തര്‍ജ്ജനി

അടിയന്തിരാവസ്ഥയുടെ മുപ്പതാം വാര്‍ഷികം

അടിയന്തിരാവസ്ഥ നമ്മുടെ ഒരു അസ്വസ്ഥതയായി കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി കൂടേ നടക്കുകയയിരുന്നു. വിജയന്റെ കാര്‍ട്ടൂണുകളായി, ധര്‍മ്മപുരാണം അതിനു മുന്‍പും ശബ്ദായമൌനം അതിനു പിന്‍പുമുള്ള നോവലുകളായി നിരവധി ഓര്‍മ്മക്കുറിപ്പുകളായി, നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു എന്നുള്‍ല ചോദ്യമായി, ഞങ്ങള്‍ ഇതൊക്കെ ചെയ്യുകയായിരുന്നു എന്ന വീരവാദങ്ങളായി... അങ്ങനെ...
നക്സലൈറ്റുകളും ആര്‍ എസ്സ്‌ എസ്സ്‌ കാരും അടിയന്ത്രാവസ്ഥയെ നേരിട്ടറിഞ്ഞു. എസ്‌ എഫ്‌ ഐക്കാരും. സാംബശിവന്‍ അതിശക്തമായ ഭാഷയില്‍ ഒരുപാട്‌ നാള്‍ അതേക്കുറിച്ച്‌ കഥാപ്രസംഗങ്ങള്‍ക്കിടയില്‍ ആവേശത്തോടേ സംസാരിച്ചിരുന്നു.
മുപ്പതിന്‌ വല്ല പ്രത്യേകതയുമുണ്ടോ എന്നറിയില്ല. ഈ വര്‍ഷം എല്ലാ ആനുകാലികങ്ങളും വാരാന്ത്യ-വാരാദ്യപ്പതിപ്പുകളിലും അടിയന്തിരാവസ്ഥയുടെ ഓര്‍മ്മകള്‍ കൊണ്ടു നിറഞ്ഞു. എന്തേല്ലാം കഥകള്‍! എത്ര നിരപരാധികള്‍! രാജന്‍ പലതരത്തില്‍ ഓര്‍മ്മിക്കപ്പെട്ടു. ഒപ്പം 'ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകളും'. അടിയന്തിരാവസ്ഥക്കാലത്തെയും അതിനു ശേഷമുള്ള കാലത്തെയും വില്ലനായിരുന്ന കെ കരുണാകരനുമായി പ്രാദേശിക നീക്കുപോക്കുകള്‍ നടത്തി സി പി എമും ഈ മുപ്പതാം വാര്‍ഷികം സമുചിതമായി കൊണ്ടാടി.
എന്നാല്‍ ഏറ്റവും നന്നായി ജൂബിലി ആഘോഷിച്ചത്‌ പോലീസു ഡിപ്പാര്‍ട്ട്മെന്റു തന്നെയാണ്‌. തിരുവനന്തപുരത്തെ പ്രസിദ്ധമായ ഫോര്‍ട്ട്‌ സ്റ്റേഷനില്‍ അവര്‍, ഉദയകുമാര്‍ എന്ന ഒരു നിരപരാധിയെ ഒരുട്ടിക്കൊന്നു. അടിയാന്തിരാവസ്ഥയില്‍ ചെയ്തതു പോലെ തന്നെ. ഇതിനേക്കാള്‍ നല്ല സ്മരണ ആ കാലത്തിന്‌ എങ്ങനെ കിട്ടാനാണ്‌.
രണ്ടാഴ്ചകള്‍ക്ക്‌ മുന്‍പ്‌ നല്ല ആള്‍ത്തിരക്കുള്ള തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജില്‍ പച്ച ലൈറ്റു തെളിയാനായി കാത്തു നില്‍ക്കുമ്പോള്‍, ബൈക്കില്‍ നിന്നിറങ്ങി ഒരാള്‍ പിന്നാലെ വന്ന ഒരു പഴയ അംബാസിഡര്‍ കാറിലെ ഡ്രൈവറെ പുറത്തേയ്ക്കിറക്കി രണ്ടു കവിളിലും മാറി മാറി തല്ലുന്നതു കണ്ടു. ആലുകള്‍ നോക്കി നില്‍ക്കുകയാണ്‌. ഇത്ര ധൈര്യം കാണിക്കുന്നതാരാണെന്ന് അറിയാന്‍ അടുത്തു ചെല്ലുമ്പോള്‍, കാക്കി പാന്റ്സാണ്‌ കക്ഷിധരിച്ചിരിക്കുന്നത്‌. ബ്രൌണ്‍ നിറത്തിലുള്ള ഷൂസും. അതു പോലീസുകാരന്റേതാണെന്നു ഉറപ്പാണല്ലോ. അതാണ്‌ ആരും ഒന്നും മിണ്ടാത്തത്‌. ഡ്യൂട്ടി കഴിഞ്ഞ്‌ പോകുന്ന വഴിയ്ക്ക്‌ കക്ഷി നിയമം കൈയിലെടുക്കുകയാണ്‌. എടുക്കട്ടെ അതിനുള്ള വകാശം നാം പോലീസുകാര്‍ക്ക്‌ നല്‍കിയിട്ടുണ്ടല്ലോ!
അടിയന്തിരാവസ്ഥയ്ക്കുള്ള പുഷ്പാര്‍ച്ചനകളാണ്‌ ഇവ. നമ്മള്‍ അപലപിക്കാന്‍ പാടില്ല!!

Submitted by giree on Wed, 2005-10-26 19:27.

ഈ പോലീസുകരൊക്കെ ഇതെന്തു ഭാവിച്ചിട്ടാണെന്ന്‌ ഒരു പിടിയും കിട്ടുന്നില്ല. സത്യത്തില്‍ ഇപ്പോള്‍ നാട്ടുകാര്‍ക്ക്‌ കള്ളന്‍മാര്‍ക്കാളും പേടി പോലീസിനെയാണ്‌. നിരപരാധിയായ ഒരാളില്‍ നിന്ന്‌ ൪൦൦൦ രൂപ പിടിച്ചുവാങ്ങി അവനെ ഉരുട്ടിക്കൊല്ലണമെങ്കില്‍, അതൊരു ക്രിമിനല്‍ മനസ്സുള്ളവനേ സാധിക്കൂ. എനിക്കു തോന്നുന്നത്‌, നമ്മുടെ പോലീസ്‌ ട്രെയ്നിംഗ്‌ കോളേജുകളിലെ ശിക്ഷണം കഴിയുന്നതോടെയാണ്‌ പല പോലീസുകാരും ഇങ്ങനെ കണ്ണില്‍ച്ചോരയില്ലാതാകുന്നതെന്നാണ്‌.

എണ്റ്റെ ഒരു സംശയമാണ്‌, ഒരുപക്ഷേ ഒരു മുയല്‍ക്കുട്ടിയുടെ ഹൃദയം മാത്രം ഉള്ളതു കൊണ്ടാകാം (ഈയിടെ ഒരു സുഹൃത്തു പറഞ്ഞതാണിത്‌), ഈ പോലീസുകാരന്‍, ഒരു നിരപരാധിയെ ഉരുട്ടിക്കൊന്ന്‌ അവണ്റ്റെ പണവും എടുത്തു ചെലവാക്കിയിട്ട്‌ എങ്ങനെയാണ്‌ രാത്രി കിടന്ന്‌ ഉറങ്ങുക? ഇക്കൂട്ടര്‍ക്ക്‌ വീട്‌, കുടുംബം എന്നിങ്ങനെ ചില സാധനങ്ങള്‍ ഉണ്ടാകുമോ? ഇത്തരം കാര്യങ്ങളെ വസ്തുനിഷ്ഠമായി സമീപിക്കാന്‍ വയ്യ. വൈകാരികത തന്നെ മുന്നിട്ടു നില്‍ക്കുന്നു. എന്നിട്ടും നാണമില്ലാതെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അതുപയോഗിച്ച്‌ പരസ്പരം പഴിചാരുന്നു. മുഖ്യമന്ത്രി പറയുന്നു, ഇതു പ്രത്പക്ഷത്തിണ്റ്റെ കളിയാണെന്ന്‌. പ്രതിപക്ഷമാകട്ടെ നല്ലൊരു തെരഞ്ഞെടുപ്പായുധം കിട്ടിയ സന്തോഷത്തിലും.

കരുണാകരന്‍ ഇപ്പോള്‍ എന്തെങ്കിലും ദുഃഖങ്ങള്‍ സഹിക്കുന്നുണ്ടെങ്കില്‍, എനിക്കു തോന്നുന്നത്‌, അത്‌ മകനെ നഷ്ടപ്പെടുകയും, എല്ലാവരാലും വഞ്ചിക്കപ്പെടുകയും ചെയ്ത ഒരച്ഛണ്റ്റെ, അതുപോലുള്ള ഒരുപാട്‌ അച്ഛന്‍മാരുടെയും അമ്മമാരുടെയും സഹോദരങ്ങളുടെയും ശാപം മൂലമാണെന്നാണ്‌. ഇതിലും കടുപ്പമുള്ള വിധി നേതാക്കളേ, നിങ്ങളെ കാത്തിരിക്കുന്നു എന്ന്‌ വെറുതേ വിളിച്ചുപറയാന്‍ തോന്നുന്നു, അതു സംഭവിച്ചാലും ഇല്ലെങ്കിലും.

ഇടയ്ക്കൊന്നു പറയട്ടെ, രാജനെ ഉരുട്ടിക്കൊന്നത്‌ ആശ്രിതവത്സലനായ കരുണാകരന്‍ സാങ്കല്‍പ്പിക ചെങ്കോല്‍ അണിഞ്ഞ കാലത്താണ്‌. ഇപ്പോള്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്നത്‌ കരുണാകരനെ പുകച്ചുപുറത്താക്കിയ, എല്ലാക്കാര്യത്തിലും തണ്റ്റേടം കാട്ടുന്നുവെന്ന്‌ അണികള്‍ പോലും വാഴ്ത്തുന്ന ഉമ്മന്‍ചാണ്ടിയുടെ കാലത്തും. അപ്പൊ ഭരിക്കുന്നതാരെന്നത്‌ ഇത്തരം സംഭവങ്ങളില്‍ ചെറിയൊരു ഘടകമാവുന്നുണ്ടെന്നു തോന്നുന്നു.

ഇതു പറഞ്ഞപ്പോഴാണ്‌, ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ നമ്മുടെ രജനി എസ്‌ ആനന്ദ്‌, ശാരി എസ്‌ നായര്‍ എന്നീ പെണ്‍കുട്ടികളെ? ലോട്ടറി നിരോധനത്തില്‍ മനം നൊന്ത്‌ ആത്മഹത്യ ചെയ്ത ആ പാവം ലോട്ടറി വില്‍പനക്കാരനെ? ആരുടെയൊക്കെയോ താല്‍പ്പര്യങ്ങള്‍ക്ക്‌ വേണ്ടി വെടികൊണ്ടു മരിച്ച ആദിവാസി ജോഗിയെ? ഇവെരെയൊക്കെ രാഷ്ട്രീയായുധമാക്കിയവര്‍ പോലും? ഇങ്ങനെ ചിന്തിച്ചു തുടങ്ങിയാല്‍ നമുക്ക്‌ രണ്ടാമതൊരു 'മരുഭൂമികള്‍ ഉണ്ടാകുന്നതോ' ഗോവര്‍ദ്ധണ്റ്റെ യാത്രകളോ ഒക്കെ ചിന്തിക്കാം.

ഇതെല്ലാം കഴിഞ്ഞ്‌ ചിരിച്ചുകൊണ്ടു കയറിവരുന്ന രാഷ്ട്രീയക്കരനെ വോട്ടര്‍മാരും പോലീസുകാരെ കുടുംബക്കാരും ചോദ്യം ചെയ്താലോ? രാഷ്ട്രീയക്കാരനോട്‌ 'ഇങ്ങനെയൊക്കെ ചെയ്ത നിങ്ങള്‍ക്ക്‌ വോട്ടു തരില്ലെന്ന്‌' നാട്ടുകാരും 'നിനക്കിന്ന്‌ ചോറില്ലെന്ന്‌' വീട്ടുകാരും പറഞ്ഞാലോ? ശരിയാവുമോ സംഗതികള്‍? അതോ ഇതെല്ലാം വെറും വികാരത്തിനു പുറത്തുള്ള ചിന്തകളോ? ഉട്ടോപ്യന്‍ ആശയങ്ങളോ?