തര്‍ജ്ജനി

ചോദ്യങ്ങള്‍ ചോദിച്ചാല്‍..

ഇലക്ഷന്‍ സമയമാണ്. വൈകുന്നേരം ബൈക്കെടുത്ത് വെറുതെ കറങ്ങുന്നതിനിടയില്‍ ആറു മീറ്റിംഗുകള്‍ കണ്ടു. ചെറുകിടപരിപാടികളാണ്. പല പാര്‍ട്ടികള്‍. ചിലരൊക്കെ സംസാരം പഠിച്ചു വരുന്നതേയുള്ളൂ. കുറേശ്ശെ ഓരോന്നും നിന്നു കേട്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. കേള്‍ക്കാന്‍ നില്‍ക്കുന്നവരുടെ അറിവിനെക്കുറിച്ച് വളരെ വലിയ അജ്ഞതയാണ് പ്രസംഗിക്കുന്നവര്‍ക്ക് ഉള്ളത്. ആധികാരികമായ കണക്കെന്ന നിലയില്‍ ഇത്രയും ഉച്ചത്തില്‍ വിളിച്ചു പറയുന്നതൊക്കെ തെറ്റ്.
ചില ഉദാഹരണങ്ങള്‍
1. കോടികള്‍ തൊഴിലില്ലാതെ കഷ്ടപ്പെടുന്ന.... (?)
2. അമേരിക്കന്‍ കമ്പനികള്‍ക്ക് നാടു നശിപ്പിക്കാന്‍ പരവതാനി വിരിച്ചു കൊടുത്ത... (?)
3. കുഞ്ഞുങ്ങളെ ബസ്സില്‍ നിന്നു തള്ളിയിട്ടു കൊല്ലുന്ന.... (?)
4. വിദേശ കമ്പനികള്‍ നമ്മുടേ കുടിവെള്ളം മുഴുവന്‍ ഊറ്റിയെടുത്തു കഴിഞ്ഞു...(?)
5. മുസ്ലീങ്ങളും ക്രിസ്ത്യാനികളും മാത്രം ഇവിടെ മതിയെന്നു വിചാരിക്കുന്ന...(?)
6. മന്ത്രി പണം കൊടുത്തിട്ടും കാര്യംനടത്താത്ത ഉദ്യോഗസ്ഥര്‍...(?)
നാടിനെപ്പറ്റിയുള്ള ഇവര്‍ക്കുള്ള ധാരണ എന്താണ് എന്നുള്ളതാണ് പ്രശ്നം. ഓരോ മീറ്റിങിനിടയില്‍ നമുക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്‍ല സന്ദര്‍ഭം തന്നിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയി. ഈ ശബ്ദ മലിനീകരണത്തെക്കാള്‍ എന്തു കൊണ്ടും നല്ലതായിരിക്കുമത്. കുറ്ഞ്ഞപക്ഷം പറഞ്ഞ കള്ളത്തരം മറന്നു പോകാതിരിക്കാനെങ്കിലും..

Submitted by Sufi on Fri, 2006-04-21 08:31.

ആവശ്യമോ ഔചിത്യമോ നോക്കാതെ, എന്തും എപ്പോഴും ഛര്‍ദ്ദിക്കുന്നവനാണല്ലോ രാഷ്ടീയക്കാരന്‍ എന്ന വേഷം. ഒരിക്കല്‍ ഛര്‍ദ്ദിച്ചത്‌ തൊണ്ടതൊടാതെ അടുത്ത മീറ്റിങ്ങില്‍ വിഴുങ്ങുകയും ചെയ്യാനിവര്‍ക്ക്‌ യാതൊരു മടിയുമില്ല.

രാഷ്ടീയക്കാരന്റെ ഇലക്ഷന്‍ പ്രസംഗങ്ങളെക്കാള്‍ വേശ്യകളുടെ സദാചാരപ്രസംഗങ്ങള്‍ക്കു സത്യസന്ധതയുണ്ടെന്നാണെനിക്കു തോന്നുന്നത്‌. രാഷ്ട്രീയക്കരന്റെ വാക്കുകള്‍ വിശകലനം ചെയ്യാന്‍ നില്‍ക്കുന്ന പൊതുജനം മരമണ്ടന്‍ അല്ലാതെന്താ?

Submitted by Sivan on Mon, 2006-04-24 20:57.

മതം പോലെ നമുക്ക് ഒഴിവാക്കാനാവാത്ത മെറ്റാനരേറ്റീവാണ് രാഷ്ട്രീയവും. കേട്ടുനിന്നാലും ഒഴിഞ്ഞു പോയാലും വോട്ടു ചെയ്താലും ചെയ്തില്ലെങ്കിലും രാഷ്ട്രീയം നമ്മളെ ചൂഴ്ന്നു നില്‍ക്കുന്നു എന്നു ചുരുക്കം. എവിടെയാണെങ്കിലും. അതില്‍ നമുക്ക് പങ്കാളിത്തമുണ്ട്. 60 വര്‍ഷത്തെ ജനായത്തത്തിനു ശേഷവും കുട്ടികളെ under estimate ചെയ്യുന്ന ഒരു അദ്ധ്യാപകനെപ്പോലെ നമ്മുടെ രാഷ്ട്രീയക്കാര്‍ നമ്മുടെ മുന്നില്‍ നിന്ന് വിവരക്കേടും അജ്ഞതയും വിളമ്പാന്‍ തയ്യാറാവുന്നതു എന്തുകൊണ്ടാണ്? ഇവരാണ് ഇനി നമ്മെ ഭരിക്കുന്നത്..അതു ഭീതിദമല്ലേ..ലക്ഷക്കണക്കിനു വോട്ടുനേടിയാണിവര്‍ സഭയിലെത്തുന്നത്. അതു ചെറിയ ജോലിയല്ല. അവരുടെ മറ്റു മിടുക്കുകളും നമ്മള്‍ പത്രത്തില്‍ കാണുന്നുണ്ട്. അപ്പോള്‍ പ്രശ്നം നമ്മളിലാണെന്നു വരുന്നു. നമ്മള്‍ അവരെ ശ്രദ്ധിക്കുന്നില്ല എന്ന കാര്യം എങ്ങനെയോ അവരുടെ മനസ്സിലുറച്ചുപോയിരിക്കുന്നു. അറിവുള്ള ഒരു മഹാഭൂരിപക്ഷം ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയാല്‍ വിഡ്ഢിത്തങ്ങള്‍ കുറയും.. ചിന്തിക്കുക എന്നതു ശീലമാവും.‍ നമ്മെ ഭരിക്കാന്‍ നാം തെരെഞ്ഞെടുക്കുന്നവര്‍ക്ക് ചില ഗുണങ്ങള്‍ വേണമെന്നു നമുക്കു ശഠിക്കാം.
കുറ്റങ്ങളില്‍ 90% അജ്ഞതകൊണ്ടാണ് സംഭവിക്കുന്നത്.. അതാണു നമ്മുടെ നേതാക്കന്മാരുടെ മുഖമുദ്രയും.. അജ്ഞത.. ഭീകരമായ....