തര്‍ജ്ജനി

ജന വികാരം ജയിക്കുമോ?

കേരളം ഒരു തെരഞ്ഞെടുപ്പിനെ കൂടി തള്ളി വിട്ടു. ഇതില്‍ ആര്‌ ജയിച്ചു ആര്‌ തോറ്റു എന്നറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. ജനവികാരമാണ്‌ ജയിച്ചതെങ്കില്‍ അതറിയാന്‍ രണ്ട്‌ വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിയിരിക്കുന്നു. ആദ്യമായി മുഖ്യമന്ത്രി ആവുന്ന അച്ചുതാനന്ദന്‍ വിശപ്പു മൂലം കോട്ടയത്ത്‌ മരിച്ച പെണ്‍ കുഞ്ഞിനെയും കിളിരൂരില്‍ വന്നെത്തിയ വി ഐ പിയെയും മറന്നാല്‍ ജനവികാരം മരിച്ചു എന്നും ജനാധിപത്യം തത്വത്തില്‍ ജയിച്ചു എന്നും മനസ്സിലാക്കാം. പക്ഷേ വീണ്ടും ഒരു കാര്യമുണ്ട്‌..സ്വന്തം ആള്‍ക്കാര്‍ തഴയാന്‍ ശ്രമിച്ചപ്പോഴും ജനവികാരമാണ്‌ അങ്ങയെ ഈ പദവിയിലെത്തിച്ചത്‌..എതിരാളികള്‍ നേതാവിന്റെ തട്ടകത്തില്‍ തന്നെ ആവുമ്പോള്‍ നേതാവിനും ജനങ്ങള്‍ക്കും എന്ത്‌ ചെയ്യാന്‍ കഴിയും...ഒരു പക്ഷേ അച്ചുതാന്ദനും സാധാരണ പ്രയോജന രാഷ്ട്രീയത്തിന്റെ വക്താവായി മാറിയേക്കാം. അപ്പോള്‍ ആരു ജയിക്കും ജനാധിപത്യമോ? ജനവികാരമോ? ഇതു രണ്ടും എങ്ങനെ സമുന്വയിപ്പിക്കും?

Submitted by dumas on Wed, 2006-05-24 18:55.

വികസന വായാടിത്തത്തിന്റെ അപ്പോസ്തലന്‍മാര്‍ കടപുഴകി വീണു എന്നതാണ്‌ ഈ തെരെഞ്ഞെടുപ്പിന്റെ പ്രത്യേകത എന്നു തോന്നുന്നു. അല്ലാതെ തീവ്ര വലതു പക്ഷ മുന്നണി അധികാരത്തില്‍ നിന്നു മാറി മിത വലതു പക്ഷം ഭരണം പിടിച്ചെടുത്തു എന്നതല്ല. കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും അപകടകരമായ പിന്തിരിപ്പന്‍ ആശയങ്ങളുടെ പ്രചാരകരും നടത്തിപ്പുകാരുമാണ്‌ കുഞ്ഞാലിക്കുട്ടി, മുനീര്‍, ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എന്നിവര്‍. ഇവരെ മൂന്നു പേരേയും ഏറെക്കുറേ അപ്രതീക്ഷിതമായിത്തന്നെ തറ പറ്റിച്ച അവരുടെ മണ്ഠലങ്ങളിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. പാലായിലും പുതുപ്പള്ളിയിലും പിന്തിരിപ്പന്‍ ശക്തികളെ വിജയിപ്പിച്ചെടുത്ത വോട്ടര്‍മാര്‍ ഏതെല്ലാം വിഷഭൂതങ്ങളെയാണ്‌ തങ്ങള്‍ തെരെഞ്ഞെടുത്തയച്ചതെന്ന് ഒരിക്കലും മനസ്സിലാക്കാന്‍ പോകുന്നില്ല എന്നതാണ്‌ സത്യം. മങ്കടയും കുറ്റിപ്പുറവും പ്രതിനിധാനം ചെയ്യുന്ന അവബോധത്തിന്റെ രാഷ്ട്രീയവും പാലായുടേയും പുതുപ്പള്ളിയുടേയും പിന്തിരിപ്പന്‍ പൌരോഹിത്യ രാഷ്ട്രീയവും തമ്മിലെ ഏറ്റുമുട്ടല്‍ വിശാലമായ അര്‍ഥങ്ങളിലേക്ക്‌ വികസിക്കേണ്ടതുണ്ട്‌.

അടിസ്ഥാന വര്‍ഗ നിലപാടുകളുയര്‍ത്തിപ്പിടിക്കുന്ന വിപ്ളവ രാഷ്ട്രീയപ്രസ്ഥാനത്തിനും ദേശാഭിമാന ശക്തികള്‍ക്കും പിന്തുണ പ്രഖ്യാപിച്ച്‌ വലതു പക്ഷ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കും ഇടതു തിരുത്തല്‍ വാദ നിലപാടുകള്‍ക്കും എതിരെ യുദ്ധം പ്രഖ്യാപിച്ച്‌ മുന്നോട്ട്‌ പോയില്ലെങ്കില്‍ എല്ലാ തെരെഞ്ഞെടുപ്പിലേയും പോലെ ഏതു മുന്നണി വിജയിച്ചാലും ജനങ്ങള്‍ പരാജയപ്പെടുന്ന അവസ്ഥയായിരിക്കും വരാന്‍ പോകുന്നത്‌.

Submitted by baburaj on Mon, 2006-05-29 22:10.

കാര്യങ്ങളൊന്നും മനസ്സിലാവുന്നില്ല. എങ്കിലും ഡ്യൂമാസ് പറഞ്ഞത് വച്ച് ചോദിക്കട്ടേ.. ജനങ്ങള്‍ ജയിച്ചൂ എന്നു വരാന്‍ ചുരുക്കത്തില്‍ എന്തു മാറ്റമാണ് കേരളത്തില്‍ ഉണ്ടാവേണ്ടത്?
അതിനു മുന്‍പ് പ്രതാപന്‍ പറഞ്ഞത് വായിച്ചോ?
കോട്ടയത്തെ പെണ്‍കുട്ടി മരിച്ചതിനുത്തരം, കിളിരൂരിലെ വി ഐ പി.. ഈ രണ്ടു ഉത്തരവും കൃത്യമായി അച്യൂതാനന്ദനില്‍ നിന്നു കിട്ടിയാല്‍ എല്ലാ പ്രശ്നവും തീരുമോ, അതോ അതൊരു ടെസ്റ്റുഡൊസായി കണക്കാക്കി ഇവന്‍ മിടുക്കന്‍ ഇനി ഒരഞ്ചു വര്‍ഷത്തേയ്ക്ക് എന്ന് നമുക്ക് സര്‍ട്ടിഫിക്കേറ്റ് കൊടുക്കമെന്നാണോ?
അടിസ്ഥാനവര്‍ഗ നിലപാട് എന്താണ്? പ്രചണ്ഡയുമായുള്ള ഇന്റര്‍വ്യൂ പുസ്തകം ഇറങ്ങിയെന്നറിഞ്ഞു, കണ്ടില്ല. അതെടുക്കാമോ, മുഖവിലയ്ക്ക്? എന്നു വചാല്‍ ഒരു നേപ്പാള്‍ മോഡല്‍ ഇങ്ങ് കേരളത്തില്‍?

Submitted by prathapachandran on Tue, 2006-05-30 14:29.

കിളിരൂരും കോട്ടയവും അടിസ്ഥാന വര്‍ഗ്ഗത്തെ ബാധിക്കില്ലേ? അവിടെ പാവപ്പെട്ടവന്റെ മനസാക്ഷിക്ക്‌ മുറിവേറ്റില്ലേ?
ജനവികാരത്തിനെ മാനിക്കുന്ന നടപടികളിലൂടെ മുന്നേറിയാല്‍ അഞ്ചുവര്‍ഷമല്ല 5000 വര്‍ഷം ഭരിക്കും. ഉണ്ണിയെ കണ്ടാല്‍ ഊരിലെ പഞ്ഞമറിയാം എന്ന് പറയുമ്പോലെ നടപടി എടുക്കും എന്ന് വീമ്പിളക്കിയ കാര്യങ്ങളില്‍ എന്തു ചെയ്യുന്നു എന്ന് നോക്കിയാല്‍ ബാക്കി കാര്യങ്ങള്‍ക്ക്‌ ഉണ്ടാവുന്ന നടപടികളും ഊഹിച്ചൂടെ?

Submitted by Sivan on Tue, 2006-05-30 21:42.

"വികസന വായാടിത്തത്തിന്റെ അപ്പോസ്തലന്‍മാര്‍ കടപുഴകി വീണു എന്നതാണ്‌ ഈ തെരെഞ്ഞെടുപ്പിന്റെ പ്രത്യേകത എന്നു തോന്നുന്നു. "

എന്തടിസ്ഥാനമാണ് ഈ പ്രസ്താവനയ്ക്കുള്ളത്? സി പി എം-ന്റെ കണക്കനുസരിച്ച് വാര്‍ഷിക വളര്‍ച്ചാനിരക്ക് 12% ആകണം ആളോഹരി വരുമാനം, 2015-ല്‍ 75356 ആകാന്‍. അതിനു വേണ്ട നിക്ഷേപം 47.5%മാണ്. ഇത്രയും നിക്ഷേപം കേരളം എവിടുന്നാണ് കണ്ടെത്താന്‍ പോകുന്നത് എന്ന് പ്രകടന പത്രിക പറയുന്നുണ്ട്. എഡിബി വായ്പ, ലോകബാങ്ക് പദ്ധതികള്‍, സ്വാശ്രയ കോളേജുകള്‍, ചിലമേഖലകളില്‍ വിദേശ ഫണ്ടിംഗ് സ്വീകരണം, മുതലാളിത്ത രാജ്യങ്ങളുമായുള്ള കരാറുകള്‍,എല്ലാം സാമ്പത്തിക വലതുപക്ഷ അജണ്ടകള്‍. എന്നാല്‍ പോലും നമുക്കറിയാം, കേരളത്തില്‍ വലിയ സാമ്പത്തിക മാറ്റങ്ങള്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അടുത്ത അഞ്ചുവര്‍ഷക്കാലം ഭരിച്ചിറങ്ങുന്ന സര്‍ക്കാര്‍, പിന്നെയൊരഞ്ചുവര്‍ഷം കഴിഞ്ഞു വന്ന് മുന്‍ സര്‍ക്കാരിനെ കുറ്റം പറയും.
കേരളം ഏറ്റവും കൂടുതല്‍ കാലം ഭരിച്ചത് ഇടതുപക്ഷങ്ങളാണെന്നു കൂടി ആലോചിക്കുക.
എക്സ്പ്രസ് ഹൈവേയ്ക്കു പകരം, തെക്കു വടക്കു പാത, കണ്ണൂരില്‍ വാട്ടര്‍ തീം പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, എല്ലാം മുറപോലെ നടക്കും. ചിലപ്പോള്‍ പേരു മാറ്റിയേക്കും. അത്രമാത്രം! ഇനിയിപ്പോള്‍ പ്രതിഷേധങ്ങളുടെ മുനയും കുറവായിരിക്കും...
നേരത്തെ നയങ്ങളുടെ പേരിലെങ്കിലും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താമായിരുന്നു. ഇപ്പോള്‍ ഇടതുപക്ഷ പുറമ്പൂച്ചണിഞ്ഞ വലതുപക്ഷ കാപട്യങ്ങളെ എന്തു ചെയ്യും?