തര്‍ജ്ജനി

മുഖമൊഴി

പരിക്ഷീണമാകുന്ന പൊതുവിദ്യാഭ്യാസം

ഓണക്കാലത്തിന് തൊട്ടുമുമ്പ് കേരളത്തിലെ വലിയ വാര്‍ത്തകളില്‍ ഒന്ന് സര്‍ക്കാര്‍ സ്കൂളുകളിലെ തലയെണ്ണല്‍ ആയിരുന്നു. ആറാം പ്രവര്‍ത്തിദിവസത്തില്‍ അതാത് ഹെഡ് മാസ്റ്റര്‍മാര്‍ നല്കിയ കണക്കുകള്‍ ശരിയാണോ എന്ന് എല്ലാ സ്കൂളുകളിലും ഒരേസമയം വിദ്യാര്‍ത്ഥികളെ നേരില്‍ക്കണ്ട് ബോദ്ധ്യപ്പെട്ട്, തലയെണ്ണി കണക്ക് നിശ്ചയിച്ച്, എത്ര അദ്ധ്യാപകര്‍ക്ക് ജോലിയുണ്ടെന്ന് നിശ്ചയിക്കുന്ന വാര്‍ഷികപരിപാടിയാണ് തലയെണ്ണല്‍. എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകര്‍ വേവലാതിപ്പെടുന്ന സമയമാണിത്. ഹാജര്‍പുസ്തകത്തില്‍ പേരുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളേയും കണക്കെടുപ്പിന് ഹാജരാക്കണം. ഇലഷന്‍ കാലത്ത് ഓരോ വോട്ടും ഉറപ്പുവരുത്തുന്ന പാര്‍ട്ടിക്കാരെപ്പോലെ അദ്ധ്യാപകര്‍ ജാഗ്രതപുലര്‍ത്തുന്നു. മഴക്കാലരോഗങ്ങളും പലതരം പനികളും ചേര്‍ന്ന് സ്കൂളിലെത്താനാകാതെ പോകുന്ന കുട്ടികളെക്കുറിച്ച് അവര്‍ വല്ലാതെ വേവലാതിപ്പെടും. കുട്ടികളുടെ എണ്ണം കണക്കാക്കിയാണ് ഒരു ക്ലാസ്സില്‍ എത്ര ഡിവിഷന്‍ വേണമെന്ന് നിശ്ചയിക്കുന്നത്. എണ്ണം കുറഞ്ഞാല്‍ ഡിവിഷനുകള്‍ പലതും ഇല്ലാതാകും. അതനുസരിച്ച് അദ്ധ്യാപകന്റെ ജോലിയും നഷ്ടമാകും. പ്രൊട്ടക്ഷന്‍ ആനുകൂല്യമുള്ള, സീനിയറായവരെ മാത്രം വരെ പിരിച്ചുവിടാതെ സംരക്ഷിതരാക്കി നിലനിറുത്തും. ജോലി നഷ്ടപ്പെടില്ലെങ്കിലും അവരുടെ കാര്യവും പ്രയാസംതന്നെ. ദൂരെ എവിടെയെങ്കിലും, ഒഴിവുള്ള ഏതെങ്കിലും സര്‍ക്കാര്‍ സ്ക്കൂളിലേക്കാവും മാറ്റി നിയമിക്കുക. കുടുംബവും പ്രാരാബ്ധങ്ങളുമായിക്കഴിയുന്ന അദ്ധ്യാപകര്‍ക്ക് ഇത് വലിയ പ്രശ്‌നം തന്നെയാണ്. ഭര്‍ത്താവും ഭാര്യയും രണ്ടിടത്താവുക, കുട്ടികളുടെ പഠനവും മറ്റും നേരാംവണ്ണം ശ്രദ്ധിക്കാന്‍ കഴിയാതെ പോവുക, കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ... അങ്ങനെ ജോലിപോകുന്നവരും പോകാത്തവരുമായ അദ്ധ്യാപകര്‍ വല്ലാതെ വേവലാതിയിലാവുന്ന ദിനമാണ് തലയെണ്ണല്‍ദിനം.

ഇത്തവണ തലയെണ്ണിയപ്പോള്‍ പൊതുവിദ്യാലയങ്ങളില്‍ രണ്ടരലക്ഷം കുട്ടികളുടെ കുറവ് വന്നെന്ന് സര്‍ക്കാര്‍ കണക്കുകള്‍. മുവ്വായിരത്തോളെ അദ്ധ്യാപകതസ്തികകള്‍ നഷ്ടപ്പെടുമെന്നാണ് അവസ്ഥ. മൂന്നു നാലുവര്‍ഷമായി കണ്ടുവരുന്ന പ്രതിഭാസമാണിത്. കുറേക്കാലം മുമ്പ് തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിലെ ചില ഗവേഷകര്‍ ജനനനിയന്ത്രണപരിപാടികളുടെ ഫലം പൊതുജീവിതത്തില്‍ എങ്ങനെ എന്ന ഒരു പഠനം നടത്തിയിരുന്നു. അതില്‍ ശിശുജനനനിരക്ക് ആനുപാതികമായി കുറയുകയാണെന്നും ഇങ്ങനെ തുടര്‍ന്നാല്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ഒന്നാം ക്ലാസ്സില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഭീമമായ കുറവുണ്ടാകുമെന്നും അദ്ധ്യാപകരുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യം തന്നെ സംജാതമാകുമെന്നും പ്രവചിച്ചിരുന്നു. അക്കാലത്ത് അത് വലിയ കോലാഹലത്തിന് വഴിയൊരുക്കിയിരുന്നു. ഇപ്പോഴത്തെ സ്കൂള്‍പ്രവേശനക്കണക്കിലെ കുറവ് പണ്ട് നമ്മുടെ സാമ്പത്തികവിശാരദര്‍ ദീര്‍ഘദര്‍ശനം ചെയ്ത ജനസംഖ്യാനിയന്ത്രണത്തിന്റെ ഭാഗമായി ശിശുജനനിരിക്കിലുണ്ടായ കുറവാണോ? എന്നല്ല മലയാളികള്‍ വിദ്യാഭ്യാസത്തോടു വൈമുഖ്യം കാണിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണോ? ഹയര്‍സെക്കണ്ടറിതലത്തില്‍ സി. ബി. എസ്. ഇ. സ്കൂളുകളില്‍ നിന്നും കുട്ടികള്‍ വ്യാപകമായി കൊഴിഞ്ഞുപോകുന്നുവെന്ന് ഹിന്ദുപത്രം ഈയിടെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. എന്താണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് ?

ഹയര്‍സെക്കണ്ടറിതലത്തില്‍ സി.ബി.എസ്.ഇ. മേഖലയില്‍നിന്ന് കുട്ടികള്‍ കൊഴിഞ്ഞുപോകുന്നുവെന്നത് വാസ്തവം. അവര്‍ ശൂന്യതയിലേക്കല്ല പോകുന്നത്. കേരളസിലബസ്സില്‍ പഠിപ്പിക്കുന്ന സ്കൂളുകളിലേക്കാണ്. അതിനൊരു കാരണമുണ്ട്. മെഡിക്കല്‍-എഞ്ചിനിയറിംഗ് പ്രവേശനത്തിന് പ്ലസ് ടുവിന്റെ മാര്‍ക്കുകൂടി പരിഗണിക്കും. കേരളസിലബസ്സില്‍ പരീക്ഷയെഴുതിയാല്‍ ഉദാരമായി മാര്‍ക്ക് കിട്ടും. അതിനാല്‍ ഉയര്‍ന്ന റാങ്ക് നേടാന്‍ പ്രയാസമില്ല. സി. ബി. എസ്. ഇയില്‍ അതു ഇത്രത്തോളം എളുപ്പമല്ല. കഠിനാദ്ധ്വാനം ചെയ്താലേ അത്രയും മാര്‍ക്ക് കിട്ടുകയുള്ളൂ. എളുപ്പവഴിയില്‍ ക്രിയചെയ്യാന്‍ ചെറുപ്പത്തിലേ ശീലിക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍-എഞ്ചിനിയറിംഗ് മോഹികള്‍ പത്താംക്ലാസ്സിനുശേഷം കേരളാസിലബസിലേക്ക് മാറുന്നു.

ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഉല്പന്നങ്ങള്‍ വിപണിയില്‍ വിറ്റഴിക്കുന്ന കച്ചവടതന്ത്രമുണ്ട്. സൗജന്യങ്ങള്‍, വിലക്കുറവ്, ഒന്നെടുത്താല്‍ മറ്റൊന്ന് സൗജന്യം എന്നിങ്ങനെ ഉപഭോക്താക്കളെ വലവീശിപ്പിടിക്കുന്ന നൂറായിരം പരസ്യങ്ങള്‍ക്കിടയിലൂടെയാണ് നാം ജീവിച്ചു പോകുന്നത്. ലോട്ടറി ധനാഗമമാര്‍ഗമായി കൊണ്ടുനടക്കുന്ന നമ്മുടെ സര്‍ക്കാരിന്റെ വിദ്യാഭ്യാസവിപണനതന്ത്രമാണ് എളുപ്പത്തിലുള്ള വിജയവും അത്യദ്ധ്വാനമില്ലാതെ വന്‍മാര്‍ക്കും. അതിന്റെ മുദ്രാവാക്യം ഇതാണ് : സ്റ്റേറ്റ് സിലബസ്സില്‍ പ്ലസ് ടു പഠിക്കൂ, മെഡിക്കല്‍-എഞ്ചിനിയറിംഗിനു് മത്സരപരീക്ഷയില്‍ മുന്നിലെത്തൂ. ഈ ഓഫര്‍ ഫലം കണ്ടുവെന്നതാണ് സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന സ്കൂളുകളിലേക്ക് കുട്ടികള്‍ കൂറ്മാറി വന്നെത്തുന്നതില്‍ നിന്നും മനസ്സിലാക്കാവുന്നത്. വല്ല വിധേനയും ഡോക്ടറോ എഞ്ചിനിയറോ ആവണം എന്ന് ആഗ്രഹിച്ചു നടക്കുന്നവരേയും അവരുടെ രക്ഷാകര്‍ത്താക്കളേയും ഈ തന്ത്രം ഉപയോഗിച്ച് വളയ്ക്കാം. എന്നാല്‍ പത്താം ക്ലാസ്സുവരെയുള്ള പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ എന്തുചെയ്യും?

ഡി. പി. ഇ. പി എന്ന പേരില്‍ നടപ്പിലാക്കിയ വിദ്യാഭ്യാസപരിഷ്കാരമാണ് മുമ്പൊരിക്കലും ഇല്ലാത്തവിധത്തില്‍ സി. ബി. എസ്. സി പ്രണയം കേരളത്തില്‍ പടര്‍ത്തിയത്. പി. എസ്. സി പരീക്ഷയെഴുതി അഭിമുഖപരീക്ഷകഴിഞ്ഞെത്തുന്ന സമര്‍ത്ഥരായ ഒരു വന്‍ അദ്ധ്യാപകസമൂഹം നടത്തുന്ന വിദ്യാഭ്യാസത്തെ ആകെപ്പാടെ അലങ്കോലമാക്കിയ ആ പരിഷ്കാരത്തിന്റെ ദുഷ്ഫലങ്ങള്‍ ഇപ്പോളും വിദ്യാഭ്യാസരംഗത്തെ വിട്ടൊഴിഞ്ഞ് പോയിട്ടില്ല എന്നതാണ് വാസ്തവം. അണ്‍ എയിഡഡ് എന്ന സ്വാശ്രയമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സി. ബി. എസ്. സി വിദ്യാലയങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസപരിഷ്കാരം ബാധകമായിരുന്നില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം ആഗ്രഹിക്കുന്ന രക്ഷാകര്‍ത്താക്കള്‍ ഗിനിപ്പന്നികളാകാന്‍ തങ്ങളുടെ കുട്ടികളെ വിട്ടുകൊടുക്കാതെ സ്വാശ്രയരെ ആശ്രയിച്ചു. കേരളത്തില്‍ കൃത്യമായി രണ്ടു തരം വിദ്യാഭ്യാസം, രണ്ടുതട്ടിലുള്ള വിദ്യാഭ്യാസം നടപ്പില്‍ വരുത്തിയ പരിഷ്കാരമാണ് ഡി. പി. ഇ. പി. സമ്പന്നരല്ലാത്തവരും ഗ്രാമീണരും ഗിനിപ്പന്നികളായി. അവരില്‍ ഭൂരിഭാഗവും സാമുദായികമായ പിന്നോക്കാവസ്ഥയില്‍ ഉള്ളവരുമാണ്. അവര്‍ക്കൊക്കെ തരം താണത് മതി എന്ന സര്‍ക്കാര്‍ തീരുമാനം മഹാവിപ്ലവം തന്നെ. ജാഥയ്ക്കു പോകാനും തെരുവില്‍ തല്ലാനും തല്ലുകൊള്ളാനുമുള്ളവരില്ലാതെ അവരുടെ വിപ്ലവങ്ങള്‍ എങ്ങനെയാണ് നടത്തുക ! പഠിച്ച് വല്ലതും ആയിത്തീരണമെന്ന് ആഗ്രഹിക്കുന്നവര്‍ കഷ്ടപ്പെട്ടിട്ടാണെങ്കിലും തങ്ങളുടെ കുട്ടികളെ സ്വകാര്യവിദ്യാലയങ്ങളിലും സ്വാശ്രയത്തിലും മാറ്റിച്ചേര്‍ത്തു. പൊതുവിദ്യാഭ്യാസം അനാകര്‍ഷകമാണ് എന്ന സന്ദേശമാണ് കാലക്രമത്തില്‍ കേരളസമൂഹത്തില്‍ വേരുറച്ചത്. ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളാണ് സര്‍ക്കാര്‍ നടത്തു പൊതുവിദ്യാലയങ്ങളുടെ ശത്രുക്കള്‍ എന്ന ആശയം ഇതിനിടെ പ്രചരിപ്പിക്കപ്പെട്ടു. മീഡിയമല്ല ഉള്ളടക്കമാണ്, രീതിശാസ്ത്രമല്ല സമീപനമാണ് പ്രശ്‌നം എന്ന വസ്തുത മറച്ചുപിടിക്കാനും സര്‍ക്കാരും സര്‍ക്കാറനുകൂല അദ്ധ്യാപകസംഘടനകളും നിരുത്തരവാദപരമായ പ്രചരണത്തിനിറങ്ങി. പ്രശ്‌നം പരിഹരിക്കാനോ, പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ പോലുമോ സന്നദ്ധമല്ലാത്ത കാപട്യമായിരുന്നു അത്. ഈ രാഷ്ട്രീയഗുരുനാഥന്മാര്‍ സത്യം പറയുമെന്നോ പ്രശ്‌നപരിഹാരം കണ്ടെത്തുമെന്നോ ആരും കരുതുന്നില്ല.

മെഡിക്കല്‍-എഞ്ചിനിയറിംഗ്കാംക്ഷികളെ വിട്ടാലും പൊതുസമൂഹത്തിനു പോലും അസ്വീകാര്യമായിത്തീരുന്ന അവസ്ഥ സര്‍ക്കാര്‍- എയിഡഡ് വിദ്യാലയങ്ങള്‍ക്ക് ഉണ്ടായതെങ്ങനെ എന്ന് ആലോചിക്കാനോ അതിന് പരിഹാരം കാണാനോ സാധിക്കാത്തവര്‍ ഇംഗ്ലീഷ് മീഡിയത്തെ പഴിചാരി തടിയൂരുകയാണ്. പഠനം കഴിഞ്ഞ് ഒരു ജോലി തേടുമ്പോള്‍ എഴുതേണ്ടിവരുന്ന പരീക്ഷകള്‍ എല്ലാം പഴയരീതിയിലുള്ളവയാണ്. മാത്രമല്ല, പലതും ദേശീയതലത്തിലുള്ളവയാണെന്നതിനാല്‍ സി. ബി. എസ്. സി പാഠ്യപദ്ധതിയെ അനുസരിച്ചുള്ളവയാണ്. അത്തരം ഒരു പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട പഠനരീതിയില്‍ പഠിച്ചവര്‍ക്ക് മേല്‍ക്കൈകിട്ടുന്നവിധത്തിലുള്ളവ. സംസ്ഥാനതലത്തിലുള്ള മത്സരപരീക്ഷകളെങ്കിലും പരിഷ്കൃതപദ്ധതിക്കു അനുസൃതമായി പരിഷ്കരിക്കപ്പെടേണ്ടതല്ലേ? അതിനുള്ള ബാദ്ധ്യത സര്‍ക്കാരിനില്ലേ? സ്വയംകണ്ടെത്തിയും പ്രവര്‍ത്തിച്ചും പഠിച്ചുവരുന്ന സ്റ്റേറ്റ്‌സിലബസ്സുകാര്‍ പഴയമട്ടിലുള്ള മത്സരപ്പരീക്ഷകള്‍ നേരിടേണ്ടിവരുന്നുവെന്ന ക്രൂരമായ സത്യം അവഗണിക്കുന്നതെങ്ങനെ? മന:പാഠത്തെ പരിഹസിച്ച് കേമത്തം നടിക്കാം. എന്നാല്‍ അത് പരീക്ഷാവിജയം നല്കില്ലല്ലോ. മത്സരപരീക്ഷകള്‍ മന:പാഠപരീക്ഷകളല്ലാതാക്കി പരിഷ്കരിക്കുവാനുള്ള ഉത്തരവാദിത്തമുള്ളവര്‍ അത് കണ്ടില്ലെന്ന് നടിക്കുന്നതെന്താണ്?

ഇവിടെ കാഴ്ചപ്പാടുമായി ബന്ധപ്പെട്ട ഗൗരവപൂര്‍ണ്ണമായ ഒരു പ്രശ്‌നം കാണാതിരുന്നുകൂട. സര്‍ക്കാര്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥിയുടെ അവകാശം എന്ന മുദ്രാവാക്യം പ്രഖ്യാപിക്കുകയും ഗുണനിലവാരമില്ലാത്തതും ജനവിശ്വാസം നഷ്ടപ്പെട്ടതുമായ ഒരു വിദ്യാഭ്യാസം നല്കുകയും ചെയ്യുമ്പോള്‍ തങ്ങള്‍ നല്കുന്നതെന്തോ അത് ഗുണനിലവാരമുള്ളതായി അംഗീകരിച്ചുകൊള്ളണമെന്ന ശാഠ്യം പ്രകടമാക്കുകയാണ്. അത്തരം ഒരു ശാഠ്യത്തിന് ഈ നാട്ടിലെ സമ്പന്നരല്ലാത്തവരുടേയും പിന്നോക്കാവസ്ഥയില്‍ കഴിയുന്നവരുടേയും കുട്ടികള്‍ ബലിയാടാക്കപ്പെടുന്നു. പൊതുവിദ്യാലയങ്ങള്‍ അപ്പാടെ അനാകര്‍ഷകമാവുകയും സ്വകാര്യ-സ്വാശ്രയവിദ്യാഭ്യാസക്കച്ചവടവും ഗൈഡ് ലോബികളും കൊഴുക്കുകയും ചെയ്യുന്നത് സര്‍ക്കാരുകളുടെ ശാഠ്യത്തിന്റെ തണലിലാണ്. ഗുണനിലവാരം തങ്ങളാണ് നിശ്ചയിക്കുക എന്ന നടിക്കുകയും നിലവാരമില്ലാത്തത് നല്കുകയും അതിന് മറ്റുള്ളവരെ പഴിചാരുകയും ചെയ്യുന്ന നൂറാംകിട രാഷ്ട്രീയതന്ത്രത്തിന്റെ അധമകൗശലം വിദ്യാഭ്യാസത്തെ നശിപ്പിച്ചതിന്റെ ഫലമാണ് നാം അനുഭവിക്കുന്നത്. സര്‍ക്കാര്‍ വ്യക്തമായ കാഴ്പപ്പാടോടെ, കാഴ്ചപ്പാടിനെ സാധൂകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തണം. വേള്‍ഡ് ബേങ്കിന്റേയോ മറ്റോ ചില്ലിക്കാശ് കിട്ടുമ്പോള്‍ അത് കൈപ്പറ്റാനായി സ്വന്തം ഉത്തരവാദിങ്ങള്‍ കയ്യൊഴിയാതിരിക്കുകയെങ്കിലും വേണം. സത്യം സത്യമായി പറയാനുള്ള ആര്‍ജ്ജവം ആര്‍ജ്ജിക്കുകയും വേണം. അങ്ങനെ ഒരു വിദ്യാഭ്യാസമന്ത്രി നമ്മുക്കുണ്ടാവുമോ?

Subscribe Tharjani |
Submitted by ജസ്റ്റിന്‍ (not verified) on Wed, 2010-08-25 10:43.

വിദ്യാഭ്യാസമില്ലാത്തവര്‍ (ഒരു ഡിഗ്രി ഉണ്ടെങ്കില്‍ വിദ്യാഭ്യാസമാകും എന്ന് പറയാന്‍ പറ്റുമോ) വിദ്യയില്‍ അഭ്യാസം നടത്തുന്നതിന്റെ ദോഷ ഫലങ്ങളാണ് ഇതൊക്കെ. കേരള വിദ്യാഭ്യാസത്തില്‍ സമൂലമാറ്റം വരുത്തിയില്ലെങ്കില്‍ വളരെ താമസിയാതെ തന്നെ തലയെണ്ണലോ കണക്കെടുപ്പോ ഒന്നും വേണ്ടി വരില്ല.

Submitted by Anonymous (not verified) on Thu, 2010-08-26 20:59.

പൊതുവിദ്യാഭ്യാസം എന്ന പഴഞ്ചന്‍ ആശയത്തെ കുഴിച്ചുമൂടാന്‍ പരിഷത്തുണ്ട്, കെ.എസ്.ടി.എ ഉണ്ട്, എ.കെ.പി.പി.ടി എ ഉണ്ട്, ഉന്നതവ്ഇദ്യഭ്യാസകൌണ്‍സിലുണ്ട്, എം. എയും പിഎച്ച്ഡിയും ഉള്ള തൊമ്മികളുണ്ട്, ഡയറക്ടറേറ്റുകളിണ്ട്, പോരെ? ഇതിനെക്കുറിച്ചൊന്നും വെറുതേ വറി ചെയ്യാതെ.