തര്‍ജ്ജനി

പി. സോമനാഥന്‍

മലയാളവിഭാഗം,
കാലിക്കറ്റ് യൂനിവേഴ് സിറ്റി.

Visit Home Page ...

സാമൂഹികം

പടിപ്പുരയോളം, മലയാളികളുടെ ലോകകപ്പ്

മലയാളിയുടെ ലോകകപ്പ് ക്വാര്‍ട്ടറില്‍ത്തന്നെ തീര്‍ന്നു. ബ്രസീല്‍ ടൂര്‍ണ്ണമെന്റില്‍നിന്നു പുറത്തായതോടെ അതു് പാതി ചത്തിരുന്നു. എങ്കിലും അര്‍ജന്റീനയുടെ സാന്നിദ്ധ്യം ഒരു വെന്റിലേറ്ററിലെന്നപോലെ അതിനെ കാത്തു. ഒരു ദിവസത്തേക്ക് കൂടി. ലോകകപ്പ് ഫുട്‌ബോളിനെ മലയാളികള്‍ എങ്ങനെയാണ് കാണുന്നതും ആഘോഷിക്കുന്നതും എന്നത് വളരെ രസകരമായ സംഗതിയാണ്.

മഴക്കലം വരുന്നതുപോലെ ഭൂമി മുഴുവന്‍ കാറുമൂടി വെള്ളിവെളിച്ചത്തിന്റെ അകമ്പടിയോടെ ശബ്ദാടോപത്തോടെ പെയ്തുതുടങ്ങിയാല്‍ അത് മറ്റെല്ലാ കാഴ്ചകളെയും ജലധാരയുടെ അര്‍ദ്ധസുതാര്യമായ തിരശ്ശീലയാല്‍ മൂടിക്കളയും. ഇഷ്ടപ്പട്ടാലും ഇല്ലെങ്കിലും നിങ്ങളെ അതു പൊതിഞ്ഞുകളയും. മാദ്ധ്യമങ്ങള്‍ സ്പെഷല്‍ പതിപ്പുകളും സ്ലോട്ടുകളും നല്കി അതിനു മുന്നൊരുക്കം നടത്തുന്നു. വഴിനീളെ ഫ്ലെക്സ് ബോര്‍ഡുകളും പ്രിയരാജ്യങ്ങളുടെ ദേശീയപതാകകളും നിറച്ച് കാഴ്ചയെ അതിലേക്ക് കേന്ദ്രീകരിക്കുന്നു. അന്തര്‍ദ്ദേശീയതാരങ്ങള്‍ കാക്കയും പരുന്തുമായി കവലകളില്‍ കാവല്‍ നില്ക്കുകയായി. വുവുസുലകളും വിവിധ ജേഴ്‌സികളും മാര്‍ക്കറ്റ് കീഴടക്കിത്തുടങ്ങുന്നു. ഗോള്‍വണ്ടികളും സോക്കര്‍വണ്ടികളും തുറന്നുവെച്ച ക്യാമറയും മൈക്കുമായി ഊരു ചുറ്റാനിറങ്ങുന്നതോടെ നിങ്ങള്‍ ഫുട്ബോള്‍ മഴയ്ക്കകത്തു പെടുകയായി. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

ആഘോഷങ്ങളത്രെ മലയാളിക്കു പ്രധാനം. വാശിമൂത്ത് ബെറ്റുവെക്കലും തെറിവിളിക്കലും മാത്രമല്ല ആത്മഹത്യപോലും ഉണ്ടായി. ആവേശത്തള്ളിച്ചയില്‍ പലരും കളികാണാന്‍ മറന്നു. കളികാണുന്നതിനേക്കാള്‍ ആവേശം പുറത്തുണ്ടെങ്കില്‍ പിന്നെ കളി കാണുന്നതെന്തിന്? ഉണ്ണിക്കൃഷ്ണന്‍ മനസ്സില്‍ക്കളിക്കുമ്പോള്‍ ആരെങ്കിലും അമ്പലത്തില്‍ പോകുമോ?കളി ഒരു നിമിത്തം മാത്രം; ആഘോഷത്തിനും ആവേശത്തിനും നിന്നു പെരുമാറാനുള്ള ഒരു തട്ടകം.

ഫുട്‌ബോളില്‍ നമുക്ക് വലിയ താല്പര്യം ഉണ്ടെന്നു പറായാനാവില്ല. ഉണ്ടായിരുന്നെങ്കില്‍ ലോകകപ്പ് മാമാങ്കത്തിന്റെ കൊടിയിറങ്ങുംവരെ അതിന്റെ ലഹരി നിലനില്ക്കേണ്ടതാണ്. കേരളത്തിന്റെ ലഹരി ക്വാര്‍ട്ടര്‍ഫൈനല്‍വരെ മാത്രമേ നിന്നുള്ളൂ. കാരണം മറ്റൊന്നുമല്ല. ബ്രസീലും അര്‍ജന്റീനയും കളിയില്‍നിന്നു പുറത്തായിരിക്കുന്നു. കടുത്ത നിരാശയോടെയാണെങ്കിലും ബ്രസീലിലും അര്‍ജന്റീനയിലും ആളുകള്‍ ഇപ്പോഴും കളികാണുന്നുണ്ടാവും. ദേശസ്നേഹത്തോളംതന്നെ പ്രധാനമാണ് അവര്‍ക്ക് ഫുട്ബാള്‍.

മലയാളിയുടെ ആഘോഷങ്ങള്‍ അപരത്തെ മുന്‍നിര്‍ത്തിയുള്ള പൊങ്ങച്ചപ്രകടനം മാത്രമാണോ? കേരളത്തില്‍ ലോകകപ്പ് ഫുട്ബാള്‍ ഉണ്ടാക്കിയിട്ടുള്ള ധ്രുവീകരണങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. ഈ ലോകകപ്പിലേക്ക് അര്‍ജന്റീന യോഗ്യതനേടുന്നത് വളരെ ഞെരുങ്ങിയാണ്. ഡീഗോ മാറഡോണയെന്ന ഇതിഹാസതാരത്തിന്റെ പ്രഭയും മെസ്സിയുടെ താരമൂല്യവുമാണ് അവരെ ഇഷ്ട ടീമാക്കുന്നത്. ഒരു കക്കയെയും റൊബീഞ്ഞ്യോയെയും ചൂണ്ടിക്കാണിക്കാമെങ്കിലും ബ്രസീല്‍ ടീമില്‍ റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞ്യോ, റിവാള്‍ഡോ, കഫു തുടങ്ങിയവരെപ്പോലെ ഒരു താരനിരയില്ല. എങ്കിലും അവരുടെ പാരമ്പര്യവും യശസ്സും മതി ആരാധകരെ സൃഷ്ടിക്കാന്‍. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ അത്ര മികച്ച പ്രകടനം ബ്രസീല്‍ കാഴ്ചവെച്ചിട്ടുമില്ല. ഉത്തര കൊറിയയെപ്പോലുള്ള ഒരു ടീമിനോട് കഷ്ടിച്ച് കയിച്ചിലായാണ് ബ്രസീല്‍ മുന്നേറിയത്. അര്‍ജന്റീനയാകട്ടെ യോഗ്യതാറൗണ്ടിലെ ക്ഷീണമൊന്നും പ്രീ ക്വാര്‍ട്ടറില്‍ കാട്ടിയില്ലെന്നു മാത്രമല്ല എല്ലാ കളികളും ജയിച്ചാണ് മുന്നേറിയത്. ചില പരമ്പരാഗതധാരണകളാണ് അര്‍ജന്റീനയയെയും ബ്രസീലിനെയും കേരളത്തിന്റെ പ്രിയ ടീമുകളാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ താരപ്രഭയില്‍ വന്ന പോര്‍ച്ചുഗല്‍, ജെറാഡ്, ലംപാര്‍ഡ്, ടെറി, റൂണി, ആഷ്‌ലി കോള്‍ തുടങ്ങിയ താരനിരയുള്ള ഇംഗ്ലണ്ട്, പൊഡോള്‍സ്കി ,സ്റ്റൈഗര്‍, ക്ലോസെ എന്നിവരുടെ ജര്‍മ്മനി, ടോറസ്, വിയ, പിയൂള്‍ നിരയുടെ സ്പെയിന്‍, ഹോളണ്ട്, ഐവറികോസ്റ്റ്, ഫ്രാന്‍സ്, ഇറ്റലി തുടങ്ങി അനേകം രാജ്യങ്ങളുണ്ടെങ്കിലും കേരളം രണ്ടേരണ്ടു രാജ്യങ്ങളിലേക്ക് പരിമിതപ്പട്ടു. ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം തീര്‍ച്ചയായും മലയാളിയുടെ മനോഘടനയെ പ്രതിഫലിപ്പിക്കുന്നുണ്ട്.

വളരെക്കാലമായി കേരളം മുന്നണിഭരണത്തിന്റെ മാതൃകയായിത്തുടരുന്നു. വന്നുവന്ന് സര്‍ക്കാറുകളെത്തന്നെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ എന്നും യു.ഡി.എഫ്. സര്‍ക്കാര്‍ എന്നും പേരിട്ടുവിളിക്കുന്നതില്‍ നമുക്കൊരു ലജ്ജയുമില്ലാതായിരിക്കുന്നു. അഥവാ നമുക്ക് കേരളസര്‍ക്കാര്‍ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ചേരിതിരിഞ്ഞ് ദോഷാരോപണങ്ങളില്‍ മാത്രം ഊന്നുന്നതായിരിക്കുന്നു നമ്മുടെ രീതി. ബജറ്റ് പ്രഖ്യാപിക്കുന്നതിനുമുമ്പേ ഇവിടെ പ്രസ്താവന തയ്യാറാക്കാം. കേന്ദ്രബജറ്റ് ജനദ്രോഹകരമാണെങ്കില്‍ സംസ്ഥാനബജറ്റ് ജനോപകാരപ്രദം. അല്ലെങ്കില്‍ നേരെ മറിച്ച്, സംസ്ഥാനബജറ്റ് ജനദ്രോഹകരമാണെങ്കില്‍ കേന്ദ്രബജറ്റ് ജനോപകാരപ്രദം എന്ന് കണ്ണുമടച്ച് എഴുന്നള്ളിക്കാം. കേരളത്തിലെ വിദ്യാസമ്പന്നരുടെ മഹാസംഘടനയെന്ന് വിളിക്കാവുന്ന കെ.എസ്.ടി.എ. എന്ന അദ്ധ്യാപകസംഘടനയുടെ കോഴിക്കോട് ജില്ലാക്കമ്മറ്റി പുറത്തിറക്കിയ ബുള്ളറ്റിനില്‍ അവരുടെ ധര്‍ണ്ണ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ നല്കിയിട്ടുണ്ട്. അതില്‍ ആറും ഏഴും ഇങ്ങനെയാണ്:

കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹനയങ്ങള്‍ തിരുത്തുക.
കേരളസര്‍ക്കാറിന്റെ ജനക്ഷേമപരിപാടികള്‍ക്ക് ശക്തിപകരുക.

എന്നുവെച്ചാല്‍, കേന്ദ്രസര്‍ക്കാറിന്റെ ജനക്ഷേമപരിപാടികള്‍ക്ക് ശക്തിപകരേണ്ടതില്ല എന്നും കേരളസര്‍ക്കാറിന്റെ ജനദ്രോഹനയങ്ങള്‍ തിരുത്തേണ്ടതില്ല എന്നും വ്യംഗ്യം. ജനദ്രോഹനയങ്ങള്‍പോലും മുന്നണിയുടെ അടിസ്ഥാനത്തിലേ വിമര്‍ശിക്കപ്പെടേണ്ടൂ എന്ന് അച്ചടിച്ചുവിതരണം ചെയ്യുന്നത് നമ്മുടെ അദ്ധ്യാപകസമൂഹമാണ്. ഞങ്ങടെ പോലീസ് ഞങ്ങളെത്തല്ലിയാല്‍ നിങ്ങള്‍ക്കെന്താ കോംഗ്രസ്സേ എന്നു പണ്ടൊരു മുദ്രാവാക്യം ഉണ്ടായിരുന്നു. അതായത് നമ്മള്‍ വിശകലനം ചെയ്യുന്നത് ചെയ്തികളല്ല, ചെയ്യുന്നവരുടെ കക്ഷിരാഷ്ട്രീയത്തിന്റെ നിറമാണ്. ഇത് കക്ഷിരാഷ്ട്രീയത്തിന്റെ മണ്ഡലത്തില്‍ മാത്രമുള്ള ഒന്നല്ല. വയനാട്ടില്‍ ഒരു ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു. ബ്രസീല്‍ തോറ്റതിനോ ബ്രസീല്‍ ഗോള്‍ വഴങ്ങിയതനോ ആയിരുന്നില്ല ഈ ജീവത്യാഗം. അന്ന് ബ്രസീലിന്റെ കളിയേ ഉണ്ടായിരുന്നില്ല. മെക്സിക്കോയ്ക്കെതിരെ അര്‍ജന്റീന ഗോളടിച്ചതായിരുന്നു അയാളെ സങ്കടപ്പെടുത്തിയത്. ബ്രസീലിനെ പരാജയപ്പെടുത്തി ഹോളണ്ട് സെമിഫൈനലില്‍ കടന്നപ്പോള്‍ എല്ലാ ചാനലുകളിലും വന്ന ഫ്ലാഷ് ന്യൂസ് ബ്രസീല്‍ പുറത്ത് എന്നായിരുന്നു. മാദ്ധ്യമങ്ങളുടെ വിധിയെഴുത്തുപോലെ ബ്രസീലിന്റെ പുറത്താകല്‍ പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും ആഘോഷിച്ചു മലയാളികള്‍. പിറ്റേന്ന് കലാലയങ്ങളില്‍ കുട്ടികള്‍ പലരും വന്നില്ല. അര്‍ജന്റീന തോല്ക്കാനായി വിശേഷപ്രാര്‍ത്ഥനയ്ക്കും നേര്‍ച്ചയ്ക്കും പോയതായിരുന്നു അവര്‍. രക്ഷയ്ക്കായി അവര്‍ ഒന്നടങ്കം ജര്‍മ്മിനിയിലേക്ക് കുടിയേറി. മലയാളികള്‍ ഉറക്കമിളയ്ക്കുന്നത് കളികാണാനല്ല പരാജയം ആഘോഷിക്കാനാണ്. കാരണം മറ്റൊന്നുമല്ല ജയം ആഘോഷിക്കേണ്ടത് ഹോളണ്ടിന്റെയും ജര്‍മ്മിനിയുടെയും ആരാധകരാണ്. അങ്ങിനെയൊരു കൂട്ടര്‍ക്ക് ചേരിചേരാപ്രസ്ഥാനമായി നില്ക്കാമെന്നല്ലാതെ മറ്റൊന്നുമാവില്ല. അഥവാ അവരാകുന്നു നിശ്ശബ്ദന്യൂനപക്ഷം. കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹനയങ്ങള്‍ പ്രഖ്യാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്ന പ്രതിപക്ഷമനസ്സ് കേരളത്തിന്റെ പ്രതീകമാണ്. എസ്.എസ്.എല്‍.സി റിസള്‍ട്ട് ചോദിച്ചാല്‍ അതീവസങ്കടത്തോടെ ഒന്നിന് എ പ്ലസ് ഇല്ല എന്നാണ് കുട്ടികള്‍ മറുപടി പറയുക; ഒമ്പത് എ പ്ലസ് ഉണ്ട്എന്നല്ല. ദോഷങ്ങള്‍, നഷ്ടങ്ങള്‍, പരാജയങ്ങള്‍ അവയിലേ ചെല്ലൂ നമ്മുടെ കണ്ണുകള്‍ എന്നായിരിക്കുന്നു.

ആഫ്രിക്കയുടെ പുല്‍ത്തകിടികളില്‍ കളിതുടങ്ങുന്നതിന് മുമ്പ് ഇരുടീമുകളും ചേര്‍ന്ന് പിടിക്കുന്ന ഒരു ബാനറുണ്ട്. SAY NO TO RACISM. സ്പോര്‍ട്സ് കായികവിനോദം മാത്രമല്ല. രാജ്യങ്ങള്‍ തമ്മില്‍, മനുഷ്യര്‍ തമ്മില്‍ സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുകകൂടി അത് ലക്ഷ്യം വെക്കുന്നുണ്ട്. ഗ്യാലറിയില്‍ ഏതൊരു രാജ്യത്തിന്റെയും ദേശീയപതാക കൈവശം വെക്കാം, വീശിക്കാണിക്കാം. കേരളത്തിലും തൂക്കിയിട്ടുണ്ട് ചില ദേശീയപതാകകള്‍. ബ്രസീല്‍ തോല്ക്കുമ്പോള്‍ അര്‍ജന്റീനിയന്‍ ആരാധകര്‍ക്കും തിരിച്ചും അപമാനിക്കാനാണോ അവ തൂക്കിയിരിക്കുന്നത്. കേരളം ആഘോഷിക്കുന്നത് കാല്പന്തുകളിയുടെ ചാരുതയല്ല. നമ്മുടെ വൃത്തികെട്ട പൊങ്ങച്ചങ്ങളെയാണ്. വംശീയതയെ ആണ് നമ്മള്‍ ഊട്ടിവളര്‍ത്തുന്നത്. ക്ഷീരമുള്ള അകിടിന്‍ ചുവട്ടിലും ഡങ്കിക്കൊതുകാണ് മലയാളി. പടിപ്പുരയില്‍ താമസിക്കുന്നവര്‍.

Subscribe Tharjani |
Submitted by Surendramohan (not verified) on Mon, 2010-07-12 19:12.

മലയാളികളുടെ തനത് നിലവാരത്തില്‍ തന്നെയാണ് ലോകകപ്പിനേയും അവര്‍ കൈകാര്യം ചെയ്തത്. വഴിനീളെ ഉയര്‍ത്തിയ ഫ്ലെക്സ് ബോര്‍ഡുകളിലെ വിടുവായത്തവും ആരുടേയോ കേമത്തത്തെയോ അടിസ്ഥാനമാക്കിയുള്ള മേനി നടിക്കലും വിവരക്കേടിന്റെ ആഘോഷമായി കേരളീയര്‍ ലോകകപ്പ് മത്സരം കൊണ്ടാടുന്നതായി കാണിച്ചു. പ്രബുദ്ധതയും ജാഗ്രതയും നടിക്കുന്ന മാദ്ധ്യമങ്ങളാകട്ടെ ഇതിനെ പരമാവധി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
ഫ്ലക്സിലെ നായകന്മാരെല്ലാം തോറ്റ് പുറത്തായതോടെ പാവം ആവേശക്കാര്‍ പെരുവഴിയിലുമായി. അവസരോചിതവും പ്രസക്തവുമായ ലേഖനത്തിന് നന്ദി.

Submitted by അനില്‍ (not verified) on Tue, 2010-07-13 12:17.

ലോകകപ്പ് ഫുട്‌ബാളിനെ കുറിച്ചു് ഇപ്പറഞ്ഞതൊന്നും മലയാളികളുടെ മാത്രം പ്രശ്നമല്ലല്ലോ ? ലോകത്തിലെ മിക്കയിടത്തേയും സ്ഥിതിയായിരുന്നില്ലേ ?