തര്‍ജ്ജനി

പുസ്തകം

ഭാഷാമയം- ജയശീലന്റെ കവിതകള്‍‌

ഭൗതികവും സെദ്ധാന്തികവും ദാര്‍ശനികവുമായ തലങ്ങളില്‍ ഭാഷ അനുരണനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങുമ്പോഴാണു് സാധാരണക്കാര്‍ കവിത എന്തെന്നു് തിരിച്ചറിയുന്നതു്. അത്രത്തോളമൊക്കെ, അത്രമാത്രമെങ്കിലും, വെറും വാക്കുകളെക്കൊണ്ടു് നിവൃത്തിക്കുക ശ്രമകരമാണെന്നു് പറയേണ്ടതില്ല. എന്നാല്‍ കെ. എ ജയശീലന്റെ കവിതകളില്‍ കാവ്യാനുശീലനത്തിന്റെ ഒട്ടേറെ കഥകള്‍ വാക്കുകളിലാണു് കുടികൊള്ളുന്നതു്. ഭാഷ അശ്മകമായ(fossil) കവിതയാണെന്നിരിക്കെ, ജയശീലന്റെ ഒരു കവിതയ്ക്കു പോലും സുദീര്‍ഘമായ വ്യാഖ്യാനത്തിന്റെ ആവശ്യം വരുന്നില്ല.

ശബ്ദാര്‍ത്ഥങ്ങള്‍ കര്‍ശനമാക്കിയവരെ മെരുക്കിയെടുക്കുവാന്‍പോന്ന ചില വിട്ടുവീഴ്ചകള്‍ കണ്ടേക്കാമെങ്കിലും നിയതാര്‍ത്ഥങ്ങളില്‍ നിന്നുള്ള വ്യതിചലനങ്ങളിലാണു് അദ്ദേഹത്തിന്റെ കൗതുകം. ശബ്ദമുണ്ടാക്കുന്നതെന്തിനും അര്‍ത്ഥമുണ്ടായിരിക്കണമെന്നും, ആ അര്‍ത്ഥം സമകാലികവും സാര്‍വ്വകാലികവുമായിരിക്കണമെന്നുമൊക്കെ നിര്‍ബ്ബന്ധിക്കാമോ? ആ ചോദ്യത്തിലൂടെ ഭാഷയെക്കുറിച്ചും, മനുഷ്യനെക്കുറിച്ചും മനുഷ്യനെക്കുറിച്ചും സാഹിത്യമെന്ന പ്രതിഭാസത്തെക്കുറിച്ചും ജയശീലന്‍ പലതും അന്വേഷിക്കാന്‍ തുനിയുന്നു. മൗലികവാദങ്ങളുടെ അറിവിന്റെ പൊതുസ്വഭാവവും ഉപയോഗവും സാങ്കേതികജ്ഞാനവൃത്തങ്ങള്‍ അങ്ങേയറ്റം പരിഷ്കരിച്ചും വികസിപ്പിച്ചും വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തു് ഒരു കവി 'അറിവിനെക്കുറിച്ചു് ഒന്നും അറിയില്ലല്ലോ' എന്ന നേരു് ആവര്‍ത്തിച്ചു പറയുന്നു. 'ഇന്‍ഫര്‍മേഷന്‍ യുഗ'ത്തില്‍ ജീവിക്കുന്ന ഭൂരിഭാഗം ജനങ്ങള്‍ക്കും ഒന്നിനെക്കുറിച്ചും വലിയ ഇന്‍ഫര്‍മേഷന്‍ ഇല്ല. സങ്കടത്തേക്കാള്‍ ശങ്കയാണു് എവിടെയും തുറന്നു കാണിക്കുന്നതിനേക്കാള്‍, പ്രകാശിപ്പിക്കുന്നതിനേക്കാള്‍, ശ്രദ്ധാപൂര്‍വ്വം മറയ്ക്കാനും ഒളിക്കാനുമാണു് ഭാഷ ഉപയോഗിക്കുന്നതു്. പരസ്യങ്ങള്‍ കുട്ടിക്കവിതകളാകുന്നു. കുട്ടികള്‍ അവ ഏറ്റു ചൊല്ലുന്നു.

അപ്പോള്‍ കാര്യമാത്രമായി നാം ഭാഷയെക്കാണുന്നതിലുള്ള ഈ കവിയുടെ എതിര്‍പ്പുകളില്‍ നിന്നു തുടങ്ങാം. പ്രകടനപരമായ ഭാഷയോടാണു് ഒന്നാമത്തെ എതിര്‍പ്പു്. വിനിമയവിരുദ്ധപ്രസ്ഥാനങ്ങള്‍ക്കാണു് ഇന്നു് പരക്കെ അംഗീകാരം എന്നിരിക്കെ, ഭാഷ ഉപചാരമാക്കുന്നതിനെ നിന്ദിച്ചേ കഴിയൂ. കവിയാണു് അതു് ചെയ്യേണ്ടതു്. ഗ്രീക്കുകാരുടെ ട്രിവിയം - യുക്തായുക്തി, അലങ്കാരം, വ്യാകരണം - ഭാഷയിലുള്ള പ്രാവീണ്യത്തേക്കാള്‍ മിതത്വം ലക്ഷ്യമാക്കിയിരുന്നു പോലും ഒരു നല്ല തത്വം അതിലുണ്ടു്. തു റ്റക്കക്കാരില്‍‌നിന്ന്‌ ഭാഷാര്‍‌ഭാടങ്ങളെഅകറ്റിനിര്‍‌ത്തിയില്ലെങ്കില്‍‌ കലാതിലകങ്ങള്‍ അസഹ്യമായി വര്‍ദ്ധിച്ചുപോകും. അടിമത്തത്തിന്റെ തുടക്കം ഭാഷയുടെ അതിപ്രസരമാണെന്നു് മനസ്സിലാക്കണം. വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും വസ്തുസ്ഥിതികളുടെ വാചകത്തിലൂടെ ആരെയും വിലയ്ക്കു് വാങ്ങാമെന്നു് തെളിയിക്കുന്ന കോര്‍പ്പറേറ്റ് സംസ്കാരം സ്വതന്ത്രരാജ്യങ്ങളുടെ സര്‍ക്കാരുകളെപ്പോലും വീഴിക്കാതെ നിലനിറുത്തിപ്പോരുന്നു. ആ സര്‍ക്കാരുകള്‍ക്കു് ഇടതും വലതും താങ്ങുവേണം.

ഇന്നത്തെ കലാരൂപങ്ങളില്‍, കവിതയില്‍, മറ്റാരുടേയോ ഭാഷ നാം കേട്ടു തുടങ്ങിയിരിക്കുന്നു. നാം അറിയാതെ ഭാഷ നമ്മെ പരിഷ്കരിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാവണം ജയശീലന്‍ മന:പൂര്‍വ്വം സാധാരണക്കാരുടെ ഭാഷയോടൊപ്പം ആഢ്യപാരമ്പര്യത്തിന്റെ ചില സങ്കേതങ്ങള്‍ ഇണക്കിച്ചേര്‍ക്കുന്നതു്. സാധാരണവും പരിചിതവുമായ അവസ്ഥകളില്‍ പോലും അദ്ദേഹം വിവരണത്തെക്കാള്‍ ഭാഷാകേന്ദ്രിതമായ വിചാരങ്ങള്‍ക്കു് ഊന്നല്‍ കൊടുക്കുന്നതായിക്കാണാം. അങ്ങനെ, കുയിലുകളും `സ്വപ്‌നവിസേ്ഫാടന'ത്തിന്റെ രംഗങ്ങളും, പല്ലിയും പ്രാവും, വനത്തില്‍ കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ എല്ലാം തന്നെ ഏറെക്കുറേ `ആദ്യകാലം' എന്നു പറയാവുന്ന ഘട്ടത്തില്‍; അണ്ണാനും ചിത്രശലഭവും, അടുക്കളച്ചുമരിലെ കട്ടുറുമ്പുകളും ചെമ്പോത്തും കുതിരയും മറ്റും മദ്ധ്യകാലകവിതകളില്‍; നനഞ്ഞ നാളികേരവും ഞണ്ടും നരിയും കുഞ്ഞുങ്ങളും, ചള്ളുമരത്തിന്റെ ചില്ലകള്‍ തുടങ്ങി അതിസൂക്ഷ്മദര്‍ശനത്തിലേക്കു് നയിക്കുന്ന ജൈവപ്രപഞ്ചം പില്ക്കാലത്തു് - എല്ലാം തന്നെ ഭാഷയുടെ രൂപകങ്ങള്‍. ചിരപരിചിതമെന്നെല്ലാം പറയാമെങ്കിലും നാം ഇവയെ ഒന്നും തന്നെ കാര്യമായി ശ്രദ്ധിച്ചിട്ടുതന്നെയില്ല - നാം ചിന്തിച്ചോ പറഞ്ഞോ വഷളാക്കുന്ന ഭാഷപോലെ തന്നെ - എന്നു് ജയശീലന്റെ സെ്കച്ചുകള്‍ തെളിയിച്ചു തരും. മറിച്ചു് ഇന്നു് ചിരപരിചിതമായിരിക്കുന്ന സെന്‍സെക്‌സില്‍ നിന്നു് നമ്മെ സ്വന്തം സെന്‍സേറിയത്തിലേക്കു് അവ മോചിപ്പിക്കുക തന്നെ ചെയ്യും.

എന്നാല്‍ വിവരണം അശേഷം പാടില്ല എന്ന നിര്‍ബ്ബന്ധം കവിയ്ക്കില്ല. ഒരു വിവരണവും വഴിതെറ്റി വിസ്മൃതിയില്‍ ലയിച്ചുപോകുന്നുമില്ല. ധ്യാനപരതയുടെ അതിര്‍ത്തികളുില്‍ നമ്മെ എത്തിക്കേണ്ട ദൗത്യം കവിയ്ക്കുണ്ടു്. അഥവാ, അതു മാത്രമാണു് ഭാഷയുടെ സൗകര്യമെന്നു് അദ്ദേഹത്തിനറിയാം. വളരെ സ്വാഭാവികമായ ചില നാടകീയാംശങ്ങള്‍ ഈ കവിതകളില്‍ വന്നു ചേരുന്നു. നടീനടന്മാര്‍ക്കും പ്രേക്ഷകര്‍ക്കും മദ്ധ്യേ നിലകൊള്ളുന്നവരാണു് കഥാപാത്രങ്ങള്‍. വളരെ സൂക്ഷ്മദര്‍ശനത്തിലേ അവര്‍ക്കു് മികവുള്ളൂ. ആഖ്യാനപരമായ അഭിനയംകൊണ്ടേ നാടകം സാദ്ധ്യമാവൂ. വെറുതേ കുറേ മനുഷ്യര്‍ സംസാരിച്ചാല്‍ നാടകമാവില്ലല്ലോ. അപ്പോള്‍ കഥ പറഞ്ഞു സംസാരിക്കണം. കവിതകളില്‍ അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാനുമാവില്ല. കവി തന്നെയാണു് എല്ലാം ഉരുവിടുന്നതെന്നു് പറയാനാവില്ല. അപ്പോള്‍ ആരാണു് സംസാരിക്കുന്നതു്? ആരോടാണു് സംസാരിക്കുന്നതു്? സ്വരവിന്യാസങ്ങളിലൂടെ, ഭാഷണഭേദങ്ങളിലൂടെ ജയശീലന്‍ അവതരിപ്പിക്കുന്ന ആ സ്വത്വങ്ങള്‍ ചില പിരാന്തെല്ലോദൃശ്യങ്ങളെ ഓര്‍മ്മിപ്പിച്ചേക്കാം. ദ്വിമാനചിന്തകളും വിരുദ്ധോക്തികളും ചിലപ്പോള്‍ തിരിച്ചെഴുത്തും തിരുത്തുകളും ഒരേ കവിതയില്‍ കേള്‍ക്കാനും ഇടവരുന്നതു് ഈ കവിയുടെ സൈദ്ധാന്തികമായ കാഴ്ചപ്പാടിനെയാണു് സൂചിപ്പിക്കുന്നതു്. എന്തായിരിക്കാം അതു്?

കൈവിരലുകള്‍ ചൊറിഞ്ഞാല്‍ മറ്റു വിരലുകള്‍കൊണ്ടു് ചൊറിച്ചില്‍ മാറ്റുന്നതുപോലെ, ഭാഷയുടെ അലോസരതകള്‍ ഭാഷകൊണ്ടുതന്നെ ശമിപ്പിക്കണം. വെറും വിനിയോഗപരമായ ധര്‍മ്മം മാത്രമാണു് ഭാഷയ്ക്കുള്ളതു് എന്ന തരം താണ സങ്കല്പത്തോടുള്ള ശക്തമായ വിയോജിപ്പു് പല കവിതകളിലും പരോക്ഷമാണെങ്കിലും `അറിവിനെക്കുറിച്ചു് വിമര്‍ശ'ത്തില്‍ ആ വിയോജിപ്പു് രൂക്ഷവും പ്രത്യക്ഷവുമാകുന്നുണ്ടു്.

യഥാര്‍ത്ഥമായതിന്നകം മാത്രമല്ല,
മുഖവും പുറവുമുണ്ടു്;
അതിനെ ചുറ്റി നടക്കാം.
(`ചെയ്യ'ലാണാ പരിക്രമം)

ആ പരിക്രമത്തില്‍ ഭാഷ കൈവിട്ടു പോവാതിരിക്കണം. അക്ഷരങ്ങള്‍ അകത്തി, പിരിച്ചു്, ഗാഢമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഒരുവന്‍ അറിയുന്നതും അനുഭവിക്കുന്നതുമെല്ലാം കൃത്യമായി പകര്‍ത്തിവെക്കാം; ആ പകര്‍പ്പു് പരിപൂര്‍ണ്ണവും അര്‍ത്ഥവത്തുമാക്കാം, എന്നിങ്ങനെയുള്ള വിചാരങ്ങള്‍ ധാര്‍ഷ്ട്യമാണെന്നു് കവി അറിയുന്നു. അഥവാ, എല്ലാറ്റിനും തത്തുല്യമായ വാക്കുകള്‍ ഉണ്ടെന്ന തോന്നല്‍ തന്നെ സംഗീതത്തിനും മൗനത്തിനും വിരുദ്ധമത്രെ. ഭാഷതന്നെ വോക്കുകള്‍ കിട്ടാതെ പകച്ചുനില്ക്കുന്ന വ്യവഹാരങ്ങളിലേക്കാണു് ചിലപ്പോഴൊക്കെ തിരിയുന്നതു്. ആ ശ്രമങ്ങള്‍ കവിതകളായി പരിണമിക്കുന്നില്ല എന്നതില്‍ കുണ്ഠിതവുമില്ല. ജയശീലന്റെ കവിതകള്‍ പലപ്പോഴും ചില തിരുവുകളിലെത്തി നിന്നു പോവാറുണ്ടു്. എന്നാല്‍ അത്തരം കവിതകളില്‍ ജയശാലനില്‍ മാത്രം കാണാനിടയുള്ള ഒരു സവിശേഷതകൂടി പറയാതെ വയ്യ.

കുന്നപ്പോള്‍ കയ്യില്‍ വന്ന
ചരല്‍കല്ലു തൊടുവാന്‍
ഉരമുണ്ടു് കണ്ണുചിമ്മി
വിരല് പായിക്കുമ്പോള്‍
ആകൃതിയുണ്ടതിനു്
വാക്കില്ല.

`കവിതേ നീ' എന്നാണു് തുടക്കം. അതീവ ശ്രദ്ധയുടെ ഉറവിടം കാഴ്ച മാത്രമല്ല, ചെവിയോര്‍ത്തു് കൈതൊടുമ്പോള്‍ ശബ്ദം കേള്‍ക്കുമാറാകുന്നു. രൂപവും ആകൃതിയും തരിപ്പും മണവും കേള്‍വിയും കാഴ്ചയും രുചിയും വേഗവും എന്നിങ്ങനെ സര്‍വ്വേന്ദ്രിയസദസ്സിലാണു് കവി നില്ക്കുന്നതു്. അല്പം ധൃതിയും ആവേശവും കൂടുതലാണു് ആ നില്പില്‍ എന്നു കൂട്ടിയാലും, തനിമ നഷ്ടമാകുന്നില്ല. അക്ഷറങ്ങള്‍ക്കു് ഒരു വേള കൂലി കൂട്ടിക്കൊടുത്താലും വേണ്ടില്ല, വാക്കുകളെക്കൊണ്ടു് ചെയ്യിക്കാവുന്ന പണി ഈടാക്കുന്നതില്‍ അദ്ദേഹം പിന്നോട്ടല്ല. കവിതയോടു് വിട പറയുന്നതിലും ഒരു ചട്ടംകെട്ടലിന്റെ സ്വരം അറിയാതെ വന്നു പോകുന്നു.

കവിതേ നീ
ഇതുപോലാക-
വെറും തനിമ
തഥാരൂപം

`കുബേര, എന്‍ പരാതി'യില്‍ വീണ്ടും ഒരു ഭാഷാസേ്‌നഹിയുടെ ഉല്‍കണ്ഠയ്ക്കാണു് മുന്‍തൂക്കം. ധൂര്‍ത്തിന്റെ, പ്രൗഢിയുടെ, അഭൗമമായ സങ്കല്പങ്ങളുടെ പ്രദേശത്തു് കവിയ്ക്കു് പണി നഷ്ടമാകുന്നു. സര്‍വ്വാലംകൃതമായ ലോകത്തു് കവിയ്ക്കു് അലങ്കരിക്കാനൊന്നുമില്ല. നരകത്തില്‍ നിന്നു തിരസ്കൃതരായവര്‍ക്കു പോലും ചില്ലറപ്പണികള്‍ തടയാതിരിക്കില്ല. എന്നാല്‍ കുബേരന്റെ അതിഥിക്കു് തൊഴില്‍ പാടില്ല. `അതികാലത്തെ പാത്രങ്ങ'ളും കാഞ്ചനപാത്രങ്ങളെക്കുറിച്ചുള്ള പരാതിയും ചേര്‍ത്തുവായിച്ചാല്‍ ഈ തൊഴില്‍രഹിതന്റെ വല്ലായ്മ ഏറെക്കുറേ മനസ്സിലാകും. അവിടെയും ഒരല്പം ഭാഷയേ വേണ്ടൂ- ജാള്യതയും ഒരല്പമേ പുറത്തു പറയാവൂ.

നിന്റെ പുറത്തിന്റെ
ചെറിയൊരു ഭാഗമുണ്ടു്
ചൊറിയാന്‍ പറ്റാത്തതു്-
അവിടെയാണു്
സരസ്വതി കുടിയിരിക്കുന്നതു്
മറ്റു ദൈവങ്ങളും

അത്ര ദുര്‍ഘടമാണു് മാര്‍ഗ്ഗവും, യാത്രാമദ്ധ്യേ ഉദിക്കുന്ന ബോധവും.

എല്ലാറ്റിവും കവിതയുണ്ടുപോലും; അതാവണം കവിതയെ്ക്കതിരായുള്ള ഓറ്റവും വലിയ ആക്ഷേപം. ഇനി എന്തു ചെയ്യും? ഭാഷയെ മന:പൂര്‍വ്വം കവിതയാക്കിയും, കവിതയെ മന:പൂര്‍വ്വം വാചാടോപമാക്കിയും വന്നുപോയ, കേള്‍വികേട്ട, പ്രസ്ഥാനങ്ങളോടുള്ള വിയോജിപ്പില്‍ ജയശീലന്‍ ആരെയും ധിക്കരിക്കുന്നില്ല. ആധുനികതയോ ഉത്തരാധുനികതയോ ഒന്നാണെന്നോ, ഒന്നല്ലെന്നോ അദ്ദേഹം കരുതുന്നുമില്ല. മഹത്തായ നമ്മുടെ ഭാഷാപ്രസ്ഥാനത്തിന്റെ ഉള്‍പ്പൊഴിവുകളുടെ നിദര്‍ശനമാണു് ജയശീലന്റെ ഓരോ കവിതയും.

സ്വതന്ത്രവും മൗലികവുമായ ഒരു കാഴ്ചപ്പാടിന്റെ സല്‍കൃതിയാണു് ജയശീലന്‍ നമ്മുക്കു് സമ്മാനിച്ചിരിക്കുന്നതു്. അത്ര തന്നെ സ്വാതന്ത്ര്യവും മൗലികതയും അതു് സ്വീകരിക്കുന്ന വായനക്കാര്‍ക്കുമുണ്ടാകണം.

Subscribe Tharjani |