തര്‍ജ്ജനി

സേതുരാമയ്യർ എന്ന ബ്രാഹ്മണൻ

ബ്രാഹ്മണ്യം ഇന്ന് ഒരു നല്ല വാക്കല്ല. അധികാരത്തിന്റെയും അധിനിവേശത്തിന്റെയും പ്രതീകാത്മക പ്രയോഗമാണ്‌. മോഹൻലാലിന്റെയും ജയറാമിന്റെയും സവർണ്ണ കഥാപാത്രങ്ങളും നിശിത വിമർശനത്തിനു പാത്രമായിട്ടുണ്ടല്ലോ. എന്തിന്‌ മകൾക്ക്‌ എന്ന സിനിമയിൽ ഭ്രാന്തിയുടെ മകളോട്‌ കാരുണ്യം കാണിക്കുന്ന കഥാപാത്രം 'വാര്യർ' ആയതും വിമർശന വിധേയമായിട്ടുണ്ട്‌. അങ്ങനെയൊക്കെയായിട്ടും 'സേതുരാമയ്യർ' തന്റെ അതി ബുദ്ധിയും നെറ്റിയിലെ മൂകാംബികാ പ്രസാദവുമായി നാലാമത്തെ തുടർച്ചയിലേയ്ക്കു കടക്കുന്നു. ഒരു കാരണം ചർച്ച ചെയ്യത്തക്ക ഗൌരവം 'സി ബി ഐ' സിനിമകൾക്ക്‌ ഇല്ലാത്തതാകാം. സത്യത്തിൽ ഒരു യുക്തിയുടെയും പിൻ ബലമില്ലാത്ത തിരക്കഥയാണ്‌ ഈ തുടരൻ സിനിമകൾക്ക്‌ പിന്നിൽ. ആദ്യമേ ആരും സംശയിക്കാത്ത ഒരാളിനെ കൊലപാതകിയായി തീരുമാനിക്കുക ബാക്കി കാര്യങ്ങൾ സസ്പെൻസ്‌ നിലനിർത്താനാവശ്യമായ തരത്തിൽ ആസൂത്രണം ചെയ്യുക എന്നതാണ്‌ ഈ സിനിമകളുടെ രീതി. പണ്ട്‌ ബേബിയും ശശികുമാറുമൊന്നും ചെയ്തതിൽ നിന്ന് ഒട്ടും മുന്നോട്ടു പോയിട്ടില്ല ഇവ. എങ്കിലും തുടർച്ചയായി വിജയിക്കുകയും അഞ്ചാമത്തെ തുടർച്ചയെടുക്കാൻ പ്രവർത്തകർ ആലോചിക്കുകയും ചെയ്യാൻ മാത്രം ഈെ സിനിമകളിൽ പ്രത്യേകമായി എന്താണുള്ളത്‌? ഇവയുടെ സ്വീകാര്യത വെറും സസ്പെൻസിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കാര്യമാണോ? എന്തു കൊണ്ട്‌ നമ്മൾ സേതുരാമയ്യരെ മാത്രം വിവേചനമില്ലാതെ സ്വീകരിക്കുന്നു? കാരണങ്ങൾ പലതാണ്‌.

Submitted by reshma on Wed, 2005-11-16 15:23.

കാരണങ്ങൾ...പോന്നോട്ടെ ട്ടൊ.

Submitted by Sivan on Sat, 2005-11-19 22:19.

കാരണം ഒന്ന്..) മലയാളികള്‍ ശരീരത്തേക്കാള്‍ ബുദ്ധിയെ ഇഷ്ടപ്പെടുന്നു എന്നാണ്‌ വയ്പ്പ്‌. പക്ഷേ ബുദ്ധിയെയല്ല, ബുദ്ധിയുടെ ലക്ഷണത്തെയാണ്‌ നമ്മള്‍ ഇഷ്ടപ്പെടുന്നത്‌. സാംസ്കാരിക നായകന്മാരെ നോക്കിയാല്‍ മനസ്സിലാവും. ഇന്നയാള്‍ ശരിക്കും ബുദ്ധിമാനാണ്‌ എന്നു പറഞ്ഞാലും മതി നമ്മുക്ക്‌ ആരാധനതോന്നും...ഇവിടെ സേതുരാമയ്യര്‍ ബുദ്ധിയുള്ളവനാണ്‌.. അല്ലെങ്കില്‍ എന്നു തോന്നിക്കുന്നു......അതുമതി..
രണ്ട്‌..) മമ്മൂട്ടിയാണിവിടെ ബ്രാഹ്മണനായത്‌...ഐ എസ്‌ എസ്‌ നിരോധിച്ചപ്പോള്‍ മദനി ചെയ്തത്‌ പിന്നാക്ക സമുദായക്കാരെയും ചേര്‍ത്ത്‌ പി ഡീ പ്പിയ്ക്കു രൂപം നല്‍കുകയായിരുന്നു. സൈദ്ധാന്തികതലത്തില്‍ കെ ഇ എന്‍ ഇരകളൂടെ രാഷ്ട്രീയം എഴുതിയപ്പോഴും പിന്നാക്ക സമുദായം + മുസ്ലീം എന്ന സമവാക്യത്തെ സ്വീകരിക്കുകയാണ്‌ ചെയ്തത്‌. ഈ സാത്മീകരണത്തിന്റെ പൊതു വശമാണ്‌ മമ്മൂട്ടി എന്ന സേതുരാമയ്യരിലൂടെ വെളിവാകുന്നത്‌. അബ്ദുള്‍ കലാം പ്രസിഡന്റാവുന്ന സമയത്ത്‌ അദ്ദേഹത്തെ ബ്രാഹ്മണനാക്കുകയായിരുന്നു നമ്മൂടേ പത്രങ്ങളെല്ലാം.. (മസാല്‍ ദോശ തിന്നുന്ന, കാപ്പി കുടിക്കുന്ന, മാംസം ഭക്ഷിക്കാത്താ..സാത്ത്വികനായ....) ഇത്തരമൊരു ഇമേജ്‌ അദ്ദേഹത്തെ എത്ര പ്രിയപ്പെട്ടവനാക്കി തീര്‍ത്തു എന്നു നോക്കുക...മുസ്ലീം വിരോധം നാഴികയ്ക്കു നാല്‍പ്പതുവട്ടം ഉരുവിട്ടുകൊണ്ടിരിക്കുന്ന ബി ജെ പി പോലൊരു കക്ഷിയ്ക്കും...
അധഃകൃതാവസ്ഥയില്‍ നിന്നും ബ്രാഹ്മണ്യത്തിലേയ്ക്ക്‌.. എന്ന സ്വപ്നാവസ്ഥയുടെ ആവിഷ്കാര സാഫല്യം സിനിമ അനുഭവേദ്യമാക്കുന്നുണ്ട്‌... അതു ബാഹ്യതലത്തില്‍ പരകടമല്ലായിരിക്കും.. എന്നാലും അതുണ്ട്‌...
മൂന്ന്......) :)

Submitted by giree on Fri, 2006-02-17 21:11.

എണ്റ്റീശ്വരാ.....

ഈ മനുഷ്യന്‍മാര്‍ക്ക്‌ എവിടെത്തിരിഞ്ഞാലും ജാതീം മതോം പറയാനേ നേരമുള്ളോ? ശിവന്‍ ചേട്ടാ... ചേട്ടനോടുള്ള സ്നേഹം കൊണ്ടു പറയുകയാണ്‌. എല്ലാത്തിനേം പിടിച്ച്‌ ഒരേ തളപ്പിലിടരുത്‌.

ഈ പറഞ്ഞ പടം കണ്ടവരൊക്കെ അതു ഒരു ബ്രാഹ്മണന്‍ കഥാപാത്രമായതു കൊണ്ടാണു കാശുംകൊടുത്തു തീയേറ്ററില്‍ കയറിയതെന്നു പറഞ്ഞാല്‍ വിശ്വസിക്കണമെന്നാണോ? അങ്ങനെയാണെങ്കില്‍ ബ്രാഹ്മണനു ബുദ്ധി കൂടുതലുണ്ടെന്നു വിശ്വസിക്കുന്നവര്‍ മാത്രമാണോ സിനിമ കണ്ടത്‌.

ഇനി അബ്ദുല്‍കലാം പച്ചക്കറി മാത്രം കഴിക്കുന്നുവെന്നു പറഞ്ഞാല്‍ അതു ബ്രാഹ്മണവത്കരണമാകുമോ? അബ്ദുല്‍കലാമിനെ ജനങ്ങള്‍ സ്നേഹിക്കുന്നുണ്ടെങ്കില്‍ അത്‌ ആ മനുഷ്യണ്റ്റെ ജീവിതത്തിലെ ലാളിത്യം കൊണ്ടും അയാള്‍ ചവുട്ടി വന്ന പടവുകളുടെ കാഠിന്യം മനസ്സിലാക്കിയുമാണെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. ആ മനുഷ്യന്‍ എവിടേയും മതം പറയുന്നതു ഞാന്‍ കേട്ടിട്ടുമില്ല.

പിന്നെ ബ്രാഹ്മണര്‍ മാത്രമാണ്‌ സസ്യഭുക്കുകളെന്ന പഴയ ധാരണ ശിവന്‍ ചേട്ടനുണ്ടോ എന്തോ? എന്തായാലും എല്ലാര്‍ക്കും ആ ധാരണയില്ല. അത്തരം ഇടുങ്ങിയ ചിന്തകള്‍ വച്ചു പുലര്‍ത്തുന്നവരുണ്ടാകാം. പക്ഷേ നമ്മള്‍ അങ്ങനെയാകണോ? അവിടെയാണ്‌ 'ചിന്ത'യുടെ പ്രാധാന്യം എന്ന് എനിക്കു തോന്നുന്നു.

Submitted by Sivan on Sat, 2006-02-18 19:24.

നിലനില്‍ക്കുന്ന ധാരണയെക്കുറിച്ചു പറഞ്ഞതാണ്...അങ്ങനെ ഒന്നുണ്ട്... അതു ശക്തമായി നിലനില്‍ക്കുന്നുണ്ട്...ശ്രീനിവാസന്‍ മഹാ ബുദ്ധിമാനായി ഒരു സിനിമയില്‍ പ്രത്യക്ഷപ്പെട്ടാല്‍ നമുക്ക് ദഹിക്കുമോ? കാരണം ശ്രീനി തന്റെ നിറം പൊക്കം ആകാരം എന്നിവ കൊണ്ട് പ്രേക്ഷണം ചെയ്യുന്ന സാമൂഹിക തലത്തോട് കേരളത്തിന്റെ പൊതു മണ്ഡലം പ്രതികരിക്കുന്നത് മറ്റൊരു തലത്തിലാണ്..
സസ്യാഹാരം, സിന്ദൂരക്കുറി എന്നിവ എല്ലാ ബ്രാഹ്മനരും ഉപയോഗിക്കുന്നു, ബ്രാഹ്മണരല്ലാത്തവര്‍ ഉപയോഗിക്കുന്നില്ല എന്നല്ല. സമൂഹത്തിന്റെ മുന്‍‌ധാരണയിലേയ്ക്കു കടന്നു കയറുന്ന ചില ചിഹ്നങ്ങളാണവ. അബ്ദുള്‍കലാമില് നമ്മുടെ പത്രങ്ങള്‍ ആരോപിച്ച സാത്വികത അദ്ദേഹത്തെ പോപ്പുലര്‍ ആക്കിയിട്ടുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. ഇതു ബോധപൂര്‍വം ചെയ്യുന്നതല്ല, സംഭവിക്കുന്നതാണ്...
ഈ വീക്ഷണം സങ്കുചിതമാണോ? ഇങ്ങനെയല്ലേ നാം കുറച്ച് ആഴത്തിലേയ്ക്കു പോകുന്നത്? വിശകലനം എന്നതു കൊണ്ടു ഉദ്ദേശിക്കുന്നത് ഇങ്ങനെയുള്ള ചില സംഗതികള്‍ അല്ലേ?

ഞാന്‍ ബ്രാഹ്മണ്യത്തെ കുറ്റപ്പെടുത്തിയതല്ല..അങ്ങനെയല്ലേ ഇവിടെ.. എന്നു ചോദിച്ചതാണ്...
കാണുന്നതിനെക്കുറിച്ചു മാത്രം സംസാരിക്കുമ്പോള്‍ അതു പൊതു ഭാഷണമായി തീരും.. പൊതുഭാഷണങ്ങള്‍ എപ്പോഴും നിസ്സാരവിഷയങ്ങളെപ്പറ്റിയായിരിക്കും....

Submitted by nalan on Fri, 2006-03-10 23:35.

ഇങ്ങനെയൊരു ധാരണ നിലനില്‍ക്കുന്നുവെന്നത് സത്യം തന്നെ..
സേതുരാമയ്യരെ ബ്രാഹ്മണനാക്കിയത് ആ നിലയ്ക്കാണുതാനും. ബ്രാഹ്മണ്യത്തെ ഉയര്‍ത്തിക്കാട്ടാന്‍ വേണ്ടിയാണോയെന്നുറപ്പിച്ചു പറയാനാവില്ലെങ്കിലും ആ നിലയിലും കാണാവുന്നതാണു്.
ഇങ്ങനുള്ള ധാരണകളെ മാറ്റിയെഴുതുവാന്‍ കാണിക്കുന്ന ശുഷ്കാന്തിയല്ലേ ചര്‍ച്ചചെയ്യപ്പെടേണ്ടത്.