തര്‍ജ്ജനി

സി. ജെ. ജോര്‍ജ്ജ്

ചീങ്കല്ലേല്‍, മാട്ടനോട്, കോഴിക്കോട്. 673 527.

Visit Home Page ...

സമകാലികം

"വിത്തിട്ടവന്‍ വിളകൊയ്യും"

വിവാദപാഠപുസ്തത്തിലെ വസ്തുതകളും അതിനു പശ്ചാത്തലമായ പാഠ്യപദ്ധതിയിലെ കാഴ്ചപ്പാടുകളും പരിശോധിക്കുന്നതില്‍നിന്നു് ചര്‍ച്ചകള്‍ മിക്കവാറും വഴിതിരിഞ്ഞുപോയി. വാസ്തവത്തില്‍, പുസ്തകം മുന്നോട്ടു വെയ്ക്കുന്നതു് അത്യന്തം കേന്ദ്രീകൃതമായ ഒരു രീതിശ്ശാസ്ത്രമാണു്;ക്രിട്ടിക്കല്‍ പെഡഗോഗിയല്ല. പുസ്തകം ആസൂത്രണം ചെയ്ത അപക്വമതികളുടെ ചിന്താപരമായ വൈകല്യങ്ങളില്‍നിന്നാണു് വിവാദങ്ങള്‍ വെള്ളവും വളവും വലിച്ചെടുക്കുന്നതു്. പാഠപുസ്തകത്തിലെ വസ്തുതകള്‍ ഇഴപിരിച്ചു പരിശോധിക്കുന്നു ഈ ലേഖനത്തില്‍. സര്‍ക്കാര്‍ കമ്മറ്റിയുടെ ഇടക്കാല നിര്‍ദ്ദേശങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുന്നു.

ഭാവിയുടെ ചൂണ്ടുവിരല്‍
ഏഴാം തരത്തില്‍ വിത്തിട്ടു് ഒന്നാംതരം വിളകൊയ്തുകൊണ്ടിരിക്കുന്നവര്‍ ആത്മവിമര്‍ശനപരമായി പരിശോധന നടത്തേണ്ട സമയമായി. തങ്ങള്‍ വിതച്ചുകൊണ്ടിരിക്കുന്ന വിത്തു് ഏതിനത്തില്‍പ്പെടുന്നു എന്നു തിരിച്ചറിയാന്‍ വിളകൊയ്തുമദിക്കുന്നവര്‍ക്കു കഴിയുമാറാകട്ടെ. വിദ്യാഭ്യാസനിലവാരമുയര്‍ത്തുന്നതിനുവേണ്ടി മതമുള്ളവരും മതമില്ലാത്തവരും നല്കുന്ന നികുതിപ്പണം ഉപയോഗിച്ചു നടത്തിയ പരിശ്രമങ്ങള്‍ എന്തുകൊണ്ടാണു് നിലവാരമില്ലാത്ത ഇടപെടലുകളായി കലാശിച്ചതെന്നു് തുറന്ന മനസ്സോടെ അന്വേഷിക്കണം. പുതിയ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടു് വിമര്‍ശനങ്ങളുണ്ടായ വേളയില്‍ത്തന്നെ മന്ത്രി ബേബി അവയെ `വിവാദങ്ങള്‍' എന്ന ഒരു കുടക്കീഴിലാക്കുകയും അതിനു പിന്നിലൊക്കെ ഹിഡ്ഡന്‍ അജണ്ടയുണ്ടെന്നു പ്രഖ്യാപിച്ചു ജാമ്യമെടുക്കുകയും ചെയ്തിരുന്നു (മാതൃഭൂമി ദിനപത്രം, 2007 ആഗസ്റ്റ് 2). ഇത്തരം ഹിജണ്ടാവാദങ്ങളുമായി നമുക്കു് ഇനിയും മുന്നോട്ടുപോകാനാവുമെന്നു തോന്നുന്നില്ല. വസ്തുതകളെ സമചിത്തതയോടെ പഠിക്കുവാനും ഭാവിവിദ്യാര്‍ത്ഥികളെ മുന്നില്‍ക്കണ്ടു് പ്രവര്‍ത്തിക്കുവാനും കഴിയേണ്ടതുണ്ടു്. അല്ലെങ്കില്‍ സ്വതേ ദുര്‍ബ്ബലമായ പൊതുവിദ്യാഭ്യാസത്തിന്റെ അന്ത്യകൂദാശചെയ്തതിനുള്ള ബഹുമതി നമ്മുടെ കാലത്തിന്റെ തലയിലായിരിക്കും കിടക്കുക. ഞങ്ങളല്ല അവരാണു് എന്നു കുറ്റപ്പെടുത്തുവാന്‍ ഇന്നു കഴിഞ്ഞേക്കും. പക്ഷേ ഭാവികാലം നമ്മെ ഒന്നായി വിരല്‍ ചൂണ്ടും. ആഗോളവല്ക്കരണം എന്ന ന്യായമൊന്നും അപ്പോള്‍ നമ്മുടെ രക്ഷയെ്ക്കത്തുകയില്ല.

അറിവു് പാപമാണു്, ഇടപെടലാണു് പുണ്യം
ഏഴാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളെ വിമര്‍ശനാത്മകചിന്തയിലേക്കു നയിക്കണമെന്നുദ്ദേശിച്ചു് നിര്‍മ്മിച്ച പുസ്തകം കേരളത്തെയാകെ ഏഴാംതരമാക്കി. ഒരു പക്ഷേ, ഇതില്‍പ്പരം സംവാദജനകമായി എന്തുണ്ടായിട്ടുണ്ടു് ഈ നാട്ടില്‍ എന്നു ചോദിച്ചു് ഇതിന്റെ ആസൂത്രകന്മാര്‍ക്കു് അഭിമാനിക്കാന്‍ കഴിഞ്ഞേക്കും. പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ എസ് സി ഇ ആര്‍ ടി ഡയറക്റ്റര്‍ പ്രൊഫ. എം ഏ ഖാദര്‍ കുട്ടികളെ സംബോധനചെയ്തുകൊണ്ടു് എഴുതിയ ഒരു വാക്യം ഇങ്ങനെയാണു് : ``പ്രശ്‌നങ്ങളെ അറിയലല്ല, അതില്‍ ഇടപെടലാണു് വരുംകാല ക്ലാസ് മുറികളില്‍ ലക്ഷ്യമാക്കുന്നതു്''. ഇങ്ങനെ അറിവിനെ രണ്ടാംതരമായി കല്പിക്കുമോ ഒരു അക്കാദമിഷന്‍? കലാലയവരാന്തകളിലൂടെ മുദ്രാവാക്യം വിളിച്ചുനീങ്ങുന്ന വിദ്യാര്‍ത്ഥികളില്‍നിന്നെങ്കിലും ഇദ്ദേഹം കേള്‍ക്കാതെപോയിരിക്കുമോ- അറിവു് ആയുധമാണെന്നു്. പഠിക്കുക, പോരാടുക എന്ന മുദ്രാവാക്യത്തിലും അറിവിനു തന്നെയല്ലേ പ്രഥമപരിഗണന? പാഠപുസ്തകത്തിലൂടെയും അതിന്റെ തിരക്കഥയായ സിലബസ് ഗ്രിഡിലൂടെയും അദ്ധ്യാപകസഹായിയിലൂടെയും കടന്നുപോയപ്പോള്‍ വളരെ അര്‍ത്ഥഗര്‍ഭമാണു് ഖാദറുടെ പ്രസ്താവമെന്നു മനസ്സിലായി. അതൊരു ഫ്രോയ്ഡിയന്‍ സ്ലിപ്പായി വകവെച്ചാല്‍പ്പോലും, പുതിയ വിദ്യാഭ്യാസരീതിയുടെ പേരിലുണ്ടായ ഒരട്ടിമറിയുടെ അടയാളമായി, മനസ്സിലാക്കേണ്ടതുണ്ടെന്നും മനസ്സിലായി.. അറിവിനെ, വിവേകത്തെ മാറ്റിനിര്‍ത്തുക എന്നതാണു് അവിടെ തെളിഞ്ഞുകാണാവുന്ന അജണ്ട.

എന്തായാലും വാക്കു് അക്ഷരാര്‍ത്ഥത്തില്‍ ഫലിച്ചു. ഇടപെടലുകളുടെ വിജയകരമായ നൂറാം ദിനം അടുക്കുന്നു. ആഘോഷവേദിക്കു പേരിടാന്‍ രക്തസാക്ഷിയെ വരെ സൃഷ്ടിച്ചുകഴിഞ്ഞു! അറിയാത്ത, അറിവു കൂടാത്ത, അറിവു പാടില്ലാത്ത ഇടപെടലുകള്‍ വരുംകാലക്ലാസ്സ്മുറിയിലേക്കു് പരിമിതപ്പെടുത്തി ഉദ്ദേശിച്ചിട്ടു് അതു നാട്ടിലെങ്ങും പാട്ടായി. പ്രൊഫസര്‍ പറഞ്ഞതു് കുട്ടികള്‍ വായിച്ചിട്ടില്ലായിരിക്കാം. ആരും വായിച്ചിട്ടില്ലായിരിക്കാം. എന്നാലും, പലയാവൃത്തി സകലരും വായിച്ച ഇഫക്റ്റുണ്ടായി.

ഇടപെടലിന്റെ മാതൃക പുസ്തകത്തിലുണ്ടു്. നഗരത്തിലൂടെ പ്രകടനം നയിച്ചുപോകുന്നവരെ നോക്കി ഇവര്‍ക്കു വേറെ പണിയൊന്നുമില്ലേ എന്നു ചോദിക്കുന്ന ചിത്രീകരണം കാണുക. തെരുവില്‍ പ്രകടനം നടത്തലാണു് സാമൂഹികപ്രവര്‍ത്തനമെന്നു ബോധിപ്പിക്കുന്നതിനുദ്ദേശിച്ചാണു് ഈ ചിത്രീകരണം നടത്തിയിരിക്കുന്നതെന്നു അദ്ധ്യാപകസഹായിയും കൂടി ചേര്‍ത്തുവെച്ചാല്‍ മനസ്സിലാവും. ഇടപെടലിന്റെ മഹത്തായ മാതൃകയാവുന്നു ഇതു്. സിന്ദാബാദ് വിളിച്ചു പ്രകടനം നടത്തുന്നതിലാണു് സാമൂഹികപ്രതിബദ്ധതയുടെ സാഫല്യം. സാമൂഹികപ്രതിബദ്ധതയില്ലാത്ത മൂരാച്ചികള്‍ പണിസ്ഥലത്തേക്കുപോകുന്നു; വില്ലേജാപ്പീസിലേക്കുപോകുന്നു; ന്യായവിലഷാപ്പിലേക്കുപോകുന്നു; ആസ്പത്രിയിലേക്കുപോകുന്നു. അത്തരക്കാര്‍ നമ്മുടെ സാമൂഹികപ്രതിബദ്ധസ്തംഭനകലാപരിപാടിയെ വൈരുദ്ധ്യാത്മകമായി മനസ്സിലാക്കുന്നില്ല. അവരുടെ കുര വകവെക്കാതെ നമ്മുടെ വര്‍ത്തകസംഘം മുന്നോട്ടുപോകണമെന്ന ആശയം ചര്‍ച്ചയിലൂടെ ഉരുത്തിരിയിക്കുന്ന പരിപാടിയാണു് ക്രിട്ടിക്കല്‍ പെഡഗോഗി!

ക്രിട്ടിക്കല്‍ പെഡഗോഗി
കുട്ടികളെ കേന്ദ്രസ്ഥാനത്തുനിര്‍ത്തുകയും അവരുടെ സിദ്ധികളെ ആദരിക്കുകയും ചെയ്യുന്ന ഒരു ജനാധിപത്യരീതിയായി ക്ലാസ്സ് മുറിയിലെ പ്രവര്‍ത്തനങ്ങളെ പുന:സംവിധാനം ചെയ്യുകയാണു് സൈദ്ധാന്തികമായി ക്രിട്ടിക്കല്‍ പെഡഗോഗിയുടെ ലക്ഷ്യം. ജ്ഞാനത്തെ സാമൂഹികനിര്‍മ്മിതിയായിക്കാണുന്നതു് അതിന്റെ ഭാഗമായാണു്. കുട്ടികള്‍ പുസ്തകം പഠിക്കുകയോ അദ്ധ്യാപകര്‍ പകരുന്നതു കോരിക്കുടിക്കുകയോ അല്ല. പകരം, പുസ്തകത്തെയും അദ്ധ്യാപകരെയും വിമര്‍ശനബുദ്ധിയോടെ പ്രയോജനപ്പെടുത്തിക്കൊണ്ടു് സാമൂഹികസാഹചര്യങ്ങളെ അഭിമുഖീകരിച്ചുനടത്തുന്ന അദ്ധ്വാനപ്രവൃത്തിയിലൂടെ അറിവിന്റെ ഉല്പാദകരായി മാറുമെന്നതാണു് ഇവിടുത്തെ കാഴ്ചപ്പാടു്. എന്നാല്‍ നമ്മുടെ ക്രിട്ടിക്കല്‍ പെഡഗോഗി മുട്ടയിടുമെന്നു തോന്നുന്നില്ല. ഉരുത്തിരിയേണ്ട ജ്ഞാനം എന്തെന്നു നിശ്ചയിച്ചുറപ്പിച്ച ഈ ജനകീയവിദ്യാഭ്യാസൂത്രണത്തില്‍ എന്തു ജ്ഞാനോല്പാദനമാണു് നടക്കുക? ക്രിട്ടിക്കല്‍ പെഡഗോഗിയുടെ അന്തസത്തയെ ഒട്ടും മാനിക്കാത്തതും തികച്ചും നിര്‍ദ്ദേശാത്മകവുമായ ഒരു സമീപനമാണു് പുതുമയുടെ പേരില്‍ അവതരിപ്പിക്കുന്നതു്.

അദ്ധ്യാപകനെയും വിദ്യാര്‍ത്ഥിയെയും ദല്ലാളും ഇരയുമൊക്കെയാക്കി മാറ്റുന്ന മനുഷ്യവിരുദ്ധപദ്ധതിയാണു് ഫലത്തില്‍ ഉണ്ടാക്കിയെടുത്തു് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതു്. വാസ്തവത്തില്‍ ക്രിട്ടിക്കല്‍ പെഡഗോഗി, ക്ലാസ്മുറിയുടെ ജനാധിപത്യവല്ക്കരണം, വികേന്ദ്രീകരണം തുടങ്ങിയ പ്രയോഗങ്ങള്‍ ആഡംബരമുദ്ര എന്നതില്‍ക്കവിഞ്ഞൊന്നുമല്ല. പാഠപുസ്തകങ്ങളെ അപഗ്രഥിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്ന പണ്ടത്തെ അദ്ധ്യാപകനു് അയാളുടെ സര്‍ഗ്ഗാത്മകമായ ഇടപെടലിലൂടെ, തന്റേതായ ഒരു രീതിയിലൂടെ, കുട്ടികളെ പാഠഭാഗങ്ങള്‍ പരിചയപ്പെടുത്തുവാനും പ്രാദേശികമായ അനുഭവലോകവുമായി ഇണക്കുവാനുമൊക്കെ സാദ്ധ്യതയുണ്ടായിരുന്നു. ഇപ്പോള്‍ അയാള്‍ വെറും കൈപ്പണിക്കാരനായി മാറിയിരിക്കുന്നു. സ്കഫോള്‍ഡര്‍ സാര്‍. തെളിമയുള്ള ഒരു വാക്യം പോലുമില്ലാത്ത കെ സി എഫ്, അദ്ധ്യാപകസഹായി എന്നീ മുരട്ടുപുസ്തകങ്ങള്‍ വായിച്ചു കലുഷമായ ബുദ്ധിയില്‍ ക്ലസ്റ്റര്‍ മീറ്റിംഗില്‍ അടിച്ചേല്പിച്ചിട്ടുള്ള ഉത്തരങ്ങളുമായി അയാള്‍ ജീവച്ഛവമായി മാറി ക്ലാസ്സിലെത്തും. തനിക്കു കിട്ടിയ `ഉത്തരവു'കള്‍ കുട്ടികളിലേക്കു തന്ത്രപരമായി കടത്തിവിടുവാനാണു് അയാള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതു്. നാവടക്കൂ പണിയെടുക്കൂ എന്നതാണു് ക്ലസ്റ്റര്‍ മീറ്റിംഗിലെ ജനാധിപത്യസമീപനം. എന്താണു് പണി? ബുദ്ധി ഉപയോഗിച്ചു് യാതൊന്നും അയാള്‍ ചെയ്തുകൂടാ. അദ്ധ്യാപകന്‍ വന്ധീകരിക്കപ്പെട്ടിരിക്കുന്നു. സര്‍ഗ്ഗാത്മകമായ ഒരാപത്തും അയാള്‍ ഉണ്ടാക്കില്ലെന്നു് ഉറപ്പുവരുത്തിയിരിക്കുന്നു. അദ്ധ്യാപകകേന്ദ്രിതവിദ്യാഭ്യാസം ഇല്ലാതാക്കിയതിന്റെ ലക്ഷ്യം വ്യക്തം. അയാളെ നിര്‍വ്വീര്യനാക്കിയാല്‍ മാത്രമേ അധികാരകേന്ദ്രത്തെ വലയം വെയ്ക്കുന്ന വിദ്യാഭ്യാസം നടപ്പാക്കാന്‍ കഴിയൂ. നമ്മുടെ പൊതുവിദ്യാഭ്യാസസംരക്ഷകരായ ആസൂത്രകന്മാര്‍ ഭയങ്കര ആസൂത്രകന്മാര്‍ തന്നെ. കേന്ദ്രീകൃതജനകീയാസൂത്രണം കഴിഞ്ഞു് കേന്ദ്രീകൃതവിദ്യാഭാസാസൂത്രണം! ഭേഷ്.

വിദ്യാര്‍ത്ഥികേന്ദ്രിതമായ വിമര്‍ശനാത്മകബോധനരീതിയാണു് പുതിയ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്നതെന്നും അതു ജനാധിപത്യപരമാണെന്നും പറയുന്നവര്‍ ഈ കേന്ദ്രീകരണത്തെ വിമര്‍ശനാത്മകമായി കാണാതെപോകുന്നതെന്തുകൊണ്ടാണു്? പുസ്തകംകൊണ്ടു് എന്തെന്തു ധാരണകളാണു് കുട്ടികളില്‍ നിക്ഷേപിക്കേണ്ടതു് എന്നു വ്യക്തമായി പ്ലാന്‍ ചെയ്തു്, അതില്‍ കുറവും കൂടുതലും ഉണ്ടായിക്കൂടെന്നു നിഷ്കര്‍ഷിക്കുന്ന പഠനരീതി എങ്ങനെ വികേന്ദ്രീകൃതമാണെന്നു പറയും? ജനാധിപത്യപരമെന്നു പറയും? എന്തായിരിക്കണം വിമര്‍ശനം എന്നതുവരെ ഉറപ്പാക്കി, അതു് അദ്ധ്യാപകരെ വെറും ഉപകരണമാക്കി തികച്ചും കേന്ദ്രീകൃതമായി നടപ്പിലാക്കുന്ന ഒരു പദ്ധതി എങ്ങനെ വിമര്‍ശനാത്മകമാവും? ക്രിട്ടിക്കലാവും? ഇതല്ലേ അധികാരകേന്ദ്രീകൃതമായ പനോപ്റ്റിക്കണ്‍ മാതൃകയുടെ മനോഹരദൃഷ്ടാന്തം? അദ്ധ്യാപകന്‍ മുമ്പ് കുട്ടികളുടെ മുമ്പിലായിരുന്നു. ഇപ്പോള്‍ അയാള്‍ മുമ്പിലുമില്ല, കേന്ദ്രത്തിലുമില്ല. അയാള്‍ താത്വികമായി മരിച്ചിരിക്കുന്നു. അയാള്‍ ശൂന്യസത്തയായി വട്ടം ചുറ്റുകയാണു്. എന്നാല്‍, അദൃശ്യനായി കേന്ദ്രാവിഷ്കൃതപദ്ധതിയുമായി വിദൂരകേന്ദ്രത്തിലൊരു വലിയേട്ടന്‍ ഇരിപ്പുണ്ടു്. അയാള്‍ ക്ലാസ്സിന്റെയല്ല ക്ലാസ്സുകളുടെയാകെ കേന്ദ്രത്തില്‍ വരുന്നു. അങ്ങനെ ആലോചിച്ചാല്‍ പുതിയ വിദ്യാഭ്യാസം സൗരയൂഥമാതൃകയിലാണു് സംവിധാനം ചെയ്തിരിക്കുന്നതു് എന്നു കാണാം. അതിന്റെ കേന്ദ്രീകരണം വിദ്യാര്‍ത്ഥികളെ കൃത്രിമ ഉപഗ്രഹങ്ങളാക്കുന്നു. ഭ്രമണം കൊണ്ടു് വിഭ്രമിപ്പിക്കപ്പെടുന്ന കുട്ടികള്‍. ലക്ഷ്യം അതാണെങ്കില്‍ ഇതു തികച്ചും സാര്‍ത്ഥകമാണു്.

നിലവാരമില്ലായ്മ
മാറ്റങ്ങള്‍ അനിവാര്യമാണു്. എന്നാല്‍ അതു് സുചിന്തിതമായ ഒരു പദ്ധതിയുടെ അടിസ്ഥാനത്തില്‍ സദുദ്ദേശ്യത്തോടെ നടപ്പാക്കുന്നതാകണം. മറിച്ചു്, അപക്വവും വിഭാഗീയവും ഏകപക്ഷീയവുമായ വീക്ഷണത്തോടെ നടത്തുന്ന എടുത്തു ചാട്ടങ്ങള്‍ ആപത്താണു് സമ്മാനിക്കുകയെന്നു മനസ്സിലാക്കാനുള്ള അവസരവും കൂടിയാണു് ഇപ്പോള്‍ സംജാതമായിരിക്കുന്നതു്. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളുടെ വിത്തുകള്‍ അപക്വമനസ്കരായ ആളുകളുടെ അതിബുദ്ധിയിലാണു് വിളഞ്ഞതെന്നു സന്തുലിതബോധമുള്ള ആളുകള്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നുണ്ടു്. എം വി രാഘവന്‍ പറഞ്ഞതാണു് ശരി; പുസ്തകം അപക്വമാണു്. മലയാളം വാരികയില്‍ സി പി ജോണ്‍ ചൂണ്ടിക്കാണിച്ചതുപോലെ ഒരു ലഘുലേഖയുടെ നിലവാരം പോലുമില്ലാത്ത പുസ്തകമാണതു്. അതിന്റെ വികലമായ താളം സമൂഹത്തില്‍ അവതാളം തീര്‍ക്കുന്നു. ബി ആര്‍ പി ഭാസ്കര്‍ എഴുതി : ``വിവാദപാഠപുസ്തകം ഉയര്‍ത്തുന്ന യഥാര്‍ത്ഥ പ്രശ്‌നം അതു് നിലവാരം കുറഞ്ഞതാണെന്നതാണു്. നമ്മുടെ കുട്ടികള്‍ നല്ല പുസ്തകങ്ങള്‍ അര്‍ഹിക്കുന്നു. ഒരു പുസ്തകത്തിനും അതിന്റെ രചയിതാവിന്റേതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലെത്താന്‍ കഴിയില്ല'' (മാതൃഭൂമി ആഴ്ചപ്പതിപ്പു്, 2008 ജൂലൈ 27). ഇതിനേക്കാള്‍ ഭംഗിയായി എങ്ങനെയാണു് കാര്യങ്ങള്‍ പറയുക.

അച്ചടി, പാഠാസൂത്രണം, അവതരണം, ഭാഷാരീതി, ചിത്രണരീതി എന്നീ കാര്യങ്ങളിലെല്ലാം നിലവാരമില്ലായ്മയെ ഒരു പോലെ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടു്. ഉള്ളടക്കത്തിലാകട്ടെ, 19-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കിണങ്ങിയ ഒരു നിലവാരത്തിലെത്താനാണു് ആസൂത്രകര്‍ ശ്രമിച്ചിട്ടുള്ളതു്. ഓരോ പാഠഭാഗവും പരസ്പരം ഇണക്കപ്പെടാത്ത ഏതാനും കുറിപ്പുകള്‍ ചേര്‍ത്തുവെച്ച മട്ടിലാണു് സംവിധാനം ചെയ്തിരിക്കുന്നതു്. ഒരോ പാരഗ്രാഫും മോശം ഗദ്യം എങ്ങനെ എഴുതാം എന്നു് ഉദാഹരിക്കുന്നതാണു്. നൈല്‍ നദിയെയും അതുമായി ബന്ധപ്പെട്ടുവളര്‍ന്ന ഈജിപ്ഷ്യന്‍ സംസ്കാരത്തെയും വിവരിക്കുന്ന പാഠഭാഗം നോക്കുക. അത്യാവശ്യം വിവരമുള്ള ഒരു 10-ാം തരം വിദ്യാര്‍ത്ഥിപോലും ഇത്രയ്ക്കു ചിട്ടയില്ലാതെ എഴുതാനിടയില്ല. വാലും തലയുമില്ലാതെ കുറേ വാക്യങ്ങള്‍. കെ സി എഫ് , കൈപ്പുസ്തകം, അതിലെ സിലബസ്ഗ്രിഡ് എല്ലാം കാര്യകാരണബന്ധമില്ലാത്തതും യുക്തിഹീനവുമായ അവതരണത്തിനു് ഇഷ്ടം പോലെ ഉദാഹരണങ്ങള്‍ നല്കും. അതില്‍നിന്നു് സൂക്ഷ്മവായനയിലൂടെ നാം വേണ്ടതു മനസ്സിലാക്കിയെടുക്കണം. അതാണു് ക്രിട്ടിക്കല്‍ പെഡഗോഗി എന്നു പറയാനും മടിക്കാത്തവരുണ്ടാകും!

ഉന്നതമായ സാമൂഹികലക്ഷ്യങ്ങളോടെ, നവീനമായ വിദ്യഭ്യാസസിദ്ധാന്തങ്ങളുടെ അകമ്പടിയോടെ തുടങ്ങിവെച്ച ഒരു വിദ്യാഭ്യാസവിപ്ലവപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണു് ഏഴാം ക്ലാസ്സിലേക്കുള്ള സാമൂഹ്യശാസ്ത്രപുസ്തകം രൂപം കൊണ്ടിരിക്കുന്നതെന്നു് പറയപ്പെടുന്നു. കെ സി എഫിലും അദ്ധ്യാപകസഹായിയിലും മുന്നോട്ടുവെച്ചിട്ടുള്ള സാമൂഹികലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുവാനോ വിമര്‍ശനാത്മകബോധനത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെ എത്തിപ്പിടിക്കാനോ ഈ പുസ്തകത്തിനു കഴിഞ്ഞിട്ടില്ലെന്നതാണു് വാസ്തവം. പുസ്തകം അതിന്റെ ആസൂത്രണത്തിലും ആവിഷ്കാരത്തിലും പങ്കുവഹിച്ചവരുടെ വികലധാരണകളുടെ ആവിഷ്കാരമായിത്തീര്‍ന്നിരിക്കുന്നു. നിക്ഷിപ്തതാല്പര്യത്തില്‍നിന്നും ജനാധിപത്യവിരുദ്ധമായ ഏകപക്ഷീയതകളില്‍നിന്നും ഉളവായതാണു് അവരുടെ പരാജയം. ഈ പരാജയത്തില്‍നിന്നു് അഥവാ ഇതിന്റെ രൂപസാക്ഷാത്കാരം നടത്തിയവരുടെ വൈകല്യങ്ങളില്‍നിന്നാണു് വിവാദങ്ങള്‍ വെള്ളവും വളവും വലിച്ചെടുക്കുന്നതു്.

പാഠപരാജയത്തിന്റെ ജീവിക്കുന്ന തെളിവു്
സാമൂഹികപ്രശ്‌നത്തെ അടിസ്ഥാനമാക്കിയുള്ള പഠനപ്രശ്‌നം അവതരിപ്പിച്ചു്, എന്‍ സി എഫിലും കെ സി എഫിലും വ്യക്തമാക്കിയ ഉന്നതമായ മൂല്യ-മനോഭാവങ്ങളിലേക്കുള്ള നീങ്ങുക എന്ന ക്രമത്തിലാണു് പുസ്തകം ഒരുക്കിയിരിക്കുന്നതെന്നു് അദ്ധാപകസഹായി വ്യക്തമാക്കുന്നുണ്ടു്. എന്നാല്‍ പാഠങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇതൊക്കെ പുറംപൂച്ചുകള്‍ മാത്രമാണെന്നു മനസ്സിലാകും. പാഠാസൂത്രണം നിങ്ങളെ ഞെട്ടിക്കും. അയുക്തികമായാണു് പലപ്പോഴും പാഠാവതരണം. ഉദാഹരണത്തിനു് ഒന്നാം പാഠം. `കൃഷിയെ ഒരു സംസ്കാരമായി കാണാത്ത അവസ്ഥ'യാണു് അടിസ്ഥാനമായ സാമൂഹികപ്രശ്‌നം. (സിലബസ് ഗ്രിഡ് കാണുക). ഈ സാമൂഹികപ്രശ്‌നത്തെ കൊള്ളാവുന്ന ഒരു പഠനപ്രശ്‌നമവതരിപ്പിച്ചു വളര്‍ത്തുവാന്‍ ആസൂത്രകന്മാര്‍ക്കോ (സിലബസ് ഗ്രിഡില്‍ നല്കിയിരിക്കുന്ന രൂപരേഖ കാണുക), പാഠത്തിന്റെ രചയിതാക്കള്‍ക്കോ കഴിഞ്ഞിട്ടില്ല. ഉദ്ദേശിച്ച സാമൂഹികപ്രശ്‌നം മറന്നു്, ജന്മിജാതിപ്രത്യയശാസ്ത്രവിമര്‍ശനമെന്ന (അതു പാടില്ലെന്നല്ല ഇവിടെ പറയുന്നതു്. അങ്ങനെ ചെയ്യുമ്പോള്‍ ആ ലക്ഷ്യം വെയ്ക്കണമെന്നാണു് സൂചിപ്പിക്കുന്നതു്) ലക്ഷ്യത്തിലേക്കു് അവര്‍ വഴുതിപ്പോയി. എന്നാല്‍, അതും ഉചിതമായി നിര്‍വ്വഹിക്കാന്‍ കഴിഞ്ഞില്ല. ഭൂപരിഷ്കരണത്തിന്റെ പ്രാധാന്യം പറഞ്ഞുറപ്പിക്കുവാനുള്ള ശ്രമം വിപരീതഫലമുളവാക്കുന്നതാണു്. കിഴക്കു ദിക്കിലെത്തുന്നതിനു് തെക്കോട്ടു പോയി പടിഞ്ഞാട്ടു തിരിയുന്നതുപോലെയുള്ള ഒരു പോക്കു്.

ഈ പാഠം അതിന്റെ പഠനലക്ഷ്യമായ `കൃഷിയെ ഒരു സംസ്കാരമായി കാണാത്ത അവസ്ഥ' എന്ന സാമൂഹികലക്ഷ്യത്തിലേക്കു നയിക്കുന്നില്ലെന്ന വസ്തുത തെളിയാന്‍ അദ്ധ്യാപകസഹായിയുടെ 53 മുതല്‍ 56 വരെയുള്ള പുറങ്ങള്‍ പരിശോധിച്ചാല്‍ മതി. ഈ പാഠത്തില്‍നിന്നു് വിദ്യാര്‍ത്ഥികള്‍ എന്തു് അറിവാണു് നിര്‍മ്മിച്ചതു് എന്നറിയാന്‍ നടത്തിയ ട്രൈ ഔട്ടില്‍ ലഭിച്ച രണ്ടു് പ്രതികരണമാതൃകകകള്‍ അവിടെ കൊടുത്തിരിക്കുന്നു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ രേഷ്മ മോഹന്‍ ആര്‍., ദീപ്തി ജെ. എന്നീ കുട്ടികള്‍ എഴുതിയ കുറിപ്പുകള്‍ വ്യക്തമാക്കുന്നതു് പാഠത്തില്‍നിന്നു് അവര്‍ ജന്മിത്തത്തിന്റെ കെടുതികളെക്കുറിച്ചു മാത്രമേ മനസ്സിലാക്കിയുള്ളൂ എന്നാണു്. ആസൂത്രണം ബഹുകേമം എന്നല്ലാതെ എന്തു പറയാന്‍. വാസ്തവത്തില്‍, കുട്ടികള്‍ മനസ്സിലാക്കിയതു ശരി തന്നെയാണു്. പാഠത്തിലുള്ള വിവരണങ്ങളില്‍നിന്നു് മനസ്സിലാക്കാവുന്ന കാര്യങ്ങള്‍ അവര്‍ മനസ്സിലാക്കി. സ്വീകൃതലക്ഷ്യമായി കാണിച്ചിരിക്കുന്നതു് അതായിരുന്നില്ല എന്നതാണു് ഇവിടെ ഉന്നയിക്കുന്ന പ്രശ്‌നം.

കാര്‍ട്ടൂണ്‍ചിത്രങ്ങളിലൂടെ വിടര്‍ന്നുവരുന്ന പഠനപ്രശ്‌നം അരിയില്ലായ്മ എന്നതാണു്. ഇതു നെല്കൃഷിയെ മാത്രം സംബന്ധിച്ച വിശകലനമായി പരിമിതപ്പെടും. കൃഷിയെന്നാല്‍ നെല്‍ക്കൃഷി മാത്രമാണെന്ന ധാരണ സൂക്ഷ്മമതലത്തില്‍ പേറുന്നതു് പഴയ ജന്മിമനോഘടനയാണു്. കൃഷിസംസ്കാരം കാണാന്‍ പാടവരമ്പത്തും ജന്മിഗൃഹങ്ങളിലും ചുറ്റുന്നു. ഈ ഫ്യൂഡല്‍ മനോഘടനയില്‍നിന്നു് ഉറവെടുക്കുന്നതുകൊണ്ടാണു് ജന്മിത്തത്തിന്റെ വെടിവട്ടസമൃദ്ധിയിലേക്കു് പാഠം കടന്നുചെല്ലുന്നതു്. ജന്മിത്തത്തിന്റെ നികൃഷ്ടതയെ വിമര്‍ശിക്കേണ്ടിവരുന്നതോ? തൊഴിലാളി/കീഴാളബുദ്ധിജീവിയാവാതെ നിവൃത്തിയില്ലാത്തതുകൊണ്ടാണതു്. ജന്മിത്വം അതിജീവിക്കുന്നതു് ഇങ്ങനെയാണു്.

വീണ്ടെടുക്കുന്ന മലിനതകള്‍
ഈ പുസ്തകത്തെ ക്രിട്ടിക്കലായി/വിമര്‍ശനാത്മകമായി സമീപിച്ചാല്‍ സാക്ഷാല്‍ അപനിര്‍മ്മാണമായിരിക്കും നടക്കുക എന്നു് സോമനാഥന്‍ പി ( മാതൃഭൂമി ആഴ്ചപ്പതിപ്പു്, ജൂലൈ 13) കാണിച്ചുതരികയുണ്ടായി. ഒന്നാമത്തെ പാഠഭാഗം വിമര്‍ശനാത്മകമായി, സ്വതന്ത്രമായി പഠിക്കുവാന്‍ വിട്ടാല്‍ കുട്ടികള്‍ ആസൂത്രകന്മാര്‍ ഉദ്ദേശിച്ചതിനപ്പുറത്തേക്കു കടന്നു് പല നിഗമനങ്ങളിലേക്കും എത്തിപ്പെട്ടേക്കും. അരിയുടെ അലഭ്യതയെക്കുറിച്ചു പറഞ്ഞു് ജന്മിത്തത്തിന്റെ സുഖജീവിതവും കര്‍ഷകജീവിതത്തിന്റെ ദുരിതവും വിവരിക്കുകയാണല്ലോ അവിടെ ചെയ്യുന്നതു്. ജന്മിത്തമാണു് സുഭിക്ഷതയുടെ മാതൃക എന്ന നിഗമനത്തിലേക്കുപോലും കുട്ടി എത്തിച്ചേര്‍ന്നേക്കും. എന്തു പരിഷ്കരണമുണ്ടായാലും കര്‍ഷകനു് എക്കാലത്തും ദാരിദ്ര്യം തന്നെയായിരിക്കുമെന്നു മനസ്സിലാക്കുന്നവരുമുണ്ടാകും. ഭൂപരിഷ്കരണം നടത്തുന്നതുകൊണ്ടു് ശാശ്വതമായ ഗുണഫലങ്ങളുണ്ടാക്കാനാവില്ല എന്ന പാഠത്തിലേക്കും എത്തിപ്പെട്ടേക്കും. പുസ്തകത്തിനു പുറത്തേക്കു് വിമര്‍ശനാത്മകമായി നീങ്ങിയാല്‍, അരിവില കൂട്ടിയാലേ കൃഷി രക്ഷപ്പെടൂ എന്നാവാം നിഗമനം. കൃഷിപ്പണി ചെയ്യാന്‍ ആളെ കിട്ടാത്ത അവസ്ഥ എന്ന നിഗമനത്തിലേക്കു് എത്താം. അതിനു കാരണമെന്തെന്നു ക്രിട്ടിക്കലായി പഠിക്കുന്ന വിദ്യാര്‍ത്ഥി മണ്ണില്‍ പണിയുന്നതിനു വന്നുചേര്‍ന്ന മൂല്യരാഹിത്യത്തിലേക്കു കണ്ണുതുറന്നേക്കാം. കൃഷി അന്തസ്സുള്ളതും സംസ്കാരികമായി മൂല്യമുള്ളതുമാണെന്ന അറിവിലേക്കു കുട്ടിയെ നയിക്കാവുന്ന സന്ധിയാണിതു്.

എന്നാല്‍ പാഠഭാഗം ആസൂത്രണം ചെയ്തിരിക്കുന്നതു് ഈ ലക്ഷ്യത്തിലേക്കു വഴിതുറക്കാത്ത രീതിയിലാണു്. വിദ്യാര്‍ത്ഥിയുടെ ശ്രദ്ധയെ അതു് ജന്മിത്തം എന്ന പഴയകാല പ്രതിഭാസത്തിലേക്കും അതിന്റെ അറപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങളിലേക്കും ക്ഷണിക്കുന്നു. കുട്ടികളില്‍ മലിനവിചാരങ്ങള്‍ കുത്തിവെയ്ക്കുന്നതിനു മാത്രം കഴിയുന്നുണ്ടു്. ജാതിബോധം, മതബോധം, വര്‍ഗ്ഗീയത, പക, വിദ്വേഷം, ശത്രുത, വിഭാഗീയത എന്നീ മൂല്യങ്ങള്‍ക്കു കൈവരുന്ന മുന്‍തൂക്കം വര്‍ഗ്ഗസമരത്തിനു സഹായകമായിത്തീരുമെന്നു് ഇതിന്റെ ആസൂത്രകന്മാര്‍ കരുതുന്നുണ്ടാവുമോ? മണ്ണടിഞ്ഞുപോയ അറപ്പിന്റെയം വെറുപ്പിന്റെയും അംശങ്ങള്‍, എച്ചില്‍, തിരികെകൊണ്ടുവന്നു് അതിന്റെ സാന്നിദ്ധ്യത്തില്‍ കുട്ടികള്‍ താന്‍ ജന്മിത്തറവാട്ടുകാരനാണു്, അടുത്തിരിക്കുന്നവന്‍ അടുത്തിരിക്കാന്‍ യോഗ്യനല്ലാത്ത കീഴാളനാണു്, അടുത്തിരിക്കുന്നവന്‍ എന്റെ പിതാക്കന്മാരെ പിഴിഞ്ഞവന്റെ പിന്മുറക്കാരനാണു്, ഞാന്‍ കുലത്തില്‍ താണവനാണു്, അവനെ ശരിയാക്കണം എന്നിങ്ങനെയുള്ള ബോധങ്ങളിലേക്കു തള്ളിയിടപ്പെടാം. ജാതിയുടെ നികൃഷ്ടതയെ ബോധിപ്പിക്കുന്നതിനുദ്ദേശിച്ചിട്ടു് വിപരീതഫലം ഉണ്ടാക്കുന്നു.

ഒരുമിച്ചു് കളിച്ചും ചിരിച്ചും ഒരേ ബെഞ്ചിലിരുന്നും പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ജാതിയിലേക്കും മതത്തിലേക്കും പാരമ്പര്യത്തിന്റെ മേലുകീഴുകളിലേക്കും തെറിപ്പിച്ചുകളയുക എന്നതാണോ പുസ്തകം ലക്ഷ്യമാക്കുന്നതെന്നു സംശയിച്ചുപോകും. മാര്‍ക്‌സിയന്‍ ചിന്തകനായ അല്‍ത്തൂസറെ പിന്‍പറ്റിയാല്‍ ഈ പുസ്തകത്തെത്തന്നെ ഒരു പ്രത്യയശാസ്ത്രോപകരണമായി കാണാം. ഇന്നു്, പതുക്കെയാണെങ്കിലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജാതിജന്മിപ്രത്യയശാസ്ത്രത്തിലെ കര്‍തൃത്വങ്ങളായി മനുഷ്യരെ പുനര്‍വിന്യാസം നടത്തുന്ന പ്രത്യയശാസേ്ത്രാപകരണം. പാഠപുസ്തകം കുട്ടികളെ വിളിച്ചു് (ഇന്റര്‍പെലേറ്റ്) ജാതിയിലേക്കും പാരമ്പര്യത്തിലെ നീചോന്നതികളിലേക്കും ഘടിപ്പിക്കുന്നു. വിദ്യാലയങ്ങള്‍ കെട്ടി വിജ്ഞാനത്തിന്റെ വാതിലുകള്‍ നാനാജാതിമതസ്ഥര്‍ക്കായി തുറന്നുകൊടുത്ത നവോത്ഥാനകാലമനുഷ്യര്‍ ഏതു പ്രത്യയശാസ്ത്രത്തില്‍നിന്നാണോ നമ്മുടെ കുട്ടികളെ വിമുക്തരാക്കിയതു്, ഏതു പ്രത്യയശാസ്ത്രത്തെയാണോ ആവതും നിര്‍വ്വീര്യമാക്കിയതു്, അതേ പ്രത്യയശാസ്ത്രത്തെ പുനരാനയിക്കുകയും ദൃഢീകരിക്കുകയും ചെയ്യുന്നു! അസ്സല്‍ റിവൈവലിസം. ജന്മി-ജാതി-നാടുവാഴിപ്രത്യയശാസ്ത്രം കുട്ടികളെ ഇരകളാക്കുന്ന കാഴ്ച ഇത്ര തെളിഞ്ഞ രൂപത്തില്‍ സാഹിത്യകൃതികള്‍ പോലും നല്കുമെന്നു തോന്നുന്നില്ല. എവിടെ നമ്മുടെ നിയോമാര്‍ക്‌സിയന്‍പ്രത്യയശാസ്ത്രജ്ഞന്മാര്‍? -

ദത്തുപുത്രന്മാര്‍
ഓക്കാനമുളവാക്കുന്ന എച്ചിലും കുപ്പയും തള്ളുന്നതിനു പകരം പ്രകാശം പരത്തുന്ന ഒന്നും തന്നെ പാഠഭാഗത്തു് അണിനിരത്തുവാന്‍ ആസൂത്രകന്മാര്‍ക്കു കഴിയുന്നില്ല. പോസ്റ്റര്‍ പ്രദര്‍ശനവും തുള്ളിക്കളിയും പരിഹാസ്യമായ തെരുവുനാടകബോധവല്ക്കരണവും കൊടിപിടുത്തവുമാണു് ശാസ്ത്രീയമായ സാമൂഹികപ്രവര്‍ത്തനമെന്നു നമ്മുടെ ജനതയെ പറഞ്ഞുപറ്റിക്കുന്നവര്‍ക്കു അതിനു കഴിയില്ലെന്നതാണു് വസ്തുത. കാമ്പില്ലാത്ത ശാസ്ത്രീയതാനാട്യവും ബോധവല്ക്കരണഭ്രമവും കൈമുതലായുള്ള വെള്ള(ക്കോളര്‍)ക്കാരുടെ പ്രതിനിധി ഈ പാഠത്തില്‍, ഏഴാമത്തെ പേജില്‍, പ്രത്യക്ഷപ്പെടുന്നുണ്ടു്. പഠനപ്രശ്‌നം അവതരിപ്പിക്കുന്നതിനായി ചേര്‍ത്തിരിക്കുന്ന രണ്ടാമത്തെ കാര്‍ട്ടൂണില്‍ ചരിത്രം ആ ചിത്രത്തെ വരഞ്ഞുവെച്ചിരിക്കുന്നു. ഷര്‍ട്ടും പാന്‍റും ധരിച്ച യുവാവു് ലോറിയില്‍നിന്നു് അരി തലയിലേറ്റി ഇറക്കുന്ന തൊഴിലാളിയോടു ചോദിക്കുന്നു: ``എല്ലാ കാലവും അന്യസംസ്ഥാനക്കാര്‍ നമ്മെ പോറ്റും എന്നു വിചാരിക്കുന്നുണ്ടോ?'' - മേലനക്കാത്ത ഈ ബോധവല്ക്കരണക്കാരനെ ശ്രദ്ധിക്കാതിരിക്കാന്‍ ആര്‍ക്കു കഴിയും?

പാഠപുസ്തകത്തിന്റെ സൂക്ഷ്മചിഹ്നങ്ങള്‍പോലും കുട്ടികളെ വിവേകത്തിലേക്കു് അടുപ്പിക്കുന്നതാവണമെന്നു നിഷ്കര്‍ഷയുള്ള ആളുകള്‍ ഈ ഡയലോഗിന്റെ വര്‍ഗ്ഗപരരമായ സൂചനകളെ കാണാതിരിക്കുമോ? ഫ്രഞ്ചുപതാകയെ വന്ദിക്കുന്ന കറുത്ത വര്‍ഗ്ഗക്കാരന്റെ ചിത്രം അപഗ്രഥിക്കുന്ന ബാര്‍ത്തിനെ നാമെത്രകേട്ടു! `ക്യാന്‍ സബാള്‍ട്ടേണ്‍ സ്പീക്ക് ' എന്നു കേട്ടു ഞെട്ടിയവരല്ലേ നമ്മുടെ സൈദ്ധാന്തികനേതൃതാരങ്ങള്‍? പറയൂ, തലയിലേറ്റിയ ഭാരത്താല്‍ നാവിറങ്ങിപ്പോകുന്ന തൊഴിലാളിക്കു് ക്ലാസ്സെടുക്കുന്ന പരിഷ ഏതു വര്‍ഗ്ഗക്കാരനാണു്? തൊഴിലാളിയുടെ പേരുപറഞ്ഞു് ആളാവുന്ന, ഭരണകൂടത്തിന്റെ ആനുകൂല്യങ്ങളാകെ വരുതിയിലാക്കുന്ന ഈ ദത്തുപുത്രന്മാരുടെ ഹിജണ്ടയല്ലേ ഈ പുസ്തകത്തെ തീപ്പിടിപ്പിപ്പിച്ചതു്? കേരളത്തെ പുകയില്ലാതെ കത്തുന്ന അടുപ്പാക്കിയതു് ? ഇവരുടെ നിക്ഷിപ്തതാല്പര്യവും അവികസിതമായ ലോകവീക്ഷണവുമാണു് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആഗോളപൗരനെ സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസത്തിനു രൂപരേഖ തയ്യാറാക്കുന്നതെന്നോര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു. പാഠപുസ്തകത്തിനു പകരം ഒരു അപരിഷ്കൃതപിണ്ഡം ചുമക്കേണ്ട ദുര്യോഗം അനുഭവിക്കുന്ന കേരളത്തിലെ സ്കൂള്‍ അദ്ധ്യാപകരേ, നിന്ദിതരേ പീഡിതരേ. സ്കഫോള്‍ഡര്‍മാരായി തരം താഴ്ത്തപ്പെട്ടവരേ, സ്വര്‍ഗ്ഗരാജ്യം നിങ്ങള്‍ക്കുള്ളതത്രെ (ഇവിടം നിങ്ങള്‍ക്കുള്ളതല്ല!).

മുമ്പു സൂചിപ്പിച്ചതുപോലെയുള്ള ഇടപെടലുകള്‍ ധാരാളമായി ഉണ്ടാകുന്നുണ്ടു്. എന്നാല്‍ ക്രിട്ടിക്കലായ ഇടപെടലുകള്‍ കാര്യമായി ഉണ്ടാകാതെ പോകുന്നു. അതുകൊണ്ടാണു് പാഠപുസ്തകസംവാദം വിവാദമായി ഒടുങ്ങുന്നതു്. അല്ലെങ്കില്‍, നമ്മുടെ പാഠപുസ്തകങ്ങളുടെ പാപ്പരത്തത്തിലേക്കും നമ്മുടെ പൊതുവിദ്യാഭ്യാസരംഗത്തെ പുരോഗമനത്തിന്റെയും പുതുമയുടെയും പേരുപറഞ്ഞു് ഉള്ളില്‍ കയറിയിരുന്നു തകര്‍ക്കുന്നവരുടെ പ്രവര്‍ത്തനങ്ങളിലേക്കും കടന്നുചെല്ലുമായിരുന്നു. ഉന്നതമായ മൂല്യബോധവും വൈജ്ഞാനികമായ കരുത്തും ഉള്ള സേ്കാളര്‍മാര്‍ നിര്‍വ്വഹിക്കേണ്ട പണികള്‍ ലഘുലേഖാനിര്‍മ്മാതാക്കള്‍ പിടിച്ചെടുത്തുചെയ്യുന്നതുവഴി നമ്മുടെ വിദ്യാഭ്യാസം ഉറക്കുത്തി നശിക്കുന്നതിന്റെ ഒരു ചിത്രമാണു് തെളിഞ്ഞുവരിക. പാതിവെന്ത ചിന്തകളുമായി പരിഷ്കരണത്തിനിറങ്ങിപ്പുറപ്പെടുന്നവരാണു് ഈ രംഗത്തു പിടിമുറുക്കിയിരിക്കുന്നതു്. നാലുവയസ്സുവരെയുള്ള കാലത്തു് ശിശുക്കള്‍ ഭാഷ ആര്‍ജ്ജിക്കുന്നതിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ അടിസ്ഥാനമാക്കി അഞ്ചാം വയസ്സില്‍ സ്കൂളിലെത്തുന്നകുട്ടികള്‍ ഭാഷ പഠിക്കുന്നതിനെ ആസൂത്രണം ചെയ്യുന്നതും കുട്ടികള്‍ കളിക്കുന്നതില്‍ തല്പരരാണു് എന്നതിനാല്‍ കാര്യമെല്ലാം കളിയാക്കി മാറ്റണമെന്നു ധരിക്കുന്നതും ഇവരുടെ വികലധാരണകളുടെ ഫലമാണു്. നമ്മുടെ വിദ്യാഭ്യാസത്തിന്റെയും സ്ഥിതി `ക്രിട്ടിക്കല്‍' ആയ ഒരു നിലയിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ടു്. അവരെ ഉപയോഗിച്ചു ഇനിയും മുന്നോട്ടു് എന്ന ആശയം പ്രാവര്‍ത്തികമാക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യമാണു് ഭരണകൂടത്തില്‍ കൊള്ളാവുന്ന നിലകളില്‍ വിരാജിക്കുന്ന ബുദ്ധിമാന്മാര്‍ക്കു് ഉണ്ടാവേണ്ടതു്.

കണക്കുതീര്‍ക്കലിന്റെ പ്രത്യയശാസ്ത്രം
ജന്മിത്തത്തിന്റെ ബാക്കിയുമായിട്ടാണു് രണ്ടാം പാഠത്തിന്റെ തുടക്കം. സാംസ്കാരികത്തനിമയെക്കുറിച്ചാണു് ചിന്ത. മതം, ജാതി -അതാണു് സാംസ്കാരികത്തനിമയുടെ മുഖ്യപ്രമേയങ്ങള്‍ അഥവാ മുഖ്യ പ്രശ്‌നങ്ങള്‍. മതം ജാതി-അക്രമം എന്നാണു് പറയേണ്ടതു്. ഈ പാഠപരിസരത്തിലാണു് `മതമില്ലാത്ത ജീവന്‍' കിടക്കുന്നതു്. സര്‍ക്കാര്‍ കമ്മറ്റി അതിനെ പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്കരിച്ചിരിക്കുന്നു. എന്നാലും നോക്കാം. ഇവിടുത്തെ പ്രശ്‌നം/ പ്രശ്‌നമേഖല എന്താണു്? `സാംസ്കാരികത്തനിമയെക്കുറിച്ചും അതിന്റെ സ്വതന്ത്രവികാസത്തെക്കുറിച്ചുമുള്ള ധാരണക്കുറവു്' എന്നാണു് സിലബസ്ഗ്രിഡില്‍ പറയുന്നതു്. എന്നാല്‍ അതിനുതകുന്ന യാതൊരു ആസൂത്രണവും സിലബസ്ഗ്രിഡിലോ പാഠഭാഗത്തോ കാണാനാവുകയില്ല. ഒന്നാം പാഠമുണ്ടാക്കിയ പണ്ഡിതരെ തോല്പിക്കും രണ്ടാം പാഠക്കാര്‍!

`മനുഷ്യത്വം വിളയുന്ന ഭൂമി' എന്നാണു് പാഠത്തിന്റെ തലക്കെട്ടു്. സേ്‌നഹം എന്നെഴുതിയ സ്ലേറ്റുമായി കുട്ടിയും മുത്തശ്ശിയും. നന്നായിട്ടുണ്ടു്. മാനുഷികമൂല്യങ്ങളെ മുന്‍നിര്‍ത്തുന്നതുതന്നെ വിദ്യാഭ്യാസപദ്ധതി എന്നു തോന്നിക്കുന്നുണ്ടു്. തുടര്‍ന്നു് ഇന്ത്യയുടെ പ്രതിജ്ഞയാണു്. ഭാരതം എന്റെ നാടാണു്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണു്...... ഒരു സിനിമാറ്റി എഡിറ്റിംഗിലൂടെ ഈ സാഹോദര്യത്തിന്റെ മുഖം ഭഞ്ജിക്കപ്പെടുന്നു. പ്രതിമുഖത്തിലുള്ളതു് ഒരു പത്രക്കട്ടിംഗാണു്. ``പൊതുകിണറ്റില്‍നിന്നു് വെള്ളമെടുത്തതിനു് ദളിതനെ ചുട്ടുകൊന്നു''-എന്താണു് ഇവിടുത്തെ പാഠം? സേ്‌നഹം സ്ലേറ്റിലേയുള്ളൂ; സാഹോദര്യം പ്രതിജ്ഞയിലും. സത്യമായതു് പത്രത്തിലുള്ളതു്. അതുണ്ടാക്കുന്ന അറിവുകള്‍ `ദളിതന്‍', `കൊന്നു' എന്നീ അംശങ്ങളെ ചുറ്റിപ്പറ്റി വളര്‍ത്തിയെടുക്കണം. ക്രിട്ടിക്കല്‍ പെഡഗോഗിയാണു്. ചോദ്യങ്ങള്‍ വരും. ആരാണു് ദളിതന്‍? ആരാണു് കൊലയാളി?ചര്‍ച്ചയിലൂടെ ഒന്നാം പാഠത്തില്‍ ഉണര്‍ത്തിവളര്‍ത്തിയ ജാതിപ്രശ്‌നം പുനസ്മരിക്കുവാന്‍ അവസരമുണ്ടാക്കുന്നു. പഴയ പാഠവുമായി ആ നിലയില്‍ തുടര്‍ബന്ധമുണ്ടു്! ദളിതനാരെന്നു വിശദീകരിക്കുകയോ മനസ്സിലാക്കാന്‍ സഹായിക്കുകയോ ചെയ്യേണ്ടതു സ്കഫോള്‍ഡറുടെ പണിയാണു്. ദളിതനും സവര്‍ണ്ണനും കൊലപാതകവും വിശദമാകുന്ന ബുദ്ധിയില്‍ ജാതിയും മതവും അക്രമവും അരങ്ങേറ്റണം. ഉയര്‍ന്ന ജാതിയും താഴ്ന്ന ജാതിയും ഉണ്ടെന്നു് മനസ്സിലാക്കണം. താന്‍ ഏതു ജാതി എന്നു്, തന്റെ സാമൂഹികനിലയെന്തെന്നു് മനസ്സിലാക്കണം. മതവും ജാതിയും പ്രശ്‌നകാരിയാണു് എന്നു ബോദ്ധ്യപ്പെടുത്തുകയാണു് ഇവിടെ ലക്ഷ്യമെന്നു മനസ്സിലാക്കാം. മതം/ജാതി = കലഹം എന്നു ചുരുക്കം. മനുഷ്യത്വം വിളയുന്ന ഭൂമിക്കു പകരം, മനുഷ്യത്വമില്ലാത്ത ഭുമി. മനുഷ്യത്വമില്ലായ്മക്കു നിദാനം ജാതിയും മതവും. ഇതില്‍ ശരിയുണ്ടു് എന്നു നമുക്കറിയാം. സങ്കീര്‍ണ്ണമായ ശരികള്‍. ഇത്തരം ശരികള്‍ ശരിയായ വിധത്തില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ആപത്താണെന്നു നമുക്കറിയില്ലെങ്കില്‍ എന്തു ഫലം?

മതരാഹിത്യമെന്ന രാഷ്ട്രമതം
ജാതിയും മതവും മാത്രമല്ല, ഇന്നത്തെ അവസ്ഥയില്‍ അതിലധികമായി അരാഷ്ട്രീയവല്കൃതവും മൂല്യനിരാസകവുമായ അധികാരരാഷ്ട്രീയവും മനുഷ്യത്വരഹിതമായ മുഹൂര്‍ത്തങ്ങളിലേക്കു നമ്മെ നയിക്കുന്നുണ്ടു്. അതിനെയൊക്കെ മറികടക്കാന്‍ കണക്കുതീര്‍ക്കലിന്റെ പ്രത്യയശാസ്ത്രംകൊണ്ടു സാദ്ധ്യമാകുമോ? മതങ്ങളും ആധുനികവിപ്ലവചിന്തകരും ഉയര്‍ത്തി വളര്‍ത്തിയ മാനുഷികമൂല്യങ്ങളെ മുന്‍നിര്‍ത്തുന്ന വിദ്യാഭ്യാസമല്ലേ അതിനുള്ള വഴി? ഇത്തരം ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നതിലൂടെ വളര്‍ത്തിയെടുക്കുന്ന വിവേകം പുസ്തകരചനയില്‍ കൈത്താങ്ങാവാതെ പോയി എന്നതാണു് വാസ്തവം. ഈ പാഠം ഉണ്ടാക്കിയവര്‍, മോശമെന്നു് അവര്‍ ഉറച്ചുവിശ്വസിക്കുന്ന മതത്തെ, വില്ലനാക്കി ചിത്രീകരിച്ചുകൊണ്ടു് കീഴ്‌പ്പെടുത്താമെന്നു ധരിക്കുന്നു. അവിടെയാണു് പിഴക്കുന്നതു്. മതവും ജാതിയും വിശ്വാസങ്ങളും അക്രമത്തിന്റെ വിത്തുകളാണെന്നു സ്ഥാപിക്കുവാനുള്ള വെമ്പലാണു് ഉണ്ടായതു്. ഫലമോ?

മാനുഷികമൂല്യങ്ങള്‍ക്കു പകരം അക്രമം, ഹിംസ, പക, വിദ്വേഷം തുടങ്ങിയ അംശങ്ങള്‍ ആവര്‍ത്തിച്ചു പരാമര്‍ശിച്ചു് ഒരു മലിനാന്തരീക്ഷം തന്നെയുളവാക്കുന്നുണ്ടു്. നിങ്ങള്‍ ഒന്നു് എണ്ണിനോക്കു്, അക്രമസൂചനയുള്ള എത്ര പദങ്ങളാണു് പാഠത്തില്‍ വിതറിയിരിക്കുന്നതെന്നു്. മൂന്നാം പാഠത്തിലെ ദേശീയസ്വാതന്ത്ര്യസമരത്തിലും കലഹത്തിന്റെ പാതയെ ഉദാത്തീകരിക്കാനാണു് ശ്രമിച്ചിരിക്കുന്നതു് എന്നതും കാണുക. അഹിംസ എന്ന വാക്കുതന്നെ ഒഴിച്ചുനിര്‍ത്താന്‍ പരമാവധി ശ്രദ്ധിച്ചിരിക്കുന്നു!

മതമൂല്യമോ മതേതരമൂല്യമോ ഇല്ലാത്ത ഒരു പാഠമാണു് ഉണ്ടായിവന്നതു്. അതു് മതരാഹിത്യം ശ്രേഷ്ഠമാണെന്നു ധ്വനിപ്പിക്കുന്നു. മതേതരത്വം എന്താണെന്നു് എം.എന്‍. കാരശ്ശേരി എഴുതിയിട്ടുണ്ടു്. `` രാഷ്ട്രമതം എന്ന പദവി ഒരു പ്രത്യേക വിശ്വാസസംഹിതയ്ക്കു് കിട്ടുമ്പോള്‍ അതില്‍ ഉള്‍പ്പെടാത്ത രണ്ടാംതരം പൗരന്മാര്‍ക്കു് ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണു് '' (മാതൃഭൂമി ആഴ്ചപ്പതിപ്പു്, ജൂലൈ 13). മനുഷ്യത്വം വിളയുന്ന ഭൂമി എന്ന പാഠം ചെയ്യുന്നതു് ഇതാണു്. മതേതരത്വം എന്ന മഹത്തായ ജനാധിപത്യമൂല്യത്തെ, ഇന്ത്യന്‍ ഭരണഘടനയില്‍ വിവക്ഷിച്ച മതതുല്യത (മതമില്ലായ്മയ്ക്കും മതവിശ്വാസങ്ങള്‍ക്കും തുല്യത) എന്ന ഉദാരമായ അര്‍ത്ഥത്തില്‍നിന്നു് വിടര്‍ത്തുന്നു. എന്നിട്ടു്, മതമില്ലായ്മയാണു് മതേതരത്വത്തിന്റെ വിവക്ഷയെന്നു വരുത്തിത്തീര്‍ക്കുന്നു. നെഹ്രുവിനെ ഉപയോഗിച്ചു് അതു രാഷ്ട്രമതമാണെന്നു ധ്വനിപ്പിക്കുന്നു.

മതവിശ്വാസം മതേതരത്വത്തിനു വിരുദ്ധമാണെന്നും അക്രമത്തിന്റെ വിത്താണെന്നും പാഠം സൂചിപ്പിക്കുന്നു. മതവിശ്വാസി രണ്ടാം തരം പൗരനാണെന്നു വ്യഞ്ജിപ്പിക്കുന്നു. ഈ അസഹിഷ്ണുതയുടെ, `അക്രമ'ത്തിന്റെ, തീയാണു് നാം കാണുന്നതു്. കാര്യങ്ങളറിയാവുന്ന കാരശ്ശേരി ചോദിക്കുന്നു: ``ഒരെതിരഭിപ്രായവും പൊറുപ്പിക്കാനാവാത്ത മട്ടിലുള്ള അസഹിഷ്ണുത വിശ്വാസത്തിനു മേനി തന്നെയോ?'' ഇതേ ചോദ്യം ആസൂത്രകന്മാര്‍ സ്വയം ചോദിക്കാതെ പോയി എന്നതല്ലേ വാസ്തവത്തില്‍ പ്രശ്‌നം. എന്‍ സി എഫിലെ ഭരണഘടനാപരവും സഹിഷ്ണുതാപരവുമായ മതേതരത്വം പാഠപുസ്തകത്തില്‍ മതവിരുദ്ധ അജണ്ടയായി പരിണമിച്ചതു് മതരഹിതവാദികളായ ആസൂത്രകരുടെ അസഹിഷ്ണുതകൊണ്ടല്ലേ? പാഠം അസഹിഷ്ണുതയുടെ വിത്തിട്ടു് അസഹിഷ്ണുതയുടെ വിളവെടുക്കലായി കലാശിച്ചതു് അതുകൊണ്ടല്ലേ? പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുവാന്‍ കടപ്പെട്ട പണ്ഡിതന്മാര്‍ അസഹിഷ്ണുതയാല്‍ പ്രചോദിതരാകുന്നതു മേനി തന്നെയോ എന്നു കാരശ്ശേരി ചോദിക്കുന്നില്ല! -

മതം= അക്രമം V/S മതരാഹിത്യം= നന്മ
മതത്തെ വില്ലനാക്കുകയും മതരാഹിത്യത്തെ നായകനാക്കുകയും ചെയ്യുന്ന ഒരു പാഠനിര്‍മ്മാണം രണ്ടാം പാഠത്തില്‍ നടക്കുന്നുണ്ടു്. മതമൂല്യങ്ങളെ ആദരിക്കുന്നതായി നടിക്കുന്നതുകൊണ്ടൊന്നും മൂടിവെക്കാനാകാത്ത ഈ ഹിജണ്ടയാണു് പുസ്തകത്തെ മതവാദികളുടെയും മതാധികാരികളുടെയും ക്ഷോഭത്തിനു കാരണമാക്കിയതു്. ഈ വസ്തുതയെ മറച്ചുവെച്ചു മതേതരചര്‍ച്ച നടത്തുന്ന കാപട്യം നമ്മെ എങ്ങുമെത്തിക്കില്ല. മതത്തെയും ജാതിയെയും കലഹത്തിന്റെ പ്രതീകക്രമത്തില്‍ ഇണക്കുന്ന ഒരു വിദ്യയാണു് പുസ്തകരചയിതാക്കള്‍ പ്രയോഗിച്ചിരിക്കുന്നതു്. ദളിത് യുവാവിനെ ചുട്ടുകൊന്ന വാര്‍ത്താശകലത്തെ സവിശേഷ ശ്രദ്ധയിലേക്കുകൊണ്ടുവരുന്ന(foreground)തിലാണു് അതിന്റെ തുടക്കം. അതിന്റെ തുടര്‍ച്ചയായി മതമില്ലാത്ത ജീവന്‍ എന്ന ഖണ്ഡം വരുന്നു. അതിനകത്തെന്താണുള്ളതു്? ഹാഫ് ആന്റ് ഹാഫ് എന്നു വി സി ശ്രീജന്‍ വിവരിച്ച അവസ്ഥയെ അഭിമുഖീകരിക്കുവാനിരിക്കുന്ന ഒരു കുട്ടി; മിശ്രവിവാഹിതരുടെ മകന്‍. അവനെ സ്കൂളില്‍ ചേര്‍ക്കുന്ന സമയത്തു സ്വാഭാവികമായി കടന്നുവരാവുന്ന ഒരു പ്രശ്‌നം. അവന്റെ ജാതിയും മതവും എന്താണു്? വിവേകിയായ അച്ഛന്‍ അതു കുട്ടിക്കു വിട്ടു. (അമ്മയുടെ നിശ്ശബ്ദതക്കെന്താണോവോ വിശദീകരണം?) കുട്ടിക്കു പ്രായപൂര്‍ത്തിയാവുമ്പോള്‍ ഇഷ്ടം പോലെ ചെയ്യട്ടെ. - വാസ്തവത്തില്‍ മതവിരുദ്ധതയുടെ കണികപോലും ഈ പാഠഭാഗത്തിനകത്തില്ല.

എന്നാല്‍, അര്‍ത്ഥം ജനിക്കുന്നതു് പറഞ്ഞതില്‍നിന്നു മാത്രമായിട്ടല്ല. അതിന്റെ അപ്പുറവും ഇപ്പുറവും മറുപുറവും എല്ലാം പങ്കുചേര്‍ന്നാണു് അര്‍ത്ഥോല്പാദനം നടക്കുന്നതു്. മതം/ജാതി = കലഹം എന്ന ആശയത്തിനു പിന്നാലെ മതമില്ലായ്മ ചിത്രീകരിക്കപ്പെടുമ്പോള്‍ മതമില്ലായ്മയ്ക്കു്് കലഹത്തിനെതിരായ മൂല്യം സിദ്ധിക്കുന്നു: മതമില്ലായ്മ = കലഹമില്ലായ്മ. ഇതാണു് സിനിമാറ്റി എഡിറ്റിംഗ്. വ്യത്യസ്ത ഷോട്ടുകള്‍ ചേര്‍ത്തുവെച്ചു് അര്‍ത്ഥമുണ്ടാക്കുന്ന വിദ്യ. താരതമ്യവിവേചനത്തിലൂടെ കുട്ടിയുടെ മനസ്സിനെ മതമില്ലായ്മയിലേക്കു് വശീകരിക്കുന്ന ഇവിടുത്തെ തന്ത്ര (മന്ത്ര)വാദത്തെയാണു് മതവാദികള്‍ മണത്തറിഞ്ഞതു്. തന്ത്രത്തിന്റെ ആശാന്മാരായ വിശ്വാസികളെ പറ്റിക്കാനാവുമോ? മതമില്ലാത്ത ജീവനെന്താണു കുഴപ്പം? വിശ്വസിക്കാതിരിക്കുന്നതു കുറ്റമാണോ? മതത്തിന്റെ ആദര്‍ശങ്ങളൊക്കെ അവിടെ എടുത്തു പ്രദര്‍ശിപ്പിക്കുകയും ജീവനു മതം ഏതുവേണമെങ്കിലും സ്വീകരിക്കാമെന്നു പറയുകയും ചെയ്തിട്ടില്ലേ? പിന്നെന്തിനാണു് ഈ മതമൗലികവാദികള്‍ ചാടിപ്പുറപ്പെട്ടിരിക്കുന്നതു് ? - ഇത്തരം ചോദ്യങ്ങളൊക്കെ കുറിക്കുകൊള്ളുന്നതുതന്നെ. കണക്കുകൂട്ടലുകള്‍ തെറ്റുന്നു എന്നു മാത്രം. ഇവരെക്കാള്‍ വിളഞ്ഞ പുള്ളികളാണു വിശ്വാസികള്‍. ഇവര്‍ ബോധവല്ക്കരണം ഈയടുത്തു തുടങ്ങിയിട്ടല്ലേയുള്ളൂ. മതത്തിന്റെ ആളുകള്‍ക്കു് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും ബോധവല്ക്കരണത്തിന്റെ കാര്യത്തിലായാലും നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടു്. കളിയൊക്കെ അവര്‍ക്കു് നന്നായി മനസ്സിലാവും. രണ്ടു് ഉദ്ധരണി വെച്ചു് അവരെ പറ്റിക്കാമെന്നു മോഹിച്ചവര്‍ക്കു മഠയപീഠത്തിനാണു് അര്‍ഹത.

മതമില്ലാത്ത ജീവന്റെ പിന്നാലെ മതമില്ലാത്ത ഒരു ജാഥതന്നെ വരുന്നു. കൊടി, മതമില്ലാത്ത നെഹ്രുവിന്റെ കയ്യിലാണു്. അദ്ദേഹത്തിന്റെ മനോഹരമായ, മതരാഹിത്യത്തിന്റെ ഉദാരമൂല്യബോധം പ്രകാശിപ്പിക്കുന്ന ഒസ്യത്തു്. അതു മതത്തെ പ്രകോപിപ്പിക്കുന്നതല്ല. സമരോത്സുകതയില്ലാത്ത മതേതരത്വമാണതു്. അസഹിഷ്ണുതയില്ല അതിനു്. മതമില്ലാത്തവനാണെന്നതുകൊണ്ടു് നെഹ്രുവിനെ ആദരിക്കാതിരുന്നിട്ടില്ല ഒരു മതക്കാരനും എന്നതുമോര്‍ക്കണം. ഇവിടെ നെഹ്രു എന്താണു് പറയുന്നതു്? മതപരമായ ചടങ്ങുകള്‍ തന്റെ മരണാനന്തരം വേണ്ടെന്നു്. തനിക്കു് അതിലൊന്നും വിശ്വാസമില്ലെന്നു്. വിശ്വാസിയല്ലാത്ത താന്‍ മതപരമായ ചടങ്ങുകള്‍ക്കു വിധേയമാകുന്നതു കാപട്യവും നമ്മെത്തന്നെയും മറ്റുള്ളവരെയും വിരട്ടാനുള്ള ഒരു ശ്രമവും ആയിരിക്കുമെന്നു് - താനര്‍ഹിക്കാത്ത ബഹുമതി തനിക്കു തരേണ്ടെന്നു പറയുന്നതുപോലെ വിനയപൂര്‍വ്വകമായ ഒരു നിരാസമാണു് നെഹ്രു നടത്തുന്നതു്. (പണിമുടക്കു ദിവസത്തെ ശമ്പളത്തിനു സെ്പഷല്‍ ഓര്‍ഡര്‍ ഇറക്കിക്കുന്ന നമുക്കു് അതു മനസ്സിലാക്കാന്‍ തെല്ലു പ്രയാസമുണ്ടാകും.) സൂക്ഷ്മമായ നൈതികത മുദ്രിതമായിരിക്കുന്ന നെഹ്രുവിന്റെ ഈ എഴുത്തു് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി നിര്‍ദ്ദേശിച്ചുവത്രേ! കാരശ്ശേരിമാഷേ, എനിക്കു മനസ്സിലാകുന്നില്ല. നെഹ്രുവിന്റെ വാക്കുകളില്‍ മതവിരുദ്ധമായ എന്തെങ്കിലുമുണ്ടോ? ഇല്ല എന്നു തന്നെയാണു് എന്റെ ബോധ്യം. അതു മാറ്റണമെന്നു നിര്‍ദ്ദേശിച്ചാല്‍ ആളുകള്‍ എന്താണു് മനസ്സിലാക്കുക? മതവാദികള്‍ പ്രകോപിതരാകുന്നതിനു കാരണമായ മതവിരുദ്ധത അതിലാണുള്ളതെന്നല്ലേ?

യഥാര്‍ത്ഥത്തില്‍ പുകയുന്നതു് എന്താണു്? മുകളില്‍ സൂചിപ്പിച്ചതുപോലെ സന്ദര്‍ഭവശാല്‍ വന്നു ചേരുന്ന അര്‍ത്ഥമാണതു്. മതമില്ലാത്ത ജീവനുമായി ബന്ധപ്പെട്ടുളവായ അര്‍ത്ഥം (മതമില്ലായ്മ=വിവേകം) ഈ ഒസ്യത്തുമായിച്ചേരുമ്പോള്‍ ഒന്നുകൂടി ഉറപ്പിക്കപ്പെടുന്നു. നെഹ്രു, മതമില്ലാത്ത ജീവന്റെ മഹാനായ പൂര്‍വ്വമാതൃകയായി മാറുന്നു. അതോടെ മതമില്ലായ്മക്കു് ആധികാരികത കൈവരുന്നു. ഭാഗികമായി വായിച്ചാല്‍, `മതപരമായ ചടങ്ങുകള്‍ = കാപട്യം = വിരട്ടാനുള്ള ശ്രമം' എന്നു് അര്‍ത്ഥം ഉണ്ടാക്കാനുള്ള ഇടവുമുണ്ടു് അവിടെ. ഈ അര്‍ത്ഥോല്പാദനപരിപാടി തങ്ങള്‍ക്കൊഴികെ മറ്റാര്‍ക്കും തിരിയില്ലെന്നു പാവം ആസൂത്രകന്മാര്‍ ധരിച്ചു. പാവങ്ങള്‍! ഫലത്തില്‍, `മതപരമായ ചടങ്ങുകള്‍ = കാപട്യം = വിരട്ടല്‍' എന്നു് ശൃംഖല നീളുന്നു. സമാന്തരമായി, `ജീവന്‍ = മതമില്ലായ്മ = നെഹ്രു' എന്ന ശൃംഖലയും വളര്‍ന്നുവരുന്നു. തൊട്ടുപിന്നാലെ, 'നന്മയിലേക്കുണരുക' എന്നു് ആഹ്വാനം. സംഗതി നന്നു്. ജീവന്‍=മതമില്ലായ്മ=നെഹ്രു=നന്മ എന്നിങ്ങനെ അര്‍ത്ഥശൃംഖല വളരുകയാണു്. ഇതോടെ മറുഭാഗത്തു് തിന്മ എന്ന അംശം കൂടി വന്നുചേരുന്നു. വൈരുദ്ധ്യാത്മകവികാസം അവസാനിക്കുന്നില്ല, മതപരമായ സൂക്തങ്ങളും മതവും തമ്മില്‍ വൈരുദ്ധ്യത്തിലാണെന്നും മതമെന്നാല്‍ തമ്മിലടിയാണെന്നും തുടര്‍ന്നു വ്യക്തമാക്കുന്നു. മതസൂക്തങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതു് അതിനുവേണ്ടിയാണു്. മതസൂക്തങ്ങള്‍ എന്തായിട്ടെന്താ, മതം എന്നാല്‍ പോരടി തന്നെ. മതങ്ങള്‍ തമ്മില്‍ മാത്രമല്ല, മതവിഭാഗങ്ങള്‍ തമ്മിലും കലഹം തന്നെയെന്നുള്ള സൂചനയാണു് പിന്നാലെ. ഇതൊക്കെ ഇല്ലാതാക്കാന്‍ എന്തു ചെയ്യാം നമുക്കു്? ഇതാണു് മുന്നോട്ടു് വരുന്ന ചോദ്യം. ലളിതമാണു് ഉത്തരം: മതമില്ലാതെ ജീവിക്കുക. ജീവന്‍, നെഹ്രു, നന്മ എന്നു കണ്ണിചേരുന്ന ശൃംഖലയും മതം, കൊന്നു, കലഹം, തമ്മിലടി, പോരടി, തിന്മ എന്ന ശൃംഖലയും ചേര്‍ത്തു നയിച്ചാല്‍ ഏതു കുട്ടിയെക്കൊണ്ടും ഈ ഉത്തരം പറയിപ്പിക്കാം. (നിങ്ങളില്‍ ചില പുല്ലുതീനികള്‍ രക്തസാക്ഷിനിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നതോ എന്നു കുട്ടികള്‍ ചോദിക്കാന്‍ ഇടകൊടുക്കാതിരിക്കണം എന്നു മാത്രം). ഈ കെണിയൊരുക്കല്‍ കണ്ടുപിടിക്കപ്പെടുമോ എന്നു ഭയന്നിട്ടെന്നപോലെ തുടര്‍ന്നു് ഒരു സോപ്പു പ്രയോഗമുണ്ടു്. സ്വന്തം വിശ്വാസത്തെപ്പോലെത്തന്നെ മറ്റുള്ളവരുടെ വിശ്വാസത്തെയും ആദരിക്കുക എന്നൊക്കെ എഴുതിപ്പിക്കുന്ന പരിപാടി. (ഈ ബോധം ഉണ്ടായിരുന്നുവെങ്കില്‍, മതങ്ങളെ ഏകപക്ഷീയമായി അധര്‍മ്മത്തിന്റെ ഉറവുകളായി ചിത്രീകരിക്കുന്ന പാഠമേ ഉണ്ടാകുമായിരുന്നില്ല.) അടങ്ങുന്നില്ല. മതത്തെ വീണ്ടും കൊഞ്ഞനം കുത്തുന്നു. മതത്തിന്റെ അപ്രസക്തി വ്യക്തമാക്കാനാണു് ശ്രമം. ചോദ്യമാണു്,
``താഴെപ്പറയുന്ന വിവിധ പ്രശ്‌നങ്ങള്‍ ഏതു മതത്തില്‍പ്പെട്ടവരെയാണു് കൂടുതല്‍ ബാധിക്കുക?
. വിലക്കയറ്റം . കുടിവെള്ളക്ഷാമം . പകര്‍ച്ചവ്യാധികള്‍ . ഭൂകമ്പം.''

ശാന്തം. പാപം. ഇതിനെക്കുറിച്ചു് മറ്റെന്തു പറയേണ്ടൂ? ഈ ചോദ്യത്തിലടങ്ങിയിരിക്കുന്ന പകര്‍ച്ചവ്യാധികള്‍ നമ്മുടെ സമൂഹത്തെ ബാധിക്കുന്നതു മാത്രം നാം കാണുന്നു! സമരോത്സുകമതേതരത്വം ഒളിച്ചുകടത്താനാണു് ആസൂത്രകര്‍ ഉദ്ദേശിച്ചതു്. അതിന്റെ ആവേശം കണ്ടു്-അറിഞ്ഞ മതവാദികളാല്‍ പിടിക്കപ്പെട്ടുവെന്നുവെന്നു മാത്രം. ഹിഡ്ഡന്‍ അജണ്ട എന്നു മുറവിളികൂട്ടിയിട്ടൊന്നും തങ്ങളുടെ ഹിജണ്ടയെ മറയ്ക്കാന്‍ കഴിഞ്ഞില്ല ആസൂത്രകര്‍ക്കു്. വാസ്തവത്തില്‍, ഇതൊക്കെ നേരെ ചൊവ്വേ വൃത്തിയായും വെടിപ്പായും ചെയ്യേണ്ടതാണു്; ആക്രാന്തം കൂടാതെ, വെറി കൂടാതെ. പിന്‍വാതില്‍വിപ്ലവങ്ങള്‍ വിമോചനസമരം കൊണ്ടുവന്നേക്കാം; വിമോചനം കൊണ്ടുവരില്ല. ഉടന്തടിവിപ്ലവക്കാര്‍ക്കു് ഇതു മനസ്സിലാകില്ല. അവരുടെ യുക്തി വിവേകമായി പരിവര്‍ത്തിക്കാത്ത സമരോത്സുകത. അതു് അറിവു കൂടാത്ത ഇടപെടലുകളായി ഫലിക്കും. ഏട്ടിലെപ്പശുവല്ല, നാട്ടിലിറങ്ങിയ പുലിയാണതു്. നമുക്കു നീന്തിക്കയറുവാന്‍ അതു് ചോരച്ചാലുകള്‍ ഉണ്ടാക്കിത്തരും. രക്തസാക്ഷികളെത്തരും.

കലാശം
(മതമാകുന്ന) കീരിക്കാടന്‍ വീണേയ് എന്ന സന്തോഷത്തില്‍ രണ്ടാം പാഠം അവസാനിക്കുന്നു. വന്മരങ്ങള്‍ വീഴുമ്പോള്‍ സംഭവിക്കുന്നതു് സംഭവിക്കുന്നു. ക്രിട്ടിക്കല്‍ പെഡഗോഗി, സിദ്ധാന്തവും പ്രയോഗവും ഫലിക്കുന്നു. ഇവിടെ മിച്ചപ്പെട്ടതു് രണ്ടു മരണങ്ങള്‍. പാഠപുസ്തകത്തില്‍ സൈദ്ധാന്തികമായി മരിച്ചതു് `അദ്ധ്യാപകന്‍'. പുറത്തു്, മര്‍ദ്ദനമേറ്റു മരിച്ചതു് കുടുംബവും ഊരും വേരുമുള്ള അദ്ധ്യാപകന്‍. ചോരയും നീരുമുള്ള മനുഷ്യന്‍!
``നീയെരിച്ചതില്‍പ്പിന്നെയാണല്ലോ
തീയെരിച്ചതസ്സാധുവിന്‍ മാടം'
ചാരമിത്തിരി തത്ര; നിന്നുള്ളില്‍
ഭീരുവിന്‍ സമാധാനവുമല്പം'!
ആത്മപരിശോധനയ്ക്കു സമയമായി....

Subscribe Tharjani |