തര്‍ജ്ജനി

അവാര്‍ഡുകളെപ്പറ്റി

അവാര്‍ഡുകള്‍ക്കു യാതൊരു പഞ്ഞവുമില്ല. എങ്കിലും അവാര്‍ഡുകള്‍ സംഭവിച്ചു കൊണ്ടേ ഇരിക്കുന്നു.
സാഹിത്യത്തിലേയ്ക്കു വരാം..
കഴിഞ്ഞമാസം അവാര്‍ഡുകളുടെ പൂക്കാലമായിരുന്നു. മലയാള സാഹിത്യത്തിലെ പ്രധാന അവാര്‍ഡുകളൊക്കെ സെപ്റ്റെംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി പ്രഖ്യാപിക്കപ്പെടുന്നു എന്നാണ്‌ തോന്നുന്നത്‌.
വയലാര്‍ അവാര്‍ഡ്‌ ഇത്തവണ സച്ചിദാനന്ദന്‌ (സാക്ഷ്യങ്ങള്‍), വള്ളത്തോള്‍ അവാര്‍ഡ്‌ എം ടിയ്ക്ക്‌, സഞ്ജയന്‍ അവാര്‍ഡ്‌ അയ്യപ്പപ്പണിക്കര്‍ക്ക്‌ കേരളസര്‍ക്കാരിന്റെ എഴുത്തച്ഛന്‍ സമ്മാനം ഗുപ്തന്‍ നായര്‍ക്ക്‌....
അവാര്‍ഡുകളുടെ എണ്ണക്കൂടുതല്‍ ഒരു പക്ഷേ അവ കിട്ടുന്ന ആളോടു പോലും ഒരു പുച്ഛം ജനിപ്പിച്ചിട്ടുണ്ട്‌. പണ്ടൊക്കെ വയലാര്‍ അവാര്‍ഡു ലഭിച്ചു എന്നത്‌ കുറച്ചുദിവസമെങ്കിലും വാര്‍ത്തയായിരുന്നു. പിന്നെ ആ വ്യക്തിയുടെ കൃതികളെക്കുറിച്ചുള്ള പഠനം, അഭിമുഖം.. ഇങ്ങനെ വികസിച്ചിരുന്നു കാര്യങ്ങള്‍. ഇപ്പോള്‍ കഥ മാറി. അങ്ങനെ പുനര്‍മൂല്യ നിര്‍ണ്ണയത്തിനൊന്നും മീഡിയകള്‍ മിനക്കെടാറില്ല.
എനിക്കു തോന്നുന്നത്‌, മറവി ശീലമാക്കിയ മലയാളികള്‍ക്ക്‌ അവാര്‍ഡുകള്‍ ചില നേട്ടങ്ങള്‍ ഉണ്ടെന്നാണ്‌. പിന്നിലെ രാഷ്ട്രീയം എന്തായാലും വായിച്ചുമറന്ന, ശരിയായി വായിക്കാതിരുന്ന ഒരു സൃഷ്ടി ഒന്നുകൂടി മറിച്ചു നോക്കാന്‍ അവ അവസരമൊരുക്കുന്നു എന്നാണ്‌. ഒരു വീണ്ടു വിചാരത്തിനു ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നു. ഒന്നു കൂടി മറിച്ചു നോക്കുമ്പോഴാണ്‌ മുന്‍പ്‌ ശ്രദ്ധിക്കാതിരുന്ന ഒന്ന് മനസ്സില്‍ തറയുന്നത്‌....ആനുകാലികങ്ങളുടെ ആധിക്യം കൊണ്ട്‌ ശ്രദ്ധിക്കാതെ പോയ ഏതെങ്കിലും ആഴ്ചപ്പതിപ്പില്‍ വന്ന കഥയോ കവിതയോ ഇങ്ങനെ ശ്രദ്ധയിലേയ്ക്ക്‌ കൊണ്ടുവരാനും അവാര്‍ഡുകള്‍ ഉപകരിക്കുന്നുണ്ട്‌. വളയുന്ന വരയും (മുകുന്ദന്‍)ഏച്ചിക്കാനത്തിന്റെ റോഡിലെ നിയമങ്ങളും അങ്ങനെ മുന്നിലെത്തിയവയാണ്‌..
ഇങ്ങനെയൊക്കെ സംഭവിക്കാന്‍ അവാര്‍ഡുകള്‍ വേണമെന്നില്ല.. ആശാന്‍ വായിക്കപ്പെടുന്നത്‌ അവാര്‍ഡുകള്‍ കിട്ടികൊണ്ടിരിക്കുന്നതു കൊണ്ടല്ലല്ലോ...കിട്ടുന്നവയെല്ലാം മികച്ചവയാണെന്ന ധാരണയിലേയ്ക്ക്‌ നല്ലൊരു വായനക്കാരനെ എടുത്തെറിയേണ്ടതുമില്ല..
എങ്കിലും നമ്മുടെ സാംസ്കാരിക രംഗത്ത്‌ അത്ര പ്രാധാന്യമില്ലാത്ത കാര്യമായി അവകളെ കണ്‍ക്കാക്കേണ്ടതില്ല എന്നു തോന്നുന്നു.