![]() |
|||||
എച്മുക്കുട്ടിബ്ലോഗ് : http://echmuvoduulakam.blogspot.com/ |
കഥ
അച്ഛാ…
അച്ഛാ……
ഉം.
അച്ഛാ…………….
എന്താ?
എനിക്ക് ..
നിനക്ക്..?
എത്ര വയസ്സായി?
നിനക്കോ? നിനക്ക് ……… ഇരുപതാവാന്‍ പോകുന്നു.
ആ, അപ്പോ അച്ഛനറിയാം. ഞാന്‍ ഒരു സുന്ദരീം മിടുക്കീം നല്ല സ്വഭാവള്ള കുട്ടീമല്ലേ ?
പിന്നെ അല്ലേ? അച്ഛനക്കാര്യത്തിലൊന്നും ഒരു സംശയവുമില്ല.
എന്നാലേ …….എനിക്ക് ഒരു ബോയ്ഫ്രണ്ടിനെ വേണം.
ആരെ?
ഇതെന്താ ചെവി കേക്കാത്ത മാതിരി……. എനിക്ക് ഒരു ബോയ്ഫ്രണ്ടിനെ വേണം.
ഓ. അങ്ങനെ, ബോയ് ഫ്രണ്ട്.
ആ, അതന്നെ, ഒരു ബോയ്ഫ്രണ്ട്. കോളേജിലെല്ലാര്‍ക്കും ഉണ്ടച്ഛാ, എന്റെ മിക്കവാറും എല്ലാ കൂട്ടുകാരികള്‍ക്കും ഉണ്ട്.
അതേയോ? അപ്പോ നിനക്കും വേണം. ശരി തന്നെയാ. ആട്ടെ, എന്തിനാ നിനക്ക് ബോയ്ഫ്രണ്ട്?
അത്…… പിന്നെ, ആങ്….കോളേജ് വിടുമ്പോ ഗേറ്റിലു കാത്ത് നില്‍ക്കാന്‍…
അതു മതിയോ?
ഈ അച്ഛന്‍……അതൊന്നും പോരാ…….
പിന്നെ?
കൈ പിടിച്ച് ഫുട്പാത്തിലൂടെ നടക്കാന്‍……. പിന്നെ ഐസ്ക്രീമും കപ്പലണ്ടീം വാങ്ങിത്തിന്നാന്‍…….
നീ വാങ്ങി അവനു കൊടുക്കോ അതോ അവന്‍ വാങ്ങീട്ട്……..
അങ്ങനെ എപ്പളും ഓസണ്ട……. രണ്ടാളും മാറി മാറി……വാങ്ങിയ്ക്കണം.
വേറെ എന്താ ആവശ്യം?
ങാ…….പിന്നെ കോളേജിന്റെ മുമ്പിലെ സി സി ഡി ല് പോയി ഐസ്ഡ് എസ്കിമോ കുടിയ്ക്കണം. നല്ല ചക്കര ബോയ്ഫ്രണ്ടായാ വല്ലപ്പോഴും പി വി ആറില് പോയി ഒരു മൂവീം കാണാം.
ഓ, അപ്പോ അതൊക്കെയാ പരിപാടികള്……
ങാ, പിന്നെ നല്ല നല്ല എസ് എം എസ് അയയ്ക്കണം, ഇടയ്ക്കിടയ്ക്ക് ഫോണ്‍ ചെയ്യണം.
ശരി.
നല്ല ബുക്കുകളെപ്പറ്റീം സിനിമകളെപ്പറ്റീം പാട്ടുകളെപ്പറ്റീം ഒക്കെ സംസാരിയ്ക്കണം.
അങ്ങനെയാവട്ടെ, ഇങ്ങനൊരുത്തനെ എവിടന്നു കിട്ടും?
അതിനല്ലേ അച്ഛന്‍? അച്ഛന്‍ തേടിക്കണ്ടുപിടിച്ചോണ്ട് വാ.
വല്ല പത്രത്തിലും പരസ്യം കൊടുക്കേ, ഫ്ലാറ്റിന്റെ മുമ്പില് ഒരു ബോര്‍ഡ് വെക്കേ എന്റെ കൂട്ടുകാരോടും നമ്മടെ ബന്ധുക്കളോടും പറയേ അങ്ങനെ ഒക്കെ ചെയ്തു നോക്കാം, ന്താ?
ന്തായാലും തരക്കേടില്ല, എനിക്ക് അടിയന്തിരമായിട്ട് ഒരു ബോയ്ഫ്രണ്ട് വേണം. എന്റെ കൂട്ടുകാരുടെ ഒപ്പം എനിക്കും ഗമേല് നടക്കണം. പിന്നെ ബോയ്ഫ്രണ്ട് അതു പറഞ്ഞു, ഇത് പറഞ്ഞു എന്നൊക്കെ അവരു പറയണ മാതിരി എനിക്കും പറയാലോ, ഇടയ്ക്ക് ഓരോ ഷാളും പേനേമൊക്കെ കാണിച്ച് ഇത് അവൻ വാങ്ങിത്തന്നതാ എന്നു വീമ്പയടിയ്ക്കാലോ…….
അതു ശരി, അപ്പോ അങ്ങനെയാണ് കാര്യങ്ങള്. അച്ഛന്‍ ശ്രമിയ്ക്കാം, ഈ വക കാര്യങ്ങളില് ഒറപ്പൊന്നും പറയാന്‍ പറ്റില്ല.
********************
അച്ഛാ…
അച്ഛാ……
ഉം.
അച്ഛാ…………….
എന്താ?
എനിക്ക് ..
നിനക്ക്..?
ബോയ് ഫ്രണ്ടിനെ വേണ്ട.
ഹായ്, ന്താ അത്? അച്ഛന്‍ ശ്രമിയ്ക്കണ്ട്, ഇത്തിരിം കൂടി ക്ഷമിക്ക്.
വേണ്ടച്ഛാ. അത് ശരിയാവില്ല.
എന്തേ?
വലിയ ബുദ്ധിമുട്ടാ, ഒരു ബോയ് ഫ്രണ്ടിനെ കൊണ്ട് നടക്കാന്‍. അത്രമാത്രം പണീട്ക്കാന്‍ എനിക്കിപ്പോ പറ്റില്ല. അതു മാത്രം പോരല്ലോ. പഠിയ്ക്കേം വേണ്ടേ?
എന്താ പറ്റിയേ?
എന്റെ കൂടെ പഠിയ്ക്കണ സോനമില്ലേ, ഇന്നാള് ഇവിടെ വന്ന് മീനൊക്കെക്കൂട്ടി ഉണ്ടിട്ട് ബഹുത്ത് അച്ഛാ, വെരി റ്റേസ്റ്റി എന്നൊക്കെ പറഞ്ഞ സോനം?
ഉവ്വ്, അവള്‍ക്കെന്തു പറ്റി?
ഒന്നും പറ്റീല്യാ, അവൾക്ക് ഒരു ബോയ്ഫ്രണ്ടുണ്ട്. ഒരു കമ്പനീല്‍ ജോലി ചെയ്യാ, അവര് രണ്ടാള്‍ടേം വീട്ടില് ഒക്കെ അറിയും.
അപ്പോ ബോയ്ഫ്രണ്ട് മാത്രല്ല, ഭാവി വരനും കൂടിയാണ് എന്നുണ്ടോ?
ആദ്യമൊക്കെ ഫ്രണ്ട് എന്നാ പറഞ്ഞിരുന്നേ, പിന്നെ എപ്പോഴോ അങ്ങനേം ആയി എന്നു തോന്നുന്നു. അവള്‍ക്കിപ്പോ അയാള്‍ടെ ഫ്ലാറ്റില് മായീടെ ജോലി കിട്ടീട്ടുണ്ട്.
മായീടെ ജോലിയോ? അച്ഛന് മനസ്സിലായില്ല, മോളേ…….
ഈ അച്ഛന്‍…… മായീന്ന് പറഞ്ഞാല്‍ ശരിയ്ക്കള്ള മായി തന്നെ. അയാള്‍ടെ ഫ്ലാറ്റ് അടിച്ച് വാരിത്തൊടയ്ക്കാ, പാത്രങ്ങള് കഴ്കി വെയ്ക്കാ, അയാള്‍ടെ തുണീകള് അലക്കിത്തേച്ച് വയ്ക്കാ, പിന്നെ പലതരം സബ്ജികള്ണ്ടാക്കി ഫ്രിഡ്ജില് വയ്ക്കാ.ആഴ്ചേലാഴ്ചേല് അവള് പോയി ഈ ജോലിയൊക്കെ ചെയ്തു വരും.
അയാള്‍ക്ക് സഹായത്തിനാരുല്യേ…. തനിച്ചാ പാര്‍ക്കണേ?
ആ…….തന്നെയാ. വീട്ട്കാരൊക്കെ വളരെ ദൂരെയാ. നാട്ടില്. ജോലി ചെയ്താലും പോരാ, പിന്നേം വലിയ പ്രശ്നങ്ങളാ അച്ഛാ…………
എന്താ മോളെ പ്രശ്നം?
അയാള് അവളെ ഫോണില് വിളിച്ച് എപ്പഴും ചീത്ത പറയും, സബ്ജി മോശായിരുന്നു, അലക്കീപ്പോ ഷര്‍ട്ടിലെ ബട്ടണ്‍ എളകിപ്പോയി…… അങ്ങനെയൊക്കെ. പിന്നെ അവള് ആരോടും മിണ്ടാന്‍ പാടില്ല. അയാളെ മാത്രേ നോക്കാവൂ. അയാള് വിളിയ്ക്കുമ്പോ ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നാല്‍ ഭയങ്കര വഴക്കായിത്തീരും. പോരാഞ്ഞിട്ട്……..
പോരാഞ്ഞിട്ട് ?
ഇന്നലെ അയാള്‍ അവളെ അടിയ്ക്കേം ചെയ്തു.
അയ്യോ!
അവള് ക്ലാസ്സില്‍ കേറാണ്ടും പഠിയ്ക്കാണ്ടും ഇരുന്ന് എപ്പഴും കരച്ചിലാ……….
കഷ്ടം!
ബോയ് ഫ്രണ്ട്സുള്ളവരൊക്കെ പറയണത് അവരൊക്കെ അവരുടെ ഫ്രണ്ട്സിന്റെ ഇഷ്ടത്തിനാ എല്ലാ കാര്യങ്ങളും ചെയ്യണേന്നാ. ബോയ്ഫ്രണ്ട്സിനിഷ്ടള്ള ഉടുപ്പാ ഇടാ. ചായ കുടിയ്ക്കണതും കൂടി അവര്ടെ ഇഷ്ടത്തീനാത്രേ. അതാണ് ബോയ്ഫ്രണ്ടിനോടുള്ള സ്നേഹം.
അതവരുടെ ബോയ്ഫ്രണ്ട്സും അങ്ങനെയായിരിയ്ക്കും. ഗേള്‍ഫ്രണ്ട്സിന് ഇഷ്ടള്ളതൊക്കെയേ അവരും ചെയ്യുള്ളൂ.
ഈ അച്ഛന്‍ …… എന്താ എന്നെ കളിയാക്കാ? അവരൊക്കെ ബോയ്സാ, ഗേള്‍സിന്റെ വാക്ക് കേട്ടാല്‍ അവരൊക്കെ പെരുവഴീലാവുംന്നാത്രെ അവര് പറയാ. ബോയ്സിന്റെ വാക്ക് കേട്ട് നടക്കാണ് നല്ല ഗേള്‍സ് ചെയ്യേണ്ടത്. പിന്നെ ബുദ്ധി കമ്പ്ലീറ്റായിട്ടും ബോയ്സിനാത്രെ ഉള്ളത്.
ഓ. അതു ശരി.
എന്താ അച്ഛന്‍ ശരീന്ന് പറയണത്?
അല്ലാ, അച്ഛന്‍ ആലോചിയ്ക്കായിരുന്നു………
അധികം ആലോചിയ്ക്കണ്ട അച്ഛന്‍.
അല്ലാ, മോള്‍ക്ക് ഒരു ബോയ്ഫ്രണ്ടിനെ നോക്കല്ലേ അച്ഛന്‍? അപ്പോ എല്ലാം ആലോചിയ്ക്കണ്ടേ?
അതാ ഞാന്‍ പറഞ്ഞേ, എനിക്ക് വേണ്ടാന്ന്.
എല്ലാവരും സോനത്തിന്റെ ബോയ്ഫ്രണ്ടിനെപ്പോലെ ആയിരിയ്ക്കില്ല.
അങ്ങനെ ഞാന്‍ പറഞ്ഞില്ല, അച്ഛാ.
പിന്നെ?
എനിക്ക്……..
നിനക്ക്?
ഒന്നൂല്യാ അച്ഛാ.
നീ പറഞ്ഞോ, ധൈര്യായിട്ട്…….. അച്ഛനോടല്ലേ?
എനിക്ക് ഒരു ഒരു വെറും ബോയീനെ വേണ്ടാ അച്ഛാ, ഫ്രണ്ടിനെ മതി.
മോളെ………
Enikuum oru gal frind venamm ................................