തര്‍ജ്ജനി

തന്മാത്ര

തന്മാത്ര എന്നതിന് അതുമാത്രം എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. നമുക്കീ ജീവിതത്തില്‍ എത്ര സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കിയെടുക്കാന്‍ പറ്റും? അതു കൊണ്ടു ഒരു സ്വപ്നം ആത്മാര്‍ത്ഥമായി, ഹൃദയത്തോടു ചേര്‍ത്തു കൊണ്ടു നടക്കാം. അതു മാത്രം...അതും വിധി ചിലപ്പോല്‍ സമ്മതിച്ചെന്നു വരില്ല.. നാം ഇതുവരെ നേടിയ അനുഭവങ്ങള്‍, വായിച്ച പുസ്തകങ്ങള്‍, കണ്ട സ്വപ്നങ്ങള്‍, അനുഭവിച്ച യാതനകള്‍.. എല്ലാം കടലെടുത്തു പോകുന്നതു പോലെ... ഓര്‍മ്മകളൊന്നും ഇല്ലാത്ത മരുഭൂമിയിലേയ്ക്ക് വലിച്ചറിയപ്പെടുന്നു.. അപ്പോള്‍ എന്തായിരുന്നു ഇതുവരെ ജീവിച്ച ജീവിതത്തിന്റെ അര്‍ത്ഥവും പൊരുളും?
തന്മാത്ര ഒരു വേദനയും ഞെട്ടലും തരുന്നു.. സ്നേഹത്തെക്കുറിച്ചും സ്പര്‍ശത്തെക്കുറിച്ചും നമ്മെ അതു കുറേ പഠിപ്പിക്കുന്നുണ്ട്...ആണുങ്ങള്‍ക്കും അടുക്കളയില്‍ കയറാമെന്ന്, മക്കളെ തൊട്ടും തലോടിയും കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാമെന്ന്...തമാശയ്ക്കു പോലും ആരെയും അപമാനിക്കരുതെന്ന്......
മാത്രവുമല്ല, മോഹന്‍ലാല്‍ ഭൂമിയിലേയ്ക്കിറങ്ങിവന്നിരിക്കുന്നു..

Submitted by Thulasidas on Mon, 2005-12-26 17:39.

തന്മാത്ര ബ്ലെസ്സി കളഞ്ഞു കുളിച്ച അവസരമാണ്‌.പത്‌മരാജന്‍ ചിത്രങ്ങളില്‍ ദൃശ്യ തികവുകളേക്കാള്‍ സാഹിത്യത്തിനായിരുന്നു എന്നും മുന്തൂക്കം. ശിഷ്യനായ ബ്ലെസ്സിയും പത്‌മരാജന്റെ കാല്‍പാടുകല്‍ പിന്തുടരാന്‍ ശൃമിക്കുന്നു. പലപ്പോഴും ബ്ലെസ്സി ഒരു ടെക്സ്റ്റ്‌ ബുക്ക്‌ പഠിപ്പിക്കാന്‍ ശൃമിക്കുന്ന അദ്ധ്യാപകനാകുന്നു (സ്കൂളില്‍ ക്ലാസെടുക്ക രമേശന്‍, നീണ്ട ഷോട്ട്‌).ഇത്രയും പാട്ടുകള്‍ ആാവശ്യമുണ്ടായിരുന്നോ?

നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന കുടുംബ ബന്ദ്ധങ്ങളിലെ ഉഷ്മളത,ഓര്‍മ്മകള്‍ നഷ്ട്ടപെടുന്നവന്റെ ദൈന്യത,അല്‍ഷിമേഴ്സ്‌ എന്ന രോഗത്തെ കുറിച്ചുള്ള അജ്ഞത (എന്റെ അടുത്തിരുന്നയാല്‍ പറഞ്ഞത്‌ ഇതൊക്കെ ആര്‌ വിശ്വസിക്കും എന്ന്‌)നല്ലൊരു സബ്ജെക്ട്‌ അവതരണത്തിലെ,ദൃശ്യവത്‌കരണത്തിലെ തികവില്ലായ്മ മൂലം പ്രേക്ഷകനെ പിടിച്ചു കുലുക്കാന്‍ കഴിയാതെ പോകുന്ന കാഴ.

Submitted by Sivan on Tue, 2005-12-27 23:35.

നമുക്ക് ഏതു സിനിമയെക്കുറിച്ചും ഇതൊക്കെ തന്നെ പറഞ്ഞുകൂടേ?
മലയാള സിനിമയില്‍ ഇപ്പോള്‍ എവിടെയാണ് വിശ്വസനീയത ഉള്ളത്? മാത്രമല്ല കൂടുതലും മനുഷ്യ ബുദ്ധിയെ നോക്കി പല്ലിളിക്കുന്നവ കൂടിയാണ്. അതിനിടയില്‍ ശ്രദ്ധിക്കേണ്ട ചില സംഗതികള്‍ കൊണ്ടു വരാന്‍ ശ്രമിക്കുമ്പോള്‍ ഒന്ന് അടിവരയിടേണ്ടത് നല്ലതാണെന്നു തോന്നി. പാട്ടുകള്‍ നമ്മുടെ സിനിമാഖ്യാന പാരമ്പര്യത്തിന്റെ എടുത്തുകളയാന്‍ വയ്യാത്ത കണ്ണികളാണ്.. അയ്യപ്പപ്പണിക്കര്‍ ആഖ്യാനത്തെ സംബന്ധിച്ച് എഴുതിയ കൂട്ടത്തില്‍ അതു എഴുതി കണ്ടിട്ടുണ്ട്. പ്രക്രിയാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയില്‍ പാരെന്റിന്റെ വക ക്ലാസ്സെടുപ്പ് ഇതിനേക്കാള്‍ നീളാറുള്ളതിനു ഞാന്‍ സാക്ഷി.. എന്നാല്‍ ഇവിടെ മോഹന്‍ ലാല്‍ എന്ന സൂപ്പര്‍സ്റ്റാര്‍ മിടുക്കനാവുകയാണ്... അത് നമ്മുടെ സിനിമയുടെ ഒരു രീതിയാണ്... അതിനെയൊക്കെ റദ്ദു ചെയ്യുന്നു,തുടന്നു വരുന്ന സീനുകള്‍, സംസാരിക്കാത്ത, അടി കൊള്ളുന്ന, അപമാനിതനാവുന്ന മോഹന്‍ലാല്‍(പേരുപയോഗിച്ചത് മനഃപൂര്‍വം). അതൊരു മാറ്റമാണ്. കുടുംബം ചിത്രീകരിച്ചതിലെ കൃത്രിമത്വം...അതു സമ്മതിച്ചു കൊണ്ടു തന്നെ പറയട്ടെ... ഒരു ‘വീട്ടച്ഛനെ’ അവതരിപ്പിക്കുന്ന ബ്ലെസ്സി ഒരു വഴിമാറ്റം തന്നെയായിരിക്കണം ഉദ്ദേശിച്ചത്.. അതു പെട്ടെന്ന് ദഹിക്കില്ല നമുക്ക് (താങ്കളുടെ അയല്‍സീറ്റുകാരന്റെ കമന്റ്) പക്ഷേ മാറ്റങ്ങള്‍ വേണ്ടേ..?ഉദ്ദേശശുദ്ധികള്‍ക്ക് എപ്പോഴും മാപ്പുണ്ട്!

Submitted by peringodan on Wed, 2005-12-28 11:32.
Sivan wrote:
എന്നാല്‍ ഇവിടെ മോഹന്‍ ലാല്‍ എന്ന സൂപ്പര്‍സ്റ്റാര്‍ മിടുക്കനാവുകയാണ്... അത് നമ്മുടെ സിനിമയുടെ ഒരു രീതിയാണ്... അതിനെയൊക്കെ റദ്ദു ചെയ്യുന്നു,തുടന്നു വരുന്ന സീനുകള്‍, സംസാരിക്കാത്ത, അടി കൊള്ളുന്ന, അപമാനിതനാവുന്ന മോഹന്‍ലാല്‍(പേരുപയോഗിച്ചത് മനഃപൂര്‍വം). അതൊരു മാറ്റമാണ്. കുടുംബം ചിത്രീകരിച്ചതിലെ കൃത്രിമത്വം...അതു സമ്മതിച്ചു കൊണ്ടു തന്നെ പറയട്ടെ... ഒരു ‘വീട്ടച്ഛനെ’ അവതരിപ്പിക്കുന്ന ബ്ലെസ്സി ഒരു വഴിമാറ്റം തന്നെയായിരിക്കണം ഉദ്ദേശിച്ചത്.. അതു പെട്ടെന്ന് ദഹിക്കില്ല നമുക്ക് (താങ്കളുടെ അയല്‍സീറ്റുകാരന്റെ കമന്റ്) പക്ഷേ മാറ്റങ്ങള്‍ വേണ്ടേ..?ഉദ്ദേശശുദ്ധികള്‍ക്ക് എപ്പോഴും മാപ്പുണ്ട്!

സ്വവര്‍ഗരതിക്കാരനെന്നു് ആരോപിക്കപ്പെടുന്ന നായകന്‍; അതിന്റെ നിസ്സഹായാവസ്ഥ. ഇത്തരം തനതായ ചില ത്രെഡുകളിലൂടെ കാഴ്ച മലയാളത്തില്‍ വേറിട്ടു നിന്നൊരു സിനിമയായിരുന്നു - അല്ലെങ്കില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സിനിമ. (തന്മാത്രയില്‍) എന്നും അടികൊടുത്തു നടക്കുന്ന നായകന്‍ അടിവാങ്ങിയിരിക്കുന്നതു് കാണിക്കുന്നതിനെ മാറ്റമെന്നു് പറയുവാനാകുമോ? അതൊരു സൂത്രപ്പണിയല്ലേ, തെരുവ്‌ സര്‍ക്കസ്സുകാര്‍ ഞാണിന്മേല്‍ കളിക്കിടയില്‍ താഴെ വീഴുന്നത്‌ അഭിനയിക്കുന്നതുപോലെ.

മോഹന്‍‌ലാല്‍ എന്ന നടനു് (പേരുപയോഗിച്ചതു് മനഃപൂര്‍വം) വരേണ്ടിയിരുന്ന മാറ്റങ്ങള്‍ ഇപ്രകാരമുള്ളതല്ല. തന്മാത്ര ഞാന്‍ കണ്ടിട്ടില്ല, കാണുന്നതു് വരേയ്ക്കും ഈ വിഷയത്തില്‍ കൃത്രിമമായൊരു മൌനം അവലംബിക്കട്ടെ. ഇത്രയും പറഞ്ഞതു് അടികൊള്ളുന്ന മോഹന്‍ലാല്‍ എന്ന ശിവന്റെ പരാമര്‍ശത്തിന്റെ ചുവടു്പിടിച്ചായിരുന്നു.

Submitted by Thulasidas on Wed, 2005-12-28 16:12.

ശിവാ, മാറ്റങ്ങള്‍ ആവശ്യമാണ്‌.അങ്ങനെയുള്ള ഒരു കഥ പറയാന്‍ തുനിഞ്ഞ ബ്ലെസ്സി അഭിനന്ദനവും അര്‍ഹിക്കുന്നു.പക്ഷെ അതു പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന തലത്തിലേക്ക്‌ ഉയര്‍ന്നിട്ടുണ്ടോ എന്നതില്‍ എനിക്ക്‌ സംശയമുണ്ട്‌. കാഴ്ച്ച, സിനിമ കണ്ടിറങ്ങുന്നവന്റെ മനസ്സില്‍ ഒരു ഭൂകമ്പം സൃഷ്ട്ടിച്ചിരുന്നു.അതുകൊണ്ട്‌ തന്മാത്രയിലെത്തുമ്പോള്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. തന്മാത്ര ഭയങ്കര സിനിമയാണെന്ന്‌, മോഹന്‍ ലാലിന്റെ അപാരമായ അഭിനയമാണ്‌ എന്നൊക്കെ മാധ്യമങ്ങളില്‍ കണ്ടപ്പോത്രയും ഉണ്ടോ എന്നെനിക്കു തോന്നി. തന്മാത്ര കണ്ടു വീട്ടിലെത്തിയപ്പോള്‍ ടീ വി യില്‍ 'സന്മനസ്സുള്ളവര്‍ക്കു സമാധാനം'. മോഹന്‍ലാല്‍ എന്ന നടന്റെ പ്രത്യേകത ആയിരുന്ന ഫ്ലെക്സിബിലിറ്റി ലാലിനു നഷ്ട്ടപെട്ടിരിക്കുന്നു എന്ന തോന്നലുളവാക്കുന്നു അടുത്ത കാലത്തായി ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ കാണുമ്പോള്‍. തന്മാത്രയിലെ രമേശനായി മാറുമ്പോള്‍ തന്റെ അഭിനയത്തെ കുറിച്ച്‌ ലാല്‍ ഓവര്‍ കോണ്‍ഷ്യസ്‌ ആകുന്നു എന്ന തോന്നലുളവാക്കുന്നിലേ?

പെരിങ്ങോടരേ,കാഴയ്ക്ക്‌ സ്വവര്‍ഗ്ഗ രതിയുടെ പരാമര്‍ശമുണ്ടായിരുന്നോ?

Submitted by jay on Thu, 2005-12-29 01:27.

'സന്മനസ്സ്‌...'പോലെയുള്ളൊരു റോളില്‍ ഇനി ലാല്‍ അഭിനയിച്ചാല്‍ അതു അപഹാസ്യമായിപ്പോകില്ലേ? പയ്യന്‍ പ്രായത്തില്‍ കാട്ടികുട്ടുന്ന തമാശകള്‍ ആ നടന്റെ പരിധികള്‍ക്കപ്പുറമായിപ്പോയതോടെയായിരിക്കും മസിലുപിടിച്ചു നിലയുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതു.പിന്നെയതൊരു ബാദ്ധ്യതയായി മാറുകയും ചെയ്തു. എങ്കിലും ടിവി യില്‍ കണ്ട 'തന്മാത്ര'യിലെ രംഗങ്ങള്‍ ആശ്വസിപ്പിച്ചതു മോഹന്‍ലാല്‍ അഭിനയം മറന്നിട്ടില്ല എന്നുതന്നെയാണു.

Submitted by Sivan on Thu, 2005-12-29 17:21.

പെരിംങ്സ്..
കാഴ്ച ഇങ്ങനെയൊന്നുമല്ലല്ലോ.. താങ്കള്‍ മറ്റേതോ സിനിമയെക്കുറിച്ചാണു പറയുന്നത്.. (അതോ എനിക്കു തെറ്റിയോ?)
എഴുപത് എണ്‍പതു കാലഘട്ടത്തിലുണ്ടായ നല്ല സിനിമാ സങ്കല്‍പ്പമാണ്... സൂപ്പര്‍താരങ്ങള്‍ വന്നതോടെ നഷ്ടമായത്.. നസീര്‍, ജയന്‍ സിനിമകളുടെ അതേ ഫോര്‍മുലയിലേയ്ക്ക് മലയാള സിനിമയും പോകുന്ന കാഴ്ചയാണ് 90കളുടെ അവസാനം മുതല്‍ നമ്മള്‍ കണ്ടു വരുന്നത്.. ചില സ്ഥിരം പാറ്റേണുകള്‍..സിനിമാമണ്ഡലം മുഴുവന്‍ താരത്തിനു ചുറ്റും കറങ്ങാന്‍ തുടങ്ങുന്നതോടെ സംവിധായര്‍ക്കും തിരക്കഥാകൃത്തുകള്‍ക്കും പണി താരങ്ങള്‍ക്കു വേണ്ടിയുള്ള സിനിമയുണ്ടാക്കുക എന്നതാവും.. തമിഴിലും തെലുങ്കിലും ഉണ്ടായിരുന്ന ഈ പതിവു മലയാളത്തിലേയ്ക്കു വരുന്ന കാഴ്ചയാണ് നാളിതു വരെ നാം കണ്ടു കൊണ്ടിരുന്നത്...അതു കൊണ്ട് ഒരു സൂപ്പര്‍സ്റ്റാര്‍ അടിവാങ്ങുന്നതായി ചിത്രീകരിക്കുന്നത്.. സിനിമയുടെ ഹൈരാര്‍ക്കി അറിയുന്നവര്‍ക്കറിയാം, നിസ്സാര കാര്യമല്ല..
(ഹോളിവുഡിലെത്തിയ ബ്രൂസ്‌ലി അടികൊണ്ട് ഒരിക്കലും താഴെ വീഴാറില്ലായിരുന്നു..പതിവ് നമുക്കു മാത്രമല്ല എന്നര്‍ത്ഥം) തന്മാത്രയിലെ മാറ്റം അതു മാത്രമാണെന്നു ഞാന്‍ പറഞ്ഞില്ല. അതും കൂടി എന്നേ പറഞ്ഞുള്ളൂ...
തുളസീ.. കാഴ്ച അന്ന് വിമര്‍ശിക്കപ്പെട്ടിരുന്നു. ഗുജറാത്ത് കലാപം വരേണ്ടിയിരുന്ന സ്ഥലത്ത് ഭൂകമ്പം കൊണ്ട് രാജിയാവുകയായിരുന്നു ബ്ലെസ്സി എന്നു അതുകൊണ്ട് അയാള്‍ അരാഷ്ട്രീയവാദിയാണെന്നും മറ്റും...ഒരു ചെറിയ പെണ്‍കുട്ടിയെകൊണ്ട് മഴനൃത്തം നടത്തിച്ചതിന്റെ പേരില്‍ വേറെയും വിമര്‍ശനം...
മനസിനെസ്പര്‍ശിക്കുക എന്നൊക്കെയുള്ളത് ആപേക്ഷികമാണ്...പല സീരിയലുകളും നമ്മെ സ്പര്‍ശിക്കാറില്ല, പക്ഷേ അവയുടെ വ്യൂവര്‍ഷിപ്പ് കൂടുതലുമാണ്. എന്നെ സ്പര്‍ശിച്ചു എന്നു തോന്നുന്ന സിനിമയെക്കുറിച്ച് ചിലയാളുകള്‍ തിരിച്ചു പറയുന്നതും കേട്ടിട്ടുണ്ട്.. അതു കൊണ്ട് വ്യക്തിപരമായ അനുഭൂതി വച്ച് സിനിമയെയോ പുസ്തകത്തെയോ വിലയിരുത്താനാവില്ല. പ്രത്യേകിച്ചും ഒരു സംവാദത്തില്‍.
ലാലിന്റെ അഭിനയത്തെപ്പറ്റി...വൈവിധ്യങ്ങളില്ലാത്ത ഒരു രീതി മാത്രമേ ഇത്തരം ഒരു കഥയില്‍ പറ്റൂ എന്നുള്ളത്, ഒരു പോരായ്കയാണ് ഒരു നടന്. ഓര്‍മ്മ നഷ്ടമായ ഒരു അല്‍ഷിമേഴ്സ് രോഗിയിലേയ്ക്ക് ലാലിന്റെ പരകായ പ്രവേശം എത്രത്തോളം ഉയര്‍ന്നിട്ടുണ്ടെന്നു മാത്രമേ നമുക്ക് പരിശോധിക്കാനാവൂ..നാവിന്റെ ചുഴറ്റല്‍, ചില ഫ്രെയിമുകളില്‍ കണ്ണില്‍ അദ്ദേഹം സൃഷ്ടിക്കുന്ന ശൂന്യത...(കണ്ണിന്റെ സാദ്ധ്യത മലയാളത്തില്‍ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ളതു ലാലാണെന്നോര്‍ക്കുക) പ്രായം ഒരു പക്ഷേ ലാലിന്റെ ശാരീരികമായ ചലനക്ഷമതയെ സ്വാഭാവികമായും ബാധിച്ചു കാണണം. പക്ഷവാതം വന്നതിനു ശേഷമാണ് മര്‍ലിന്‍ ബ്രാന്ഡോ ‘ഗോഡ്‌ഫാദറില്‍’ അഭിനയിക്കുന്നത്.. ഒരു ടെക്സ്റ്റുബുക്കാണ് ഇപ്പോഴും അതില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്ന സീനുകള്‍....

PS: പെരിംഗ്‌സ്... താങ്കളുടെ കീ ബോര്‍ഡ് ഉപയോഗിച്ചാണ് ഇത്ര മനോഹരമായി ടൈപ്പു ചെയ്യുന്നത് .. അതിനു പ്രത്യേക നന്ദി...

Submitted by jay on Thu, 2005-12-29 21:20.

സൂപ്പര്‍താരങ്ങള്‍ക്കു ആണത്തം ഉറപ്പിക്കാന്‍ നായികയെ 'അടിച്ചൊതുക്കു'ന്ന ശീലവും മലയാളസിനിമയില്‍ തുടങ്ങിയതു 80 കളിലായിരുന്നുവൊ?

Sivan wrote:
അതു കൊണ്ട് ഒരു സൂപ്പര്‍സ്റ്റാര്‍ അടിവാങ്ങുന്നതായി ചിത്രീകരിക്കുന്നത്.. സിനിമയുടെ ഹൈരാര്‍ക്കി അറിയുന്നവര്‍ക്കറിയാം, നിസ്സാര കാര്യമല്ല..
(ഹോളിവുഡിലെത്തിയ ബ്രൂസ്‌ലി അടികൊണ്ട് ഒരിക്കലും താഴെ വീഴാറില്ലായിരുന്നു..പതിവ് നമുക്കു മാത്രമല്ല എന്നര്‍ത്ഥം)
Submitted by Sivan on Thu, 2005-12-29 23:20.

അതും ഇതുമായി എന്തു ബന്ധം? വീടുകളില്‍ ആ പരിപാടി നിലനില്‍ക്കുന്നിടത്തോളം സിനിമകളിലും അതു കാണും..
ആ മാതിരി സിനിമകളില്‍..കാണികളില്‍ ഭൂരിപക്ഷം ഇന്നും ആണുങ്ങളാണ്... ചെറിയ വ്യതിയാനങ്ങള്‍ തെളിയുന്നുണ്ട്.. അച്ചുവിന്റെ അമ്മയിലും മറ്റും.... പക്ഷേ ആളുകളുടെ വിശ്വാസം പണ്ടത്തെ സിനിമകളില്‍ നായികമാര്‍ക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ടായിരുന്നെന്നാണ്...കൂടുതല്‍ സമയം അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നിരിക്കാം. പക്ഷേ അന്നും സിനിമയെ ഭരിച്ചിരുന്നത് പുരുഷാധീശ പ്രത്യയശാസ്ത്രം തന്നെയായിരുന്നു...തിരിച്ചറിയപ്പെട്ടില്ലായിരുന്നു എന്നു മാത്രം!

Submitted by jay on Fri, 2005-12-30 22:51.

'തന്മാത്ര'യില്‍ തുടങ്ങി സൂപ്പര്‍താരാധിപത്യത്തിലേക്കെത്തിയപ്പോള്‍,ഈ ബന്ധവും ചൂണ്ടികാണിക്കാതെവയ്യ.പഴയ സിനിമകളില്‍ സ്ത്രീക്ക്‌ കുറച്ചുകൂടീ അന്തസ്സനുവദിച്ചിരുന്നു.'രാവണപ്രഭു'വില്‍ അവസാനം ലാല്‍ നായികയെ ജീവിതത്തിലേക്കു ക്ഷണിക്കുന്ന ഡയലോഗ്‌ ഓര്‍ക്കുക.

Sivan wrote:
അതും ഇതുമായി എന്തു ബന്ധം?!
Submitted by peringodan on Sat, 2005-12-31 11:40.

ശിവന്‍, തുളസി,

കാഴ്ചയില്‍ അങ്ങിനെയൊരു രംഗം ചിത്രീകരിച്ചിട്ടുണ്ടെന്നല്ല ഞാന്‍ ഉദ്ദേശിച്ചതു്. നായകന്റെ മേല്‍ അങ്ങിനെയൊരു ആരോപണം ഒരു പോലീസ് ഓഫീസര്‍ ഉന്നയിക്കുന്നുണ്ടു് ആ ചിത്രത്തില്‍. അതും ഒരു ബാലനോടൊപ്പം. ലൈംഗികപീഢനത്തിനു് പത്തുനൂറായിരം തലങ്ങളുള്ള കേരളത്തില്‍ ഈ സംഭവം ഏത് വാക്കുപയോഗിച്ചു് വിവരിക്കും എന്ന സംശയത്തിലായിരുന്നു ഞാന്‍ എന്നു മാത്രം.

അടിച്ചൊതുക്കലിനു് സ്ത്രീ-പുരുഷ വിവേചനം വേണോ? വില്ലന്മാര്‍ ഞങ്ങളെ നായകന്മാര്‍ അടിച്ചൊതുക്കുന്നേ എന്നു് പറഞ്ഞുവന്നാല്‍ എന്തു ചെയ്യും? ശിവന്‍ പറഞ്ഞതു് പോലെ നായികമാരെ അടിച്ചൊതുക്കല്‍ “കള്ളുകുടിച്ചാല്‍ സ്നേഹപുരസരം ഭാര്യയെ തൊഴിക്കുന്ന” നാടന്‍ നായകന്മാരില്‍ നിന്നു് സിനിമാക്കാര്‍ ചൂണ്ടിയതാകും.

Submitted by jay on Sat, 2005-12-31 20:22.

ജനപ്രിയ സിനിമ പോലെയൊരു മാധ്യമം സമൂഹമനസ്സിലേക്കു എയ്തുവിടുന്ന സന്ദേശങ്ങള്‍ അങ്ങിനെ അവഗണിക്കനാവില്ല.
നായകന്‍ വില്ലനെ അടിച്ചൊതുക്കുന്ന ശീലം പോലെ ഇതത്ര ലളിതമല്ല. ഗാര്‍ഹിക പീഠനത്തിനു ഒന്നാംസ്ഥാനമാണിന്നു കേരളത്തിനു. കേരളം സന്ദര്‍ശിച്ചു മടങ്ങുന്ന സ്ത്രീകള്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്‌ മറ്റൊരിടത്തും ഇത്രയും ഞെരബുരോഗികളെ അവര്‍ക്കു നേരിടേണ്ടി വന്നിട്ടില്ലെന്നു. നായകന്റെ പെരുമാറ്റരിതികള്‍ക്കു ഇവിടെയൊക്കെയാണു പ്രസക്തി കൈവരുന്നത്‌

peringodan wrote:
അടിച്ചൊതുക്കലിനു് സ്ത്രീ-പുരുഷ വിവേചനം വേണോ? വില്ലന്മാര്‍ ഞങ്ങളെ നായകന്മാര്‍ അടിച്ചൊതുക്കുന്നേ എന്നു് പറഞ്ഞുവന്നാല്‍ എന്തു ചെയ്യും? ശിവന്‍ പറഞ്ഞതു് പോലെ നായികമാരെ അടിച്ചൊതുക്കല്‍ “കള്ളുകുടിച്ചാല്‍ സ്നേഹപുരസരം ഭാര്യയെ തൊഴിക്കുന്ന” നാടന്‍ നായകന്മാരില്‍ നിന്നു് സിനിമാക്കാര്‍ ചൂണ്ടിയതാകും.