തര്‍ജ്ജനി

ചന്ദ്രശേഖരന്‍. പി.

“സര്‍വജയ”,
പുള്ളി ലെയിന്‍,
ചാക്ക, പേട്ട പി ഒ,
തിരുവനന്തപുരം

Visit Home Page ...

ലേഖനം

പട്ടണങ്ങള്‍ അനാവരണം ചെയ്യേണ്ടത്

കേരളചരിത്രഗവേഷണകൌണ്‍സില്‍ അടുത്തകാലത്ത് തുടങ്ങിവച്ച ശ്രമങ്ങളില്‍ വളരെ ശ്രദ്ധേയമായ ഒരു പ്രവര്‍ത്തനമാണ് കേരളത്തിലെ ആദിമജനവാസപ്രദേശങ്ങളെക്കുറിച്ചു് ആഴത്തിലറിയാനായി സംഘടിപ്പിച്ചിട്ടുള്ള പുരാവസ്തുഖനനങ്ങള്‍. അതില്‍ ആദ്യശ്രമമായ പട്ടണം പുരാവസ്തുഖനനം ഏറെ ശ്ലാഘനീയമായ മട്ടില്‍ വിജയകരമായിത്തന്നെ മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. വളരെ ശ്രദ്ധേയമായ ഒരു ശ്രമം തന്നെയാണ് അതെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. റോമന്‍ പുരാരേഖകളില്‍ ധാരാളം പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രാചീനകാലത്തെ മുസിറിസ് എന്ന മുസിരിപട്ടണത്തിന്റെ പ്രാന്തപ്രദേശമായിരുന്നു ഇതെന്നു ഇതിനകം തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. പഴയ മുസിരിപട്ടണത്തിലെ പട്ടണം എന്ന വാക്ക് മാത്രം നിലനിന്നുപോന്നുകൊണ്ടാണ് ഈ പ്രദേശം പട്ടണം എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നതു്. ക്രി. മു. ആയിരം വര്‍ഷം മുമ്പ് മുതല്‍ തന്നെ ഇവിടെ തദ്ദേശീയരായ ജനങ്ങള്‍ സ്ഥിരതാമാസമാക്കിയിരുന്നു എന്നാണ് ശ്രദ്ധേയമായ ഒരു ശാസ്ത്രീയനിരീക്ഷണം. ക്രിസ്തുവിനു മുമ്പ് ഒന്നാം നൂറ്റാണ്ടു മുതല്‍ ക്രിസ്തു നാലാം നൂറ്റാണ്ടു വരെ ഈ ആവാസകേന്ദ്രം റോമാസാമ്രാജ്യവുമായുള്ള ഒരു കച്ചവടകേന്ദ്രമായി വളരെ സജീവമായി നിലനിന്നിരുന്നു എന്നാണ് ഈ പര്യവേഷണങ്ങള്‍ വെളിവാക്കുന്നത്. റോമാസാമ്രാജ്യത്തിന് പുറത്ത് റോമന്‍ ആംഫോറ ( മദ്യപാത്രങ്ങള്‍ ) അവശിഷ്ടങ്ങളുടെ ഏറ്റവും വലിയ ശേഖരം കിട്ടിയിട്ടുള്ളത് പട്ടണത്തില്‍ നിന്നാണെന്നതാണ് മറ്റൊരു പ്രത്യേകത. മാലകളില്‍ ഉപയോഗിച്ചിരുന്ന ചെറുതരം കല്ലുകളും സ്ഫടികവസ്തുക്കളും മാലകളില്‍ തൂക്കിയിടുന്ന ലോക്കറ്റുകളും ആനയുടെയും അമ്പ്-വില്ലുകളുടെയും അടയാളമുള്ള ചേരന്മാരുടെ നാണയങ്ങളും ഇരുമ്പ്, ചെമ്പ്, ഈയം, അപൂര്‍വ്വമായി സ്വര്‍ണ്ണം എന്നീ ലോഹങ്ങങ്ങളുടെ സാന്നിദ്ധ്യവും ഇവിടെ കാണപ്പെട്ടിട്ടുണ്ട്. കേരളക്കരയും മദ്ധ്യധരണ്യാഴിപ്രദേശങ്ങളുമായി പുരാതനകാലത്ത് നിലനിന്നുപോന്ന സാംസ്കാരികവും വാണിജ്യപരവുമായ ബന്ധങ്ങളിലേക്ക് അന്വേഷണത്വരയോടെ കടന്നു ചെല്ലുന്ന എതൊരു ചരിത്രാന്വേഷിക്കും ഈ ഉത്ഖനങ്ങള്‍ വളരെയേറെ ഉത്സാഹം പകരുന്നു. അതോടൊപ്പം ചരിത്രാതീതകാലം മുതല്‍ തന്നെ കൊടുങ്ങല്ലൂരിനും അതിന്റെ പരിസരത്തുമായി വേരോടിക്കഴിഞ്ഞ ഒരു സംസ്കൃതിയുടെ തുടര്‍ച്ച പങ്കു വയ്ക്കുവാന്‍ ജനനം കൊണ്ടു കിട്ടിയ അവസരത്തില്‍ ഓരോ കേരളീയനും അങ്ങേയറ്റം അഭിമാനിക്കാനും അത് വക നല്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഈ കരയുടെ പ്രശസ്തി കടല്‍ കടന്നു പോയിരുന്നെന്നുള്ള കാര്യം നമ്മെ ആവേശഭരിതരാക്കുന്നുണ്ടു്. ഈ പറയുന്ന കാലം ക്രിസ്ത്വാബ്ദത്തിന്റെ ആരംഭകാലമാണെന്നും മദ്ധ്യധരണിക്കടലിന്റെ കരകളിലെല്ലാം റോമാസാമ്രാജ്യം ആധിപത്യം പുലര്‍ത്തിയിരുന്ന കാലമാണ് അതെന്നും കൂടി നാം ഓര്‍ക്കണം. തുടര്‍ന്നു് ക്രി.പി. പത്താം നൂറ്റാണ്ടു് വരെയുള്ള പുരാവസ്തുക്കള്‍ ഇവിടത്തെ ഖനനപാളികളില്‍ ലഭ്യമാണെന്നും കാണുന്നു. ഈ ഉത്ഖനനം അക്കാലത്തെ ജീവിതരീതികളിലേക്കുളള പല പുതിയ ഉള്‍ക്കാഴ്ചകളും നമുക്ക് ഇനിയും നല്കാനിരിക്കുന്നു. അക്കാലത്ത് നിലവിലിരുന്ന സാങ്കേതികവിദ്യകളും നിര്‍മ്മാണവൈദഗ്ദ്ധ്യവും അനാവരണം ചെയ്യാന്‍ ഈ ശ്രമങ്ങള്‍ ്രമങ്ങള്ാനവൈടളുടെയും പട ഏറെ സഹായകമാകും. സംഘകാലം മുതലുള്ള ഇവിടത്തെ സാമൂഹ്യക്രമങ്ങളെപ്പറ്റിയും സാമ്പത്തികസ്ഥിതിയെപ്പറ്റിയും അറിയാനും ഈ ഗവേഷണപദ്ധതി നമ്മെ സഹായിക്കാതിരിക്കില്ല.

അക്കാദമികതലത്തില്‍ നടത്തപ്പെടുന്നതാണ് ഈ ഖനനപ്രവൃത്തികള്‍. ആ തലത്തില്‍ മാത്രം ചെയ്യാന്‍ കഴിയുന്ന, ചിട്ടയായി നടത്തപ്പെടുന്ന, ധാരാളം പണച്ചിലവുള്ള ഇത്തരം ശ്രമങ്ങളില്‍ നിന്ന് നമുക്ക് കിട്ടുന്ന അറിവുകള്‍ പ്രാഥമികമായി ചരിത്രവിദ്യാര്‍ത്ഥികളെയും ഗവേഷകരെയും ഉദ്ദേശിച്ചുള്ളതായിരിക്കും. അവ ക്രോഡികരിക്കപ്പെട്ട അറിവായി സര്‍വ്വകലാശാലകളിലേക്കും മറ്റു ഗ്രന്ഥപ്പുരകളിലെക്കുമെത്തുകയും ചെയ്യുന്നു. അപ്പോള്‍ ആര്‍ക്കു വേണമെങ്കിലും ഇക്കാലത്ത് ഇന്റര്‍നെറ്റിന്റെ സഹായത്തോടെയും മറ്റും ഇവയെല്ലാം കഴിയുംവേഗം ലഭ്യമാക്കാനും സാധിക്കും. ഇക്കൂട്ടത്തില്‍ ആദ്യം പറഞ്ഞ രണ്ടു കൂട്ടര്‍ക്കും അവരുടെ വിദ്യാഭ്യാസയോഗ്യതകള്‍ ഉയര്‍ത്താനോ തൊഴിലിലെ ഉന്നമനത്തിന്നോ ഈ ജ്ഞാനസമ്പാദനം നേരിട്ട് സഹായിച്ചേക്കും. എന്നാല്‍ ഈ അറിവുകള്‍ സാധാരണക്കാര്‍ക്ക് എങ്ങിനെയാണ് നേരിട്ട് ഉപയോഗപ്പെടുത്താനാകുക എന്ന കാര്യം കൂടി ഇവിടെ ചിന്തനീയമാകുന്നുണ്ട്. ഈ വിജ്ഞാനം അവര്‍ക്ക് എത്തിക്കിട്ടുന്നത് അക്കാദമികമാതൃകയില്‍ത്തന്നെയാകുന്നു എന്ന കാര്യം നാം ഓര്‍ക്കുക. അക്കാദമികമായി അറിവുകള്‍ കൈകാര്യം ചെയ്യാന്‍ സാധാരണക്കാര്‍ക്ക് താത്പര്യമൊന്നുമുണ്ടാവില്ല. അവര്‍ക്ക് അതങ്ങിനെ കിട്ടുന്നതുകൊണ്ട് യാതൊരു ഉപയോഗവുമില്ല. പെട്ടെന്നൊന്നും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും പറ്റാത്ത ഭാഷകളും വാക്കുകളും ശൈലികളും ഒക്കെയായിരിക്കും അതിനുണ്ടാകുക. അപാരമായ പശ്ചാത്തലപരിജ്ഞാനം കൂടി അവിടെ ആവശ്യമായിവരും. അങ്ങിനെ കടിച്ചാല്‍ പൊട്ടാത്ത ഭക്ഷണമായി മുന്നിലെത്തുന്ന ആ വസ്തുതകളുടെ നേരെ ആരും തിരിഞ്ഞു നോക്കുകപോലുമില്ലല്ലോ. വല്ലതും കിട്ടിയാല്‍ തന്നെ അത് അവരെ തെറ്റിദ്ധരിപ്പിക്കത്തക്കവണ്ണം സാമൂഹ്യക്രമങ്ങളിലും ഭരണപരമായ വികാസത്തിതിലും സമ്പൂര്‍ണമായി വികസിച്ചു കഴിഞ്ഞാണ് മനുഷ്യന്‍ ഭൂമിയില്‍ ആദിമകാലത്തുതന്നെ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്ന മുന്‍വിധിയോടെയുമായിരിക്കും.

ഈ അവസ്ഥയ്ക്ക് കാരണം അവരില്‍ ഭൂരിഭാഗവും ദൈനംദിനജീവിതത്തിന്റെ കാണാക്കുരുക്കുകള്‍ക്കിടയില്‍, ഗാര്‍ഹസ്ഥ്യത്തിന്റെ കര്‍മ്മനിരതകള്‍ക്കിടയില്‍ തങ്ങളുടെ സമയം ചെലവഴിക്കാന്‍ ബാദ്ധ്യതപ്പെട്ടവരാണ് എന്നതാണ്. അവര്‍ക്കാവശ്യം ഈ അറിവുകളുടെ അക്കാദമികരൂപങ്ങളല്ല. പകരം അവയില്‍ നിന്നുള്ള പ്രായോഗികവും എളുപ്പം ദഹിച്ചു കിട്ടുന്നതുമായ അറിവുകളാണ്. അവര്‍ക്ക് വേണ്ടത് നമ്മുടെ സമൂഹം പഴയകാലത്ത് എങ്ങിനെയായിരുന്നെന്നും അതില്‍ നിന്ന് ഇന്നത്തെ കാലത്തേക്കുള്ള സാമൂഹ്യപരിണാമത്തിനിടയില്‍ നടന്നിട്ടുള്ള പരീക്ഷണങ്ങളും അന്ത:സംഘര്‍ഷങ്ങളും ഇന്നത്തെ ജീവിതത്തില്‍ എത്തിനില്ക്കുമ്പോള്‍ വരുത്തിത്തീര്‍ത്ത പുരോഗമനപരങ്ങളായ മാറ്റങ്ങളുടെ കഥകളുമാകുന്നു. കൂട്ടത്തില്‍ അവരുടെ മനസ്സില്‍ അപ്പപ്പോള്‍ ഉടലെടുക്കുന്ന കുറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും അവര്‍ പ്രതീക്ഷിക്കും. ആയുര്‍ദൈര്‍ഘ്യം കൂട്ടാനും ഭക്ഷണസമ്പാദനം ലളിതവും ആയാസരഹിതവുമാക്കാനും വരുംതലമുറകളെ ജീവിതായോധനത്തിന്നു പ്രാപ്തരാക്കിക്കൊണ്ടു വളര്‍ത്തിയെടുക്കുന്നതിന്നും ഒക്കെ ആവശ്യമായ കൂടുതല്‍കൂടുതല്‍ സാദ്ധ്യതകള്‍ കണ്ടെത്താനും ചരിത്രത്തില്‍ നിന്നുള്ള ഈ അറിവുകള്‍ അവനു പ്രയോജനപ്പെടെണ്ടതുണ്ട്. ആ ദിശയില്‍ സ്ഫുടം ചെയ്തെടുത്ത അറിവുകള്‍ നിര്‍മ്മിക്കാനും അവ സാധാരണക്കാര്‍ക്കെത്തിക്കാനും ഇത്തരം ചരിത്രഗവേഷണങ്ങളുടെ ഭാഗമായി അക്കാദമിക്കുകള്‍ക്ക് കഴിയേണ്ടതുണ്ട്. അതല്ലാതെ വരുമ്പോള്‍ ഇത് അവര്‍ക്ക് തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുള്ള ഒരവസരം മാത്രമായി മാറുന്നു. നാം കുഴിച്ചെടുത്ത് പരിശോധിക്കുന്നത് അക്കാദമികര്‍ക്ക് മാത്രം വേണ്ട ചരിത്രമല്ല. ജനസാമാന്യത്തിനുവേണ്ട ചരിത്രം കൂടിയാകുന്നു. ഖനനങ്ങളില്‍ നിന്നും മറ്റു ചരിത്രസ്മാരകങ്ങളില്‍ നിന്നും, അതല്ലെങ്കില്‍ നൂറ്റാണ്ടുകളായി മനുഷ്യവാസത്തിന്റെ തുടര്‍ച്ചകള്‍ ഇന്നും നീണ്ടുനില്‍ക്കുന്ന ജനവാസസങ്കേതങ്ങളില്‍നിന്നും മറ്റുമായി നമുക്ക് മുമ്പിലെത്തുന്ന വിവരങ്ങളെ നോക്കി കുറെയേറെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടുവേണം അത് നിര്‍മ്മിച്ചെടുക്കാന്‍.

ചരിത്രപഠനത്തിന്റെ കാര്യത്തില്‍ നാം ഉപയോഗപ്പെടുത്തുന്ന വിവിധങ്ങളായ ജ്ഞാനസമ്പാദനശ്രമങ്ങളുടെ പാരസ്പര്യവും വിശ്വാസ്യതയും പോലെത്തന്നെ പ്രധാനമാണ് അവയുടെ ഫലനിരീക്ഷണങ്ങളില്‍ നിന്ന് നിര്‍ദ്ധാരണം ചെയ്തെടുക്കുന്ന യുക്തിസഹങ്ങളും പ്രായോഗികങ്ങളുമായ അറിവുകള്‍ സൃഷ്ടിയും. അതായത് ആത്മവിശ്വാസത്തോടെ ജീവിതായോധനത്തിന്നിറങ്ങുമ്പോള്‍ ഭൂതകാലാനുഭവങ്ങളില്‍ നിന്ന് കാലത്തിനൊത്ത് നിര്‍മ്മിച്ചെടുക്കുന്ന പുത്തന്‍മിടുക്കുകകള്‍ അടുത്ത തലമുറയ്ക്കു കൈമാറാന്‍കിട്ടുന്നതിന്റെ ധാരാളിത്തമാണ് ഏതു ചരിത്രപഠനശ്രമങ്ങളുടെയും വിജയം നിര്‍ണ്ണയിക്കുന്നത്. (ഇത്തരം ശ്രമങ്ങള്‍ നിത്യജീവിതത്തില്‍ നാമറിയാതെ എല്ലാവരും പലപ്പോഴും നടത്തുന്നുണ്ട്.) അതല്ലാതെ കേരളമെന്നു കേട്ടാല്‍ ഞരമ്പുകളില്‍ ചോര തിളക്കാന്‍ മാത്രം ആളുകളെ പ്രാപ്തരാക്കാനാകരുത് അത്. ഇവിടെ സാധാരണക്കാര്‍ക്ക് ഈ ശ്രമങ്ങള്‍കൊണ്ടു എന്താണ് ലഭ്യമാക്കേണ്ടതെന്ന കാര്യം നാം മുന്‍കൂട്ടി മനസ്സിലുറപ്പിക്കേണ്ടിവരുന്നു. അവരെ ചരിത്രബോധത്തിന്റെ കാര്യത്തില്‍ വഴിതെറ്റിപ്പിക്കുന്ന സമീപനങ്ങള്‍ ഇവ എടുക്കുന്നുണ്ടോ എന്നും നാം നിരീക്ഷിക്കേണ്ടതുണ്ടു്. അവര്‍ക്ക് ഇതില്‍നിന്ന് നേരിട്ട് നേട്ടങ്ങളൊന്നുമില്ല. അതുള്ളത് ഗവേഷകര്‍ക്കും ഇതുമായി ബന്ധപ്പെടുന്ന അക്കാദമികര്‍ക്കും മാത്രമാണ്. അതുകൊണ്ടു തന്നെ നിത്യവൃത്തികള്‍ക്കായി നെട്ടോട്ടമോടുന്നതിനിടയില്‍ അവര്‍ ഈ ചരിത്രപഠനശ്രമങ്ങളെ പലപ്പോഴും അവഗണിക്കുന്ന പതിവുമുണ്ട്. അത് മുതലെടുത്തുകൊണ്ട് മറ്റാരോടും ബാദ്ധ്യതകളൊന്നുമില്ലാത്തമട്ടില്‍ ചരിത്രപഠനശ്രമങ്ങള്‍ തങ്ങള്‍ക്കു തോന്നിയമട്ടില്‍ ചെയ്തു് കാലംകഴിക്കുന്ന ചരിത്രാന്വേഷികളും നമുക്കിടയിലുണ്ടാകുന്നു. അതിനൊരുദാഹരണമാണ് ക്ലിയോപാട്ര കേരളത്തില്‍ നിന്ന് കപ്പല്‍ കയറിപ്പോയ സ്ത്രീയാണെന്ന മട്ടില്‍ നടത്തപ്പെട്ട കഴിഞ്ഞകാലത്തെ ഒരു ശ്രമം. ക്രിസ്തുവിനും മുമ്പ്, ആ ചരിത്രസംഭവം അന്നത്തെ ഭൌതികചുറ്റുപാടുകളില്‍ അങ്ങിനെത്തന്നെ സംഭവിച്ചതാണെന്നു സങ്കല്പിച്ചാല്‍പ്പോലും ഇന്നത്തെ കേരളീയന് അവന്റെ സമകാലീനജീവിതത്തിലേക്കു് എന്ത് ക്രിയാത്മകമായ ഉള്‍കാഴ്ചയാണ് അതിനു നല്കാനുള്ളത്! അതുപോലുള്ള പരാമര്‍ശങ്ങള്‍ ആരുടെ ചോര എന്തിനു തിളപ്പിക്കാനാണ് നടത്തുന്നതെന്ന കാര്യവും ഇവിടെ ആലോചനീയമാകുന്നു.

ഉദാഹരണത്തിന് വിദേശങ്ങളുമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനാകെ പണ്ടുകാലത്തു് ഉണ്ടായിരുന്ന സമ്പര്‍ക്കങ്ങളുടെ ചരിത്രം തന്നെയെടുക്കാം. തമിഴ് നാട്ടിലെ അരിക്കമേട്ടില്‍ നിന്നും ഇതുപോലെ റോമന്‍ സാമ്രാജ്യകാലത്തെ മണ്‍പാത്രശകലങ്ങളും മറ്റു തരത്തിലുള്ള പുരാവസ്തുക്കളും അവിടെയുണ്ടായിരുന്ന റോമന്‍കച്ചവടകേന്ദ്രത്തിന്റെ ബാക്കിയായി കണ്ടുകിട്ടിയിട്ടുണ്ട്. അതിനപ്പുറം ബംഗാള്‍ - ഒറിസ്സ തീരങ്ങളിലും ഇത്തരം കച്ചവടസങ്കേതങ്ങളുണ്ടായിരുന്നതിനെപ്പറ്റി പറഞ്ഞുകേള്‍ക്കുന്നു. അതുപോലെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തിന്റെ വടക്കന്മേഖലകളിലും ഇത്തരം താവളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രാഥമികമായും കാണിക്കുന്നത് ഇവിടങ്ങളില്‍ സ്വതന്ത്രമായി വര്‍ത്തിച്ചുപോന്ന സമ്പൂര്‍ണ സാംസ്കാരിക-രാഷ്ട്രീയ സംഘാതങ്ങളെപ്പറ്റി കേട്ടറിഞ്ഞു വിദേശവണിക്കുകള്‍ അവിടത്തേക്കു മാത്രമായി എത്തിപ്പെട്ടിരുന്നു എന്നാകാന്‍ വയ്യല്ലോ. മറിച്ച് അവിടങ്ങളിലും കടല്‍വഴി വന്നിരുന്ന റോമന്‍കച്ചവടക്കാര്‍ തമ്പടിച്ചിരുന്നു എന്നേയുള്ളൂ. അതൊന്നും അക്കാലത്ത് അവിടെയുണ്ടായിരുന്ന തദ്ദേശീയസാംസ്കാരത്തിന്റെയോ രാഷ്ട്രീയസ്ഥാപനങ്ങളുടെയോ ഗുണനിലവാരത്തെ നേരിട്ടു തെളിയിക്കുന്നുമില്ല. ഇവിടങ്ങളിലൊന്നും വമ്പന്‍സംഘങ്ങളായി റോമാക്കാര്‍ വന്നു് അധിനിവേശങ്ങളും നടത്തിയിട്ടില്ല. അത് മദ്ധ്യധരണിക്കടലിന്റെ തീരങ്ങളിലേ സംഭവിച്ചിട്ടുള്ളൂ. ദീര്‍ഘയാത്രകള്‍ക്ക് സജ്ജമായ കടല്‍യാനങ്ങളും നാവികസേനാസംവിധാനങ്ങളും അക്കാലത്ത് ഉണ്ടായിക്കഴിഞ്ഞിട്ടില്ലെന്നതാകാം കാരണം. മറിച്ച് വന്‍കരകളുടെ കരപറ്റിയാണ് അക്കാലത്ത് സമുദ്രയാനങ്ങള്‍ അധികവും യാത്രചെയ്തിരുന്നത് എന്ന വസ്തുതയിലേക്കുള്ള ചൂണ്ടുപലകകൂടിയാണത്. അതിനും പടിഞ്ഞാറ് റോമന്‍കേന്ദ്രങ്ങളുമായി വാണിജ്യം നടന്നിരുന്നത് പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റേയും ചെങ്കടലിന്റെയും തീരങ്ങള്‍പറ്റി യാത്ര ചെയ്തിരുന്ന കപ്പലുകള്‍ വഴിയാണ്. റോമില്‍നിന്ന് നേരെ കേരളത്തിലോ ചൈനയിലോ എത്തിപ്പെടാനുള്ള കപ്പലോട്ടവിദ്യകള്‍ അക്കാലത്ത് ഉണ്ടായിക്കഴിഞ്ഞിരുന്നില്ല ചെങ്കടലും മദ്ധ്യധരണിക്കടലും തമ്മില്‍ ബന്ധവുമുണ്ടായിരുന്നില്ല. പ്രത്യുത അടുത്തടുത്ത കടല്‍ത്തീരതാവളങ്ങള്‍ തമ്മില്‍ പകര്‍ന്നു പകര്‍ന്നു പോകുന്ന ഒന്നായിരുന്നു അത്. പശ്ചിമേഷ്യന്‍തീരങ്ങളില്‍നിന്ന് ഇവിടങ്ങളിലേക്കും തിരിച്ചും ചരക്കുകള്‍ എത്തിപ്പെടാന്‍ മാസങ്ങളോ വര്‍ഷങ്ങള്‍തന്നെയോ വേണ്ടിവന്നിരുന്നു. അക്കാലത്ത് ഒരു തവണ ഇന്ത്യന്‍തീരങ്ങളില്‍നിന്നു തിരികെയെത്താന്‍ മൂന്ന് വര്‍ഷം വേണ്ടിയിരുന്നു എന്നാണ് റോമന്‍രേഖകള്‍ കാണിക്കുന്നത്. റോമാസാമ്രാജ്യവുമായി (റോമുമായിട്ടല്ല) ഉണ്ടായിരുന്ന കച്ചവടങ്ങള്‍തന്നെ ആ പ്രദേശവുമായി – ഇറ്റാലിയന്‍ ഉപദ്വീപുമായി - നേരിട്ടല്ല, പ്രത്യുത അതിന്റെ കോളനികളോ അധിനിവേശദേശങ്ങളോ ഉണ്ടായിരുന്ന മദ്ധ്യധരണിതീരങ്ങള്‍ വഴിയായിരുന്നു. കടല്‍മാത്രമല്ല ധാരാളം കരപ്രദേശങ്ങളും കടത്തിക്കൊണ്ടാണ് ആ കൊള്ളക്കൊടുക്കകളൊക്കെ നടന്നിട്ടുള്ളത്. അവിടങ്ങളും റോമാസാമ്രാജ്യം തന്നെയായിരുന്നു എന്നും നാം ഓര്‍ക്കണം. അങ്ങിനെ വരുമ്പോള്‍ ആ സാമ്രാജ്യം നമുക്ക് കുറേക്കൂടി അടുത്തുണ്ടായിരുന്നു എന്നും വരുന്നു. ഇങ്ങോട്ടുള്ള കച്ചവടക്കാര്‍ പുറപ്പെട്ടിരുന്നത് സാക്ഷാല്‍ റോമില്‍ നിന്നായിരുന്നില്ല എന്ന് ചുരുക്കം.

ഇത്തരം അറിവുകള്‍ നിര്‍മ്മിച്ചെടുക്കാനും അക്കാദമികര്‍ക്കേ സാധിക്കൂ. അവയെകൂടി കൂട്ടിചേര്‍ത്തുകൊണ്ടാകണം ഇവരുടെ ഗവേഷണഫലങ്ങള്‍ സാമാന്യജനങ്ങള്‍ക്ക് ലഭ്യമാക്കാവൂ എന്നാണു ഇവിടെ ഉദ്ദേശിക്കുന്നത്. ഖനനം ചെയ്യുമ്പോള്‍ കിട്ടുന്ന തെളിവുസാമാഗ്രികള്‍ കരുതിവക്കുകയും അവയെക്കുറിച്ച് രേഖകള്‍ ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അവയെയും ഇന്നത്തെ കാലത്തെയും കൂട്ടിയിണക്കുന്ന നിഗമനങ്ങള്‍ സാമൂഹ്യപ്രതിബദ്ധതയോടെ സൃഷ്ടിക്കാനും അവര്‍ക്ക് കഴിയണമെന്നേ ഇവിടെ സൂചിപ്പിക്കുന്നുള്ളൂ. ഓരോ താവളങ്ങളെയും ഇന്നത്തെ പോലെ ഒറ്റ തിരിച്ചു പരിഗണിക്കുമ്പോള്‍ റോമില്‍നിന്ന് കപ്പലുകള്‍ നേരിട്ട് കേരളത്തിലോ ഗുജറാത്ത്തീരങ്ങളിലോ ചൈനയിലോ എത്തിപ്പെട്ടിരുന്നു എന്ന് ആളുകള്‍ കരുതിപ്പോകും വിധമുള്ള അറിവുകളാകും കൂടുതലും സൃഷ്ടിക്കപ്പെടുക. ഇത് സാധാരണക്കാര്‍ക്ക് കിട്ടുന്ന തെറ്റായ അറിവാകുന്നു. അതവരെ ആയിരക്കണക്കിന് വര്‍ഷം മുമ്പേ തന്നെ ഇവിടെ ഐശ്വര്യസമൃദ്ധവും എല്ലാ ജീവിതസൌകര്യങ്ങളും നിറഞ്ഞതുമായ ഒരു നാഗരികത, ഏതാണ്ട് ഇന്നത്തെതു പോലെയുള്ള ഒന്ന് തന്നെ, നിലനിന്നിരുന്നു എന്ന് തെറ്റിദ്ധരിക്കാനും തങ്ങളുടെ പഴമയില്‍ അമിതമായി ഊറ്റം കൊള്ളാനും അഭിരമിക്കുവാനും മാത്രം ഇടവരുത്തുകയും ചെയ്യും.

അതുപോലെത്തന്നെയാണ് അക്കാലത്ത് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്ന സാമൂഹ്യ-സാമ്പത്തികസംവിധാനങ്ങളെക്കുറിച്ച് ഇത്തരം പഠനങ്ങളില്‍നിന്ന് പുറത്തെത്തേണ്ട അറിവുകള്‍. ഒരു വമ്പന്‍ കൊള്ളക്കൊടുക്ക നടത്താന്‍മാത്രം ചോദനകളുള്ള (Demand) അതിസമ്പന്നമായ, ധാരാളം ആളുകളുള്ള ഒരു സമൂഹം അക്കാലത്ത് കേരളക്കരയില്‍ എവിടെയാണ് ഉണ്ടായിരുന്നത് എന്ന കാര്യം അന്വേഷിച്ചാല്‍ നാം എത്തിപ്പെടുന്നത് എവിടെയായിരിക്കാം? ക്രിസ്തുവിനു മുമ്പുള്ള ശതകങ്ങളിലെ കേരളക്കരയിലെ ജനസംഖ്യ – ഇവിടെ മാത്രമല്ല ലോകത്തെല്ലായിടത്തും സ്ഥിതി അതായിരുന്നു - തുലോം കുറവായിരുന്നു. ഇന്നത്തെപ്പോലെ ഈ കരപ്രദേശം മുഴുവന്‍ വ്യാപരിച്ചുനില്കാന്‍പോന്ന ആള്‍ബലമൊന്നും ഇവിടത്തെ സാമ്പത്തിക - സാമുദായിക സംഘാതങ്ങള്‍ക്ക് അന്ന് ഉണ്ടാകാടാനിടയില്ലെന്ന് ആര്‍ക്കും ചിന്തിക്കാവുന്നതേയുള്ളൂ. അറുപതുവര്‍ഷം മുമ്പ് ഇന്ത്യയിലെ ജനസംഖ്യ മുപ്പത്താറു കോടിയും ഇന്നത് നൂറ്റിപ്പതിനേഴു കോടിയും ആണെന്ന് ഓര്‍ക്കുക. കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഏതാണ്ട് ഒന്നരക്കോടിയോളം മാത്രമായിരുന്നു കേരളത്തിലെ ജനസംഖ്യ. അത് ശരിയാണെങ്കില്‍ വടക്കുനിന്നുള്ള വമ്പന്‍ കുടിയേറ്റങ്ങള്‍ ഇവിടെയെത്തുന്നതിന്റെ നാലോ അഞ്ചോ ശതകങ്ങള്‍ക്ക് മുമ്പുള്ള സംഘകാലത്ത് അത് ഏറെക്കുറെ ഒന്നോ രണ്ടോ ലക്ഷമെങ്കിലും ഉണ്ടായിരുന്നുവോ എന്ന കാര്യം തന്നെ സംശയമാകുന്നു. മംഗലാപുരം മുതല്‍ കന്യാകുമാരി വരെയുള്ള സ്ഥലങ്ങളിലെല്ലാം കൂടി അത്രയുംപേര്‍ മാത്രം അധിവസിച്ചിരുന്നാലത്തെ സ്ഥിതി എന്തായിരുന്നിരിക്കും? ജനസാന്ദ്രത നന്നേ കുറവായിരുന്നു അക്കാലത്തെന്നു നാം കാണാതിരിക്കരുത്.

അക്കാലത്തുണ്ടായിരുന്ന ഇന്നറിയപ്പെടുന്ന ജനവസകേന്ദ്രങ്ങളെല്ലാം തന്നെ കടലോരങ്ങളിലായിരുന്നു എന്ന് മറ്റൊരു ശ്രദ്ധേയമായ വസ്തുതയും അപ്പോള്‍ നാം കാണുന്നു. വിഴിഞ്ഞം, കുരക്കേണി കൊല്ലം, ആറാട്ടുപുഴ, പറവൂര്‍, കൊടുങ്ങല്ലൂര്‍, ചേറ്റുവ, പൊന്നാനി, കോഴിക്കോട്, പന്തലായനി, വളപട്ടണം അങ്ങിനെ പോകുന്നു അവ. കേരളത്തിന്റെ കടല്‍ക്കര അനുസ്യുതമായി നീണ്ടുകിടക്കുന്ന ഒരു പട്ടണംപോലെ തോന്നിക്കുമെന്നു അക്കാലത്തെ സഞ്ചാരികള്‍ പ്രസ്താവിച്ചിട്ടുമുണ്ട്. എന്തുകൊണ്ടാകാം ഇവിടത്തെ ജനവാസകേന്ദ്രങ്ങളുടെ ആദ്യസ്ഫുരണങ്ങള്‍ കടലോരങ്ങളില്‍നിന്ന് തന്നെ കണ്ടുകിട്ടുന്നത് എന്ന ചോദ്യം ന്യായമായും ഇവിടെ ഉയര്‍ന്നുവരാം. അവയ്ക്ക് കിഴക്ക് ജനവാസകേന്ദ്രങ്ങളെക്കുറിച്ചു നാം കാര്യമായി കേള്‍ക്കുന്നത് എ. ഡി. പന്ത്രണ്ടാം നൂറ്റാണ്ടിനിപ്പുറം മാത്രമാണ്. വടക്ക് നിന്ന് വന്ന മനുഷ്യപ്രയാണങ്ങളും തെക്കുനിന്നെത്തിയ പോലെ കടല്‍ക്കര പറ്റിയാണ് പകര്‍ന്നുവന്നതെന്ന് കാണുക. അല്ലാതുള്ളവ സഹ്യപര്‍വ്വതവനമേഖലയുടെ പ്രാന്തപ്രദേശങ്ങളിലാണ് ഉണ്ടായിരുന്നത്. അവതന്നെ മലകള്‍ പകര്‍ന്നുപോകാന്‍ തുനിഞ്ഞവരുടെ വഴിയോരകേന്ദ്രങ്ങളായിരുന്നു എന്നും കണക്കാക്കാവുന്നതാണ്. കാരണം ആ വഴികള്‍ക്ക് പകരമായി ഇടനാടുകളിലൂടെയുള്ള മറ്റു യാത്രാവഴികളും വാണിജ്യവും വികസിക്കുന്നതോടെ, കൂടുതല്‍ ശക്തങ്ങളായ നാട്ടുരാജ്യങ്ങളുടെ ആവിര്‍ഭാവത്തോടെ, ശബരിമല, കുളത്തൂപ്പുഴ പോലുള്ള ഈ മലയോരസങ്കേതങ്ങള്‍ കുറേക്കാലത്തെങ്കിലും വിസ്മൃതിയിലാണ്ടുപോകുന്നുമുണ്ട്. അവ ഉടലെടുക്കുന്നത് ക്രിസ്തുവര്‍ഷത്തിന്റെ ആരംഭത്തോടെയാകാനും മതി. അതായത് അശോകന്റെ കാലം മുതല്‍ നടന്നുപോന്ന ബുദ്ധധര്‍മപ്രചാരണത്തിന്റെ സമ്മര്‍ദം കിഴക്കുനിന്നു സഹ്യപര്‍വ്വതപ്രാന്തങ്ങളിലേക്ക് എത്തിയതിന്റെ ബാക്കിപത്രമാണ് അവ. അങ്ങിനെ വരുമ്പോള്‍ റോമാക്കാരുമായി കച്ചവടമുണ്ടായിരുന്നുവെന്നു കാണുന്ന എ. ഡി ആദ്യ ശതകങ്ങളില്‍ കേരളത്തിലെ ജനവിതരണം കടല്‍ക്കരകളിലൊതുങ്ങിയിരുന്നു എന്നുതന്നെ വേണം നാം ഉറപ്പിക്കേണ്ടത്.

ഇത് കാണിക്കുന്നത് യാത്രാസൗകര്യങ്ങള്‍ വികസിച്ചുവരാന്‍ ഏറ്റവും സൌകര്യമുണ്ടായിരുന്ന കടല്ത്തീരങ്ങളിലാണ് മനുഷ്യവാസം ഇവിടെ ആദ്യമായി സ്ഥിരമായി കാണപ്പെടുന്നതെന്നാണ്. ഉള്‍നാടുകളെയോ, സഹ്യപര്‍വ്വതപ്രാന്തങ്ങളെ യോ അപേക്ഷിച്ച് അവിടങ്ങളിലൂടെ ആളുകള്‍ക്ക് നിര്‍ബാധം യാത്രചെയ്യാമായിരുന്നു. ദുര്‍ഗ്ഗമത ഒട്ടും തന്നെയില്ല. തെക്ക് നിന്ന് വന്നവര്‍ക്കും വടക്ക് നിന്ന് വന്നവര്‍ക്കും തോടുകളും പുഴകളും മുറിച്ചുകടക്കാന്‍ വേണ്ട സാങ്കേതികജ്ഞാനം കാലങ്ങളായി ലഭ്യമായിരുന്നുതാനും. ഇതിനോടടുത്ത് കിടക്കുന്ന പ്രദേശങ്ങളില്‍ നെല്‍ക്കൃഷിക്കാവശ്യമായ ഭൂമി വികസിപ്പിച്ചെടുക്കാന്‍ അമിതാദ്ധ്വാനമൊന്നും വേണ്ട. ഭക്ഷണത്തിനു വേണ്ട ഈ നെല്ലിന്റെ ലഭ്യതയാണ് – അല്ലെങ്കില്‍ അത് കൃഷിചെയ്യാനാവശ്യമായ കാലാവസ്ഥയുടെയും സ്ഥലത്തിന്റെയും ലഭ്യതയാണ്, പില്‍ക്കാലത്ത് കൂടുതല്‍ക്കൂടുതല്‍ ആളുകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. കടല്‍ക്കരയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ക്കൂടി നെല്‍ക്കൃഷി കിഴക്കോട്ട് വ്യാപിക്കുമ്പോഴാകാം പില്‍ക്കാലത്തെ രാഷ്ട്രീയസംവിധാനങ്ങളായിരുന്ന വള്ളുവക്കോനാതിരിയും പോര്‍ളാതിരിയും, സാമൂതിരിയും, കൊച്ചിയും എല്ലാം അടങ്ങുന്ന സ്വരൂപങ്ങളും നാടുവാഴികളും രൂപം കൊള്ളുന്നത്. ഇടനാടുകള്‍ ജനസാന്ദ്രമാകുന്നത് നെല്‍ക്കൃഷിയുടെ വ്യാപനത്തോടെ, അതായത് നാട്ടുരാജ്യങ്ങളുടെ ഉദയത്തോടെയും അവയുടെ വികാസത്തോടെയും മാത്രമാകാം.

അപ്പോള്‍ നമുക്ക് അടുത്ത് ചോദിക്കാവുന്ന ഒരു ചോദ്യം അക്കാലത്ത് എന്തിനാണ്, അല്ലെങ്കില്‍ ആരെ കണ്ടുകൊണ്ടാണ് റോമാക്കാര്‍ക്ക് വേണ്ടിയുള്ള കച്ചവടസംഘങ്ങള്‍ നമ്മുടെ തീരങ്ങളില്‍ വന്നുപോയത് എന്നാണു്. പോര്‍ച്ചുഗീസുകാരെത്തിയപ്പൊഴുണ്ടാ യിരുന്ന സാമൂതിരിയെപ്പോലുള്ള രാജാക്കന്മാരും നാട്ടുരാജ്യവ്യവസ്ഥകളും റോമന്‍വണിക്കുകളുടെ കാലത്തും ഉണ്ടായിരുന്നെങ്കില്‍ അപ്പോഴും കച്ചവടാവകാശങ്ങള്‍ ഉറപ്പിക്കാനും കോളനികള്‍ കെട്ടാനും വേണ്ടിയുള്ള യുദ്ധങ്ങള്‍ നടക്കണമായിരുന്നു. നിലവിലുള്ള ഒരു ഭരണാധികാരിയും നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലാത്ത വിദേശവാണിജ്യം പ്രോത്സാഹിപ്പിക്കുകയില്ല. അതുപോലെ കച്ചവടം എക്കാലത്തും ലാഭോന്മുഖമായതുകൊണ്ട് വണിക്കുകളുടെ ഭാഗത്ത് നിന്ന് അത് ഏറ്റവും കൂടിയ ലാഭത്തോടെ നടത്താനുള്ള അവസരങ്ങള്‍ക്ക് വേണ്ടിയുള്ള ചേരിതിരിവുകളും വടംവലികളും സാധാരണമായിരിക്കും. അപ്പോള്‍ സംഘര്‍ഷങ്ങളും സംഘടിതങ്ങളായ യുദ്ധങ്ങളും അതിന്റെ ഭാഗമായേ തീരൂ. പക്ഷെ ക്രിസ്തു ആദ്യശതകങ്ങളില്‍ നിന്നൊന്നും അത്തരം സംഘര്‍ഷങ്ങളുടെ ഒരു വാര്‍ത്തയും കേരളതീരങ്ങളില്‍നിന്നു നമുക്ക് കിട്ടുന്നില്ല. അത് കാണിക്കുന്നത് സംഘര്‍ഷാത്മകമായ വാണിജ്യതന്ത്രങ്ങള്‍ വികസിപ്പിക്കേണ്ട ആവശ്യം റോമന്‍കച്ചവടക്കാര്‍ക്ക് ഇവിടെ ഉണ്ടായിരുന്നില്ല എന്നാണു്. അതേസമയം ഈജിപ്ത്, പടിഞ്ഞാറന്‍ ഏഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ അവര്‍ യുദ്ധതന്ത്രങ്ങള്‍ സുസംഘടിതമായിത്തന്നെ പ്രയോഗിക്കുന്നുമുണ്ടായിരുന്നു. അതിന്നര്‍ത്ഥം, അവര്‍ക്കിവിടെ ആരോടെങ്കിലും എതിരിടേണ്ടതുണ്ടായിരുന്നില്ല എന്നാണു്. ഇത് അക്കാലത്തെ കേരളിയരുടെ സന്മനസ്സായി വ്യഖ്യാനിക്കപ്പെടുകയാണ് പതിവ്. പക്ഷെ വാസ്തവം ഇവിടെ കച്ചവടരൂപങ്ങള്‍, അതിന്റെ demand – supply - price സമവാക്യങ്ങള്‍ക്ക് അന്നും വശപ്പെട്ടുതുടങ്ങിയിരുന്നില്ല എന്നതാകാം. കടല്‍ത്തീരത്തിനോടുചേര്‍ന്ന പ്രദേശങ്ങളില്‍നിന്ന് കിട്ടുന്ന സുഗന്ധവ്യഞ്ജനങ്ങളും മറ്റും റോമാക്കാര്‍ക്ക് അക്കാലത്ത് നിര്‍ബാധം കിട്ടുക പതിവായിരുന്നിരിക്കും. ഒരു പക്ഷെ അന്ന് അവ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും തുടങ്ങിക്കാണില്ല. അതിനു വേണ്ട മനുഷ്യവിഭവശേഷിയും അന്നുണ്ടായിരുന്നിരിക്കില്ല. കാടുകളില്‍നിന്ന് ശേഖരിക്കുന്നവയായിരിക്കും അന്നവ. അതുതന്നെ വളരെ എളുപ്പം കിട്ടിയിട്ടിട്ടുമുണ്ടാകും. അവിടെ നമ്മള്‍ എത്തിപ്പെടാവുന്നത് കേരളക്കരയില്‍ അക്കാലത്ത് സുസംഘടിതവും ആവശ്യാനുസരണം യുദ്ധസജ്ജമാക്കാന്‍ കഴിയുന്നതുമായ ഭരണസംവിധാനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നിടത്തേക്കുമാണ്.

നമ്മുടെ മനസ്സില്‍ ഉയര്‍ന്നുവരുന്ന പിന്നീടുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി നമുക്ക് ഇങ്ങിനെയുള്ള നിഗമനങ്ങളിലുമെത്താം. അതായത് ധാരാളം സൈനികരും, യുദ്ധോപകരണങ്ങളുമടങ്ങുന്ന ഏതെങ്കിലും തരത്തിലുള്ള ഒരു സേനാവ്യൂഹം ഇവടെ എവിടെയെങ്കിലും രൂപം കൊള്ളുന്നത് പന്ത്രണ്ടാം നൂറ്റാണ്ടോടെ മാത്രമായിരിക്കണം. അതിന്നു മുമ്പ് ഇവിടെ ഭരണീയരായും ഭരണകര്‍ത്താക്കളായും ഉണ്ടായിരുന്നവരുടെ സംഖ്യ തുലോം കുറവായിരുന്നു. അതുകൊണ്ടു് ഭരണവ്യവസ്ഥകളും അവികസിതങ്ങളായിരുന്നിരിക്കണം. അപ്പോള്‍ കേരളക്കരയിലെ പഴയ ചേരസാമ്രാജ്യങ്ങളെക്കുറിച്ച് ഇക്കാലമത്രയും നമ്മുടെ ചരിത്രകാരന്മാര്‍ എഴുതിവച്ച പലതും അസ്ഥാനത്താണെന്നും നമുക്ക് തോന്നാം, അവയെയും ചോദ്യം ചെയ്യാം. അതുകൊണ്ടുതന്നെ ഇന്നത്തെ രീതിയില്‍ സംഘടിക്കപ്പെട്ടു നില്ക്കുന്ന മതങ്ങളും ജാതിവ്യവസ്ഥകളും അക്കാലം മുതലേ ഇവിടെ നിലവിലുണ്ടായിരുന്നു എന്ന ഏറെക്കുറെ മൌലികവാദപരവും ഇന്നത്തെ വോട്ടുരാഷ്ട്രീയത്തിന്റെ താങ്ങും തൂണുമായി വര്‍ത്തിക്കുകയും ചെയ്യുന്ന വാദങ്ങളും അസ്ഥാനത്ത് തന്നെയെന്നും വരാം. ചരിത്രത്തെ വിശകലനം ചെയ്യുമ്പോള്‍ ഇന്ന് സാധാരണയായി നടന്നുപോരുന്നത് സാമൂഹ്യ-സാമ്പത്തികപരിതോവസ്തകളെല്ലാം വളരെ പണ്ടുതന്നെ എല്ലായിടത്തും ഇന്നത്തെ മട്ടിലേക്ക് വികസിച്ചു കഴിഞ്ഞിരുന്നു എന്ന മട്ടിലായിട്ടുണ്ട്. ലോകത്തിലെ മറ്റു പ്രദേശങ്ങളെപ്പോലെത്തന്നെ ഇവിടേയും പണ്ടുമുതലേ എല്ലാം ഉണ്ടായിക്കഴിഞ്ഞിരുന്നു എന്ന് പൊങ്ങച്ചം പറയാനുള്ള നമ്മുടെ ചരിത്രകാരന്മാരുടെ വാസനയും കൂട്ടത്തില്‍ ഗതകാലസ്മൃതികളില്‍ അഭിരമിച്ചുനില്ക്കാനുള്ള നമ്മുടെയൊക്കെ ദുരഭിമാനവും അതിനു കാരണമാകാം.

കേരളക്കരയിലെ പണ്ടത്തെ ഗതാഗതസംവിധാനങ്ങളെക്കുറിച്ചു വില്യംലോഗനും മറ്റും നടത്തിയിട്ടുള്ള നിരീക്ഷണങ്ങളും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ചക്രങ്ങളിലോടുന്ന വണ്ടികള്‍ പതിനെട്ടാം നൂറ്റാണ്ടു വരെ കേരളക്കരയ്ക്ക് അജ്ഞാതമായിരുന്നു എന്നാണു് അവര്‍ നിരീക്ഷിക്കുന്നത്. രാജാക്കന്മാരും മറ്റു അധികാരസ്ഥരും യാത്രചെയ്തിരുന്നത് മനുഷ്യര്‍ ചുമക്കുന്ന വാഹനങ്ങളിലായിരുന്നു. വഴികളെല്ലാം ഒറ്റയടിപ്പാതകളായിരുന്നു. കുണ്ടനിടവഴികളും കാട്ടുവഴികളും നിറഞ്ഞതായിരുന്നു അക്കാലത്ത് ഉള്‍നാടുകളെല്ലാം. മെച്ചപ്പെട്ട യാത്രാസംവിധാനമെന്നനിലയ്ക്ക് ഒരു മഞ്ചലിനുപോലും കടന്നുപോകാനാകാന്‍ കഴിയാത്തവയായിരുന്നു അതെല്ലാം. കാളവണ്ടികള്‍പോലും കടന്നുവരുന്നത് ടിപ്പുവിന്റെ പടയോട്ടത്തിനുശേഷം മൈസൂര്‍ഭരണം വെട്ടിയുണ്ടാക്കിയ പാതകളിലൂടെയാണ്. എന്നാല്‍ രഥങ്ങളും കുതിരകളുമൊക്കെ പഞ്ചനദത്തിലും ഗംഗാസമതലത്തിലും ക്രിസ്തുവിനു മുമ്പ് തന്നെ പ്രചാരത്തിലായിരുന്നു. ഡെക്കാന്‍സമതലത്തിലും കാവേരി തടങ്ങളിലും അത് അധികം വൈകാതെ എത്തിയിട്ടുമുണ്ട്. ഇതും കാണിക്കുന്നത് ഭൌതികസൌകര്യങ്ങള്‍ കേരളതീരത്ത് വികസിക്കാന്‍ ഇവിടത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മറ്റും കാലതാമസം വരുത്തിയിട്ടുണ്ട് എന്നാണ്. അപ്പോള്‍പ്പിന്നെ ചോളരെപ്പോലെയോ, ചാലൂക്യരെപ്പോലെയോ മൌര്യന്മാരെപ്പോലെയോ ഉള്ള രാജാധികാരങ്ങള്‍ അവര്‍ക്ക് സമകാലീനരായി ഇവിടെയും ഉണ്ടായിരുന്നു എന്ന് പറയുന്നതില്‍ എന്തോ പന്തികേട് തോന്നുന്നില്ലേ എന്നും നമുക്ക് ചോദിക്കാം.

ഭരണസംവിധാനങ്ങളുടെ വികാസത്തിലും ഇക്കാര്യം വ്യക്തമാകുന്നുണ്ട്. ഉദാഹരണത്തിന് സാമൂതിരിമാര്‍ പതിനാലാം നൂറ്റാണ്ടോടെ നെടുങ്ങനാടു സ്വരൂപം കയ്യടക്കിയശേഷം തങ്ങളുടെ പടത്തലവന്മാരെ ഉള്‍നാടുകളിലേക്ക് മാറ്റിത്താമാസിപ്പിക്കുന്നുണ്ട്. അവരുടെ സ്ഥിരംതാവളം കോഴിക്കോട്ട് നിന്ന് പട്ടാമ്പി പ്രദേശങ്ങളിലേക്ക് മാറ്റുന്നതും അന്നത്തെ വികേന്ദ്രീകൃതങ്ങളായ സേനാസന്നാഹങ്ങളുടെ കൈകാര്യകര്‍ത്തൃത്വം നിയന്ത്രിക്കാനായിരിക്കില്ലേ എന്ന ചോദ്യവും ചിലപ്പോള്‍ പ്രസക്തമാകുന്നു. മാമാങ്കത്തിനോ, അരിയിട്ടുവാഴ്ചക്കോ ഒക്കെ ഇക്കൂട്ടര്‍ തിരുനാവായക്കും കോഴിക്കോട്ടെക്കും മറ്റും എത്തുകയായിരുന്നു പതിവ്. പ്രാദേശികനാടുവാഴികള്‍ക്കു ഏറെ സ്വാധീനമുള്ള പടയാളികളെ സത്വരം ഏകോപിപ്പിക്കാന്‍ പട്ടാളത്തലവന്മാര്‍ക്ക് കോഴിക്കോട്ടിരുന്നു സാധിക്കുകയില്ലല്ലോ. ഇന്നത്തെപ്പോലെ ഒരു തലസ്ഥാനത്തിരുന്നു കാര്യങ്ങള്‍ മുഴുവന്‍ നിയന്ത്രിക്കാനാകുന്ന ഭരണസംവിധാനം അന്ന് വികസിച്ച്ചുകഴിഞ്ഞിരുന്നില്ല എന്ന് വ്യക്തം.

ഇക്കൂട്ടത്തില്‍ ജാതി ഒരു സര്‍വ്വകാലപ്രതിഭാസമായിരുന്നു എന്ന നിലയ്ക്ക് ഇന്ന് നടത്തിപ്പോരുന്ന ചരിത്രവിശകലനങ്ങളും മേല്‍പ്പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തില്‍ ചോദ്യം ചെയ്യപ്പെട്ടുവെന്നു വരാം. അത് വേരുപിടിച്ചു ശക്തമാകുന്നത് പില്ക്കാലത്ത് മാത്രമാണെന്നും ഒരു പക്ഷെ നമുക്ക് കണ്ടെത്തേണ്ടിവരാം. ചോദ്യങ്ങള്‍ ചോദിക്കല്‍ തുടരുകയാണെങ്കില്‍ മതവിശ്വാസങ്ങളുടെപേരില്‍ അടച്ചുപൂട്ടപ്പെട്ടുകിടക്കുന്ന വ്യത്യസ്ത കൂട്ടായ്മകളായി മനുഷ്യര്‍ മാറിപ്പോകുന്നതും താരതമ്യേന അടുത്തകാലത്ത് മാത്രമായിരിക്കും എന്നും നമ്മള്‍ ചിലപ്പോള്‍ അംഗീകരിക്കേണ്ടിവരാനും മതി.

മേല്പറഞ്ഞ കാര്യങ്ങളെ വെറുതെ കുറെ വാദമുഖങ്ങള്‍ എന്ന് മാത്രം കണ്ടാല്‍ മതി. ഉത്ഖനങ്ങളില്‍ നിന്നും നമുക്ക് കിട്ടുന്ന വിവരങ്ങള്‍ ഇങ്ങിനെ നൂറായിരം ചോദ്യങ്ങള്‍ക്ക് കീഴ്പ്പെട്ടിട്ടേ സാധാരണക്കാരന്റെ അടുത്തെത്താന്‍ പാടുള്ളൂ എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. അതില്‍നിന്ന് മാത്രമേ നമുക്കോരോരുത്തര്‍ക്കും സ്വന്തം അനുഭവങ്ങളുടെ, വര്‍ത്തമാനപ്രതിസന്ധികളുടെ വെളിച്ചത്തില്‍ മനുഷ്യചരിത്രം മസ്സിലാക്കാനാകൂ. നമുക്കുള്ളില്‍ പെരുകുന്ന എല്ലാത്തരം മൌലികവാദങ്ങളുടെയും – അവ സാമ്പത്തികമോ വിശ്വാസപരമോ ആയിക്കോട്ടേ - ഉള്ളറകളടക്കം തകര്‍ക്കാനും വസുധൈവ കുടുംബകം എന്ന ബോധത്തിലൂന്നിയ ഒരു ചരിത്രാവബോധം ശരാശരി മനുഷ്യര്‍ക്കിടയില്‍ നിലനിര്‍ത്താനും അപ്പോഴേ നമുക്കാകുയുള്ളൂ.

മനുഷ്യചരിത്രത്തിന്റെ ഒരു ഖണ്ഡം മാത്രമെടുത്താണ് കൈകാര്യം ചെയ്യുന്നതെന്ന ധാരണ അക്കാദമികമായി ചരിത്രം വിശകലനം ചെയ്യാന്‍ സാധിക്കുന്ന പലരും കാണിക്കാറില്ല. ചരിത്രത്തിന്റെ, അല്ലെങ്കില്‍ കാലത്തിന്റെ അനുസ്യൂതത്വം ഭൂതകാലത്തില്‍നിന്ന് വര്‍ത്തമാനത്തിലേക്കും പിന്നെ വരുംകാലത്തിലേക്കും കയറിപ്പോകുന്നുണ്ടെന്നു അവര്‍ക്ക് കാണാന്‍കഴിയാതെ പോകുന്നു. ആ അനുസ്യൂതത്വം ഏതുകാലത്തും സാധാരണജനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരുപാടു ചോദ്യങ്ങള്‍ ചോദിക്കാനും അവനവന്റെ യുക്തിക്ക് നിരക്കാത്തവയെ അംഗീകരിക്കാതിരിക്കാനുള്ള മനസ്സും ഉണ്ടായിരിക്കും. അപക്വമായ ഏതെങ്കിലും നിരീക്ഷണങ്ങളെ അവര്‍ ചിലപ്പോള്‍ ഉള്ളാലെ കളിയാക്കുന്നുമുണ്ടാകും. അതുകൊണ്ടു ഉത്ഖനനങ്ങളില്‍നിന്ന് കിട്ടുന്ന വിവരങ്ങളെ അറിവുകളാക്കി മാറ്റിയെടുക്കേണ്ട ചുമതലയുള്ള അക്കാദമികര്‍ ഇങ്ങിനെ ചോദ്യം ചെയ്യലുകള്‍ക്ക് കീഴ്പ്പെട്ട് അതാത് കാലത്തെ സമൂഹനിര്‍മ്മിതിക്കുവേണ്ട അറിവുകള്‍ കൂടി നിര്‍മ്മിക്കുകയും അവയും പത്രമാദ്ധ്യമങ്ങളിലൂടെ ജനസാമാന്യത്തിന്ന് കിട്ടാറാക്കുകയും ചെയ്യേണ്ടതുണ്ട്. ഉത്ഖനനത്തിന്റെയും മറ്റു വിവരസമാഹരണശ്രമങ്ങളുടെയും വിശദരേഖകളും അതിനിടെ ലഭ്യമായ വസ്തുക്കളുടെ വിവരണവും അവയുടെ കാലഗണനയും എല്ലാം പുറത്തറിയിക്കുന്നതിനോടൊപ്പം അവ കൈചൂണ്ടുന്ന യുക്തിസഹമായ നിഗമനങ്ങള്‍ കൂടി ജനങ്ങള്‍ക്ക് മുമ്പില്‍ വെക്കാന്‍ അവര്‍ തയ്യാറാകണം. കാരണം അവയിലാണ് സാമാന്യജനങ്ങള്‍ ഉപയോഗം കണ്ടെത്തുന്നത്.

അതോടൊപ്പം ചരിത്രഗവേഷണശ്രമങ്ങളുടെ ഫലങ്ങളില്‍ പപ്പും പൂടയും ചാര്‍ത്തിവക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ത്തു തോല്പിക്കുക കൂടി അവരുടെ കടമയാകുന്നു. തെളിവുശേഖരണത്തോടൊപ്പം തന്നെ, സമാന്തരമായി, അവയില്‍ നിന്ന് നിര്‍മ്മിക്കപ്പെടുന്ന അറിവുകള്‍ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാത്തവയാണെന്നു ഉറപ്പുവരുത്താനും അവര്‍ക്ക് ബാദ്ധ്യതയുണ്ട്. അവരെ പഴമയില്‍ അഭിരമിക്കുവാന്‍ മാത്രം അനുവദിക്കുന്ന യാതൊരു നിര്‍മ്മിതികളും ഇവിടെ നിന്നുണ്ടാകാന്‍ പാടില്ലല്ലോ. പട്ടണമോ മുസിറിസോ കൊടുങ്ങല്ലൂരോ ഏതായാലും അതൊക്കെ നമ്മുടെ ആരംഭം മാത്രമാണെന്നും പൂര്‍ണ്ണതകളല്ലായിരുന്നു എന്നും അവര്‍ അറിയേണ്ടതുണ്ട്. അവ സമ്പൂര്‍ണ്ണങ്ങളായ സംസ്കൃതികളായിരുന്നെന്നു ധരിച്ചുവശായാല്‍ അതിന്റെ വിപത്ത് ഇന്നത്തെ സമൂഹത്തില്‍ കൂടുതല്‍ വിഘടനവാദങ്ങളുടെയും മൌലികവാദങ്ങളുടെയും പ്രതിഷ്ഠാപനവും അരക്കിട്ടുറപ്പിക്കലുമാകും.

ഒരു ഭൂപടം കയ്യിലില്ലാത്ത ആരും ചരിത്രം പഠിക്കാന്‍ തുടങ്ങരുതെന്നു ആരോ പറഞ്ഞത് ഓര്‍മ്മവരുന്നു. ചരിത്രം രൂപപ്പെടുത്തുന്നതില്‍ ആഗോളതലത്തിലും പ്രാദേശികതലത്തിലുമുള്ള ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കു ഏറെ സ്വാധീനമുണ്ടല്ലോ. അതുകൊണ്ടായിരിക്കണം അതങ്ങിനെ പറഞ്ഞുവച്ചത്. അതിനുമപ്പുറത്ത് ചരിത്രം മനുഷ്യപ്രയാണങ്ങളുടെ കഥകളുമാണ്. ഏതു പ്രയാണത്തിന്നും അതിന്റേതായ പന്ഥാവുകളും ഉണ്ടായിരിക്കും. ആ പന്ഥാവുകള്‍ കുറിച്ചിട്ട ഒരു രേഖാചിത്രം ഇല്ലാതെ ഒരു പ്രയാണത്തെക്കുറിച്ചും നമുക്ക് പൂര്‍ണ്ണമായി മനസ്സിലാക്കാനുമാകില്ല. അതുപോലെ ചരിത്രത്തെ എങ്ങിനെ വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്യണമെന്നതിന്റെ ഒരു യാത്രാരേഖകൂടി സാമാന്യജനങ്ങള്‍ക്കായി ഉണ്ടാക്കിയെത്തിക്കേണ്ട ബാദ്ധ്യത ചരിത്രകാരന്മാര്‍ക്കുണ്ട്. അത് മനുഷ്യപ്രയാണങ്ങളുടെയും നരവംശശാസ്ത്രത്തിന്റെയും പശ്ചാത്തലത്തില്‍ നമ്മുടെ നാടിന്റെ ജനവാസചരിത്രവും സാമൂഹ്യവികസനചരിത്രവും സാധാരണക്കാരുടെ ജീവിതപരിസരങ്ങളിലേക്കു് എത്തിക്കാനുള്ള ദൌത്യം കൂടിയാകുന്നു. ഏതു കാര്യത്തെയും ചോദ്യം ചെയ്തും സ്വയം ബോദ്ധ്യപ്പെട്ടും മാത്രം സ്വീകരിക്കുവാനും തള്ളിക്കളയേണ്ടവയെ തള്ളാനും അവനെ പ്രാപ്തനാകുന്ന ചരിത്രത്തെ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നത് മനുഷ്യന് ഒരു വിമോചനം തന്നെയാകുന്നു. പട്ടണം പര്യവേഷണം പോലുള്ള ദൌത്യങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള കേരളചരിത്ര ഗവേഷണകൌണ്‍സിലിനെപ്പോലുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ നിത്യനിദാനങ്ങള്‍ക്കിടയില്‍ സമാന്തരമായിത്തന്നെ ആ വിമോചനശ്രമങ്ങള്‍കൂടി സംഘടിപ്പിക്കേണ്ടതുണ്ടു്.

Subscribe Tharjani |
Submitted by Anonymous (not verified) on Mon, 2012-04-23 12:44.

This is an excellent article - which attempts to provide a comprehensive and scientific perspective to the Pattanam Archaeological Research. The focus on the new questions such research should generate and the need for empowering the common people to engage with the new findings are in fact important objectives of the project. We are committed to do that and this article really would help us to go ahead in our scientific labour.
Thank you very much Dr. Mahesh for bringing this to our attention. We will circulate this among the Pattanam researchers.
Let me remind that we are now in the trenches trying to meticulously document each human activity context called Locus and co-relate them or its findings for a wide-angle perception of them in human history. (critical examination and abstraction) Pattanam probably is one of the most complex archaeological sites in South Asia. Do visit us to know the intricacies of this team effort.

Kind regards

P J Cherian

"Seed is wordless" - Sachida