തര്‍ജ്ജനി

ലാല്‍ വയസന്‍ വേഷങ്ങളില്‍ മതി

ഉടയോന്‍ ഉഗ്രന്‍ ചിത്രമാണ്. മോഹന്‍ ലാലിന്‍റ്‍റെ അഭിനയ ശേഷിയുടെ പൂര്‍ണത തെളിയിക്കുന്നതാണ് ശൂരനാട്ടു കുഞ്ഞ് എന്ന കഥാപാത്രം. മകന്‍ മോഹന്‍ ലാല്‍ അത്ര പോര. ലാലിന് ഇനി വയസന്‍ വേഷങ്ങളെ പറ്‍റുവൊള്ളൊ ആവോ.....

Submitted by hari on Wed, 2005-08-03 05:07.

അതെ പ്രദീപ്... ലാല്‍‍ വയസ്സനാവുകയും മമ്മൂട്ടി കൂടുതല്‍ കൂടുതല്‍ ചെറുപ്പക്കാരനാവുകയും ചെയ്യുന്നതാണ് കാണുന്നത്... രണ്ടായാലും കുഴപ്പമില്ല., കുറച്ചു നല്ല സിനിമകള്‍ കാണാന്‍ കഴിഞ്ഞാല്‍ മാത്രം മതി :-)

Submitted by cachitea on Wed, 2005-08-03 16:00.

അഭിനയം രണ്ടു തരമുണ്ടെന്ന് എനിക്കു തോന്നുന്നു. ഒന്ന് കഥാപാത്രത്തിന്‍റെ ഉള്ളിലേക്ക് സ്വയം ഇല്ലാതാവുന്നത്. മറ്റൊന്ന് തന്‍റെ ഉള്ളിലേക്ക് കഥാപാത്രത്തെ ആവാഹിക്കുന്നത്. എല്ലാ ഭാഷകളിലും എല്ലായ്പ്പോഴും രണ്ട് നായകനടന്‍മാര്‍ ഉണ്ടാവുന്നത് ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. മുമ്പ് പറഞ്ഞ രണ്ട് അഭിനയ രീതിയുടെ പ്രയോക്തക്കളായിരിക്കും ഇവര്‍. കഥാപാത്രത്തിന്‍റെ ഉള്ളിലേക്ക് സ്വയം ഇറങ്ങിപ്പോവുന്ന ഏര്‍പ്പാടിന് ഭ്രാന്തുമായി അഭേദ്യ ബന്ധമുണ്ട്. രണ്ടാമത്തേതിന് ധാര്‍ഷ്ട്യവുമായും. മോഹന്‍‌ലാല്‍, ഒന്നാമത്തെ രീതി പരീക്ഷിക്കുമ്പോള്‍ മമ്മൂട്ടി രണ്ടാമത്തേത് ചെയ്യുന്നു. ഏതാണ് മെച്ചം? (ഉത്തരം ഞാന്‍ പറയുന്നില്ല. ആളുകള്‍ എന്നെ ചാപ്പ കുത്തിക്കളയും!) സംഗതിയെന്തായാലും രണ്ടുപേരും ആളുകളെ രസിപ്പിക്കുന്നു.

Submitted by Sivan on Thu, 2005-08-04 13:04.

ഉടയോന്റെ തുടക്കത്തിൽ ഒരു കർഷക നൃത്തമുണ്ട്‌. അവസാനം പ്രൊഫഷണൽ നാടകങ്ങളെ വെല്ലുന്ന രീതിയിൽ അപ്പൻ മോഹൻ ലാൽ 'ദൈവമേ' എന്നു വിളിച്ചു കരയുന്നുമുണ്ട്‌. ഈ രണ്ടു സീനു കണ്ടാൽ മതി ഉടയോനു പ്രത്യേകിച്ചൊന്നും നൽകാനില്ല എന്നു മനസ്സിലാക്കാൻ. ഒരു സിനിമയ്ക്ക്‌ അന്യനെ പോലെ ത്രസിപ്പിക്കുന്ന രീതിയിൽ കൊമേർഷ്യൽ ആയിരിക്കാം. നമുക്കു ചുറ്റുമുള്ള യാത്ഥാർത്ഥ്യങ്ങളെ വിശകലനം ചെയ്യുന്ന രീതിയിൽ കലാപരവും ആയിരിക്കാം. പക്ഷേ സ്വയം അനുകരിച്ചു കൊണ്ട്‌ കണ്ടകാര്യങ്ങൾ വീണ്ടും വീണ്ടും പ്രക്ഷേപണം ചെയ്യുന്ന ഒരു സിനിമയിൽ നിന്ന് എന്താണ്‌ നമുക്ക്‌ കിട്ടാനുള്ളത്‌. നമുക്ക്‌ അതിമാനുഷന്മാരെ ആവശ്യമില്ല എന്ന ലളിത സത്യമാണ്‌ പലപ്പോഴും സംവിധായകന്മാരും താരങ്ങളും ചേർന്ന് അട്ടിമറിക്കുന്നത്‌. തസ്കരവീരൻ പൊളിയുകയും രാപകൽ വിജയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനം മറ്റൊന്നല്ല. മോഹൻലാൽ അകപ്പെട്ടിരിക്കുന്ന ഒരു വലയം വേറെയാണ്‌. അഭിനയത്തിൽ അസാധാരണമായ വഴക്കം കാണിക്കുന്ന ഈ നടന്റെ കാലം അവസാനിച്ചു പോയിട്ടൊന്നുമില്ല. പക്ഷേ കൂറ്റൻ കട്ടൌട്ടല്ല മനുഷ്യൻ എന്ന ബോധ്യം കക്ഷിയ്ക്കുണ്ടാവണം.

Submitted by Sivan on Mon, 2005-09-12 21:28.

നരൻ എന്ന സിനിമ കണ്ടിട്ടിറങ്ങിയ ഒരാൾ പറഞ്ഞത്‌ മോഹൻലാലിനെ കണ്ടിട്ട്‌ മതിയായില്ല എന്നാണ്‌. സാധാരണ രസികർ മണ്ട്രം ചിന്താഗതിയാണെന്നു തോന്നുന്ന ഈ പ്രസ്താവനയ്ക്കുള്ള മൂല കാരണം ഒരു രക്ഷകനുവേണ്ടിയുള്ള ആഗ്രഹമാണ്‌. സദാചാര നിഷ്ഠനും കരുത്തനുമായ വേലായുധൻ ഇല്ലെങ്കിൽ എങ്ങനെ ഗ്രാമത്തിലെ കാര്യങ്ങൾ അവതാളത്തിലാവുമെന്നാണ്‌ സിനിമ പറയുന്നത്‌. അയാൾ ഒരു മിത്താവുന്നു. ജോഷിയുടെ പ്രത്യേകതയായ ക്ലോസപ്പ്‌ ഷോട്ടുകൾ അതി മനോഹരമായി ആ ദൌത്യം നിർവഹിക്കുന്നു.
പക്ഷേ മറ്റൊരു കാര്യമാണ്‌ ശ്രദ്ധേയമായി തോന്നിയത്‌. ഗ്രാമവാസികളുടെ ഈറ്റയിൽ ഒരു വിശ്വാസമുണ്ട്‌. അയാളുടെ മടിയിൽ ഭീകരമായ ഒരു കത്തിയുണ്ട്‌. പുറത്തെടുത്താൽ ചോര കണ്ടിട്ടേ തിരിച്ചു വയ്ക്കുകയുള്ളൂ. ഒടുവിൽ പിതൃതുല്യനായ യജമാനന്റെ നിർദ്ദേശത്താൽ മടി അഴിച്ചു നോക്കുമ്പോഴുണ്ട്‌. അതു പാക്കു ചുരണ്ടാൻ മാത്രം പോന്ന ഇത്തിരിയുള്ള ഒരു പേനാക്കത്തിയാണ്‌. സ്പടികത്തിലെ ആടുതോമായെപോലെയല്ല, വേലായുധൻ. വ്യക്തമായ സൂചനകളുണ്ട്‌. ആടുതോമാ വ്യഭിചാരികൂടിയായിരുന്നു. വേലായുധൻ ഉറങ്ങുന്നത്‌ ഗ്രാമവേശ്യയുടെ വീട്ടിലാണെങ്കിലും അവളെ തൊടാറില്ല, മാത്രമല്ല അവലേ ആരെകൊണ്ടും തൊടീക്കയുമില്ല. പ്രേമിച്ചപ്പെണ്ൺ വേറെ കല്യാണം കഴിച്ചു പോയി. ഭാവനയിൽ നിന്ന് അയാൾ ഓടിമാറുകയാണ്‌. അവൾ ചെറിയ പെണ്ണാണ്‌ എന്നാണ്‌ ന്യായം. അവർ കല്യാണം കഴിക്കുന്നില്ല എന്നു വേണം ന്യായമായും ഊഹിക്കാൻ. അപ്പോൾ അറിയാതെ സ്ത്രീകളോടുള്ള ഭയം എന്ന മാനസിക പ്രശ്നം 'നരൻ' നേരിടുന്നുണ്ട്‌. ഭരത്‌ ചന്ദ്രൻ ഐ പി എസ്‌, അദ്ഭുതദ്വീപ്‌ എന്നീെ സിനിമകൾ വച്ചു നോക്കുമ്പോൾ മലയാള സിനിമയിലെ 'ആണത്തം' പുതിയ വഴിത്തിരിവിലാണെന്നു തോന്നുന്നു. ആരെങ്കിലും ഈ വഴിക്കു ചിന്തിച്ചിട്ടുണ്ടോ എന്തോ?
അങ്ങനെ നോക്കുമ്പോൾ വേലായുധന്റെ മടിയിലെ ആ കത്തിയ്ക്ക്‌ വേറെ അർത്ഥമാണുള്ളത്‌. അത്‌ തമാശയല്ല താനും.