തര്‍ജ്ജനി

ലാസര്‍ ഡിസില്‍വ

Visit Home Page ...

ലേഖനം

പിതൃഭാവനയുടെ വേലിയിറക്കം 'നാല് പെണ്ണുങ്ങള്‍' കാണുമ്പോള്‍...

തുലോം ആശയപരമല്ല സിനിമയുടെ ആഖ്യാനസ്വഭാവം. പാഠം ആശയത്തെ ഉള്‍ക്കൊള്ളുന്നില്ല എന്നല്ല - അത്തരത്തിലൊന്ന് അസാദ്ധ്യം തന്നെയാണ്. എന്നാല്‍ ആശയത്തിന്റെ നേര്‍സംവേദാത്മകതയെ മറികടക്കുന്ന ഒരു ആഖ്യാനഭാഷ സിനിമയ്ക്കുണ്ട്. അതാണ്‌ മറ്റേതൊരു ആശയപ്രകാശനോപാധിയില്‍ നിന്നും സിനിമയെ വ്യതിരക്തമാക്കി തീര്‍ക്കുന്നതും.

എന്നാല്‍ ആശയാധിഷ്ഠിതമായാണ് ഈ സിനിമയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രമേയസ്വംശീകരണം നടത്തിയിരിക്കുന്നത്. ചരിത്രത്തെപ്പോലെ സമകാലികതയും ഒരു കല്പിതാവസ്ഥയാണ് - വസ്തു/ആശയ പ്രതിരൂപങ്ങളുടെ വിന്യാസത്തിലൂടെ നിര്‍മ്മിച്ചെടുക്കുന്ന വിഘടിതവും obscure - ഉം ആയ അത് ഏറെക്കുറേ വൈയക്തികം കൂടിയാണ്. അത് ഒന്നിനെയും പ്രതിനിധീകരിക്കുന്നില്ല. ഈ നിമിഷം അടുത്ത നിമിഷത്തില്‍ ഇല്ലാതാവും എന്നിരിക്കെ കലയില്‍ സമകാലികത എന്നൊന്ന് തികച്ചും അപ്രസക്തവും അസംഭവ്യവും ആണ്. പ്രസക്തമായത് കല സ്വയം നിര്‍മ്മിക്കുന്ന കാലം, ഒക്തോവിയാ പാസ് നിരീക്ഷിക്കുന്നത് പോലെ, ഭാവുകത്വത്തിന്റെ തെറ്റാടിയില്‍ കോര്‍ത്തുവിട്ടാല്‍ ഭൂതത്തിലേക്കും ഭാവിയിലേക്കും എത്രദൂരം ചെന്നുവീഴും എന്നതാവും. എവിടെ നിന്ന് തെറ്റാടികോര്‍ക്കുന്നു എന്നത് കലാകാരന്റെ വരുതിയിലല്ല. അനുവാചകാനുഭവത്തിന്റെ സങ്കീര്‍ണവും കാലാതീതവുമായ ഏതൊക്കെയോ പീഠഭൂമികളില്‍ അത് പുതഞ്ഞുകിടക്കുന്നു. അത്തരത്തില്‍ സമീപിക്കുമ്പോള്‍ ഒരുപാട് ഗതിവേഗമുള്ള കഥാഭൂമികയല്ല തകഴിയുടെത്. അടൂര്‍, തകഴിയുടെ കഥകള്‍ തന്റെ സിനിമക്ക് വേണ്ടി തിരഞ്ഞെടുക്കുമ്പോള്‍ അങ്ങിനെ ഒരു പരാധീനത മുന്‍കൂട്ടി ഏറ്റെടുക്കുക കൂടി ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് അടൂരിന്റെതല്ല ദൂരദര്‍ശന്റേതാണ് എന്നുള്ള ഭൌതികകാരണങ്ങളും മറ്റു വിവാദങ്ങളും സിനിമയെ അതിന്റെ അന്ത:സത്തയില്‍ സമീപിക്കുമ്പോള്‍ പ്രസക്തമാവേണ്ടതില്ല. എങ്കിലും സാങ്കേതികതയില്‍ പ്രസക്തമാവേണ്ട ഒന്ന്, നാല് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ത്തു കാണിച്ചാല്‍, ആശയപരമായി അവയ്ക്ക് എത്ര ചാര്‍ച്ചയുണ്ടെങ്കിലും അത് ഒരു മുഴുനീളസിനിമയാവില്ല, മറിച്ച് ഒരുതരം അനുവാചക അവഹേളനം ആയിത്തീരുകയും ചെയ്യും എന്നതാണ്.

ആശയപ്രധാനമായ ഈ നാല് ഹ്രസ്വസിനിമകളെയും കോര്‍ത്തുനിര്‍ത്തുന്ന പ്രമേയം 'സ്ത്രീ അവസ്ഥ' എന്നതാണ്. നാല് ചിത്രത്തിലും മുഖ്യകഥാപാത്രങ്ങള്‍ ആയി വരുന്നത് നാല് സ്ത്രീകളാണ്. അവരുടെ ജീവിതത്തിന്റെ ചില ഇടങ്ങളിലൂടെ സഞ്ചരിച്ച് സ്ത്രീകളുടെ പൊതുവായ ചില അവസ്ഥകള്‍ പ്രകാശിപ്പിക്കുക എന്നതായിരിക്കാം സംവിധായകന്റെ ലക്ഷ്യം. 'ചെമ്മീനി'ല്‍ നിന്ന് തന്നെ പ്രതിലോമവും സ്ത്രീവിരുദ്ധവും ആയ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന നിലയ്ക്ക് ഫ്യൂഡല്‍ മൂല്യബോധത്താല്‍ നയിക്കപ്പെട്ടിരുന്ന തകഴിയുടെ കഥകള്‍ സ്ത്രീ അവസ്ഥകളെ നൂതനമായി പ്രശ്നവല്‍ക്കരിക്കാന്‍ ഉതകില്ല എന്ന അടൂരിന്റെ ബോധമില്ലായ്മ, അതേ മൂല്യങ്ങളുടെ ജനിതകവാഹകനാണ് അദ്ദേഹവും എന്ന് തെളിവ് തരുകയാണ്‌. ഇതിലെ നാല് സിനിമകളും സ്ത്രീവിരുദ്ധമാണ്. എന്ന് മാത്രമല്ല മലയാള സമൂഹം ഒരുകാലത്ത് സ്വീകരിച്ച ക്രിസ്ത്യന്‍ പ്യൂരിറ്റന്‍ സദാചാരബോധത്തില്‍ ഊന്നിയുള്ളതും ആണ്. സദാചാരത്തിന്റെ വിവക്ഷകളില്‍ പരതാന്‍ അല്ല ഉദ്ദേശിക്കുക - സദാചാരത്തിന്റെ ഇത്തരം തത്വവിചാരങ്ങള്‍ തകഴിയുടെ കാലത്ത് നിന്നും വത്യസ്ഥമായ ഇടങ്ങളിലെക്കൊന്നും സഞ്ചരിക്കാനാവാത്ത വിധം ഇടുങ്ങിയ ബൌദ്ധികലോകത്താണ് അടൂരെന്നും, സിനിമയുടെ പ്രകാശനസാധ്യതതകള്‍ തന്നെ അത്രയും ചുരുങ്ങിയിരിക്കുന്നു എന്നുമാണോ വിശ്വസിക്കേണ്ടി വരുക.

ഇതിലെ മൂന്ന് മുഖ്യകഥാപാത്രങ്ങള്‍ എങ്കിലും പ്രശ്നവല്‍ക്കരിക്കപ്പെടുന്നത് അസംതൃപ്തമായ ലൈംഗികതയെ മുന്‍നിര്‍ത്തിയാണ്. അതില്‍ രണ്ട് ചിത്രങ്ങള്‍ക്ക് നല്കിയിരിക്കുന്ന ശീര്‍ഷകം തന്നെ ശ്രദ്ധിക്കുക - 'കന്യക', 'നിത്യകന്യക'. രണ്ട് സിനിമകള്‍ അവസാനിക്കുന്നത് തങ്ങളുടെ ലൈംഗികമായ അഭിനിവേശങ്ങളെ സദാചാരസംബന്ധിയായ പൊതുബോധത്തിന് മുന്നില്‍ കീഴടങ്ങി ഉപേക്ഷിക്കുന്ന നായികമാരിലാണ്. അതിലെ ശരിതെറ്റുകള്‍ അവിടെ നില്ക്കട്ടെ, ഇത്ര ലളിതമായും ഏകാമാനമായും ആണോ ഫെല്ലിനിയെ പോലെ 'മാസ്റ്റര്‍' ആയി പ്രത്യക്ഷപ്പെടുന്ന അടൂര്‍ ഒരു ആശയത്തെ സമീപിക്കേണ്ടത്. സദാചാരത്തിന്റെ ചിലന്തിവലകള്‍ കൈകാര്യം ചെയ്ത ശ്യാമപ്രസാദിന്റെ 'ഒരേകടല്‍' സംവദിക്കാന്‍ ശ്രമിച്ച പ്രശ്നസങ്കീര്‍ണതയുടെ നിലയിലേക്ക് പോലും ഈ ചലച്ചിത്രങ്ങള്‍ എത്തുന്നില്ല.

സര്‍ഗ്ഗസൃഷ്ടിയുടെ ലാവണ്യതീക്ഷ്ണതയാണ് ആശയപ്രകാശനത്തിന്റെ ആഴം അനുഭവവേദ്യമാക്കുക. ഭ്രാമാത്മകതയുടെ അടരുകളിലേക്ക് പോകുന്ന ഒന്നല്ല ഈ സിനിമകളുടെ പ്രമേയപരിസരം, യഥാതഥമായ കഥപറച്ചിലാണ്. എന്നാല്‍ സിനിമയുടെ ഘടന അതിന് വിപരീതമായി അടിമുടി ഒരു നാടകത്തിന്റെ എന്നപോലെ അമിതാഖ്യാനത്തിലാണ്. ഇത്തരം improvised ആഖ്യാനരൂപം ബര്‍ഗ്മാന്റെ 'സെവന്ത് സീല്‍' എന്ന സിനിമയിലും മറ്റും പരിചിതമാണ്. അവിടെ മരണവുമായി ചതുരംഗം കളിക്കുന്ന കുരിശുയുദ്ധ യോദ്ധാവിന്റെ മനോഘടനയുമായി ഒത്തുപോകുന്നു ആഖ്യാനത്തിന്റെ അതീതതലം. അത്തരം ഒന്നിനെ സാധൂകരിക്കുന്ന പ്രമേയമല്ല ഈ സിനിമകള്‍ വ്യവഹരിക്കുന്നത്. ചിരപരിചിതരായ നടീനടന്മാര്‍ കഥാപാത്രങ്ങള്‍ക്ക് അതീതരായി അവരുടെ താരപ്പൊലിമയ്ക്ക് വിധേയരായി തന്നെ നില്ക്കുന്നു. (അടൂരും ഷാജിയുമൊക്കെ അഭിമുഖീകരിക്കാന്‍ തത്രപ്പെടുന്ന അനുവാചകസമൂഹം മലയാളികള്‍ അല്ലെന്നിരിക്കെ ഈ വാദത്തിനു കാര്യമായ പ്രസക്തി ഇല്ലെന്നറിയാം) ഇടക്ക് വന്നുപോകുന്ന മുരളിയും ഗോപകുമാറും അഭിനയംകൊണ്ടും ശരീരഭാഷകൊണ്ടും ഇതിനൊരു അപവാദമായി. മുഖ്യകഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്ന നടിമാര്‍ കാലസംബന്ധിയായ നടനത്തിന്റെ ശരീരഭാഷ ഒരു സീനിലും അനുഭവിപ്പിക്കുന്നില്ല. പുതിയ കുപ്പായം തയ്പിച്ച് കുറച്ചു അഴുക്കുപുരട്ടിയാല്‍ അത് മുഷിഞ്ഞ വസ്ത്രമായി കരുതിക്കോളും കാണികള്‍ എന്ന നിലയ്ക്ക് ലളിതവത്കരിച്ച ദൃശ്യഭാഷ്യങ്ങള്‍ തീര്‍ച്ചയായും 'പഥേര്‍പാഞ്ചാലി' പോലുള്ള റേയുടെ സിനിമകള്‍ കറുപ്പിലും വെളുപ്പിലും പ്രകാശിപ്പിച്ച, ദാരിദ്രത്തിന്റെ ലീനമായ ചാരനിറത്തിന്റെ ചാരുതയിലേക്ക് വീണ്ടും മടങ്ങാന്‍ പ്രേരിപ്പിക്കും.

അസംതൃപ്തമായ ലൈംഗികതയുടെ, ജീവിതത്തിന്റെ പ്രകാശനം കട്ടിലില്‍ കിടന്നു ഞെരിപിരികൊള്ളുന്ന സ്ത്രീയില്‍ ഐ. വി. ശശി എത്രയോ തവണ ക്യാമറ പതിപ്പിച്ച് കാട്ടിതന്നിരിക്കുന്നു. ദൃശ്യത്തില്‍ കുറച്ച് നിഴല്‍ ചേര്‍ത്താല്‍ ഐ. വി. ശശിയില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണനിലേക്കുള്ള ദൂരമായെന്നാണോ മനസ്സിലാക്കേണ്ടത്. മരണത്തെ ബിംബവത്കരിക്കാന്‍ ഉണങ്ങിയ ഓലമടല്‍ ഞെട്ടറ്റുവീഴുന്നത് വീണ്ടും ഒരു അടൂര്‍ സിനിമയില്‍ കാണേണ്ടി വരുന്ന ഗതികേടിനെ എന്ത് പേരിട്ടു വിളിക്കും!

Subscribe Tharjani |
Submitted by smitha (not verified) on Fri, 2010-07-02 13:19.

നാലു പെണ്ണുങ്ങള്‍ കണ്ടപ്പോള്‍ മനസ്സില്‍ വന്നതു ഇതൊക്കെ തന്നെ...