തര്‍ജ്ജനി

മുഖമൊഴി

ചോര്‍ന്നൊലിക്കുന്ന കൂര

ജൂണിനെപ്പോലെ തന്നെ ചോര്‍ന്നൊലിക്കുകയാണ്‌ കുറേക്കാലങ്ങളായി വിദ്യാഭ്യാസ മേഖലയുടെ മേല്‍ക്കൂരയും. രണ്ടു പക്ഷക്കാരും മാറിമാറി വന്ന് കുടപിടിക്കലും മേച്ചിലും ഒക്കെ നടത്തിയിട്ടും ചോര്‍ച്ചയോടു ചോര്‍ച്ച തന്നെ. ഒരുവശം കെട്ടിക്കയറ്റി കൊണ്ടുവരുമ്പോള്‍ മറുപക്ഷക്കാര്‍ കെട്ടിയ വശം പൊളിച്ചടുക്കും, കഴുക്കോലൂരിയെടുക്കും. എന്നും കുന്നും ഈ കെട്ടലും ഊരിയെടുക്കലും പൊളിക്കലും മാത്രമേ നടക്കുന്നുള്ളൂ. ഇത് നന്നായി കെട്ടി കുറെനാളത്തേക്കെങ്കിലും ചോരാതെ വെയ്ക്കണമെന്ന് ഇത്ര നിര്‍ബ്ബന്ധം ആര്‍ക്കാണ്‌? സര്‍വ്വരക്ഷകരായി പുരപ്പുറത്തുകയറിയവരും ആനപ്പുറത്തിരുന്ന് തടിപിടിപ്പിക്കുന്നവര്‍ക്കും ഹരം പോകാതിരുന്നാല്‍ പോരെ. കൂരക്കീഴിലെ ഭാവി വാഗ്ദാനങ്ങളോ കാല്‍ക്കീഴിലെ മണ്ണോ കാര്യം! ഉച്ചിയില്‍ പെയ്തു വെള്ളം താണ പിള്ളാരെയും തൂക്കി ഒടുന്ന വിഡ്ഢിക്ക്‌ അഞ്ചാമത്തെ മഴയ്ക്കു മുമ്പ്‌ തമ്പുരാനെ വീണ്ടൂം തണ്ടിലേറ്റാതെ പറ്റില്ലല്ലോ? പിന്നെ ഈ പുര ആര്‍ക്ക്‌ വേണം? വെള്ളമിറങ്ങിയും വെള്ളമിറങ്ങാതെയും ചാടിയും ഒക്കെ ചത്തു പോയ മോഹനവാഗ്ദാനങ്ങളുടെ പ്രേതബാധയുണ്ടാവാതിരിക്കാന്‍ ആഭിചാരമന്ദിരത്തില്‍ തന്ത്രിമുഖ്യന്മാരുടെ മന്ത്രോച്ചാരണ അകമ്പടിയോടെ പുതിയ പുരകെട്ടും തകര്‍ക്കുകയാണ്‌. എന്തായലും ഒന്നുറപ്പായിട്ടുണ്ട്‌. കുടിയും തീറ്റയ്ക്കുമപ്പുറം കെട്ടൊന്നും മുറുകാന്‍ പോകുന്നില്ല. ചായിച്ചുകെട്ടിക്കൊടുത്ത കഴുക്കോലില്‍ ഇപ്പോഴേ തൂങ്ങിത്തുടങ്ങിയിണ്ട്‌ അടുത്ത പൊളിക്കലിനുള്ള മേച്ചില്‍ക്കാര്‍.

തീരുമാനിക്കേണ്ടത്‌ ഒന്നാണ്‌. വരും കാലത്തിന്റെ കൂര ഇത്ര അനാഥമായി പുറമ്പോക്കില്‍ മെതിച്ചുതീര്‍ക്കാന്‍ ഇനി അനുവദിക്കേണ്ടതുണ്ടോ? ആരൊക്കെ മുക്രയിട്ടും കൊമ്പുകുലുക്കിയും വന്നാലും ഇളകാത്ത ഉത്തരങ്ങളില്‍ ഈ കൂരയുടെ കൂട്ട്‌ ഉറപ്പിക്കേണ്ടേ? ദയ എന്നൊന്ന് എവിടെയെങ്കിലും ബാക്കി നില്‍പ്പുണ്ടെങ്കില്‍ കൊടുത്ത കുരുതികള്‍ കൊണ്ട്‌ മതിയാക്കി മന്ത്രവാദികളുടെ കയ്യില്‍ നിന്ന് ഈ കൂരയെ രക്ഷിച്ച്‌ മാറ്റിപ്പണിയേണ്ട സംവിധാനത്തെക്കുറിച്ച്‌ ആലോചിക്കേണ്ടിയിരിക്കുന്നു. കയ്യിലിരുന്ന ആയുധമെടുത്ത്‌ വല്ലവനും കൊടുത്തിട്ട്‌ ഇതെല്ലാം കണ്ട്‌ കൈകട്ടി നിന്നാല്‍ മതിയോ? പണിക്കുകൊള്ളാത്തവന്റെ കയ്യില്‍ നിന്ന് ആയുധം തിരികെ വാങ്ങി പറഞ്ഞു വിടണം . ജനാധിപത്യത്തിന്റെ ജീവന്‍ ഒരു ഞെക്കിലവസാനിപ്പിച്ച്‌ അഞ്ചു കൊല്ലത്തേക്ക്‌ ദീര്‍ഘവിശ്രമമെടുക്കുന്ന പരമ്പരാഗത തൊഴിലാളികളായി കുനിഞ്ഞിരുന്ന് മടുക്കില്ല നമുക്കെന്നുണ്ടോ?

രണ്ടു നിറത്തിലുള്ള ഉടുപ്പിട്ടുവരുന്ന ഒരു ശരീരത്തിനപ്പുറത്ത്‌ ഭാവന കാണാനൊന്നുമില്ലാത്തവര്‍ക്ക്‌ ആകാശത്തേക്കെങ്കിലും ഒന്നു നോക്കിക്കൂടെ!.

സുനില്‍ കൃഷ്ണന്‍
Subscribe Tharjani |