തര്‍ജ്ജനി

കവിതാ ചര്‍ച്ചകള്‍

തര്‍ജ്ജനിയില്‍ ഈ മാസം കവിതയെക്കുറിച്ചുണ്ടായ ചര്‍ച്ചകള്‍, പതിരു നീക്കിക്കൊഴിച്ചെടുത്താല്‍ ആലോചിക്കാന്‍ ഒരുപാട് വിഭവങ്ങള്‍ നല്‍കുന്നുണ്ട്. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പു തുടങ്ങിയതാണെങ്കിലും സാഹിത്യത്തിന്റെ പ്രേരണയെയും പ്രയോജനത്തെയും പ്രസക്തിയെയും പറ്റി ഇന്നും ആളുകള്‍ തര്‍ക്കങ്ങള്‍ തുടരുകയാ‍ണ്. തര്‍ജ്ജനിയിലെ തര്‍ക്കങ്ങളുടെ ഗതി ഈ വഴിയ്ക്കാണ്..
1. പോസ്റ്റുമോഡേണ്‍ കവിതകള്‍ വായിച്ചാല്‍ മനസ്സിലാവാത്തവയും മനസ്സില്‍ തങ്ങി നില്‍ക്കാത്തവയുമാണ്.
1എ) - അതുകൊണ്ടു പുതിയ കവികള്‍ എഴുത്തു നിര്‍ത്തണം.
2. അക്കിത്തം, കക്കാട്, ഓ എന്‍ വി, സുഗതകുമാരി, മധുസൂദനന്‍ നായര്‍ എന്നിവരുടെ കവിതകള്‍ പോലെ മഹത്തരമല്ല പുതിയ കവിത.
3. ഒരിക്കലും മാറാത്ത ചില അനുഭവങ്ങളുണ്ട്. അതാണ് ആവിഷ്കരിക്കേണ്ടത്.
4. ചര്‍ച്ചകളും തര്‍ക്കങ്ങളും അനാവശ്യങ്ങളാണ്. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുകയാണ് ആ സമയത്ത് ചെയ്യേണ്ടത്.
5. നേരെ പറയാനുള്ള കാര്യങ്ങള്‍ വളച്ചുകെട്ടി കവിതയില്‍ പറയുന്നതെന്തിന്?
6. പുതിയ കവിതയെക്കുറിച്ചു പറയുന്നവര്‍ സ്വന്തം കവിതയുടെ മഹത്വത്തെഘോഷിക്കാന്‍ ശ്രമിക്കുന്നവരാണ്.
ഇനിയുമുണ്ട്..പറയാന്‍ മാത്രമല്ലാതെ കേള്‍ക്കാന്‍ കൂടി ക്ഷമയുള്ളവര്‍ക്കു വേണ്ടി നമുക്ക് ഇവിടെ കുറച്ചുകൂടി ഗാഢമായി ഈ പ്രശ്നങ്ങളെ സമീപിച്ചു നോക്കാം.

Submitted by lijujacobk on Sat, 2006-05-13 08:20.

പുതിയ കവികളുടെ രചന വായിച്ചാല്‍ അവറ് അത് സ്വയം മനസ്സിലാക്കിത്തന്നെയാണോ എഴുതുന്നത് എന്ന സംശയം തോന്നും.

Submitted by Sunil Krishnan on Sun, 2006-05-14 12:30.

കരയിലിരുന്ന്‌ നീന്തുന്നവര്‍ നനയുന്നതുപോലെ പുഴയില്‍ നീന്തുന്നവര്‍ നനയുന്നില്ല എന്നല്ലേ പറഞുവരുന്നത്........

Submitted by Sunil on Mon, 2006-05-15 10:19.

ആധുനിക കവികളുടെ കാഴ്ചപ്പാട്‌ മാറണം:ഡോ.സുകുമാര്‍ അഴീക്കോട്‌
തൃശൂര്‍: ആധുനിക കവികള്‍ കവിതയുടെ ആസ്വാദനത്തെ ചുരുക്കുകയാണെന്ന്‌ ഡോ. സുകുമാര്‍ അഴീക്കോട്‌ പറഞ്ഞു. സാഹിത്യ അക്കാദമി വെയിലോപ്പിള്ളി ഹാളില്‍ വെയിലോപ്പിള്ളി അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്ക്‌ കവിതകള്‍ ആസ്വദിക്കാനാവില്ലെന്ന ആധുനിക കവികളുടെ കാഴ്ടപ്പാട്‌ മാറ്റണം. കവിതകള്‍ ആര്‍ദ്രമായ ഹൃദയങ്ങളെ നനയ്ക്കുന്നതാണ്‌. കവിതയുടെ നിയോജകമണ്ഡലം വലുതാക്കണമെന്നും ഡോ. സുകുമാര്‍ അഴീക്കോട്‌ പറഞ്ഞു.
കവിതയുടെ ശക്തി അപാരമാണ്‌. ഒറ്റവരി കവിത കൊണ്ട്‌ ആയുഷ്കാലം മുഴുവന്‍ ജീവിക്കാനുള്ള ശക്തി ചിലപ്പോള്‍ ലഭിക്കും. കവിത നഷ്ടപ്പെട്ടതാണ്‌ ഇന്നത്തെ രാഷ്ട്രീയ വരള്‍ച്ചയ്ക്കു കാരണമെന്നും അഴീക്കോട്‌ കൂട്ടിച്ചേര്‍ത്തു. മണ്ണാങ്കട്ട അലിയുന്നതും കരിയില പാറിപോകുന്നതുമാണ്‌ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും അഴീക്കോട്‌ പറഞ്ഞു.

Submitted by Sunil on Mon, 2006-05-15 10:22.

തര്‍ജനിയിലെ വാദങള്‍ ക്രോഡീകരിച്ചപ്പോള്‍ ശിവന്‍, കവികള്‍‌ക്ക്‌ പറയാനുള്ളതുകൂടേ ഉള്‍‌പ്പെടുത്താമായിരുന്നു.

Submitted by Sivan on Mon, 2006-05-15 11:44.

ഞാന്‍ കവിതയ്ക്കെതിരെ, അവിടെ പ്രത്യക്ഷപ്പെട്ട വാദങ്ങളെയാണ് ക്രോഡീകരിച്ചത്. പ്രതിരോധങ്ങള്‍ ഇവിടെ രൂപപ്പെടണം.
കവിതയുള്‍പ്പടെയുള്ള സാംസ്കാരിക ഉത്പ്പന്നങ്ങളുടെ പശ്ചാത്തലം മനസ്സിലാക്കാതെ പോകുന്നതാണ് ഇത്തരം വാദങ്ങള്‍ വീണ്ടും വീണ്ടും ഉയരുന്നതിന്റെ കാരണം എന്നാണ് എന്റെ തോന്നല്‍.

മറ്റു ജീവനുകളില്‍ നിന്നും മനുഷ്യനുള്ള ഒരു പ്രധാന-വളരെ പ്രധാനപ്പെട്ട-വ്യത്യാസം മനുഷ്യര്‍ക്കുള്ള ആന്തരിക ജീവിതമാണ്. നമ്മുടെ തോന്നലാണ് നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം! പ്രണയം പശുവിനും ഉണ്ട്. അതിന് ഒറ്റ ലക്ഷ്യമേയുള്ളൂ. സാക്ഷാത്കരിച്ചാലുമില്ലെങ്കിലും അതിന്റെ വഴി നിശ്ചിതമാണ്. പക്ഷേ മനുഷ്യനായ ഞാന്‍ പ്രണയം എന്ന അതി സാധാരണം എന്നു തോന്നുന്ന വികാരം അനുഭവിക്കുന്നത് അതി സങ്കീര്‍ണ്ണമായ എന്റെ മാനസിക ഘടനകൊണ്ടാണ്. എന്റെ പ്രണയം തീര്‍ച്ചയായും മാധവിക്കുട്ടിയ്ക്ക് അനുഭവപ്പെട്ടതല്ല, എന്ന് എനിക്കറിയാം. അത് നിങ്ങളോട് പറയാനുള്ള ശ്രമമാണ് എന്റെ ഭാഷയെ മറ്റൊന്നാക്കി തീര്‍ക്കുന്നത്. അതു നിങ്ങള്‍ക്ക് മനസ്സിലാവാതെ പോകുന്നത് എന്റെ മനസ്സുകൊണ്ട് ഞാന്‍ അനുഭവിച്ച വികാരം നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതു കൊണ്ടാണ്. ഇതൊരു കുറവല്ല. പക്ഷേ സത്യം അതാണ്.
അതുകൊണ്ടാണ് ഭാഷയുടെ ഏറ്റവും സൂക്ഷ്മമായ രൂപമാണ്, കവിത എന്നു പറയുന്നത്. ഭാഷയുടെ നിലവിലുള്ള അര്‍ത്ഥത്തെ ഉപയോഗിക്കുകയല്ല, അതു പുതിയ അര്‍ത്ഥങ്ങളുടെ സാദ്ധ്യത അന്വേഷിക്കുകയാണ്. പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന നാം അല്പം അണിഞ്ഞൊരുങ്ങാറുള്ളതു പോലെ, കവിത സമൂഹത്തോടു സംവദിക്കാന്‍ പോകുന്നതു കൊണ്ട് അല്പം അണിഞ്ഞൊരുങ്ങുന്നതാണ് താളമായും, അലങ്കാരമായും, ബിംബങ്ങളായും, നാം കാണുന്നത്. അതുകൊണ്ട് ‘നേരെ പറഞ്ഞുകൂടെ’ എന്ന ചോദ്യം കവിതയുടെ കാര്യത്തില്‍ അപ്രസക്തമാണ്. സംഭാഷണത്തില്‍ പോലും നാം നേരെ പറയാറില്ല എന്നതാണ് വാസ്തവം. പക്ഷേ സ്വയം ശ്രദ്ധിക്കാറില്ല എന്നു മാത്രം.

Submitted by Sunil on Tue, 2006-05-16 17:43.

ഇവിടെ എനിക്കു തോന്നിയ ചില കാര്യങള്‍ കൂടെ പറയട്ടെ.
കാലത്തിന്റെ മാറ്റം, സാമൂഹിക പരിസ്ഥിതികളുടെ മാറ്റം നമ്മിലുണ്ടാക്കുന്ന മാറ്റങള്‍.
ഞാന്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതുവരെ വായിച്ചിരുന്നു.പിന്നീട്‌ വന്ന മാറ്റങള്‍ കാരണം ജീവിതത്രപ്പാട് എന്നുതന്നെ പറയട്ടെ. എവിടേയോ വച്ച് പുസ്തകങളെ മറന്നു. അനവധികാലങള്‍‌ക്ക്‌ ശേഷം അങനെ മാറിയ ഒരു സാഹചര്യത്തില്‍ പണ്ട്‌ മറന്നുപോയ പുസ്തകങളെപ്പറ്റി വീണ്ടും ഓര്‍ത്തു. വായന വീണ്ടും തുടങിയപ്പോഴേക്കും “ഭാവന” കുറഞിരുന്നു. മാത്രമല്ല പത്തിക്കുക എന്ന ഒറ്റലക്ഷ്യം മാത്രമുണ്ടായിരുന്ന ഞാന്‍, പഠിച്ചുകഴിഞപ്പോള്‍(???)പല ലക്ഷ്യ്ങളുള്ളവനായി തീര്‍ന്നു. ജോലി വേണം,കുടുംബം നോക്കണം. അങനെ പലതും. ഒരു ശകലീകരണം എന്നില്‍ത്തന്നെ സംഭവിച്ചു എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അതിനാല്‍ തന്നെ യുദ്ധവും സമാധാനവും വായിച്ചിരുന്ന എനിക്ക്‌ ജോലിയില്‍ ഉയര്‍ച്ച തേടാനുള്ള വിവരങള്‍ മാത്രം മതിയെന്നായി. ജോലിയില്‍ ഉയര്‍ച്ച ആഗ്രഹിക്കുന്ന ഞാനും യുദ്ധവും സമാധാനവും വായിച്ചിരുന്ന ഞാനും തമ്മില്‍ തമ്മില്‍ യോജിച്ച്‌ പോകാന്‍ വയ്യാത്ത അവസ്ഥയായി. പിന്നീട്‌ യോജിക്കാമെന്ന കാലം വന്നപ്പോള്‍ യുദ്ധവും കഴിഞിരുന്നു സമാധാനവും മാറി...ഇപ്പോ എന്തൊക്കെയ്യോ അവസ്ഥകള്‍ കാണുന്നു
ഈ കാലത്തിന്റെ വിടവ്‌ തീര്‍ത്ത അവസ്ഥാന്തരങള്‍. അതിലുണ്ടകുന്ന ഭാവനകള്‍ എനിക്ക്‌ ദഹിക്കുന്നില്ല കാരണം എന്റെ ഭാവനയെന്നോ ചെറുതായിരിക്കുന്നു.

Submitted by Sunil on Tue, 2006-05-16 17:54.

അതിന് കവിതയെ കുറ്റം പറഞിട്ട്‌ കാര്യമുണ്ടോ?
ഇല്ല, പക്ഷെ സ്വയം ഉള്ളിലേക്ക്‌ നോക്കുന്നതിന് മുന്‍പ്‌ മറ്റുള്ളവരുടേ കുറ്റങള്‍ കണ്ടുപിടിക്കാനല്ലെ മനുഷ്യന് താല്‍പ്പര്യം. കഥയിലോ നോവലിലോ ഇത്തരം പ്രശ്നങള്‍ വരുന്നില്ല, കാരണം അറ്വ കുറച്ചുകൂടെ ഡിസ്ക്രിപ്റ്റീവ് ആണല്ലൊ. കൂടാതെ കവിത കൂടുതല്‍ കൂടുതല്‍ അബ്സ്റ്റ്രാക്റ്റ് ആവുകയും ചെയ്യുന്നു.

Submitted by Sivan on Thu, 2006-05-18 17:14.

പോസ്റ്റുമോഡേണ്‍ കവിത ആയതു കൊണ്ടു മനസ്സിലാവുന്നില്ല എന്നൊക്കെ ആളുകള്‍ അറിവില്ലാതെ പറയുന്നതാണ്.
സത്യത്തില്‍ എന്തിനെയാണ് പോസ്റ്റു മോഡേണ്‍ എന്നു വിളിക്കുന്നത് എന്നു ഭൂരിപക്ഷത്തിനും വലിയ പിടിയില്ല. പി പി രാമചന്ദ്രന്റെ ‘ലളിതം’ എന്നൊരു കവിതയുണ്ട്. പി രാമനും മുന്‍പ് അതാണ് മലയാളസാഹിത്യത്തില്‍ പോസ്റ്റു മോഡേണിസത്തിന്റെ വരവിനെ ഉദ്ഘോഷിച്ചത് എന്നൊക്കെ വിമര്‍ശകര്‍ പറഞ്ഞിരുന്നു. അതു വളരെ ലളിതമായ ചെറിയ കവിതയാണ്. കക്കാടിനേക്കാള്‍, അക്കിത്തത്തേക്കാള്‍, സുഗതകുമാരിയേക്കാള്‍ മനസ്സിലാക്കാന്‍ വളരെ എളുപ്പം. സാഹിത്യത്തില്‍ ആവിഷ്കൃതമാവുന്ന തത്ത്വശാസ്ത്രവും നിരീക്ഷണവും കാലത്തിനനുസരിച്ച് മാറും. പുതിയ കവിതകളൊക്കെ പോസ്റ്റുമോഡേണിസത്തിന്റെ പരിധിയില്‍ വരുമെന്നത് വെറും തോന്നലാണ്. എത്രയോ പഴഞ്ചന്‍ കവിതകള്‍ ഗദ്യത്തിന്റെ തോലണിഞ്ഞ് പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇനി സാമൂഹിക സേവനം പോരേ ചര്‍ച്ചകള്‍ വേണോ എന്നതിനെപ്പറ്റി..
മനുഷ്യന്‍ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടുന്നത് അവന്റെ തോന്നലിനെ അടിസ്ഥാനമാക്കിയാണ്. പ്രത്യയശാസ്ത്രം എന്നു വിളിക്കുന്നത് ഇതിന്റെ പ്രതിനിധാനത്തെയാണ്(representation of imaginative relation with reality)നമ്മളെല്ലാം പ്രത്യയശാസ്ത്രങ്ങള്‍ക്കുള്ളിലാണ് എന്നു പറയാം. കലകളല്ല പ്രത്യയശാസ്ത്രങ്ങളെ നിര്‍മ്മിക്കുന്നത്. എന്നാല്‍ കലകള്‍ പ്രത്യയശാസ്ത്രങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുന്നു. തന്റെ മുന്നിലിരുന്ന മനുഷ്യരേക്കാള്‍ മനുഷ്യമനസ്സിനെ മനസ്സിലാക്കാനും പഠിക്കാനും സഹായിച്ചത് ബത്സാക്കിന്റെ നോവലുകളാണ് എന്ന് ഫ്രോയിഡ് പറഞ്ഞത് ഓര്‍ക്കുക. അതുകൊണ്ടാണ് ചരിത്രത്തിലിടപെടാന്‍ പത്രാധിപര്‍ക്ക് ഒരു കത്തെഴുതിയാലും മതി എന്ന് എന്‍ എസ് മാധവന്‍ എഴുതിയത്. മനുഷയ്നെപറ്റിയും അവന്റെ/അവളുടെ ആന്തരിക ജീവിതത്തെപ്പറ്റിയുമുള്ള വിചിന്തനം കൊടിപിടിച്ച് നറ്റക്കുന്നതിനേക്കാള്‍ വലിയ സമൂഹിക പ്രവര്‍ത്തനമാണ്. പക്ഷേ അതു തിരിച്ചറിയാന്‍ കുറച്ചു ബുദ്ധി വിയര്‍ക്കേണ്ടി വരും...

Submitted by വഴിപോക്കന്‍ (not verified) on Tue, 2007-06-05 20:35.

എന്തായാലും പുതിയ കവിത വായിച്ച് എഴൂതിയവന് തന്നെ അത് മനസ്സിലായിക്കാണില്ല്ല എന്ന മനസ്സിലാക്കല്‍ തന്നെ വലിയ പൂരോഗതിയാണ്.