തര്‍ജ്ജനി

ചിന്താമണിയുടെ കൊലക്കേസ്

ഷാജി കൈലാസ് ഇപ്പോള്‍ സംവിധാനം ചെയ്തു എന്നല്ല പറയുക. shots by എന്നാണ്. സത്യമാണ്. മനോരോഗിയായ ലാല്‍കൃഷ്ണ വിരാടിയാരെ (പേരു കേല്‍ക്കുമ്പോള്‍ രോമാഞ്ചം ഉണ്ടാകുന്നില്ലേ?) ക്യാമറ അഭിമുഖീകരിക്കുന്ന രീതികണ്ടാല്‍ ആരും ഷാജികൈലാസിനെ അങ്ങനെ എഴുതി വച്ചതിന്റെ പേരില്‍ ചീത്ത പറയില്ല. മാറ്റം എന്തിലും ആവശ്യമാണല്ലോ. ചോരയുടെയും ഒച്ചയുടെയും പ്രളയമാണ് ചിത്രത്തില്‍. പണ്ട് വൈകാരിക വിക്ഷോഭം ഉണ്ടാക്കുന്ന സംഭാഷണങ്ങള്‍ക്ക് സിംബലടിച്ചാണ് സംവിധായകര്‍ കൊഴുപ്പു കൂട്ടിയിരുന്നത്. ഇപ്പോള്‍ കഥ മാറി. ഫ്രയിമുകള്‍ മാറുമ്പോള്‍ സിന്തസൈസറുകളാണ് ഇതില്‍ നിലവിളിക്കുന്നത്. തിയേറ്ററിനു പുറത്തിറങ്ങി ആരെങ്കിലും ചിന്തിച്ചുകൊണ്ടു നില്‍ക്കുന്നതു കണ്ടാല്‍ സംശയിക്കേണ്ട. ഇതു ബി ജെ പി ചിത്രമാണോ എന്ന് ആലോചിക്കുകയാണ് അവര്‍. (വില്ലന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കാരനായ മുതലാളിയാണ്, കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുന്ന അദ്ധ്യാപകന്റെ ഒരു സീനുണ്ട് . അതിനു കഥയില്‍ പ്രാധാന്യമുണ്ട്.. ഇത്യാദി...) യുക്തി പതിവു പോലെ ഒരറ്റത്തു കൂടി ഇതിലും കാശിയ്ക്കു പോകുന്നുണ്ട്. എങ്കിലും ഈ വകുപ്പിലിറങ്ങിയ ചിത്രങ്ങളില്‍ വച്ച് സസ്പെന്‍സുള്ള, ഒരല്പം സെന്‍സുള്ള സിനിമ എന്ന നിലയ്ക്ക് ചെന്നിരുന്ന് ചുമ്മാ വികാരം കൊള്ളാം. അയ്യ്യൊ പൊത്തോ എന്നു കരയുന്ന സ്ത്രീകള്‍ക്ക് ഒരു അപവാദമാണ് രേഖയുടെ സഹോദരി കഥാപാത്രം. എനിക്കത് ഇഷ്ടപ്പെട്ടു. പക്ഷേ അപ്പോഴേയ്ക്കും വാണിവിശ്വനാഥിന്റെ കഥാപാത്രം വന്ന് പോലീസു കളിച്ച് സുരേഷ് ഗോപിയ്ക്കു പിന്നില്‍ ചെന്നു നിന്നു പതുങ്ങുന്നു അതെന്തിന്?