തര്‍ജ്ജനി

എലിവിഷം വരും തലമുറയുടെ ശാപം

വിശ്വപ്രഭയുടെ ഈ പഠനം മലയാളികൾക്കൊരു വഴികാട്ടികൂടിയാണ്‌

രണ്ടു ദിവസത്തെ, മുന്‍‌വിധികളില്ലാത്ത പഠനത്തിനു ശേഷം മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ ചില കാര്യങ്ങള്‍:
Bromadiolone വിഷം തന്നെയാണ്. പക്ഷേ എത്ര കണ്ട് വിഷമാണെന്നത് ആപേക്ഷികമാണ്.
Fact
5 ppm (0.005 %) (അതായത് 50 ഗ്രാം തീറ്റിയില്‍ 2.5 mg) അളവില്‍ തയ്യാറാക്കുന്ന വിഷപദാര്‍ത്ഥം ഒരു വയറിലും കൂടുതല്‍ കഴിച്ചാലേ (നിര്‍ബന്ധിക്കാതെ തന്നെ ഒരു പ്രാവശ്യം വിശപ്പു മാറുന്നതു വരെ കഴിക്കുന്ന അളവ് - 1 feed) എലിയേക്കാള്‍ തൂക്കം കൂടുതലുള്ള മറ്റു മൃഗങ്ങളെ ബാധിക്കൂ.
സാധാരണ ഗതിയില്‍ തുറസ്സായ ഒരു ആവാസവ്യവസ്ഥയില്‍ ഒരു ജീവി ഇങ്ങനെ അമിതമായി ഇതേ ഭക്ഷണം കഴിക്കാന്‍ സാദ്ധ്യത കുറവാണ്.
Counter Fact
ഒരൊറ്റ തവണയായല്ലെങ്കിലും പലപ്പോഴായി ഈ വിഷം അകത്തു ചെന്നാലും മതി വ്യാപകമായ ദോഷഫലങ്ങള്‍ക്ക്.
ഒരിക്കല്‍ അകത്തു ചെന്ന വിഷം കരളില്‍ ‍(Liver) വളരെക്കാലം അവശേഷിക്കുന്നു. സാധാരണ ശരീരദ്രവങ്ങള്‍ക്ക് ഈ വിഷത്തെ ലയിപ്പിച്ചു നീക്കം ചെയ്യാന്‍ കഴിവില്ല. കരളില്‍ ശേഖരിക്കപ്പെടുന്ന വിഷം രക്തം കട്ടപിടിക്കുന്നതിനുള്ള ശേഷി ഗണ്യമായി, മാരകമായി കുറയ്ക്കും. എത്ര കാലമാണിങ്ങനെ കരളില്‍ അടിഞ്ഞുകിടക്കുകയെന്ന് ഇപ്പോഴും വ്യക്തമായി തെളിഞ്ഞിട്ടില്ല.
ഒരേ സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചുള്ള വിഷപ്രയോഗത്തിനെതിരെ വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കണം.
ഇങ്ങനെയുള്ള മുന്നറിയിപ്പുകള്‍ നമ്മുടെ കാര്യത്തില്‍ നടന്നിട്ടുണ്ടോ?
Fact
ബ്രോമാഡയോലോണ്‍ ജലത്തില്‍ അലിഞ്ഞുചേരില്ല. അതുകൊണ്ട് ജലമലിനീകരണം ഉണ്ടാക്കുന്നില്ല.
CounterFact
കൊള്ളാം. നല്ല കാര്യം!
സ്വതന്ത്രമായി ഹൈഡ്രജന്‍ ബന്ധനം നടത്താവുന്നതും (Unsaturated bonds) എന്നിട്ടും ജലത്തില്‍ വളരെക്കുറച്ചുമാത്രം ലയിച്ചുപോകാവുന്നതും (സാധാരണ ഊഷ്മാവില്‍ ഒട്ടും ലയിക്കില്ലെന്നു തന്നെ പറയാം;) സ്വാഭാവിക-ബഹുതന്തുസാന്ദ്രീകരണം (Natural poly fibre densification) എന്ന അപൂര്‍വ്വസിദ്ധിയുള്ളതുമാണ് നമ്മുടെ കഥാനായകന്‍. ചെന്നുചേര്‍ന്ന ഓര്‍ഗാനിക് ഫൈബറില്‍ ഒരിക്കലും പിരിഞ്ഞുപോകാത്തവണ്ണം അവനങ്ങനെ കെട്ടിപ്പിടിച്ചുകിടക്കും. എന്നു മാത്രമല്ല, ഓരോ തരിയും മറ്റൊരു തരിയോടു പോലും ചേരാതെ സ്വതന്ത്രമായി (Discrete particles) നിലനില്‍ക്കും.
കോശാര്‍‍ബുദത്തിന്റെ രസതന്ത്രമറിയാവുന്ന ഏതുകൊച്ചുഡോക്റ്റര്‍ക്കും (Oncologists) ഇത്രയും കേട്ടാല്‍ മതി, ഈ ഭീകരന്റെ സ്വരൂപം മനസ്സിലാവാന്‍.
അഞ്ചു ബെന്‍സീന്‍ വലയങ്ങളില്‍ കൊരുക്കിവെച്ചിട്ടുള്ള ഹൈഡ്രോക്സില്‍ / ബ്രോമിന്‍ അലങ്കാരങ്ങള്‍! എല്ലാ വലയങ്ങളിലും ഇഷ്ടം പോലെ സ്വതന്ത്ര ബോണ്ടുകള്‍!
ഈ ഹൈഡ്രൊക്സി-ബൈഫിനോള്‍ സുന്ദരശില്പത്തിന്റെ ഒരു കൂട്ടുകാരനെ നമുക്കു പരിചയപ്പെടാം: PCP.
കാര്‍ബോഫുറാന്‍ എന്നു കേട്ടിട്ടില്ലേ? ആ തറവാട്ടിലെ ഒരു താവഴിയിലാണ് പെന്റാക്ലോറോഫിനോളിന്റെയും വാസം. കാര്‍ബോഫുറാനെ നാം ഇപ്പോഴും വാത്സല്യത്തോടെ വളര്‍ത്തിക്കൊണ്ടുവരുന്നുണ്ടല്ലോ അല്ലേ?
PCPയെക്കുറിച്ച് താരതമ്യേന കൂടുതല്‍ പഠനം നടന്നിട്ടുണ്ട്. 80mg (വരെ യാതൊരു അപകടവും (ഉടനെ) കാണിക്കാത്ത PCP വെറും 20mg കൂടി വര്‍ദ്ധിച്ചപ്പോള്‍ തത്ക്ഷണം കൊന്നുകളഞ്ഞു 83 %ഇരകളെ! പത്തു മില്ലിഗ്രാം കൂടി ചേര്‍ത്തപ്പോള്‍ 100% ഇരകളും ചത്തൊടുങ്ങി.
അതായത് സുരക്ഷിതമായ അളവും മാരകമായ അളവും തമ്മിലുള്ള വ്യത്യാസം വളരെ കുറവാണെന്നര്‍ത്ഥം. ഇത് രാസപദാര്‍ത്ഥങ്ങളെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാര കാര്യമല്ല. ബ്രാന്തന്‍ഡയ്നാമിട്ടിനെക്കുറിച്ച് ഇതുപോലത്തെ പഠനം നടന്നിട്ടുണ്ടോയെന്നറിയില്ല.
എന്തായാലും ആ PCP പോലും വെള്ളത്തില്‍ ധാരാളമായി അലിഞ്ഞുചേരും.
അങ്ങനെ അലിഞ്ഞു ചേരുന്നതാണോ അതോ ഒഴിയാബാധ പോലെ വിതറിയിടത്തു തന്നെ അങ്ങനെ അടിഞ്ഞുകിടക്കുന്നതാണോ നല്ലത്?
രണ്ടും നല്ലതല്ല. വിഷം വിഷം തന്നെ. അതൊന്നുകില്‍ എന്റെ തൊടിയില്‍ കിടക്കും. അല്ലെങ്കില്‍ മാളോരുടെ ഭൂലോഗം പരക്കെ ഒഴുകിനടക്കും.
എങ്കിലും എല്ലാ വിഷങ്ങള്‍ക്കും ബാധകമായ ഒരു പ്രധാന അളവുകോലുണ്ട്: വീര്യം. ജലത്തില്‍ ലയിച്ചുചേരുന്ന വിഷങ്ങള്‍ ക്രമേണ വീര്യം കുറഞ്ഞ് പലയിടത്തായി വ്യാപിക്കുമ്പോള്‍ (മൊത്തത്തില്‍ ജലമലിനീകരണമുണ്ടാകുമെങ്കിലും) അലിഞ്ഞുചേരാത്തവ ഒരിടത്തു തന്നെ കേന്ദ്രീകരിച്ച് കാലങ്ങളോളം ഒരു ടൈംബോംബുപോലെ വിശ്രമിക്കുന്നു.
മേല്‍മണ്ണില്‍നിന്നും ബ്രൊമാഡയോലോണ്‍ താഴേക്കടിഞ്ഞിറങ്ങുന്ന പ്രശ്നമേ ഇല്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിലാവട്ടെ, ഒന്നും സംഭവിക്കാത്തതു പോലെ അതങ്ങനെ തങ്ങിക്കിടക്കും. വെള്ളം വറ്റുമ്പോള്‍ അവന്‍ മേല്‍മണ്ണില്‍ തന്നെ സുഖമായി കിടന്നുറങ്ങും. അടുത്ത മഴക്കാലം വരെ.
തൊടിയില്‍ മേക്കാനും മണ്ണുമാന്തിക്കളിക്കാനും നമുക്കിനിയും കുറച്ചുകൂടി ആടുമാടുകളും കൊച്ചുകുട്ടികളും ബാക്കിയില്ലേ?
Fact
Bromadiolone ഒരു രണ്ടാം തലമുറ വിഷോല്‍പ്പന്നമാണ്. വളരെ കുറഞ്ഞ അളവില്‍ പ്രയോഗിച്ചാല്‍ എലികളെപ്പോലുള്ള ചെറിയ ജീവികളെ മാത്രമേ ഇവ ബാധിക്കൂ. കൂടാതെ വിഷം കഴിച്ച ഉടനെ മരിക്കുന്നില്ലാത്തതിനാല്‍ ഇതിന്റെ ഫലസാദ്ധ്യത വളരെ കൂടുതലാണ്. (പെട്ടെന്നു തന്നെ അപകടം ഉണ്ടാക്കുന്ന തരം വിഷങ്ങളില്‍ നിന്നും കെണികളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ എലികള്‍ക്കും മറ്റും പ്രത്യേക മിടുക്കുണ്ട്.)
Counter Fact
രണ്ടാം തലമുറ വിഷങ്ങളുടെ ഈ പ്രത്യേകത തന്നെയാണ് അവയുടെ ദോഷവും.
Bromadiolone ഉപയോഗിച്ചിട്ടുള്ള ലോകത്തിലെ മിക്കവാറും എല്ലാ പ്രദേശത്തും പ്രത്യക്ഷത്തില്‍ ഏറ്റവും അപകടങ്ങള്‍ നടന്നിട്ടുള്ളത് ചെറിയ കുട്ടികളും വളര്‍ത്തുമൃഗങ്ങളും അബദ്ധത്തില്‍ അതു കഴിച്ചിട്ടാണ്. ആകര്‍ഷണീയമായ നിറവും എന്നാല്‍ അരോചകമായ മണമൊന്നുമില്ലാത്തതും തൊലിപ്പുറമേ വേദനയോ നീറ്റലോ ചൊറിച്ചിലോ ഉണ്ടാക്കാത്തതും മൂലം ഇത്തരം അപകടങ്ങള്‍ക്കു സാദ്ധ്യത കൂടുതലാണ്. (സ്വാദെന്താണെന്നു തീരുമാനിക്കുന്നത് വിഷത്തിനു കൂട്ടുപോകുന്ന തീറ്റ മിശ്രിതമാണ്)
6 വയസ്സി‍ല്‍ താഴെയുള്ള കുട്ടികളില്‍ 5ppm 50g വിഷം വ്യക്തമായ, നീണ്ടു നില്‍ക്കുന്ന അപകടങ്ങളുണ്ടാക്കും. വീട്ടിലെ പൂച്ച, പട്ടി, പക്ഷികള്‍ എന്നിവയ്ക്കും ഇതു ബാധകമാണ്. ഈ അപകടങ്ങളില്‍ നിയന്ത്രണമില്ലാത്ത രക്തപ്രവാഹം മുതല്‍ ഭാവിയില്‍ വരാനിരിക്കുന്ന ലിവര്‍ കാന്‍സര്‍ വരെയുണ്ട്. (കാന്‍സറിന് അങ്ങനെ ലിവര്‍ തന്നെ വേണമെന്നൊരു നിര്‍ബന്ധമൊന്നുമില്ല, ഏതു ശരീരഭാഗം കിട്ടിയാലും അവനു തൃപ്തിയാണ്).
രണ്ടാം തലമുറ കീട/എലി-നാശിനികളുടെ പ്രധാന ഗുണമായി കാണിക്കുന്നത് വിഷം കഴിച്ചതിനു ശേഷവും ഇര കുറച്ചുനാള്‍ കൂടി ജീവിച്ചിരിക്കും എന്നതാണ്. പക്ഷേ ഇങ്ങനെ ജീവിച്ചിരിക്കുന്ന ഇരകള്‍ പക്ഷികളേയും പൂച്ച തുടങ്ങിയ മൃഗങ്ങളേയും സംബന്ധിച്ചിടത്തോളം ഓടിനടക്കുന്ന വിഷം തന്നെയാണ്. ഇവയെ ഭക്ഷിക്കാന്‍ സാദ്ധ്യതയുള്ള മൃഗങ്ങള്‍ക്ക് Secondary Feeding വഴി പരോക്ഷമായി വിഷബാധയുണ്ടാവുന്നു.
എലിയുടെ വംശവര്‍ദ്ധന തടയാന്‍ പ്രകൃതി തന്നെ ഒരുക്കിയിട്ടുള്ള ഉപായങ്ങളെയാണ് Bronadiolone ഇത്തരത്തില്‍ നശിപ്പിക്കുന്നത് എന്നു ശ്രദ്ധിക്കണം!
1970 കള്‍ മുതലാണ് രണ്ടാം തലമുറ വിഷങ്ങള്‍ വികസിപ്പിച്ചെടുത്തത്. DDT, EndoSulphan തുടങ്ങിയ പദാര്‍ത്ഥങ്ങളുടെ ദീര്‍ഘകാലദോഷഫലങ്ങള്‍ കണ്ടെത്താന്‍ നാം വളരെ വളരെ കാലമെടുത്തിട്ടുണ്ട്.
കീടനാശിനി ഉല്പാദകര്‍ തന്നെ നല്‍കുന്ന സ്കോളര്‍ഷിപ്പുകൊണ്ടു പുലരുന്ന ഗവേഷകരാണിപ്പോള്‍ പല സര്‍വ്വകലാശാലകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഇത്തരം കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നത്. മറുവശത്ത് അധികമൊന്നും അറിവില്ലാത്ത ഒറ്റപ്പെട്ട കര്‍ഷകരും പ്രകൃതിസ്നേഹികളും മാത്രം വാദിക്കാനും (അതോ വെറുതെ ഏങ്ങലടിച്ചുകരയാനോ?) പിന്നെ ഏറാന്‍ മൂളാന്‍ മാത്രമറിയാവുന്ന കീഴ്‌ജീവനക്കാര്‍ കണ്ടുനില്‍ക്കാനും ഉള്ളപ്പോള്‍ സ്വാഭാവികമായും ഇനിയുമെത്രയോ കാലം പിടിക്കും ഇതുപോലുള്ള മഹാമാരികളെ നാമൊക്കെ തിരിച്ചറിയാന്‍.
എന്തായാലും ഇതിനകം തന്നെ ബ്രോമാഡയോലോണിന്റെ മാസ്മരമാരകശക്തി പലയിടത്തും അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. 1998ല്‍ ഗവണ്മെന്റ് അംഗീകരിച്ചതിനുശേഷം മാത്രം പ്രയോഗം തുടങ്ങിയ ഫ്രാന്‍സില്‍, 2001 ആവുമ്പോഴേക്കും ഫലം കണ്ടു. തോട്ടത്തിലെ പെരുച്ചാഴികളെ കൊല്ലാന്‍ തുടങ്ങിവെച്ച തീക്കളി മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍ പെരുച്ചാഴികള്‍ക്കു പകരം അവയെ തിന്നു ജീവിക്കുന്ന മറ്റു ജീവികളെയൊക്കെ കൊന്നൊടുക്കി.അവയുടെയൊക്കെ അഭാവത്തില്‍ പെരുച്ചാഴിസംഖ്യയാവട്ടെ പൂര്‍വ്വാധികം ഉജ്ജ്വലമായി വര്‍ദ്ധിക്കുകയും ചെയ്തു!
അതുകൊണ്ടായിരിക്കണം നാം അവയെ രണ്ടാം തലമുറ വിഷം എന്നു വിളിക്കുന്നത്!
Fact
ഇതു മാത്രമെ എലിയെക്കൊല്ലാന്‍ ഒരു വഴിയുള്ളൂ. ഈ വക വിഷങ്ങളില്‍, ഉള്ളതില്‍ തന്നെ ഏറ്റവും ശക്തി കുറഞ്ഞ ഇനമല്ലേ ബ്രോമാഡയോലോണ്‍?
ഇതിലും അപകടമല്ലേ മറ്റു രണ്ടാംതലമുറ വിഷങ്ങള്‍?
Counter Fact
“നിന്നെ ഞാന്‍ തീയിലിട്ടു ചുട്ടു കൊല്ലണോ അതോ വെള്ളത്തിലിട്ടു മുക്കിക്കൊല്ലണോ?“
ദേവരാഗം മുന്‍പെഴുതിയിരുന്നതു തന്നെയാണിതിനുത്തരം. ഒന്നരയും രണ്ടും അഞ്ചും വര്‍ഷം ഭരിയ്ക്കാന്‍ കനിഞ്ഞുകിട്ടുന്ന അവസരത്തില്‍ ആറുമാസത്തില്‍ കൂടുതല്‍ കാലത്തേക്കു് മുന്‍‌കൂട്ടിക്കാണാന്‍ പറ്റാത്ത നമ്മുടെ സര്‍ക്കാരുകളുടെ ഗതികേടാണിങ്ങനെയൊക്കെ വരുത്തുന്നത്. ഒപ്പത്തിനൊപ്പമുണ്ട് നമ്മുടെ ജനങ്ങളും. ശുചിത്വം, പരസ്പരസഹകരണം, ഈ ഗ്രാമം/പട്ടണം മുഴുവനും എന്റേതാണെന്നോ ഞാന്‍ ഈ ഗ്രാമത്തിന്റെ / പട്ടണത്തിന്റെ സ്വത്താണെന്നോ എന്നും ഓര്‍ക്കാന്‍ നമ്മളൊക്കെ മറന്നു തുടങ്ങിയിരിക്കുന്നു. ആഗോളവല്‍ക്കരണവും മറ്റു വലിയ വലിയ കാര്യങ്ങളും ഉള്ളപ്പോള്‍, അതിന്റെയൊക്കെ സമ്മേളനങ്ങള്‍ക്കും റാലികള്‍ക്കും പോവാന്‍ സമയമില്ലാതിരിക്കുമ്പോള്‍ നാം എങ്ങനെ നമ്മുടെ വീടും തൊടിയും നോക്കും? അങ്ങനെയാണ് വീട്ടില്‍ ബാക്കിവന്ന തീറ്റിയും മറ്റസ്കിതകളും നാം അയല്‍‌വാസിയുടെ തൊടിയിലേക്കു വലിച്ചെറിയുന്നത്. നാം പുറത്തിറങ്ങാന്‍ കാത്തുനില്‍ക്കുന്നു അയല്‍‌വാസി. അവന്റേതു കൂടി കൂട്ടി, കുപ്പ നമ്മുടെ തൊടിയിലേക്കു തന്നെ തിരിച്ചു വന്നോളും.
അതുപോലെ തന്നെയാണ് മറ്റു പ്രാകൃതികനിയന്ത്രണങ്ങള്‍ക്കും സംഭവിച്ചത്. എലിയും പാമ്പും കീരിയും ആടും മാടും കൊതുകും കോഴിയും തവളയും പല്ലിയും കൂട്ടത്തില്‍ മനുഷ്യനും ഒന്നുചേര്‍ന്നൊരു സമൂഹമായിരുന്നു ഇന്നലെവരെ ഇവിടെ. അവയൊക്കെ പരസ്പരം ഒരു പരിധിവരെ നിയന്ത്രിച്ചും പോന്നു. കഥയിലാണെങ്കിലും, വല്ലപ്പോഴും എലി പെരുകുമ്പോള്‍, പുല്ലാങ്കുഴല്‍ വിളിച്ച് അവയെ ആറ്റിലേക്കാട്ടിത്തെളിച്ച് മുക്കിക്കൊല്ലാന്‍ വേറൊരു കൊച്ചനെ പ്രകൃതി കണ്ടുപിടിച്ചു തരാറും ഉണ്ടായിരുന്നു.
അത്ര വലിയൊരു സുഖം തോന്നിയിരുന്നില്ലെങ്കിലും ഇതുപോലെ നാം കുഴഞ്ഞുവീണും കുടല്‍ ചീഞ്ഞും മരിക്കാറുണ്ടായിരുന്നില്ല. ഇത്ര വന്ധ്യതയും വന്യതയും ഉണ്ടായിരുന്നില്ലിവിടെ!
നമുക്കൊരുപാടു തെറ്റുകള്‍ പറ്റിയിട്ടുണ്ട്. ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതുപോലെ ആ തെറ്റുകള്‍ക്കുമീതെ നാം വീണ്ടും തെറ്റുകള്‍ കൊണ്ടു പൊതിയുകയാണ്. എങ്ങിനെയാണു തിരിച്ചുപോകാന്‍ പറ്റുക എന്ന് ഇനിയെങ്കിലും നോക്കാന്‍, പരിശ്രമിക്കാന്‍ സമയമായി!

**** **** *****
FACT! FACT! FACT!
ബ്രോമാഡയോലോണ്‍ എന്ന, വെള്ളത്തില്‍ അലിഞ്ഞുചേരാത്ത വിഷമോ കടിച്ചാല്‍ പൊട്ടാത്ത വാക്കോ അല്ല ഇവിടത്തെ മുഖ്യപ്രശ്നം. ഒരു പക്ഷേ ആ ഇംഗ്ലീഷ് അമൃത് നല്ലതുതന്നെ ആയിരിക്കാം. സാക്ഷരരാണെന്നു മേനി പറയാമെങ്കിലും ഞങ്ങള്‍ക്കത്രയൊന്നും അറിവില്ല. പക്ഷേ, അത്തരമൊരു ആപത്തിനെക്കുറിച്ച് ഞങ്ങള്‍ക്കു ചോറുരുട്ടി മിണുങ്ങാന്‍ തരുന്ന ഒരു സാധാരണ കര്‍ഷകന്‍ വ്യാകുലതയോടെ ആശങ്ക ഉയര്‍ത്തുമ്പോള്‍ അയാളെ സമാശ്വസിപ്പിക്കാന്‍ തക്ക ന്യായമായ, യുക്തമായ ഒരു മറുപടി കൊടുക്കുന്നതിനു പകരം വെറും പുച്ഛവും പരിഹാസവും വിളമ്പിക്കൊടുക്കുന്ന, ലജ്ജയില്ലാതെ യജമാനന്റെ (അതേ, ഞങ്ങളാ‍ണ് യജമാനന്‍, ഞങ്ങളാണു നിനക്കൊക്കെ ശമ്പളം തരുന്നത്!) ശമ്പളവും വാങ്ങി കസേരയില്‍ ഞെളിഞ്ഞിരിക്കുന്ന സര്‍ക്കാര്‍ പരാദങ്ങളും, അള്ളിപ്പിടിച്ചിരിക്കുന്ന സ്വന്തം കസേരയുടെ കാലുകള്‍ക്കു പോലും എന്താണു സംഭവിക്കുന്നതെന്നു നിശ്ചയമില്ലാത്ത ജനസേവകന്മാരുമാണ്,
ഞങ്ങളുടെ കരളിനെ ദ്രവിപ്പിക്കുന്നത്;
കുടലിനെ അഴുക്കുന്നത്;
ഹൃദയത്തെ ഉണക്കിമൊരിക്കുന്നത്.
ഇനിയും Facts ഉണ്ടായിരിക്കാം. അതിനൊന്നും ഇനി ഒരുപക്ഷേ Counter Facts ഉണ്ടായില്ലെന്നും വരാം. അകലെ മലങ്കാടുകളില്‍ തലതല്ലിച്ചാവുന്ന തേങ്ങലുകളായി ഈ പ്രതിവസ്തുതകള്‍ തന്നെ ഒടുങ്ങിപ്പോയേക്കാം. പക്ഷേ നാലുപേര്‍ കാണ്‍കേ, കേള്‍ക്കേ ഞങ്ങളിങ്ങനെ തേങ്ങുകയെങ്കിലും ചെയ്യും!
(കൂട്ടത്തില്‍ പറയട്ടെ, (1) നേരിട്ടല്ലെങ്കിലും, സംശ്ലേഷണരസതന്ത്രവും കോശാര്‍ബ്ബുദഗവേഷണവും എനിക്കു ജോലിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. (2) മനപ്പൂര്‍വ്വം തന്നെ reference link ആയി ഒന്നു കൊടുക്കുന്നില്ലിവിടെ. വേണ്ടവര്‍ക്ക് വേണ്ട സമയത്ത് വേണ്ട ലിങ്കുകള്‍ കൊടുക്കും.)
Visit: http://entegraamam.blogspot.com :oops:
ഈ വരുന്ന ജനവരി 30 ന്‌ വിഷപ്രയോഗത്തോട്‌ വിയോജിപ്പുള്ളവർ ഒരേ (content) ലെറ്റർ മുഖ്യമന്ത്രിയുടെ വിലാസത്തിലേയ്ക്ക്‌ ഇമെയിലായോ തപാലിലൂടെയോ അയക്കുന്നു. ഇതിനെപ്പറ്റിയുള്ള പൂർണ വിവരണം കുറെ Contributors ചേർന്ന്‌ തയ്യാറാക്കുന്നു. സന്ദർശിക്കേണ്ട വിലാസം: http://siyemminuvaayikkuvaan.blogspot.com/

Submitted by Sivan on Sun, 2006-01-22 15:07.

ചന്ദ്രേട്ടാ.. നന്ദി.. ഇതു നമ്മുടെ പൊതുധാരാ മാധ്യമമേഖലയിലുള്ളവരൊന്നും പറയാത്തകാര്യമാണല്ലോ...
അതോ ‘കൃത്യാന്തര ബാഹുല്യം‘ കൊണ്ട് അറിയാതെ പോയതോ....
ഏതാനും ചിലര്‍ ഇങ്ങനെ ഉണര്‍ന്നിരിക്കുന്നതു കൊണ്ടാണ് ഭൂമി ഇപ്പോഴും കറങ്ങുന്നത്..

Submitted by S.Chandrasekhar... on Sun, 2006-01-22 16:34.

പൊതുധാരാ മാധ്യമങ്ങൾക്ക്‌ വേണ്ടത്‌ റോഡോഫോ കഴിച്ച്‌ വർഷങ്ങൾക്കുശേഷം ആശുപത്രി വരാന്തയിൽ വന്ധ്യതാ നിവാരണഗുളികകൾക്കുവേണ്ടി ക്യൂ നിൽക്കുന്ന ജനത്തിന്റെ ഫോട്ടോയും ആന്തരിക രക്തശ്രാവം കാരണം ഗ്രഹനാഥന്റെ മരണത്തിൽ തേങ്ങലടിച്ചു കരയുന്ന കുടുമ്പത്തിന്റെ ഫോട്ടോയും മറ്റുമാണ്‌. ഈ വിപത്തുകളെ തുടക്കത്തിലേ തടഞ്ഞാൽ പ്രശ്നത്തിന്‌ എരിവും പുളിയും ഇല്ലാതായിപ്പോകും. ഞാൻ പല മാധ്യമങ്ങളെയും സമീപിച്ചു. അവരാരും തന്നെ ഈ ഗുരുതരമായ പ്രശ്നത്തിന്‌ പ്രാധാന്യം കൽപിക്കുവാൻ തയ്യാറല്ല. ശിവനെപ്പോലെ ഒറ്റപ്പെട്ട പല ശബ്ദങ്ങളും എന്നോടൊപ്പം ചേർന്നതുതന്നെ നിസ്സാര കാര്യമല്ല. നമ്മുടെ ഇന്റർ നെറ്റ്‌ വിപ്ലവം തുടരാം. ജൈ വരമൊഴി, ജൈ അഞ്ചലി ഓൾഡ്‌ലിപി മുതലായ ജൈ നമുക്കും വിളിക്കാം.