തര്‍ജ്ജനി

കെ. പി. രമേഷ്‌

പൂങ്ങോട്ട് വീട്
അയിലൂര്‍ പി. ഒ
പാലക്കാട്

ഇമെയില്‍: rameshzorba@yahoo.com
ഫോണ്‍: 9447315971

Visit Home Page ...

ലേഖനം

ചേരകല

സാമ്രാജ്യങ്ങളോടു ബന്ധപ്പെടുത്തിയാണ്‌ കലാരൂപങ്ങളുടെ കാലയളവുകളും പ്രമേയങ്ങളും കണക്കാക്കുന്നത്‌. അജന്ത, ദേവഗഢ്‌, സാഞ്ചി എന്നിവ ഗുപ്ത-മൌര്യകാലഘട്ടങ്ങളുമായും ഐഹോള്‍, ബദാമി എന്നിവ ചാലൂക്യകാലഘട്ടവുമായും എല്ലോറ, എലിഫെന്റ എന്നിവ രാഷ്ട്രകൂടകാലഘട്ടവുമായും ബേലൂര്‍, സോമനാഥ്പൂര്‍ എന്നിവ ഹൊയ്സാലകാലഘട്ടവുമായും മധുര, തിരുച്ചെന്തൂര്‍, തിരുപ്രംകുണ്ഡ്രം എന്നിവ പാണ്ഡ്യകാലഘട്ടവുമായും കാഞ്ചീപുരം, മഹാബലിപുരം എന്നിവ പല്ലവകാലഘട്ടവുമായും ദാരാസുരം, തഞ്ചാവൂര്‍, ചിദംബരം, ഗംഗൈക്കൊണ്ടചോഴപുരം എന്നിവ ചോഴകാലഘട്ടവുമായും ബന്ധപ്പെടുന്നുണ്ടെന്ന്‌ പറയാതെ വയ്യ. ശൈലീഭേദത്തെപ്പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌ അതത്‌ ഇടത്തെ അധികാരവാഴ്ചയ്ക്ക്‌ കലകളോടുണ്ടായിരുന്ന ആഭിമുഖ്യവും.

ദക്ഷിണേന്ത്യയില്‍, 'ചേര-ചോഴ-പല്ലവ-പാണ്ഡ്യ' എന്ന്‌ ഒറ്റശ്വാസത്തില്‍ പറയുന്നുണ്ടെങ്കിലും ആദ്യം സൂചിപ്പിച്ച 'ചേരം' മറ്റെവിടെയോ ഗുപ്തമായിരിക്കുന്നു. അതുകൊണ്ടുതന്നെ, ചേരകല ഒരു ഉല്‍ഖനനവിഷയം തന്നെയാണ്‌. ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടതോടെ 'ചേരം' എന്നത്‌ 'കേരള' ത്തിന്റെ പേരായി മാറുകയായിരുന്നുവെന്ന്‌ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഗുഹാക്ഷേത്രങ്ങളിലുള്ള ആദ്യകാല ചേരശില്പങ്ങള്‍ക്ക്‌ പല്ലവ-പാണ്ഡ്യശില്പങ്ങളുടെ സ്വഭാവം കാണാം. തിരുവല്ലയ്ക്കടുത്തുള്ള കവിയൂരിലെ ദ്വാരപാലകശില്പങ്ങള്‍, പൂര്‍വ്വ-ചേരകൊത്തുപണികളില്‍ പ്രധാനപ്പെട്ടവയാണ്‌. തൃശ്ശിനാപ്പള്ളിയിലെ മലക്കോട്ടയുടെ അടിഭാഗത്ത്‌ പല്ലവഗുഹാക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്‌ അധികമാരും ശ്രദ്ധിച്ചിട്ടില്ല. പ്രവേശനകവാടത്തിനടുത്തുള്ള ഇടത്തേ ശില്പം കൊത്തുപണികളാല്‍ സമൃദ്ധമാണ്‌. വിഴിഞ്ഞംക്ഷേത്രത്തിലെ പ്രവേശനകവാടത്തിലുള്ള രൂപങ്ങള്‍ ചേരകലയുടെ അടുത്ത ഘട്ടത്തിലെ വികാസരൂപങ്ങളാണ്‌. എട്ടാം നൂറ്റാണ്ടിലെ ശില്പവേലയുടെ ഈ ഉത്തമോദാഹരണം വടക്കന്‍ ആര്‍ക്കോട്ടിലേയും ചെങ്കല്‍പ്പേട്ടിലേയും പല്ലവശില്പകലയെ പിന്‍പറ്റുന്നു.

കുറത്തിയറയിലെ, കല്ലില്‍പ്പണിത വിഷ്ണുബിംബം പല്ലവകലയുടെ പരിണതികള്‍ ആദ്യകാല ചോഴകലയിലേക്ക്‌ ചുവടുവെക്കുന്നത്‌ കാണിച്ചുതരുന്നു. കനത്ത തൊങ്ങലുകളും തോരണങ്ങളുമെല്ലാം ആലങ്കാരികതയിലേക്കുള്ള ഉദ്യമത്തെ സൂചിപ്പിക്കുന്നു. വിഴിഞ്ഞത്തുനിന്ന്‌ ഒരു ദ്വാരപാലകശില്പം കണ്ടെടുക്കപ്പെട്ടത്‌ ഇതേ കാലയളവിലാണ്‌. ഒരു കൈയില്‍ വിസ്മയമുദ്രയും മറുകൈയില്‍ അഭയമുദ്രയുമുള്ള ഈ ദ്വാരപാലകന്‌ മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. യജ്ഞോപവീതത്തില്‍ തൂക്കിയിട്ടിരിക്കുന്ന മണികളും അടിവസ്ത്രത്തിന്റെ ഞൊറിവുകളും അലങ്കാരത്തിന്റെ അനുപാതവുമാണ്‌ അത്‌. ഇതെല്ലാം ചാലൂക്യശില്പതന്ത്രത്തിന്റെ സര്‍ഗ്ഗാത്മകമായ സ്വാധീനത്തെ നിനവിലെത്തിക്കുമെങ്കിലും, പ്രസ്തുതശില്പത്തിന്റെ സമഗ്രത അടിവരയിടുന്നത്‌ പൂര്‍വ്വചോഴ ആവിഷ്കാരത്തിലാണ്‌. വിഴിഞ്ഞത്തുനിന്നും ലഭിച്ച റിലീഫുകളിലൊന്ന്‌ മഹിഷാസുരമര്‍ദ്ദിമിനിയായ ദുര്‍ഗ്ഗയുടേതാണ്‌. ശാന്തവും ധ്യാനാത്മകവുമായ ഭാവമണിഞ്ഞ ഒരു പുരുഷന്റെയും സ്ത്രീയുടെയും ശില്പമാണ്‌ മറ്റൊന്ന്‌.

ബേലൂരിലേതുപോലെയാണ്‌ കവിയൂരിലെ ദാരുശില്പങ്ങളും. നരസിംഹമൂര്‍ത്തിയുടെയും പാര്‍വ്വതിയുടെ പ്രസവാവസ്ഥകളും മറ്റുമാണ്‌ വിഷയം. ഇവിടുത്തെയത്രയും ദാരുശില്പങ്ങള്‍ ഇന്ത്യയില്‍ അധികം കാണില്ല. അതിന്റെ മഹത്വം, കലാമേന്മ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ ഇതു പറയുന്നത്‌. കവിയൂരിലെ ഗുഹാക്ഷേത്രത്തില്‍ കാണുന്ന മൂന്ന്‌ കരിങ്കല്‍ശില്പങ്ങളുടെ കാലം എ.ഡി.എട്ടാം നൂറ്റാണ്ടാണ്‌. ഗുഹാമുഖത്ത്‌ ഇടതുഭാഗത്തായി നിലകൊള്ളുന്ന ദ്വാരപാലകന്‌ പൂണൂല്‍ ഇല്ല. ഈ രൂപം കര്‍ണ്ണകുണ്ഡലവും കണ്ഠാഭരണവും ബാഹുവലയവും അരപ്പട്ടയും അണിഞ്ഞിരിക്കുന്നു. മാറില്‍ കൈകള്‍ പിണച്ചുവച്ചുനില്ക്കുന്ന ശില്പമാണ്‌ മറ്റൊന്ന്‌. ദ്വാരപാലകന്റേതുപോലെ ആഭരങ്ങളുണ്ട്‌ ഇതിന്‌. രണ്ടു ശില്പങ്ങള്‍ക്കും നല്ല ഉയരമുണ്ട്‌. മൂന്നാമത്തെ ശില്പത്തിന്‌ താടിയും കുടുമയും ഉണ്ട്‌.

പഴയ കൊച്ചിയുടെ പ്രതാപങ്ങളില്‍പ്പെടുന്ന പെരുവനംപോലുള്ള ക്ഷേത്രങ്ങളിലെ ഗോമുഖാകൃതിയിലുള്ള ഓവുചാലുകളും ഓവുതാങ്ങികളും തഞ്ചാവൂരിലെ ബൃഹദ്ദീശ്വരക്ഷേത്രത്തിലെ പ്രൌഢമായ ആദ്യകാലചോഴ ആവിഷ്കാരത്തെ നമിക്കുന്നതു കാണാം. ചോഴകലയില്‍നിന്നും ചേരകലയിലേക്കുള്ള വെമ്പല്‍ ഈ ശില്പങ്ങളില്‍ ധ്വനിക്കുന്നു. ഇരിങ്ങാലക്കുടയ്ക്കു സമീപമുള്ള തലക്കാട്ടുനിന്നു കണ്ടെടുക്കപ്പെട്ട പില്ക്കാല പല്ലവമാതൃകയിലുള്ള വിഷ്ണുവിഗ്രഹവും മരുദൂര്‍ക്കുളങ്ങര, ഭരണിക്കാവ്‌ എന്നിവിടങ്ങളില്‍ നിന്നും കണ്ടെത്തിയ ബുദ്ധവിഗ്രഹങ്ങളും തിരുവിതാംകൂറിലെ ചിതറാള്‍മലയിലെ ഒരു പാറയില്‍ കൊത്തിവച്ചിരിക്കുന്ന ജൈനരൂപങ്ങളുമെല്ലാം ഇക്കാലയളവിലെ ചേരകലയുടെ ഉത്തമനിദര്‍ശനങ്ങളാണ്‌. ത്രിവിക്രമമംഗലത്തുള്ള ക്ഷേത്രത്തിലെ നര്‍ത്തകരുടെയും സംഗീതജ്ഞരുടെയും രൂപങ്ങള്‍ കൊത്തിവച്ചിട്ടുള്ള ഗംഭീരമായ ഫലകങ്ങളും, അമ്പലത്തിലെ ഗുളികക്കാലുകളിലെ (balustrades) നൃത്തദൃശ്യവുമെല്ലാം അക്കാലത്ത്‌ തെക്കന്‍ കേരളത്തില്‍ നിലനിന്ന നൃത്ത-സംഗീതകലകളുടെ പ്രഭാവത്തെ കുറിക്കുന്നവയാണ്‌.

പല്ലവ-പാണ്ഡ്യരാജാക്കന്മാരാല്‍ പരിപോഷിപ്പിക്കപ്പെട്ട കൊങ്ങുദേശങ്ങളിലാണ്‌ പിന്നീട്‌ ചേരസാമ്രാജ്യവും വന്നത്‌ എന്നത്‌ യാദൃച്ഛികമല്ല. സേലത്തിനടുത്തുള്ള നാമക്കലിലെ ഗുഹകളില്‍ കാണുന്ന രംഗനാഥന്റെയും ലക്ഷ്മീനരസിംഹത്തിന്റെയും രൂപങ്ങള്‍ എ.ഡി. എട്ടാം നൂറ്റാണ്ടിലേതാണ്‌. മഹാബലിപുരത്തും മറ്റും കാണുന്ന ശേഷശായീരൂപങ്ങളുമായിട്ടാണ്‌ ഇവയ്ക്ക്‌ സാദൃശ്യം. ആയ്‌ രാജാക്കന്മാരും പല്ലവരാജാക്കന്മാരും തമ്മിലുള്ള സൌഹൃദംകൊണ്ടാണ്‌ തമിഴ്‌നാട്ടിലെ പല്ലവഗുഹകളിലെല്ലാം കൊങ്ങന്‍ കല ഇത്രയും പ്രൌഢമായതെന്ന്‌ സി. ശിവരാമമൂര്‍ത്തി അഭിപ്രായപ്പെട്ടത്‌ ഓര്‍ക്കുക.

പില്ക്കാലചേരശില്പവേലയില്‍ അലങ്കാരസമൃദ്ധിയും രൂപവടിവും ദൃശ്യചാരുതയും രൂപപ്പെട്ടതിനു പിന്നില്‍ ചാലൂക്യരുടെ ഹൊയ്സാലാശൈലി മിന്നിമറയുന്നുണ്ടെങ്കിലും ചേരകല വേറിട്ടുതന്നെ നില്ക്കുന്നു. ദാരുശില്പങ്ങളുടെ ശൈലിയിലേക്കുള്ള പകര്‍ന്നാട്ടമാണ്‌ ഇതില്‍ എടുത്തുപറയാവുന്നത്‌. ഈ ദാരുകൊത്തുവേലയുടെ ആവിര്‍ഭാവം ക്ഷേത്രവാസ്തുവിദ്യാരംഗത്ത്‌ വന്നത്‌ തെന്നിന്ത്യന്‍കലയിലെ തന്നെ വ്യത്യസ്തമായ ഒരു ചുവടുവെപ്പാണ്‌. പുരാണേതിഹാസങ്ങളില്‍നിന്നുള്ള പ്രഖ്യാതവിഷയങ്ങളെല്ലാം ഈ ദേവാലയത്തിന്റെ നടവഴികളിലെ മേലാപ്പിലും തൂണിലുമെല്ലാം അലംകൃതമായിരിക്കുന്നു. ഏറ്റുമാനൂര്‍, ശാസ്താംകുളങ്ങര, പായൂര്‍, പത്മനാഭപുരം തുടങ്ങിയ നിര്‍മ്മിതികളിലും ഇവ കാണാം. ഈ രൂപങ്ങളുടെ മുഖത്തെഴുത്തും വസ്ത്രരീതിയും ചലനഭാവങ്ങളുമെല്ലാം മലബാറിലെ നാട്യമണ്ഡപങ്ങളില്‍ കാണപ്പെടുന്ന കഥകളിരൂപങ്ങളുടെ ഓര്‍മ്മപുതുക്കലാണ്‌. ശുചീന്ദ്രത്തെ ശില്പാവിഷ്കാരത്തിന്‌ കടപ്പാടുള്ളത്‌ പില്‍ക്കാലവിജയനഗരകലയോടാണ്‌. അലങ്കാരസമൃദ്ധി, ആഭരണപ്രൌഢി, കിരീടത്തിലെ പത്മദളാലങ്കാരം, വസ്ത്രത്തിന്റെ ഞൊറിവുള്‍പ്പെടെയുള്ള ഉടുത്തുകെട്ടിന്റ തനതുരീതി എന്നിവ ഇവിടെ ശ്രദ്ധേയമാണ്‌.

എ.ഡി.ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട അഞ്ച്‌ ബുദ്ധപ്രതിമകള്‍ തിരുവിതാംകൂറില്‍നിന്ന്‌ കിട്ടി. ശില്പകലയുടെ മഹിമയെല്ലാം ഇവയില്‍ സമ്മേളിച്ചിരിക്കുന്നു. യോഗാസനത്തിലിരിക്കുന്ന ബുദ്ധശില്പങ്ങളാണ്‌ അവ. അമ്പലപ്പുഴയിലെ കരുമാടിക്കുട്ടന്‌ ഉഷ്ണീഷവും പ്രഭാവലയവും നെഞ്ചിലേക്ക്‌ ഊര്‍ന്നിറങ്ങുന്ന വസ്ത്രവും ഉണ്ട്‌. മാവേലിക്കരയിലെ ബുദ്ധശില്പത്തില്‍ ഉഷ്ണീഷവും ജ്വാലയും മേല്‍മുണ്ടും ഉപവീതവും തെളിഞ്ഞുകാണാം. വസ്ത്രത്തിന്റെ ഞൊറിവുകള്‍ കാണുന്നുണ്ട്‌ ഭരണിക്കാവിലെ വിഗ്രഹത്തില്‍. മരുദൂര്‍ക്കുളങ്ങരയില്‍നിന്ന്‌ കണ്ടെത്തിയ, ഇപ്പോള്‍ കരുനാഗപ്പള്ളിയിലെ കവലയില്‍ സ്ഥാപിച്ചിരിക്കുന്ന ബിംബമാണ്‌ നാലാമത്തേത്‌. പള്ളിക്കലില്‍നിന്ന്‌ കണ്ടെടുക്കപ്പെട്ട ബുദ്ധപ്രതിമയ്ക്ക്‌ തല ഇല്ല; ഇടത്തേ നെഞ്ചിലേക്ക്‌ ഊര്‍ന്നിറങ്ങുന്ന അംഗവസ്ത്രം കാണാം.

ഇതേ കാലയളവിലാണ്‌ വിളവന്‍കോടുതാലൂക്കിലെ തിരുചാനാത്തുമലയിലെ (ചിതറാള്‍മലയിലെ) ഭഗവതിക്കാവിനടുത്തുള്ള പാറയില്‍ കൊത്തിവച്ച ജൈനബിംബങ്ങള്‍ ശ്രദ്ധനേടുന്നത്‌. പത്മാവതീദേവിയുടെയും ജൈനതീര്‍ത്ഥങ്കരന്മാരുടെയും രൂപങ്ങളാണ്‌ അവ. തലമുണ്ഡനംചെയ്ത, നീളന്‍ ചെവികളോടുകൂടിയ, പരിപൂര്‍ണ്ണനഗ്നരായ, ധ്യാനാസ്ഥരായ ഇവയ്ക്കു ചുറ്റും യക്ഷന്മാരും വിദ്യാധരന്മാരും ദേവതകളും ഉണ്ട്‌. പത്മാസനത്തിലിരിക്കുന്ന തീര്‍ത്ഥങ്കരനുമീതെ ഒരു ഛത്രം കാണാം. തീര്‍ത്ഥങ്കരനു ചുറ്റും പറന്നുകളിക്കുന്ന രൂപങ്ങളായിട്ടാണ്‌ യക്ഷനെയും മറ്റും ചിത്രീകരിച്ചിരിക്കുന്നത്‌. പാര്‍ശ്വനാഥതീര്‍ത്ഥങ്കരന്റെ ബിംബമുള്ളത്‌ ഇടതുഭാഗത്താണ്‌. ഉയരമുള്ള, ഈ സുന്ദരശില്പത്തിന്റെ കണ്ണുകളില്‍ ധ്യാനം അലയടിക്കുന്നു. മൂന്നു തലയുള്ള നാഗം ഇതിന്റെ തലയ്ക്കു മുകളില്‍ അഭയമൊരുക്കുന്നു. അതിന്റെയരികിലാണ്‌, പത്മാവതീദേവി മകുടംചാര്‍ത്തി, രണ്ടു വലിയ കുണ്ഡലങ്ങള്‍ കാതിലണിഞ്ഞു നില്ക്കുന്നത്‌. ഒരു പുഷ്പത്തെ പിടിക്കാനാഞ്ഞതുപോലെയാണ്‌ വലതുകരം. ഇടതുകരം അരയില്‍ വിശ്രമിക്കുന്നു.
നാഗര്‍കോവിലിലെ നാഗരാജക്ഷേത്രത്തില്‍നിന്ന്‌ ആറ്‌ ജൈനശില്പങ്ങള്‍ കിട്ടിയിട്ടുണ്ട്‌. ധ്യാനസ്ഥനായിരിക്കുന്ന മഹാവീരന്റെ മൂന്ന്‌ ശില്പങ്ങള്‍, ഇരിക്കുന്ന പാര്‍ശ്വനാഥന്റെ ഒന്ന്‌, നില്ക്കുന്ന പാര്‍ശ്വനാഥന്റെ ഒന്ന്‌, ആറാമത്തേത്‌ പത്മാവതീദേവി. ഗര്‍ഭഗൃഹത്തിന്റെ മുമ്പിലുള്ള മണ്ഡപത്തിന്റെ തൂണിലാണ്‌ പാര്‍ശ്വനാഥന്റെയും പത്മാവതിയുടെയും മഹാവീരന്റെയും ശില്പങ്ങള്‍. നില്ക്കുന്ന രൂപങ്ങളുടെ മുകളിലായി അഞ്ചുതലയുള്ള നാഗം ഉണ്ട്‌. എന്നാല്‍, ബുദ്ധവിഗ്രഹങ്ങളിലേതുപോലെ ഉഷ്ണീഷമോ ജ്വാലയോ ഒന്നുമില്ല.

തെക്കന്‍കേരളത്തില്‍ ജൈന-ബുദ്ധമതങ്ങളുടെ കനത്ത സ്വാധീനമുണ്ടായിരുന്നുവെന്നു തെളിയിക്കുന്ന കാര്യങ്ങളാണ്‌ ഇവ. പെരുമ്പാവൂരിനടുത്തുള്ള കല്ലില്‍ എന്ന സ്ഥലത്തുള്ള ഗുഹാക്ഷേത്രത്തില്‍നിന്നും മഹാവീരന്റെയും പാര്‍ശ്വനാഥന്റെയും പത്മാവതിയുടെയും ബിംബങ്ങള്‍ ഇതേ കാലയളവില്‍ കണ്ടെടുക്കപ്പെട്ടത്‌ ഓര്‍ക്കുക. അര്‍ദ്ധശില്പമായി കൊത്തിവച്ച, യോഗാസനത്തിലിരിക്കുന്ന ഈ മഹാവീരബിംബം പക്ഷേ പൂര്‍ണ്ണമല്ല. ഒരു ഗന്ധര്‍വ്വന്റെ ഭവ്യരൂപം ഇതിനു പിറകിലായി കാണാം. മഹാവീരനും വലതുഭാഗത്ത്‌ പത്മാവതിയും ഇടതുഭാഗത്ത്‌ പാര്‍ശ്വനാഥനും എന്ന രീതിയിലാണ്‌ ശില്പവ്യവസ്ഥ.
രാജാരാജചോഴന്റെ കാലത്ത്‌ കന്യാകുമാരിയില്‍ നിര്‍മ്മിച്ച ഗുഹാനാഥസ്വാമിക്ഷേത്രത്തിലെ കരിങ്കല്‍ശില്പങ്ങള്‍ ഗംഭീരങ്ങളാണ്‌. ഗര്‍ഭഗൃഹത്തിന്റെ തെക്കേച്ചുവരിലെ ഒരു തട്ടിലാണ്‌ ഗണപതിയുടെ രൂപം. അലങ്കാരങ്ങള്‍ നിരവധിയുണ്ടിവിടെ. ചുണ്ടെലിയുടെയും താളമടിക്കുന്ന അര്‍ദ്ധദേവതകളുടെയും ശില്പങ്ങള്‍ ഇതിന്റെ വശങ്ങളില്‍ കാണാം. കൊത്തുപണികൊണ്ടു സമൃദ്ധമായ യാളിയുടെ മേല്‍ത്തട്ട്‌ നോക്കുക. ഇതേ ചുവരിലെ രണ്ടാമത്തെ തട്ടിലാണ്‌ ദക്ഷിണാമൂര്‍ത്തിയായ ശിവന്റെ രൂപം. ഇടതുകാല്‍ മടക്കിവച്ച്‌, വലതുകാല്‍ മൂയലകന്റെ ശരീരത്തില്‍ ചവിട്ടിപ്പിടിച്ചിരിക്കുന്ന നിലയാണ്‌ ശിവന്‌. ഇടതുകൈ തൂക്കിയിട്ടിരിക്കുമ്പോള്‍, വലതുകൈ ചിന്മുദ്ര കാണിക്കുന്നു. ചങ്ങനാശ്ശേരിയിലുള്ള തൃക്കടിത്താനത്തെ പുരാതനമായ വിഷ്ണുക്ഷേത്രത്തില്‍ ശില്പാലംകൃതമായ രണ്ട്‌ യാളീഫലകങ്ങളുണ്ട്‌. ഇവ പതിനൊന്നാം നൂറ്റാണ്ടിലേതാണെന്നു കരുതപ്പെടുന്നു. 'കുടൈക്കൂത്ത്‌' (umbrella dance), 'കുടക്കൂത്ത്‌' (pot dance) എന്നീ വ്യത്യസ്തനൃത്തരൂപങ്ങളാണ്‌ ഇവയുടെ പ്രമേയം. കൂത്തമ്പലത്തില്‍ തന്റെ പ്രാവീണ്യം തെളിയിക്കുന്ന ഒരു നര്‍ത്തകന്റെയും അയാള്‍ക്കരികില്‍ കുടപിടിച്ചുനില്ക്കുന്ന പരിചാരകന്റെയും ദൃശ്യമാണ്‌ 'കുടൈക്കൂത്ത്‌' ഫലകത്തിലുള്ളത്‌. മറ്റ്‌ രണ്ട്‌ പരിചാരകര്‍ താളവാദ്യങ്ങളുപയോഗിക്കുന്നു. മണ്ഡപത്തിന്റെ മേല്‍ത്തട്ടില്‍ അഞ്ച്‌ ഹംസങ്ങളുടെ രൂപം കൊത്തിവച്ചിട്ടുണ്ട്‌. 'കുടക്കൂത്ത്‌'ഫലകത്തിലാവട്ടെ, നര്‍ത്തകന്റെയും വാദ്യക്കാരന്റെയും ഭാവങ്ങള്‍ക്ക്‌ അതീവതീക്ഷ്ണതയുണ്ട്‌. നര്‍ത്തകന്‌ ഒരു പ്രത്യേകരീതിയിലുള്ള കിരീടവും കാണാം. നര്‍ത്തകന്റെ വശങ്ങളില്‍ രണ്ട്‌ കലശങ്ങള്‍ ഉറപ്പിച്ചിരിക്കുന്നു.

തിരുവനന്തപുരത്തിനു കിഴക്കുഭാഗത്തുള്ള ത്രിവിക്രമമംഗലത്തെ പുരാതനക്ഷേത്രത്തിലുള്ള ദ്വാരപാലകരും നൃത്തരൂപങ്ങളാല്‍ അലംകൃതമായ ഫലകങ്ങളും പന്ത്രണ്ടാംനൂറ്റാണ്ടിലേതാണ്‌. ഇവിടെയും യാളീഫലകങ്ങള്‍ കാണാം. നീരമങ്കരയിലെ ശിവക്ഷേത്രത്തിലുള്ള സുന്ദരമായ വിഷ്ണുബിംബം പതിനാലാം നൂറ്റാണ്ടിന്റെ സംഭാവനയാണ്‌. ശംഖും ചക്രവുമേന്തുന്ന നാലു കൈകളുള്ള ഈ ബിംബത്തിന്‌ യൌഗികഭാവം കൂടുതലാണ്‌. ശുചീന്ദ്രത്തെ സ്ഥാണുനാഥസ്വാമിക്ഷേത്രത്തിലെ വിഗ്രഹങ്ങളുടെ കാലം പതിനഞ്ച്‌- പതിനാറ്‌ നൂറ്റാണ്ടുകളാണ്‌. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത തൂണുകളാണ്‌ ഇവിടുത്തെ സവിശേഷത.
പതിനെട്ടാം ശതകത്തിലെ ശില്പരീതിയാണ്‌ പ്രശസ്തമായ പത്മനാഭസ്വാമിക്ഷേത്രത്തിലുള്ളത്‌. ശീവേലീമണ്ഡപം, കുലശേഖരമണ്ഡപം എന്നിവിടങ്ങളില്‍ ശില്പാവിഷ്കാരത്തിന്‌ വ്യത്യസ്തതയുണ്ട്‌. ഓരോ തൂണിന്റെയും മുകള്‍വശത്തായി ഒറ്റക്കൊമ്പന്‍കുതിരയുടെ ഓരോ രൂപം വീതം ഉണ്ട്‌. ഉത്തരത്തിലും മേല്‍ത്തട്ടിലും പൊന്തിനില്‍ക്കുന്ന ഇടങ്ങളെല്ലാം ശ്രേഷ്ഠരായ ശില്പികളുടെ കരവിരുതിന്റെ അടയാളങ്ങളാണ്‌. കുലശേഖരമണ്ഡപത്തില്‍ ശിവനും വിഷ്ണുവും ഉള്‍പ്പെടെയുള്ള ദേവതാരൂപങ്ങളുടെ സാന്നിദ്ധ്യമുണ്ട്‌. ശംഖുചക്രധാരിയായ വിഷ്ണുവിനാണ്‌ ഈ ദേവാലയത്തില്‍ മേല്‍ക്കൈ. ശിവലിംഗത്തെ പുണര്‍ന്നുനില്ക്കുന്ന മാര്‍ക്കണ്ഡേയന്റെയും, കൃഷ്ണന്റെ പുല്ലാങ്കുഴല്‍വാദനത്തില്‍ മതിമറന്നുനടക്കുന്ന ഗോപികമാരുടെയും, വിഷ്ണുവിന്റെ അവതാരമായ വാമനന്റെയും, കാളിയമര്‍ദ്ദനമാടുന്ന കൃഷ്ണന്റെയും മാത്രമല്ല രാമായണത്തിലെയും ഭാഗവതത്തിലെയും അനേകം രംഗങ്ങളും ഇവിടെ ശില്പഭാഷയണിഞ്ഞിരിക്കുന്നു. തിരുവിതാംകൂറില്‍ ആഞ്ഞടിച്ച വൈഷ്ണവഭക്തിയുടെ പ്രകടനമെന്ന നിലയിലും, കേരളീയമായ ആവിഷ്കാരരീതിയില്‍ പുറത്തുനിന്നുള്ള രീതികളും കൂടിച്ചേര്‍ന്ന്‌ പുതിയൊരു ശില്പഭാഷ പിറന്നതിന്റെ ഉദാഹരണമായിട്ടാണ്‌ പത്മനാഭസ്വാമിക്ഷേത്രത്തിലെ ഈ ആവിഷ്കാരങ്ങളെ വീക്ഷിക്കേണ്ടത്‌. ഉത്തര്‍പ്രദേശിലെ കുഷീനഗറിലുള്ള ശയിക്കുന്ന ബുദ്ധന്റെയും, അജന്തയിലെ മഹാപരിനിര്‍വ്വാണശില്പത്തിന്റെയും ജ്വലിക്കുന്ന മാതൃകയെ പിന്‍പറ്റിയുള്ള ഭീമാകാരമായ ആവിഷ്കാരമായി പ്രസ്തുതക്ഷേത്രത്തിലെ മുഖ്യ ആരാധനാബിംബമായ പത്മനാഭനെ കാണുമ്പോള്‍ ആ കാഴ്ച മാത്രമല്ല കാഴ്ചപ്പാടും മാറുന്നു. ഗുപ്തകാലത്തുനിന്നും പറിഞ്ഞുപോയ ഒന്ന്‌ പിന്നീട്‌ മറ്റൊരു മനോഭാവത്തില്‍ ഇങ്ങനെ ഒരു കലാസൃഷ്ടിയായി പരിണമിച്ച കഥ കേള്‍ക്കുമ്പോള്‍ നമ്മള്‍ ദര്‍ശനങ്ങളുടെ ഉറവയിലേക്കു തിരിച്ചുപോകാന്‍ നിര്‍ബന്ധിതരാവുകയാണ്‌!

തിരുവിതാംകൂറിലെ ശില്പകലയെപ്പറ്റി ആര്‍.വാസുദേവപ്പൊതുവാളും സ്റ്റെല്ലാ ക്രാംറിഷും മറ്റു നടത്തിയ ഗാഢമായ പഠനങ്ങള്‍ ഈ മേഖലയില്‍ നിസ്തുലമാണ്‌. കന്യാകുമാരിയിലെ ഗുഹാനാഥസ്വാമിക്ഷേത്രവും തൃക്കടിത്താനത്തെ വിഷ്ണുക്ഷേത്രവും തിരുവനന്തപുരത്തെ നീരമങ്കരശിവക്ഷേത്രവും തിരുവല്ലംക്ഷേത്രവും ശുചീന്ദ്രത്തെ സ്ഥാണുനാഥക്ഷേത്രവും കേരളപുരംക്ഷേത്രവും പത്മനാഭപുരത്തെ നീലകണ്ഠസ്വാമിക്ഷേത്രവും കേരളീയശില്പകലയുടെ ആലയങ്ങള്‍കൂടിയാണ്‌. പക്ഷേ, ഇതൊന്നും ചേരകലയായി തിരിച്ചറിയപ്പെടുന്നില്ല! നൂറ്റെട്ടു ശിവാലയങ്ങളും അതിലേറെ ഭഗവതിക്കാവുകളും മറ്റും വാഴുന്ന കേരളത്തിന്റെ ആരാധാനാവഴികളില്‍ എവിടെവച്ചാണ്‌ ചേരകല വിസ്മൃതിയിലാണ്ടുപോയത്‌?

Subscribe Tharjani |