തര്‍ജ്ജനി

സായുധ ചെറുത്തുനില്‍പ്പ്‌ തന്നെ വഴി.

ജനാധിപത്യപരവും സമാധാനപരവുമായ മാര്‍ഗങ്ങളിലൂടെ പരിവര്‍ത്തനം സാധ്യമാണെന്ന വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും തമ്മിലുള്ള വ്യത്യാസങ്ങള്‍ ദിനം തോറും നേര്‍ത്തു വരുന്ന പശ്ചാത്തലത്തില്‍ നമ്മുടെ വിദ്യാഭ്യാസവും ആരോഗ്യവും വെള്ളവും സംരക്ഷിക്കാന്‍ ജനകീയവും കൂട്ടായതുമായ സായുധ ചെറുത്തുനില്‍പിന്റെ സാധ്യതകള്‍ പരിശോധിക്കേണ്ടതല്ലേ. ഇനിയും ജനപക്ഷത്തു ബാക്കി നില്‍ക്കുന്ന മുഴുവന്‍ ഇടതുപക്ഷ സംഘടനകളും പുരോഗമന മതകീയ പ്രസ്ഥാനങ്ങളും പാരിസ്തിഥിക കൂട്ടായ്മകളും ഒത്തു ചേര്‍ന്ന് ഒരു ജനകീയ ഐക്യനിര കെട്ടിപ്പടുക്കേണ്ടതുണ്ട്‌. ജനകീയ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇനിയും ജനാധിപത്യം പ്രസംഗിച്ചു നടന്നിട്ടു കാര്യമില്ല. ജനാധിപത്യത്തെ തെമ്മാടി രാഷ്ട്രീയക്കാര്‍ ഹൈജാക്‌ ചെയ്തു കഴിഞ്ഞിരിക്കുന്നു. ഇനി നമുക്കു മുന്നിലുള്ളത്‌ ആയുധം കയ്യിലേന്തിയുള്ള പോരാട്ടതിന്റെ വഴി മാത്രമാണ്‍. കപട രാഷ്ട്രീയക്കാരും യാഥാസ്തിഥിക പുരോഹിതരും എത്ര തന്നെ ആക്ഷേപിച്ചാലും ഇങ്ങനെയൊരു മാര്‍ഗം തെളിഞ്ഞു വരേണ്ടതുണ്ട്‌.[/b]

Submitted by Sunil on Tue, 2006-01-17 20:24.

താങ്കളുടെ മനോവികാരം മനസ്സിലായി എനിക്ക്‌ എന്നു തോന്നുന്നു. സായുധപോരാട്ടത്തിനും ഒരു കൂട്ടായ്മ വേണമല്ലോ. ഇവിടെ “സ്വാതന്ത്ര്യം” കിട്ടിയ മനുഷ്യര്‍ ‘ഒറ്റപ്പെട്ടതുരുത്തുകളേപ്പോലെ’ ജീവിക്കുമ്മ്പോള്‍ എങനെ ഈ പ്രാഥമിക കൂട്ടായ്മ വരും? ഇനിയുള്ളകാലം കൂട്ടായ്മകളുടേതല്ല നമ്മുടെ കോണ്‍ഗ്രസ്സുകാരെപ്പോലെ ഒരു കൂട്ടത്തിന്റെതാണ്. (കോണ്‍ഗ്രസ്സ് എന്ന‌ പാര്‍ടിപറഞതില്‍ക്ഷമിക്കുക. വികാരം വ്രണപ്പെടുത്താന്‍ പറഞതല്ല, അങനെ വന്നുപോയി എന്നുമാത്രം)
ഈ ജനാധിപത്യവും ഒരു മിഥ്യയാണെന്നേയ്. അങ്നേ ഒരു ആധിപഥ്യം ഒരിക്കലും ഉണ്ടായിട്ടില്ല്യ, ഉണ്ടാകാന്‍ പോകുന്നിമില്ല്യ. മറിച്ച്‌ ജനാധിപഥ്യത്തില്‍ സ്വാതന്ത്ര്യം കിട്ടിയ നാം അത്‌ ദിവാസ്വപ്നം കാണാനും ആത്മഹത്യകള്‍ക്കും ഈ സ്വാതന്ത്ര്യം ഉപയോഗിക്കുന്നു. മനസ്സാക്ഷി തന്നെ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു! -സു-

Submitted by thariqramadan on Wed, 2006-01-18 17:31.

ഡ്യൂമാസിന്റെ കുറിപ്പിലെ വികാരാംശത്തോട്‌ യോജിക്കുന്നു. വികാരംശത്തോട്‌ മത്രമേ യോജിക്കുന്നുള്ളൂ. വിമോചന പ്രസ്ഥാനങ്ങളും പോരാട്ട സംഘടനകളും തമ്മില്‍ ഐക്യപ്പെടണമെന്നുള്ളത്‌ ശരിയാണ്‍. പക്ഷേ അത്‌ സായുധമായി സംഘടിച്ചു കൊണ്ടായിരിക്കരുത്‌. അങ്ങനെയായാല്‍ അത്‌ ആയുധമാവുക പിന്തിരിപ്പന്‍ അധികാരി വര്‍ഗത്തിനായിരിക്കും. പ്രക്ഷോഭവും വിപ്ളവവും എത്ര മാത്രം കരുത്താര്‍ന്നതാണെങ്കിലും നമ്മുടെ അധികാരി വര്‍ഗത്തിന്റെ മര്‍ദ്ധകോപകരണങ്ങള്‍ക്ക്‌ അടിച്ചൊതുക്കവുന്നതേ ഉള്ളൂ. മാത്രമല്ല വിമോചക പ്രസ്ഥാനങ്ങള്‍ ചിത്രീകരിക്കപ്പെടുക വിധ്വംസകരും രാജ്യദ്രോഹികളുമായിട്ടായിരിക്കും. പൊതുജന പിന്തുണ നേടിയെടുക്കാന്‍ അധീശ വര്‍ഗ മാധ്യമങ്ങള്‍ക്കു എത്രയും പെട്ടെന്ന് കഴിയുകയും ചെയ്യും. അങ്ങനെയൊരു ആനുകൂല്യം ഇപ്പഴേ അവര്‍ക്കു നല്‍കേണ്ടതുണ്ടോ?

എന്തൊക്കെ കുറവുകളുണ്ടെങ്കിലും നമ്മുടെ മുന്നില്‍ ജനാധിപത്യപരമായ വഴികളുണ്ട്‌. നാം അത്‌ തിരിച്ചറിയേണ്ടതുണ്ട്‌. ഇരകളുടേയും മര്‍ദ്ധിതരുടേയും ഐക്യം സമാധാനപരമായ മാര്‍ഗങ്ങളിലൂടെയായിരിക്കേണ്ടതുണ്ട്‌. അല്ലെങ്ങില്‍ നമ്മെ മത്രമല്ല നമ്മുടെ വിമോചന സ്വപ്നങ്ങളെ കൂടി ബലി കൊടുക്കുകയാവും നാം. അത്‌ വേണോ ദ്യൂമാസ്‌?

Submitted by Sunil on Wed, 2006-01-18 17:52.

ഇവിടെ ഒരു കാര്യം ഓര്‍മ്മിക്കെണ്ടതുണ്ട്‌. “ജനാധിപത്യ’രീതികള്‍ എല്ലാം തന്നെ മൂലധനം നിയന്ത്രിക്കുന്നവുരുടെ കയ്യിലാണ്. അവര്‍ക്കെങനേയും വാര്‍ത്തകളും സംഭവങളും വളച്ചൊടിക്കാം. ലോകത്തൊരു ജനാധിപത്യരാജ്യത്തും ജനങള്‍ തങളുടെ അധികാരം (വോട്ടിങ്) ജനപ്രതിനിധികള്‍ എന്നുപറയുന്നവര്‍ക്ക്‌ കൊടുത്തുകഴിഞാല്‍, ജനങളുടെ അധികാരവിനിയോഗവും അധികാരവും കഴിഞു! ശരിയല്ലേ? അപ്പോള്‍ ഒരു പുതിയ വഴി വേണ്ടിയിരിക്കുന്നു.
ഒരു വഴിക്ക്‌ ചിന്തിച്ചാല്‍, സ്വതന്ത്രസോഫ്ട്‌Wഎയറുകള്‍ ഉണ്ട്‌, പക്ഷെ അവരുടേയും പാട്രണ്‍സ് ഐ.ബി.എം, സണ്‍ തുടങിയ കുത്തകകളാണ്. ബ്ലോഗുകള്‍ ഉണ്ട്‌ അവിടേയും സംരക്ഷകര്‍ അല്ലെങ്കില്‍ ദാദാക്കള്‍ ഗൂഗിള്‍ പോലുള്ള കുത്തകകള്‍ ആണ്.
ഞാന്‍ പറയുന്നത്‌ സ്വാതന്ത്ര്യം അശക്തരായ വ്യക്തികള്‍‌ക്കായി വിഘടിപ്പിച്ച്‌ കൊടുത്തിരിക്കുന്നു (വിതരണം നടത്തിയിരിക്കുന്നു). (എതിര്‍വശത്ത്‌ അത്രതന്നെ ബലവത്തായൈ മൂലധനനിക്ഷേപകര്‍ വളര്‍ന്നിരിക്കുന്നു.) ഇതിനെ സംഘടിപ്പിക്കുകയാണ് വേണ്ടത്‌. അതെങനെ? ആ അറിയില്ല്യ. സായുധവിപ്ലവത്തിന് തരഗ്ര... (ഹയ്യോ എന്തൊരു പേര്)പറഞപോലെയുള്ള കുഴപ്പങള്‍ ഉണ്ട്‌. (ആശയം ക്‍ളിയര്‍ അയില്ലെങ്കില്‍ സോറി) -സു-

Submitted by Sivan on Sun, 2006-01-22 15:02.

ഒന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ട് സായുധവിപ്ലവമാണ് ആത്യന്തികമായ വഴിയെന്നു തോന്നുന്നത് അപകടകരമായ ചിന്താരീതിയാണ്. ഗുജറാത്ത് കലാപം നടന്നയുടനെ എന്‍ ഡി എഫ് പ്രവര്‍ത്തകര്‍ ജമായത്തെ ഇസ്ലാമി പ്രവര്‍ത്തകരെ, അവരുടെ സൌമ്യമായ പ്രതികരണത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നതു കേട്ടു - (ഒരു മീറ്റിംഗില്‍-മസ്കറ്റില്‍ വച്ച്) ആയുധം കൊണ്ട് മറുപടി പറയാമെന്നത് പുരോഗമനപരമായ ചിന്തയൊന്നുമല്ല. കുറച്ചു ജന്മികളെ കൊന്നൊടുക്കിക്കൊണ്ട് സ്വകാര്യ സ്വത്തവകാശം ഇല്ലാതാക്കാം എന്നു 60 വര്‍ഷങ്ങള്‍ക്കു ശേഷവും നാം പറയുമോ? അതും കേള്‍ക്കേണ്ടി വന്നു ഈ അടുത്തിടെ. ഈ പറയുന്നവയിലെ ആത്മാര്‍ത്ഥത എന്ന നന്മ മാറ്റി നിര്‍ത്തിയാല്‍..ഇരുട്ടാണ് കാണാനാവുക..അത്യന്തികമായ കാത്തിരിപ്പു തന്നെയാവും പിന്നെയും ഫലം.

Submitted by dumas on Mon, 2006-01-23 17:13.

സായുധമായി എതിരിടുന്നില്ലെങ്കില്‍ പിന്നെയുള്ള വഴി ജനാധിപത്യപരമായിരിക്കണമല്ലോ. സ്വതന്ത്ര്യത്തിനു ശേഷം ഇത്രയും കാലം നമ്മള്‍ പരീക്ഷിച്ചതതല്ലേ. എന്നിട്ടെന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ നമുക്ക്‌ കഴിഞ്ഞോ. സമാധാനപരമായ മാര്‍ഗത്തിലൂടെ തൊഴിലാളി വിപ്ളവം വരുത്താമെന്ന് നിനച്ച ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ഇന്നത്തെ സ്ഥിതിയെന്താണ്‍. കേരളത്തില്‍ കരുണാകരനോട്‌ വരേ കൂട്ടുകെട്ടുണ്ടാക്കുന്ന പാര്‍ടി തന്നെയല്ലേ ബംഗാളില്‍ കൊകൊകോള കമ്പനിക്ക്‌ പരിസ്ഥിതി സൌഹ്ര്‍ദ അവാര്‍ഡ്‌ നല്‍കിയത്‌?! നമ്മുടെ പെണ്‍മക്കളെ പിച്ചിച്ചീന്തിയ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടിയെ രക്ഷപെടുത്തിയത്‌ കഴിഞ്ഞ ഇടതു സര്‍ക്കാരല്ലേ? ഏതാനും ദിവസം മുന്‍പ്‌ ഐസ്ക്രീം കേസില്‍ വന്ന വിധി ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന്!! ഈ തെമ്മാടികളെ വെറുതെ വിടാന്‍ കോടതി തീരുമാനിച്ചാല്‍ ജനാധിപത്യ ബോധമുള്ളവര്‍ ധര്‍ണ്ണയും സെമിനാറും പ്രതിഷേധ സമരങ്ങളും നടത്തിയിട്ടെന്തെങ്കിലും കാര്യമുണ്ടാകാന്‍ പോകുന്നുണ്ടോ.
സൂര്യനെല്ലി കേസിലും കൊക്കൊ കോള വിഷയത്തിലുമൊക്കെയുള്ള കോടതിവിധികള്‍ ബോധ്യപ്പെടുത്തുന്നത്‌ തെമ്മാടി രാഷ്ട്രീയക്കാരും കോടതിയും പോലീസും ചേര്‍ന്ന് ജനങ്ങളെ വേട്ടയാടാന്‍ തീരുമാനിച്ചെന്നു തന്നെയാണ്‍. അവര്‍ക്ക്‌ ജനങ്ങളോടെതിരിടാന്‍ ആയുധത്തിന്റേയും നിയമത്തിന്റേയും പരിരക്ഷയുണ്ട്‌. ഇവര്‍ക്കെതിരെ ജനങ്ങള്‍ ആയുധമെടുത്താല്‍ അപകടകരമെന്നും തീവ്രവാദപരമെന്നും വിധിയെഴുതുന്നത്‌ മര്‍ദ്ധക അധികാരിവര്‍ഗത്തിനുള്ള വിടുവേല തന്നെയാണ്‍.
പ്രതിരോധം ഓരോരുത്തരുടേയും ജന്‍മാവകാശമാണ്‍. സര്‍വായുധ വിഭൂഷിതരായ മര്‍ദ്ധക വര്‍ഗത്തിന്‍ എന്തും ചെയ്യാം, പക്ഷെ പീഡിത മര്‍ദ്ധിത ജനവിഭാഗത്തിന്‍ ഒരു പിച്ചാത്തി പോലും കൈയ്യിലെടുത്തു കൂടാ!. സമാധാനകാംക്ഷികളായ ജനാധിപത്യപ്രവര്‍ത്തകരുടെ ഈ തത്വ ശാസ്ത്രം മുഖവിലക്കെടുക്കാന്‍ അല്‍പം പ്രയാസമുണ്ട്‌.

Submitted by Sivan on Mon, 2006-01-23 18:13.

1. ആര്‍ക്കെതിരെയാണ് നാം ആയുധം എടുക്കേണ്ടത്? നമ്മില്‍ ചിലര്‍ തെരെഞ്ഞെടുത്തുവിട്ട ആള്‍ക്കാര്‍ക്കെതിരെയോ? ഫലമെന്തായിരിക്കും? കൂടുതല്‍ നല്ല ഭരണം? വെള്ളം കലങ്ങിയാല്‍ നല്ല മീന്‍ പിടിക്കാന്‍ പറ്റും എന്ന് ആര്‍ക്കാണ് ഉറപ്പുള്ളത്?

2. ഇവര്‍ എന്തു നല്‍കിയാല്‍ നമുക്ക് ഇവരെ വെറുതേ വിടാം?

3. ജനാധിപത്യവ്യവസ്ഥയില്‍ കോടതിയും പോലീസുമൊക്കെ ആത്യന്തികമായി ജനങ്ങളുടെ ഇടയില്‍ നിന്നു വന്നവരും അവരുടേ പ്രതിബിംബങ്ങളുമൊക്കെ ആയ സ്ഥിതിയ്ക്ക് , അവര്‍ ശരിയാകാതിരിക്കുന്നതിന്റെ കാരണം ‘ജനം’ ശരിയല്ലാത്തതു തന്നെയല്ലേ? കോടതിയ്ക്കും,രാഷ്ട്രീയക്കാരെയും, പോലീസിനെയുമൊക്കെ ഇല്ലാതാക്കിയാലും പ്രശ്നങ്ങള്‍ ഇന്നത്തെ അവയില്‍ തന്നെ നിലനില്‍ക്കുകതന്നെയാണെങ്കിലോ? (ലോക ചരിത്രം അങ്ങനെ സാംഭവിച്ചതിനു ഉദാഹരണം നല്‍കുന്നുണ്ട്) തോക്കിന്‍ കുഴല്‍ ജനങ്ങള്‍ക്കു നേരെ തിരിയുമോ?
നമുക്ക് വേണ്ടാതെന്തെന്നു നമുക്കറിയാം.. വേണ്ടതെന്തെന്ന് ചോദിച്ചാല്‍ തല പുകയും!

Submitted by Sunil on Mon, 2006-01-23 18:22.

തീര്‍ച്ചയായും ദൂമാസിന്റെ വികാരത്തോട്‌ യോജിക്കാതിരിക്കാന്‍ വയ്യ. പക്ഷെ... ഇങനെ ഒരു വിപ്ലവം വേണമെങ്കില്‍ അതിന് തയ്യാറായവര്‍ വേണ്ടേ? അതിന് തയ്യാറെടുപ്പ്‌ വേണ്ടേ? ഒരു ദിവസം കൊണ്ട്‌, ഷര്‍ട് മാറ്റി, തയ്യാറാകാന്‍ പറ്റുന്നതാണോ അത്‌? സംശയങള്‍..സംശയങള്‍..
ഒന്നു കൂടെ പറയട്ടെ. ചിലപ്പോള്‍ പ്രകൃത്യാ, സുനാമിപോലെ അല്ലെങ്കില്‍ വേറൊരു തരത്തില്‍ ഒരു “വലിയ” സംഗതി ഉണ്ടായാല്‍ ഇതിലൊക്കെ വളരെ മാറ്റം വരും എന്നുപ്രതീക്ഷിയ്ക്കാന്‍ വയ്യേ? ഇന്നത്തെ പരിസ്ഥിതിനാശങള്‍ കാണുമ്പോള്‍ അത്‌ വളരെ വേഗം ഉണ്ടാകാം. ഇതില്‍നിന്നും രക്ഷപ്പെടാന്‍ മനുഷ്യവര്‍ഗ്ഗത്തിന് ചന്ദ്രനില്‍ പോയി കുടിയേറിപ്പാര്‍ക്കാന്‍ ഒന്നും പറ്റില്യ. അവന്‍ പ്ലൂട്ടൊയിലേക്ക്‌ പേടകം അയച്ചാലും ശരി ഇന്നും അവന് പ്രകൃതിയെകീഴ്പ്പെടുത്താന്‍ പറ്റിയിട്ടില്ല്യ. പറ്റുകയും ചെയ്യില്ല്യ. ശരിയാണോ? -സു-

Submitted by dumas on Thu, 2006-01-26 09:52.

നമ്മളിലൊരു കൂട്ടര്‍ തെരെഞ്ഞെടുത്തു വിട്ടവരാണെന്ന് വെച്ച്‌ ഈ'ജനപ്രതിനിധി'കളുടെ തുടര്‍ച്ചയായ ജനവഞ്ചന കയ്യും കെട്ടി നോക്കി നില്‍ക്കണമെന്നാണോ!!
നമ്മുടെ ഉമ്മന്‍ ചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയുമൊക്കെ എന്തു ചെയ്താലും ഏതെങ്കിലും കോടതി ശിക്ഷിക്കാന്‍ പോകുന്നുണ്ടോ. ശിക്ഷിക്കുന്നത്‌ പോയിട്ട്‌ പ്രതി ചേര്‍ക്കാന്‍ പോലും സമ്മതിക്കില്ല ഇവിടുത്തെ ഇടതു-വലതു ഗുണ്ടാ രാഷ്ട്രീയ കൂട്ടുകെട്ട്‌. കോടതിയും പോലീസും ഭരണക്കാരും ചേര്‍ന്ന ഇവര്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ അവര്‍ ജനങ്ങള്‍ക്കിടയില്‍നിന്നു വന്നവരാണെന്നത്‌ ന്യായമല്ല; മറിച്ച്‌ ജനങ്ങളുമായുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ്‌ അവരൊക്കെ ഇമ്മാതിരി സ്ഥാനങ്ങളിലെത്തിപ്പെട്ടത്‌. ആ കരാറിന്റെ താല്‍പര്യങ്ങളെ കുരുതി കൊടുക്കാനവര്‍ തീരുമാനിച്ചാല്‍, ഇതിനെതിരെ നടപടിയെടുക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ അവരുടെ പക്ഷം ചേര്‍ന്നാല്‍, അവരെ എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടത്‌ ജനങ്ങള്‍ തന്നെയാണ്‌.

Submitted by Sivan on Thu, 2006-01-26 18:56.

പ്രശനം അടിസ്ഥാനപരമായി വിരല്‍ ചൂണ്ടുന്നതു നമ്മിലേയ്ക്കു തന്നെയാണ്.. ആയുധമെടുക്കാതെ തന്നെ ഇവരെ ആട്ടിയോടിക്കാനുള്ള വ്യവസ്ഥ ഉള്ളപ്പോള്‍ എന്തുകൊണ്ട് നമുക്കതു കഴിയുന്നില്ല? കരുണാകരന്‍ എന്തുകാര്യത്തിനാണ് മുന്നണി വിട്ടത്? ജനം തള്ളിക്കളയും ആ അധികാരക്കൊതിയെ എന്നാണു ശുദ്ധഗതിക്കാര്‍ വിചാരിച്ചത്.. തിരുവനന്തപുരം തെരെഞ്ഞെടുപ്പു പോട്ടെ മുരളി നടത്തിയ മാര്‍ച്ചുകളില്‍ നിറഞ്ഞ ജനങ്ങളെ കാണണമായിരുന്നു.. എന്നു വച്ചാള്‍ ഒരാളിന്റെ ശരിയല്ല ജനക്കൂട്ടത്തിന്റെ ശരി എന്നര്‍ത്ഥം... അപ്പോള്‍ ഏതു തെറ്റിനെതിരെ ആയുധമെടുക്കും?
തെറ്റ് എങ്ങനെ തീരുമാനിക്കും? താങ്കള്‍ പരാമര്‍ശിച്ച പേരിലുള്ള നേതാവിനു വേണ്ടി കോഴിക്കോട് കൂടിയ കൂട്ടമാണ് ദേശീയ പതാകയെപ്പോലും താഴെ എറിഞ്ഞത്. ആയുധം എല്ലാവര്‍ക്കും എടുക്കമെന്ന അവസ്ഥ വന്നാല്‍ എനിക്കും താങ്കള്‍ക്കും മാത്രമല്ല, അവര്‍ക്കും അതു കിട്ടണമല്ലോ.. അപ്പോള്‍ ശിക്ഷിക്കപ്പെടുക ആരെല്ലാമായിരിക്കും എന്നൂഹിക്കാം.. നീതി രണ്ടു കണ്ണാടികള്‍ പരസ്പരം പിടിക്കുമ്പോലെ അനന്തമായി പരസ്പരം പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കും...(ആനന്ദ്) ഒന്നിനെ ശരിയാക്കാന്‍ മറ്റൊരു വാച്ച് ഡോഗ് സാദ്ധ്യമല്ല. അതു തീ പോലെ ഓരോ പൌരനെയും ആവേശിക്കണം.. അപ്പോള്‍ ആയുധം വേണ്ട...അല്ലെങ്കില്‍ ആയുധം ഉണ്ടായിട്ടും കാര്യമെന്താണ്...?

Submitted by Sunil on Sat, 2006-01-28 14:59.

ഇന്നത്തെ ജനാധിപത്യം കൊണ്ട്‌ ഒന്നും നടപ്പാകാന്‍ പോകുന്നില്ല. നമുക്കൊരു പ്രളയം കാത്തിരിക്കാം.അമര്‍ഷമുള്ളാവര്‍ ചര്‍ച്ചചെയ്ത്‌ പരിഹാരം കാണണം എന്നാണ് പുതിയ ആന്റി ടെററിസ്റ്റ് കാമ്പായ്ന്‍ പറയുന്നത്‌.
“ദേര്‍ ഇസ് നോ ആല്‍ടര്‍നേറ്റീവ്‌“

Submitted by dumas on Sat, 2006-01-28 21:28.

കരുണാകരന്റെ കൂടെ ആളുകളുണ്ടെന്ന് വെച്ച്‌ അയാള്‍ നല്ലവനാണെന്ന് നന്‍മയെ സ്നേഹിക്കുന്ന ഒരാളും പറയില്ല. കുഞ്ഞാലിക്കുട്ടി വ്യഭിചരിച്ചപ്പോള്‍ അതിനെ ന്യായീകരിക്കാന്‍ രംഗത്ത്‌ വന്ന മുസ്ളിം ലീഗിലേയും യാഥാസ്ഥിതിക മത സംഘടനകളുടേയും അണികളില്‍ ബഹുഭൂരിപക്ഷവും അയാള്‍ തെറ്റ്‌ ചെയ്തെന്ന് വിശ്വസിക്കുന്നവരാണ്‌. എന്നാലും അത്‌ പറയാന്‍ പാടില്ല; കാരണം അത്‌ നമുക്കും നമ്മുടെ സമുദായത്തിനും ദോഷമാണ്‌, അപശ്രുതിയാണ്‌.
അപ്പോള്‍ സംഗതികളിഞ്ഞനെയൊക്കെയാണ്‌. പല തരത്തിലുള്ള കെട്ടുകളെ കൊണ്ട്‌ ഈ തെമ്മാടികളായ നേതാക്കന്‍മാര്‍ അണികളെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ്‌. കരുണാകരന്റെ പിന്നാലെ ആളു കൂടുമ്പോഴും കുഞ്ഞാലികൂട്ടിക്കു വേണ്ടി ദേശീയപതാകയെ അപമാനിക്കുമ്പോഴും അണികള്‍ ഒരേ സമയം ചൂഷണത്തിന്റെ ഉപകരണങ്ങളും ചൂഷിതരുമാണ്‌, അവരുടെ സൌകര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്നവരാണ്‌. അവരെക്കൂടി മോചിപ്പിക്കാനുള്ള പോരാട്ടമാണ്‌ നാം നടത്തുന്നത്‌. അവര്‍ നമ്മുടെ ശത്രു പക്ഷത്തല്ല, പക്ഷേ അങ്ങനെ ആയേ പറ്റൂ എന്നവര്‍ തീരുമാനിക്കുകയാണെങ്കില്‍ നമ്മുടെ മുന്നില്‍ വേറെ വഴികളില്ല.

Submitted by Sivan on Sun, 2006-01-29 11:36.

കഴിഞ്ഞ ദശകങ്ങളിലെ നക്സല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ നിരപരാധിയായിരുന്നു എന്ന് ഇപ്പോള്‍ ആളുകള്‍ ഏറ്റു പറയുന്നുണ്ട്.. ഭരണകൂടത്തിനു മാത്രമല്ല നമ്മുടെ നാട്ടില്‍ ആയുധമുള്ളതെന്ന് പേപ്പര്‍ വായിച്ചാല്‍ അറിയാം.. ഇന്ത്യയുടേ കാര്യം മാത്രമെടുക്കാം... ഭരണകൂടം കൊന്നൊടുക്കിയതിനേക്കാള്‍ എത്രയോ കൂടുതല്‍ വരും നിരവധി കലാപങ്ങളില്‍, രാഷ്ട്രീയ പകപോക്കലില്‍, അപകടങ്ങളില്‍, മാഫിയാ-ഗുണ്ടാ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം....
ചൂഷണത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത്.. എന്റെ ശരിയ്ക്കു വേണ്ടി മറ്റൊരാളോട് ആയുധമെടുക്കാനും കൊല്ലാനും ആവശ്യപ്പെടുന്നതും ചൂഷണമാണ്..അതു സംഭവിച്ചു ഇവിടെയും.. കൊളംബിയയിലാണെന്നു തോന്നുന്നു.. തീവ്രവാദികള്‍ ഭരണകൂടത്തോടു യുദ്ധം ചെയ്തത് ഒരു ഗ്രാമത്തിലേയ്ക്കുള്ള കുടിവെള്ള റിസര്‍വോയറില്‍ വിഷം കലക്കിക്കൊണ്ടാണ്.. അതില്‍ നിന്നുള്ള വെള്ളം മനുഷ്യനു മാത്രമുള്ളതല്ലെന്നെന്നൊനും അവര്‍ക്കു തോന്നിയില്ല. മാത്രമല്ല എത്രദിവസമാണ് തങ്ങളീ ദുരന്തം നിത്യവൃത്തിയ്ക്കു കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും....
ജയിക്കുക.. അധികാരം പിടിച്ചടക്കുക.. അതാണ് അടിസ്ഥാനം..പക്ഷേ പേരു നല്‍കുക നീതിയുടേ പുനഃ സ്ഥാപനമെന്നും....

Submitted by peringodan on Sun, 2006-01-29 18:19.

തിരഞ്ഞെടുക്കപ്പെട്ടവരെ യഥോചിതം തിരിച്ചു വിളിക്കുവാനുള്ള അധികാരം ജനങ്ങള്‍ക്കുണ്ടായാല്‍ തീരുന്ന പ്രശ്നങ്ങളെ ജനാധിപത്യത്തിലുള്ളൂ എന്നൊരു വിശ്വാസം പുലര്‍ത്തുന്നവാണു് ഞാന്‍.

ഇപ്പോഴുള്ള തിരഞ്ഞെടുപ്പുവ്യവസ്ഥിയില്‍ ഇതുപക്ഷെ അസാദ്ധ്യവുമാണു്. അധികാരവികേന്ദ്രീകരണം (ഈ പദം ഉപയോഗിച്ചിരിക്കുന്നതു ശരിയാണൊ എന്തോ!) മാത്രമാണു പോംവഴി

വ്യക്തി അയാള്‍ക്കു തൊട്ടുമുകളിലുള്ളതും, അയാള്‍ക്ക് നേരിട്ട് ഇടപെടാവുന്നതുമായ സമൂഹത്തിലെ ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കുന്നു (ഭൌതികമായി ഇതിനെ ഒരു വാര്‍ഡെന്നോ മറ്റോ പറയാവുന്നതാണു്) ഇവിടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഗ്രാമസഭകളും, ഗ്രാമസഭകള്‍ ചേര്‍ന്നു നിയനിര്‍മാണസഭയിലേക്കുള്ള പ്രതിനിധികളെയും തിരഞ്ഞെടുക്കുന്ന ഒരു സംവിധാനം. ഈ ഘടനയില്‍ എവിടെയും തിരഞ്ഞെടുത്തവര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടവന്റെ പ്രാധിനിത്യം അസാധുവാക്കുവാനുള്ള അധികാരം അവശ്യമാണു്, അതു മറ്റൊരു തിരഞ്ഞെടുപ്പില്‍ കൂടിയാണെങ്കിലും... (ഇത്രയധികം തിരഞ്ഞെടുപ്പുകളില്‍ വരുന്ന ധനബാധ്യതകളെ കുറിച്ച് ആര്‍ക്കെങ്കിലും സംശയങ്ങളുണ്ടോ? കൈ പൊക്കിപ്പിടിച്ചും വോട്ട് ചെയ്യാമെന്ന വ്യവസ്ഥ ആരും മറന്നുകാണില്ലെന്നു വിശ്വസിക്കട്ടെ ;) )

അല്ലാതെ പത്തുലക്ഷം ജനം ഇതുവരെ കാണാത്തതോ നേരിട്ട് പരിചയമുള്ളതോ അല്ലാത്ത ഏതോ ഒരു സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചു വിടുകയും, അയാള്‍ പിന്നീട് എന്തുചെയ്യുന്നു എന്നറിയാന്‍ കഴിവോ പരിശ്രമമോ കൂടാതെയിരിക്കുന്ന സംവിധാനമല്ല ജനാധിപത്യം.

Submitted by Sunil on Mon, 2006-01-30 12:24.

പൊരാട്ടം എന്ന ഒരു സംഘടന കര്‍ഷകര്‍ക്കുള്ള ബാങ്ക് വായ്പ കുറക്കാന്‍ വേണ്ടി ആയുധമെടുത്ത വാര്‍ത്ത ഇന്നലെ ടി.വി.യില്‍ കണ്ടു. അതിന്റെ നേതാവ്‌ ഒളിവിലുമാണ്.
ജനാധിപത്യം ലോകത്തെവിടെയാണ് വിജയിച്ചിട്ടുള്ളത്? അല്ലെങ്കില്‍ എവിടെയആണ് ജനാധിപത്യം ലോകത്ത്?(നല്ല രാജാവിന്റെ ഭരണം മാത്രമേ വിജയിക്കൂ എന്ന്‌ മഹാഭാരതിലാണെന്നു വായിച്ചതോര്‍ക്കുന്നു). അധികാരം കിട്ടിയാല്‍ ആളുമാറുന്ന അവസ്ഥയില്‍ ജനാധിപത്യം ശരിയാവുമോ?നിയമങള്‍ ഉണ്ടാക്കുന്നതു തന്നെ അവ ഭേദിക്കാനല്ലേ? ഇനിപ്പോ അധികാരവും വിശപ്പുപോലെ ഒരു അടിസ്ഥാന വികാരമാണെന്ന്‌ പറായാമോ?
ഇപ്പോ പ്രതിഷേധം കാനിക്കാന്‍ പ്രകടനം പാടില്ല്യ/സമരം പാടില്ല്യ. വല്ലതും പറഞാല്‍ അത്‌ ശരിയായ ചെവികളിലെത്തുകയോ എത്തിയാലും കാര്യമുണ്ടാവുകയോ ചെയ്യുന്നില്ല. അവിടേയും ഒരാളുടേയോ സ്വാധീനമുള്ളവരുടേയൊ ഇഷ്ടാനിഷ്ടങളേ നടക്കുന്നുള്ളൂ. ഈ ഇഷ്ടാനിഷ്ടങള്‍ക്ക് പുറത്തുള്ളാവര്‍ “പ്രാന്തവത്ക്കരിക്കപ്പെട്ട” ജനങളായി തുടരുക തന്നെ ചെയ്യും.
എങ്കിലും പകരം എന്താണ് വഴീന്നെനിക്കറിയില്ല്യ.
-സു-

Submitted by dumas on Tue, 2006-01-31 18:39.

"ഭരണകൂടം കൊന്നൊടുക്കിയതിനേക്കാള്‍ എത്രയോ കൂടുതല്‍ വരും നിരവധി കലാപങ്ങളില്‍, രാഷ്ട്രീയ പകപോക്കലില്‍, അപകടങ്ങളില്‍, മാഫിയാ-ഗുണ്ടാ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം.... "
-----------------
നമ്മുടെ ഭരണകൂടം ഒരു ഗുണ്ടയെപ്പോലെ പെരുമാറുന്നു എന്നതാണ്‌ പ്രശ്നം. ശിവന്‍ പറഞ്ഞ മാഫിയാ-ഗുണ്ടാ ആക്രമണങ്ങളും രാഷ്ട്രീയ പകപോക്കലുകളുമൊക്കെത്തന്നെ നമ്മുടെ ഭരണകൂടത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളുമായി ഒരു മൌലിക വ്യത്യാസവും പുലര്‍ത്തുന്നില്ല. രണ്ടും രണ്ട്‌ വ്യത്യസ്ത ചൂഷണ ശക്തികളില്‍ നിന്ന്‌ വരുന്നു എന്ന് മാത്രം.

"എന്റെ ശരിയ്ക്കു വേണ്ടി മറ്റൊരാളോട് ആയുധമെടുക്കാനും കൊല്ലാനും ആവശ്യപ്പെടുന്നതും ചൂഷണമാണ് "
-------------------
അഴിമതി ശരിയല്ലെന്ന് പറയുന്നത്‌, ഈ നാടിനെ വിറ്റു മുടിക്കരുതെന്നു വാദിക്കുന്നത്‌, പാവങ്ങളോടുള്ള അനീതി അവസാനിപ്പിക്കണമെന്ന്‌ പറയുന്നത്‌, ഇതൊക്കെ എന്റെ മാത്രം ശരിയാണോ? എന്റെ ശരി വേരെ നിന്റെ ശരി വേറെ എന്നു പറയുന്നത്‌ ആര്‍ക്കും ആരോടും ഉത്തരവാദിത്തമില്ലെന്ന്‌ ശഠിക്കുന്ന, എന്തു ചെയ്യാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന്‌ വാദിക്കുന്ന ലിബറല്‍ ജനാധിപത്യം സ്പോണ്‍സര്‍ചെയ്യുന്ന തീര്‍ത്തും അരാഷ്ട്രീയമായ ഒരു മുദ്രാവാക്യമാണ്‌.

"ജയിക്കുക.. അധികാരം പിടിച്ചടക്കുക.. അതാണ് അടിസ്ഥാനം..പക്ഷേ പേരു നല്‍കുക നീതിയുടേ പുനഃ സ്ഥാപനമെന്നും.."
--------------------
ജയിക്കാനും അധികാരം നേടാനും ഇതിനേക്കാള്‍ വളരെ എളുപ്പമുള്ള വഴി തുറന്നു കിടക്കുമ്പോള്‍ ഇത്രയും ബുദ്ധിമുട്ടി ഈ വഴി തെരെഞ്ഞെടുത്ത ഇവര്‍ എന്തൊരു മണ്ടന്‍മാരാണ്‌!!!!!

Submitted by Sivan on Tue, 2006-01-31 22:59.

ഭരണകൂട ഭീകരതയില്‍ നിന്നും വ്യത്യസ്തമായ ഭീകര പ്രവര്‍ത്തനങ്ങളെ ഐജാസ് അഹമദ് ‘റീട്ടയില്‍ ഭീകരത’ എന്നാണ്‍ വിളിക്കുന്നത്.
ഉപരിതലത്തിലാണ് അഴിമതി തെറ്റ്, വ്യഭിചാരം തെറ്റ്, കരിഞ്ചന്ത തെറ്റ് എന്നൊക്കെ നാം പറയുന്നത്. ആയുധമെടുക്കാനും ഭരണം പിടിച്ചെടുക്കാനും ഉപരിതലത്തില്‍ മാത്രം നീന്തിയാല്‍ പോര. അതിനു സൈദ്ധാന്തിക പക്ഷം ഉണ്ടാക്കുകയും ബോദ്ധ്യപ്പെടുത്തുകയും വേണം.. അപ്പോള്‍ ജാതിസര്‍ട്ടിഫിക്കേറ്റെഴുതാന്‍ 100 രൂപചോദിക്കുന്ന വില്ലേജ് ഓഫീസര്‍ അഴിമതിക്കാരനാണ്.. അയാളെ കൊല്ലണോ എന്നാണ് ചോദ്യം..ജനകീയവിചാരണ ജനം തള്ളിക്കളഞ്ഞതിനു അങ്ങനെ ഒരു വശം കൂടിയുണ്ട്. ലൈംഗിക ദാരിദ്ര്യമനുഭവിക്കുന്ന വലിയ ഭൂരിപക്ഷം ഒരു യാഥാര്‍ത്ഥ്യമായിരിക്കേ തീവ്ര ഫെമിനിസം ഒരു കുഞ്ഞാലിക്കുട്ടിക്കെതിരെ ഓടുന്നതെന്തിന് എന്നതൊരു യുക്തിയുടെ പ്രശ്നമാണ് അതിനു ഉത്തരം ആഗോള്‍വത്കരണത്തിന്റെ ഹിഡന്‍ അജെണ്ടയാണ് സെക്സ് ടൂറിസം എന്നതല്ല.
എന്റെ ശരി വേറെ എന്നല്ല.. നിന്റെ ശരി ശരി തന്നെയാണോ എന്ന ആലോചനയാണ് പ്രശ്നം.. ആയുധമെടുക്കാന്‍ ആഹ്വാന്‍ ചെയ്യുന്നത് ഇന്നു ലോകത്ത് മതമാണ്... താങ്കള്‍ പറഞ്ഞ അരാഷ്ട്രീയതയുടെ മുദ്രാവാക്യം യുവാക്കളെ പിടിക്കന്‍ അവരുപയോഗിക്കുമ്പോഴും താങ്കളുടെ ന്യായവാദം ഇതു തന്നെയായിരിക്കുമോ?
ജയിക്കാനും അധികാരം നേടാനുമുള്ള മറ്റൊരു എളുപ്പവഴിയെന്താണ്? ലോകത്ത് തീവ്രവാദം കൊടുമ്പിരിക്കൊള്ളുന്നത് അതൊരു കുറുക്കു വഴി ആയതുകൊണ്ടാണ്..ആദ്യത്തെ പടി കടന്നു കിട്ടിയാല്‍ അതിനും സ്പോണ്‍സേഴ്സ് ഉണ്ട്...

Submitted by dumas on Thu, 2006-02-02 12:18.

ലൈംഗിക ദാരിദ്ര്യത്തിന്റെ പ്രശ്നവും ഉദാര ലൈംഗികതയുടെ രാഷ്ട്രീയവുമൊക്കെ വേറെത്തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌........
തെമ്മാടിത്തത്തെക്കുറിച്ച്‌ അത്‌ എന്റെ ശരിയോ നിന്റെ ശരിയോ എന്ന് തര്‍ക്കിച്ചു നില്‍ക്കുന്നത്‌ ആരുടെ സൌകര്യത്തിനു വേണ്ടിയാണെന്നത്‌ വ്യക്തമാണ്‌. മുഴുവന്‍ ശരികളേയും കശാപ്പ്‌ ചെയ്യാനുള്ള ആഗ്രഹമാണ്‌ ഇതില്‍ മുഴച്ച്‌ നില്‍ക്കുന്നത്‌.......
ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുന്നത്‌ മതമാണ്‌ എന്ന താങ്കളുടെ വാദം അംഗീകരിക്കാന്‍ നിവൃത്തിയില്ല. ആയുധത്തിന്റെ, ഭീകരതയുടെ, തീവ്രവാദത്തിന്റെ മുഴുവന്‍ വേരും ചെന്നെത്തുന്നത്‌ ദേശരാഷ്ട്രങ്ങളുടെ ആവിര്‍ഭാവത്തിലാണ്‌. ജനാധിപത്യം എന്ന അസംബന്ധ പദമാണ്‌ മുഴുവന്‍ ഭീകര ഭരണകൂടങ്ങളുടേയും കൂടെ അധിനിവിഷ്ട പ്രദേശങ്ങളിലേക്ക്‌ മാര്‍ച്ച്‌ നടത്തിയിട്ടുള്ളത്‌. മതകീയഭീകരത എന്നു വിളിക്കപ്പെടുന്നതെല്ലാം മതാത്മക ദേശീയത സൃഷ്ടിച്ച പ്രതി ഭീകരതകളാണ്‌. ഈ പ്രതിഭീകരതകളെല്ലം നൂറ്റാണ്ടുകളുടെ അധിനിവേശങ്ങളും അവഹേളനങ്ങളും യജമാനഭാവവുമെല്ലാം കീഴാള മനഃസാക്ഷിക്കു മേല്‍ ഏല്‍പിച്ച വിദ്വേഷം സാവധാനം രൂപം പ്രാപിച്ചതാണ്‌. അനുകൂലമായ സാഹചര്യം വന്നപ്പോള്‍ അതു പുറത്ത്‌ ചാടി എന്നു മാത്രം.......
തീവ്രവാദം എന്നു വിളിക്കപ്പെടുന്നത്‌ അധികാരം നേടാനുള്ള കുറുക്കുവഴിയാണത്രേ! പിന്നെന്തിനാണാവോ സൌദി ബിസിനസ്‌ രാജാവിന്റെ കൊട്ടാരങ്ങളില്‍ നിന്ന്, അധികാരത്തിന്റെ തണലില്‍ നിന്ന് വിമതനായി ബിന്‍ലാദെന്‍ അഫ്ഗാനിലെ ഗുഹകളിലേക്ക്‌ തിരിഞ്ഞു നടന്നത്‌. എന്തിനാണാവോ അധിനിവേശഭീകരര്‍ക്കു നേരെ ആത്മാഭിമാനമുള്ള ഇറാഖികളും ഫലസ്തീനികളും പൊട്ടിത്തെറിക്കുന്നത്‌! അധികാരം മരണശേഷം ആസ്വദിക്കാന്‍ വേണ്ടിയാണോ?! ....
അധികാരത്തിന്റെ ചക്കരക്കുടത്തിനോടാസക്തിയുള്ള ഒരാളും തന്നെ കല്ലും മുള്ളും നിറഞ്ഞ "തീവ്രവാദത്തിന്റെ" വഴി തെരെഞ്ഞെടുക്കില്ല.

Submitted by Sivan on Thu, 2006-02-02 22:42.

ഞാന്‍ വിചാരിച്ചത്, ഞാന്‍ ലാര്‍ജ് സ്കെയിലിലും താങ്കള്‍ പ്രാദേശികമായും സംസാരിക്കുന്നു എന്നാണ്..പിന്നെ തീവ്രവാദത്തിന്റെ ഏതു നാട്ടുവഴിയിലാണ് താങ്കളെന്നും..
1. മൂല്യങ്ങള്‍ ശാശ്വതമാണ് എന്ന ചിന്തയാണ് തെമ്മാടിത്തരത്തെ നിര്‍വചിക്കുന്നത്.. ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നില്ല.. ഒരു ശരി എപ്പോഴും ശരിയായിരിക്കില്ല എന്ന പോലെ തെറ്റ് എപ്പോഴും തെറ്റല്ല...അപ്പോള്‍ ഇന്നത്തെ പ്രത്യയശാസ്ത്രശരിയുടെ പേരില്‍ വിധിക്കുന്ന ശിക്ഷ നാളെ തെറ്റായി കണക്കാക്കപ്പെടും..ഇതു രാഷ്ട്രീയ യുക്തിയല്ല, മാനുഷികമാണ്..
2. മതാത്മക ദേശീയതയും കീഴാളമനസ്സാക്ഷിയിലെ പുറത്തുചാട്ടവും...ഭംഗിവാക്കുകള്‍ കൊണ്ട് അലങ്കരിച്ചാണ് ഏതു മനുഷ്യവിദ്വേഷവും അവതരിക്കുക.. ചരിത്രം നോക്കുക.. എന്തു കൊണ്ട് ചിലയിടത്ത് മാത്രം കീഴാളന്‍ പുറത്തുച്ചാടുന്നു...? അള്‍ജീരിയയുടെ കാര്യം ഇപ്പോള്‍ വായിച്ചു വച്ചതേയുള്ളൂ...ഒന്നു ‍ഓര്‍ക്കുക സ്പോണ്‍സര്‍ ചെയ്യാത്ത് തീവ്രവാദങ്ങളില്ല.
3. ത്യാഗികളുണ്ട്.. സംശയമില്ല. എന്നാല്‍ എനിക്ക് ആളെ കൊല്ലാത്ത ത്യാഗികളെയാണ് കൂടുതലിഷ്ടം..അധികാരം ഒരു ഭരണകൂട വ്യവസ്ഥമാത്രമല്ല.. ‘വധത്തിന്റെ‘ കൈവശാവകാശവും അധികാര പ്രയോഗമാണ്...അതാണു താങ്കള്‍ മനസ്സിലാകാതെ പോയ, ഈ ചര്‍ച്ചയുടെ കാതലും..

Submitted by dumas on Sun, 2006-02-05 12:26.

1.അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടാതിരിക്കാനുള്ള ന്യായം ജനങ്ങളുടെ ശരിയല്ല അവരുടെ ശരി എന്നതാണ്‌. ഇനി ആണെങ്കില്‍ പോലും അതിന്നിന്റെ ശരിയാണ്‌. നാളെയുടെ ശരിയെക്കുറിച്ച്‌ ഇന്നിന്റെ പ്രത്യയശാസ്ത്രം തീര്‍പ്പുകല്‍പ്പിക്കേണ്ട. നമ്മുടെ കോടതികളൊക്കെത്തന്നെ എത്രയും പെട്ടെന്ന്‌ പിരിച്ചു വിടേണ്ടതാണ്‌. ഇന്ന് നീതിയെന്ന് കോടതി വിധിച്ചത്‌ അസംബന്ധമെന്ന്‌ നാളെയുടെ പ്രത്യയശാസ്ത്രം വിധി പുറപ്പെടുവിച്ചേക്കും!!
2.എല്ലായിടത്തും കീഴാളപക്ഷചെറുത്തുനില്‍പുകള്‍ രൂപപ്പെടാതിരിക്കുന്നതിനുള്ള കാരണം നേരെത്തെ പറഞ്ഞതാണ്‌. അനുകൂലമായ (ചെറുത്തുനില്‍പ്പിന്‌) സാഹചര്യം രൂപപ്പെടുന്നില്ല എന്നതാണത്‌. അള്‍ജീരിയയയെക്കുറിച്ച്‌ പ്രസ്താവിച്ചത്‌ കണ്ടു. എന്താണുദ്ദേശിച്ചതെന്നു വ്യക്തമല്ല. എന്നാലും ജനാധിപത്യത്തെ, തെളിഞ്ഞ ജനവിധിയെ ഫ്രഞ്ച്ച്‌- അമേരിക്കന്‍ ഒത്താശയോടെ അട്ടിമറിക്കപ്പെട്ടപ്പോള്‍ പല ഗ്രൂപ്പുകളും തീവ്രവാദത്തിലേക്ക്‌ തിരിഞ്ഞതാവും എന്ന് കരുതുന്നു. ഇവിടേയും ഏതെങ്കിലുംനിരപരാധിയുടെ ഒരു തുള്ളി രക്തം ചിന്തിയിട്ടുണ്ടെങ്കില്‍ അതിന്‌ ഒന്നാമതായും രണ്ടാമതായും ഉത്തരവാദി ജനാധിപത്യത്തെ ഗളഹസ്തം ചെയ്തവരാണ്‌.
3.എല്ലാ അധികാരപ്രയോഗങ്ങളും അഭിശപ്തമാണ്‌ എന്നെനിക്കഭിപ്രായമില്ല. പ്രശ്നം അധികാരത്തിന്റെ ദണ്ഢ്‌ ആരുടെ കൈവശമാണ്‌ എന്നതാണ്‌. അത്‌ മനുഷ്യസ്നേഹികളുടെ കയ്യിലാവുമ്പോള്‍ ചൂഷകശക്തികളായിരിക്കും താഡനമേല്‍ക്കുക. മറിച്ച്‌ നിങ്ങളുടെ ഈ ഗവണ്‍മെന്റിനെപ്പോലുള്ളവരുടെ കയ്യിലാണ്‌ അധികാരദണ്ഢെങ്കില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരും ദരിദ്രരുമായിരിക്കും അധികാരപ്രയോഗത്തിനിരയാവുക.

Submitted by dumas on Sun, 2006-02-05 12:40.

"ത്യാഗികളുണ്ട്.. സംശയമില്ല. എന്നാല്‍ എനിക്ക് ആളെ കൊല്ലാത്ത ത്യാഗികളെയാണ് കൂടുതലിഷ്ടം.. ......"
----------------------------------------
എല്ലാവരേയും സ്നേഹിക്കുക എന്നത്‌ ആള്‍ദൈവങ്ങളുടെ രീതിയാണ്‌. അവര്‍ ദൈവത്തെയും ചെകുത്താനെയും സ്നേഹിക്കും. കരുണാകരനേയും രാജന്റെ അച്ചനേയും ഒരേ സമയം അനുഗ്രഹിക്കും! വാജ്പേയിയും കുഞ്ഞാലിക്കുട്ടിയും അവരുടെ മുമ്പില്‍ കുമ്പിട്ടേക്കും!
ആളെ കൊല്ലാത്ത ത്യാഗികള്‍ എന്ന്‌ താങ്കള്‍ ഉദ്ദേശിച്ചത്‌ ഇത്തരെക്കാരെയായിരിക്കണം. അതായത്‌ ചൂഷണത്തോടും ചൂഷകവ്യവസ്ഥയോടും ഒരു രോഷവും വെച്ചുപുലര്‍ത്താത്തവര്‍. നിലവിലെ സ്ഥിതിഗതികളില്‍ എന്തെങ്കിലും മാറ്റം വരണമെന്ന്‌ ആഗ്രഹിക്കാത്തവര്‍. അങ്ങനെയുള്ള ത്യാഗികളോട്‌ എനിക്ക്‌ പുച്ഛമാണ്‌ സുഹൃത്തേ.

Submitted by Sivan on Sun, 2006-02-05 21:25.

താങ്കള്‍ക്കു പുച്ച്ചിക്കാനും എനിക്കു സ്നേഹിക്കാനും ഇപ്പൊഴും സാഹചര്യം നിലനില്‍ക്കുന്ന ഈ വ്യവസ്ഥയുണ്ടല്ലോ.. ഇതിനെ നന്നാക്കാന്‍ അതിന്റെ തന്നെ ഇനിയും ഉണങിയിട്ടില്ലാത്ത വേരുകളുപയോഗിക്കാം എന്നാണ് ഈ പറഞ്ഞതിന്റെയൊക്കെ അര്‍ത്ഥം.. പ്രതിവിപ്ലവത്തിന്റെ പേരിലും മതത്തിന്റെ പേരിലും പ്രതികരണം പോട്ടെ അഭിപ്രായങ്ങള്‍ പോലും വകവച്ചുകൊടുക്കാത്ത രാഷ്ട്രമീമാംസകളുടെ ലോകത്താണ് ജീവിക്കുന്നത് എന്നും കൂടി ഓര്‍ക്കുക..
അല്ലാതെ ബിന്‍ലാദനാണോ ബുഷാണൊ കരുണാകരനാണോ കുഞ്ഞാലികുട്ടിയാണോ കൂടുതല്‍ തെറ്റുകാരന്‍ എന്നു നോക്കി തെരുവിലിറങ്ങി ആളെക്കൊല്ലാം എന്ന രീതിയെയും ഒന്നും നന്നാവില്ല അതു കൊണ്ട് ആളെക്കൊന്നേ മതിയാവൂ എന്ന കടുത്ത മുന്‍‌ധാരണകളും ഒരു ജനാധിപത്യത്തിന്റെ നന്മകള്‍ ഏതൊക്കെയോ അളവില്‍ ഉള്‍ക്കൊള്ളുന്നതു കൊണ്ട് എനിക്ക് എതിര്‍ത്തേ പറ്റൂ...ആശയപരമായി.. തിരിച്ചു ബോധ്യമാവാത്തിടത്തോളം കാലം!

Submitted by kevinsiji on Mon, 2006-02-06 18:55.

നിരാശയില്‍‍ നിന്നുടലെടുക്കുന്ന രോഷമാണു് സായുധസമരത്തിന്റെ അടിത്തറ. കാലക്രമേണ രോഷം കെട്ടടങ്ങുമ്പോള്‍‍‍‍‍‍‍ സായുധസമരങ്ങളും പൊലിഞ്ഞുപോകും. സായുധസമരങ്ങളോ, ഇപ്പോഴുള്ള രീതിയില്‍‍‍ ജനാധിപത്യസമരങ്ങളോ നമ്മുടെ സമൂഹത്തെയോ ലോകക്രമത്തെയോ വലിയ തോതില്‍‍ സ്വാധീനിയ്ക്കുമെന്നു കരുതുന്നതു മൌഢ്യമാണു്. ലോകചരിത്രത്തിലേയ്ക്കും വച്ചു് മഹത്തായ ചിന്തകരുടെ പ്രവര്‍‍‍‍ത്തനങ്ങള്‍‍‍‍‍‍‍ പോലും ലോകത്തു് പലമാതിരി മതങ്ങള്‍‍‍‍‍‍‍‍‍ ഉടലെടുക്കാന്‍‍‍‍‍ ഉതകിയെന്നല്ലാതെ ശാശ്വതമായൊരു ഗുണപരമാറ്റം വലിയതോതില്‍‍‍‍‍‍‍‍ ഉണ്ടാക്കാനായിട്ടില്ല ഇന്നേവരെ.