തര്‍ജ്ജനി

നമുക്ക്‌ നല്ല പുസ്തകങ്ങൾ തിരിച്ചറിയാൻ കഴിയുന്

ഇന്ത്യൻ പുസ്തകങ്ങൾക്ക്‌ ലോകവിപണിയിൽ വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല - രാഷ്ട്രപതി
മലയാളത്തിലെ ഒരു വാരികയിൽ പ്രസിദ്ധീകരിക്കാനായി നോവൽ കൊടുത്ത സുഹൃത്തിനോട്‌ എഡിറ്റർ പറഞ്ഞത്‌ ഇപ്പോൾ കഥകളിലും നോവലിലുമൊന്നും ജനത്തിനു വലിയ താത്‌പര്യമില്ലെന്നാണ്‌. മാതൃഭൂമി വാരിക കഥയുടെ എണ്ണം ഒന്നായി കുറച്ചു. വാരാന്ത്യപ്പതിപ്പുകളിൽ കുഞ്ഞു കഥകൾ വന്നാലായി. മറ്റാനുകാലികങ്ങളും അത്ര പ്രധാനമല്ലാത്ത സ്ഥാനത്താണ്‌ കഥകൾ. വായനക്കാരുടെ പ്രതികരണങ്ങളിൽ കഥ, കവിത എന്നിവയെപ്പറ്റി കാമ്പുള്ള പരാമർശങ്ങൾ കുറവാണ്‌.
അടുത്തകാലത്തിറങ്ങിയ'സംഹാരത്തിന്റെ പുസ്തകം, ഡി, ഞങ്ങളുടെ മഞ്ഞ പുസ്തകം (കട്ടെഴുതിയ അനുബന്ധങ്ങൾ), ആധികളുടെ പുസ്തകം, ഐസ്‌ തുടങ്ങിയ ഒന്നും മലയാളിയുടെ വായനയെ കാര്യമായി ബാധിച്ചതായി തോന്നുന്നില്ല. ഇവയെക്കാളൊക്കെ 'ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ' വായിക്കപ്പെട്ടു. പരാമർശിക്കപ്പെട്ടു. പൌലോ കോയ്‌ലോ മലയാളത്തിൽ കാര്യമായി തന്നെ വിറ്റു പോകുന്നു. കദാരെ(തകർന്നു തരിപ്പണമായ ഏപ്രിൽ) യലനക്‌(പിയാനോ ടീച്ചർ) യോസ(രണ്ടാനമ്മയ്ക്കു സ്തുതി)ആന്ദ്രിച്ച്‌ (ഡ്രിനാ നദിയിലെ പാലം)തുടങ്ങി പുതിയതും പഴയതുമായ വിദേശപുസ്തകങ്ങളുടെ വിവർത്തനങ്ങൾ നമുക്ക്‌ അഭികാമ്യമാവുന്നു മലയാള പുസ്തകങ്ങളേക്കാൾ. എന്തുകൊണ്ട്‌?
മുറ്റമടിക്കുമ്പോൾ(അനിത)പ്രണയത്തിൽ ഒരു ആത്മകഥ(ബിലു) രണ്ടായ്‌ മുറിച്ചത്‌(പി പി രാമചന്ദ്രൻ) എത്രത്തോളം(ടി കെ സന്തോഷ്‌)വൈകുന്നേരം ഭൂമി പറഞ്ഞത്‌ (നാസിമുദ്ദീൻ)സമനില (ടോണി) കവിതയോട്‌ താത്‌പര്യമുള്ളവർ തന്നെ ഇങ്ങനെ ചില പുസ്തകങ്ങൾ ഇറങ്ങിയത്‌ അറിഞ്ഞിരിക്കാൻ കൂടി ഇടയില്ല.
സത്യത്തിൽ മലയാളത്തിലെ നല്ല സർഗാത്മക കൃതികൾ വായിച്ചു മനസ്സിലാക്കൻ കഴിവുള്ളവരാണോ നമ്മൾ? എല്ലാവരും നല്ലതെന്നു പറഞ്ഞ ഒന്നിന്റെ പിന്നാലെ പോയി 'കൊള്ളാമെന്നോ കൊള്ളില്ലയെന്നോ' ഒഴുക്കൻ അഭിപ്രായം തട്ടിവിടാനല്ലാതെ ഒരു മൌലികകൃതിയെ സാദ്ധ്യമാക്കുന്ന അന്തരീക്ഷത്തെ വേദനയായി ഉൾക്കൊള്ളാനും അതിന്റെ ആശയസമസ്യകളെ തുടരെ ചിന്തയ്ക്കു വിഷയമാക്കാനും പാങ്ങുള്ളവരാണോ നമ്മൾ മലയാളികൾ? സമീപകാല ഉദാഹരണങ്ങൾ എന്നെ സംസയമുള്ളവനാക്കുന്നു. പ്രാദേശികവിപണിയിൽ പോലും പരിഗണനകിട്ടാതെ വരുമ്പോൾ രാഷ്ട്രാന്തരീയ മേഖലയിൽ പിന്നോട്ടു പോവുക സ്വാഭാവികം!

Submitted by kevinsiji on Sun, 2005-08-28 18:07.

മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്നതോ പോകട്ടെ, മുറ്റത്തു പോയിട്ടു പറമ്പിന്റെ അതിരിലു പോലും മുല്ല കണ്ടുകൂടെന്ന വാശിക്കാരല്ലേ നമ്മളു മലയാളിക്കൂട്ടം.

Submitted by Sunil on Sun, 2005-08-28 20:01.

ശിവൻ പുസ്തകങ്ങൾ ചിലവാകാത്തതിനു കാരണം വായനക്കാർക്ക്‌ കഴിവില്ല എന്ന മട്ടിലാണ്‌ എഴുതിയിരിക്കുന്നത്‌. അതു ശരിയല്ല. ഏറ്റവും കൂടുതൽ ചിലവായ പുസ്തകങ്ങൾ "സങ്കീർത്തനം പോലെ", എം.പി. പരമേശ്വരന്റെ നാലാം ലോകവാദം, പിന്നെ ഈ അടുത്ത്‌ ഒരു ലൈംഗീക തൊഴിലാളിയുമെത്തി. ഈ വിവരം പത്രങ്ങളിൽ വായിച്ചതാണ്‌.
ഈ ചിലവായ പുസ്തകങ്ങളുടെ ഒക്കെ തന്നെ വിഷയങ്ങൾ സാധാരണ ജനങ്ങളുടെ മനസ്സിനോടടുത്തു നിൽക്കുന്നവയാണ്‌. മാർക്സിസം പുറത്തുനിന്നു വന്നതാണെങ്കിൽ കൂടി ഒരു സാർവലൌകീക (ശരിയാണോ പദം?) സ്വഭാവമുണ്ടതിന്‌. അതുപോലെ തന്നെ ലൈംഗീകതയും. (ഈ പുസ്തകം വാങ്ങി വായിച്ച ചിലരെങ്കിലും ഇപ്പോൾ "അയ്യത്തടാ" എന്നായിട്ടുണ്ടാവും, തീർച്ച)
നിരൂപകർ എന്തൊക്കെ എഴുതി നിറം പിടിപ്പിച്ചാലും വായിക്കുന്നത്‌ സാധരണ വായനക്കാരനാണ്‌. ഇതു എഴുത്തുകാർ മനസ്സിലാക്കിയിട്ടുണ്ടോ?
അവന്റെ ജീവിതത്തിനോടടുത്തുനിൽക്കുന്ന അവനു മനസ്സിലാകുന്ന എല്ലാ കഥയും കവിതയും വിറ്റഴിഞ്ഞിട്ടുണ്ട്‌.
ഇതുപറയുമ്പോൾ തന്നെ ഇന്നത്തെ വിദ്യാഭ്യാസത്തിൽ മലയാളത്തിന്റെ സ്വാധീനവും ഒന്ന്‌ ഓർക്കേണ്ടതാണ്‌.
വിദേശ പുസ്തകങ്ങൾ ആസ്വാദ്യമായവ മാത്രമേ വിറ്റഴിയുന്നുള്ളൂ. പണ്ടെ നമുക്കവ സ്വീകാര്യമായിരുന്നു. "പാവങ്ങൾ"-ടെ കാര്യം തന്നെ ഓർക്കൂ. അതും ശിവൻ ഉദ്ധരിച്ച പുസ്തകങ്ങളും ഏകദേശം ഒരേ കണാക്കിനുതന്നെയാണ്‌ വിറ്റഴിയുന്നത്‌ എന്നാണെന്റെ അഭിപ്രായം. മറിച്ചു ചിന്തിക്കാൻ വല്ല കണക്കുകളും ഉണ്ടോ? അറിവിനു വേണ്ടിയെങ്കിലും പറയൂ.
വേറൊന്ന്‌ ഇന്ന് മലയാളിക്ക്‌ അവസരങ്ങൾ കൂടുതലാണ്‌. വലിയൊരു ലോകത്തേക്കവൻ കയറ്റുമതി ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌, ജോലി നോക്കിയാണെങ്കിലും. അവിടേയും അവൻ വായനാശീലം കാത്തുസൂക്ഷിക്കുന്നുണ്ട്‌. ദൈനംദിന ജീവിതത്തിന്റെ തിരക്കിൽപ്പെട്ട്‌ വായിക്കാൻ പുസ്തകങ്ങൾ/വിഷയങ്ങൾ വളരെ സൂക്ഷ്മമായി നോക്കി അവൻ തിരഞ്ഞെടുക്കുന്നു. അപ്പോൾ എഴുത്തുകാരന്റെ പരീക്ഷണങ്ങൾക്കൊന്നും അവൻ ചെവി കൊടുത്തെന്നു വരില്ല. ജാസ്സി ഗിഫ്റ്റിന്റെ പാട്ടുപോലെ ഒരു ചേഞ്ചിനു വേണ്ടി വാങ്ങി വായിക്കുമായിരിക്കും. അതുകഴിഞ്ഞാൽ ഈ എഴുത്തുകാരനുമില്ല, വായനക്കാരൻ ആ വഴിക്കു തിരിഞ്ഞുനോക്കുകയുമില്ല.

നമ്മുടെ ആനുകാലികങ്ങളുടെ കാര്യം പറയാതിരിക്കുകയാവും ഭേദം. അവർ പുതിയ തരംതിരിവുകൾ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്‌. അതിന്റെ പേരിൽ കുറച്ചുവിവാദങ്ങളുണ്ടാക്കി "സാധനം" വിറ്റഴിക്കുന്നു.

Submitted by Sunil Krishnan on Mon, 2005-08-29 16:41.

പുതിയ പുസ്തകങ്ങള്‍ കാര്യമായിവിറ്റു പോകുന്നില്ല എന്ന് ശ്രീ ശിവകുമാര്‍ അത്ര വിലപിക്കേണ്ടതില്ല എന്ന് അനുഭവത്തില്‍ നിന്ന് എനിക്കു പറയാന്‍ തോന്നുന്നു.

അനുഭവം ഇങ്ങനെയാണ്‌.

ഇവിടെ(സൌദി) നിന്ന് നാട്ടിലേക്ക്‌ അവധിക്കുപോകുന്ന സുഹൃത്തുക്കള്‍ വഴിയാണ്‌ ഞങ്ങള്‍ക്ക്‌ പുസ്തകങ്ങള്‍ കിട്ടാറുള്ളത്‌. ഓരോരുത്തരു പോകുമ്പോഴും ഓരോ ചെറിയ വിലവിവരപ്പട്ടിക ഏല്‍പ്പിച്ച്‌ വിടുകയാണ്‌ പതിവ്‌. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ പത്തില്‍ കുറയാത്ത സുഹൃത്തുക്കള്‍ നാടിന്റെ പലഭാഗങ്ങളിലേക്ക്‌ പോവുകയും തിരിച്ച്‌ വരുകയും ചെയ്തു. ഏതാണ്ട്‌ തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള പുസ്തകക്കടകളില്‍ കയറിയിറങ്ങിയ ഒരു സുഹൃത്തിന്‌ ആകെ കിട്ടിയത്‌ പി.പി. രാമചന്ദ്രന്റെ രണ്ടായ്‌ മുറിച്ചത്‌ മാത്രമാണ്‌. സമനിലയും മുറ്റമടിക്കുമ്പോള്‍ ഒന്നും കിട്ടാനേയില്ല. കാണെക്കാണെ യുടെ ഒരുകോപ്പിക്കായി കയറാത്ത പുസ്തകക്കടയില്ലെന്ന് ഒരുസുഹൃത്ത്‌ നിരാശയോടെ പറഞ്ഞു. ബിലുവിന്റെയും, പവിത്രന്റെയും, ജോസഫിന്റെയും റഫീക്കിന്റെയും ഒക്കെ പുസ്തകത്തിനും ഏതാണ്ട്‌ ഇതുതന്നെയാണ്‌ അവസ്ഥ. (ചൂടപ്പം പോലെ എന്നുപറയാനാവില്ലെങ്കിലും.) മലയാളപുസ്തകങ്ങളും ഒപ്പം വിദേശപുസ്തകങ്ങളും വായിക്കപ്പെടുന്നുണ്ട്‌ എന്നതല്ലേ നേര്‌?

ലോകത്തിലുണ്ടാവുന്ന പുസ്തകങ്ങളില്‍ ഏറ്റവും മികച്ചതൊന്നുമല്ല കേരളത്തിലുണ്ടാവുന്നത്‌ എന്ന്
എല്ലാവര്‍ക്കുമറിയാം. എന്നുകരുതി കടലിനപ്പുറത്തുള്ള കുഴിയാനകള്‍ക്കാണ്‌ ഗുരുവായൂര്‍ കേശവനെക്കാള്‍ തലയെടുപ്പ്‌ എന്ന് എപ്പോഴും പറഞ്ഞു രസിച്ചുകൊണ്ടേയിരിക്കണോ? വേണ്ടന്നാണ്‌ ശിവകുമാറേ എനിക്കു തൊന്നുന്നത്‌.

Submitted by Sivan on Fri, 2005-09-02 18:27.

പുസ്തകം ചെലവാകുന്നതിനെക്കുറിച്ചാല്ല, മറിച്ച്‌ എത്രപേർക്ക്‌ അവയിലെ ആശയം ഉൾക്കൊള്ളാൻ കഴിയുന്നു എന്നതിനെക്കുറിച്ചാണ്‌ സംശയം ഉന്നയിച്ചത്‌. പുസ്തകങ്ങൾ തീർച്ചയായും ചെലവാകുന്നുണ്ടായിരിക്കണം. ധാരാളം പ്രസാധകസംഘങ്ങൾ നമുക്കുണ്ട്‌. പോപ്പുലറാവുന്ന മുറയ്ക്ക്‌ വിദേശ എഴുത്തുകാരുടെ കൃതികൾ അതിവേഗം വിവർത്തനം ചെയ്തിറക്കാൻ ഇവരെല്ലാം തത്‌പരരുമാണ്‌. അവ വാങ്ങി കയ്യിൽ വയ്ക്കുന്നു എന്നല്ലാതെ നമുക്ക്‌ അവയുടെ ആഴത്തിലേയ്ക്കു പോകുക എന്നത്‌ നമ്മുടേ വേദനയാണോ, പുസ്തകം വച്ചുനീട്ടുന്ന നോവുകളെ സ്വകാര്യമായെങ്കിലും നാം ഏറ്റെടുക്കുന്നുണ്ടോ എന്നൊക്കെയുള്ളതാണ്‌ പ്രശ്നം. 'കഥ ഇതുവരെ' എന്ന പേരിൽ ടി ടി ശ്രീകുമാറും സഞ്ജീവും ചേർന്ന് കേരളത്തിന്റെ വികസനത്തെക്കുറിച്ച്‌ ഒരു നല്ല പഠനമിറക്കിയിരുന്നു. ഒരിടത്തും ആ പുസ്തകം പരാമർശിക്കപ്പെട്ടില്ല. അതേസമയം വാരികകളിൽ നിറഞ്ഞു നിന്ന നാലാം ലോകമാവട്ടെ വിറ്റു തീരുകയും ചെയ്തു.'അതിരുകളില്ലാത്ത ഇന്ത്യ' അതു പോലെതന്നെ ഒരു നല്ല പുസ്തകമായിരുന്നു. ചർച്ചകളിലൊന്നും അതും കടന്നു വന്നില്ല. പകരം മാദ്ധ്യമങ്ങൾ സെൻസേഷൻ ഉണ്ടാക്കിയ പുസ്തകങ്ങൾ വാങ്ങാനും അവയെപ്പറ്റി അഭിപ്രായം പറയാനുമായിരുന്നു ആളുകൾ ഉത്സാഹിച്ചത്‌.
ഉത്തരാധുനിക കവിതകൾ ചെലവാകുന്നുണ്ട്‌. പക്ഷേ ചർച്ചകളില്ല. എന്താണ്‌ പുതിയ കവിത എന്ന് കവികൾ തന്നെ ആവർത്തിച്ചു പറയുന്നതാണു നാം കേട്ടു കൊണ്ടിരിക്കുന്നത്‌. സാധാരണവായനക്കാരന്റെ/കാരിയുടെ അഭിപ്രായം എവിടെ? ചർച്ച എവിടെ?
പുസ്തകമായാലും സിനിമയുൾപ്പടെയുള്ള കലകളായാലും അനുവാചകൻ താൻ മനസ്സിലാക്കിയത്‌ വാതുറന്നു സംസാരിക്കാൻ തുടങ്ങുന്നിടത്തുനിന്നാണ്‌, പങ്കിടുന്നിടത്തു നിന്നാണ്‌ അതൊരു സംസ്കാരമായി മാതൃ സമൂഹത്തിൽ പടരാൻ തുടങ്ങുന്നത്‌. നാം പുസ്തകം വാങ്ങുന്നുണ്ട്‌ പക്ഷേ അവ മനസ്സിലാക്കുന്നു എന്നതിനു തെളിവുകൾ നിലവിലില്ല. ഉണ്ടോ?

Submitted by kevinsiji on Sun, 2005-09-04 19:35.

പുസ്തകം വാങ്ങുന്നുണ്ടായിരിയ്ക്കാം. മനസ്സിലാക്കുന്നതു പോകട്ടെ, വാങ്ങുന്ന പുസ്തകങ്ങൾ വായിച്ചു തീർക്കുന്നവർ തന്നെ വിരളമാണെന്നാണു് എന്റെ അഭിപ്രായം.

Submitted by Sunil on Sat, 2005-10-01 19:31.

പുതിയ കലാകൌമുദിയില്‍ രണ്ട്‌ പ്രസിധീകരണക്കാരെ ഉദ്ധരിച്ചുകൊണ്ട്‌ എം.കെ.ഹരികുമാര്‍ ജാലകത്തില്‍ എഴുതിയതു കണ്ടുവോ? മലയാളികള്‍‌ക്ക്‌ “ഭാവന” ഇപ്പോള്‍ ആവശ്യമില്ലതന്നെ. വായിച്ചാല്‍ എളുപ്പം അറിവുകിട്ടുന്ന പുസ്തകങള്‍ മാത്രം മതിയത്രെ! ഈ ഭാവനയുടെ കുറവ് എഴുത്തുകാരിലും കാണുന്നില്ലേ? ഇതു വലിയൊരു പ്രശ്നമല്ലേ?