തര്‍ജ്ജനി

എച്ച്മുക്കുട്ടി

ബ്ലോഗ് : http://echmuvoduulakam.blogspot.com/
മെയില്‍ : echmukutty@gmail.com

Visit Home Page ...

കഥ

അവളുടെ കിടപ്പുമുറി

കാല്‍മുട്ടിനൊപ്പം നീണ്ട, വണ്ടിന്‍പുറമായി കറുത്തു മിന്നുന്ന തലമുടി ചുറ്റിപ്പിടിച്ച് കവിള്‍ തരിക്കുന്ന രണ്ടടിയില്‍ ചോര പുറത്തേക്ക് ചീറ്റുന്നു.
പച്ച ചോരയ്ക്ക് ഉപ്പിന്റെ രുചി. പേടിയുടെ ഗന്ധം.
തല തിരിയുന്നതു കൊണ്ട് അടിച്ച കൈകളുറച്ചിരിയ്ക്കുന്ന തോളില്‍ തന്നെ അവളുടെ തല ചായുന്നു.
വെറുപ്പിന്റെ ആഴമാണോ തോളിലമരുന്ന തലയെയും ചുവരിലേക്കെറിയുന്നത്?
ആയിരിക്കും.
അവള്‍ പിന്നെയും മുഖം കഴുകുന്നു, കുലുക്കുഴിയുന്നു.
മുടിയൊതുക്കുന്നു.

നീറിപ്പൊള്ളുന്ന മെത്തയിലെ ഉത്സവങ്ങളെല്ലാം കക്കയെ പോലെ ഉതിര്‍ന്നുടഞ്ഞു. ആ ഉത്സവങ്ങളുടെ വന്‍കുഴലൂത്തുകള്‍ ആര്‍ക്കോ കിട്ടിയ സങ്കല്പമയക്കത്തിന്റെ കെട്ടുകാഴ്ചകളായിരുന്നു.

തിണര്‍ത്ത കവിളില്‍ ആഴുന്ന നഖങ്ങള്‍ .............
ചോരയുതിരുന്ന വായില്‍ കയ്ക്കുന്ന ചുണ്ടുകള്‍ ................
ആവിയില്‍ വെന്തമര്‍ന്ന കിടക്കയില്‍ ഒരു പശുവിന്റെ രൂപം പിറവി കൊണ്ടു.

വെട്ടേല്‍ക്കുന്നതും കണ്ണുകള്‍ നിറയുന്നതും തൊലിയടരുന്നതും പ്രാണന്‍ പിടയുന്നതും പൊരുത്തങ്ങളുടെ വഴിത്താരകളിലായിരുന്നു. അതുകൊണ്ട് അവളുടെ നാവില്‍ ഒരിയ്ക്കലും ശാപവചനങ്ങളുതിരുകയില്ല.

പ്രസവവേദനയില്‍പോലും ഒന്നു ഉറക്കെ കരയാത്ത പശുവാണു് അടയാളം. പശുവിന്റെ ഭാഷ ആര്‍ക്കും അറിയില്ല. പശുവിന്റെ ഭാഷ ആര്‍ക്കും തിരിയില്ല. കരയുമ്പോഴും ചിരിക്കുമ്പോഴും കറക്കുമ്പോഴും അറുക്കുമ്പോഴും തിന്നുമ്പോഴും പശുവിനെ അറിയാന്‍ പറ്റില്ല.

ഓര്‍മ്മ.

Subscribe Tharjani |