തര്‍ജ്ജനി

രാമായണവും ബൈബിളും കത്തിക്കണമോ?

Quote:ശൂദ്രനായ ശംഭുകന്‍ തപസ്സുചെയ്യാന്‍ അര്‍ഹനല്ല എന്ന നാരദന്റെ വാദത്തെ അംഗീകരിച്ച്‌ മര്യാദ പുരുഷോത്തമനായ രാമന്‍ ശംഭുകനെ വധിക്കുകയാണ്‌ ചെയ്‌തത്‌. അപ്പോള്‍ ശംഭുകന്റെ പക്ഷം മനുഷ്യന്റെ പക്ഷമെന്ന അഭിപ്രായം നമുക്കുണ്ടെങ്കില്‍ രാമനെ വാഴ്‌ത്തുന്ന രാമായണം കത്തിക്കേണ്ട പുസ്‌തകമാണെന്നും തീരുമാനിക്കേണ്ടിവരും.

ഇനി സ്‌ത്രീപക്ഷത്തുനിന്നും നോക്കിയാല്‍, ഒരു തെറ്റും ചെയ്യാത്ത സീതയെ, ഇന്ത്യ കണ്ട ഏറ്റവും വലിയ ദുഃഖപുത്രിയായ സ്‌ത്രീയെ, ഗര്‍ഭിണിയായിരിക്കെ കൊടുംവനത്തിലുപേക്ഷിച്ച്‌ അപമാനിക്കുകയാണ്‌ രാമന്‍ ചെയ്‌തത്‌. ഇവിടെയെങ്ങിനെ രാമന്‍ ഉത്തമപുരുഷനാകും. സീതയുടെ അഥവാ സ്‌ത്രീയുടെ പക്ഷത്തുനിന്നും നിരീക്ഷിച്ചാല്‍ രാമായണം കത്തിക്കപ്പെടേണ്ടതാണെന്ന്‌ നമുക്ക്‌ വീണ്ടും തോന്നും.

അതുകൊണ്ട്‌ രാമന്‍ ഉത്തമപുരുഷനല്ല എന്നും, രാമന്റെ കഥ പറയുന്ന രാമായണം ഉത്തമഗ്രന്ഥമല്ലെന്നും മറിച്ച്‌ അത്‌ കാലത്തെ അതിജീവിച്ച നല്ല ഒരു പുസ്‌തകം മാത്രമാണെന്നുമാണ്‌ നാം തിരിച്ചറിയേണ്ടത്‌.

ക്രൈസ്തവ കണ്‍വെന്‍ഷന്‍ നടക്കാറുളള പമ്പാതീരത്തെ മരാമണില്‍ ചെന്ന്‌ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്‌ത്‌ ബൈബിള്‍ ഉറക്കെ വായിക്കുകയും, ഇതില്‍ തന്റെ വംശത്തെക്കുറിച്ച്‌ ഒന്നും പറയുന്നില്ല എന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തു. അതായത്‌ ക്രൈസ്തവസഭ തനിക്കു നല്‍കിയ ബൈബിളില്‍ ലോകത്തിനായി ധാന്യം വിളയിക്കുന്നവന്റെ വംശത്തെക്കുറിച്ചോ, വഴിനടക്കാന്‍ അവകാശമില്ലാത്തവന്റെ വംശത്തെക്കുറിച്ചോ, സമ്പന്നര്‍ക്കും സവര്‍ണര്‍ക്കും എല്ലാം ഉണ്ടാക്കി കൊടുത്ത്‌, കിടന്നുറങ്ങാന്‍ വീടില്ലാത്തവന്റെ വംശത്തെക്കുറിച്ചോ ഒന്നും പറയാത്തതുകൊണ്ട്‌, ഈ ബൈബിള്‍ കത്തിക്കുകയാണ്‌ എന്നാണ്‌ അദ്ദേഹം പ്രഖ്യാപിച്ചത്‌. അങ്ങിനെ പൊയ്‌കയില്‍ അപ്പച്ചന്‍ എന്ന മനുഷ്യന്‍ ബൈബിള്‍ കത്തിച്ച്‌ ഒരു പുതിയ പാഠം നമുക്ക്‌ നല്‌കി.

രാമായണവും ബൈബിളും പോലെയുള്ള മതഗ്രന്ഥങ്ങ്നള്‍ മനഃപൂര്‍വ്വം തെറ്റിച്ച്‌ വായിച്ചിട്ട്‌, കത്തിക്കണമെന്നു പറയുന്നതിലെന്തര്‍ത്ഥം?പുഴ.കോമില്‍‍ വായിക്കുക
രാമായണം കര്‍ക്കടത്തില്‍ വായിക്കണമോ അതോ കത്തിക്കണമോ? - കുരീപ്പുഴ ശ്രീകുമാര്‍

Submitted by സിബു on Sat, 2005-07-16 02:22.

വിയോജിപ്പ്‌

അപ്പച്ചന്റെയും കുരീപ്പുഴയുടേയും ബൈബിൾ വായനയിൽ എന്തോ പിശകുണ്ട്‌. ഈ ഭാഗങ്ങൾ ശ്രദ്ധിക്കൂ: മത്തായി 25:31-46, മർക്കോസ്‌: 10:17-26.

ആശയങ്ങളുടെ pluralism-ഇൽ വിശ്വസിക്കാത്തവരാണ്‌ ഈ കത്തിക്കൽ, തകർക്കൽ എന്നീ പരിപാടികളുമായി മുന്നോട്ട്‌ വരുന്നത്‌. ഇത്‌ സത്യത്തിൽ, പൊളിറ്റികൽ കൺസെപ്റ്റുകളെടുത്ത്‌ ആശയങ്ങളുടെ ലോകത്ത്‌ ചേർച്ച നോക്കാതെ ഉപയോഗിക്കുന്നതാണ്‌. ഒരാശയം തന്നെ ശരിയായും തെറ്റായും വീണ്ടും ശരിയായും മാറുന്നത്‌ എത്ര തവണ നമ്മൾ കണ്ടിരിക്കുന്നു..

ശംഭുകന്റെ തെറ്റായി ഞാൻ മനസ്സിലാക്കുന്നത്‌, അന്നത്തെ സാമൂഹികവ്യവസ്ഥിതിക്കെതിരായി നിലകൊണ്ടു എന്നതാണ്‌. വ്യവസ്ഥിതികളെ പൊളിച്ചെഴുതിക്കഴിഞ്ഞ ഈ കാലഘട്ടത്തിൽ അതൊരു തെറ്റായിക്കാണാൻ പ്രയാസമുണ്ടാവും. എന്നാൽ gatherer-hunter ആയിക്കഴിഞ്ഞിരുന്ന മനുഷ്യൻ കാർഷിക സമൂഹങ്ങളും, പിന്നെ സാമ്രാജ്യങ്ങളും ഉണ്ടാക്കിയെടുത്തതിനു പിന്നിലെ അടിസ്ഥാനഘടകം ഈ വ്യവസ്ഥിതികളായിരുന്നു. അന്നത്തെ ground breaking കണ്ടുപിടുത്തമായിരുന്നു ജോലിയുടെ അടിസ്ഥാനത്തിലുള്ള വർഗ്ഗവ്യത്യാസം.

പിന്നെ, കവിതയും കഥയും എഴുതുന്ന സാഹിത്യകാരുടെ സാമൂഹികവിമർശനത്തെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സാമൂഹികവിമർശനം പോലെ തന്നെയേ കാണേണ്ടതുള്ളൂ. തുമ്പിയെ കല്ലെടുപ്പിക്കുന്ന പോലെ ഭാരിച്ചതും ചേരാത്തതുമായ ഒരു ജോലിയാണ്‌ സാഹിത്യകാരന്മാർക്ക്‌ നമ്മൾ ഏൽപ്പിച്ചു കൊടുത്തിരിക്കുന്നത്‌. വികാരരഹിതമായി വിശകലനം ചെയ്യേണ്ടുന്നൊരു കാര്യത്തിന്റെ താക്കോൽ വികാരജീവികൾക്കാണ്‌ കിട്ടിയിരിക്കുന്നത്‌ എന്നു വിശ്വസിക്കാൻ പ്രയാസം.

Submitted by Kalesh on Sat, 2005-07-16 12:15.

രാമായണം അതിന്റെ വഴിക്കും ബൈബിൾ അതിന്റെ വഴിക്കും പൊക്കോട്ടെന്നേ. വെറുതേ ഇങ്ങനത്തെ പൊള്ളുന്ന വിഷയങ്ങൾ ചർച്ച ചെയ്യണോ?

Submitted by Sunil on Sat, 2005-07-16 20:50.

സിബു പറഞതിനോടു ഞാൻ കുറെ യോജിക്കുന്നു. ആശയങളുടെ ബഹുമുഖത്വം, അതിൽ എനിക്കുതോന്നാറുണ്ട് ഒന്നുകിൽ സമാന്തരം അല്ലെങ്കിൽ പൂരകം എന്നിങനേയേ ഉണ്ടകാൻ സാധ്യതയുള്ളൂ. ഖണ്ഡനം വളരെ വിഷമമാണ്.

Submitted by Sivan on Sat, 2005-07-23 21:07.

കൈലേഷ്‌ , അത്‌ തെറ്റായ സങ്കലപ്പമാണ്‌. ബൈബിളും രാമായണവുമൊക്കെ മനുഷ്യനു വേണ്ടിയാണെങ്കിൽ അവയെ പറ്റി ചിന്തിച്ചേ പറ്റൂ. ചിന്തയുടെ സ്വാഭാവിക പരിണതിയാണ്‌ ചർച്ച. അതുകൊണ്ട്‌ ചർച്ച ചെയ്തേ പറ്റൂ.
നിലവാരപ്പെട്ട എന്തിനെയും അഴിച്ചു കെട്ടുക എന്നതാണ്‌ മനുഷ്യബുദ്ധിയുടെ ലക്ഷണം.
മതം ശരിയോ തെറ്റോ ആയിക്കോട്ടെ പക്ഷേ അവയിലുൾപ്പെട്ട നമ്മൾ ഐസായി ഇരിക്കണോ അവിടെ മാത്രം?

Submitted by hari on Mon, 2005-07-25 10:38.
Quote:
തീവണ്ടി കാണുന്ന ഒരാള്‍ക്ക്‌ രണ്ടു ലക്ഷ്യത്തിലെത്തിച്ചേരാം. ഒന്ന്‌ വണ്ടിയില്‍ കയറി ലക്ഷ്യസ്ഥാനത്തേക്ക്‌ ടിക്കറ്റെടുത്ത്‌ പോവുക. രണ്ട്‌ ടിക്കറ്റെടുക്കാതെ കയറുന്നതിന്‌ പകരം പാളത്തിലിറങ്ങി പരമമായ ലക്ഷ്യത്തിലേക്ക്‌ യാത്രചെയ്യുക. അക്ഷരങ്ങളും അതുപോലെയാണ്‌.

http://www.puzha.com/puzha/magazine/html/humour_july20.html

ഇതാ കിടക്കുന്നു നിത്യന്റെ വക മറുപടി, കുരീപ്പുഴയുടെ മറുപടിയ്ക്കായി കാത്തിരിക്കാം.

Submitted by giree on Wed, 2005-10-26 19:52.

സിബുവിണ്റ്റെ അഭിപ്രായത്തോട്‌ ഏകദേശം 100, 150 ശതമാനം യോജിക്കുന്നു. ച്ചാല്‍, മുഴുവനായും എന്നര്‍ത്ഥം.

പിന്നെ, ഈ ദൈവമില്ല ദൈവമില്ല എന്നു പറയുന്ന വിരുതന്‍മാര്‍ പലരും പറഞ്ഞു പറഞ്ഞ്‌ ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്‌, വെള്ളത്തൂവല്‍ സ്റ്റീഫനെയും ഫിലിപ്പ്‌ എം പ്രസാദിനെയും ഒഴിച്ചു നിര്‍ത്തിയാലും. ഇല്ല എന്ന്‌ ഞാന്‍ ഉറച്ചു വിശ്വസിക്കുന്ന ഒന്നിനെതിരെ പടവാളുമായി ഇറങ്ങണമെങ്കില്‍, ഒന്നുകില്‍ ഞാന്‍ കള്ളനാണ്‌ അല്ലെങ്കില്‍ ഭ്രാന്തന്‍. (ഇത്രയും പറഞ്ഞതു കൊണ്ട്‌ എന്നെ കേറി ചാപ്പകുത്തരുതേ. തെറ്റിദ്ധരിക്കരുതേ).

പണ്ട്‌ ബാലരമയില്‍ വായിച്ച ഒരു കഥ ഓര്‍മ്മ വരുന്നു.കഥ ഓര്‍മ്മയില്‍ നിന്ന്‌ എഴുതുന്നത്‌-കടപ്പാട്‌ എം.കൃഷ്ണന്‍നായര്‍ സാറിന്‌:-)- ശ്രീകൃഷ്ണനും അളിയനായ അര്‍ജ്ജുനനും കൂടി ഒരു ദേവനെ സന്ദര്‍ശിക്കുന്നതിനിടയില്‍ ടിയാന്‍ ഒരു കണ്ണാടി ഭഗവാനു സമ്മാനിച്ചു. കണ്ണാടിയില്‍ നോക്കുന്നയാളിനെക്കുറിച്ച്‌ എപ്പോഴും വിചാരിക്കുന്ന ഒരാളെയാകും നോക്കുന്നയാള്‍ക്കു കാണാനാവുക (ച്ചാല്‍, സ്വന്തം മുഖമല്ല എന്നര്‍ത്ഥം).സംഗതി മനസ്സിലായ അര്‍ജ്ജുനന്‌ ഉറപ്പുണ്ടായിരുന്നു തണ്റ്റെ മുഖമാവും അതില്‍ കൃഷ്ണന്‍ കാണുക എന്ന്‌. എന്നാല്‍ കൃഷ്ണന്‍ കണ്ടതാവട്ടെ ടിപ്പിക്കല്‍ വില്ലനായ ശകുനിയെയും. ന്താദ്‌ കദ? എന്നായ അര്‍ജ്ജുനനോട്‌ കൃഷ്ണന്‍ പറഞ്ഞത്‌, തന്നെ ഒതുക്കാനുള്ള പദ്ധതികള്‍ എപ്പോഴും ആലോചിക്കുന്നതു കൊണ്ട്‌ ഓള്‍ഡ്‌ മാന്‍ എപ്പോഴും തന്നെ മനസ്സില്‍ കരുതുന്നു എന്നാണ്‌.

എന്നാലും മഹാഭാരതവും രാമായണവും ബൈബിളുമെല്ലാം കത്തിക്കണമെന്നു പറഞ്ഞ എഴുത്തുകാരണ്റ്റെ സഹൃദയത്വത്തിന്‌ ഇങ്ങേര്‍ക്കൊരു ചായ മേടിച്ചു കൊടുക്കണം! സംഭവം എന്തായാലും കുറേ കഥ നിറഞ്ഞ പുസ്തകമെങ്കിലുമാണല്ലൊ. ആരോ പറഞ്ഞു കേട്ടിട്ടുണ്ട്‌ അവനവണ്റ്റെ പ്രതിഭ നശിച്ചുവെന്നു തോന്നുമ്പോഴാണ്‌ ആളുകള്‍ വായില്‍ത്തോന്നിയതു വിളിച്ചു പറഞ്ഞു തുടങ്ങുന്നത്‌ എന്ന്‌ (എന്നു വച്ച്‌ കുരീപ്പുഴയെക്കുറിച്ച്‌ നമ്മള്‍ അങ്ങനെ പറയാന്‍ പാടില്ലല്ലോ)