തര്‍ജ്ജനി

മുഖമൊഴി

വിദേശസര്‍വ്വകലാശാലകളെ ആര്‍ക്കാണു് ഭയം?

വിദേശമാദ്ധ്യമസ്ഥാപനങ്ങള്‍ ഇന്ത്യയില്‍ കടന്നുവരുന്ന ഘട്ടത്തില്‍ കേരളത്തില്‍ നടന്ന ഒരു സെമിനാറില്‍ കാട്ടുമാടം നാരായണന്‍ നടത്തിയ ഒരു നിരീക്ഷണമുണ്ടു്. നമ്മുടെ മാദ്ധ്യമമുതലാളിമാര്‍ വിദേശമാദ്ധ്യമങ്ങളുടെ കടന്നുവരവിനെ വൈകാരികമായി എതിര്‍ക്കുകയും പലതരം ന്യായങ്ങള്‍ പറയുകയും ചെയ്തുകൊണ്ടിരുന്ന കാലം. സ്വാതന്ത്ര്യം, പരമാധികാരം, മൂല്യങ്ങള്‍ എന്നിങ്ങനെ പലതും അപകടപ്പെടുമെന്നായിരുന്നു വാദങ്ങള്‍. ഒടുവില്‍ കാട്ടുമാടത്തിന്റെ അവസരം വന്നെത്തി. വിദേശമാദ്ധ്യമങ്ങളുടെ കടന്നുവരവിനെ നല്ല കാര്യമായാണു് താന്‍ കാണുന്നതെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നുമുള്ള ആമുഖത്തോടെയാണു് അദ്ദേഹം സംസാരിച്ചുതുടങ്ങിയതു്. തന്റെ നിലപാടിനെ അദ്ദേഹം ഉദാഹരണത്തിലൂടെ വ്യക്തമാക്കുകയും ചെയ്തു. ഇവിടെ സംസാരിച്ച വീരേന്ദ്രകുമാറിന്റെ പ്രസംഗം അഞ്ചുകോളത്തില്‍ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യും. അതു പോലെ മറ്റു് പത്രസ്ഥാപനങ്ങളുടെ നടത്തിപ്പുകാരുടേയും പ്രസംഗങ്ങളില്‍ ഊന്നി അവരവരുടെ പത്രങ്ങള്‍ റിപ്പോര്‍ട്ടെഴുതും. അതിന്റെയെല്ലാം ഒടുവില്‍ കുറേ പേരുകള്‍ നിരത്തി ഇവരെല്ലാം സംസാരിച്ചുവെന്നു് റിപ്പോര്‍ട്ട് സമാപിപ്പിക്കും. എടുത്തു പറയേണ്ട കാര്യം പറഞ്ഞവരുടെ പ്രസംഗം വിശദമായും മറ്റെന്തോ വിവരക്കേടുകള്‍ പറഞ്ഞവരെ പേരു് പമാമര്‍ശിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാകും നിഷ്കളങ്കരായ വായനക്കാര്‍ ധരിക്കുക. വിദേശമാദ്ധ്യമമാണു് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണെങ്കില്‍, അതിന്റെ നടത്തിപ്പുകാരന്റെ താല്പര്യം നോക്കാനില്ല, ആരാണ് എടുത്തു പറയേണ്ടതു് പറഞ്ഞതു്, അതു് റിപ്പോര്‍ട്ട് ചെയ്യും. മുതലാളിയുടെ വാക്ക് ഏറ്റുപറയുന്നതില്‍ നിന്നും വ്യത്യസ്തമായി പറയേണ്ട കാര്യം പറയും. അതുകൊണ്ടു് എനിക്കും എന്നെപ്പോലെയുള്ളവര്‍ക്കും ഒരു ദോഷവും വരാനില്ല. അതിനാല്‍ വിദേശമാദ്ധ്യമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന കാട്ടുമാടത്തിന്റെ പ്രസംഗം പൊതുവില്‍ എല്ലാവരേയും അന്ധാളിപ്പിച്ചു. യുക്തിബോധത്തിന്റെ നിശിതത്വം പ്രകടമാക്കുന്ന കാട്ടുമാടത്തിന്റെ വാക്കുകളെ അവഗണിക്കാനാവുമായിരുന്നില്ല. അതിലെ പരിഹാസം അത്രമേല്‍ രൂക്ഷമായിരുന്നു. ഹിസ് മാസ്റ്റേഴ്‌സ് വോയിസ് ആയി സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഉദരംഭരി ബുദ്ധിജീവികള്‍ക്കിടയില്‍ ഇങ്ങനെ സംസാരിക്കാന്‍ സാധിക്കണമെങ്കില്‍ വ്യക്തിപരമായ ലഭ്യത്തില്‍ മോഹമില്ലാത്തവനായിരിക്കണം. കാട്ടുമാടത്തെപ്പോലെ ഒരു പാടുപേര്‍ ഒരു കാലത്തും നമ്മുക്കുണ്ടായിരുന്നില്ല. നിലയവിദ്വാന്മാരുടെ വൃന്ദവാദ്യം കേട്ടു തഴമ്പിച്ച നമ്മുടെ കാതുകള്‍ക്കു് വേറിട്ട സ്വരങ്ങള്‍ അലോസരമായേ അനുഭവപ്പെട്ടിരുന്നുള്ളൂ. വിദേശസര്‍വ്വകലാശാലകള്‍ കടന്നുവരുന്നതിനെക്കുറിച്ചു് പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയും വിമര്‍ശനങ്ങളും നിലയവിദ്വാന്മാരുടെ വൃന്ദവാദ്യമായി ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ അതിന്റെ വിവക്ഷകള്‍ പരിശോധിക്കേണ്ടതുണ്ടെന്നു് അതിനാല്‍ ഞങ്ങള്‍ കരുതുന്നു.

വിദ്യാഭ്യാസരംഗത്തെക്കുറിച്ചുള്ള മലയാളിയുടെ ബോധം ആരോഗ്യകരമല്ല എന്നത് സംശയരഹിതമായ കാര്യമാണ്. പഠിക്കുന്നെങ്കില്‍ മെഡിസിന്‍, അല്ലെങ്കില്‍ എഞ്ചിനിയറിംഗ് വേണം പഠിക്കാന്‍ എന്ന് സ്വയം ധരിക്കുകയും കൂട്ടികളെ അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍. ഇടക്കാലത്ത് അതില്‍ ഐടിക്കും സ്ഥാനമുണ്ടായിരുന്നു. എളുപ്പത്തില്‍ പണമുണ്ടാക്കാം എന്നതല്ലാതെ ഈ പഠനത്തിന് വേറെ മൂല്യമൊന്നും കാണാത്ത ഇടത്തരക്കാരന്റെ വിദ്യാഭ്യാസചിന്തയാണ് ഇവിടെ വേരുറച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നയരൂപീകരണമാവട്ടെ സര്‍വ്വകലാശാലകളിലേയും വിദ്യാഭ്യാസവകുപ്പിലേയും ജീവനക്കാരുടെ താല്പര്യം നോക്കിവേണം എന്ന തമാശയും ഇതോടൊപ്പമുണ്ടു്. പ്രീഡിഗ്രിബോര്‍ഡ് സമരം എന്ന ഐതിഹാസികസമരം സര്‍വ്വകലാശാലാജീവനക്കാരുടെ താല്പര്യം സംരക്ഷിക്കപ്പെടാനുള്ള പോരാട്ടമായിരുന്നു. രാഷ്ട്രീയപാര്‍ട്ടികളും വിദ്യാര്‍ത്ഥിസംഘടനകളും കേരളത്തിലെ ജനതയെ മറന്നു് സര്‍വ്വകലാശാലാജീവനക്കാരൊടൊപ്പം പൊരുതി. എന്താണ് ആ സമരത്തിന്റെ ബാക്കിപത്രം എന്നു് അന്വേഷിച്ചുപറയാന്‍ ഇന്ന് അവരാരെങ്കിലും തയ്യാറാവുമോ എന്ന് കണ്ടറിയണം. വിദ്യാഭ്യാസകാര്യങ്ങളില്‍ ക്ഷുദ്രപരിഗണനകള്‍ ഒളിച്ചുകടത്തി ബലതന്ത്രം രൂപപ്പെടുത്തുന്നതിന്റെ പ്രശ്‌നങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്നത്. സര്‍വ്വകലാശാലകളുടെ കാര്യത്തില്‍ അടുത്തകാലത്ത് ഉണ്ടായ ഒരു കാര്യം, അതിന്റെ തലപ്പത്ത് സര്‍വ്വീസ് സംഘടനാ നേതാക്കളെ അവരോധിക്കുക എന്നതാണ്. കേരളത്തിലെ സര്‍വ്വകലാശാലകളുടെ വൈസ്ചാന്‍സലര്‍മാരായും പ്രോവൈസ്ചാന്‍സലര്‍മാരായും മറ്റും ഈയിടെ നിയമിക്കപ്പെട്ടവരെല്ലാം ഇങ്ങനെ സേവന-വേതന-അവകാശസംഘടനാനേതാക്കളാണ്. ഇവരില്‍ ഒരൊറ്റയാള്‍ പോലും അക്കാദമികമായ മികവിന്റെ പേരില്‍ അറിയപ്പെട്ടവരല്ല. അവരുടെ യോഗ്യതയെന്തെന്ന് ആരും അന്വേഷിക്കുകയും ചെയ്തില്ല. സര്‍വ്വകലാശാലകളെ പാര്‍ട്ടിയാപ്പീസിന്റെ അനുബന്ധസ്ഥാപനമാക്കാനുള്ള ഈ ശ്രമം മെഡിസിന്‍-എഞ്ചിനിയറിംഗ് ബാധയ്ക്കിടയില്‍ മലയാളികള്‍ അവഗണിക്കുക തന്നെ ചെയ്തു. അവരെന്തെങ്കിലും ചെയ്യട്ടെ, നമ്മുക്ക് നമ്മുടെ കാര്യം നോക്കാം എന്ന കാഴ്ചപ്പാടാണ് ഈ അവഗണനയുടെ ഹേതു.

കേരളത്തില്‍ ഇന്ന് പുതിയ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കപ്പെടുകയാണ്. മെഡിക്കല്‍ സര്‍വ്വകലാശാലയാണ് പുതുതായി ഉയര്‍ന്നു വരുന്നത്. മലയാളത്തിന് സര്‍വ്വകലാശാല വേണം എന്ന മുറവിളി ലോകക്ലാസ്സിക്കല്‍ തമിഴ് സമ്മേളനത്തിന്റെ സമയത്തും നാം കേട്ടു. കൃഷിക്ക് സര്‍വ്വകലാശാലയുണ്ടെങ്കിലും കൃഷി ഇവിടെ അവസാനിക്കുകയാണ്. പാടങ്ങളെല്ലാം നികത്തി റിയല്‍ എസ്റ്റേറ്റുകള്‍ക്ക് വഴിയൊരുക്കുകയാണ്. കൃഷി സര്‍വ്വകലാശാലയാവട്ടെ പാര്‍ട്ടി ചേരിപ്പോരിന്റെ പുതിയ കൃഷിരീതികളില്‍ ഗവേഷണം നടത്തുകയും ചെയ്യുന്നു. സംസ്കൃതസര്‍വ്വകലാശാലയാവട്ടെ, സംസ്കൃതം ഒഴികെ എന്തുവേണമെങ്കിലും ആകാമെന്ന രീതിയില്‍ പുരോഗമിക്കുന്നു. പുതുതായി ചുമതലയേറ്റ വൈസ്ചാന്‍സലറെ സമരത്തിലൂടെ സ്വാഗതം ചെയ്ത് സര്‍വ്വകലകളിലും മികച്ച പുത്തന്‍കല കണ്ടെത്തിയ കേമത്തവും അവര്‍ക്ക് അവകാശപ്പെട്ടതാണ്. മഹാത്മാഗാന്ധിയുടെ പേരിലും, കേരളത്തിന്റെ പേരിലും കാലിക്കറ്റിന്റെ പേരിലും കണ്ണൂരിന്റെ പേരിലും സ്ഥാപിക്കപ്പെട്ട സര്‍വ്വകലാശാലകള്‍ പേരിലെന്തിരിക്കുന്നുവെന്ന ആ പഴയ ചോദ്യത്തെ അനുനിമിഷം അന്വര്‍ത്ഥമാക്കുന്നു. സഹനം കഴിഞ്ഞ് നിര്‍വ്വികല്പസമാധിയിലെത്തിയ സമൂഹം ദിനംപ്രതി പത്രവാര്‍ത്തകളായി വന്നെത്തുന്ന സര്‍വ്വകലാശാലാവിശേഷങ്ങളോട് ഉദാരത പുലര്‍ത്തുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ മലയാളത്തിന്റെ പേരില്‍ ഒരു സര്‍വ്വകലാശാലയുണ്ടായാല്‍ അതുകൊണ്ട് ഭാഷയ്ക്കും സമൂഹത്തിനും എന്ത് ഗുണം ഉണ്ടാകും എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. അത് മറ്റൊരു പാര്‍ട്ടിയാപ്പീസാവുകയല്ലാതെ വേറെന്ത് വിശേഷമാണുണ്ടാവുക?

സര്‍വ്വകലാശാല എന്ന മഹനീയമായ സങ്കല്പം മറ്റെല്ലാ സങ്കല്പങ്ങളേയും പോലെ നിരര്‍ത്ഥകമാക്കപ്പെട്ട ഒരു സമൂഹത്തിലാണ് വൈദേശികസര്‍വ്വകലാശാലകളുടെ കടന്നുവരവിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടുകയും ആശങ്കകള്‍ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നത്. ആരുടെ പേരിലായാലും ഏത് വിഷയത്തിന്റെ പേരിലായാലും സ്ഥാപിക്കപ്പെട്ട എല്ലാ സര്‍വ്വകലാശാലകളും ക്ഷുദ്രരാഷ്ട്രീയത്തിന്റെ കൂത്തരങ്ങാക്കി മാറ്റിയ ഒരു സമൂഹം, അത്തരം സര്‍വ്വകലാശാലകള്‍ ഇനിയും വേണം എന്ന് ആവശ്യമുന്നയിക്കുകയും ചെയ്യുന്ന സമൂഹം, എന്തുകൊണ്ടായിരിക്കാം വിദേശസര്‍വ്വകലാശാലകളുടെ കടന്നു വരവിനെ എതിര്‍ക്കുന്നതു്? വിദ്യാഭ്യാസരംഗത്ത് മൂല്യച്യുതി സംഭവിക്കും എന്ന ആശങ്കയിലാണ് ഈ വിമര്‍ശനവും എതിര്‍പ്പും എന്ന് നമ്മുടെ നാട്ടിലെ ശുദ്ധരില്‍ ശുദ്ധന്‍ പോലും പറയാനിടയില്ല. വിദേശിയുടെ കളിക്കളത്തില്‍ ഇറക്കിക്കളിക്കാനുള്ള ചീട്ട് കൈവശമില്ല എന്നതു തന്നെ കാരണം. വിദേശിക്ക് നമ്മുടെ നാട്ടിലെ നൂറാംകിട ക്ഷുദ്രരാഷ്ട്രീയത്തില്‍ ഒരു താല്പര്യവും ഉണ്ടാവില്ല. മുതല്‍മുടക്കി കച്ചവടം നടത്തുവാനുള്ള താല്പര്യത്തില്‍ ലോകമെങ്ങും വ്യാപിപ്പിക്കുന്ന വിദ്യാലയശൃംഖല സ്ഥാപിക്കുന്നവന്‍ നമ്മുടെ നാട്ടിലെ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിനെക്കാള്‍ വളരെ വളരെ വലിയ പുള്ളിയാണ്. വിദ്യാഭ്യാസത്തിന്റെ നയരൂപീകരണം കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ താല്പര്യങ്ങള്‍ പരിഗണിക്കാനാവാതെ ചെയ്യാനാവാത്ത നമ്മുടെ രാഷ്ട്രീയകേസരികള്‍ ധ്വരയുടെ മുമ്പില്‍ ഓച്ചാനിച്ചു തന്നെ നില്ക്കേണ്ടിവരും. മുതല്‍മുടക്കു് കോളേജുകളായ സ്വാശ്രയകോളേജിന്റെ മുമ്പില്‍ നിരാശ്രയരായിപ്പോയ വിപ്ലവകാരികള്‍ക്ക് ധ്വരയുടെ മുന്നില്‍ അതിലും ദാരുണമായ വേഷം കെട്ടേണ്ടിവരും. ഒരു സംശയവുമില്ല. ഇപ്പോള്‍ തന്നെ സ്വന്തം കാര്യം നോക്കിപ്പോകുന്ന മലയാളികളെ സമരത്തിന് കിട്ടാത്ത അവസ്ഥയുണ്ട്. നാളെ ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കാവുന്നവനെയല്ലാതെ ആരെയും വരുതിയില്‍ നിര്‍ത്താനാവാത്ത അവസ്ഥ വരും. അതിനിടയില്‍ വിദേശികള്‍ കൂടി കടന്നുവന്നാല്‍ ആര്‍ക്കാണ് വിഷമം ഉണ്ടാവുക? എന്തു തന്നെയായാലും ഈ നാട്ടിലെ സാധാരണക്കാരനല്ല. അവന്റെ മുമ്പില്‍ വിദ്യഭ്യാസത്തിനുള്ള പുതിയ അവസരങ്ങള്‍ തുറന്നുകിട്ടുമ്പോള്‍, ആ വഴിയിലൂടെ അവര്‍ സ്വാശ്രയത്വം കൈവരിക്കുമ്പോള്‍ അവരെ മൂലധനമാക്കി പ്രവര്‍ത്തിച്ചവര്‍ വിഷമത്തിലാകും എന്നു മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോയി നോക്കേണ്ടതില്ല.

നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥ ജ്ഞാനത്തെ സംബന്ധിച്ച വൈദേശികസങ്കല്പങ്ങളില്‍ പടുത്തുയര്‍ത്തിയതാണ് എന്ന വസ്തുതകൂടി ഇതുമായി ചേര്‍ത്തുവെച്ച് കാണണം. 1857ല്‍ മൂന്ന് പ്രസിഡന്‍സി കോളേജുകള്‍ സ്ഥാപിച്ചുകൊണ്ട് കൊളോണിയല്‍ അധികാരികള്‍ പടുത്ത അടിത്തറയിലാണ് ഇന്ത്യന്‍ സര്‍വ്വകലാശാലാവ്യവസ്ഥ വികസിപ്പിച്ചെടുത്തതു്. പാശ്ചാത്യജ്ഞാനം ആധുനികവും ശാസ്ത്രീയവുമാണെന്ന മുന്‍വിധിയിലാണ് നമ്മുടെ വിദ്യയും അഭ്യാസവും. അതിനാല്‍ പരമ്പരാഗതജ്ഞാനം പോലും പാശ്ചാത്യരീതിശാസ്ത്രത്തിനു് വിധേയമായേ നമ്മുടെ പാഠ്യപദ്ധതിക്കകത്തു് ഇടം കണ്ടെത്തുകയുള്ളൂ. അങ്ങനെ സ്ഥാനപ്പെടുത്താനാവാത്ത സമസ്തജ്ഞാനവും അന്ധവിശ്വാസമായി, പ്രാകൃതചിന്തയായി നാം വര്‍ഗ്ഗീകരിച്ചു മാറ്റുന്നു. ജ്ഞാനം വൈദേശികമാണെങ്കില്‍ അതിന്റെ യഥാര്‍ത്ഥ അധികാരികളില്‍ നിന്നും കൈക്കൊള്ളുന്നതല്ലേ നല്ലത്. അതിന്റെ പ്രാദേശിക -ചില്ലറവില്പനക്കാരനെ ആശ്രയിച്ചു വേണം കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ എന്നു വാദിക്കുന്നതില്‍ എന്തു് ന്യായമാണുള്ളത്. ഇന്നും ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ വിദേശത്തുപോയി പഠിച്ചവനു് നാട്ടിലെ മിടുക്കന്മാരേക്കാള്‍ പരിഗണനകിട്ടും. അല്ലെങ്കില്‍ പാര്‍ട്ടിയാപ്പീസിന്റെ ശുപാര്‍ശയുള്ളവനായിരിക്കണം, പരിഗണന കിട്ടാന്‍. പാശ്ചാത്യജ്ഞാനത്തിന്റെ അധികാരികളും രാഷ്ട്രീയയജമാനന്മാരും തമ്മിലുള്ള ഒരു മത്സരത്തിന്റെ പ്രശ്നമായി വിദേശസര്‍വ്വകലാശാലകളോടുള്ള എതിര്‍പ്പ് തിരിച്ചറിയപ്പെടേണ്ടതാണ്.

വിദേശസര്‍വ്വകലാശാലകള്‍ വന്നാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു് പറയുന്ന കൂട്ടത്തില്‍ നമ്മുടെ ആസ്ഥാനവിദ്യാഭ്യാസചിന്തകരിലൊരാള്‍ പതിവു നിലവാരത്തില്‍ ചിലകാര്യങ്ങള്‍ പറയുകയുണ്ടായി. മിടുക്കന്മാരായ അദ്ധ്യാപകര്‍ വിദേശികളുടെ സ്ഥാപനത്തില്‍ ചേക്കേറും എന്നതാണ് അതില്‍ ഒരു കാര്യം. വിദേശികള്‍ അവരെ തട്ടിക്കൊണ്ടു പോവുന്നതല്ല, അവര്‍ സ്വയം പോകും എന്നാണ്. നമ്മുടെ ആദര്‍ശസര്‍വ്വകലാശാലകളില്‍ നിന്ന് മിടുക്കന്മാര്‍ ഇങ്ങനെ പോവുമെങ്കില്‍ അതിന്റെ കാരണം എന്തെന്ന് ഈ വിദ്വാന്‍ അന്വേഷിക്കേണ്ടതാണ്. അക്കാദമികപ്രവര്‍ത്തനങ്ങളേക്കാള്‍ പാര്‍ട്ടിയജമാനസേവ പരമപ്രധാനമായി മാറിയ ഒരു ചുറ്റുപാടില്‍ ആത്മാഭിമാനമുള്ള ഒരാള്‍ക്കും തുടരാനാവില്ല. അവര്‍ രക്ഷപ്പടാനുള്ള പഴുതുകള്‍ നോക്കും. അവര്‍ രക്ഷപ്പെടരുത് എന്നത് അതിനീചമായ ആഗ്രഹമാണ്. അതിനായാണ് വിദേശസര്‍വ്വകലാശാലകളെ എതിര്‍ക്കുന്നതെങ്കില്‍ അക്കാര്യം ആദ്യം പറയട്ടെ. ഗുണനിലവാരത്തിന്റെ കാര്യം പിന്നീട് പറയാം. മിടുക്കന്മാരാണ് പോവുന്നതെങ്കില്‍ നിലവാരമില്ലാത്തതും അക്കാദമികമായ അന്തരീക്ഷമില്ലാത്ത ഇടത്തും അവര്‍ പോകാനിടയില്ല. കൌശലക്കാരായ തന്‍കാര്യക്കാരാണെങ്കില്‍ അവര്‍ നാല് പണം അധികം കിട്ടുന്നേടത്തും പണിയെടുക്കാതെ കഴിയാവുന്നിടത്തേക്കുമാണ് പോവുക. കാട്ടുമാടം നാരായണന്‍ പറഞ്ഞതുപോലെ വിദേശസര്‍വ്വകലാശാലകള്‍ വന്നാല്‍ ഇപ്പോഴത്തെ മുതലാളിമാരുടെ കേമത്തത്തിന് ഇടിവു തട്ടും, നമ്മുക്ക് അതുകൊണ്ട് ഗുണമല്ലാതെ ദോഷമൊന്നും വരാനില്ല.

Subscribe Tharjani |
Submitted by കണ്ണന്‍ (not verified) on Mon, 2010-07-12 11:52.

അമൃത പോലുള്ള ഡീംഡ് സര്‍വകലാശാലകള്‍ പേടിക്കണം. ഇപ്പോള്‍ തമിഴ് നാട് - നാമക്കലും , കന്യാകുമാരിയിലും, ബാഗലുരുവിലും ഉള്ള കോളേജുകള്‍ പേടികണം. IIT, NIT ഒക്കെ പേടികണം. ബാക്കി പിന്നെ പറയാം.

Submitted by Anonymous (not verified) on Thu, 2010-07-15 01:02.

രാഷ്ട്രീയ ഇടപെടലുകളും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ മേലാളിത്തവും അദ്ധ്യാപക, വിദ്യാര്‍ഥി, ഉദ്യോഗസ്ഥ യൂണിയനുകളും ഇല്ലാത്ത.. വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിന്‌ വേണ്ടി പ്രവൃത്തിക്കുന്ന ഒരു സര്‍വകലാശാല ഇവിടെ വന്നാല്‍ കേരളത്തില്‍ ഇപ്പോഴുള്ള സര്‍വകലാശാലകളില്‍ ഒരിക്കലെങ്കിലും പഠിച്ചിട്ടുള്ളവര്‍ ഈ പുതിയ സംരംഭത്തെ മറ്റുള്ളവര്‍ക്ക് റെക്കമെന്ഡ് ചെയ്യും എന്നതില്‍ ഒരു സംശയവും വേണ്ട.

Submitted by Yasheen (not verified) on Mon, 2010-08-09 09:34.

നേരിട്ട് അല്ലെങ്കിലും, പടി പടി ആയുള്ള ഒരു കോളനിവല്കരണം തന്നെയല്ലേ ഇതും? "ഞങ്ങളുടെ സര്‍വകലാശാലകളില്‍ എന്ത് പഠിപ്പിക്കണം എന്ന് ഞങ്ങള്‍ തീരുമാനിചോളാം" എന്ന് നാളെ അവര്‍ തീരുമാനിച്ചാല്‍ (വരുതിയില്‍ നിര്‍ത്താന്‍ നട്ടെല്ലില്ലാത്ത ഭരണകൂടം ആണല്ലോ നമുക്കുള്ളത് ?) നമുക്ക് കൂടുതല്‍ ഒന്നും ചെയ്യാനുണ്ടാവില്ല. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട..

Submitted by Surendramohan (not verified) on Wed, 2010-08-11 07:47.

പഠിപ്പിക്കുന്നത് ആളുകള്‍ക്ക് ആവശ്യമുള്ളതാണെങ്കില്‍, പ്രയോജനപ്രദമാണെന്ന് ജനങ്ങള്‍ കരുതുന്നുവെങ്കില്‍ അവിടെ പഠിക്കാന്‍ വിദ്യാര്‍ത്ഥികളുണ്ടാകും. ഇപ്പോഴത്തെ സ്വദേശിസര്‍വ്വകലാശാലകള്‍ ജനാധിപത്യപരമായോ ജനതാല്പര്യം പരിഗണിച്ചോ അല്ല പ്രവര്‍ത്തിക്കുന്നത്, മറിച്ച് പാര്‍ട്ടി ആപ്പീസുകളുടെ അനുബന്ധസ്ഥാപനങ്ങളായാണ്. അത്തരം സാഹചര്യത്തില്‍ മെച്ചപ്പെട്ടതും പ്രയോജനപ്രദവുമായ വിദ്യാഭ്യാസം വിദേശസര്‍വ്വകലാശാലകളാണ് നല്കുന്നതെങ്കില്‍, അവയെ എന്തിന് എതിര്‍ക്കണം.

വരുതിയില്‍ നിര്‍ത്തണം എന്ന ആലോചന തന്നെ അമിതാധികാരപ്രവണതയില്‍ നിന്നും ഉടലെടുക്കുന്നതാണ്. വരുതിയില്‍ നിറുത്താനുള്ള നട്ടെല്ല് സര്‍ക്കാരിനു് ഉണ്ടാക്കിക്കൊടുത്താല്‍ സര്‍വ്വകലാശാലകളെ മാത്രമല്ല എല്ലാറ്റിനേയും മൂക്കു കയറിട്ട് പിടിക്കാം. എന്താ അതിന് ശ്രമിക്കുകയല്ലേ .... ഒറ്റയ്ക്കാവില്ല, സമാനമനസ്കര്‍ വേറെയും കാണും.

Submitted by jaisreekumar (not verified) on Wed, 2010-08-11 15:30.

ഇങ്ങനെ വരുന്ന സര്‍വകലാശാലകള്‍ ഇങ്ങിനെയുള്ള കോഴ്സുകളാണ് ആരംഭിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ...? സ്വാശ്രയ മേഖലയിലെ കോളേജുകളെ പോലെതന്നെ അവരും എന്ജിനിയറിങ്ങിനും മറ്റും തന്നെയാണ് പ്രാധാന്യം നല്‍കുക. കാരണം അവരുടെ ലക്ഷ്യവും പണം തന്നെയാണ്.. അതുകൂടാതെ പാശ്ചാത്യ സംസ്കാരത്തിന്റെ സ്പെഷ്യല്‍ സോണുകളെയാണ് നമുക്ക് ഇവയിലൂടെ കാണാനാവുക..
Thanks/
jaisreekumar.
http://iamatheist.wordpress.com/