തര്‍ജ്ജനി

സി. ശകുന്തള

Visit Home Page ...

കഥ

സ്വപ്നാടനം

ഒരേ സ്വപ്നം തന്നെ, പണ്ടു പഠിച്ച `` കൂ കൂ കൂ കൂ തീവണ്ടീ, കൂകിപ്പായും തീവണ്ടി'' എന്ന പദ്യത്തിന്റെ അകമ്പടിയോടെ എന്റെ ഉച്ചയുറക്കങ്ങളിലേക്കു് കയറിവരുന്നതു് പതിവായപ്പോഴാണു് സൈക്യാട്രിസ്റ്റിനെ കാണാം എന്ന നിര്‍ദ്ദേശം ഞാന്‍ തന്നെ വിവേകിനു മുന്നില്‍ വെച്ചതു്. രാവിലെ അടുക്കളയിലെ പെടാപ്പാടുകള്‍ക്കും ചെടി നനയ്ക്കല്‍, തുണി കഴുകല്‍, ടി വി കാണല്‍ തുടങ്ങിയ നിത്യജോലികള്‍ക്കുമിടയില്‍ `ഇനി വയ്യ, ഒരിത്തിരി കിടന്നേ പറ്റൂ' എന്നു് ദേഹം നിര്‍ബ്ബന്ധം പിടിക്കുമ്പോള്‍ ആദ്യമൊക്കെ മൈന്‍റു് ചെയ്യാതെ വിടുകയാണെന്റെ രീതി. `ബാക്കി കാര്യങ്ങള്‍ക്കിനി വേറെയാരെങ്കിലും നോക്കിക്കോ' എന്ന അന്ത്യശാസനം കിട്ടിയാല്‍ പിന്നെ പരീക്ഷണത്തിനു് നില്ക്കാറില്ല. ആദ്യം കാണുന്ന മരഉരുപ്പടിക്കു മേലെ - അതു് കസേരയോ ദീവാനോ സോഫയോ കട്ടിലോ എന്തുമാവട്ടെ - ഞാന്‍ ചാഞ്ഞിരിക്കും എന്നുറപ്പു്. കണ്ണടഞ്ഞു് പോകും, ശാന്തമായ ഉറക്കമല്ല - കൈകളും കാലുകളുമൊക്കെ തണുത്ത വെള്ളത്തിനടിയില്‍ താണുതാണുപോകുന്നതുപോലെ. കുറേ സമയമൊന്നും വേണ്ട, ഒരു പത്തു് മിനുട്ട് - അതോടെ കായല്‍ത്തട്ടില്‍നിന്നു് പൊങ്ങിയുയര്‍ന്നു് മുകള്‍പ്പരപ്പിലെത്തുന്ന മീന്‍ പോലെ, തുള്ളിച്ചാടണോ, ഓടി നടക്കണോ - എന്തിനും റെഡിയായി ദേഹം എന്നോടൊപ്പം ചേരും ! ഒരുവിധം കുഴപ്പമില്ലാതെ ജീവിതമങ്ങനെ പുരോഗമിക്കുമ്പോഴാണു് നശിച്ച ഈ സ്വപ്‌നത്തിന്റെ കടന്നുകയറ്റം! കണ്ണടയുന്നതോടെ ഒരു തിരശ്ശീലയിലെന്നപോലെ ദൃശ്യങ്ങള്‍ തെളിയുകയായി. കാടിനു നടുവിലൂടെ വെട്ടിയുണ്ടാക്കിയ മണ്‍പാതയിലൂടെ അലറിക്കുതിച്ചുവരുന്ന തീവണ്ടി - തീവണ്ടിയുടെ അലര്‍ച്ചയില്‍ ഇടകലര്‍ന്നു് പദ്യത്തിന്റെ വരികള്‍ - അതു് ഞാന്‍ പാടിപ്പഠിച്ച പതിഞ്ഞ ഈണത്തിലല്ല, സ്ലംഡോഗു് മില്യണറിലെ `ജയ് ഹോ'വിനു് നമ്മുടെ റഹ്മാന്‍ കൊടുത്ത ഈണത്തിനു് കിടപിടിക്കുന്ന ഒന്ന്! തീവണ്ടി പാളത്തിലൂടെയല്ലല്ലോ ഓടുന്നതു് എന്നു് ഞാന്‍ ശ്രദ്ധിക്കുന്നതു് മൂന്നാം ദിവസമാണു്. മണ്ണിലൂടെ ഇത്രയും വലിയ തീവണ്ടി ഓടുമ്പോള്‍, അതും ഇത്തിരി നനവുള്ള മണ്ണില്‍ - അതിനു് മുമ്പോട്ടുപോകാന്‍ പറ്റുമോ എന്നൊക്കെ ഞാന്‍ ചിന്തിച്ചതു് വീണ്ടും രണ്ടു് ദിവസങ്ങള്‍ കഴിഞ്ഞിട്ടാണു് ! പണ്ടു് കന്നുപൂട്ടാന്‍ ആരെയും കിട്ടാത്ത ആദ്യത്തെ കൊല്ലം, അതായതു് ഞാന്‍ എം. എസ്. സി പരീക്ഷ എഴുതി വീട്ടിലിരിക്കുന്ന അന്നു് (അതിനു് പണ്ടു് എന്നു് പറയാമോ? പറയാം, അല്ലേ? എത്ര പെട്ടെന്നാണു് ഞങ്ങളുടെ പാടങ്ങളൊക്കെ കവുങ്ങിന്‍തോട്ടങ്ങളായത്! വേരുകള്‍ക്കു കീഴെ, കണ്ണാംചൂട്ടികള്‍ പുളച്ചു നടന്നിരുന്ന തെളിവെള്ളത്തില്‍ നെല്‍ച്ചെടികള്‍ തലയാട്ടി നിന്നിരുന്ന മണ്ണാണു് ഇപ്പോഴുമുള്ളതെന്നു് കവുങ്ങുകള്‍ക്കു് വല്ല ഓര്‍മ്മയുമുണ്ടാകുമോ?) ആദ്യമായി ട്രാക്ടര്‍ ഇറക്കി വരമ്പും പറമ്പിന്റെ വക്കുമിടിഞ്ഞു് ചേറിലും ചെളിയിലും പൂഴ്ന്നുപോയി ഗതിയഞ്ചുംകെട്ട കാര്യം അപ്പോഴാണു് എനിക്കോര്‍മ്മ വന്നത്! നമ്മളുടെ ഓര്‍മ്മകളിങ്ങനെയൊക്കെയാണല്ലേ! വേണ്ട സമയത്തു് മഷിയിട്ടു നോക്കിയാല്‍ കാണില്ല. അങ്ങനെയാണല്ലോ പി.എസ്.സിയിലൊരു ജോലിയും കൈയില്‍ തടയാതെ പോയതു്. ങ്ഹാ, അതു പോട്ടെ. ശ്രീ പത്മനാഭന്റെ പത്തു ചക്രം വാങ്ങണമെന്നു് നേര്‍ച്ചയൊന്നുമില്ലല്ലോ മലബാറിലുള്ളവര്‍ക്കു്. അതുകൊണ്ടു് `ജോലിയില്ലാത്ത പെണ്ണു് ' എന്നുപറഞ്ഞു് പെണ്ണുകാണാന്‍ വരുന്നവരാരും കുറ്റപ്പെടുത്തിയിട്ടില്ല. എം.എസ്.സി വരെ പഠിച്ചതു തന്നെ കല്യാണാലോചനക്കാര്‍ക്കിടയില്‍ അയോഗ്യതയാണായതു്. പ്രീഡിഗ്രി കഴിഞ്ഞു് ടി.ടിസിയ്ക്കു പോയ എന്റെ കൂട്ടുകാരികളുടെയൊക്കെ രണ്ടാമത്തെ കുട്ടിയും നഴ്‌സറിയില്‍ ചേര്‍ന്നശേഷമാണു് എന്റേയും വിവേകിന്റേയും കല്യാണം! വലിയ കുഴപ്പമൊന്നുമില്ലാതെ രണ്ടു കുട്ടികളായി, വീടായി, അമ്മായിയമ്മയും അമ്മായിയച്ഛനും വിവേകിന്റെ ഏട്ടന്റെ കൂടെ കുറച്ചുദിവസം താമസിക്കാന്‍ ബറോഡയ്ക്കു പോയി - അങ്ങനെ സ്വസ്ഥം ജീവിതം എന്നു കരുതി ആശ്വസിക്കാനൊരുങ്ങുമ്പോഴാണു് മണ്‍പാതയിലൂടെ ഒരു തീവണ്ടി ഉച്ചയുറക്കങ്ങളെ കീറിമുറിച്ചു് കൂകിപ്പായുന്നത്! ``ഹൗ ടു ഇന്റര്‍പ്രെറ്റു് യുവര്‍ ഡ്രീംസു് '' എന്ന എന്റെ കൊച്ചു പുസ്തകം - പണ്ടു് റീഡേഴ്‌സ് ഡൈജസ്റ്റിനൊപ്പം കിട്ടിയതു് - അരിച്ചുപെറുക്കി നോക്കി - രക്ഷയില്ല. അതില്‍ എന്‍ജിന്‍, റെയില്‍വേസ്റ്റേഷന്‍, കാര്‍, ഏറോപ്ലെയിന്‍ ഇവയൊക്കെ സ്വപ്‌നത്തില്‍ വന്നാലുള്ള വിശദീകരണങ്ങളുണ്ട്! മണ്‍പാതയില്‍ തീവണ്ടിയോടുന്നതിനെപ്പറ്റി, അതിനു് പഴയ സ്കൂള്‍പാട്ടു് പുതിയ ഈണത്തില്‍ അകമ്പടിയാകുന്നതിനെപ്പറ്റി, ഇല്ല, ഒന്നും എഴുതിയിട്ടില്ല. അതുകൊണ്ടാണു് സൈക്യാട്രിസ്റ്റിനെ കാണാം എന്നു ഞാന്‍ തന്നെ തീരുമാനിച്ചതു്. അതിനു മുമ്പു് ഒരു സംഭവം കൂടിയുണ്ടായി, കേട്ടോ. `നെറ്റു് സെര്‍ച്ചു് ' ചെയ്തു് തല അകത്തേക്കും പുറത്തേക്കും ഒന്നും കടക്കാത്ത നിലയില്‍ നെറ്റുകൊണ്ടു് മൂടിക്കെട്ടിയതുപോലെയായി!

സൈക്യാട്രിസ്റ്റിനെ കാണാം എന്നു നിര്‍ദ്ദേശിച്ചതൊക്കെ ശരി, അതു് ആരുമറിയാതെ വേണം, ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ചൂണ്ടയിട്ടു പിടിക്കാനാവാത്തവരാകണം എന്നൊക്കെ ഞാന്‍ വിവേകിനെ ബോദ്ധ്യപ്പെടുത്തി. എന്റെ തലയ്ക്കു് ചെറിയ എന്തോ കുഴപ്പമുണ്ടു് എന്നു് സംശയമുള്ള ചിലരെങ്കിലും ഈ കൂട്ടത്തിലുണ്ടു് എന്നെനിക്കു് ഉറപ്പാണു്. വെറുതേ അവര്‍ക്കൊരു ഇരയിട്ടു കൊടുക്കേണ്ടല്ലോ. മൂന്നു് ദിവസം ഉറക്കം ശരിയാകാത്തതുകൊണ്ടു് എന്തോ പിച്ചുപേയും പറഞ്ഞ ശാരിച്ചേച്ചിയെ ഫീനോ ബാര്‍ബിറ്റോണ്‍ കഴിപ്പിച്ചു് മണ്ണും ചാണകവുമല്ലാതാക്കിയതു് നിങ്ങളും കണ്ടതല്ലേ? പിന്നെന്തൊക്കെ ചികിത്സാവിധികളായിരുന്നു! ഷോക്കടിപ്പിക്കല്‍, ചങ്ങലയ്ക്കിടല്‍ - അവര്‍ക്കത്ര കുഴപ്പമൊന്നുമില്ലായിരുന്നുവെന്നു് എനിക്കുറപ്പാണു്. സത്യത്തില്‍ കുഴപ്പം രവിയേട്ടനായിരുന്നു. മൂപ്പര്‍ക്കു് ഓഫീസിലുണ്ടായിരുന്ന അവിഹിതകാര്യങ്ങള്‍ അറിഞ്ഞ അന്നാണത്രേ ചേച്ചിക്കു് ഉറക്കമില്ലാതായതു്. രവിയേട്ടന്‍ മെല്‍വിനയെ വീട്ടിലേക്കു് വിളിച്ചുകയറ്റിക്കൊണ്ടുവരാന്‍ മന:പൂര്‍വ്വം നടത്തിയ നാടകങ്ങളായിരുന്നു അതെല്ലാമെന്നു് മനസ്സിലായിട്ടും ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ? സൈക്യാട്രിസ്റ്റിനടുത്തു് പോയവര്‍ക്കും ഒപ്പം ചേര്‍ന്നവര്‍ക്കും വരെ ഭ്രാന്താക്കും എല്ലാവരും കൂടി. അതുകോണ്ടു് സുജിത്തിന്റെ കല്യാണം കഴിഞ്ഞു വരുന്ന വഴി തികച്ചും സ്വാഭാവികമായാണു് ഞങ്ങള്‍ ഡോ. ഗോമസിനെ കാണാന്‍ പോയതു്.

ഇരുണ്ട ഗുഹപോലൊരു മുറിയിലായിരുന്നു ഡോക്ടറുടെ ഇരിപ്പു്. മുകളിലെ തട്ടു് മാറാലയും പൊടിയും നിറഞ്ഞു് ഇരുണ്ടു് കിടന്നു. പേരിന്റെ നാലിരട്ടിയോളം നീളമുള്ള ബിരുദങ്ങള്‍ അക്ഷരങ്ങളായി തിക്കിത്തിരക്കിക്കിടക്കുന്ന നെയിംബോര്‍ഡു് കണ്ടപ്പോള്‍ ഉള്ളില്‍ത്തോന്നിയ ഭയം ഡോക്ടറെ കണ്ടപ്പോള്‍ ഇരട്ടിയായി. കണ്ണടയ്ക്കുള്ളില്‍നിന്നും കൂര്‍ത്ത രണ്ടു കമ്പികള്‍ എന്റെ കണ്ണില്‍ത്തന്നെ തറച്ചുകൊണ്ടു. `ന' എന്ന ആകൃതിയില്‍ വശങ്ങളില്‍ നിന്നും ഇത്തിരി നരപടര്‍ന്നുകയറിയ തല ഡ്രാക്കുളയെ ഓര്‍മ്മിപ്പിച്ചു. എനിക്കു് തണുക്കുന്നുവെന്നു് മനസ്സിലാക്കി എഴുന്നേറ്റു് ഫാന്‍ ഓഫ് ചെയ്യാന്‍ പോകുമ്പോള്‍ ക്രിസ്റ്റഫര്‍ ലീയെപ്പോലെത്തന്നെയുണ്ടല്ലോ ഇയാള്‍ എന്നു് തോന്നിപ്പിക്കുന്ന തരത്തില്‍ നീണ്ടുനിവര്‍ന്ന ആ രൂപം എന്നെ ഞെട്ടിച്ചു. പേടികൊണ്ടു് ഡ്രാക്കുള സിനിമയുടെ പകുതിയില്‍ വെച്ചു് ഓടിപ്പോന്ന എന്റെ പതിമൂന്നാം വയസ്സില്‍നിന്നു് ഒരിഞ്ചുപോലും ഞാന്‍ വളര്‍ന്നിട്ടില്ലെന്നു് എനിക്ക് ബോദ്ധ്യമായി. ചുവരില്‍ തൂക്കിയ പാവ്‌ലോവിന്റെ ചിത്രത്തിലെ നായ തിളങ്ങുന്ന കൂര്‍ത്ത കണ്ണുകള്‍ എന്റെ നേരെ നീട്ടി മുരണ്ടു. കടവാതിലുകളുടെ അസംഖ്യം പറ്റങ്ങള്‍ മുറിയിലെ ഇരുളില്‍ പതിയിരിപ്പുണ്ടെന്നു് എനിക്കു് തോന്നി. ഇരുന്നയിരിപ്പില്‍, ഉച്ചയുറക്കത്തില്‍ കയറിവരുന്ന സ്വപ്‌നത്തിനു മാത്രമല്ല എന്റെ ചിന്തകള്‍ക്കും ചിരിക്കും സംസാരത്തിനും വരെ എന്തോ കുഴപ്പമുണ്ടെന്നു് എനിക്കു് ബോദ്ധ്യപ്പെടുകയും ഇനി എന്നെ രക്ഷിക്കാന്‍ ഡോക്ടര്‍ ഗോമസിനു മാത്രമേ കഴിയൂ എന്ന തോന്നല്‍ ഉള്ളില്‍ മുളച്ചു പൊന്തുകയും ചെയ്തു.

അതായിരുന്നു തുടക്കം. ഒന്നിടവിട്ട ദിവസങ്ങളില്‍ വിവേകിന്റെകൂടെ ക്ലിനിക്കില്‍ ചെല്ലുന്നതു് ഏറ്റവും പ്രിയപ്പെട്ട കാര്യമായി എനിക്കു്. അവിടത്തെ പൊടിമണം പോകുമെന്നു് പറഞ്ഞു് ജനാലകള്‍ തുറന്നിടേണ്ട എന്നു് ശഠിച്ചതു് ഞാന്‍ തന്നെയാണു്. പ്രാകൃതമായ ഏതോ ലോകത്തിലേക്കുള്ള, സ്വയംവീണ്ടെടുപ്പിനായുള്ള യാത്രകളായി ഒരനുഷ്ഠാനം പോലെ ഞാനവ നിര്‍വ്വഹിച്ചു. ഒടുവിലൊടുവില്‍ വിവേകിന്റെ അതൃപ്തിയും അസ്വസ്ഥതയും കാര്യമാക്കാതെ ഒറ്റയ്ക്കു് യാത്രചെയ്യാനും എനിക്കു് ഉത്സാഹമായി.

ഇപ്പോള്‍ എന്റെ ഉച്ചയുറക്കങ്ങളില്‍ നിന്നു് തീവണ്ടി ഞങ്ങളുടെ ജീവിതത്തെ കീറിമുറിച്ചു് പാഞ്ഞുപോയിരിക്കുന്നു. പഴയപദ്യത്തിലെ `കൂ കൂ കൂ കൂ' എന്ന ആദ്യത്തെ വാക്കുകള്‍ `ജയ് ഹോ'വിനെക്കാള്‍ ഉച്ചസ്ഥായിയില്‍ എന്റെ രാത്രിയുറക്കങ്ങളേയും അലോസരപ്പെടുത്തുവാന്‍ തുടങ്ങിയിരിക്കുന്നു. തീവണ്ടിക്കു പകരം വേറെ വല്ലതും സ്വപ്നം കണ്ടുകൂടായിരുന്നോ എന്നാണു് വാസ്തവത്തില്‍ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നതു്.

Subscribe Tharjani |