തര്‍ജ്ജനി

അനൂപ്. വി

ശിവശക്തിനിലയം,
ചെറുവാളൂര്‍ പി.ഒ.
കൊരട്ടി, തൃശ്ശൂര്‍
ഇ മെയില്‍ : anoopvellani@gmail.com

Visit Home Page ...

സംഗീതം

അഗ്രഹാരത്തിലെ പാട്ടു‍വഴികള്‍

ഭാരതത്തിലെ ക്ലാസ്സിക്കല്‍ സംഗീതപദ്ധതികളുടെ രൂപ (Genre) ങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ശാഖയാണ്‌ ഭജനപദ്ധതി.വിഭിന്നദേശങ്ങളില്‍ വ്യത്യസ്ത രുചിഭേദങ്ങളോടെ വികസിച്ചുപോന്ന ഭജനസമ്പ്രദായങ്ങളില്‍ അതതു ദേശകാലങ്ങളുടെ അടയാളങ്ങള്‍ കാണാം. മാധ്വാചാര്യര്‍ തുടങ്ങിവച്ച വൈഷ്ണവപ്രസ്ഥാനത്തില്‍ നിന്നാ‍ണ്‌ കൂട്ടപ്രാര്‍ത്ഥനാരൂപത്തിലുള്ള ഭജനകളുടെ ആവിര്‍ഭാവം എന്ന്‌ കെ.ടി. രവീന്ദ്രനാഥ്‌ രേഖപ്പടുത്തുന്നു‍ണ്ട്‌. ഉഡുപ്പി, തിരുപ്പതി, തഞ്ചാവൂര്‍, പണ്ഡരീപുരം എന്നി‍വിടങ്ങളില്‍ കേന്ദ്രീകരിച്ച്‌ കര്‍ണ്ണാടകയിലുംആന്ധ്രയിലും തമിഴ്‌നാട്ടി‍ലും മഹാരാഷ്ട്രയിലും വ്യതിരിക്തമായ രൂപഭേദങ്ങളില്‍ രൂപപ്പെട്ട ഭജനപദ്ധതിക്ക്‌ കേരളത്തില്‍ സ്വതന്ത്രമായ അടിവേരുകളില്ലാതെ പോയത്‌ എന്താണ്‌ എന്ന അന്വേഷണം പ്രധാന വിഷയമാണ്‌. എന്നാ‍ല്‍ തഞ്ചാവൂര്‍ കേന്ദ്രീകരിച്ച്‌ വികസിച്ചുവന്ന ദക്ഷിണഭാരതസമ്പ്രദായഭജനപദ്ധതി കേരളത്തില്‍ മറ്റൊരു തരത്തില്‍ പുതിയമാനങ്ങള്‍ തേടുന്നു‍ണ്ട്‌. കേരളത്തിലെ അഗ്രഹാരങ്ങളിലുടനീളം പുനര്‍ജ്ജനി നേടുന്ന ഭജനോത്സവങ്ങളുടെ വെളിച്ചത്തില്‍ ആ പദ്ധതിയെക്കുറിച്ചുള്ള പഠനം ക്ലാസ്സിക്കല്‍സംഗീതചരിത്രപഠനങ്ങളിലെ പുതുവഴിയാണ്‌.

കേരളത്തിലെ ക്ലാസ്സിക്കല്‍ സംഗീതചര്‍ച്ചകളിലെല്ലാം പ്രധാനപ്പെട്ട ഇടമാണ്‌(Space) പാലക്കാട്ടു‍ള്ള അഗ്രഹാരങ്ങള്‍. പ്രശസ്തരായ ഒരുപാട്‌ ഗായകരും വാദകരുമെല്ലാം പാലക്കാടിന്റെ സംഗീതചരിത്രത്തെ സംപുഷ്ടമാക്കുന്നു‍ണ്ട്‌. കര്‍ണ്ണാടകസംഗീതപദ്ധതിയില്‍ നിന്നും ഭിന്നമായി, ഒരുപക്ഷെ ചേരുവകള്‍ സമാനമാണെങ്കിലും ധര്‍മ്മത്തില്‍ വ്യതിരിക്തമായി നിലകൊള്ളുന്ന ഗാനപദ്ധതിയായ സമ്പ്രദായഭജന അഗ്രഹാരങ്ങളിലെ സംഗീതത്തിന്റെ പ്രധാനവഴിയാണ്‌.അഗ്രഹാരത്തിലെ പാട്ടു‍വഴികളില്‍ പ്രധാനമായ ഈ പദ്ധതിയുടെ ആനുഷ്ഠാനികസ്വഭാവ(Ritualistic character)മായിരിക്കാം അതു് സംഗീതചരിത്രത്തില്‍ വേണ്ടവിധം പരിഗണിക്കാതെ പോയതിന്റെ പ്രധാനഹേതു.

സമ്പ്രദായഭജന : രൂപവും സ്വഭാവവും
ചുരുക്കം ചില സമ്പ്രദായഭേദങ്ങളൊഴിച്ചാല്‍ സമാനതകള്‍ പുലര്‍ത്തുന്നതും വര്‍ണ്ണാഭവും ആഘോഷപൂര്‍വ്വവും ക്രമീകൃതവുമായ ചടങ്ങുകളോടുകൂടിയതുമായ സ്വരൂപഘടനയാണ്‌ സമ്പ്രദായഭജനയുടേത്‌. ഭജനസംഗീതത്തിലെ ത്രിമൂര്‍ത്തികള്‍ എന്ന്‌ അറിയപ്പെടുന്ന മരുതനെല്ലൂര്‍ സദ്ഗുരുസ്വാമികള്‍, ശ്രീധരഅയ്യവാള്‍, ബോധേന്ദ്രസ്വാമികള്‍ എന്നി‍വരാണ്‌ ഭജനപദ്ധതിക്ക്‌ വ്യക്തമായ രൂപക്രമം ഏര്‍പ്പെടുത്തിയത്‌. മഠത്തില്‍ സമ്പ്രദായം, തിരുവേശനെല്ലൂര്‍ സമ്പ്രദായം, പുതുക്കോട്ട സമ്പ്രദായം, കൃഷ്ണപ്രേമസമ്പ്രദായം, ശൂരണക്കാട്‌ സമ്പ്രദായം എന്നി‍ങ്ങനെ വിവിധ സമ്പ്രദായങ്ങള്‍ നിലവിലുണ്ടെങ്കിലും അടിസ്ഥാനപരമായി അവ തമ്മില്‍ ചെറിയ വ്യത്യാസങ്ങള്‍ മാത്രമാണുള്ളത്‌.

സമ്പ്രദായഭജനയുടെ ഘടന പരിശോധിച്ചാല്‍ അതിന്‌ പൂര്‍വ്വഭാഗം, ഉത്തരഭാഗം എന്നി‍ങ്ങനെ രണ്ടുഘട്ടങ്ങളുണ്ട്‌ എന്ന്‌ കാണാം. പൂര്‍വ്വഭാഗം നാമാവലിയോടെ ആരംഭിച്ച്‌ ദേവതാധ്യാനത്തില്‍ അവസാനിക്കന്നു.ധ്യാനശ്ലോകം, തോടയമംഗളം, ഉപചാരകീര്‍ത്തനങ്ങള്‍ എന്നി‍വയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നതാണ്‌. ദിവ്യനാമസങ്കീര്‍ത്തനം മുതല്‍ മംഗളംവരെയുള്ള ഭാഗമാണ്‌ ഉത്തരഭാഗം എന്നത്‌ കൊണ്ട്‌ വിവക്ഷിക്കുന്നത്‌.

ഗാനപദ്ധതി എന്ന നിലയില്‍ ഇതിനെ വിലയിരുത്തുമ്പോള്‍ അതു് ഉള്‍ക്കൊള്ളുന്ന സാഹിത്യ/സംഗീതരൂപങ്ങളുടെ (Literary / Musical genres) വൈപുല്യം വളരെയാണ്‌. തലപ്പാക്കം അന്നമാചാരി, വിജയഗോപാലാചാരി മുതലായവരുടെ കൃതികള്‍, അതുപോലെ നാരായണതീര്‍ത്ഥരുടെ കൃഷ്ണലീലാതരംഗിണി പോലുള്ള ദൃശ്യാവതരണത്തിനു് ഉപയോഗിച്ചിരുന്ന കൃതികള്‍, കൂടാതെ അഷ്ടപദി തുടങ്ങി വിശാലമാണ്‌ ഇതിന്റെ സാഹിത്യഘടകം. രൂപപരമായി നോക്കുകയാണെങ്കിലും പദം,കീര്‍ത്തനം,നാമാവലി മുതലായ എല്ലാ സംഗീതരൂപങ്ങളെയും അതുള്‍ക്കൊള്ളുതായികാണാം. മറാഠഭരണത്തിനു കീഴില്‍ ലഭിച്ച അഭംഗുകള്‍ ദീപപ്രദക്ഷിണത്തിലെ പ്രധാന ഇനമാണ്‌.

ആനുഷ്ഠാനികസ്വഭാവത്തിലുള്ള പ്രകടനകലയാണ്‌ ഇത്‌ എതിനാല്‍ തന്നെ ദീപപ്രദക്ഷിണം, ഡോളോത്സവം, രാധാകല്യാണം, സീതാകല്യാണം തുടങ്ങി വര്‍ണ്ണാഭമായ ഒരുപാട്‌ ചടങ്ങുകളും ഇതിലുണ്ട്‌. അഗ്രഹാരങ്ങളില്‍ രണ്ട്‌ ദിവസങ്ങളിലായി നടത്തിവരുന്ന ഈ ഭജനപദ്ധതി അഗ്രഹാരത്തിന്റെ പാട്ടു‍വഴികളിലോ ക്ലാസ്സിക്കല്‍സംഗീതചരിത്രത്തിലോ വേണ്ടവിധം ചര്‍ച്ചചെയ്യപ്പെട്ടിട്ടി‍ല്ല. അഗ്രഹാരത്തിന്റെ പാട്ടു‍വഴി എന്ന്‌ ഇതിനെ അടയാളപ്പെടുത്തുന്നത്‌, അത്‌ കേരളത്തിലെ തമിഴ്ബ്രാഹ്മണരുടെ സ്വത്വപ്രകാശനോപാധിയായികൂടി മാറുന്നു‍ണ്ട്‌ എന്നത്‌ കൊണ്ടാണ്‌.

തമിഴ്‌ ബ്രാഹ്മണരുടെ വ്യാപകമായ കുടിയേറ്റത്തോടെ കേരളത്തില്‍ സ്ഥാപിതമാകുന്ന അഗ്രഹാരങ്ങള്‍ കേന്ദ്രീകരിച്ച്‌ അനുഷ്ഠാനമെന്നോണം നടത്തിവരുന്ന ഈ ഗാനപദ്ധതി രൂപപ്പെട്ടു‍വരുന്നത്‌ 16‌ആ‍ം നൂറ്റാണ്ടില്‍ തഞ്ചാവൂര്‍ കേന്ദ്രീകരിച്ചാണ്‌.17,18 നൂറ്റാണ്ടുകളിലെ ദക്ഷിണേന്ത്യന്‍ സംഗീതവളര്‍ച്ചയില്‍ തഞ്ചാവൂര്‍ പല കാരണങ്ങളാലും പ്രസക്തമാകുന്നു‍ണ്ട്‌.എറെ പരിണാമങ്ങള്‍ക്കു വിധേയമാകുന്ന സവിശേഷമായ രാഷ്ട്രീയവ്യവസ്ഥകളാല്‍ തഞ്ചാവൂരിലെ ഭരണവ്യവസ്ഥയ്ക്കകത്ത്‌ വ്യത്യസ്തഗണങ്ങള്‍, ശൈലികള്‍, വിവിധഭാഷാകൃതികള്‍ എന്നി‍വയെല്ലാം സമന്വയിക്കപ്പെടുന്നു‍ണ്ട്‌. ദക്ഷിണേന്ത്യന്‍ ക്ലാസ്സിക്കല്‍ സംഗീതചരിത്രത്തിലെ സുപ്രധാനമായ ഈ ഘട്ടമാണ്‌ ഭജനപദ്ധതിയുടെ ആവിര്‍ഭാവം. ഭജനപദ്ധതിയുടെ നിര്‍മ്മിതിയുടെ ചരിത്രപരമായ കാലം; കൃതി എന്ന്‌ ഇന്ന്‌ വ്യവഹരിക്കപ്പെടുന്ന രചനാസങ്കേതം താരതമ്യേന നാടകരൂപത്തിലുള്ള പ്രബന്ധ രചനയില്‍ നിന്നു‍ വിമുക്തമാകുകയും ക്ഷേത്രകേന്ദ്രീകൃതമായ ഭക്തി/ശൃംഗാരപദങ്ങളുടെ ഏകാത്മകമായ സ്വഭാവത്തില്‍ നിന്നും ഭിന്നമാവുകയും ചെയ്ത കാലഘട്ടത്തിനും കച്ചേരിസംഗീതത്തിന്റെ ശൈലീകൃതമായ അവതരണക്രമം രൂപപ്പെടുന്ന കാലഘട്ടത്തിനും ഇടയിലുള്ള നീണ്ട കാലയളവാണ്‌.

ത്രിമൂര്‍ത്തികളുടെ വ്യക്തിഗതപ്രകടനത്തിലൂടെയും സംഗീതശാസ്ത്രകാരന്മാരിലൂടെയും ദക്ഷിണേന്ത്യന്‍ സംഗീതം ശൈലീകൃതമാവുന്നതും സുവര്‍ണ്ണമായ പാരമ്പര്യത്തിന്റെ വീണ്ടെടുപ്പായി അടയാളപ്പെടുത്തുന്നതും ഇക്കാലത്തു തന്നെയാണ്‌. കൊളോണിയലിസം കൃത്യമായും ദക്ഷിണേന്ത്യന്‍ ചരിത്രത്തിലിടപെടുന്ന ഇക്കാലത്ത്‌ രൂപപെടുന്ന പ്രതിരോധസ്വഭാവത്തിലുള്ള തദ്ദേശീയമായ അധികാരത്തിന്റെ സവര്‍ണ്ണമുഖം ഈ സവിശേഷമായ പാരമ്പര്യനിര്‍മ്മിതിയില്‍ കാണാം. പുതുതായി ഉരുവം കൊണ്ട ഈ പ്രവണതയുടെ തുടര്‍ച്ചയാണ്‌ മദ്രാസ്‌ കേന്ദ്രീകരിച്ച്‌ കച്ചേരിസംഗീതമാവുന്നതെന്നും മഠങ്ങള്‍ കേന്ദ്രീകരിച്ച്‌ ഭജനപദ്ധതിയായി തുടരുന്നതെന്നും നിരീക്ഷിക്കാവുതാണ്‌. കേരളത്തിലേക്ക്‌ കുടിയേറിപ്പാര്‍ത്ത തമിഴ്ബ്രാഹ്മണരുടെ, വിശിഷ്യ പാലക്കാടുള്ള അഗ്രഹാരങ്ങളില്‍, മഠങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിവരുന്ന ഈ സമ്പ്രദായത്തിന്റെ സംഗീതപ്രാധാന്യത്തേക്കാളുപരിയായ ആനുഷ്ഠാനികപ്രാധാന്യത്തിന്റെ കാരണവും ഇതാകാം. അഗ്രഹാരങ്ങള്‍തോറും മഠങ്ങള്‍/ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിവരുന്ന ഭജനോത്സവങ്ങള്‍ അവരുടെ ഒത്തുചേരലിനുംകൂടി വേദിയാകുന്നു‍ണ്ട്‌. മറ്റു സംഗീതരൂപങ്ങളില്‍ നിന്നും ഭിന്നമായി തങ്ങളുടെ സ്വത്വപ്രകാശനോപാധി എന്ന നിലയിലാണ്‌ അവര്‍ അതിനകത്ത്‌ ഈ പദ്ധതിയെ വിലയിരുത്തുന്നത്‌ എതിനാലാവാം അതില്‍ പൊതുപങ്കാളിത്തം ആസ്വാദനത്തിലും അവതരണത്തിലും കുറവാണ്‌ എന്ന്‌ പറയാം. അതെല്ലാം ഈ പദ്ധതിയുടെ സാമൂഹിക/ചരിത്രമാനങ്ങളാണ്‌. എന്നാ‍ല്‍ വ്യത്യസ്ത സാഹിത്യ/സംഗീത രൂപങ്ങളുടെ നിറവില്‍ പുതിയ സാദ്ധ്യതകള്‍ നിര്‍മ്മിക്കുന്ന ഇത്തരമൊരു സംഗീതപദ്ധതി കേവലം ആനുഷ്ഠാനികസംഗീതത്തിലൊതുക്കുമ്പോള്‍ അതിലുള്‍ച്ചേര്‍ന്നി‍രിക്കുന്ന സവിശേഷമായ ദേശപാരമ്പര്യത്തിന്റെ ഉള്‍തുടിപ്പുകളടങ്ങിയ പാട്ടു‍വഴികളെ നിരാകരിച്ച്‌ കര്‍ണ്ണാടകസംഗീതത്തിന്റെ സാമാന്യവിശകലനത്തില്‍ നമ്മുടെ കലാപഠനങ്ങളെ ഒതുക്കുകയാണ്‌ നാം ചെയ്യുന്നത്‌.

Subscribe Tharjani |