തര്‍ജ്ജനി

മാറുന്ന മൂല്യങ്ങള്‍

മുകുന്ദന്‍ എഴുതുന്നു.. "ഒരുലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ഒരു നോവലാണ്‌ എന്റെ പ്രിയ സുഹൃത്ത്‌ പെരുമ്പടം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ. ശ്രീധരന്റെ ആ റിക്കാര്‍ഡ്‌ തകര്‍ക്കുന്ന ഒരു കൃതി വൈകാതെ വരും. അതെഴുതുന്നത്‌ നമ്മുടെ ഭാഷയിലെ വലിയ എഴുത്തുകാരനല്ല. ഒരു ലൈംഗിക തൊഴിലാളിയോ പെണ്‍ വാണിഭക്കാരിയോ ആയിരിക്കും. എഴുത്തുകാരല്ല, ലൈംഗിക തൊഴിലാളികളായിരിക്കും ഇനി നമ്മുടെ സാഹിത്യത്തിലെ താരങ്ങള്‍. മൂല്യരഹിതമായൊരു വായനാസമൂഹവും വിപണിയും ചേര്‍ന്ന് ഇനിയും ജമീലയെപ്പോലുള്ള ഹതഭാഗ്യകളെ സൃഷ്ടിച്ചുകൊണ്ടിരിക്കും."
മൂന്നാം ക്ലാസുകാരിയും.. മ്ലേച്ഛമായ തൊഴില്‍ ചെയ്യുന്നവളുമായ ഒരുവള്‍ എഴുതിയ പുസ്തകം മലയാളത്തിലെ അനുഭവസമ്പന്നരായ എഴുത്തുകാരുടെ കൃതികളേക്കാള്‍ വിറ്റു പോകുന്നു. ഇത്‌ അസഹ്യമാണ്‌.... ഒറ്റ വായനയില്‍ ആര്‍ക്കും ശരിയെന്നു തോന്നുന്ന ഈ അസഹ്യതയാണ്‌ മുകുന്ദന്റെ വാക്കുകളില്‍ കാണാന്‍ കഴിയുക.
എന്നാല്‍ കേരള സമൂഹത്തിനെ ആധുനികമാക്കാന്‍ ശ്രമിച്ച ആധുനിക എഴുത്തുകാര്‍ക്ക്‌ ചരിത്രബോധം നഷ്ടപ്പെടുന്നു എന്നതിനുദാഹരണമാണ്‌ ഈ പരാമര്‍ശം. ഇവരൊക്കെ തന്നെ യാണ്‌ ആധുനികതയുടെ ആരംഭകാലത്ത്‌ മൂല്യം എന്നുള്‍ലത്‌ ശാശ്വതമായ ഒന്നല്ല എന്നു നമ്മളെ പഠിപ്പിച്ചത്‌. ഷെനെയും മുഹമ്മദ്‌ ഷുക്രിയും എഴുത്തുകാരല്ല, തെണ്ടികളും കുറ്റവാളികളുമാണ്‌.. തെരുവില്‍ കഴിഞ്ഞവര്‍.. പക്ഷേ അവര്‍ എഴുതിയപ്പോള്‍ അവ ക്ലാസിക്കുകളായി. മുകുന്ദന്റെ കഥാപാത്രങ്ങള്‍ അച്ഛനമ്മമാരെ നോക്കി ചീത്ത പറഞ്ഞു. ചാരായവും ഭാംഗും കുടിച്ചു. ചരസ്സു വലിച്ചു. പൌഡറിട്ടു മുഖം മിനുക്കിയ സമൂഹത്തിന്റെ നേരെ നോക്കി shit maan എന്ന് അമേരിക്കന്‍ ഇംഗ്ലീഷു പറഞ്ഞു. തേവിടിശ്ശിക്കിളി എന്നൊരു പുസ്തകമുണ്ട്‌ മുകുന്ദന്റെ.. വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം എഴുതിയതും മുകുന്ദനാണ്‌. അദ്ദേഹമാണ്‌ ഇപ്പോള്‍ മലയാളിയുടെ മാറുന്ന മൂല്യങ്ങളെക്കുറിച്ച്‌ നൊമ്പരപ്പെടുന്നതും നളിനി ഹതഭാഗ്യയാണെന്നു കരയുന്നതും...
അശ്ലീലമാണോ നളിനിയുടെ പുസ്തകത്തിന്റെ വില്‍പ്പനയ്ക്കു കാരണം? പമ്മന്റെ നോവലുകളില്‍ വായിച്ചതു പോലെ ഒന്നും എനിക്കതില്‍ കാണാന്‍ കഴിഞ്ഞില്ല.. നഗരത്തിലൂടെ ഒഴുകുന്ന അഴുക്കുച്ചാലിലേയ്ക്കു നോക്കുമ്പോഴുള്ള ബീഭത്സതയാണ്‌ എനിക്കനുഭവപ്പെട്ടത്‌.. അതാകട്ടെ നിര്‍മ്മിക്കുന്നത്‌ ഭൂരിപക്ഷം വരുന്ന ആണ്‍ സമൂഹവും. നമ്മൂടെ മാലിന്യങ്ങളാണ്‌ ഈ ഓടയിലൂടെ ഒഴുകുന്നത്‌.. അതറിഞ്ഞാല്‍ ആ കൃതി അശ്ലീലപുസ്തകമാണെന്നു പറയാന്‍ ചിന്താശക്തിയും വിവേകവും ഒരുപോലെ കൈമോശം വരണം...എന്നിട്ടും മുകുന്ദനെപ്പോലെ കേരളത്തിലെ യുവസമൂഹത്തെ കൈപിടിച്ചു നടത്തുന്ന സാംസ്കാരിക പ്രബുദ്ധര്‍ കൊതിക്കെര്‍വും അസൂയയും പുറത്തിടുന്നു....
അപ്പോള്‍ എന്താണു നാം ഇതില്‍ നിന്നെല്ലാം മനസ്സിലാക്കിയെടുക്കേണ്ടത്‌? "ഞാന്‍" സാമൂഹികക്രമങ്ങള്‍ ലംഘിക്കുമ്പോള്‍ അതു വിപ്ലവവും ആധുനികതയും ആകുന്നു. മറ്റൊരാള്‍ അതു ചെയ്യുമ്പോള്‍ അത്‌ അശ്ലീലവും അവിഹിതവുമാകുന്നു എന്നല്ലേ?