തര്‍ജ്ജനി

ഇയ്യ വളപട്ടണം

പി.ഒ. ചിറക്കല്‍,
കണ്ണൂര്‍ 11.

Visit Home Page ...

കഥ

ദൈവത്തിന്റെ കോടതി

'അപ്പോള്‍ ആ സമയത്ത്‌ വേദന ഉണ്ടായിരുന്നില്ലേ'? ദൈവത്തിന്റെ വക്കീല്‍ പെണ്‍കുട്ടിയോട് ചോദിച്ചു.

' ഉണ്ടായിരുന്നു'... പെണ്‍കുട്ടി വിക്കിവിക്കി പറഞ്ഞു.

' അപ്പോള്‍ എന്തു കൊണ്ടു നിലവിളിച്ചില്ല? ബഹളം വെച്ചില്ല?' വക്കീല്‍ തുടര്‍ന്നു ചോദിച്ചു.

നിലവിളിച്ചിരുന്നു. നേരിയ ഒച്ചയില്‍ പെണ്‍കുട്ടി പറഞ്ഞു. അങ്ങനെ പറഞ്ഞതു കൊണ്ട്‌ ദൈവത്തിന്റെ വക്കീല്‍ മാത്രമേ പെണ്‍കുട്ടി പറഞ്ഞത്‌ കേട്ടുള്ളൂ.

' ഹഹഹഹ' ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് അശ്ലീലച്ചുവയോടെ ചുറ്റുപാടും നോക്കി ഉമിനീരിറക്കി കൊണ്ട്‌ വക്കീല്‍ പറഞ്ഞു.

നിലവിളിക്കും.. അത്ര ഭയങ്കരമായിരിക്കും പരിപാടി. വക്കീല്‍ വീണ്ടും വ്യംഗ്യാര്‍ത്ഥത്തോടെ കൈവരലുകൊണ്ട്‌ പെണ്‍കുട്ടിയോട് ആഗ്യം കാണിച്ചു. അതൊരു വിജയത്തിന്റെ ചിഹ്നമായിരുന്നുവെന്ന്‌ പെണ്‍കുട്ടിക്ക്‌ തോന്നി.

' എന്നാലും രക്ഷപ്പെടാന്‍ ശ്രമിച്ചുകൂടായിരുന്നോ? ദൈവത്തിന്റെ വക്കീല്‍ പതിയെ ചോദിച്ചു.

' ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അവര്‍ മൂന്നുനാലു് പേരുണ്ടായിരുന്നു. എല്ലാം ആരോഗ്യമുള്ളവര്‍. എങ്ങനെയാണ്‌ അവരില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുക? നിലവിളിച്ചപ്പോള്‍ ആ താടിക്കാരന്‍ വായില്‍ തുണി തിരികിക്കയറ്റിയിരുന്നു.'
പെണ്‍കുട്ടി മുഖം പൊത്തിപ്പിടിച്ച്‌ കരയാന്‍ തുടങ്ങി.

ദൈവത്തിന്റെ വക്കീലിന്റെ ലക്ഷ്യം എങ്ങനെയെങ്കിലും പെണ്‍കുട്ടിയെ ചോദ്യം ചെയ്തു തോല്പിക്കുക എതായിരുന്നു. ഉത്തരം പറയാതെ പെണ്‍കുട്ടി ശ്വാസം മുട്ടി നില്ക്കണം. അത്രയേ വേണ്ടു. പക്ഷേ അവള്‍ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം പറയുന്നതു കേട്ടപ്പോള്‍ അയാള്‍ക്ക്‌ കലിവന്നു. മുഖം ചോന്നു തുടുത്തു.

മറക്കുവാന്‍ ശ്രമിച്ചതൊക്കെ വീണ്ടും വീണ്ടും ഓര്‍ത്തെടുക്കുന്നതു പെണ്‍കുട്ടിക്ക്‌ ഇഷ്ടമുള്ള കാര്യമല്ലായിരുന്നു. മറവിയുടെ അന്തര്‍ഭാഗത്ത്‌ മൂലയില്‍ മൂടിവെച്ച്‌ മണ്ണിട്ട്‌ മൂടിയതായിരുന്നു‍ അക്കാര്യമൊക്കെ. വീണ്ടും ...ഇനി വയ്യ... എന്തിനാണ്‌ ഇതൊക്കെ ചോദിക്കുന്നത്‌.? ചോദ്യം ചോദിക്കുന്നത്‌ ദൈവത്തിന്റെ വക്കീല്‍. അവസാനം മാര്‍ക്കിടുന്നത്‌ ദൈവത്തിന്റെ ജഡ്ജി. ഇവിടെ നടക്കുന്നത്‌ ഒരു പരീക്ഷയാണെന്ന്‌ അവള്‍ക്കു തോന്നി.

ഒരേയൊരു നിമിഷം ദൈവത്തിന്റെ വക്കീല്‍വീണ്ടും പുഞ്ചിരിയോടെ ആ പെണ്‍കുട്ടിയുടെ നെഞ്ചിലേക്ക്‌ വിരല്‍ ചൂണ്ടി ചോദിച്ചു.
' നിങ്ങള്‍ ആ നിമിഷം ആഹ്ലാദിച്ചിരുന്നില്ലേ? ഇതുവരെ കിട്ടാ‍ത്ത ഒരു സുഖമായിരുന്നില്ലേ അത്‌?'

ഇപ്പോള്‍ പെണ്‍കുട്ടി ഒന്നും പറയുന്നില്ല. അവളുടെ മുഖത്ത്‌ വിവിധ ഭാഗങ്ങള്‍ മിന്നിമറയാന്‍ തുടങ്ങി. പെണ്‍കുട്ടിക്ക്‌ സംഭവിച്ച ആ നിമിഷത്തിന്റെ സുഖം ഓര്‍ത്തെടുക്കുകയാണെന്ന്‌ എല്ലാവരും വിചാരിച്ചു.

' ഞാന്‍ നിമിഷത്തില്‍ ഞാന്‍ ആഹ്ലാദിച്ചിരുന്നില്ല, ഒരുനിമിഷം പോലും...'

പിന്നെ മൂക്കിന്റെ മുകളിലില്‍ ചെറിയ കണ്ണടയ്ക്കു പുറത്തു കിടക്കു രണ്ടു കണ്ണുകള്‍ ചിമ്പാന്‍സി ചിത്രത്തിലെവണ്ണം പെണ്‍കുട്ടിയുടെ നേര്‍ക്ക്‌ തുറിച്ചു നോക്കുന്നത്‌ കണ്ടു.
' ഞാന്‍... എന്റെ ജന്മത്തെ ശപിക്കുകയായിരുന്നു‍, ഇനി ഒരിക്കലും പെണ്‍കുട്ടിയായി ജനിപ്പിക്കരുതേയെന്ന്‌ ദൈവത്തോടു ഇപ്പോഴും പ്രാര്‍ഥിക്കുകയാണ്‌.' പെണ്‍കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞു. നിങ്ങള്‍ക്ക്‌ പുരുഷന്‍മാര്‍ക്ക്‌ എന്തൊരു സുഖമുള്ള ജീവിതമാണ്‌ ഭൂമിയില്‍. ഒരു പെണ്‍കുട്ടിയെ ഉച്ചപ്പടം കാണുതു പോലെ വിസ്തരിക്കാം. എന്നിട്ട്‌ പരിഹസിച്ച്‌ ചിരിക്കാം. രാത്രിയും പകലും ആരുമൊത്തും സഞ്ചരിക്കാം. ആരും തുറിച്ചു നോക്കില്ല. ഭാര്യയെ ചവിട്ടാം, കുത്താം ആരും ചോദിക്കില്ല. ഇനി അവസാനം നിങ്ങള്‍ തോറ്റാല്‍ നിങ്ങളുടെ ഇഷ്ടം പോലെ ഭാര്യയ്ക്കും മക്കള്‍ക്കും വിഷം വാങ്ങിക്കൊടുത്ത്‌ ആത്മഹത്യ ചെയ്യിപ്പിക്കാം അല്ലേ, ഞാന്‍ പറയുത്‌ സത്യമല്ലേ?'

പെണ്‍കുട്ടി പറയുത്‌ കേട്ട്‌ എല്ലാവരും ചിരിച്ചപ്പോള്‍ ദൈവത്തെപ്പോലെ വിധി പറയാന്‍ പോകുന്ന ജഡ്ജി വലിയ മുട്ടി‍യെടുത്ത്‌ സെയിലന്‍സ്‌ സെയിലന്‍സ്‌ എന്ന്‌ അട്ടഹസിച്ചു.
' ഇങ്ങനെയൊക്കെ നാവിട്ടലക്കുമ്പോഴും അവരുടെ കൂടെ കിടക്കുമ്പോള്‍ സുഖം അനുഭവിച്ചിരുന്നില്ലേ? ആഹ്ലാദിച്ചിരുന്നില്ലേ? സത്യം ചെയ്യ്‌.ദൈവത്തിന്റെ മുന്നില്‍വെച്ച്‌ സത്യം ചെയ്യ്‌...'

അവസാന നിമിഷം വിജയം കണ്ടെത്താനാകുമെ പ്രതീക്ഷയില്‍, ഇനി ഒരു വാക്കു പോലും പെണ്‍കുട്ടിക്ക്‌ പറയുവാനാകില്ലെന്ന വിശ്വാസത്തില്‍ ദൈവത്തിന്റെ വക്കീല്‍ വീണ്ടും ചോദിച്ചു.

ദൈവത്തിന്റെ ജഡ്ജി അപ്പോള്‍ അനങ്ങാതെയിരുന്ന് വലിയ മഷിപ്പേന കൊണ്ട്‌ പെണ്‍കുട്ടിയുടെ ചിത്രം വരയുകയായിരുന്നു. പെണ്‍കുട്ടി അവിടെ കൂടിയിയിരിക്കുവരെയെല്ലാം ഒരേ ഒരു തവണ നോക്കിയപ്പോള്‍ ചുറ്റുപാടും ഗംഭീരമായ മൌനം പടര്‍ന്നുനിന്നു.

കൂട്ടിലടച്ച കിളിയെക്കൊണ്ട്‌ മറ്റുള്ളവരെ രസിപ്പിക്കുകയാണ്‌ ദൈവത്തിന്റെ വക്കീല്‍ ചെയ്യുതെന്ന്‌ പെണ്‍കുട്ടി വിചാരിച്ചു. കിളിയുടെ വേദന, ദുരന്തം എന്നിവയെപ്പറ്റിയൊന്നും ആരും ചിന്തിക്കുന്നി‍ല്ലല്ലോ? ഇതെന്ത്‌ ലോകം. സര്‍ക്കസ്‌ കൂടാരത്തില്‍ കയറിയതു പോലെ എല്ലാവരും ത‍ന്നെ നോക്കുകയാണ്‌. എന്തായിരിക്കും അടുത്ത പരിപാടി എന്നാ‍യിരിക്കും അവരോരുത്തരുടെയും വിചാരം. അവളുടെ മനസ്സിലേക്ക്‌ പുച്ഛത്തിന്റെ ഒരു കടല്‍ ഇരച്ചുവന്നു. ഓരോരുത്തരുടെയും മുഖത്ത്‌ കാര്‍ക്കിച്ചു തുപ്പുവാന്‍ പെണ്കുട്ടി‍‍ക്ക്‌ തോന്നി‍.

' ഫ്ത്തൂ' പെണ്‍കുട്ടി കാര്‍ക്കിച്ചു തുപ്പിയപ്പോള്‍ ദൈവത്തിന്റെ വക്കീല്‍ ഞെട്ടി‍ത്തരിച്ചു.

ജഡ്ജി മൂട്ട കടിച്ചതു പോലെ ഒനങ്ങി.
' നിങ്ങള്‌ സ്വന്തം മക്കളോടും ഇത്തരം ചോദ്യങ്ങള്‍ ചോദിക്വോ..? ഇല്ല കഴിയില്ല .. . ചിലപ്പോള്‍ നിങ്ങളുടെ മകളും ഈ കൂട്ടി‍ല്‍ വന്നുകൂടായ്കയില്ല. അവര്‍ വലയും വിരിച്ച്‌ കാത്തിരിക്കുകയാണ്‌. എന്തൊക്കെയാണ്‌ അവര്‍ എന്നോടു പറഞ്ഞത്‌. പറഞ്ഞാല്‍ തീരാത്ത വാഗ്ദാനം.... ആദ്യം ഐസ്ക്രീം...പിന്നെ‍ സിനിമ, തലോടല്‍...അവസാനമാണ്‌ അവനൊരു കൂട്ടി‍ക്കൊടുപ്പുകാരനാണെന്ന്‌ അറിഞ്ഞത്‌. അല്ലാതെ ഇഷ്ടം കൊണ്ടൊന്നു‍മല്ല....'

'കട്ട്‌...കട്ട്‌'

സംവിധായകന്‍ കൂക്കിവിളിച്ചു കൊണ്ട്‌ പെണ്കുട്ടി‍‍യുടെ മുന്നി‍ല്‍ ചാടിവീണു. ആനയെപ്പോലെ ചിന്നം വിളിച്ചുകൊണ്ട്‌ പറഞ്ഞു.

' ഞാന്‍ പഠിപ്പിച്ച ഡയലോഗുകള്‍ പറഞ്ഞാമതി. നിന്റെ ഇഷ്ടം പോലെ പറയാമെങ്കില്‍ എന്തിന്‌ തിരക്കഥ.. സംഭാഷണം? തോന്ന്യാസം പറയാനല്ല നിര്‍മാതാവ്‌ പൈസ തരുന്നത്‌. നിന്റെമ്മ കാലും കയ്യും പിടിച്ചിട്ടാ‍ നിനക്കൊരു റോള്‍ തന്നത്‌. അഭിനയിക്കാനാ പറഞ്ഞത്‌. കാര്യം പറച്ചിലൊക്കെ പിന്നെ.. നീയാരെടീ ഫൂലന്‍ ദേവിയോ?

പെണ്കുട്ടി‍ ഞെട്ടി‍പ്പോയി.

എന്താണ്‌ താന്‍ പറഞ്ഞത്‌? എവിടെയാണ്‌ തെറ്റിയത്‌? അഭിനയിക്കേണ്ട സമയത്ത്‌ ജീവിതം പടികയറി വന്നതാണ്‌ പ്രശ്നമായത്‌. ജീവിക്കുമ്പോള്‍ അഭിനയിക്കാം. എന്നാ‍ല്‍ അഭിനയിക്കുമ്പോള്‍ ജീവിക്കരുത്‌. പെണ്‍കുട്ടി സ്വയം പിറുപിറുത്തു.
പെണ്‍കുട്ടി ചുറ്റുപാടും ഞെഞ്ചിടിപ്പോടെ നോക്കി. സജ്ജീകരിച്ച കോടതിയൊക്കെ അഴിച്ചു മാറ്റി ലോറിയില്‍ കയറ്റിക്കഴിഞ്ഞു. ദൈവത്തിന്റെ വക്കീലായി അഭിനയിച്ച നടനും ജഡ്ജിയും പൊട്ടി‍ച്ചിരിച്ചു കൊണ്ട്‌ അപ്പുറത്തിരു്‌ മദ്യപിക്കുകയാണ്‌. പെണ്‍കുട്ടി അവരെ നോക്കി. അവര്‍ അവളെ വിളിച്ചു. അവള്‍ അവരുടെ മേശയ്ക്കടുത്തേക്ക്‌ നടന്നു.

' കോര്ട്ട് ഈസ്‌ അഡ്ജേണ്‍ഡ് ജഡ്ജി പറഞ്ഞു.

പെണ്‍കുട്ടി അറിയാതെ ചിരിച്ചു പോയി...

Subscribe Tharjani |
Submitted by Justin (not verified) on Wed, 2010-08-25 10:35.

ഇയ്യയുടെ ഈ കഥ, സ്വപ്നവും യാഥാര്‍ത്ഥ്യവും കൂടിക്കുഴയുന്ന രീതി എനിക്കിഷ്ടപ്പെട്ടു.

Submitted by Joseph Athirumkal (not verified) on Thu, 2010-11-18 20:53.

കഥയുടെ അവതരണം നന്നായി. ജീവിത ഗന്ധിയായ ഇത്തരം കഥകൾ വരട്ടെ...