തര്‍ജ്ജനി

ഡോ. മഹേഷ് മംഗലാട്ട്

മംഗലാട്ട്, ചൂടിക്കൊട്ട, മയ്യഴി - 673 310
ഇ-മെയില്‍: mangalat@chintha.com
വെബ്: മഹേഷ് മംഗലാട്ട്

Visit Home Page ...

ഓര്‍മ്മ

കോവിലന്‍ : ഒരു ഓര്‍മ്മ

``അനുകരണം മരണമാണു്, ആത്മാനുകരണം ആത്മഹത്യയാണു് ''. ഇങ്ങനെ ഒരു വാക്യം ആലോചിച്ചുണ്ടാക്കുവാനും അതു് വ്യക്തതയോടെ പറയാനും മലയാളത്തില്‍ ഒരു എഴുത്തുകാരനേ ഉണ്ടായിട്ടുള്ളൂ. അതു് കോവിലനാണു്. കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു് കോവിലന്റെ ഈ വാക്കുകള്‍ നേരിട്ടു കേള്‍ക്കാനിടയായതിന്റെ ഓര്‍മ്മ. അടിയന്തരാവസ്ഥാക്കാലം. തീവണ്ടികള്‍ വൈകാതെ ഓടുകയും സമരം ഇല്ലാതിരിക്കുകയും ചെയ്യുന്നതിന്റെ ആനന്ദത്തില്‍ മലയാളികള്‍ അഭിരമിച്ചിരിക്കുന്ന കാലം. ഒന്നും ചെയ്യുവാനില്ല, ചെയ്യുവാന്‍ സാധിക്കുകയുമില്ല. അനുസരിക്കുക എന്നതു് മാത്രമായിരുന്നു ആ കാലത്തു് നമ്മള്‍ ചെയ്യേണ്ടിയിരുന്ന ഏകകാര്യം. അങ്ങനെയിരിക്കുമ്പോഴാണു് ഒരു സാഹിത്യസെമിനാര്‍ നടത്തിയാലെന്തു് എന്ന ആലോചന മയ്യഴിയിലെ മാഹി സ്പോര്‍ട്‌സ് ക്ലബ് ലൈബ്രറി ആന്റ് കലാസമിതിക്കു് തോന്നിയതു്. അതീവരഹസ്യമായ പാര്‍ട്ടി സ്റ്റഡിക്ലാസ്സും യോഗങ്ങളുമല്ലാതെ വല്ലതും ചെയ്യുക. നോവലിനെക്കുറിച്ചാവാം സെമിനാര്‍. അടുത്തിടെ ഇറങ്ങിയ നാലു് പുസ്തകത്തെക്കുറിച്ചു് നാലു് നിരൂപകര്‍ രാവിലെ സംസാരിക്കട്ടെ. ഉച്ചയ്ക്കു ശേഷം നാലു് നോവലിസ്റ്റുകള്‍ അവരുടെ രചനാവേളയിലെ അനുഭവങ്ങളെക്കുറിച്ചു് സംസാരിക്കട്ടെ. പെട്ടെന്നു തന്നെ എല്ലാം തീരുമാനിക്കപ്പെടുന്നു. സര്‍ഗ്ഗരചനയുടെ നിമിഷങ്ങളെക്കുറിച്ചു് സംസാരിക്കാന്‍ കോവിലനെ വിളിക്കാം എന്നു് പറഞ്ഞതും കോവിലനെ ക്ഷണിച്ചതും എന്റെ അദ്ധ്യാപകനും കോവിലനു് വളരെ പ്രിയപ്പെട്ടവനുമായ മോഹനന്‍മാഷാണു്. മാഷുടെ കത്തിനു് വാത്സല്യപൂര്‍വ്വമായ ശാസനയോടെ കോവിലന്‍ എഴുതിയ മറുപടികളില്‍ നിന്നാണു് കോവിലനെ ഞാന്‍ പരിചയപ്പെടുന്നതു്. അക്കാലത്തു് എ മൈനസ് ബി മാത്രമായിരുന്നു കോവിലന്റേതായി ഞാന്‍ വായിച്ച ഏകപുസ്തകം. ഹൈസ്കൂള്‍കാലത്തു് ഹിമാലയം വായിക്കാന്‍ ശ്രമിച്ചു് പരാജയപ്പെട്ടതായിരുന്നു. പിന്നെ, ചില കഥകളും വായിച്ചിട്ടുണ്ടു്.

കോവിലന്‍ അക്കാലത്തു് വലിയ എഴുത്തുകാരന്‍ തന്നെയായിരുന്നു. സാഹിത്യത്തിലെ പ്രാമാണികരായ എഴുത്തുകാരുടെ വന്‍നിര തന്നെ ഉണ്ടായിരുന്ന കാലമാണതു്. കവികളില്‍ ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമന്‍നായര്‍, നോവലിസ്റ്റുകളില്‍ തകഴി തലമുറ മുതല്‍ പുനത്തില്‍ വരെ. കൂട്ടത്തില്‍ ഉറൂബും എസ്. കെ. പൊറ്റെക്കാടും ഉണ്ടു്. വെള്ളിവെളിച്ചത്തില്‍ കുളിച്ചുനില്ക്കുന്ന ഈ മഹാരഥന്മാരുടെ കൂട്ടത്തിലായിരുന്നില്ല കോവിലന്റെ സ്ഥാനം. കോവിലനെ വായിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ഇടയില്‍ കോവിലന്‍ തന്റെ ഉന്മാദവും രോഷവുമെല്ലാമായി കഴിയുകയായിരുന്നു. ഗുരുവായൂരിനടുത്തു് അരികന്നിയൂര്‍ എന്ന സ്ഥലത്താണു് കോവിലന്റെ താമസം എന്നറിയാം. അവിടെ നിന്നും എത്തിക്കൊള്ളാം എന്നു് കോവിലന്‍ എഴുതി. രാവിലെ മാഷുടെ വീട്ടില്‍ എത്തി അവിടെ നിന്നു് മാഷോടൊപ്പമാണു് വേദിയില്‍ വന്നതു്.

കോവിലനോടൊപ്പം സര്‍ഗ്ഗനിമിഷങ്ങളെക്കുറിച്ചു് സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ടവര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും മറ്റുമായിരുന്നു. പുനത്തില്‍ വടകരയില്‍ ശാന്തിനികേതന്‍ ആശുപത്രി നടത്തുന്ന കാലം. ഒരു ദിവസം ഉച്ചയ്ക്കു ശേഷം മോഹനന്‍മാഷോടൊപ്പം കുഞ്ഞബ്ദുള്ളയെ ക്ഷണിക്കാന്‍ പോയി. നിറഞ്ഞ ചിരിയും സൗഹൃദവുമായി സ്വീകരിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള സന്തോഷത്തോടെ വരാന്‍ സമ്മതിക്കുകയും ചെയ്തു. തമാശപറഞ്ഞും ചിരിച്ചും ഇരിക്കുന്നതിനിടയില്‍ കൂടെ ആരെല്ലാമാണെന്നു് അദ്ദേഹം ചോദിച്ചു. കോവിലന്റെ പേരു് മാഷ് പറഞ്ഞതോടെ കുഞ്ഞബ്ദുള്ളയുടെ ചിരി നിന്നു, ഗൗരവത്തിലായി. കോവിലനുണ്ടെങ്കില്‍ സീരിയസ്സായി സംസാരിക്കണം, പ്രിപ്പേര്‍ ചെയ്യാതെ വരാനാവില്ല, പറഞ്ഞതു് നന്നായി എന്നു പുനത്തില്‍. കാരണവും പറഞ്ഞു. അസ്തിത്വവാദം കത്തി നില്ക്കുന്ന കാലം. കേരളത്തില്‍ കുഞ്ഞബ്ദുള്ളയാണു് അതിന്റെ പ്രതിപുരുഷന്‍. വിജയന്‍, ആനന്ദ്, മുകുന്ദന്‍ എന്നിങ്ങനെ ഒട്ടുമിക്ക അസ്തിത്വവാദികളും കേരളത്തിനു് പുറത്താണു്. കാക്കനാടന്‍ വേദികളില്‍ അങ്ങനെ പ്രത്യക്ഷപ്പെടുന്ന കാലമല്ല. പുനത്തില്‍ തന്റെ ഗ്ലാമറും വാചകവൈഭവവുമായി കേരളത്തിലെ ഏറ്റവും വലിയ സെന്‍സേഷനായി നിറഞ്ഞു നില്ക്കുന്ന കാലം. ഏതോ ഒരു വേദിയില്‍ പിന്‍നിരയില്‍ കോവിലനുമുണ്ടായിരുന്നു. കുഞ്ഞബ്ദുള്ള പ്രസംഗിച്ചു് കത്തിക്കയറി. എനിക്കാരോടും ഉത്തരവാദിത്തമില്ല. അച്ഛനും അമ്മയുമായി ഒരു കടപ്പാടുമില്ല. അവരുടെ ലൈംഗികത, എന്റേത് ജന്മം, എനിക്കവരോടു് എന്തിനു് കടപ്പാട് എന്നെല്ലാം സദസ്സിനെ ഞെട്ടിച്ചു് കുഞ്ഞബ്ദുള്ള പ്രസംഗിച്ചു കയ്യടിനേടി. പരിപാടി കഴിഞ്ഞു് വേദിയില്‍ നിന്നും ഇറങ്ങുമ്പോള്‍ പുനത്തിലിന്റെ കൈപിടിച്ചു് കോവിലന്‍ പറഞ്ഞു, നിനക്കു് ആരോടും ഉത്തരവാദിത്തമില്ല എന്നു് പറയാം. പക്ഷെ പറയുന്നതു് സീരിയസായി പറയണം, ആത്മാര്‍ത്ഥമായിരിക്കണം. നമ്മളെ പ്രസംഗിക്കാന്‍ വിളിക്കുന്നവര്‍ കോമാളിത്തം കാണിക്കുവാനല്ല വിളിക്കുന്നതു്.


പുനത്തില്‍ കുഞ്ഞബ്ദുള്ള

എന്താ പറയേണ്ടതു് എന്നതിനെപ്പറ്റി ധാരണയില്ലാതെ വായില്‍ത്തോന്നിയതു് വിളിച്ചു പറയരുതു്. കോവിലന്റെ വാക്കുകള്‍ക്കു മുന്നില്‍ പുനത്തില്‍ തകര്‍ന്നുപോയി. ആ നടുക്കം കുഞ്ഞബ്ദുള്ള മറച്ചുപിടിച്ചില്ല. കോവിലന്‍ വടകരയിലെ വീട്ടില്‍ വന്നതും കോവിലന്റെ വിചിത്രരീതികളും എല്ലാം സ്നേഹാദരങ്ങളോടെ പുനത്തില്‍ വിസ്തരിച്ചു.

ഉച്ചയ്ക്കുശേഷം കോവിലന്‍ സംസാരിച്ചു. അക്കാലത്തു് കോവിലന്‍ താടിവളര്‍ത്തിയിരുന്നില്ല. പ്രസംഗപീഠത്തിനു് പിന്നില്‍ ദീര്‍ഘകായനെപ്പോലെ തോന്നിപ്പിച്ചു, കോവിലന്‍. ക്ഷീണവും വാര്‍ദ്ധക്യത്തിന്റെ മുദ്രയുമായി നിന്ന ആ മനുഷ്യന്‍ മുഴക്കമുള്ള ശബ്ദത്തില്‍ പതുക്കെ സംസാരിച്ചുതുടങ്ങി. വാക്കുകള്‍ ഓരോന്നും കൃത്യതയോടെ ഉപയോഗിച്ചുള്ള ആ പ്രസംഗം എന്റെ പ്രീഡിഗ്രിപ്രായത്തില്‍ എന്നെ വിസ്മയിപ്പിച്ചു. ആ വിസ്മയം ഇന്നും അവസാനിച്ചിട്ടില്ല. വേദിയില്‍ അട്ടഹാസവും തീപ്പൊരിയും സാഗരഗര്‍ജ്ജനവും ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഇന്നും കോവിലന്റെ പ്രസംഗം ഞാന്‍ ഓര്‍ക്കുന്നു. എഴുത്തുകാര്‍ സ്വന്തം ശൈലിയുണ്ടാക്കി അതില്‍ അഭിരമിക്കുന്നതിനെക്കുറിച്ചു് പറയുന്നതിനിടയിലാണു് ഈ കുറിപ്പിന്റെ തുടക്കത്തിലെഴുതിയ വാചകം കോവിലന്‍ പറഞ്ഞതു്. കോവിലന്റെ എ മൈനസ് ബിയും ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും താരതമ്യം ചെയ്ത് അവയുടെ ഘടനയുടെ സവിശേഷത അക്കാലത്തെ നിരൂപകരിലൊരാളായ പി. ഏ. വാര്യര്‍ എഴുതിയ വാക്കുകള്‍ ഞാനോര്‍ക്കുന്നു. വലക്കണ്ണികള്‍ കൂട്ടിയോജിപ്പിക്കുന്നതുപോലുള്ള ഘടനയാണു് ഉറൂബിന്റെ നോവലിന്റേതെന്നും ഓരോ അദ്ധ്യായവും ഓരോ വേറിട്ട കഥകളായി ഒരു നോവല്‍ഘടന കോവിലന്‍ സാധിച്ചുവെന്ന അര്‍ത്ഥത്തിലുള്ള ഒരു വാക്യമായിരുന്നു വാര്യര്‍ എഴുതിയിരുന്നതു്. ഒരിക്കല്‍ എഴുതിയതിനെ അനുകരിക്കില്ല, ആവര്‍ത്തിക്കില്ല എന്നതാണു് തന്റെ രീതിയെന്നു് കോവിലന്‍ പറഞ്ഞു. അങ്ങനെ ഹിമാലയം എന്ന നോവലിന്റെ രചനയിലേക്ക് കോവിലന്‍ കടന്നു. അദ്ദേഹം പറഞ്ഞു, ഞാനൊരു കാലാളായിരുന്നു. തന്റെ സൈനികജീവിതത്തെക്കുറിച്ചു പറയാന്‍ വേറെ വാക്കുകള്‍ ഉപയോഗിക്കാം എന്നിരിക്കെ കോവിലന്‍ പറയുക ഇങ്ങനെയാണു്. അദ്ദേഹം ഹിമായത്തിന്റെ മഞ്ഞുമൂടിയ ശിഖരങ്ങളിലൊന്നില്‍ സ്ഥാപിച്ച കൂടാരത്തില്‍ സിഗ്നല്‍സംവിധാനവുമായി ഇരിക്കുകയാണു്. ദിവസങ്ങളോളമായി എങ്ങും നരച്ച മഞ്ഞുമാത്രം ദൃശ്യമാവുന്ന മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ കഴിയാന്‍ തുടങ്ങിയിട്ടു്. പകലും രാത്രിയും തമ്മില്‍ വ്യത്യാസമില്ല. ഒരു ദിവസം രാത്രി, ഉറക്കം കിട്ടാതെ അസ്വസ്ഥനായി. അദ്ദേഹം കൂടാരത്തിന്റെ പുറത്തിറങ്ങുന്നു. മരവിപ്പിക്കുന്ന തണുപ്പു്. മഞ്ഞു്കാറ്റ് ശക്തിയായി വീശുന്നുണ്ടു്. ഇതു പറയുമ്പോള്‍ അദ്ദേഹം കാളിദാസിനിലേക്കു് പോയി. കുമാരസംഭവത്തിലേക്കു്, ഹിമവാനിലേക്കു്, ഹൈമവതിയായ ഗൗരിയിലേക്കു് ....... ജഗദ്മാതാവായ പാര്‍വ്വതിയിലേക്കു്. കോവിലന്റെ ശബ്ദത്തിനു് അസാധാരണമായ മായികത കൈവരികയായിരുന്നു. അദ്ദേഹം പറഞ്ഞു: ശക്തിയായി വീശുന്ന മഞ്ഞു കാറ്റില്‍ മഞ്ഞിന്റെ ആവരണങ്ങള്‍ മാറി പെട്ടെന്നു് തന്റെ മുന്നില്‍ അകലെ അദ്ദേഹത്തിനു് ജഗദമാതാവായ പാര്‍വ്വതി ഒരു നിമിഷം പ്രത്യക്ഷമായി .... ഗൗരി ...... ലോകമാതാവ്. മാതാവിന്റെ ആദിമവും വിശൂദ്ധവുമായ നഗ്നതയില്‍ ഒരു നിമിഷാര്‍ദ്ധത്തെ കാഴ്ച. പിന്നെ ഒന്നും കാണുമായിരുന്നില്ല. അദ്ദേഹം കൂടാരത്തിനകത്തു് തിരിച്ചുകയറി ബോധവിഹീനനായി.

മാഹി കോളേജിലെ ഹാളിലായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചതു്. കേട്ടിരുന്ന മുഴവന്‍ പേരും ശ്വാസമടക്കിപ്പിടിച്ചു് എഴുന്നുനില്ക്കുന്ന രോമങ്ങളോടെ കോവിലന്റെ വാക്കുകള്‍ കേട്ടു. തോറ്റങ്ങള്‍ എഴുതിയ സന്ദര്‍ഭത്തെക്കുറിച്ചും ലഘുവായി പരാമര്‍ശിച്ചു് കോവിലന്‍ നിറുത്തി. അന്നത്തെ വേദിയില്‍ വേറെ ആരൊക്കെ എന്തൊക്കെ സംസാരിച്ചുവെന്നു് എനിക്കു് ഓര്‍ക്കാനാവുന്നില്ല. കോവിലന്റെ വാക്കുകള്‍ എന്റെ ഓര്‍മ്മയില്‍ മായാതെ കിടക്കുന്നു. അതു് എനിക്കിപ്പോഴും കോവിലന്റെ ശബ്ദത്തില്‍ കേള്‍ക്കാം. പുനത്തില്‍ വന്നിരുന്നു. സംസാരിച്ചിരുന്നു. എഴുതി തയ്യാറാക്കിയ കുറിപ്പുമായി പുനത്തില്‍ വന്നുവെന്നാണ് പറയേണ്ടതു്. കോവിലന്‍ അടിമുടി ആത്മാര്‍ത്ഥതയും സത്യസന്ധതയും ആയിരുന്നു. അദ്ദേഹത്തിന്റെ മുമ്പില്‍ കൗശലക്കാര്‍ക്കു് സ്ഥാനമില്ലായിരുന്നു. ഒരിക്കല്‍ ഒരു വേദിയില്‍ ഒരു ചെറുകഥാകൃത്തു് താന്‍ വാക്കുകള്‍ ചേര്‍ത്തുവെച്ചു് നക്ഷത്രങ്ങള്‍ ഉണ്ടാക്കിയ എഴുത്തുകാരനാണു് എന്നു് പ്രസംഗിച്ചു. പ്രസംഗം കഴിഞ്ഞു് കോവിലന്‍ ചോദിച്ചു, അതങ്ങനെയല്ലല്ലോ പറയേണ്ടതു്, വാക്കുകള്‍ ചേര്‍ത്തുവെച്ചു് നക്ഷത്രങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നല്ലേ, എന്നു്.

കാലിക്കറ്റു് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ 1988ല്‍ സംഘടിപ്പിച്ച മേള എന്ന സാഹിത്യക്യാമ്പില്‍ സംസാരിക്കാന്‍ കോവിലന്‍ വന്നിരുന്നു. അന്നു് സംസാരിച്ചതു്, അച്ഛനോടൊപ്പം പോവുമ്പോള്‍ ഗുരുവായൂരമ്പത്തിന്റെ മഞ്ജുളാല്‍ത്തറയുടെ അപ്പുറം നിന്നു് തൊഴുതോളാന്‍ പറയുന്നതിനെക്കുറിച്ചായിരുന്നു. എന്താണ് തന്റെ ദൈവം, എന്താണു് തന്റെ ആരാധന എന്നു് കോവിലന്‍ പറഞ്ഞു. അതു് ദലിതന്റേതായ ബോധതീവ്രതയുള്ള വാക്കുകളായിരുന്നു. വെള്ളിവെളിച്ചത്തിലൊന്നുമില്ലാതിരുന്ന കോവിലന്‍ മലയാളത്തില്‍ സ്വയം റദ്ദാക്കപ്പെട്ട എഴുത്തുകാര്‍ ഒഴിഞ്ഞുപോയ സ്ഥാനത്തേക്കു് അവരോധിക്കപ്പെടുകയായിരുന്നു. കോഴിക്കോട്ടു നിന്നും ഷെല്‍വി മള്‍ബറി ബുക്‌സിലൂടെ വളര്‍ത്തിയെടുത്ത ഭാവുകത്വം കോവിലനെ താരമൂല്യമുള്ള ഏതു് എഴുത്തുകാരനേക്കാളും പ്രിയപ്പെട്ടവനാക്കി മാറ്റി. കോവിലന്‍ ഒഴിഞ്ഞു പോയ സ്ഥാനം നികത്താന്‍ ഇനി ആരെയെങ്കിലും അവരോധിക്കാനാവുമോ? നമ്മുക്കു് അങ്ങനെ ഒരു എഴുത്തുകാരന്‍ ഇന്നുണ്ടോ?

മാഹിയിലെ പ്രസംഗം കഴിഞ്ഞു് കോവിലന്‍ വേഗം പോകാനിറങ്ങി. പോകുമ്പോള്‍ മോഹനന്‍ മാഷോട് നീയെനിക്കു് ഒരു നൂറു് രൂപ തരണം എന്നു് പറഞ്ഞു. എന്താണാവശ്യം എന്നു് മാഷ് ചോദിച്ചില്ല. അങ്ങനെ ചോദിക്കുക പതിവില്ല. പണം കൊടുത്തു. അതു് വാങ്ങുമ്പോള്‍ കോവിലന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ പോണം. ഉണ്ണിമായയില്ലേ, അവള്‍ മെഡിക്കല്‍ കോളേജില്‍ കിടക്കുകയാണു്. അവളെ കാണണം. മാഹി പള്ളിയുടെ സ്റ്റോപ്പില്‍ നിന്നും ആദ്യം വന്ന കോഴിക്കോട് ബസ്സില്‍ കോവിലന്‍ ധൃതിയില്‍ കയറിപ്പോയി.

Subscribe Tharjani |
Submitted by Anonymous (not verified) on Sun, 2010-06-27 23:35.

very interesting. provides an insight into Kovilan's writings. Dr Mangalat's observations unique. no platitudes.

Submitted by suresh (not verified) on Tue, 2010-06-29 19:24.

yadharthyam....

Submitted by mydreams (not verified) on Wed, 2010-06-30 11:20.

Dr.Mahesh
ഞാന്‍ എന്റെ ഗ്രാമത്തിന്റെ എഴുത്തുകാരനാണ്‌ എന്ന് വിളിച്ചു പറയാന്‍ ഒരാളെ ഉണ്ടായിരുന്നുള്ളൂ, അത് നമ്മുടെ കോവിലന്‍ ആണ്.

Submitted by ppramachandran (not verified) on Wed, 2010-07-07 22:21.

nannayi maheh ormma