തര്‍ജ്ജനി

മര്‍ദ്ധിതരുടെ ചലചിത്രമേള

അധികാരികളുടെ ഇഷ്ടപ്രയോഗങ്ങള്‍ക്കും മനുഷ്യവിരുദ്ധവികാരങ്ങളുടെ ആവിഷ്കാരരീതികള്‍ക്കും വിധേയമായി കല ഇന്ന് ഇരുട്ട്‌ മാത്രം പ്രസരിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. പ്രത്യേകിച്ച്‌ ദൃശ്യകലാവിഷ്കാരങ്ങള്‍. നമ്മുടെ കാലത്ത്‌ സിനിമ പോലെ സ്വാധീന സാധ്യതയുള്ള മറ്റൊരു കലയുമില്ല. ഇവിടെ നിര്‍മിക്കപ്പെടുന്നതാകട്ടെ അശ്ളീലതയും രണോത്സുകതയും ഒരു സമൂഹത്തിന്റെ സാംസ്കാരിക ചിഹ്നമാകണമെന്ന വൃത്തികെട്ട ബോധത്തില്‍ നിന്നുള്ള ഉല്‍പന്നങ്ങളും.

ഇസ്‌ലാമിക സമൂഹവും സംസ്കാരവും ഈ വാര്‍പ്പുമാതൃകാ സിനിമകളില്‍ വിഷയീകരിക്കപ്പെടുകയും വിഷം വമിക്കുന്ന സന്ദേശങ്ങള്‍ പുറം ലോകത്തിനു പകര്‍ന്നു നല്‍കുകയും ചെയ്തു വരുന്നു. സാമ്രാജ്യത്വ അധിനിവേശവിരുദ്ധസമരങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ഇടുങ്ങിയ മനോഘടനയോടെ ഇസ്‌ലാമിക സംസ്കൃതികളെ വിശകലനം ചെയ്യുന്നതുമായ സിനിമകളാണ്‌ ഇന്ന് ലോകത്ത്‌ ഘോഷിക്കപ്പെടുന്നത്‌.

ഈ വിശേഷ സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ നിലപാട്‌ തറകളില്‍ നിന്ന് കൊണ്ട്‌ സിനിമയേയും സിനിമാലോകത്തേയും വിശകലനം ചെയ്യാനും, ഇസ്‌ലാമിക മൂല്യങ്ങളില്‍ നിന്നു കൊണ്ടുള്ള സിനിമകളെ പരിചയപ്പെടാനും വേണ്ടി എസ്‌. ഐ. ഒ. സംവേദനവേദി മെയ്‌ ൫, ൬, ൭ തീയതികളില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ചലചിത്രമേളയും അനുബന്ധ ചര്‍ച്ചകളും ഏറെ ശ്രദ്ധേയമായി.

മേളയില്‍ പ്രദര്‍ശിക്കപ്പെട്ട സിനിമകളുടെ രാഷ്ട്രീയവും ഉള്ളടക്കവും നടപ്പു പ്രദര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്ഥമായിരുന്നു. യുദ്ധത്തടവുകാരോട്‌ അമേരിക്കന്‍ സേന ഗ്വാണ്ടനാമോ തടവറയില്‍ നടത്തിയ ആഘോഷങ്ങളെ ചിത്രീകരിക്കുന്ന 'റോഡ്‌ റ്റു ഗ്വാണ്ടനാമോ'യാണ്‌ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്‌. നിരപരാധികളായ മൂന്ന്‌ ബ്രിട്ടീഷ്‌ യുവാക്കളുടെ അനുഭവങ്ങള്‍ തുന്നിച്ചേര്‍ത്ത ഈ ചിത്രം അമേരിക്കന്‍ പീഢനമുറകളുടെ ശരിയായ പരിച്ച്ഛേദം പ്രേക്ഷകര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. ദുര്‍ബലവും ദുര്‍ഗ്രാഹ്യവുമായ ആരോപണങ്ങള്‍ കെട്ടിച്ചമച്ച്‌ ക്രൂരമായ പീഢനങ്ങള്‍ നടത്തുകയാണ്‌ അമേരിക്കന്‍ സേന. നമസ്കരിക്കുന്നതോ ഖുര്‍ആന്‍ പാരായണം നടത്തുന്നതോ തടവറയില്‍ ആശാസ്യമല്ല. ഖുര്‍ആന്റെ കോപ്പികള്‍ വാങ്ങി വലിച്ചെറിയുന്നതും ക്രൂരമായ പീഢനമുറകള്‍ നടത്തുന്നതും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. ൨൦൦൬ ആദ്യത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രം ഇന്ത്യയില്‍ ആദ്യമായാണ്‌ പ്രദര്‍ശനത്തിന്‌ എത്തിയത്‌. മേളയില്‍ പ്രദര്‍ശിക്കപ്പെട്ട 'പാരഡൈസ്‌ നൌവ്'‌, 'റേച്ചല്‍ ആന്‍ അമേരിക്കന്‍ കോണ്‍ഷെന്‍സ്‌', 'നോ മാന്‍സ്‌ ലാന്റ്‌' തുടങ്ങിയ വിദേശചിത്രങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

ഫലസ്തീനികളോടുള്ള അന്തര്‍ ദേശീയ ഐക്യദാര്‍ഢ്യപ്രസ്ഥാനത്തിന്റെ ഭാഗമായി ഫലസ്തീനിലെത്തിയ അമേരിക്കന്‍ പെണ്‍കുട്ടിയായ റേച്ചല്‍ കൊറിയെ ഇസ്രയേല്‍ ബുള്‍ഡോസര്‍ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെട്ട ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'റേച്ചല്‍ ആന്‍ അമേരിക്കന്‍ കോണ്‍ഷെന്‍സ്‌' എന്ന യഹ്‌യാ ബറകാത്തിന്റെ ചിത്രം ശ്രദ്ധേയമായിരുന്നു. ബോസ്നിയന്‍ അധിനിവേശ പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെട്ട ഡാനിഷ്‌ ടണോവിക്കിന്റെ 'നോ മാന്‍സ്‌ ലാന്റ്‌' യുദ്ധം എത്ര വലിയ അസംബന്ധമാണെന്ന്‌ കറുത്ത ഫലിതത്തിന്റെ അകമ്പടിയോടെ ബോധ്യപ്പെടുത്തുന്ന ഒരു നല്ല ചിത്രമായിരുന്നു. ഇറാന്‍ സംവിധായകന്‍ മുഹ്സിന്‍ മഖ്ബല്‍ ബഫിന്റെ 'ബോയ്ക്കോട്ട്'‌ ഇസ്‌ലാമിക വിപ്ളവത്തിന്‌ മുമ്പുള്ള ഇറാനിലെ ഒരു കമ്മ്യൂണിസ്റ്റ്‌ വിപ്ളവകാരിയുടെ ദുരന്തജീവിതം വിശദീകരിക്കുന്നു. ബത്‌ലഹേമിലെ നാറ്റിവിറ്റി ചര്‍ച്ച്‌ ഇസ്രയേല്‍ ഉപരോധിച്ചതിനെത്തുടര്‍ന്നുണ്ടായ ദുരന്തങ്ങളെക്കുരിച്ച്‌ യഹ്‌യാ ബറകാത്ത്‌ സംവിധാനിച്ച 'ദ ഹൌസ്‌ ഓഫ്‌ ഗോഡ്‌', പ്രസിദ്ധ സംവിധായകന്‍ അകിറാ കുറുസോവയുടെ 'ഡ്രീംസ്‌', ജബ്ബാര്‍ പട്ടേലിന്റെ 'ബാബാ സാഹിബ്‌ അംബേദ്കര്‍', എന്‍ഡോ സള്‍ഫാന്‍ ദുരന്തമേറ്റ ശ്രുതി എന്ന ബാലികയുടെ കഥ പറയുന്ന 'പുനര്‍ജനിക്കായ്‌' തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടു. ഇസ്രയേലീ സൈനിക കേന്ദ്രത്തിലേക്ക്‌ ചാവേര്‍ ആക്രമണത്തിന്‌ പുറപ്പെടുന്ന രണ്ട്‌ ഫലസ്തീനീ യുവാക്കളുടെ കഥ പറയുന്ന 'പാരഡൈസ്‌ നൌവ്‌' ആയിരുന്നു സമാപന ചിത്രം. ഫലസ്തീനീ ജീവിതത്തിന്റെ വേദനയും പശ്ചാത്തലവും എങ്ങനെ രക്തസാക്ഷിപോരാട്ടം അനിവാര്യമാക്കുന്നു എന്ന് ഈ ചിത്രം വിശദീകരിക്കുന്നു. ചിത്രമേളയോട്‌ അനുബന്ധിച്ച്‌ 'സിനിമ, സാമ്രാജ്യത്വം, വംശീയത' ,'സിനിമ, സംസ്കാരം, അശ്ളീലത' ,'മുസ്ളിം നാടുകളിലെ സിനിമയും ആഗോളസിനിമയിലെ മുസ്‌ലിം പ്രാതിനിധ്യവും' തുടങ്ങിയ വിഷയങ്ങളില്‍ ഓപ്പണ്‍ ഫോറങ്ങള്‍ നടന്നു. ഡോ. ഉമര്‍ തറമേല്‍, വി.എ.കബീര്‍, പ്രേം ചന്ദ്‌, ഡോ.കെ.ഗോപിനാധ്‌, ഷിബു മുഹമ്മദ്‌, പി.എ.എം ഹനീഫ്‌, ജി.ബി.വത്സന്‍, റഹ്മാന്‍ മുന്നൂര്‌, ടി.പി.മുഹമ്മദ്‌ ശമീം തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീഃ പി.ടി.കുഞ്ഞുമുഹമ്മദാണ്‌ മേളയുടെ ഉല്‍ഘാടനം നിര്‍വഹിച്ചത്‌. കെ.ജെ തോമസ്‌ സംസാരിച്ചു. എസ്‌.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ പി.ഐ നൌഷാദ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി.ദാവൂദ്‌ സ്വാഗതവും എ.കെ.അസീസ്‌ നന്ദിയും പറഞ്ഞു. ചലചിത്രലോകത്ത്‌ മൂല്യാധിഷ്ഠിതമായ പുതിയ ചുവട്‌വെപ്പുകള്‍ക്ക്‌ തുടക്കമിടുകയായിരുന്നു ഈ അന്താരാഷ്ട്ര ചലചിത്രമേളയിലൂടെ എസ്‌.ഐ.ഒ. സംവേദനത്തിന്റെ പാരമ്പര്യ രീതികള്‍ക്ക്‌ പകരം പുതിയ സംവേദനശീലങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്‍പില്‍ എത്തിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞുകൊണ്ടാണ്‌ മൂന്നു ദിവസം നീണ്ട മേള സമാപിച്ചത്‌

Submitted by thariqramadan on Mon, 2006-05-29 00:50.

എ. കെ അസീസിന്റേ ഈ ലേഖനം പ്രബോധനം വാരിക മെയ്‌ ൨൬ ന്‌ പ്രസിദ്ധീകരിച്ചതാണ്‌.

Submitted by baburaj on Mon, 2006-05-29 22:34.

പാശ്ചാത്യം പൌരസ്ത്യം എന്നു രണ്ടു തരം തിരിവേ ഉണ്ടായിരുന്നുള്ളൂ. അമര്‍ത്യാസെന്‍ പറഞ്ഞു പാടില്ല. മൂന്നു തരം തിരിവുണ്ട് പാശ്ചാത്യം, പൌരസ്ത്യം, പാശ്ചാത്യേതരം!..അമേരിക്കയ്ക്കു അനുകൂലം, അമേരിക്കയ്ക്കു വിരുദ്ധം എന്നൊരു തരം തിരിവ് നിലവിലുണ്ടെന്നു ശ്രീമാന്‍ ബുഷ് പറഞ്ഞു. ടോണി തലയാട്ടി. അപ്പോഴൊക്കെ അങ്ങനെയാണോ എന്നു സംശയിച്ചിരുന്ന എനിക്ക് ഒരു ആശയ കുഴപ്പം മാറികിട്ടി. ഇസ്ലാം അനുകൂലം, അതിനു വിരുദ്ധം എന്ന മനോഭാവം മാത്രമല്ല രാഷ്ട്രതന്ത്രവും നിലനില്‍ക്കുന്നുണ്ടെന്നുണ്ടെന്ന്... മേല്‍പ്പറഞ്ഞ പോസ്റ്റു വായിച്ചാല്‍ മതി.
എന്തൊരു അപകടത്തിലേയ്ക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്.!
ദുരന്തം വിതയ്ക്കുന്നവരെ പോലെ തന്നെയാണ് അതിനെ മതത്തിന്റെ പേരിലാക്കുന്നവരെയും കാണേണ്ടത്..
ഭൂരിപക്ഷങ്ങളുടെ പേരു പറഞ്ഞ്, അമേരിക്കയുടെ പേരു പറഞ്ഞ് അതിന്റെ ചെലവില്‍ തീവ്രവാദം മത മൌലികതയും പുലരുന്നത് എന്തായാളും വസന്തത്തിന്റെ ഇടിമുഴക്കതിനുവേണ്ടിയല്ല, തീര്‍ച്ച!

Submitted by thariqramadan on Wed, 2006-05-31 18:16.

ഇസ്‌ലാമികം, ഇസ്‌ലാം വിരുദ്ധം എന്നതല്ല, മാനവികം, മനുഷ്യവിരുദ്ധം എന്ന വൈരുദ്ധ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ 'മര്‍ദ്ധിതരുടെ ചലചിത്രമേള' സംഘടിപ്പിക്കപ്പെട്ടത്‌. അത്‌ പറയാന്‍ ശ്രമിച്ചത്‌ പീഢിപ്പിക്കപ്പെടുന്ന മുഴുവന്‍ ജനസമുദായങ്ങളുടേയും കഥയാണ്‌. ദലിതുകളും മുസ്‌ലിമുകളും ബുള്‍ഡോസര്‍ വികസന സംസ്കാരത്തിന്റെ ഇരകളുമെല്ലാം ചേര്‍ന്ന ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ട ഒരു സങ്കട ഹരജി സങ്കുചിത വര്‍ഗീയതയായും മതമൌലികതയായും വ്യാഖ്യാനിക്കപ്പെടുന്നത്‌ വിവരക്കേട്‌ കൊണ്ടല്ല, ബുഷിനോടും 'ടോണി'യോടുമുള്ള മുറിച്ചുമാറ്റാന്‍ കഴിയാത്ത അടിമമനസ്ഥിതി കൊണ്ടാണ്‌. അത്‌ കൊണ്ട്‌ തന്നെയാണ്‌ അമേരിക്കയും അമേരിക്കന്‍ വിരുദ്ധരുമുള്‍പ്പെട്ട വിരുദ്ധദ്വന്ദത്തെക്കുറിച്ച്‌ ശ്രീമാന്‍ ബുഷ്‌ പ്രസംഗിക്കുമ്പോള്‍ അതങ്ങനെയല്ലെന്ന് പറയാന്‍ കഴിയാതെ പോവുന്നതും ഇത്‌ ശരി തന്നെയോ എന്ന് സംശയിച്ചു നില്‍ക്കുന്നതും.

സാമ്രാജ്യത്വത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ നേരിടാനാവാതെ വന്നപ്പോഴാണ്‌ സാമ്രാജ്യത്വം വിമര്‍ശകരെ മതമൌലിക മുദ്ര ചാര്‍ത്തി നിഃശബ്ദരാക്കാന്‍ ശ്രമിച്ചത്‌. യുദ്ധ, വികസന, വിവേചന ഭീകരതകളുടെ ഇരകള്‍ക്കു വേണ്ടി ശബ്ദിക്കുന്നവരെ നോക്കി നിങ്ങള്‍ മതമൌലിക വാദികളെന്ന് വിളിച്ച്‌ കൂവുന്നത്‌ ആരെ സഹായിക്കാനാണെന്നത്‌ വ്യക്തമാണ്‌. ലിബറല്‍ പണ്ഢിറ്റുകള്‍ ഉപയോഗിച്ചു പഴകിയ തെറി വാക്കുകള്‍ ആവര്‍ത്തിക്കുന്നതില്ല, മറിച്ച്‌ എന്ത്‌ വര്‍ഗീയതയാണ്‌ ഇത്തരം സിനിമാമേളകള്‍ പ്രോത്സാഹിപ്പിക്കുന്നത്‌ എന്ന് വ്യക്തമാക്കുന്നതിലാണ്‌ കാര്യം.

Submitted by baburaj on Wed, 2006-05-31 23:42.

അതേയോ.. ശരി സമ്മതിക്കുന്നു. അപ്പോല്‍ ഒരു കാര്യം കൂടി ചെയ്യുക .. ചില സിനിമകളുടെ പേരുകള്‍ ഞാന്‍ പറയാം അതു കൂടി ഉള്‍പ്പെടുത്തി ചലച്ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കാന്‍ പറ്റുമോ എന്നു നോക്ക്..
ദൈവനാമത്തില്‍ -ജയരാജ്
ഇസ്ലാമിസ്റ്റുകള്‍ വെടിവച്ചുകൊന്ന തിയോയുടെ എല്ലാ സിനിമകളും
തമീനയെ ജയിലിലിടുകയും കൊല്ലാന്‍ തീരുമാനിക്കുകയും പിന്നെ വെറുതെ വിടുകയും ചെയ്ത സിനിമ ഹിഡന്‍ ഹാഫ്..
സൌദി രാജകുമാരിയുടെ കഥ പറയുന്ന പ്രിന്‍സസ്സ്..ഇനിയുമുണ്ട് ആയിരക്കണക്കിന്.. മനുഷ്യത്വത്തിന്റെ പേര് മനുഷ്യത്വം എന്നു തന്നെയാണ് മതമെന്നും വിലക്കുകളെന്നുമല്ല. കുറ്റബോധം ഉണ്ടാക്കിക്കൊണ്ടാണ് ഭരിക്കുന്നവര്‍ തന്ത്രങ്ങള്‍ പണിയുന്നത്.. മതതീവ്രവാദവും പയറ്റുന്നത് ആ വഴിതന്നെയാണ്. ചോംസ്കിയും, എഡ്വേറ്ദ് സൈദും അമേരിക്കന്‍ പണം പറ്റി അമേരിക്കയെ തന്നെ വിമര്‍ശിച്ചവരാണ്.
അവരുടെ വാക്കുകളാണല്ലോ നാം എടുത്ത് അമ്മാനമാടുന്നത്. അതെകാര്യം സൌദിയിലോ ഏതെങ്കിലുമൊരു ഇസ്ലാമിക ഭരനകൂടമുള്ളിടത്തോ പറ്റുമോ എന്നു നോക്കുക. അപ്പോള്‍ പുളിക്കും. അതാതു ര്‍ആജ്യങ്ങളിലല്ല, മറ്റെവിടെയും ഇസ്ലാം വിമര്‍ശകരെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന മട്ടിലാണ് തീവ്രവാദത്തിന്റെ നില്‍പ്പ്.. അപ്പോള്‍ കൊള്ളാം ഈ ഒരുവശം മാത്രമുള്ള മനുഷ്യസ്നേഹം..‘നമ്മുടെ കൂടെ നില്‍ക്കുന്നവരെല്ലാം മനുഷ്യ സ്നേഹികള്‍... ബാക്കിയെല്ലാം അടിമകള്‍..കുറച്ചു വിവരക്കേടുബാക്കിയാവണം ഇതു തൊണ്ട തൊടാതെ വിഴുങ്ങാന്‍..പ്രബോധനം വായിക്കത്ത കുഴപ്പം കൊണ്ടാണ് കേരളം ഇങ്ങനെയിരിക്കുന്നത്!..

Submitted by thariqramadan on Fri, 2006-06-02 16:41.

'മതമൌലികവാദം' വികസിക്കുന്ന വഴികളെക്കുറിച്ച്‌ ആശയക്കുഴപ്പം നില നിര്‍ത്തുന്നത്‌ കൊണ്ടാണ്‌ യാഥാസ്ഥിതികപൌരോഹിത്യത്തേയും വിമോചന മതകീയ പ്രസ്ഥാനങ്ങളേയും ഒരേ നുകത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നത്‌. സൌദി രാജവംശവും ഗള്‍ഫിലെ ഇതര 'ഇസ്‌ലാമിക ഭരണകൂടങ്ങളും'(?) ഊര്‍ജ്ജം സ്വീകരിക്കുന്നത്‌ 'മതമൌലികവാദ'ത്തില്‍ നിന്നല്ല, മറിച്ച്‌ 'മൌലികവാദ'ത്തെ ദൈവനിഷേധമായും മതവിരുദ്ധമായും മുദ്ര കുത്തുന്ന പിന്തിരിപ്പന്‍ പൌരോഹിത്യമതത്തില്‍ നിന്നാണ്‌. ഇതര അറബ്‌ സ്വേച്ച്ഛാധിപത്യ ഭരണകൂടങ്ങളും പ്രധാനശത്രുവായിക്കാണുന്നത്‌ ജനാധിപത്യസ്ഥാപനത്തിന്‌ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന ഇസ്‌ലാമികപ്രസ്ഥാനങ്ങളെയാണ്‌. അത്‌ കൊണ്ടാണ്‌ നവയഥാസ്ഥിതികത്വത്തിന്റെ തലതൊട്ടപ്പന്‍ ഡാനിയല്‍ പൈപ്പ്‌ മദ്ധ്യപൌരസ്ത്യ ദേശത്തെ 'ജനാധിപത്യവ്യാപനശ്രമങ്ങളെ' (അങ്ങനെയൊന്നുണ്ടെങ്കില്‍!) എതിര്‍ക്കുന്നത്‌. അറബ്‌ സ്വേച്ച്ഛാധിപത്യത്തിന്റെ പ്രധാന ബദല്‍ ഇസ്‌ലാമികപക്ഷമായിരിക്കുന്നിടത്തോളം തനിക്കിഷ്ടം നിലവിലെ സ്വേച്ച്ഛാധിപത്യമാണത്രേ!..

ആളും അര്‍ഥവും കൂടെയുള്ള അധികാരത്തിന്റെ അരമനകളില്‍ നിന്നല്ല, തമസ്കരിക്കപ്പെട്ട ജനജീവിതത്തിന്റെ വിയര്‍പ്പുതുള്ളികളില്‍ നിന്നാണ്‌ എസ്‌. ഐ. ഓ ഊര്‍ജ്ജം സംഭരിക്കുന്നത്‌. അധീശത്വ പ്രത്യയ ശാസ്ത്രം പടച്ചു വിടുന്ന അസത്യങ്ങളേയും അര്‍ദ്ധസത്യങ്ങളേയും ജനങ്ങള്‍ക്കെത്തിക്കുക എന്നതല്ല അതിന്റെ പണി. അധികാരത്തോടും അധികാരസ്ഥപനങ്ങളോടും കലഹിച്ചു കൊണ്ടേയിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്‌ എങ്ങനെയാണ്‌ ഇരകളെ ചെന്നായകളായി അവതരിപ്പിക്കുന്ന ആധിപത്യത്തിന്റെ കലാരൂപങ്ങളോടും ആഭാസത്തരങ്ങളോടും ചേര്‍ന്നു നില്‍ക്കാന്‍ കഴിയുക?! അവഗണിക്കപ്പെടുന്ന അവശവിഭാഗത്തിന്റെ സ്വരം പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നവരോട്‌ നിങ്ങള്‍ അധികാരത്തിന്റെ മെഗാഫോണുകളാവണമെന്ന് കല്‍പ്പിക്കുന്നതിലെ തമാശയൊന്നാലോചിച്ചു നോക്കൂ!...

നമ്മുടെ കൂടെ ആരു നില്‍ക്കുന്നു എന്നതല്ല, നമ്മള്‍ ആരുടെ കൂടെ നില്‍ക്കുന്നു എന്നതാണ്‌ പ്രധാനം. നമ്മുടെ കൂടെ നില്‍ക്കാതിരിക്കുമ്പോഴല്ല മര്‍ദ്ധക അധികാരിവര്‍ഗത്തെ സുഖിപ്പിക്കുന്ന വര്‍ത്തമാനങ്ങള്‍ പറയുമ്പോഴാണ്‌ ഒരാള്‍ സ്വയം അടിമയാവാന്‍ ശ്രമിക്കുന്നു എന്ന് പറയേണ്ടി വരുന്നത്‌.

Submitted by Sufi on Fri, 2006-06-16 17:59.

സംവാദത്തിലേക്ക്‌ കടക്കുന്നില്ലെങ്കിലും...
യുദ്ധവും യുദ്ധാനന്തര കെടുതികളും വരുത്തി വെക്കുന്ന വിനകളിലേക്ക്‌
സിനിമയുടെ ഭാഷ്യവുമായി ഇതാ ഒരു ചൂണ്ടു പലക
http://www.filmmakersagainstwar.org/

Submitted by Sivan on Sun, 2006-06-18 12:18.

ഇവയില്‍ ചിലത് തിരുവനന്തപുരത്ത് പ്രസ്സ് ക്ലബില്‍ വച്ച് പ്രദര്‍ശിപ്പിച്ചിരുന്നു. കാണാന്‍ കഴിഞ്ഞു..
യുദ്ധത്തേക്കാള്‍ ഭീകരമായ ഒരു രാഷ്ട്രീയാവസ്ഥ പുതിയ അര്‍ജന്റീനിയന്‍ ചലച്ചിത്രം - സൊലാനസിന്റെ Social genocide നല്‍കുന്നുണ്ട്. കേരളത്തിലെ അവസ്ഥകളുമായി നല്ല സാമ്യം..കെ പി ശശി ആക്ഷേപഹാസ്യരൂപത്തില്‍ എടുത്ത (ഡോക്യുമെന്ററികള്‍ക്ക് പതിവില്ലാത്ത രീതിയാണല്ലോ തമാശയുടേത്) അമേരിക്ക അമേരിക്ക എന്ന ഹ്രസ്വചിത്രം http://www.visualsearch.org/ -സൈറ്റില്‍ നിന്നും ഡൌണ് ലോഡ് ചെയ്യാം. എതാണ്ട് നാലുമിനിട്ടേയുള്ളൂ...