തര്‍ജ്ജനി

ടി.പി.വിനോദ്

ഇ-മെയില്‍:tpvinod1979@yahoo.co.in

വെബ്: ലാപുട

Visit Home Page ...

കവിത

പരിശീലനപ്രശ്നങ്ങള്‍

ചരിത്രത്തിലെ
അന്നത്തെ ദിവസം.

ചരിത്രത്തിന്റെ തന്നെ
ഒരു പാഠപുസ്തകം
തുളവീണ കുടയുള്ള
ഒരു സ്കൂള്‍ കുട്ടിയുടെ
റബ്ബര്‍ബാന്‍‌ഡ് ചുറ്റിയിട്ട
പുസ്തകക്കെട്ടിലിരുന്ന്
നനയുകയുണ്ടായി.

വിറകുപുകകൊണ്ട്
നീറിനനഞ്ഞതെന്ന്
അമ്മതന്നെ പറയുകയുണ്ടായ
കണ്ണുകളോടെ
അടുപ്പുതിണ്ണച്ചൂടില്‍
ഉണക്കിത്തരികയുണ്ടായി
അമ്മ പുസ്തകത്തിനെ.

ചരിത്രത്തിലെ
എല്ലാ ദിവസങ്ങളുമെന്നപോലെ
ഇന്നത്തെ ദിവസവും
ചുളുങ്ങിയുലര്‍ന്നിരിക്കുന്നു,
വളഞ്ഞു വടിവില്ലാതിരിക്കുന്നു,
പുകമണത്തെയും നിസ്സഹായതയെയും
വായിപ്പിക്കുന്നു,

പാഠഭാഗങ്ങള്‍ക്കൊടുവില്‍
പരിശീലനപ്രശ്നങ്ങളില്‍
ശരിയോ തെറ്റോ എന്ന വിഭാഗത്തില്‍
ചരിത്രത്തിന്റെ കൃത്യനിഷ്ഠയെയാണ്
ദാരിദ്ര്യം എന്ന് പറയുന്നത്
എന്നൊരു ചോദ്യം
പരീക്ഷയ്ക്ക് ചോദിച്ചേക്കുമോയെന്ന്
പേടിപ്പിച്ചുകൊണ്ടിരിക്കുന്നു.

Subscribe Tharjani |
Submitted by കൊട്ടോട്ടിക്കാരന്‍ (not verified) on Sun, 2010-08-22 23:00.

ചിന്തിപ്പിയ്ക്കുന്ന വരികള്‍, അവയ്ക്കിടയില്‍ പലതും മറഞ്ഞിരിയ്ക്കുന്നതു പോലെ.....

Submitted by ജസ്റ്റിന്‍ (not verified) on Wed, 2010-08-25 11:13.

വളരെ വളരെ ഇഷ്ടമായി അടക്കവും ഒതുക്കവും ഉള്ള നോവ് പടര്‍ത്തുന്ന ഈ കവിത.

Submitted by ഹബീബ (not verified) on Mon, 2010-08-30 10:05.

ഉരുകിത്തീരുന്ന അമ്മ , മഴയോടോത്തുള്ള ബാല്യം ഓര്‍ത്തെടുക്കാന്‍ ഓര്‍മച്ചെപ്പിലെ നനവുള്ള പലതുമുണ്ട് . നന്നായിട്ടുണ്ട്