തര്‍ജ്ജനി

ഭാഷയിലും സാഹിത്യത്തിലുമുള്ള പുതുപ്രവണതകള്‍

സാഹിത്യത്തിലും ഭാഷയിലും പാരമ്പര്യമായ രീതികള്‍ പിന്തുടരുന്നവരും വ്യത്യാസങ്ങളെ നിരന്തരം പരീക്ഷിക്കുന്നവരുമുണ്ട്. നിഷേധിക്കല്‍ തന്നെയാവണം പുതിയത് എന്നു വിവക്ഷിക്കുന്നവരുമുണ്ട്. സാഹിത്യവും ഭാഷയും ശാസ്ത്രത്തിലെ കണ്ടുപിടിത്തങള്‍ പോലെ, അത്‌ലറ്റിക്സിലെ റിക്കാര്‍ഡ് തകര്‍ക്കല്‍ പോലെ ഇങ്ങനെ നിരന്തരമായി ഇടപെട്ട് പുതുക്കേണ്ടതാണോ? എങ്കില്‍ എന്തുകൊണ്ട്? എന്തുകൊണ്ട് ഈ പുതുക്കല്‍ പെട്ടന്ന് അംഗീകരിക്കപ്പെടുന്നില്ല. ഓരോരുത്തര്‍ക്കും അവരവരുടെ രചനയാവശ്യമുണ്ടോ? സാഹിത്യത്തിലെ വേര്‍തിരിവുകളെ എങ്ങനെ കാണുന്നു?

(ഈ ത്രെഡ് ഞാന്‍ ആരംഭിക്കുന്നുവെങ്കിലും, സുനിലിന്റേതാണ് ആശയവും ഖണ്ഡികയും - ബെന്നി)

Submitted by Sivan on Mon, 2006-04-24 21:32.

സമൂഹം ജൈവമാണ്‌, അതു കൊണ്ട് ചലനാത്മകമായിരിക്കും. അതുകൊണ്ട് പരിണാമം ഉണ്ടായിക്കൊണ്ടേയിരിക്കും. സ്വാഭാവികമായും, അതിന്റെ ആവിഷ്കാരങ്ങളില്‍ ഈ മാറ്റം പ്രതിഫലിക്കും.. സ്വാംശീകരണത്തിലും . അതു കൊണ്ട് പാരമ്പര്യം എന്നു പറയുമ്പോള്‍ തന്നെ ഏത് ആവിഷ്കാരത്തിന്റെയും ചില അംശങ്ങളില്‍ പുതുമയും മാറ്റവും വന്നിട്ടുണ്ടായിരിക്കും. അറിവിന്റെ പരിമിതിയനുസരിച്ച് നാം അതു കാണാതെ പോകുന്നു എന്നേയുള്ളൂ. ഒപ്പം ഏതു നിഷേധ സൃഷ്ടിയിലും പാരമ്പര്യത്തിന്റെ അംശവും ഉണ്ടാവും.. അതും തിരിച്ചറിയാന്‍ അതി വിശാലവും സമഗ്രവുമായ ബോധം ഉണ്ടാവണം. അത്തരമൊരു ബോധം സാധാരണമല്ലാത്തതിനാലാണ് തിരിച്ചറിവുകള്‍ ഇല്ലാതെ പോകുന്നത്.
ബോധപൂര്‍വമായ പരിഷ്കരണ ശ്രമങ്ങളാണ് നിഷേധങ്ങള്‍ എന്നറിയപ്പെടുന്നത്. സമൂഹത്തിന്റെ ചലനാത്മകത പ്രതിസന്ധിഘട്ടങ്ങളില്‍ മന്ദീഭവിക്കുമ്പോള്‍ ഒരറ്റത്ത് പ്രബുദ്ധതയുണ്ടാവുകയും ആ വിഭാഗം റാഡിക്കലായ മാറ്റത്തിനു ബോധപൂര്‍വം നേതൃത്വം കൊടുക്കുകയും ചെയ്തേക്കാം. പക്ഷേ അതിനുള്ള ഊര്‍ജ്ജം അവര്‍ നേടിയെടുക്കുന്നതും പാരമ്പര്യത്തില്‍ നിന്നാണ്.. ഉദാഹരണങ്ങള്‍ പിന്നീടാവട്ടെ..
ഈ നിഷേധം/പുതുക്കല്‍ പെട്ടെന്ന് അംഗീകരിക്കാതെ പോകുന്നത്..ഭൂരിപക്ഷത്തിന്റെ രുചി മന്ദീഭവിച്ചിരുന്നതു കൊണ്ടാണ്..അതിനെ പുതുക്കുകയാണ് പുതിയ പ്രബുദ്ധത ലക്ഷ്യമായെടുക്കുന്നത്..
അവരവരുടെ രചന സ്വയം പ്രകാശന രീതിയെന്ന നിലയ്ക്ക് നിലനില്‍ക്കുന്ന വാസ്തവമാണ്. ചര്‍ച്ച ചെയ്യാനുള്ള വലിയ മേഖലയുമാണ് അത്.
സാഹിത്യത്തിലെ വേര്‍തിരിവുകള്‍ പഠനത്തിനുള്ള സൌകര്യത്തിനു വേണ്ടിയുള്ളതാണ്..

Submitted by Sufi on Tue, 2006-04-25 16:25.

സ്വയം പ്രകാശനരീതിയില്‍ പാരമ്പര്യത്തെ പിന്തുണക്കുന്നവരും, പാരമ്പര്യത്തെ തള്ളിപ്പറഞ്ഞ്‌കൊണ്ട്‌ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തുന്നവരും തമ്മില്‍ ഒരു ശീതയുദ്ധം തന്നെ നിലവിലുണ്ടെങ്കിലും ഈ രണ്ടു കൂട്ടര്‍ക്കും വായനക്കാരന്റെ/ആസ്വാദകന്റെ പിന്തുണ ഉണ്ടെന്നുള്ളതാണ്‌ യാഥാര്‍ത്ഥ്യം.

പഴമയുടെ ഭാണ്ഡങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നവര്‍ വ്യവസ്ഥാപിതമായ മാര്‍ഗ്ഗം മാത്രമാണ്‌ ശരിയെന്നും പരിധികള്‍ ലംഘിക്കുന്നത്‌ സാഹിത്യത്തിന്റെയും ഭാഷയുടേയും നിലനില്‍പ്പ്‌ അപകടത്തിലാക്കുന്നുവെന്നും കരുതുന്നു. എന്നാല്‍ പാരമ്പര്യ നിഷേധികളില്‍ ഒരു വിഭാഗം പഴമയുടെ നിഷേധം മാത്രമേ നടത്തുന്നുള്ളു പുതിയതിനെ സൃഷ്ടിച്ചെടുക്കാനും പുനഃപ്രതിഷ്ട നടത്താനും കഴിവില്ലാത്തവരാണെന്നുള്ളത്‌ മറ്റൊരു സത്യവുമാണ്‌.

ക്രിയാത്മകമായ നിഷേധം വളര്‍ച്ചയുടെ ഭാഗമാണ്‌. ശിവന്‍ പറയുന്നതു പോലെ ഈ പുതുക്കലുകള്‍ തുടക്കത്തില്‍ പ്രതിസന്ധികള്‍ നേരിടുമെങ്കിലും പിന്നീട്‌ വ്യവസ്ഥിതിയുടെ ഭാഗമായി അലിഞ്ഞു ചേരുന്നു.

സ്വന്തമായ രചനകള്‍ അസ്തിത്വത്തിന്റേയും വ്യക്തിത്വത്തിന്റേയും ഭാഗമാകുമ്പോള്‍ നമുക്കതിനെ നിരാകരിക്കാനൊരിക്കലും കഴിയില്ല.

നിരൂപകരും വിമര്‍ശകരുമാണ്‌ സാഹിത്യത്തെ കീറിമുറിച്ച്‌ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നതെന്നാണെനിക്കും തോന്നിയിട്ടുള്ളത്‌

Submitted by Anonymous (not verified) on Wed, 2007-09-26 15:25.

കൊള്ളാം

Submitted by Dr P K Sukumran (not verified) on Sun, 2011-03-20 10:17.

സാഹിത്യത്തിലും ഭാഷയിലും പാരമ്പര്യമായ രീതികള്‍ പിന്തുടരുന്നവരും വ്യത്യാസങ്ങളെ നിരന്തരം പരീക്ഷിക്കുന്നവരുമുണ്ട് നിഷേധിക്കല്‍ തന്നെയാവണം പുതിയത് എന്നു വിവക്ഷിക്കുന്നവരുമുണ്ട്. സാഹിത്യവും ഭാഷയും ശാസ്ത്രത്തിലെ കണ്ടുപിടിത്തങള്‍ പോലെ, അത്‌ലറ്റിക്സിലെ റിക്കാര്‍ഡ് തകര്‍ക്കല്‍ പോലെ ഇങ്ങനെ നിരന്തരമായി ഇടപെട്ട് പുതുക്കേണ്ടതാണോ? എങ്കില്‍ എന്തുകൊണ്ട്? എന്തുകൊണ്ട് ഈ പുതുക്കല്‍ പെട്ടന്ന് അംഗീകരിക്കപ്പെടുന്നില്ല. ഓരോരുത്തര്‍ക്കും അവരവരുടെ രചനയാവശ്യമുണ്ടോ? സാഹിത്യത്തിലെ

Submitted by Santhosh Kumar C (not verified) on Sat, 2011-04-30 10:22.

മലയാള സാഹിത്യത്തിലെ പുതിയ രീതികള്‍ എഴുത്തിനെ കൂടുതല്‍ തീവ്രതയിലെക്കാന് നടത്തിക്കൊണ്ടിരിക്കുന്നത്. ഓ.എന്‍.വി., എം.. ടി തുടങ്ങിയ മഹാരഥന്മാരെക്കാള്‍ പുതിയ തലമുറയ്ക്ക് പ്രിയം കുരീപ്പുഴയും, തീക്കുനിയും, കാട്ടാക്കടയും ഒക്കെ ആണത്രേ! അനുഭവസംബന്ധിയായ കവിതയോടാണ് പുതുതലമുറയ്ക്ക് താല്പര്യം. ഞാന്‍ പറഞ്ഞു വരുന്നത് പാഠപുസ്തകങ്ങളിലെ സാഹിത്യത്തില്‍ മാത്രം ഉറച്ചു ജീവിക്കുന്നവരെ പറ്റി അല്ല. മറിച്ച് ഗൌരവമായി എഴുത്തിനെ സമീപിക്കുന്നവരെ കുറിച്ചാണ്.

ഈ ഗണത്തില്‍പ്പെട്ട ഒരു പ്രമുഖഎഴുത്തുകാരനോട് ഈയിടയ്ക്ക്‌ ഇത്തരത്തില്‍ സംസാരിക്കാന്‍ ഇടയായി. എം.ടി, ഓ.എന്‍.വി, വയലാര്‍ തുടങ്ങി നമ്മള്‍ കേട്ട് പഴകിയ പേരുകളെ അദ്ദേഹം നിഷ്കരുണം വിമര്‍ശിക്കുന്നതാണ് എന്നെ ഒരു ചര്‍ച്ചയിലേക്ക് നയിച്ചത്.

തന്റെ വാദമുഖത്തിനു കാരണമായി അദ്ദേഹം പറഞ്ഞത് ഇവരൊന്നും പുതുതായി ചെയ്തിട്ടില്ല എന്നാണ്. പഴയ സാഹിത്യധാര പിന്തുടരുകയാനത്രേ ഇവര്‍ ചെയ്തത്.

ഒരു നിമിഷം ചിന്തിക്കൂ. എം. ടി വാസുദേവന്‍ നായര്‍! ക്ലാസിക് നോവലായ നാലുകെട്ടിനെ നമുക്ക് മാറ്റി നിര്‍ത്താം. രണ്ടാമൂഴത്തിലേക്ക് വരൂ. കേട്ടതും കണ്ടതും മാത്രമല്ല സ്വന്തമായി ഉണ്ടാക്കുന്ന വീക്ഷണവും ഇതിഹാസമായി മാറ്റം എന്ന് നമ്മെ പഠിപ്പിച്ച കൃതി. ഇത് തന്നെയാണ് പെരുന്തച്ഛനിലും, വടക്കന്‍ വീരഗാഥയിലും അദ്ദേഹം ചെയ്തത്. ഈ എംടി സാഹിത്യകാരന്‍ അല്ലത്രേ!

മലയാളം മുഴുവന്‍ പാടിപ്പതിഞ്ഞ കവി ഓ.എന്‍.വി.! താരാട്ട് പാട്ട് പോലെ കാവിതയോഴുക്കിയ അദ്ദേഹം കവിയല്ല പോലും!

വയലാറിന്റെ ശ്രുതിമധുരമായ ഗാനങ്ങള്‍ നമുക്ക് മാറ്റിവയ്ക്കാം. മാറ്റൊലി കവി എന്ന് വിളിച്ചു വയലാറിനെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്ക് ആര്‍ക്കെങ്കിലും ഒരു അശ്വമേധം രചിക്കാമോ?

പാരമ്പര്യത്തെ മറന്നു വേണോ നമുക്ക്‌ അഹങ്കരിക്കാന്‍?