തര്‍ജ്ജനി

സുനില്‍ കൃഷ്ണന്‍, അല്‍ ഹസ

അല്‍ ഹസ

Visit Home Page ...

സംസ്കാരം

കാലം അഴിച്ചിട്ട കുപ്പായങ്ങള്‍

"പട്ടണത്തില്‍ നിന്ന് പോരുമ്പോള്‍
ഒരു മാസികതേടി
പീടികയെല്ലാം കേറി;
ഒന്നും കിട്ടാതെ
ഒരുകല്ലെടുത്തു കീശയിലിട്ടു
വീട്ടിലെത്തിയയുടനെ
അതു നിവര്‍ത്തി വായിക്കാനാരംഭിച്ചു.

പേരറിയാത്ത അനേകരുടെ കാല്പാടുകള്‍
ഒരു ജ്ഞാനിയുടെ
ഒരു ജിപ്സിയുടെ
ഞാനതിനെ തൊട്ട ആദ്യത്തെ വിനാഴിക
മുമ്പേ പോയ പാദങ്ങളുടെ ഇളം ചൂട്‌
വിരല്‍ത്തുമ്പിലൂടെ മുകളിലേക്ക്‌ പാഞ്ഞൂ.
ഇരുട്ടും വെളിച്ചവും കുടിച്ചു കുടിച്ചു മടുത്ത
ആ കൊച്ചുകല്ല് എന്നെ എവിടെയൊക്കെയോ നയിച്ചു
എങ്ങും മുട്ടാതെ കബളിപ്പിക്കപ്പെടുന്ന പാതകളും
എവിടെയുമെത്താത്ത വഴിപോക്കരും
എന്റെ രാത്രിയില്‍ നിറഞ്ഞു. "
(പി.എ. നാസിമുദ്ദീന്‍, കല്ല്)

അതിദ്രുതം പായുന്ന ഒറ്റക്കണ്ണന്‍ നാഗമാണ്‌ കാലം. അത്‌ കല്ലിലും പടര്‍പ്പിലും പൊഴിച്ചിടുന്ന പടങ്ങളാണ്‌ ചരിത്രം. ഈ പടങ്ങളില്‍ ഇഴഞ്ഞുപോയ മഹാകാലത്തിലെ മനുഷ്യസംസ്കൃതിയുടെ ഇപ്പോള്‍ പാകമാകാത്ത വേഷങ്ങളുടെ സൂക്ഷിപ്പുകള്‍ ഒളിച്ചുപാര്‍ക്കുന്നു. അനാദികാലം തൊട്ടുള്ള ഇരുട്ടും വെളിച്ചവും കുടിച്ച്‌ കുതിര്‍ന്ന വഴിയരികിലെ കല്ലില്‍ ഭൂതകാലത്തിലെ ജീവലോക വിജ്ഞനത്തിലേക്കുള്ള രഹസ്യലിപി അടക്കം ചെയ്തിരിക്കുന്നതായി തിരിച്ചറിയാനാവുമെങ്കില്‍ മനുഷ്യനിര്‍മ്മിതവസ്തുക്കളുടെ ശിരോലിഖിതങ്ങളില്‍ നിന്ന് ഒപ്പിയെടുക്കാനാകുന്നത്‌ പൊടിഞ്ഞുപോയ തലമുറകള്‍ ഭാവിക്കുവേണ്ടി കൊത്തിവെച്ച ജീവിതാവിഷ്ക്കാരങ്ങളുടെ ത്രസിപ്പിക്കുന്ന ഉടല്‍രൂപകങ്ങളാണ്‌. ജീവിതം പൊഴിച്ചിടുന്ന അനുഭവപരിസരങ്ങളൂടെ അകത്തെഴുത്തുകള്‍ വായിച്ചറിയാനാഗ്രഹിക്കുന്നവന്‍ സ്വാഭാവികമായും ചെന്നെത്തുന്ന ഇടം തന്റെ പൂര്‍വ്വികര്‍ കുഴിച്ച ജീവിതഖനികളിലും അവിടെ അവര്‍ അവശേഷിപ്പിച്ച അതിജീവനത്തിന്റെ മുദ്രകളിലുമായിരിക്കും. തകര്‍ന്ന ഒരു മണ്‍കലം, മണ്ണിന്റെ ആമാശയത്തിനും ദഹിപ്പിക്കാനാവാത്ത ഒരു നാണയത്തുട്ട്‌, കാലത്തിന്റെ വയറുകീറിപുറത്തെടുത്ത ഉടഞ്ഞ ഒരു തലയോട്ടി, ഇതെല്ലാം പറഞ്ഞുതരുന്ന കഥകള്‍ അനുഭവിച്ചെടുക്കുന്ന മനസ്സിന്റെ ജിജ്ഞാസയുടെ തുറമുഖത്തുകൂടി പായ്ക്കപ്പലുകളും പടയോട്ടങ്ങളും അനാഥനിലവിളികളും ഇരമ്പി തിരതെറുത്തുയരും. ചരിത്രത്തിലെ വസ്തുക്കളെ വായിക്കാന്‍ തുടങ്ങുന്ന നിമിഷം അത്‌ സംസാരിക്കാന്‍ ആരംഭിക്കും. ചാരം മൂടിയ ഇമകള്‍ വെട്ടിത്തുറന്ന് വര്‍ത്തമാനകാലത്തിലേക്ക്‌ വളരുന്ന അതിന്റെ നാഡി കാട്ടിത്തരും. അങ്ങനെ വര്‍ത്തമാനത്തില്‍ നിന്ന് ചരിത്രത്തിന്റെ കണ്ണുകളിലെ പ്രകാശം തിരഞ്ഞുപോകുന്നതിനെ ഹോബി എന്നു വിളിക്കാനാഗ്രഹിക്കാത്ത ഒരു ചെറുപ്പക്കാരന്റെ ഇരുപതുവര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തെയും അതിലൂടെ നേടിയ ലോകാന്തരവിനിമയോപാധികളുടെ അമൂല്യസമാഹരണത്തിന്റെയും തപസ്യയെ എന്തുപേരിട്ട്‌ വിളിക്കും? സാഹിത്യബോധവും സമൂഹ്യപ്രതിബന്ധതയും പിന്‍ബലംകൊടുക്കുന്ന ഒരു സാംസ്കരികപ്രവര്‍ത്തനം തന്നെയാണിതും എന്നുപറഞ്ഞയാള്‍ വിനീതനായി പെട്ടെന്ന് സംസാരത്തിന്‌ അടിവരയിട്ടുകളയും.

സമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന,സാമൂഹ്യവിഷയങ്ങളില്‍ ഇടപെട്ട്‌ പ്രഭാഷണം നടത്തുന്ന, സാഹിത്യാസ്വാദകസംഘങ്ങളുടെ സഹചാരിയായ പ്രദീപ്‌ കൊട്ടിയം എന്ന ഉത്സാഹിയായ പ്രവാസിയെ കിഴക്കന്‍ പ്രവിശ്യയിലുള്ളവര്‍ അടുത്തും അകലത്തുമായി തിരിച്ചറിയും. എന്നാല്‍ ഇരുനൂറിലേറെ രാജ്യങ്ങളിലെ രണ്ടായിരത്തിലധികം നാണയങ്ങള്‍ കൈവശമുള്ള, ഇന്ന് നിലവിലുള്ളതും നിലവിലില്ലാത്തതുമായ ഇരുന്നൂറ്റിനാല്‍പ്പത്തിയഞ്ചിലധികം രാജ്യങ്ങളുടെ രണ്ടായിരത്തിലധികം ബാങ്ക്‌ നോട്ടുകളുടെ അപൂര്‍വ്വശേഖരമുള്ള, 1368- നും 2001 നും ഇടയില്‍ ഭൂമിയിലെ ഇറങ്ങിയ ഏതു് നോട്ടിനെക്കുറിച്ചോ നാണയത്തെ പറ്റിയോ ചോദിച്ചാലും അതിന്റെ ഒരു ലഘുചരിത്രമുള്‍പ്പെടെ പറയാനാവുന്ന ഈ ലോകനാണയങ്ങളുടെ തലവര സൂക്ഷിപ്പുകാരനെ ഏറ്റവും അടുത്ത ചില സുഹൃത്തുക്കള്‍ക്കാല്ലാതെ മറ്റാര്‍ക്കും അറിയില്ല.

സമ്പന്നരുടെ പൊയ്ക്കാല്‍നാടകങ്ങളിലെ കാഴ്ചവസ്തുക്കളായും പുറംപൂച്ചുനിറഞ്ഞ പൊങ്ങച്ചശീലങ്ങളുടെ പ്രദര്‍ശനനാടകങ്ങളായും ഗൌരവമേറിയ ഈ കല അധ:പതിച്ചുപോകുന്നതില്‍ പ്രദീപിന്‌ അമര്‍ഷമുണ്ട്‌. സാധാരണക്കരനായ താന്‍ ഒരു പ്രദര്‍ശനത്തിന്റെയും ഭാഗമായല്ല ഈ കലയെ കൊണ്ടു നടക്കുന്നത്‌. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലേറെ സുഹൃത്തുക്കളുമായുള്ള നിരന്തരസൌഹൃദവും അവര്‍ക്ക്‌ ഈ കലയോടുതോന്നിയ വിസ്മയവും കൌതുകവും തന്റെ നേട്ടമാണെന്നും അത്‌ തന്റെ കലയെ കൂടുതല്‍ മനുഷ്യത്വപരമാക്കുന്നുവെന്നും പ്രദീപ്‌ കരുതുന്നു. ജീവിതത്തിന്റെ പലതുറകളിലും നിലകളിലും പെട്ടവരുമായി സൂക്ഷിക്കുന്ന അനവധി വര്‍ഷങ്ങളുടെ മുറിയാത്ത സൌഹൃദങ്ങളും നോട്ട്‌ കൈമാറലുകളും ശ്രമകരമാണെങ്കിലും സാംസ്കാരിക സമൂഹ്യബന്ധങ്ങളുടെ കൈമാറലുകളൂം പടര്‍ത്തലുകളുമാണ്‌ തന്റെ കലയുടെ മറ്റൊരു സന്ദേശമെന്നും പ്രദീപ്‌ പറയുന്നു. ഈ കലയുമായി ആഭിമുഖ്യമുള്ളവരില്‍ നിന്ന് പ്രദീപിനെ വ്യത്യസ്ഥനാക്കുന്നത്‌ ഈ കലയോടു പുലര്‍ത്തുന്ന മൌലികമായ സമീപനങ്ങളും പരിമിതികളെ ഭേദിച്ചുപോകുന്ന അഭിനിവേശവുമാണ്‌. പ്രദീപിന്റെ അഭിപ്രായത്തില്‍ പൈസ കൊടുത്തു മാത്രം വാങ്ങാവുന്നതോ പുലര്‍ത്താവുന്നതോ അല്ല ഈ കല. ലോകചരിത്രത്തോടും അതില്‍ ഇഴപിരിഞ്ഞുകിടക്കുന്ന മനുഷ്യകുലത്തോടുമുള്ള അടങ്ങാത്ത അഭിനിവേശമാണ്‌ ഭൂമിയിലെ മുഴുവന്‍ നാണയ വിനിമയങ്ങളെയും സ്വന്തമാക്കാന്‍ തന്നെ ദീര്‍ഘവര്‍ഷങ്ങളായി പ്രചോദിപ്പിക്കുന്നത്‌. ഇതുവരെ കാണാത്തതോ തന്റെ ശേഖരത്തില്‍ ഇല്ലാത്തതോ ആയ ഒരു നോട്ടോ നാണയമോ കിട്ടുമ്പോള്‍ ആ രാജ്യം കീഴടക്കിയ പ്രതീതിയാണ്‌. കാരണം ആ നോട്ട്‌ വിനിമയം ചെയ്യപ്പെടുന്ന രാജ്യത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ എന്തെല്ലാമോ ചില ഗൂഢലിപികളില്‍ തന്നോട്‌ സംവദിക്കുന്നു. അതിനുവേണ്ടി ദീര്‍ഘകാലത്തെ പരിശ്രമവും കാത്തിരിപ്പും ആവശ്യമാണ്‌. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ പോലും നോട്ടകളുമായി സല്ലപിച്ചിരിക്കുമ്പോള്‍ താന്‍ അതെല്ലാം തല്ക്കാത്തേക്കെങ്കിലും മറന്നുപോകുന്നു എന്ന് സഹധര്‍മ്മിണിയെ കൂട്ടുപിടിച്ച്‌ സാക്ഷ്യപ്പെടുത്തുന്നു.

വൈവിദ്ധ്യങ്ങളുടെ പൂന്തോട്ടമാണ്‌ പ്രദീപിന്റെ നാണയ-നോട്ട്‌ ശേഖരം. അതില്‍ പ്രധാനപ്പെട്ടത്‌ മഹാന്മാരുടെ മുഖം അച്ചടിച്ച ലോകത്തിലെ അപൂര്‍വം കറന്‍സികളാണ്‌. അതില്‍ കാറല്‍ മാര്‍ക്സ്‌, ഏംഗല്‍സ്‌, സ്റ്റാലിന്‍, ചെഗുവ്വേര, ഹോ ചിമിന്‍, ഐന്‍സ്റ്റീന്‍, മുഹമ്മദ്‌ അലി ജിന്ന, മുജീബ്‌ റഹ്മാന്‍, ജോര്‍ജ്ജ്‌ വാഷിഗ്ടണ്‍, ഏബ്രഹാം ലിങ്കണ്‍ മുതല്‍ ലെനിന്‍ വരെയുള്ള മഹാരഥന്മാരുടെ പലകാലങ്ങളില്‍ പുറത്തിറക്കിയ നോട്ടുകള്‍ അതില്‍ പെടുന്നു. അതില്‍ ദക്ഷിണകൊറിയയിലെ അപൂര്‍വമായ നോട്ടിന്റെ കാര്യം എടുത്തുപറയേണ്ടതുണ്ട്‌. കൊറിയക്കര്‍ അതീവ ബഹുമാനത്തോടെ ഉപയോഗിക്കുന്ന നിയോ കണ്‍ഫ്യൂഷന്‍ ഫിലോസഫിയുടെ ഉപജ്ഞാതാവായ യീ ഹാ വാങ്ങ്‌ന്റെ ചിത്രം അച്ചടിച്ച നോട്ടും മഹാന്മാരുടെ ചിത്രമുള്ള നോട്ട്‌ ശേഖരത്തിലെ മറ്റൊരു പ്രത്യേകതയാണ്‌. നാണയങ്ങളിലും ബാങ്ക്‌ നോട്ടുകളിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ അച്ചടിക്കപ്പെട്ട മുഖം എലിസബത്ത്‌ രാജ്ഞിയുടേതാണ്‌. 53 കോമര്‍ണ്‍വെല്‍ത്ത്‌ രാജ്യങ്ങള്‍ ഉള്‍പ്പെടെ മറ്റ്‌ മുപ്പതില്‍പ്പരം മറ്റ്‌ രാജ്യങ്ങളില്‍ അച്ചടിക്കപ്പെട്ട രജ്ഞിയുടെ ചിത്രമുള്ള മുഴുവന്‍ നോട്ടുകളും പ്രദീപിന്റെ ശേഖരത്തിലെ വസന്തത്തിന്റെ സാന്നിദ്ധ്യമാണ്‌. ബാങ്ക്‌ നോട്ടുകള്‍ ശേഖരിക്കുന്നവരുടെ എക്കാലത്തെയും ഭ്രമിപ്പിക്കുന്ന സ്വപ്നമാണ്‌ എട്ട്‌ കരീബിയന്‍ ദ്വീപിലെയും ബാങ്കു നോട്ടുകള്‍ സ്വന്തമാക്കുക എന്നത്‌. അഞ്ചു ഡോളറിന്റെ എല്ലാ നോട്ടുകളും സ്വന്തമാക്കി പ്രദീപ്‌ ആ സ്വപ്നവും തന്റെ വൈവിധ്യത്തിന്റെ പട്ടികയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. എന്നാല്‍ ഈ എട്ട്‌ കരീബിയന്‍ ദ്വീപുകളും കൂടി സംയുക്തമായി ഇറക്കാന്‍ പോകുന്ന 'സുക്കാവോ' എന്ന നോട്ടിനുവേണ്ടിയുള്ള പുതിയ കാത്തിരിപ്പിലാണ്‌ പ്രദീപ്‌. നോട്ടുകള്‍ ചരിത്രത്തിലേക്ക്‌ വീണുപോകുന്നതിന്റെയും അപ്രത്യക്ഷമാകുന്നതിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് പ്രദീപ്‌ ചൂണ്ടിക്കാണിക്കുന്നു. നാളെ ഒരു ചരിത്രവിദ്യാര്‍ത്ഥിയോടോ അന്വേഷകനോടോ കരീബിയന്‍ ദ്വീപിന്റെ ചരിത്രം പറഞ്ഞുകൊടുക്കേണ്ടി വരുമ്പോഴാണ്‌ നോട്ട്‌ ശേഖരത്തിലെ തെളിവുകള്‍ അവനെ വിസ്മയിപ്പിക്കുന്നതും വിശ്വസിപ്പിക്കുന്നതും .

ലോകത്തിലാദ്യം വിനിമയമാധ്യമമായി നോട്ട്‌ എന്ന് സങ്കല്പം പ്രാവര്‍ത്തികമാക്കിയത്‌ 1189-ല്‍ ചൈനയാണ്‌. പക്ഷേ അന്ന് വ്യാപാരികള്‍ക്കിടയിലും കച്ചവടക്കാര്‍ക്കിടയിലും മാത്രമാണ്‌ അത്‌ പ്രചരിച്ചിരുന്നതും ഉപയോഗിച്ചിരുന്നതും. സധാരണ ജനങ്ങള്‍ക്ക്‌ അവരുടെ വിനിമയത്തിന്‌ അത്‌ പ്രാപ്യമായിരുന്നില്ല. എന്നാല്‍ ലോകത്ത്‌ ആദ്യമായി പൊതുജനങ്ങള്‍ക്ക്‌ വേണ്ടിയുള്ള ബാങ്ക്‌ നോട്ട്‌ പുറത്തിറക്കിയത്‌ 1666-ല്‍ സ്വീഡിഷ്‌ ബാങ്കാണ്‌. 1861-ലാണ്‌ ഇന്ത്യയില്‍ ആദ്യമായി ബ്രിട്ടീഷുകാര്‍ നോട്ടുകള്‍ അച്ചടിക്കുന്നതെങ്കിലും ഇന്ത്യക്കാരനായ സി. ഡി. ദേശ്‌മുഖ് ആദ്യ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണ്ണറായി ഒപ്പിട്ടിറക്കിയ ഇന്ത്യന്‍ നോട്ടെത്തുന്നത്‌ 1938-ല്‍ ആണ്‌. അക്കാലത്തിറക്കിയ ദേശ്‌മുഖ്‌ തന്നെ ഒപ്പിട്ട ജോര്‍ജ്ജ്‌ ആറാമന്റെ മുഴുവന്‍ മുഖചിത്രമുള്ള അഞ്ചിന്റെയും പത്തിന്റെയും മാത്രമായി അച്ചടിച്ച നോട്ടുകള്‍ പ്രദീപിന്റെ ശേഖരത്തിലുണ്ട്‌. പതിനായിരങ്ങളുടെ വിലവരുന്ന ഈ പ്രത്യേക നോട്ടുകള്‍ക്ക്‌ ഇന്നും ആവശ്യക്കാര്‍ ഒട്ടനവധിയാണ്‌. ജോര്‍ജ്ജ്‌ ആറാമന്റെ തന്നെ പാര്‍ശ്വമുഖ ചിത്രമുള്ള നോട്ടുകളും പ്രദീപിന്റെ കൈവശമുണ്ട്‌.

പ്രദീപിന്റെ കൈവശമുള്ള നോട്ടുകളില്‍ ഏറ്റവും പഴക്കമുള്ളത്‌ 1898-ല്‍ റഷ്യയില്‍ സര്‍ ചക്രവര്‍ത്തിയുടെ കാലത്തിറക്കിയ നോട്ടുകളാണ്‌. ഈ മില്ലേനിയത്തിലെ ആദ്യ സൂര്യാംശുക്കള്‍ ചാത്തം ദ്വീപിനെ തഴുകിയുണര്‍ത്തുന്ന കാഴ്ചകാണാനും പുത്തന്‍ കാലത്തെ വരവേല്ക്കാനും അവിടെകൂടിയവര്‍ക്ക്‌ സമ്മാനമായി കൊടുക്കാന്‍ ഇറക്കിയ 3000 കറന്‍സികളില്‍ ഒന്ന് തന്റെ ശേഖരത്തിലുണ്ടെന്ന് അഭിമാനത്തോടെ പ്രദീപ്‌ പറയുന്നു. 1942-ല്‍ ശ്രീലങ്കയില്‍ ബ്രിട്ടീഷുകാരുടെ കാലത്ത്‌ നിലവിലുണ്ടായിരുന്ന വിചിത്രമായ നോട്ടാണ്‌ മറ്റൊരു കൌതുകം. പത്തു സെന്റിന്റെ ഈ നോട്ട്‌ രണ്ടായി കീറി ഉപയോഗിച്ചിരുന്നു. ഓരോ പകുതിയും അഞ്ചു സെന്റ്‌ വീതം. ഈ നോട്ടിന്റെ ഒരു വശത്തുമാത്രമെ അച്ചടിയുള്ളൂ. പിന്നീട്‌ സര്‍ക്കാര്‍ ഈ നോട്ടുകള്‍ കണ്ടുകെട്ടി കീറാതിരിക്കാന്‍ ലാമിനേറ്റ്‌ ചെയ്യുകയായിരുന്നു. ഇന്നു നിലവിലുള്ളതില്‍ ഏറ്റവും മൂല്യമുള്ള നോട്ട്‌ അമേരിക്കയുടെ ഒരു മില്യണ്‍ ഡോളര്‍ നോട്ടാണ്‌. രഹസ്യലിപികളില്ലാതെ അമേരിക്കന്‍ മോണിട്ടറി ഏജന്‍സി നോട്ട്‌ ശേഖരിക്കുന്നവര്‍ക്കായി പ്രത്യേക സാക്ഷ്യപത്രമുള്‍പ്പടെ പുറത്തിറക്കുന്ന മില്ല്യണ്‍ ഡോളറിന്റെ മാതൃകാ നോട്ടും ഈ നാണയശേഖരത്തിന്റെ യശസ്സിന്‌ ശോഭമുദ്രയായുണ്ട്‌. അമേരിക്കന്‍ മോണിട്ടറി ഏജന്‍സിയുടെ സാക്ഷ്യപത്രമില്ലാതെ ഈ നോട്ട്‌ കൈവശം വെയ്ക്കുന്നത്‌ ലോകത്തെവിടെയും ശിക്ഷാര്‍ഹമാണെന്നും പ്രദീപ്‌ ഓര്‍മ്മിപ്പിക്കുന്നു.

ലോകനാണയങ്ങളും ബാങ്ക്‌ നോട്ടുകളും വില്ക്കുന്ന വിദേശസ്ഥാപനങ്ങളില്‍ നിന്നാണ്‌ പ്രദീപ്‌ പുതിയ നോട്ടുകളൂം നാണയങ്ങളും നേടിയെടുക്കുന്നത്‌. എന്നാല്‍ ഇന്ത്യയില്‍ ആവശ്യമായ എല്ലാ നോട്ടുകളും മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന ഒരു സ്ഥപനം ഇതു വരെ ഉണ്ടായിട്ടില്ല എന്നും പ്രദീപ്‌ ഖേദത്തോടെ ചൂണ്ടിക്കാട്ടുന്നു. സൌഹൃദങ്ങളാണ്‌ മറ്റ്‌ ഉറവിടങ്ങള്‍. വിവിധ ദേശക്കാരുടെ ഒത്തുചേരല്‍ ഏറെയുള്ള ഗള്‍ഫിലെ ജീവിതം വളരെയധികം നോട്ടുകളും നാണയങ്ങളും കണ്ടെത്തുന്നതിന്‌ സഹായിച്ചിട്ടുണ്ട്‌. നാണയലോകത്തെ പുതിയ വാര്‍ത്തകള്‍ പങ്കുവെയ്ക്കുന്നതിനും പുതിയ കണ്ടെത്തലുകള്‍ കൈമാറുന്നതിനും മാസത്തിലൊരിക്കല്‍ ദമാമില്‍ പതിവായി ചേരുന്ന സൌഹൃദക്കൂട്ടായ്മകളും തന്റെ ശേഖരത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്‌ സഹായകരമായിട്ടുണ്ടെന്ന് പ്രദീപ്‌ സമ്മതിക്കുന്നു.

സൌദി അറേബ്യ ആദ്യമായി ബാങ്ക്‌ നോട്ട്‌ ഇറക്കുന്നത്‌ 1953-ല്‍ ആണ്‌. ഇതുവരെ സൌദി അറേബ്യ ഇറക്കിയ എല്ലാ നോട്ടുകളും (6 തരം ഒറ്റ റിയാല്‍ ഉള്‍പ്പെടെ) 1834 -ല്‍ ഓട്ടോമാന്‍ സാമ്രാജ്യകാലത്ത്‌ ഉപയോഗിച്ചിരുന്ന നാണയങ്ങളും, പരിശുദ്ധ ഹജ്ജ്‌ നിര്‍വഹണത്തിനായി വരുന്നവര്‍ക്കായി മാത്രം ഉപയോഗിച്ചിരുന്ന നോട്ടുകളും പ്രദീപിന്റെ ശേഖരത്തിലുണ്ട്‌. ഇന്ത്യയില്‍ അച്ചടിച്ച്‌ സൌദി അറേബ്യയിലും ഗള്‍ഫിലും വിനിമയം ചെയ്തിരുന്ന z അക്ഷരമാലയില്‍ തുടങ്ങുന്ന നോട്ടുകളും പാക്കിസ്ഥന്‍ ഹാജിമാര്‍ക്കായി മാത്രം സൌദിയിലെ വിനിമയത്തിന്‌ 1950-ല്‍ അച്ചടിച്ചിറിക്കിയിരുന്ന ജിന്നയുടെ ചിത്രമുള്ള നോട്ടുകളും മറ്റൊരു പ്രത്യേകതയാണ്‌. 1954-ലും 1956-ലും സൌദി അറേബ്യ ഹജ്ജ്‌ തീര്‍ത്ഥാടകര്‍ക്ക്‌ വേണ്ടി മാത്രം അച്ചടിച്ച ചുവന്ന നിറത്തിലുള്ള നോട്ടില്‍ 6 ഭാഷകളില്‍ കറന്‍സിയുടെ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു. അതില്‍ ഒന്ന് ഇന്ത്യന്‍ ഭാഷയായ ഉറുദുവാണ്‌. തന്റെ ശേഖരത്തിന്റെ ഏറ്റവും സൌന്ദര്യമുള്ള നോട്ട്‌ ബ്രസീലിന്റേതും അസര്‍ ബേജാന്റേതാണെന്നും എന്നു പ്രദീപ്‌ പറയും. കലാപരമായി ഏറ്റവും മികവു പുലര്‍ത്തുന്നത്‌ ഫ്രാന്‍സിന്റെയും കംബോഡിയായുടെയും റഷ്യയുടെയും നോട്ടുകളാണ്‌. ഇവ ഒരു പെയ്‌ന്റിംഗ് പോലെ അതിമനോഹരവും നിഗൂഢവുമാണ്‌ പ്രദീപിന്‌. വലിപ്പത്തില്‍ കേമന്‍ ചെക്കോസ്ലേവാക്യായിലെ ചെക്ക്‌ ക്രൌണ്‍ നോട്ടാണെങ്കിലും ഏറ്റവും കൂടുതല്‍ ക്രയവിക്രയം നടന്ന വലിയ നോട്ട്‌, സര്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ 1912-ല്‍ ഇറങ്ങിയ റഷ്യയുടെ 500 റൂബില്‍ നോട്ടാണ്‌. ഇതിന്റെ വലിപ്പം 272mm x 126mm ആണ്‌. അവന്‍ തന്റെ ശേഖരത്തിലെ വലിയ കാരണവര്‍ കസേരയില്‍ ചാഞ്ഞിരുന്ന് മറ്റുള്ളവരെ അനുസരിപ്പിക്കുന്നുണ്ട്‌ എന്ന് പ്രദീപിന്റെ തമാശ.

പേപ്പര്‍ കറന്‍സികള്‍ പോളിമര്‍ കറന്‍സികള്‍ക്ക്‌ വഴിമാറിക്കൊടുക്കുന്ന കാലമാണ്‌ ഇനി വരുന്നത്‌. ഈ രംഗത്ത്‌ ആദ്യചുവടുവെയ്പ്‌ നടത്തിയത്‌ ഓസ്‌ട്രേലിയക്കാരാണ്‌. കീറിപ്പോവുകയോ നനയുകയോ ഇല്ല എന്നതും ഭാരക്കുറവുമാണ്‌ പോളിമര്‍ കറന്‍സിയുടെ പ്രത്യേകത. നമ്മുടെ അയല്‍ രാജ്യക്കാരായ ബംഗ്ലാദേശും നേപ്പാളും ഒക്കെ പോളിമര്‍ കറന്‍സി ഇറക്കിയിട്ടും ഇന്ത്യ ഇതിനെപ്പറ്റി ഇപ്പോള്‍ ചിന്തിച്ചു തുടങ്ങിയിട്ടേയുള്ളൂ എന്ന് പ്രദീപ്‌. രൂപയ്ക്ക്‌ പുതിയ ചിഹ്നം അംഗീകരിച്ചുകഴിഞ്ഞതിനാല്‍ ഈ ചിഹ്നത്തോടൊപ്പം അച്ചടിക്കുന്ന രൂപയാണ്‌ പ്രദീപിന്റെ ഏറ്റവും പുതിയ സ്വപ്നം. 1973-ലും 1957-ലും പാകിസ്ഥാനും ബംഗ്ലാദേശും ഒന്നിച്ചിറക്കിയ ജിന്നയുടെ മുഖചിത്രമുള്ള നോട്ടുകളാണ്‌ ഈ ശേഖരത്തിലെ മറ്റൊരു അപൂര്‍വ്വത.

ശേഖരിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുനേരിട്ട കറന്‍സികള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലേതായിരുന്നു. ദരിദ്രരാജ്യങ്ങളായതിനാല്‍ രാജ്യത്തിനു പുറത്ത്‌ ക്രയവിക്രയങ്ങള്‍ കുറവായതിനാലും ആഭ്യന്തര പ്രശ്നങ്ങളുള്ളതിനാല്‍ ഇവിടേക്ക്‌ സഞ്ചാരികളുടെ വരവ്‌ കുറവായതിനാലും രാജ്യത്തിനു പുറത്ത്‌ നോട്ടുകളുടെ ലഭ്യത തുലോം കുറവാണ്‌. ഇനി തന്റെ നാണയക്കൂടാരത്തില്‍ ചേക്കേറാനുള്ള ഏക കറന്‍സി നമീബിയ എന്ന രാജ്യത്തെയാണ്‌. അതിനുവേണ്ടി ബുക്കുചെയ്ത്‌ കാത്തിരിക്കുകയാണ്‌. അച്ചടിയില്‍ പിഴവുവന്ന(printing error) ക്രയേഷ്യയിലെ നോട്ടും ഈ ശേഖത്തിന്റെ പ്രത്യേകതകളിലൊന്നാണ്‌. മിയാന്മറിലെ(ബര്‍മ്മ) നോട്ടുകള്‍ ഇറക്കിയിരിക്കുന്നത്‌ 5-15-35-45-90 എന്നീ മൂല്യങ്ങളിലാണ്‌. ലോകത്ത്‌ മറ്റൊരിടത്തും ഈ വിലകളില്‍ നോട്ടുകള്‍ അച്ചടിക്കപ്പെടുന്നില്ല. രൂപങ്ങള്‍ കൊണ്ടും ഭാവങ്ങള്‍ കൊണ്ടും വൈവിധ്യത്തിന്റെ കാട്ടിലൂടെയുള്ള യാത്രയെ ഓര്‍മ്മിപ്പിക്കുന്നു ഇതുപോലെയുള്ള സമ്പൂര്‍ണ്ണമായ സംസ്കാരമഹിമകളുടെ കലവറയിലെ കാഴ്ചകള്‍.

ബാങ്ക്‌ നോട്ട്‌ ശേഖരണവും വില്പനയും ഒരു കച്ചവടമാണെങ്കിലും പ്രദീപ്‌ ഈ കലയെ കച്ചവടവത്കരിക്കാന്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. വളരെ ലാഭമുണ്ടാക്കാവുന്ന രീതിയില്‍ അത്‌ നിര്‍വ്വഹിക്കാമെങ്കിലും തന്റെ ഉദ്ദേശലക്ഷ്യങ്ങളോട്‌ അത്‌ നീതിപുലര്‍ത്താത്തതിനാലും ഇത്തരം നോട്ടുകളുടെ മൂല്യം നിര്‍ണ്ണയിക്കാന്‍ കഴിയുന്നതിലും അപ്പുറത്തയതിനാലും അത്തരം ഇടപാടുകള്‍ക്ക്‌ മുതിരില്ല എന്ന നിലപാടിലാണ്‌. ജോര്‍ജ്ജ്‌ ആറാമന്റെ ഇന്ത്യയിലിറങ്ങിയ നേര്‍ മുഖചിത്രമുള്ള നോട്ട്‌ അയ്യായിരം രൂപയ്ക്ക്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് വാങ്ങിയതിന്‌ ഇപ്പോള്‍ എഴുപതിനായിരത്തിലേറെ വിലയുള്ളതായി അറിയാമെന്നും പ്രദീപ്‌ കൂട്ടിച്ചേര്‍ക്കുന്നു. അന്ന് മുഴുവട്ടെന്ന് പരിഹസിച്ചു ചിരിച്ചു സുഹൃത്തുക്കള്‍. ഇപ്പോഴും പലരും ഭ്രാന്ത്‌ എന്നുതന്നെയാണ്‌ പറയുന്നത്‌. എന്നാല്‍ തന്റെ അഭിനിവേശവും ആവേശവും കണ്ട്‌ വിസ്മയിക്കുകയും അകമഴിഞ്ഞ്‌ പ്രോത്സാഹിപ്പിക്കുകയും ചെയ്ത വെറോണിക്ക എന്ന എഴുപതികാരിയായ അമേരിക്കക്കാരിയെ പ്രദീപിന്‌ മറക്കാനാവില്ല. ജോലിചെയ്യുന്ന കടയില്‍ ഒഴുവുസമയത്ത്‌ നോട്ടുകളുമായി സല്ലപിച്ചിരിക്കുമ്പോള്‍ അവര്‍ കയറിവരുകയും എന്താണെന്ന് അന്വേഷിക്കുകയും ചെയ്തു. തന്റെ ശേഖരത്തിന്റെ ഒരു ഭാഗം മാത്രം കണ്ട അവര്‍ അത്ഭുതത്തോടെ എല്ലാം ചോദിച്ചറിയുകയും തന്റെ ഇനിയത്തെ സഞ്ചാരത്തില്‍ നിനക്കുവേണ്ടി എന്താണ്‌ ചെയ്തുതരേണ്ടത്‌ എന്ന് ചോദിച്ച്‌ ഡയറിയില്‍ കുറിച്ചിട്ട്‌ പോകുകയും ചെയ്തു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ഈ സംഭവം മറവിയിലേക്ക്‌ മാഞ്ഞുതുടങ്ങിയിരുന്നു. ഒരു ദിവസം കടയുടെ അടുത്ത്‌ നിര്‍ത്താതെയുള്ള കാറിന്റെ ഹോണടികേട്ട്‌ പ്രദീപ്‌ ഇറങ്ങിച്ചെന്നപ്പോള്‍ നീയെന്നെ ഓര്‍ക്കുന്നുവോ എന്നു പറഞ്ഞ്‌ അതേ ഡയറിത്താളില്‍ നിന്ന് പലവിദേശരാജ്യങ്ങളിലെ നോട്ടുകളുടെ സമ്മാനവുമായി വെറോണിക്ക എന്ന വൃദ്ധ ചിരിച്ചുകൊണ്ടു നില്‍ക്കുന്നു. കുടപോലെ മടങ്ങി വിനീതനായിപ്പോയ തനിക്ക്‌ നന്ദി എന്ന വാക്ക്‌ മനസ്സിലുള്ളത്‌ പ്രകാശിപ്പിക്കാന്‍ എത്ര അപര്യാപ്തമാണെന്ന്‌ അന്ന് ബോദ്ധ്യമായതായി പ്രദീപ്‌. ഇങ്ങനെ നിരവധി സുഹൃത്തുക്കളും അനുഭവങ്ങളും ഓര്‍മ്മകളും ഈ അഭിനിവേശം കൊണ്ട്‌ തനിക്ക്‌ സമ്പാദ്യമായി ഉണ്ട്‌ എന്നും കൂട്ടിച്ചേര്‍ക്കുന്നു.

കാലത്തിന്റെ കിലുങ്ങുന്ന ചിറകുകള്‍

ഒരു കാലവും അതിലെ മനുഷ്യ ജീവിതവും കുറുക്കിയെടുത്ത ഖരരൂപമാണ്‌ നാണയങ്ങള്‍. ഒരു നാണയത്തെ തുറന്നു വായിക്കുന്നത്‌ ഒരു സംസ്കാരത്തെ തന്നെ തുറന്നു വായിക്കുന്നതുപോലെയാണ്‌. അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്തെ ഒരു നാണയം കാണുമ്പോള്‍ എന്തൊക്കെയായിരിക്കും നമ്മുടെ സ്മൃതിപഥത്തിലൂടെ കുതിരപ്പുറത്തെത്തുക? മണ്‍മറഞ്ഞുപോയ സുവര്‍ണ്ണയുഗത്തിന്റെ എടുപ്പുകളുടെ ഘോഷയാത്രയിലേക്ക്‌ സ്വയം ആണ്ടുപോയേക്കാം. ഒരു ചരിത്ര വിദ്യാര്‍ത്ഥിയോട്‌ അക്ബറിനെപറ്റി മണിക്കൂറുകള്‍ ലക്ചര്‍ ചെയ്യുന്നതിനേക്കാള്‍ ഫലപ്രദവും വിശ്വാസ്യവുമായിക്കും അക്കാലത്തെ ഒരു നാണയം കാണിച്ചുകൊടുത്തുകൊണ്ടുള്ള ആശയ വിനിമയം. പ്രദീപിന്റെ ശേഖരത്തിലെ ഏറ്റവും പഴക്കമേറിയ നാണയം അക്ബറിന്റെ കാലത്തേതാണ്‌. മറ്റൊരു പൌരാണിക സൂക്ഷിപ്പ്‌ 1780-ല്‍ ആസ്ട്രേലിയന്‍ കമ്മട്ടത്തില്‍ അടിച്ച്‌ ആഫ്രിക്കയിലും ഗള്‍ഫ്‌ നാടുകളിലും വിനിമയം ചെയ്തിരുന്ന തെരേസ നാണയമാണ്‌. ലോകത്തെ ഏറ്റവും മനോഹരമായ പത്തുനാണയങ്ങളില്‍ ഒന്നാണിത്‌. ശുദ്ധമായ വെള്ളിയില്‍ നിര്‍മ്മിച്ച ഈ നാണയം ലോകത്ത്‌ തന്നെ അപൂര്‍വമായിക്കൊണ്ടിരിക്കുകയാണ്‌. പഴമയുടെ കനം പേറുന്ന തുട്ട്‌, നയാപൈസ,കാലണ,ഓട്ടക്കാലണ,തിരുവിതാംകൂര്‍ പൈസ,പ്രണയിനികള്‍ കൈമാറിയിരുന്ന സരസ്വതിപണം, ഈസ്റ്റ്‌ ഇന്ത്യാ കമ്പനി നടവരവ്‌ അറിയിയാനായി ഉപയോഗിച്ചിരുന്ന ടെമ്പിള്‍ ടോക്കണുകള്‍, 1942-ല്‍ ഇറങ്ങിയ ഫലസ്റ്റീനിന്റെ പേരിലുള്ള നാണയം എന്നിവ വിസ്മയങ്ങളിലെ ചിലതുമാത്രം.

സൌദി അറേബ്യ ആദ്യമായി നാണയം ഇറക്കിയത്‌ 1937-ല്‍ ആണ്‌. ആ നാണയത്തിന്‌ "ഗുരുഷ്‌" എന്നായിരുന്നു പേര്‌. കാല്‍, അര, ഒന്ന് എന്നീ മൂല്യങ്ങളിലാണ്‌ ഇത്‌ നിലവിലിരുന്നത്‌. പിന്നിട്‌ 1956-ലാണ്‌ ഒരു റിയാലിന്റെ വെള്ളിനാണയങ്ങള്‍ അബ്‌ദുള്‍ അസീസ്‌ രാജാവിന്റെ കാലത്ത്‌ ഫ്രാന്‍സില്‍ നിന്നും അടിച്ച്‌ സൌദിയില്‍ ഇറക്കുന്നത്‌. അതിമനോഹരമായ കാലിയോഗ്രാഫികൊണ്ട്‌ കൊതിപ്പിക്കുന്ന നാണയം 1834-ല്‍ ഓട്ടോമാന്‍ തുര്‍ക്കികളുടെ കാലത്തുള്ളതാണ്‌. എങ്കിലും തന്റെ ഏറ്റവും മൂല്യവത്തായ അറബ്‌ നാണയശേഖരം 1960-ല്‍ ഖത്തറും അറബ്‌ എമിരേറ്റ്സും സംയുക്തമായി ഇറക്കിയ ആറു നാണയങ്ങളാണ്‌. സൂറത്ത്‌ അല്‍-ഈക്‍ളാസ്‌ ആലേഖനം ചെയ്ത പൌരാണിക അറബ്‌ ദിനാറാണ്‌ എടുത്തുപറയേണ്ട മറ്റൊരു സവിഷേ നാണയം. 1963-ല്‍ ഫൈസല്‍ രാജാവിന്റെ കാലത്ത്‌ ചെമ്പില്‍ മുദ്രണം ചെയ്ത ഒരു ഹലാലയുടെ സവിശേഷ നാണയവും സൌദി അറേബ്യയില്‍ നിലനിന്നിരുന്നു. നാസി ജര്‍മനിയിലെ നാണയങ്ങള്‍, മെക്സിക്കന്‍ നാണയങ്ങള്‍, അമേരിക്കന്‍ പ്രസിഡന്റ്‌മാരുടെ ജീവചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന നാണയങ്ങള്‍, മലേക്ഷ്യയിലെ മനോഹരനാണയങ്ങള്‍,ചരിത്രവ്യക്തികളുടെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങള്‍ എന്നിങ്ങനെ എത്രയോ നീണ്ടുപോകുന്നു ഈ നാണയമഹിമകള്‍.

ഒരു നാണയത്തിന്‌ രണ്ടു വശമല്ല മൂന്നുവശങ്ങളാണുള്ളത്‌ എന്നു പ്രദീപ്‌ പറയുന്നു. ഇതില്‍ മൂന്നാമത്തെ വശം നോക്കിയാണ്‌ അത്‌ കള്ളനാണയമാണൊ എന്ന് തിരിച്ചറിയുന്നത്‌. നാണയം ശേഖരിക്കുന്ന ആളിനെ സംബന്ധിച്ച്‌ ഈ മൂന്നാമത്തെ വശം വളരെ പ്രധാനപ്പെട്ടതാണ്‌. ഒഴുക്കന്‍ വശങ്ങളും വരകളും ഇടവിട്ടുള്ള വരകളും ഒക്കെയായി അതിനെ കാലഗണനവെച്ച്‌ പെട്ടന്ന് തിരിച്ചറിയാനാവും പ്രദീപിന്‌.കള്ളനോട്ടുകളും കൃത്രിമത്വവും പെരുകുന്ന ഇക്കാലത്ത്‌ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്‌ നല്ല നാണയങ്ങളുടെ പ്രദര്‍ശനവും ശാസ്ത്രീയശിക്ഷണവും അനിവാര്യമായിവരുന്നു. വിദ്യാര്‍ത്ഥികളിലും മുതിര്‍ന്നവരിലും ചരിത്രാഭിമുഖ്യം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യവും തന്റെ നാണയശേഖരണത്തിന്റെ ഭാഗമാണ്‌. ഇതിനുപകരിക്കുന്ന ഒട്ടനവധി ലഘുലേഖകളും മാഗസിനുകളും റഫറന്‍സ്‌ ഗ്രന്ഥങ്ങളും തന്റെ ശേഖരത്തിലുണ്ട്‌. ഒപ്പം നാണയ-ബാങ്ക്‌ നോട്ട്‌ വിശേഷങ്ങളൂം കള്ളനോട്ട്‌ ഇടപാടുകളുടെ വാര്‍ത്തകളും പ്രത്യേകമായി സൂക്ഷിക്കുകയും ചെയ്യുന്നു. സ്റ്റാമ്പുകളും നാണയ-ബാങ്ക്‌ നോട്ടുകളും ശേഖരിക്കുന്നവരുടെ കൂട്ടായ്മാക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. ഈ കലയില്‍ താല്പര്യമുള്ളവര്‍ക്ക്‌ ആവശ്യമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കൊടുത്തുവരുന്നു.

ചരിത്രത്തിന്റെ തുറന്നുപിടിച്ച കണ്ണുകളാണ്‌ ഓരോ നാണയവും നോട്ടും. അരനൂറ്റാണ്ടിനപ്പുറം ആയുസ്സുതികയാത്തവയെങ്കിലും അതിന്റെ അകങ്ങളില്‍ കനലുപോലെ മനുഷ്യകുലത്തിന്റെ വേവുകള്‍ മിന്നിക്കിടപ്പുണ്ട്‌. അവയെ ഓര്‍മ്മിപ്പിച്ചുകൊണ്ടും വായിപ്പിച്ചുകൊണ്ടുമിരിക്കുന്നുണ്ട്‌ സമാനതകളില്ലാത്ത ഇത്തരം ഉദ്യമങ്ങള്‍.

Subscribe Tharjani |
Submitted by യറഫാത് ഇളമ്പിലാട്ട് (not verified) on Sun, 2010-08-22 01:31.

പൊയ്പ്പോയ കാലത്തിന്റെ മിടിപ്പുകൾ നമുക്ക് കേൾക്കാൻ കഴിയും, ചെവി ചേർത്ത് വെച്ച് നോക്കിയാൽ.

തീച്ചയായും കാലത്തിന്റെ അഴിച്ചിട്ട കുപ്പയാങ്ങൾ തന്നെയാണ്‌ പഴയ കാല നാണയങ്ങളും കറൻസികളും.
നന്ദി, സുനിൽ കൃഷ്ണൻ. നിലവാരമുള്ള ഒരു എഴുത്തിനും പ്രദീപ് കൊട്ടിയത്തെ പരിചയപ്പെടുത്തി തന്നതിനും.

Submitted by ചന്ദ്രശേഖരന്‍ . പി. (not verified) on Sun, 2010-08-22 17:54.

നമുക്കെ മുന്‍പേ പോയവര്‍ തങ്ങളുടെ ജീവിതം നിരന്തരം നവീകരികാനും എപ്പോഴും നിതാന്തനൂതനമാക്കി നിര്‍ത്താനും എങ്ങിനെയൊക്കെ ശ്രമിച്ചു എന്നു അന്വേഷിക്കുകയാണ് ഓരോ ചരിത്രകാരനും ചെയ്യുന്നത്. അത് അയാള്‍ക്കും നൂതനങ്ങളായ ആനന്ദങ്ങളും ആരും അതുവരെ പോയിട്ടില്ലാത്ത പുത്തന്‍ സരണികളും പ്രത്യക്ഷപ്പെടുത്തിക്കൊടുക്കുന്നു. അപ്പോള്‍ അസംഖ്യം കരകളെയും കടലുകളെയും ഉല്ലംഘിച്ചുകൊണ്ട് അയാള്‍ നടത്തുന്ന യാത്രകളോരോന്നും അയാളെ പ്രജാപതിയെപ്പോലെ ആനന്ദിക്കാന്‍ അനുവദിക്കുന്നു.

ആ ആനന്ദം ആവോളം ആസ്വദിക്കാനാകുന്ന പ്രദീപ്‌ കൊട്ടിയത്തിനു എല്ലാ ഭാവുകങ്ങളും.

പ്രദീപ്‌ കൊട്ടിയത്തിനെ പരിചയപ്പെടുത്തിയതിനു സുനില്‍ കൃഷ്ണനും നന്ദി.

ചന്ദ്രശേഖരന്‍. പി.