ളവനായി അതിരുകള്‍ ലംഘിക്കുന്ന പുരുഷനെ കാണുമ്പോള്‍ അത്തരം സ്ത്രീയെ ഒരുമ്പെട്ടവള്‍ ആയാണ്‌ വിലയിരുത്തുന്നത്‌. സമൂഹത്തിന്റെ ഇത്തരം വിവേചനങ്ങള്‍ സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യവും വ്യക്തിത്വവികസനസാദ്ധ്യതയും പരിമിതപ്പെടുത്തുന്നു. സ്ത്രീയുടെ ജീവിതത്തെയും സര്‍ഗാത്മകശേഷിയെയും ആത്മാവിഷ്ക്കാരങ്ങളെയും കൂച്ചുവിലങ്ങിട്ടു് നിയന്ത്രിക്കുന്ന സാഹചര്യങ്ങളെ മറികടന്നുകൊണ്ടുമാത്രമേ അവള്‍ക്ക്‌ രചനയുടെ ലോകത്ത്‌ പ്രവേശിക്കാനാവൂ. വ്യക്തികഥയാകുമ്പോഴും സമൂഹകഥ കൂടിയാണ്‌ ആത്മകഥ എതിനാല്‍ മറ്റു സര്‍ഗാത്മകരചനകളെക്കാള്‍ അസ്വാതന്ത്ര്യം ആത്മകഥയെഴുത്തിലുണ്ടാവും. മാത്രമല്ല സമൂഹവുമായുള്ള നേരിട്ടുള്ള ഇടപെടലില്‍ ഉണ്ടായേക്കാവുന്ന പ്രതികരണങ്ങള്‍കൂടി ആത്മകഥയില്‍ കണക്കിലെടുക്കേണ്ടിവരും. രചയിതാവ്‌ ഒരു സ്ത്രീയാവുമ്പോള്‍ ഈ അസ്വാതന്ത്ര്യത്തിന്റെ തോത്‌ ഏറുന്നു. ഇതിനാലാണ്‌ എഴുത്തുകാരി എന്ന നിലയില്‍ പ്രശസ്തയായ ലളിതാംബിക അന്തര്‍ജനം എഴുപതുവയസ്സു കഴിഞ്ഞതിനുശേഷം എഴുതിയ ആത്മകഥയ്ക്കൊരാമുഖത്തില്‍ വളരെ അധീരതയോടെയാണ്‌ ഈ പുസ്തകം വായനക്കാരുടെ മുന്നില്‍ വയ്ക്കുന്നത്‌ എന്നു് പറയുന്നത്‌.

ആത്മകഥാചരിത്രത്തിലെ സ്ത്രീരചനകളെ പ്രമേയത്തെയും പ്രതിപാദനരീതിയെയും അടിസ്ഥാനമാക്കി മൂന്നു് ധാരകളായി തിരിക്കാം. പുരുഷന്റെ തണലില്‍ രൂപപ്പെട്ടുവരുന്ന സ്ത്രീവ്യക്തിത്വപ്രകാശനം, സ്വതന്ത്രവ്യക്ത്യവബോധത്തിന്റെ പ്രകാശനം, സാമൂഹികാവബോധമുള്ള സ്വതന്ത്രവ്യക്തിത്വപ്രകാശനം. കുടുംബകേന്ദ്രിതം, വ്യക്തികേന്ദ്രിതം, സമൂഹകേന്ദ്രിതം എന്നിങ്ങനെയുള്ള ഈ മൂന്നു് ധാരകളില്‍ ഉള്‍പ്പെടുത്താവുന്ന പ്രാതിനിധ്യസ്വഭാവമുള്ള ഏതാനും സ്ത്രീരചനകളെ പരിശോധിക്കുകയാണ്‌ ഈ പ്രബന്ധത്തില്‍. ഈ മൂന്നു് വിഭാഗങ്ങളിലും ഉള്‍ക്കൊള്ളിക്കാനാകാത്ത പല കൃതികളും ഉണ്ടെങ്കിലും സാമാന്യമായി കാണുന്ന ചില സവിശേഷതകളെ അടിസ്ഥാനമാക്കിയാണ്‌ ഇങ്ങനെ തരംതിരിച്ചിരിക്കുന്നത്‌.

ആദ്യധാരയിലെ രചനകള്‍ കുടുംബകേന്ദ്രിതമായ സ്ത്രീജീവിതമാണ്‌ ആവിഷ്ക്കരിക്കുന്നത്‌. സ്ത്രീ ഇടപെടുന്ന മറ്റു മേഖലകളെ അവ അപ്രധാനമായി കണക്കാക്കുകയും ഉത്തമകുടുംബിനീസങ്കല്പത്തെ മുറുകെ പിടിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ ധാരയില്‍ സ്വതന്ത്രവ്യക്തികളായി, പുരുഷന്റെ തണലില്ലാതെ അവരുടെ ജീവിതത്തെ ആവിഷ്ക്കരിക്കുന്നു. മൂന്നാമത്തെ ധാരയില്‍ ജീവിതം ആവിഷ്ക്കരിക്കുന്ന സ്ത്രീകളുടെ മുഖ്യകര്‍മമണ്ഡലം കുടുംബത്തിനു് പുറത്തുള്ള ഇടമാകുന്നു. അവരുടെ ജീവിതാഖ്യാനത്തിന്റെ കേന്ദ്രവും ആ കര്‍മമണ്ഡലംതയൊകുന്നു.

കുടുംബകേന്ദ്രിതം

കേരളത്തില്‍ നവോത്ഥാനകാലചിന്തകളും ആധുനികതയും കുടുംബകേന്ദ്രിതമായ സ്ത്രീസങ്കല്പമാണ്‌ കാഴ്ചവെച്ചത്‌. അതിനാല്‍ത്തന്നെ പുതുചിന്തകളുടേയും സ്ത്രീവിദ്യാഭ്യാസത്തിന്റെയും ഫലമായി സാഹിത്യധാരയിലേക്ക്‌ കടന്നുവന്ന സ്ത്രീകളുടെ കാഴ്ചപ്പാടും ഇതില്‍നിന്നു് വ്യത്യസ്തമായിരുന്നില്ല. ആ കാലത്തുണ്ടായ സ്ത്രീകളുടെ ആത്മകഥകളില്‍ കാണുന്നത്‌ ഇതിനെ സാധൂകരിക്കുന്ന സ്ത്രീജീവിതമാണ്‌. മലയാളത്തില്‍ സ്ത്രീ എഴുതിയ ആദ്യത്തെ ആത്മകഥ എന്റെ ജിവചരിത്രവും ഗൃഹിണീധര്‍മ്മവും ആണ്‌. മതറവീട്ടീല്‍ ലക്ഷ്മിയമ്മ എഴുതിയ ഈ കൃതി 1907-ലാണ്‌ ലക്ഷ്മീബായി മാസികയില്‍ പ്രസിദ്ധീകരിച്ചത്‌. അതിന്‌ മുമ്പോ പിമ്പോ സാഹിത്യലോകം ഈ സ്ത്രീയെക്കുറിച്ച്‌ കേട്ടിട്ടില്ല. അക്കാലത്ത്‌ പുരുഷന്മാര്‍ സ്ത്രീകളുടെ പേരില്‍ എഴുതാറുണ്ട്‌ എന്നതും പ്രതിപാദനത്തിലെ കൈത്തഴക്കവും കണക്കിലെടുത്ത്‌ ഇതൊരു സ്ത്രീ എഴുതിയതല്ല എന്ന അഭിപ്രായമുണ്ട്‌. അതെന്തുതന്നെ ആയാലും ഉത്തമയായ വീട്ടമ്മയെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നതാണ്‌ ഈ ആവിഷ്ക്കാരം. ഇതിനുശേഷം പ്രസിദ്ധീകൃതമായ (1916) ബി.കല്യാണിയമ്മയുടെ വ്യാഴവട്ടസ്മരണകളിലും ഉത്തമഭാര്യാസങ്കല്പത്തെ സാധൂകരിക്കുന്ന ജീവിതംതന്നെയാണു് ഉള്ളത്‌.


ബി. കല്യാണിയമ്മ

ദാമ്പത്യസ്മരണകളും ഭര്‍ത്താവായ കെ. രാമകൃഷ്ണപിള്ളയുടെ ജീവചരിത്രവുമാണ്‌ ഈ കൃതിയിലുള്ളത്‌. വിദ്യാഭ്യാസരംഗത്തും സാഹിത്യരംഗത്തും പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയായിരുന്നു ബി. കല്യാണിയമ്മ. എന്നാല്‍ വ്യാഴവട്ടസ്മരണകളില്‍ അവരുടെ സ്ഥാനം ഭാര്യ എന്ന അവസ്ഥയില്‍ മാത്രമാണ്‌.

ബഹുമുഖവ്യക്തിത്വത്തിനുടമയായിരുന്നിട്ടും ഒരു സ്ത്രീ വിധേയത്വമുള്ള ഭാര്യ മാത്രമായി ഒതുങ്ങിപ്പോകുന്നതിന്റെ ചിത്രംകൂടി ഈ കൃതിയില്‍ കാണാം. മിഷനറിമാര്‍ നല്കിയ വിദ്യാഭ്യാസം അണുകുടുംബം എന്നൊരു കാഴ്ചപ്പാടുകൂടി നല്കുന്നുണ്ട്‌. ഈയൊരു സ്വാധീനം കൊണ്ടുകൂടിയാണ്‌ പാരമ്പര്യങ്ങളെ മറികടന്നു് നാടുകടത്തപ്പെട്ട ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ കല്യാണിയമ്മ തീരുമാനമെടുക്കുന്നത്‌. ഭര്‍ത്താവിന്‌ അപ്രിയമായി ഒന്നും പറയാതിരിക്കുക, പ്രവര്‍ത്തിക്കാതിരിക്കുക എന്നത്‌ ജീവിതധര്‍മ്മമായി കരുതുകയും അത്‌ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനായതില്‍ സന്തോഷിക്കുകയും ചെയ്യുന്ന ഈ പുതുസ്ത്രീപാരമ്പര്യത്തെ പിന്തുടര്‍ന്നു് ആത്മകഥ എഴുതിയവരാണ്‌ ഭാരതി ഉദയഭാനു (അടുക്കളയില്‍ നിന്നു് പാര്‍ലമെന്റിലേക്ക്‌ 1961), ലീലാദാമോദരമേനോന്‍ (ചേട്ടന്റെ നിഴലില്‍ 1984), ഭാരതിതമ്പുരാട്ടി (ഇന്ദ്രധനുസ്സിന്‍ തീരത്ത്‌ ), രാധാലക്ഷ്മി (പത്മരാജന്‍ എന്റെ ഗന്ധര്‍വന്‍ 1993) എന്നിവര്‍. ഭര്‍തൃകേന്ദ്രിതമായ അണുകുടുംബത്തിന്റെ വ്യവസ്ഥാപനംകൂടി ഈ കൃതികളില്‍ വായിച്ചെടുക്കാം.

ഇങ്ങിനെ നിഴലായതിന്റെ സുഖം അനുഭവിച്ചവരെ പുരുഷന്റെ സഹായത്തോടെ വീടിനുപുറത്ത്‌ കര്‍മ്മമണ്ഡലം കണ്ടെത്തിയവര്‍, പുരുഷന്റെ തണലില്‍ കുടുംബജീവിതം ആസ്വദിച്ചവര്‍ എന്നു് രണ്ടായി തിരിക്കാം. കോളേജുവിദ്യാഭ്യാസം കഴിഞ്ഞ്‌ നീണ്ട പതിനേഴുവര്‍ഷം വീടിനുള്ളില്‍ കഴിഞ്ഞ ഭാരതി ഉദയഭാനു പാര്‍ലമെന്റ്‌ മെമ്പറാവുന്നത്‌ ഭര്‍ത്താവിന്റെ തീരുമാനമനുസരിച്ചാണ്‌. ഈ സ്ഥാനലബ്ധിക്കുള്ള തന്റെ യോഗ്യത കോണ്‍ഗ്രസ്സ് നേതാവായ ഉദയഭാനുവിന്റെ ഭാര്യ എന്നതായിരുന്നു എന്നവര്‍ എഴുതുന്നുണ്ട്‌. ഗാര്‍ഹികപ്രശ്നങ്ങള്‍ കാരണം പൊതുപരിപാടികളില്‍ പങ്കെടുക്കാനാകാത്ത സ്ത്രീകളെക്കുറിച്ച്‌ ലീലാദാമോദരമേനോന്‍ തന്റെ കൃതിയില്‍ പറയുന്നുണ്ട്‌. ദാമോദരമേനോന്‍ എന്ന പുരുഷന്റെ തണലിലാണ്‌ തനിക്ക്‌ പുറംലോകം പ്രാപ്യമായത്‌ എന്നവര്‍ മറച്ചുവയ്ക്കുന്നില്ല.

ഭാരതിതമ്പുരാട്ടി ഭര്‍തൃഹിതം നിറവേറ്റി ജീവിക്കാന്‍ കഴിഞ്ഞതില്‍ സായൂജ്യം കണ്ടെത്തിയ ഭാര്യയായാണ്‌ തന്നെ അവതരിപ്പിക്കുന്നത്‌. വീടിന്‌ പുറത്തുള്ള ഒരു ലോകം അവരുടെ ചിന്തയില്‍ പോലുമില്ല. ഭര്‍ത്താവെന്ന മാസ്മരികലോകത്തില്‍ സ്വയം മറന്നുപോവുന്ന സംതൃപ്തയായ ഭാര്യയായാണ്‌ രാധാലക്ഷ്മി പത്മരാജന്‍ സ്വയം അവതരിപ്പിക്കുന്നത്‌.

ഈ കൃതികളുടെ പൊതുവായ പ്രത്യേകത, പ്രതിപാദനത്തില്‍ ഇവര്‍ കര്‍തൃസ്ഥാനം വഹിക്കുന്നില്ല എന്നതാണ്‌. പുരുഷകേന്ദ്രിതമായ ഒരു വൃത്തമായാണ്‌ ഇവരുടെ ജീവിതകഥയെ കാണാനാവുക. വൃത്തത്തിന്റെ പരിമിതി ഇവര്‍ക്കൊരു വിഷയമായിപ്പോലും അനുഭവപ്പെടുന്നില്ല. അതിനാല്‍ വൃത്തത്തിനു പുറത്തുള്ള സാദ്ധ്യതകള്‍ ആലോചിക്കുന്നുമില്ല. ജീവിതത്തിലും ജീവിതകഥയിലും നിഴല്‍വ്യക്തിത്വങ്ങളായാണ്‌ ഇവര്‍ ഭവിക്കുന്നത്‌. അതേസമയം ദുര്‍ബലമെങ്കിലും സ്ത്രീസാന്നിദ്ധ്യം അടയാളപ്പെടുത്താന്‍ കഴിഞ്ഞു എതാണ്‌ ഇവരുടെ സാമൂഹികപ്രസക്തി. നിഴല്‍വ്യക്തിത്വം പോലുമില്ലാത്ത സാമാന്യസ്ത്രീസമൂഹത്തില്‍ ഇവര്‍ വേറിട്ടുനില്ക്കുന്നു. സാമൂഹികാംഗീകാരമുള്ള ഉന്നതരായ പുരുഷന്മാരുടെ തണലിലാണ്‌ അറിയപ്പെട്ടത്‌ എന്നതും ഈ ആത്മകഥാകാരികളുടെ ആഖ്യാനം സ്ത്രീയ്ക്ക്‌ കല്പിച്ചിട്ടുള്ള അതിരുകള്‍ ലംഘിക്കുന്നില്ല എന്നതും ഈ രചനകള്‍ പൊതുസമൂഹത്തിന്‌ സ്വീകാര്യമാവാന്‍ ഇടയാക്കി. പുരുഷന്റെ സഹായത്തോടെയുള്ള സ്ത്രീയുടെ വ്യക്തിത്വപ്രകാശനം എന്നു് ഇവയെ വിലയിരുത്താം.

ഒരു സ്ത്രീ ആത്മകഥയെഴുതുന്നത്‌ എന്തിനുവേണ്ടിയാണ്‌ എന്നത്‌ പരിശോധിക്കപ്പെടേണ്ട കാര്യമാണ്‌. അനുഭവങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ട്‌ എന്ന തോന്നല്‍ തന്നെ വ്യക്തി എന്ന അവബോധത്തിന്റെ തിരിച്ചറിവാണ്‌. ആത്മകഥയെഴുതുന്നതോടെ ആ അവബോധത്തെയാണ്‌ സ്ത്രീ രേഖപ്പെടുത്തുന്നത്‌.

വ്യക്തികേന്ദ്രിതം

തന്നെക്കുറിച്ച്‌, തന്റെ ജീവിതത്തെക്കുറിച്ച്‌ അവബോധമുള്ള സ്ത്രീകളുടെ ആത്മകഥയാണ്‌ രണ്ടാമത്തെ ധാരയില്‍ വരുന്നത്‌. രചയിതാവിന്റെ വ്യക്തിത്വത്തിന്‌ പ്രാധാന്യം കൊടുക്കുന്ന, എന്നാ‍ല്‍ കുടുംബപരിസരം വിട്ടു‍പോകാത്ത ആത്മകഥകള്‍ കുടുംബപരിസരത്തിനു പുറത്തുള്ള വ്യക്തികേന്ദ്രിതരചനകള്‍ എന്നി‍ങ്ങനെ രണ്ടുവിഭാഗം രചനകളാണ്‌ ഈ ഘട്ടത്തിലുണ്ടായത്‌. ഇവയില്‍ സ്ത്രീ കേന്ദ്രകഥാപാത്രമാവുന്നു‍; ആഖ്യാനത്തിന്റെ കര്‍തൃത്വം അവള്‍ക്കുതന്നെയാവുന്നു. ലളിതാംബിക അന്തര്‍ജനം (ആത്മകഥയ്ക്കൊരാമുഖം 1979), റോസി തോമസ്‌ (ഇവന്‍ എന്റെ പ്രിയ സി.ജെ 1970), മാധവിക്കുട്ടി‍ (എന്റെ കഥ 1975) വിനയ (എന്റെ കഥ അഥവാ ഒരു മലയാളിയുവതിയുടെ ജീവിതയാത്ര) തുടങ്ങിയവരുടെ ആത്മകഥകള്‍ ആദ്യവിഭാഗത്തിലും സരസു (ഇതാണെന്റെ കഥയും ഗീതവും), സി.ജെസ്മി (ആമേന്‍ 2009), നളിനി ജമീല (ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ )എന്നീ‍ ആത്മകഥകള്‍ രണ്ടാംവിഭാഗത്തിലും പെടുന്നു.

വിവാദങ്ങള്‍ക്ക്‌ ഇടം നല്കാതെ സ്വന്തം ജീവിതാവസ്ഥയും നമ്പൂതിരിസമുദായത്തിലെ സ്ത്രീയവസ്ഥകളും ലളിതാംബിക അന്തര്‍ജനത്തിന്റെ ആത്മകഥയില്‍ പ്രതിപാദിക്കുന്നു‍. വി.ടി. ഭട്ടതിരിപ്പാടിനെപ്പോലുള്ള സാമൂഹികപരിഷ്ക്കര്‍ത്താക്കള്‍ സ്ത്രീയവസ്ഥകള്‍ അവരുടെ കൃതികളില്‍ പരാമര്‍ശിച്ചിട്ടു‍ണ്ടെങ്കിലും ഒരു സ്ത്രീ അവളുടെ സാമൂഹികമായ അനുഭവപരിസരം ആത്മനിഷ്ഠമായി ആവിഷ്ക്കരിച്ചത്‌ ശ്രദ്ധേയമായി. വീട്ടി‍ലെ ജോലികള്‍, ശിശുപരിപാലനം എന്നി‍വയ്ക്ക്‌ കോട്ടംതട്ടാ‍തെ രചനാപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് ‌ കൊണ്ടുപോവുകയാണ്‌ അന്തര്‍ജനം. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം രചനാപ്രവര്‍ത്തനം മുഖ്യപരിഗണനയില്‍ വരുമ്പോള്‍ സ്ത്രീയ്ക്കത്‌ ഒഴിവുവേളകളില്‍ ചെയ്യേണ്ടുന്ന ഒന്നായി മാറുന്നു‍. ഈയൊരു ഏകാഗ്രതക്കുറവ്‌ എഴുത്തുകാരികള്‍ നേരിടുന്ന വലിയൊരു പ്രശ്നമാണ്‌. അടഞ്ഞ കുടുംബവ്യവസ്ഥിതിയ്ക്കുള്ളിലിരിക്കുമ്പോഴും വ്യക്തികേന്ദ്രിതമായി ജീവിതത്തെ ആവിഷ്ക്കരിക്കാന്‍ കഴിഞ്ഞു എതാണ്‌ ഈ ധാരയിലെ എഴുത്തുകാരുടെ പ്രത്യേകത.

പരമ്പരാഗതമായ ഭാര്യാസങ്കല്പങ്ങളെ പൊളിച്ചെഴുതി സ്വന്തം വീക്ഷണകോണിലൂടെ ജീവിതത്തെ വിലയിരുത്തുകയാണ്‌ റോസിതോമസ്‌ തന്റെ ആത്മകഥയില്‍. പ്രിയപ്പെട്ട സി.ജെ.യെ വിമര്‍ശനബുദ്ധിയോടെയാണ്‌ കൃതിയില്‍ നോക്കിക്കാണുത്‌. തന്റെ ജീവിതത്തെ ആത്മനിഷ്ഠമായി അവര്‍ വിലയിരുത്തുന്നു‍. ഈയൊരു രീതി വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നു‍ണ്ട്‌. പ്രതികരണങ്ങളെ ഭയപ്പെട്ട്‌ ഒതുങ്ങിക്കൂടാതിരിക്കുമ്പോഴും അവര്‍ കുടുംബപരിസരം വിട്ടുപോകുന്നി‍ല്ല.

ദ്വന്ദ്വവ്യക്തിത്വത്തിന്റെ സാന്നി‍ദ്ധ്യമുള്ള എഴുത്തുരീതിയാണ്‌ മാധവിക്കുട്ടി‍യുടേത്‌. സാധാരണയായി ആത്മകഥ ആത്മനിഷ്ഠതയും വസ്തുനിഷ്ഠതയും സമ്മേളിക്കുന്ന ഒന്നാണ്‌. എന്നാ‍ല്‍ മാധവിക്കുട്ടി‍യുടെ എന്റെ കഥ വസ്തുനിഷ്ഠതയെ നിരാകരിക്കുന്നു‍. മറ്റാര്‍ക്കും സങ്കല്പിക്കാനാകാത്ത ഒരു മാനസികലോകം സ്ത്രീയ്ക്ക്‌ ഉണ്ടെന്നും അത്‌ സദാചാരസങ്കല്പങ്ങളെ മുഴുവന്‍ വെല്ലുവിളിക്കാന്‍ പ്രാപ്തമാവാമെന്നും എന്റെ കഥയിലൂടെ മാധവിക്കുട്ടി‍ ലോകത്തെ അറിയിച്ചു. പുറംലോകമറിയാത്ത മാനസസഞ്ചാരങ്ങളുടെ വലിയ സാദ്ധ്യതയാണ്‌ സുന്ദരമായ ഭാഷയില്‍ അവര്‍ ആവിഷ്ക്കരിച്ചത്‌. ഈയൊരു തുറന്നെഴുത്ത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കി. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ എന്റെ കഥ ആത്മകഥയല്ല എന്നുവരെ മാധവിക്കുട്ടി‍യ്ക്ക്‌ പറയേണ്ടിവന്നു. സമൂഹത്തിന്റെ താല്പര്യങ്ങള്‍ തൃപ്തിപ്പെടുത്തുക ഈ ഘട്ടത്തിലും നിര്‍ണായകമായിരുന്നു‍ എന്നുതന്നെ‍ വേണം മനസ്സിലാക്കാന്‍. എങ്കിലും ഇതിനെ മറികടക്കാന്‍ പല സ്ത്രീകളും ശ്രമിച്ചു എന്നത്‌ മുന്നേറ്റമായിതന്നെ കരുതാം.

ആത്മകഥയില്‍ സ്വതന്ത്രവീക്ഷണം ആവിഷ്ക്കരിച്ച ഇവര്‍ സമൂഹത്തില്‍ അംഗീകാരമുള്ള കുടുംബങ്ങളില്‍ ജനിച്ചവരായിരുന്നു‍ എന്നത്‌ പ്രത്യേകം കണക്കിലെടുക്കേണ്ടതാണ്‌. സാമൂഹികമാറ്റത്തിന്‌ അനുകൂലമായ മനസ്സുള്ള പിതാവിന്റെ മകളായിരുന്നു‍ ലളിതാംബിക അന്തര്‍ജനം. ഭര്‍ത്താവിന്റെ പിന്തുണയും അവര്‍ക്ക്‌ ലഭിച്ചിരുന്നു‍. പ്രഗല്‍ഭനായ പിതാവും ഭര്‍ത്താവും റോസി തോമസിനുണ്ടായിരുന്നു‍. സാഹിത്യകുടുംബപാരമ്പര്യം മാധവിക്കുട്ടി‍യുടെ എഴുത്തിന്റെ പശ്ചാത്തലമായി ഉണ്ട്‌. സ്ത്രീക്ക്‌ ലഭിക്കുന്ന അവസരങ്ങളെ കുടുംബപാരമ്പര്യവും ജാതിയും സമ്പത്തും ആണ്തുണയും നിര്‍ണയിച്ചിരുന്നു‍ എതാണ്‌ ഇതില്‍ നിന്ന്‌ മനസിലാക്കേണ്ടത്‌. ലഭിച്ച അവസരങ്ങള്‍ വിനിയോഗിച്ച്‌ സ്വന്തം ജീവിതം കരുപിടിപ്പിക്കാനും അതിനെ ആവിഷ്ക്കരിക്കാനും കഴിഞ്ഞുവെന്നതാണ്‌ ഇവരുടെ വ്യതിരിക്തത.

ബാഹ്യമായ നിര്‍ണയനശക്തികളില്ലാതെ (കുടുംബപാരമ്പര്യം, ജാതി, സമ്പത്ത്‌ , ആണ്തുണ) ഒരു സ്ത്രീയ്ക്ക്‌ ഈ ധാരയില്‍ ആത്മകഥ എഴുതാനായത്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാത്രമാണ്‌. പോലീസുകാരിയും, ലൈംഗികതൊഴിലാളിയും, വികലാംഗയും, കന്യാസ്ത്രീയും ഈ ഘട്ടത്തില്‍ ആത്മകഥ എഴുതുന്നു‍. ഒരു സാധാരണകുടുംബത്തിലെ പെണ്കുട്ടി‍യായ വിനയ തന്റെ കഥ എഴുതുത്‌ അവള്‍ സ്വയം ആര്‍ജിച്ച ആത്മബലത്തില്‍ മാത്രമാണ്‌. കുടുംബം അതിരുകള്‍ നിശ്ചയിക്കുന്നു‍വെങ്കിലും സ്വതന്ത്രവ്യക്ത്യവബോധത്തിന്റെ രൂപീകരണം ഈ ആത്മകഥയില്‍ കാണാം.

സമൂഹത്തിന്റെ മുഖ്യധാരയില്‍ സ്ത്രീയ്ക്ക്‌ ഇടം ലഭിക്കുന്നി‍ല്ല എന്നതുപോലെ പ്രധാനമാണ്‌ സ്ത്രീധാരയില്‍ എല്ലാ സ്ത്രീകള്‍ക്കും ഒരേ പരിഗണന ലഭിക്കുന്നി‍ല്ല എന്നത്‌. സമൂഹം ഒരേസമയം അവഗണിക്കുകയും ഉപയോഗിക്കുകയും ചെയ്യു ലൈംഗികത്തൊഴിലാളിയായ സ്ത്രീ സ്വാവബോധത്തോടെ തന്റെ ജീവിതാവിഷ്ക്കാരം നടത്തുന്നതാണ്‌ നളിനിജമീലയുടെ ആത്മകഥ. ലൈംഗികത്തൊഴിലാളി എത്‌ സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട ഒരു തൊഴിലല്ല. എന്നിട്ടും തന്റെ തൊഴിലിനെക്കുറിച്ചും തക്ക്രിച്ചും വാചാലമായി നളിനി ജമീല സംസാരിക്കുന്നു‍. സമൂഹത്തിന്റ മാന്യതാസങ്കല്പത്തെ ആത്മകഥയില്‍ അവര്‍ പറിച്ചുചീന്തുന്നു‍. വികലാംഗ, സ്ത്രീ എന്നീ‍ അവസ്ഥകള്‍ പരാധീനതയായി കാണാതെ എഴുതിത്തള്ളുന്ന സമൂഹത്തോടു് പൊരുതി തന്റെ ഇടം കണ്ടെത്തുന്ന ജീവിതത്തിന്റെ ആവിഷ്ക്കാരമാണ്‌ സരസുവിന്റെ ആത്മകഥ. ശാരീരികമായ അവശതകള്‍ ത‍ന്നെ പിന്നാ‍മ്പുറങ്ങളിലേക്ക്‌ തള്ളിമാറ്റുമ്പോഴും തളര്‍ന്നു‍വീഴാതെ കരുത്താര്‍ജിക്കുന്നു,‍ അവര്‍. സംഘടിത മതശക്തികളോട്‌ ചെറുത്തുനില്ക്കുന്ന, കന്യാമഠം വിട്ടു‍പോന്ന സ്ത്രീയുടെ ജീവിതാവിഷ്ക്കാരമാണ്‌ ആമേന്‍. കന്യാസ്ത്രീസമൂഹം എന്ന വ്യവസ്ഥിതിയെ മറികടന്ന് സ്വന്തം വ്യക്തിത്വം സ്ഥാപിക്കാനുള്ള ശ്രമമാണ്‌ സി.ജെസ്മിയുടെ ആമേന്‍.

വ്യക്തി എന്ന നിലയില്‍ സ്വയം മനസിലാക്കുന്ന സാദ്ധ്യതകളും പരിമിതികളും തിരിച്ചറിയുന്ന സ്ത്രീ-ആവിഷ്ക്കാരങ്ങളാണ്‌ ഈ ധാരയിലുള്ളത്‌. വൈകാരികമായല്ലാതെ ജീവിതത്തെ സമീപിക്കാനും ഇവര്‍ക്ക്‌ കഴിയുന്നു‍ണ്ട്‌. താങ്ങില്ലാതെ സ്വതന്ത്രമായി ജീവിക്കുന്നവരുടെ ആത്മകഥനങ്ങളാണ്‌ ഈ കൃതികള്‍.

സമൂഹകേന്ദ്രിതം

സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളെ കേന്ദ്രീകരിച്ച്‌ ജീവിതം ആവിഷ്ക്കരിക്കുന്നവയാണ്‌ ആത്മകഥയിലെ മൂന്നാംധാര. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം പണ്ടേ ആത്മകഥയിലെ അവരുടെ ജീവിതം കര്‍മമേഖല തന്നെയായിരുന്നു‍. അവരുടെ ആത്മകഥയിലെ അപ്രധാനമേഖലകളായിരുന്നു‍ വ്യക്തിജീവിതവും കുടുംബജീവിതവും. എന്നാ‍ല്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വ്യക്തികഥകള്‍ സമൂഹകഥകളായി മാറുന്നത്‌ മൂന്നാംഘട്ടത്തില്‍ മാത്രമാണ്‌. ഇത്തരത്തിലുള്ള ആത്മകഥകളാണ്‌ ഓര്‍മ്മക്കുറിപ്പുകള്‍ (അജിത, 1982), മയിലമ്മ ഒരു ജീവിതം (മയിലമ്മ,2006 ), ജാനു, സി.കെ.ജാനുവിന്റെ ജീവിതകഥ (ജാനു 2002 ) എന്നി‍വ.


കെ. അജിത

വ്യക്തികഥ എന്നതിലുപരിയായി ഒരു കാലഘട്ടത്തിന്റെയും നക്സല്‍പ്രസ്ഥാനത്തിന്റെയും കഥയാണ്‌ ഓര്‍മ്മക്കുറിപ്പുകള്‍. വ്യക്തിപ്രഭാവമുള്ള ജീവിതത്തിനുടമയായ അജിതയ്ക്ക്‌ സ്ത്രീയെന്നത്‌ ഒരു പരിമിതിയായി അനുഭവപ്പെടുന്നി‍ല്ല എന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. രാഷ്ട്രീയപ്രവര്‍ത്തകരായ മന്ദാകിനി നാരായണന്റെയും കുന്നി‍ക്കല്‍ നാരായണന്റെയും മകളെന്ന നിലയില്‍ അജിതയ്ക്ക്‌ ലഭിച്ച പരമ്പരാഗതകുടുംബശൈലിക്കു പുറത്തുള്ള ജീവിതാനുഭവങ്ങള്‍ ഇതില്‍ നിര്‍ണായകമാണ്‌. അതുകൊണ്ടുതന്നെയാവണം ഇരുപതാം നൂറ്റാണ്ടില്‍ അജിത തുടക്കം കുറിച്ച ആത്മകഥയിലെ സമൂഹകേന്ദ്രിതധാരയ്ക്ക്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടുവരെ തുടര്‍ച്ചയുണ്ടാവാതിരുന്നത്‌. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം പണ്ടേ പുറംലോകത്തിന്റെ തുറസ്സ്‌ ലഭ്യമായിരുന്നു‍. എന്നാ‍ല്‍ ഇങ്ങിനെയൊരു തുറസ്സ്‌ വിവിധതരക്കാരായ സ്ത്രീകള്‍ക്ക്‌ ലഭ്യമാവുന്നത്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാത്രമാണ്‌.

സാമൂഹികമുന്നേറ്റങ്ങളില്‍ പങ്കാളിയാവുന്ന സ്ത്രീജീവിതമല്ല, അതിന്റെ മുന്നേറ്റത്തെ നയിക്കുന്ന, നിര്‍ണയിക്കുന്ന, സ്ത്രീജീവിതമാണ്‌ മയിലമ്മയുടേതും ജാനുവിന്റേതും. അവരിടപെടുന്ന മേഖലതയൊണ്‌ അവരുടെ ജീവിതം. സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടുകയും അതുവഴി ജീവിതം തന്നെ മാറ്റിയെഴുതിയ നിരക്ഷരയായ ആദിവാസി സ്ത്രീയാണ്‌ മയിലമ്മ. ഒരു സാധാരണസ്ത്രീ ‌ ദുര്‍ബലതയെ കരുത്താക്കി മാറ്റുന്ന അസാധാരണജീവിതകഥയാണ്‌ മയിലമ്മയുടേത്‌. പരിമിതികള്‍ക്കുള്ളില്‍ നിന്നു‍കൊണ്ട്‌ സമൂഹത്തിന്‌ ചെയ്യാനാവുന്നത്‌ ചെയ്യുകയായിരുന്നു‍ മയിലമ്മ എങ്കില്‍ ജാനു പോരാട്ടവീര്യത്തോടെ പരിമിതികളെ മറികടന്നു് ജീവിതത്തെ സ്വയം നിര്‍ണയിക്കുകയായിരുന്നു‍. മയിലമ്മയുടെ ജീവിതം പ്ലാച്ചിമട എന്ന പ്രദേശത്തെ നാട്ടു‍കാരുടെ ചെറുത്തുനില്പിന്റെ കഥയാണ്‌. ആദിവാസിനേതാവായ ജാനുവിന്റെ കഥ ഇരകളായ ആദിവാസിസമൂഹത്തിന്റെ കഥയാണ്‌.

കുടുംബകേന്ദ്രിതം, വ്യക്തികേന്ദ്രിതം, സമൂഹകേന്ദ്രിതം എന്നി‍ങ്ങനെയുള്ള ഈ മൂന്നു‍ ധാരയില്‍ സ്ത്രീകളുടെ ആത്മകഥകളെ തരംതിരിക്കുമ്പോള്‍ അതില്‍ കാലാനുക്രമമായ ഒരു പരിവര്‍ത്തനധാര കാണുന്നു‍ എന്ന്‌ ഉറപ്പിച്ചുപറയുക പ്രയാസമാണ്‌. സമൂഹകേന്ദ്രിതമായ ആത്മകഥകള്‍ പുറത്തിറങ്ങുന്ന കാലത്തും കുടുംബകേന്ദ്രിതമായ ആത്മകഥകള്‍ പുറത്തിറങ്ങുന്നു‍ണ്ട്‌. ഒരേ അനുഭവപശ്ചാത്തലമല്ല അവരുടെ ജീവിതത്തിനുള്ളത്‌ എന്നതിനാലാണ്‌ ഇത്. മതവും ജാതിയും വിദ്യാഭ്യാസവും പ്രദേശവും സാമ്പത്തികസ്ഥിതിയും എല്ലാംചേര്‍ന്ന് രൂപപ്പെടുത്തിയെടുക്കുന്ന സ്ത്രീയവസ്ഥ വൈവിദ്ധ്യമാര്‍ന്നതാണ്‌. ചരിത്രത്തില്‍ അവളുടെ സ്ഥാനം അടയാളപ്പെടുത്തുന്ന ആത്മകഥ സ്ത്രീസമൂഹത്തിന്റെ ഗതിവിഗതികളുടെ പ്രയാണം കൂടി അടയാളപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. ഭര്‍തൃചരിതങ്ങളും കുടുംബസങ്കീര്‍ത്തനങ്ങളുമാണ്‌ ജീവിതം എന്ന കാഴ്ചപ്പാടില്‍നിന്നും സ്വതന്ത്രമായ സ്ത്രീത്വം എന്ന അവബോധത്തിലേക്ക്‌ ഉണരുന്ന സ്ത്രീസമൂഹത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആണ്‌ സ്ത്രീ ആത്മകഥകളുടെ ചരിത്രം. കുടുംബകേന്ദ്രിതമായ പരിസരത്തില്‍ത്തുടങ്ങി വ്യക്ത്യവബോധം സ്വരൂപിച്ച്‌ സമൂഹകേന്ദ്രിതമായ ജീവിതാവസ്ഥകളിലേക്ക്‌ കേരളത്തിലെ സ്ത്രീസമൂഹം പരിണമിക്കുന്നതിന്റെ ഒരു തന്തു ആത്മകഥകളുടെ ചരിത്രത്തില്‍ തുടരുന്നതായി കണ്ടെത്താം. തീര്‍ച്ചയായും കേരളത്തിലുണ്ടായ സാമൂഹികമാറ്റങ്ങളുമായി ഇത്‌ ഇഴചേര്‍ന്നു‍ കിടക്കുന്നു‍ണ്ട്‌.

പശ്ചാത്തലത്തിന്റെ പരിമിതിയില്ലാതെ ഏതൊരു സ്ത്രീക്കും കടുവരാവുന്ന രീതിയില്‍ ആത്മകഥാചരിത്രം വിപുലമായിരിക്കുന്നു‍. സ്ത്രീയുടെ ജീവിതാനുഭവപരിസരം കുടുംബം മാത്രമാണെന്ന പൊതുബോധത്തെ മറികടക്കാനായതോടെ വിശാലമായ അനുഭവലോകം അവള്‍ക്ക്‌ പ്രാപ്യമായി. അതോടെ ചിന്തയിലും ആവിഷ്ക്കാരത്തിലും വന്‍മാറ്റം തന്നെ‍യുണ്ടായി. ഈ മാറ്റം സ്ത്രീകളുടെ ഇടയില്‍ വ്യാപകമാകുന്നു എന്നതാണ്‌ ആത്മകഥാകാരികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന തെളിയിക്കുന്നത്‌.

Subscribe Tharjani |