തര്‍ജ്ജനി

മുഖമൊഴി

സമഗ്രസംഭാവന എന്ന ഫലിതം

സമഗ്രം, സംഭാവന എന്നീ രണ്ടു് വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഇമ്മിണി വലിയ അര്‍ത്ഥമാണ് അതിനുണ്ടാവുക എന്നറിയാന്‍ വലിയ ഭാഷാപാണ്ഡിത്യം ആവശ്യമില്ല. സാഹിത്യരംഗത്തു് സമഗ്രസംഭാവന അര്‍പ്പിച്ച ഒരു വ്യക്തിക്കു് അതിനു് അംഗീകാരമായി സാഹിത്യ അക്കാദമി പുരസ്കാരം നല്കുമ്പോള്‍ തീര്‍ച്ചയായും സാധാരണ എഴുത്തുകാരില്‍ നിന്നും ഉയര്‍ന്ന സംഭാവന നല്കിയവരെയായിരിക്കും ഈ പുരസ്കാരം നല്കി അക്കാദമി ആദരിക്കുന്നതു് എന്നായിരിക്കും ഏവരും കരുതുക. അങ്ങനെ ആരെങ്കിലും കരുതുന്നുവെങ്കില്‍ അതു് അവരുടെ കുഴപ്പമാണു് എന്നു് അക്കാദമിയോ അതിന്റെ ഭാരവാഹികളോ പുരസ്കാരജേതാക്കളോ പറയാനിടയില്ല എന്നുതന്നെയാണു് വിശ്വസിക്കേണ്ടതു്. വിവിധ സാഹിത്യശാഖകളില്‍ ഓരോ വര്‍ഷവും മികച്ച രചന നടത്തിയവര്‍ക്കു് പുരസ്കാരങ്ങള്‍ നല്കുമ്പോള്‍ അതോടൊപ്പമാണു് സമഗ്രസംഭാവനാപുരസ്കാരം നല്കുന്നതു് എന്നതിനാല്‍, ഇക്കൂട്ടത്തിലൊന്നും പുരസ്കാരലബ്ധിക്കു് യോഗ്യതയില്ലാത്തവരും എന്നാല്‍ എന്തെങ്കിലും ഒരു പുരസ്കാരം നല്കണം എന്നു് അക്കാദമി ആഗ്രഹിക്കുന്നതുമായ വ്യക്തികള്‍ക്കാണു് സമഗ്രസംഭാവനാപുരസ്കാരം എന്ന് ആരെങ്കിലും വാദിക്കുമോ എന്നു് സംശയമാണു്. അങ്ങനെയാണെങ്കില്‍ നമ്മുടെ നാട്ടില്‍ നടപ്പുള്ള പരശതം വിചിത്രനാമധാരികളായ പുരസ്കാരങ്ങള്‍ പോലെ, വല്ല പേരിലും അക്കാദമിക്കും പുരസ്കാരം നല്കാമായിരുന്നുവല്ലോ. ഇക്കാലമത്രയുമായി സാഹിത്യ അക്കാദമി അങ്ങനെ ചെയ്യാതിരുന്നതു് സാഹിത്യത്തെക്കുറിച്ചും അതിന്റെ അടിസ്ഥാനമായ ഭാഷയെക്കുറിച്ചും ധാരണയുള്ളവരാണു് അത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായിരുന്നതു് എന്നതിനാലായിരുന്നുവല്ലോ. പല മത്സരങ്ങളിലും പ്രോത്സാഹനസമ്മാനം എന്ന ഏര്‍പ്പാടുണ്ടു്. ചിലേടങ്ങളില്‍ സ്പെഷല്‍ ജൂറി അവാര്‍ഡ്, സ്പെഷല്‍ മെന്‍ഷന്‍ എന്നിങ്ങനെ ചില ഏര്‍പ്പാടുകളും ഉണ്ടു്. എന്നാല്‍ ഇങ്ങനെയൊന്നും നല്കാന്‍ വഴിയില്ലാതെ വരികയും, എന്നാല്‍ പുരസ്കാരം നല്കിയേ മതിയാകൂ എന്നാണെങ്കില്‍ സമഗ്രസംഭാനവയ്ക്കുള്ള പുരസ്കാരം എന്ന പേരില്‍ ആദരിക്കുകയാണോ വേണ്ടതു് എന്ന ചോദ്യം ഉയരുന്നതു് ഇത്തവണത്തെ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ജേതാക്കളുടെ പട്ടിക കണ്ടപ്പോഴാണു്.

ഇത്തവണ സമഗ്രസംഭാവനാപുരസ്കാരം നല്കാനായി അക്കാദമി കണ്ടെടുത്തിട്ടുള്ള സാഹിത്യകാരന്മാരുടെ സംഭാവനയെന്തെന്നു് നല്ല വായനക്കാരായ മലയാളികള്‍ക്കുപോലും അറിയാത്ത രഹസ്യമാണു്. പേനയെടുത്തവരെല്ലാം എഴുത്തുകാരനാണെന്നും അവരെഴുതുന്നതെന്തും സാഹിത്യമാണെന്നും ആ സാഹിത്യത്തിനു് മറ്റു് പുരസ്കാരങ്ങളൊന്നും നല്കാനാവില്ലെന്നു് വരുമ്പോള്‍ സമഗ്രസംഭാവനയ്ക്കു് അവാര്‍ഡ് നല്കാം എന്നു് അക്കാദമി തീരുമാനിക്കുന്നുവെന്നാണെങ്കില്‍, നിസ്സംശയം പറയാം, അതു് അക്കാദമിയുടെ കുഴപ്പമാണു്. എന്താണ് ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട നാലുപേര്‍ മലയാളസാഹിത്യത്തിനു് നല്കിയ സംഭാവന എന്നു് വ്യക്തമാക്കാന്‍ അക്കാദമിഭാരവാഹികള്‍ക്കു് ഉത്തരവാദിത്തമുണ്ടു്. എന്താണു് ഇവരെ തെരഞ്ഞടുത്തതിന്റെ മാനദണ്ഡം എന്നും അവര്‍ വ്യക്തമാക്കണം. എനിക്കിഷ്ടമുള്ളവര്‍ക്കു് ഞാന്‍ അവാര്‍ഡ് കൊടുക്കും എന്ന ധാര്‍ഷ്ട്യമാണു് അക്കാദമിഭാരവാഹികള്‍ കാണിക്കുന്നതെങ്കില്‍ അവരോടു് സഹതപിക്കുവാനേ നിവൃത്തിയുള്ളൂ.

കവിതകളെഴുതുന്ന മന്ത്രിമാര്‍ നമ്മുക്കുണ്ടു്. രാജ്യസേവനത്തിന്റെ ബദ്ധപ്പാടിനിടയിലാണു് അവര്‍ കവിതയെഴുതി നമ്മെ രസിപ്പിക്കുന്നതു്. മഹത്തായ സാഹിത്യം തന്നെയാണു് അവരെഴുതുന്നതു് എന്ന നിലയിലാണു് മന്ത്രിമാര്‍ അവ പരസ്യപ്പെടുത്തുന്നതു്. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട നാലുപേര്‍ക്കു് പകരം എന്തുകൊണ്ടാണു് മന്ത്രിക്കവികളെ സമഗ്രസംഭാവനയ്ക്കു് പരിഗണിക്കാതിരുന്നതു് എന്നു് മനസ്സിലാക്കാനേ ആകുന്നില്ല. അതീവവിചിത്രം തന്നെ സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനരീതികള്‍. പണ്ടു് ആധുനികസാഹിത്യം പ്രചാരത്തില്‍ വരുമ്പോള്‍ ദുര്‍ഗ്രഹത എന്നു് ആക്ഷേപിച്ചവരുണ്ടു്. മിസ്റ്റിക് കവിതയിലും ദുര്‍ഗ്രഹതാദോഷം പറഞ്ഞവരുണ്ടു്. അവയെല്ലാം പൂര്‍ണ്ണമായി ഗ്രഹിക്കാനാവാത്തവര്‍ക്കുപോലും വല്ലതുമൊക്കെ മനസ്സിലാവാതിരിക്കില്ല. എന്നാല്‍ ഇന്നത്തെ സാഹിത്യ അക്കാദമി എല്ലാ പൂര്‍വ്വകാലദുര്‍ഗ്രഹതകളേയും ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണു്. എങ്ങോട്ടാണു് കുതിക്കുന്നതെന്നു് ഊഹിക്കാം.

ജാഥ നടത്തിയും സമരം നടത്തിയും മാത്രം ശീലമുള്ളവരെ അക്കാദമിയില്‍ ഇരുത്തിയാല്‍ അവിടെ അവര്‍ നടത്തുന്ന പരിപാടി ജാഥയും സമരവും തന്നെയായിരിക്കും എന്നു് കേരള സാഹിത്യ അക്കാദമി തെളിയിച്ചിട്ടുണ്ടു്. കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജാഥ നടത്തിയിട്ടുണ്ടു് കേരള സാഹിത്യ അക്കാദമി. എഴുത്തും വായനയും വിദ്യാഭ്യാസവും ഒന്നും വേണ്ടവിധം പ്രചരിച്ചിട്ടില്ലാത്ത ദേശങ്ങളില്‍ ആശയപ്രചരണത്തിനു് ജാഥയും മറ്റും നടത്തുന്നതു് മനസ്സിലാക്കാം. മറ്റു് മാദ്ധ്യമങ്ങളിലൂടെ വിവരങ്ങള്‍ അറിയാന്‍ വഴിയില്ലാത്തവരിലേക്കു് നേരിട്ടുചെല്ലാനുള്ള സന്നദ്ധതയെ അംഗീകരിക്കുകയും വേണം. എന്നാല്‍ കേരളത്തിലെ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും സ്വീകരണം ഏര്‍പ്പെടുത്തി നടത്തിയ സാഹിത്യ അക്കാദമി ജാഥ സഹതാപജനകമായ ബുദ്ധിശൂന്യതയുള്ള സംഘാടകരെയാണു് നമ്മുക്കു് കാണിച്ചു തന്നിട്ടുള്ളതു്. പ്രാദേശികതലത്തിലുള്ള പാര്‍ട്ടിദാസന്മാരായ എഴുത്തുകാരെ മഹാന്മാരായി എടുത്തു കാണിക്കുവാണു് ഈ ജാഥയില്‍ ഉടനീളം അക്കാദമിയുടെ പേരില്‍ അതിന്റെ കയ്യാളന്മാര്‍ ചെയ്തതു്. പ്രബുദ്ധരായ മലയാളിവായനാസമൂഹത്തിനു മുമ്പില്‍ ഈ സാഹസം കാണിക്കണമെങ്കില്‍ വിവരക്കേടു് അല്പമൊന്നും പോര. എന്നു മാത്രമല്ല, സ്വന്തം വിരക്കേടില്‍ അഭിമാനവും വേണം. അതെനിക്കുണ്ടു് എന്നു തെളിയിച്ച പുരുഷകേസരി ഒരു സമഗ്രസംഭാവനാപുരസ്കാരം സ്വന്തം പേരില്‍ പ്രഖ്യാപിച്ചു് ഏറ്റു വാങ്ങുന്ന ദിവസം എന്നാണു് എന്നു മാത്രമേ കാണാനുള്ളൂ.

മലയാളഭാഷയുടെ കാര്യത്തില്‍ വല്ല പരിഗണനയും ഉള്ളവരാണു് ഇപ്പോള്‍ സമഗ്രസംഭാവനാപുരസ്കാരം നേടിയവരെങ്കില്‍ അവര്‍ ഈ പുരസ്കാരം സ്വീകരിക്കാതിരിക്കുകയാണു് വേണ്ടതു്. അനര്‍ഹമായ പുരസ്കരം ഏറ്റുവാങ്ങുക എന്നതു് ഒട്ടും മാന്യമല്ലാത്ത കാര്യമാണു്.

Subscribe Tharjani |