തര്‍ജ്ജനി

അബ്ദുല്ല മുക്കണ്ണി

കര്‍സ്ഫ് ഷിപ്പിംഗ് ആന്റ് ഫോര്‍വേഡിംഗ് ,
ജിദ്ദ, സൌദി അറേബ്യ.
ഇ മെയില്‍‌ : mukkanni@gmail.com. mukkanni@yahoo.com

Visit Home Page ...

കഥ

സംഗതികള്‍ ഒരുപാടു് വിട്ടുപോയിരുന്നു

ഉഷ്ണം സഹിക്കാനാവാതെ ഞാന്‍ ആ പെട്ടിക്കകത്ത് വീര്‍പ്പുമുട്ടുകയായിരുന്നു. ഈ വീര്‍പ്പുമുട്ടല്‍ എനിക്ക് മാത്രമല്ലല്ലോ യൂസുഫ്‍ക്കയും ഈ ഉഷ്ണവും ഈ വീര്‍പ്പുമുട്ടലുമായി ഇത് പോലെ ഒരു പെട്ടിക്കകത്തു തന്നെയല്ലേ എന്ന് ഞാന്‍ സമാധാനിച്ചു. ഒടുവില്‍ ഒരു മുരള്ച്ചയോടെ പാതിവഴിക്ക് മടിച്ചു നിന്ന എന്നെ സ്വര്ണ്ണവളകളണിഞ്ഞ വെളുത്തുതുടുത്ത മൃദുലമായ കൈകളാല്‍ വലിച്ചു പുറത്തെടുക്കപ്പെട്ടു. തോളിലെ ബാഗിന്റെ സിബ്‌ തുറന്നു അതിനുള്ളിലേക്ക് മാറ്റി. ചുറ്റും പ്രസരിക്കുന്ന ഉന്മാദഗന്ധവും ആ ഉടലിന്റെ കൊഴുപ്പും മിനുപ്പും എന്നില്‍ ആസക്തിയുടെ ഉണര്‍വ്വ് പടര്‍ന്നു.

ബാഗിനകത്തു എല്ലാം കണ്ടും കേട്ടും ഞാന്‍ ചുരുണ്ടുകിടന്നു ഞാനൊരു കാറിലാണ് ഇപ്പോള്‍, കാറും ബാഗും എല്ലാം കുളിരണിയിക്കുന്നതയിരുന്നു. എന്റെ അടുത്ത മറ്റൊരു സിബ്‌ പോക്കറ്റില്നിന്നും മാപ്പിളപ്പാട്ടിന്റെ ഈസ്റ്റ്‌കോസ്റ്റ്‌ ഈണം മൊബൈലില്‍ മുഴങ്ങിയപ്പോള്‍ ആ തുടുത്തു ചുവന്നചുണ്ടുകളില്‍ മൊബൈല്‍ ചേര്‍ത്ത് വെച്ചു. ഞാനൊരു മൊബൈല്‍ ആയിരുന്നെങ്കില്‍ തേന്‍ കിനിയുന്ന ചുണ്ടുകളില്‍ ഇടയ്ക്കിടെ ഉമ്മവെക്കാമായിരുന്നു, കുടമുല്ലച്ചിരിയും കുയിലിന്റെ സ്വരവും എനിക്ക് ഓരോ നിമിഷവും കേള്‍ക്കാമായിരുന്നു. ആ പൊട്ടിച്ചിരിയുടെ പളുങ്ക്മണികള്‍ ചിതറിയ വെണ്മയില്‍ കാറിനകം തിളങ്ങി.

"ഇക്കാ ഇതാ ഞാനിപ്പോ ടെല്ലെരില്‍ നിന്നും എടുത്തതെയുള്ളൂ"

"ഇല്ല, ഞാന്‍ പത്തേ എടുത്തുള്ളൂ"

"ഇല്ല, അത്യാവശ്യമുള്ളത് മാത്രമേ വാങ്ങൂ"

"മൈന നെഴ്‌സറീന്നു വരുംബ്ലക്ക് ഞാന്‍ എത്തും"

"ഇപ്പം ടാക്സിയിലാ, വൈകിട്ട് വിളിക്കൂ"

"അത് നൌഫലിന്റെ വണ്ടിയാ"

"ഒക്കെ ബയീന്നേരം പറയാം"

മൊബൈലില്‍ അങ്ങേ തലക്കല്‍നിന്നുള്ള യൂസുഫ്‍ക്കയുടെ ചിലമ്പിച്ച ശബ്ദം എനിക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. ഇന്നലെ കാലത്ത് ജിദ്ദയിലെ ഒരു അല്‍ റാജി ബാങ്കിന്റെ കൌണ്ടറില്‍ ഞാന്‍ അയാളോടൊപ്പം ക്യൂവിലായിരുന്നു. യൂസുഫ്‍ക്കയുടെ നെഞ്ചിടിപ്പും വേവലാതിയും ഒക്കെ എന്നില്‍ വേദനയുളവാക്കിയിരുന്നു. അപ്പോള്‍ ഞാന്‍ ..... ആയിരത്തിഇരുന്നൂറ് സൗദി റിയാലായിരുന്നു. കിട്ടിയ മുഴുവന്‍ ശമ്പളവും എച്ച്. ഡി. എഫ്‌.സി. ബാങ്കിലെ നാട്ടിലെ അയാളുടെ എന്‍. ആര്‍.ഐ അക്കൌണ്ടിലേക്ക് എത്രയും എളുപ്പം കിട്ടാനായി മാറ്റുവാന്‍ വന്നതായിരുന്നു. യൂസുഫ്‍ക്കയുടെ നോമിനിക്കുള്ള എ ടി എം കാര്‍ഡ് മൈമൂനയുടെ കയ്യിലുണ്ട്. അങ്ങിനെ ഇന്നലെ സൗദി റിയാല്‍ ആയിരുന്ന ഞാന്‍ ഇന്ന് ഇന്ത്യന്‍ രൂപയായിമാറി.

ഇപ്പോഴത്തെ എന്റെ യജമാനത്തി മൈമൂനയോടൊപ്പമാണ് ഞാനുള്ളത്. യൂസുഫ്‍ക്കയിലേറെ എനിക്ക് മൈമ്മൂനയെ ഇഷ്ടമായി, അയാളുടെ ഉത്കണ്ഠയും എന്തിനോവേണ്ടി ഉള്ളംപുകയുന്ന പൊറുതികേടും ഒന്നും ഇവിടെ കണ്ടില്ല. മാരുതി സ്വിഫ്റ്റ്‌ ഓട്ടുന്ന നൌഫലിനോട് എത്ര ചിരിച്ചും കൊഞ്ചിയുമാണ് ഇവള്‍ സംസാരിക്കുന്നത്.

"നൌഫലേ അപ്പൂസില് ഒന്ന് നിര്‍ത്ത്‌. വല്ലാത്ത ദാഹം. നമുക്കൊരു ഫാലൂത കഴിക്കാം"

മൈമൂന വണ്ടിയില്‍നിന്ന് ഇറങ്ങി മന്ദം നടന്നു അപ്പൂസ് ഐസ്ക്രീം പാര്‍ലറിലേക്ക് കയറിയപ്പോള്‍ ആ സഞ്ചരിക്കുന്ന കാഞ്ചനമാളിക പാര്‍ലറിന്റെ അകം നിറയെ പൂനിലാവ്‌ പരത്തി. ഒരു പൂക്കാലം മുഴുവനും പാര്‍ലറില്‍ പെയ്തിറങ്ങി. നൈല്‍നദീതീരത്തു നിന്ന് ഇറങ്ങിയ മിസിരി പ്പെണ്ണിനോളം അഴകേറിയ തരുണീമണിയുടെ മിന്നല്‍പിണറില്‍ പാര്‍ലറിലെ, ഐസ്ക്രീംകപ്പുകള്‍ ഉരുകിയൊലിച്ചു.

അവിടെത്തെ കുളിരില്‍ എനിക്ക് ശ്വാസംമുട്ടുംപോലെ. അപ്പോഴും, യൂസുഫ്‍ക്കയുടെ ഓര്‍മ്മ വിട്ടുമാറുന്നില്ല. ആ ദൈന്യതയേറിയ മുഖം മടുപ്പോടെ എങ്കിലും വീണ്ടും എന്നില്‍ തെളിഞ്ഞു. ഇന്നലെ..........

ചെങ്കടല്‍തീരത്തെ ജിദ്ദയിലെ, കംമ്പനിയിലെ ടീബോയിയുടെ ജോലിക്കിടയില്‍ തിരക്കിട്ട് ,ഓഫീസില്നിന്ന് താഴെ ബാക്കാലയില്‍ പോകുന്നു എന്നു നുണ പറഞ്ഞു, ജൂലൈ മാസത്തെ വെന്തുരുകുന്ന ചൂടില്‍ വിയര്‍പ്പില്‍കുളിച്ചു നടന്നും ഓടിയും അയാള്‍ അല്‍ റാജി ബാങ്കിലേക്ക് വരുമ്പോള്‍ ഒപ്പം ഞാനുമുണ്ട്. വരണ്ട തൊണ്ടയും ചുണ്ടുമായി ബാങ്കില്‍ എത്തിയപ്പോള്‍, ക്യൂവില്‍ അടുത്ത് നിന്ന ഫിലിപ്പൈനി പെപ്സി കുടിക്കുന്നത് നോക്കി യൂസുഫ്‍ക്ക വിയര്‍പ്പ് തുടച്ചു കൊണ്ടിരുന്നു.

ഇനി ഞാന്‍ മൈമൂനയോടൊപ്പമല്ലേ, അപ്പോള്‍ യൂസുഫ്‍ക്കയെ മറക്കാം. എനിക്ക് എന്നും മൈമൂനയോടൊപ്പം കഴിയാന്‍പ‍റ്റിയെങ്കില്‍ യൂസുഫ്‍ക്കപോലെ ഞാനും അതാഗ്രഹിച്ചു പോയി. എതിരെ ഇരിക്കുന്ന നൌഫലിനോട് പറയുന്ന കിളിമൊഴികള്‍ എനിക്ക് കേള്‍ക്കാനായി. അന്തിച്ചോപ്പിന്റെ തുടിപ്പും മൈലാഞ്ചിപ്പാട്ടിലെ എടുപ്പും മൈമൂനാക്ക് മാത്രം സ്വന്തം. യൂസുഫ്‍ക്കയ്ക് കൈരളിയിലെ പട്ടുറുമാല്‍ കണ്ടുള്ള നിര്‍വൃതി, അയാളുടെ നിറമില്ലാത്ത നിദ്ര മടിച്ചുനിന്ന രാത്രികള്‍ ഒപ്പനപ്പാട്ടുകള്‍ പടിത്തിമര്ത്തു. അയാളുടെ ജീവിതം ഒടുവില്‍ ചാനലുകളിലെ ജഡ്ജ്മെന്റ് പോലെ വളരെ നന്നായിരുന്നു. വളരെ നന്നായി ചെയ്തു, പക്ഷെ സംഗതികള്‍ ഒരുപാടു വിട്ടുപോയിട്ടുണ്ട്. താളവും ഭാവവും തീരേ ഇല്ലായിരുന്നു.

ഫലൂദയിലെ ഐസ് മിക്സഡ് ഫ്രൂട്ട് ആസ്വദിച്ച് കഴിക്കുമ്പോള്‍ ബാഗിലിരുന്നു ഞാനും അക്കരെയിരുന്ന് യൂസുഫ്‍ക്കയും സ്വപ്നങ്ങള്‍ നെയ്തു കൂട്ടുകയായിരുന്നു. മൈമൂനയുടെ ഭ്രമിപ്പിക്കുന്ന ഉടലിന്റെ ത്രസിക്കുന്ന തീഷ്ണത എന്നില്‍ വല്ലാത്തൊരു അനുഭൂതിയായി. ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു. ഈ ഫലൂദയുടെ ബില്ലായിട്ട് എന്നെ മാറ്റരുതേ....!

സപ്ലയര്‍ ബില്ലുമായി വന്നു. അയാളുടെ കണ്ണുകളില്‍ യൂസുഫ്‍ക്കയുടേതുപോലെ ആര്ത്തിയും ദൈന്യതയും നിഴലിച്ചിരുന്നു. യൂസുഫ്‍ക്ക ഇപ്പോള്‍ ഈ സപ്ലയറെപ്പോലെ തുര്‍കിഷ്‌കോഫിയുണ്ടാക്കി ട്രേയില്‍വെച്ച് ഫലസ്തീനി മാനേജര്ക്ക് ഭവ്യതയോടെ കൊടുക്കുകയായിരിക്കും.

മധുരമില്ലാത്ത കോഫി കുടിക്കുമ്പോള്‍ കോഫിയുടെ ചൂടും കയ്പും എന്നും നടുക്കുന്ന വാര്ത്തകളും ചോരപ്പൂക്കളും മാത്രം കണ്ടും കേട്ടും പതംവന്ന ഫലസ്തീനിയില്‍ ഒരു ഭാവഭേദവും ഉളവാക്കിയില്ല. യൂസുഫ്‍ക്കയുടെ മുഖത്തിനു അപ്പോള്‍ സ്ഥായിയായ നിസ്സംഗത മാത്രം. പോകാന്‍ നാടില്ലാത്ത ഫലസ്തീനിയും നാടുള്ള യൂസുഫ്‍ക്കയും നാടിന്റെ വിളിക്കായി കാത്തു. കബ്സക്കടയില്‍ കണ്ണാടിക്കൂട്ടില്‍ വെന്തുതിരിയുന്ന കോഴിയെപ്പോലെ അയാളും മരുഭൂമിയിലെ കനല്‍ക്കാറ്റിലെ നെരിപ്പോടില്‍ പതിയെപ്പതിയെ വെന്തുരുകി . തുര്‍ക്കികോഫിക്കും മധുരം വേണ്ട, യൂസുഫ്‍ക്കയ്കും മധുരം വേണ്ട, പക്ഷെ മൈമൂനക്ക് മധുരം നിറഞ്ഞ ഫലൂദ എന്നും നല്ലോണം വേണം. യൂസുഫ്‍ക്കയ്ക് മധുരിക്കുന്ന ഓര്‍മ്മകളെ വേണ്ടൂ .......

മൈമ്മൂന വളരെ പതുക്കെ നൌഫലിനോട് എന്തോ പറഞ്ഞു ചിരിച്ചു. പക്ഷെ ഞാനത് കേട്ടേ ഇല്ല. ബില്ല് കൊടുക്കാനായി ബാഗ് തുറന്നപ്പോള്‍ എനിക്ക് വീണ്ടും പേടിയായി. അവളോട്‌ ഒപ്പമുള്ള എന്റെ സഹവാസം തീരുകയാണോ. ഫലൂദയിലെ ഐസ്ക്രീംപോലെ, ഐസ്‌ക്രീമിലെ കുളിരുപോലെ, യൂസുഫ്‍ക്കയുടെ അവധിപോലെ എല്ലാം എന്തെളുപ്പമാണ് തീരുന്നത്. യൂസുഫ്‍ക്കയെ പോലെ ഞാനും മൈമൂനയോടൊപ്പമുള്ള താല്‍ക്കാലികകൂട്ട് തീരുന്നതില്‍ വേദനിക്കുകയായിരുന്നു. യാത്രയുടെ തലേനാളിലെ യൂസുഫ്‍ക്കയുടെ ഹൃദയമിടിപ്പുപോലെ, എന്റെ ഹൃദയമിടിപ്പ് കൂടി. ഇല്ല ഒന്നും സംഭവിച്ചില്ല. എന്നോടൊപ്പം മുമ്പേ ബാഗില്‍ ചുരുണ്ടുകിടക്കുന്ന മറ്റൊരാളാണ് ഇപ്പോള്‍ അവളുടെ കയ്യില്‍ അകപ്പെട്ടത്. അപ്പോള്‍ ആ കയ്യിലെ മൃദുത്വം ഒരിക്കല്‍ കൂടി എന്നെ തഴുകി. ഞാന്‍ ഏകാന്തതയില്‍ യൂസുഫ്‍ക്കയെപ്പോലെ തേങ്ങി. അടുത്ത ഊഴം എന്റേ തായിരിക്കും. കണ്‍വെയര്‍ ബെല്‍ട്ടിലെ പെട്ടി എടുക്കാനായി കാത്തിരിക്കുന്ന ധൃതിപിടിച്ച കൈകളെപ്പോലെ എന്നിലേക്ക്‌ നീണ്ടുവരുന്ന കൈകളെ കാത്തു വീണ്ടും മൈമൂനയോടൊപ്പം നീങ്ങി. അപ്പോള്‍ പാര്‍ലരില്‍ ഇരിക്കുന്നവര്ക്ക് പൂനിലാവിനെ കാര്‍മേഘം മൂടിയത്തുപോലെ.... തിരിയെപ്പോകാന്‍ വിമാനം കാത്ത് ലോഞ്ചിലിരിക്കുന്ന പ്രവാസിയുടെ മുഖംപോലെ എല്ലാ മുഖങ്ങളും ഇരുണ്ടിരുന്നു .....

Subscribe Tharjani |