തര്‍ജ്ജനി

പി.ഐ.രാധ

Visit Home Page ...

ലേഖനം

ദുസ്സ്വപ്നങ്ങളില്‍ കീറിയ പുതപ്പ്

സാവിത്രി രാജീവന്റെ കവിതകളെക്കുറിച്ച്


ഭൂമിക്കു മേലുള്ള
ഏതു കാരണമാണ്
ജീവിച്ചിരിക്കാനുള്ള നിമിത്തം?
മലപോലെ
മുന്നിലുരുന്ന കാരണങ്ങള്‍
മഴപോലെ പെയ്യുന്ന കാരണങ്ങള്‍
കറുത്തവ, വെളുത്തവ
നിറമില്ലാത്തവ
ഉള്ളിലുള്ളവ, ഉള്ളില്ലാത്തവ
അല്ലെങ്കില്‍
ഉള്ളുര ചെയ്യുന്നവ
എന്താണ്
ജീവിച്ചിരിക്കാനുള്ള കാരണം?
(ജീവിച്ചിരിക്കാനുള്ള കാരണങ്ങള്‍)

അനേകം ചോദ്യങ്ങളിലൂടെ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ നേരിടുകയാണ് സാവിത്രി രാജീവന്റെ കവിതകള്‍. സ്വന്തം കണ്ണിലൂടെ കണ്ട്, കാതിലൂടെ കേട്ട്, സ്വന്തം വേദനയിലൂടെയും ആനന്ദത്തിലൂടെയും തന്നെയും ലോകത്തേയും തിരിച്ചറിയുന്നതിന്റെ (സമയം എന്നെ വിളിക്കുന്നു) ഭാഗമാണ് ഈ ചോദ്യങ്ങള്‍.

ഈ ചരിഞ്ഞ ഭൂമിയില്‍
എല്ലാം ചരിഞ്ഞിരിക്കുമ്പോള്‍
എന്തിനാണ്
ഞാന്‍ മാത്രം നേരെ ഇരിക്കുന്നത്
(ചരിവ്)
എന്ന് ആദ്യകാലകവിതയിലെ സ്വത്വാന്വേഷണത്തില്‍ ആരംഭിക്കുന്ന ഈ ചോദ്യരീതി കവിതകളിലങ്ങോളമിങ്ങോളം തുടര്‍ന്നുകാണുന്നു. കഥ പറഞ്ഞുകേള്‍പ്പിക്കുന്ന ശാരികയും അമ്മയും മുത്തശ്ശിയുമെല്ലാമാകുന്ന സ്ത്രീസ്വത്വം, ചില വര്‍ത്തമാനകാലപ്രശ്‌നങ്ങളെ നേരിടുന്നുണ്ട്. നിറം ചോര്‍ന്നുപോയ ഈ കാലത്ത് കഥകള്‍ക്ക് ശുഭാന്ത്യം നഷ്ടപ്പെടുന്നു. തന്റെ ഉണ്ണി ഇല്ലത്തുനിന്ന് പുറപ്പെട്ടു, അമ്മാത്ത് എത്തിയതുമില്ല. കടന്നു പോകാനിനി കാടും ഇരുട്ടും മരച്ചുവടും പുലിയും ബാക്കിയാണ്. കഥയും ജീവിതവും ഏകീഭവിക്കെ, ഇനിയെന്ത് സംഭവിക്കും എന്ന ആശങ്ക ബാക്കിയാവുന്നു. ലക്ഷ്യം നഷ്ടപ്പെടുന്ന ജീവിതത്തെക്കുറിച്ചുള്ള ആശങ്ക തന്നെയാകുന്നു ജീവിതം. (കഥ)

ബൈബിള്‍ ബിംബാവലികളിലൂടെ ചരിക്കുന്ന ഉല്പത്തി എന്ന കവിതയിലെ സ്ത്രീ, അവളുടെ ജീവിതം എന്തു നേടി എന്ന മട്ടിലുള്ള ലോകത്തിന്റെ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നു. കുഞ്ഞുങ്ങളുടെ ചിരിവിടര്‍ന്ന പകലില്‍, യുവാവിന്റെ സ്വപ്‌നം വിരിഞ്ഞ വെയിലില്‍, അമ്മയുടെ മോഹംകലര്‍ന്ന രാവില്‍, അവള്‍ കുശിനിയിലോ പുറംതിണ്ണയിലോ ഇരുന്ന് ഒരായിരം അപ്പവും വീഞ്ഞുമൊരുക്കുകയായിരുന്നു. തെരുവിലൂടെ രക്തമൊഴുകുമ്പോള്‍, പടിപ്പുരകളില്‍ നിന്നകന്ന് അവള്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തി. കാഴ്ചയുടെ ജ്വരോത്സവങ്ങള്‍ക്ക് അവധിനല്കിയ ഗാന്ധാരിയായതും അവള്‍ തന്നെ. കുരുതികള്‍ക്കുശേഷം വിജയലഹരിയുമായി മടങ്ങുന്ന രാജാക്കന്മാര്‍ക്ക് അവള്‍ സദ്യയൊരുക്കി. തളര്‍ന്നുപോയ നിന്റെ കുരലില്‍ ഇനി ബാക്കിയെന്ത്? എന്ന ചോദ്യത്തിന് അവളുടെ ധീരമായ ഉത്തരം ഇതാണ്:
ശിഷ്യന്മാര്‍
തള്ളിപ്പറഞ്ഞിട്ടും
നീതിപാലകര്‍ കൈകഴുകിയിട്ടും
ശത്രുക്കള്‍ പലവട്ടം കുരിശേറ്റിയിട്ടും
ഉയിര്‍ത്ത
എന്റെ പുത്രനെ നിങ്ങള്‍ കാണുന്നില്ലയോ?
(ഉല്പത്തി)

ആഹ്ലാദോത്സവങ്ങളുടേയും യുദ്ധങ്ങളുടേയും കുരുതികളുടേയും അരങ്ങുകള്‍ക്ക് പിന്നിലെ നിശ്ശബ്ദസാന്നിദ്ധ്യമാണ് സ്ത്രീ. എങ്കിലും ഉയിര്‍ത്തെഴുന്നേല്ക്കുന്ന ആശയങ്ങളുടെ പിറവി അവളില്‍ നിന്നുതന്നെയാണ് എന്ന് ഈ കവിത പ്രഖ്യാപിക്കുന്നു.

അസൂയാര്‍ഹമായ സൗഭാഗ്യങ്ങള്‍ തീര്‍ത്ത തടവറയിലാണ് നിയമനം എന്ന കവിതയിലെ സ്ത്രീ.
കുന്നിന്‍മുകളിലൊരു വീട്
അസൂയപ്പെടാന്‍ അയല്‍വാസി
ഓമനിക്കാന്‍ ഒരു നായക്കുട്ടി
ഷോകെയ്‌സില്‍
ഹൃദയത്തിന്റെ ഏറ്റവും പുതിയ മാതൃക
................ ഇപ്പോള്‍
തടവറയുടെ താക്കോല്‍ സൂക്ഷിക്കാന്‍
ഞാനൊരു പെട്ടി പണിയുന്നു
ഏഴറയുള്ള പെട്ടി
(നിയമനം)

നാഗരികസൗഭാഗ്യം താഴും തോക്കോലും തീര്‍ത്ത് കാവലിരിക്കാന്‍ നിയോഗിക്കപ്പെട്ട വീട്ടമ്മ, അവയുടെ സൂക്ഷിപ്പുകാരി മാത്രമായിത്തീരുന്നു; തടവുകാരിയും.

ജനല്‍ എന്ന കവിത, ഒരു വീട്ടമ്മ കാണുന്ന സംഭവബഹുലമായ പകലിന്റെ ജനല്ക്കാഴ്ചയാണ്. അവള്‍ ജനലുകളിലൊന്നു മാത്രം തുറക്കെ, അഴികള്‍ക്കുമേല്‍ വന്നിരിക്കുന്ന പകലെന്ന വെള്ളപ്രാവ് ഓരോന്നാവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. വെളിച്ചം, ബാല്യവും മദ്ധ്യാഹ്നവും സായാഹ്നവും പിന്നിട്ട് മുഷിഞ്ഞസൗഹൃദംപോലെ മറയുന്നു. രാത്രിയില്‍ അവള്‍ ജനല്‍ മുഴുവനായി തുറക്കവേ, ഇരുട്ടിന്റെ പടവുകളില്‍, പാതിരാപ്പൂവിനൊപ്പം അകത്ത് ഒരു വെളിച്ചം പരക്കുന്നു. കവിതയുടെ വെളിച്ചമാണ് ഇരുണ്ടരാത്രി അവള്‍ക്കായി കരുതിവെച്ചിരിക്കുന്നത്. എന്നാല്‍ വര്‍ത്തമാനകാലത്തിന്റെ മുറവിളികള്‍ ചിലരാത്രികളെ ദു:സ്വപ്‌നഭരിതമാക്കുക തന്നെ ചെയ്യുന്നു.

ഇരുള്‍വിളയുന്ന ഈ രാത്രിയില്‍
ദുസ്സ്വപ്നങ്ങള്‍ കീറാത്ത
ഒരു പുതപ്പാരു തരും?
(പുതപ്പ്) എന്ന നിസ്സഹായതയായിത്തീരുന്നു, അത്.

ദിവസം പടികയറി വന്ന് തന്നോട് പലതും പിടിച്ചുവാങ്ങി, ജനല്ക്കാഴ്ചകള്‍ തന്ന് മടങ്ങുമ്പോള്‍ ആവര്‍ത്തനവിരസതയുടെ ഈ ചോദ്യം ചിലപ്പോഴുയരുന്നു:

പഠിക്കാനൊരു പാഠമോ
ദര്‍ശനത്തിനൊരു ദൈവമോ
എന്തിന്
ഒരു തിളങ്ങുന്ന തലയോ വാലോ ഇല്ലാതെ
ഞാന്‍ ഒറ്റയ്ക്കിരിക്കുകതന്നെയാണ്
അടച്ചിട്ട ഗേറ്റും വാതിലും തുറന്ന്
പൂട്ടിവെച്ച കണ്ണും മനസ്സും തുറന്ന്
എന്റെ ദിവസം
എന്തിനാണ് പടികയറുന്നത്?
(ദിവസം)

ഒരു പേരില്‍ എന്തിരിക്കുന്നു എന്നും ഒന്നുമില്ലല്ലോ എന്നും ആശ്വസിച്ചും ഒരു പേരില്‍ എല്ലാമുണ്ടെന്നു തോന്നിയ അനുരാഗദിനങ്ങള്‍ പിന്നിട്ടും ജീവിതത്തിന്റെ പടവുകള്‍ കയറവേ, ക്രമേണ പേര് അപ്രസക്തവും അപ്രത്യക്ഷവുമാകുന്നു. ഉണ്ണികള്‍ക്കല്‍ അമ്മയും ഭര്‍ത്താവിന് ഭാര്യയും ജോലിക്കാരിക്ക് ചേച്ചിയുമായിത്തീര്‍ന്ന് പേര് എങ്ങോ മാഞ്ഞുപോയി.

ഇനി ആരാണ്
എനിക്കൊരു പേരു തരിക? എന്ന ആകാംക്ഷയില്‍ ഇതൊന്നുമില്ലാത്ത എന്നെ ആരാണ് വീണ്ടെടുക്കുക എന്ന ചോദ്യമാണുള്ളത്.

കണ്ണാടി, പ്രതികരണരഹിതമായ സ്വത്വത്തെ പതിവുപോലെ ഇങ്ങനെ വെളിപ്പെടുത്തുന്നു.

ഞാന്‍ ദിവസവും കണ്ണാടി നോക്കുന്നു
അതേ ചെറിയ കണ്ണാടികള്‍
അതേ ചെമ്പിച്ച രോമങ്ങള്‍
അതേ കുരയ്ക്കാത്ത ചുണ്ടുകള്‍
അതേ കടിക്കാത്ത പല്ലുകള്‍
അതേ തുടലുകള്‍
അതിന്റെ മുഖത്ത്
വെറുക്കപ്പെടേണ്ടതായി ഒന്നുമില്ല.
(കണ്ണാടി)

ക്രിയകളിലൂടെയും വിശേഷണങ്ങളിലൂടെയും ഇവിടെ ഉപമാനം തെളിയുന്നു. വിധേയത്വത്തിന്റെ പ്രതീകമായ തന്നില്‍ കടയറ്റ കാറ്റുപോലെ ചിതറുന്ന ചിന്തകള്‍ മാത്രം അലടിക്കുന്നു.

പ്രതിഷ്ഠ, സാരി എന്നാ കവിതകള്‍ വേഷവും മുന്‍ധാരണകളും കൊണ്ട് പ്രതിഷ്ഠിതമായ സ്ത്രീസങ്കല്പത്തെ വിലയിരുത്തുന്നു:

അടുക്കളയില
തേഞ്ഞുതീരുന്ന വീട്ടുപരണമാകാണു ഞാന്‍
ശ്വസിക്കുന്നതിനാല്‍ നടക്കുകയും
നടക്കുന്നതിനാല്‍ കിടക്കുകയും ചെയ്യുന്ന
പാചകങ്ങള്‍ക്കൊപ്പം വാചകങ്ങള്‍ വിളമ്പുന്ന
സങ്കീര്‍ണ്ണത ഒട്ടുമില്ലാത്ത ഒരുപകരണം.
(പ്രതിഷ്ഠ)

ലോകം ഈ പ്രതിഷ്ഠയുടെ ശിരസ്സിനുമേലെ സമാഹരിക്കാത്ത ഒട്ടേറെ കല്പനകള്‍ തൂക്കിയിട്ടിരിക്കുന്നു. കുഞ്ഞുങ്ങളുടെ ഇളം ചുണ്ടുകളില്‍പോലും അനേകം കല്പനകളുണ്ട്.

സാരി സ്ത്രീയുടെ ഉടലിനെ മറ്റൊരു സങ്കല്പത്തിലേക്ക് രൂപീകരിക്കുന്നു.

രണ്ടുകാലുകള്‍ ഒന്നാക്കിമാറ്റി
അല്ലെങ്കില്‍
കാലുതന്നെ മാറ്റി
അതെന്നെ
താമരപ്പൂവിലോ
ഭാരതമദ്ധ്യത്തിലോ
പ്രതിഷ്ഠിക്കുന്നു
(സാരി)

ലോകം വേഷത്തിലൂടെ കര്‍മ്മത്തിലൂടെ കല്പനയിലൂടെ സ്ത്രീപ്രതിഷ്ഠ നിര്‍വ്വഹിച്ചുകൊണ്ടേയിരിക്കുന്നു. താരാട്ടുപാടിയും അമൃതവും ധനവും വര്‍ഷിച്ചും ഒടുവില്‍ ഭൂമി പിളര്‍ന്ന് പാതാളത്തിലേക്ക് മറയാനാണ് അവള്‍ നിയോഗിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ സാരിയല്ല തന്റെ ഇഷ്ടവേഷമെന്ന് കവയിത്രി പ്രഖ്യാപിക്കുന്നു.

കാവ്യങ്ങളും സങ്കല്പങ്ങളും ഐതിഹ്യങ്ങളും പെണ്ണുടലിനെ പലമട്ടില്‍ നിര്‍വ്വചിച്ചു. ഉടലില്‍ ഒരു കടലുണ്ടെന്നും കടലില്‍ വൈരങ്ങളും രാഗങ്ങളും തിളങ്ങാറുണ്ടെന്നും ആ കടല്‍ തുഴഞ്ഞെത്തിയ ഗാമ പഠിപ്പിച്ചു. എന്നാല്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഏതോ ഭൂഖണ്ഡമാണ് തന്റെ ഉടല്‍ എന്ന ബോധം ദേഹാന്തരം എന്ന കവിത പ്രകടിപ്പിക്കുന്നു.

ജീവിച്ചിരിക്കുമ്പോള്‍ വിധേയത്വത്തിന്റെ പ്രതീകമായ ഈ ഉടലിന് ചലനമറ്റശേഷം അനന്തമായ സഞ്ചാരസാദ്ധ്യതകളാണുള്ളത്: അനന്തമായ പെരുമാറ്റസാദ്ധ്യതകളും.

തീയിലേക്കും
കടലിലേക്കും
ആകാശത്തിലേക്കും അതിനു പോകാം.

.... പട്ടുപോലെ നേര്‍ത്തസ്പര്‍ശമായി
പഴംപാട്ടുപോലെ പുല്കുന്ന സാന്ത്വനമായി
ഗൂഢമായ ഇരുളായി
തണുപ്പാര്‍ന്ന ഗന്ധമായി
അതിന്റെ അപരിമിതസാദ്ധ്യതകള്‍ കവയിത്രി വിശദീകരിക്കുന്നു. സ്ത്രീയുടെ സ്നേഹപ്രഖ്യാപനത്തിന്റെ അപാരതയെ മൂന്ന് ചുവടുകൊണ്ടളന്ന് അവളെ പാതാളത്തോളം താഴ്ത്തുന്ന പുരുഷസത്തയെയാണ് വാമനന്‍ എന്ന കവിതയില്‍ കാണുന്നത്. അയാള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. എന്താണിതിനര്‍ത്ഥം? അവള്‍ കുടയും മറയുമില്ലാതെ വേശ്യയെപ്പോലെ വേട്ടയ്ക്കിറങ്ങിയ യക്ഷിയെപ്പോലെ നിസ്സങ്കോചം സേ്‌നഹം വെളിപ്പെടുത്തുന്നു.

അവസാനിക്കാത്ത ആ വിചാരണയ്ക്കും
കാല്‍ക്കിഴില്‍നിന്നും മറഞ്ഞ ഭൂമിക്കും
തലയ്ക്കു മുകളില്‍ നിന്നും മാഞ്ഞ ആകാശത്തിനും മീതെ
ഞാന്‍ പറഞ്ഞു:
സ്നേഹമാണ് നിന്നോടെനിക്ക്
കുടയും മറയുമില്ലാതെ
ഭയകാപട്യങ്ങളില്ലാതെ.
(വാമനന്‍)

മഹാബലിയുടെ പുരാവൃത്തത്തിലെന്നപോലെ ഈ സ്നേഹത്തിന് വസന്തം തേടി വീണ്ടും വീണ്ടും തന്റെ സാമ്രാജ്യത്തിലേക്ക് മടങ്ങിയെത്താതിരിക്കാന്‍ ആവില്ല. ഞാന്‍ സീതയോ രാധയോ കണ്ണീരോ കിനാവോ അല്ല എന്നിങ്ങനെ അവസാനിക്കാത്ത നിഷേധങ്ങള്‍ക്കൊടുവില്‍ കവിത പതിവുപോലെ ഒരു വഴിത്തിരിവിലെത്തുന്നു.

അല്ലെങ്കില്‍
ഞാനെന്തല്ല?
എന്തല്ല ഞാന്‍?
(ഞാന്‍)
എല്ലാ നിഷേധങ്ങള്‍ക്കും അപ്പുറത്ത് താന്‍ എല്ലാമായിത്തീരുന്ന കരുത്തുകൂടിയാണിത്.

ആദര്‍ശപ്രണയം ഒരു ഭൂതകാലസ്വപ്നമോ ചരിത്രമോ മാത്രമാകാം എന്ന് നോക്കിക്കൊണ്ടിരിക്കെ പ്രണയം എന്ന കവിത ആവിഷ്കരിക്കുന്നു. എല്ലാ ഉത്കണ്ഠകളേയും ദുരെ തള്ളി പ്രണയം യമുനാതീരത്തെ ചക്രവര്‍ത്തിയേയും പ്രണയിനിയേയും തിരഞ്ഞ്

വെണ്ണക്കല്‍പ്പവുകള്‍ കയറി
ഭൂതകാലത്തിലേക്ക് പോയി
(നോക്കിക്കൊണ്ടിരിക്കെ പ്രണയം)

പ്രണയത്തെ അതായി തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് രമണന്റെ ദുരന്തകാരണമെന്ന് ചന്ദ്രിക പ്രഖ്യാപിക്കുന്നു.

പ്രണയം
നദികള്‍ സമുദ്രത്തിലേക്കെന്നപോലെ
ദുരന്തത്തിലേക്കോ സാഫല്യത്തിലേക്കോ
സാഫല്യത്തിലോ ദുരന്തത്തിലോ
ചെന്നു ചേര്‍ന്നൊത്തുചേര്‍ന്ന-ലയുര്‍ത്തണമെന്ന്
കവിക്ക് നിര്‍ബ്ബന്ധം.
അതിനാല്‍ കവിയുടെ ചുണ്ടിലും
രമണന്റെ കാതിലും
എപ്പോഴുമുണ്ടായിരുന്നു
ആ മണിമുഴക്കം.
(ചന്ദ്രിക)

സ്വയംഭൂവായ ഭൂമിയെപ്പോലെ സ്വയം തിരയുന്നവളും തിരിയുന്നവളുമായ ചന്ദ്രിക രമണന്റെ അന്ത്യത്തിന് പുതിയ വിധിയെഴുതുന്നു.

ഭീരുവിന്
യുദ്ധത്തിലെന്നപോലെ
പ്രണയത്തിലും
അസ്ത്രങ്ങളെ പേടിയാണ്
നേത്രരോഗിക്ക്
സൂര്യനെ
ശൂന്യതയ്ക്ക് നിറവിനെ
ഉണ്ണിക്ക്
ഊരിനെ.
(ചന്ദ്രിക)

പ്രണയത്തെ ഊരും നിറവും സൂര്യജ്ജ്വലനവുമായി ഈ ചന്ദ്രിക കണ്ടെത്തുന്നു. രമണനാകട്ടെ. അതിനെ നേരിടാനാകാതെ പലായനം ചെയ്യുന്നു.

കഥാപാത്രങ്ങളായി മാറിയും ഭക്തിയിലും വീരരസത്തിലും ആറാടിച്ചും കഥ ചൊല്ലിയ ശാരികപ്പെതലിന്റെ നഷ്ടമായിപ്പോയ ആകാശങ്ങളെക്കുറിച്ചാണ് എഴുത്തച്ഛനോട് എന്ന കവിത ഓര്‍മ്മിപ്പിക്കുന്നത്. തനിക്കുവേണ്ടി പാടിപ്പാടി പറക്കല്‍ മറന്ന, കിളിയുടെ ആകാശങ്ങള്‍ക്കപ്പുറത്തുള്ള സ്വന്തം ആകാശങ്ങളെക്കുറിച്ച് എഴുത്തച്ഛന്റെ ഉപാഖ്യാനങ്ങള്‍ മൗനം പാലിക്കുകയേ ഉള്ളൂ.

പ്രണയനഷ്ടത്തെ പ്രാണനഷ്ടമായി കണ്ടെത്തുന്ന കവിതയാണ് പ്രേമവും മരണവും.

നീ
കണ്ടുകൊണ്ടിരിക്കെ
പ്രേമിച്ചു മോഹിച്ചുകൊണ്ടിരിക്കെ
അവന്‍
നിന്നോട് മന്ത്രിക്കുന്നത്
നിന്നോടെനിക്ക് സ്നേഹമില്ല എന്നാണെങ്കില്‍
അപ്പോള്‍
അപ്പോള്‍ മാത്രം
കടലുകള്‍ക്കു മാത്രമറിയാവുന്ന
ആഴങ്ങളില്‍ നിന്ന്
ഒരു തിര, വീണ്ടും ഒരു തിര പൊങ്ങിവന്ന്
ശ്വാസത്തിനോടൊപ്പം
അലയുന്നതുപോലെ
പെട്ടെന്നൂതിയ കാറ്റില്‍
ചെറുദീപം കെട്ടുപോകുന്നതുപോലെ
നിന്റെ കെട്ടുപോകുന്ന
മന്ദഹാസത്തില്‍
നീ സ്വന്തം മരണസുഖമറിയും.
(പ്രേമവും മരണവും) ജീവിച്ചിരിക്കെ മരണത്തെ മുഖാമുഖം കണ്ടറിയാവുന്ന സന്ദര്‍ഭമാകുന്നു, ഇത്.

തെരുവില്‍ അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ അവസ്ഥ അവള്‍ എന്ന കവിത ആവിഷ്കരിക്കുന്നു. സ്ത്രീ, കുരുടന്മാര്‍ തൊട്ടറിഞ്ഞ ആനയെന്നപോലെ തെരുവില്‍ പല അവയവങ്ങളായി ചിതറിത്തെറിക്കുന്നു. കൂടിച്ചേരാന്‍ വെമ്പലോടെ ശ്രമിക്കുന്നതിനിടയില്‍ മുഖവും ഉടലും പലതുമായി വ്യാപാരികളും വ്യവസായികളും അവളെ അപഹരിച്ച് കൊണ്ടുപോകുന്നു. മറ്റൊരു കണ്ണകിയായി ഈ പുരമെരിക്കാനാഗ്രഹിച്ചിട്ടും ആവാതെ അവള്‍ കുഴഞ്ഞുപോകുന്നു.

അവള്‍
ആരാണ് എന്നെനിക്കറിയില്ല
എന്നാല്‍ അവള്‍ക്ക് ഇനി രഹസ്യളൊന്നുമില്ല
(അവള്‍)
എന്ന സമാപനത്തിലൂടെ അവള്‍ അശരണവും പീഢിതവുമായ സ്ത്രീത്വത്തിന്റെ മുഴുവന്‍ പ്രതിനിധിയായിത്തീരുന്നു.

നാറ്റം എന്ന കവിതയിലെ തൂപ്പുകാരിയായ മറിയ കുപ്പത്തൊട്ടിയുടെ മൂടി തുറന്നുകൊണ്ട് `കഥ പറയാന്‍ എനിക്കാവില്ല' എന്ന് പ്രഖ്യാപിക്കുന്നു. നാടു് ചീയുന്ന വാസ്തവത്തിനുമുമ്പില്‍, നേരിനെ അഭിമുഖീകരിക്കാനാവാത്ത ഭരണവര്‍ഗ്ഗത്തിനു മുമ്പില്‍, തൊട്ടിയുടെ മൂടി തലയില്‍ചൂടി മറിയ നിവര്‍ന്നുനില്ക്കുന്നു. അവള്‍ നിര്‍വ്വഹിക്കുന്നത് സത്യത്തിന്റെ അനാവരണമാണ്.

അടുക്കളയില്‍ നിന്നു് അരങ്ങത്തേക്ക് വന്നവള്‍ ഏതോ സേ്പാണ്‍സര്‍മാര്‍ക്കുവേണ്ടി ലാസ്യതാണ്ഡവങ്ങളാടി ഭൂമി പിളര്‍ന്നു് അന്തര്‍ദ്ധാനം ചെയ്യുന്നതും പകരം ഒരു അമ്പലത്തില്‍ പ്രതിഷ്ഠയാകുന്നതും സമകാലികദൃശ്യമായി `വീട്ടമ്മമാരുടെ നൃത്തം' ചിത്രീകരിക്കുന്നു.

അടുക്കളയില്‍ ജന്മം നൂറായിരം പണികളില്‍ തളച്ചിടുന്നവള്‍, കാവ്യങ്ങളും ഐതിഹ്യങ്ങളും കെട്ടുകഥകളും വാഴ്ത്തുന്നവള്‍, കടലോളം അപാരമായ പ്രണയം ഉള്ളില്‍ കൊണ്ടുനടക്കുന്നവള്‍, കാമക്കണ്ണുകളും വിപണനതന്ത്രങ്ങളും കൊണ്ടു് പലതായി തെറിച്ചുപോകുന്നവള്‍ - ഈ ഓരോ അവതാരത്തിലും സര്‍ഗ്ഗാത്മകതയുടെ കനലും വെളിച്ചവും പ്രസരിപ്പിക്കുന്നവളാണു് സാവിത്രീ രാജീവന്റെ കവിതകളിലെ സ്ത്രീ.

Subscribe Tharjani |