തര്‍ജ്ജനി

മറ്റൊരു മേതില്‍ രാധാകൃഷ്ണന്‍

(ഇത്തവണത്തെ ഭാഷാപോഷിണിയില്‍ നിന്ന് ചൂണ്ടിയ കവിതയാണിത്. കവി രൂപേഷ് പോള്‍. കവിതയുടെ ശീര്‍ഷകം "ചെന്നൈ" എന്ന് ആയതിനാല്‍ മാസിക കയ്യില്‍ കിട്ടിയ ഉടന്‍ വായിച്ചു. നന്നായിട്ടുണ്ട്.)

അറിവഴകാ,
പേനുരയില്‍ മുങ്ങിച്ചത്ത
മിത്രമേ,
നീയില്ലാത്ത ചെന്നൈയില്‍
ഞാനെത്തുന്നു ഗൂഢമായ്.

വരില്ല നിന്‍റെ കല്ലറയില്‍‍.
"കില്‍‍പോക്" ശ്മശാനം
കടന്ന് ഓട്ടോറിക്ഷ പോയാലും
കാണില്ല, മതിലിനപ്പുറം
കുരിശുകളുടെ കടല്‍‍,
"മരണം വരുമൊരുനാള്‍"
എന്നൊരു മതിലെഴുത്ത്.

സെന്‍‌ട്രല്‍.
പാമ്പുവളര്‍ത്തു കേന്ദ്രത്തിലെന്ന
പോല്‍
തീവണ്ടികള്‍ പുളയുന്നു സ്വസ്ഥമായ്.
പയനികള്‍ കനിവാര്‍ന്ന ഗവനത്തുക്ക്
വണ്ടി എണ്‍.....

കൂട്ടുകാരി
പാവാടത്തുമ്പില്‍
കരിവെള്ളം പുരളാതെ,
എഗ്‌മൂറില്‍ എരിവുള്ള
മുളകുബജി എണ്ണയില്‍ വേവും
തേവിടിത്തെരുവു കടന്ന്,
കരിമെഴുക് മുലകളില്‍
തേനായൊഴുകും
വിയര്‍പ്പുചാല്‍ മുറിച്ച്,
മഞ്ഞളുണങ്ങാത്ത പുലരിയുടെ
മുഖത്തുരുമ്മി നീ വാ.

ടി. നഗര്‍.
ആദ്യരാത്രിയില്‍
കാമുകനോടൊപ്പം ഇറങ്ങിപ്പുറപ്പെട്ട്
പിടികൂടപ്പെട്ട കന്യകയെപ്പോലെ
നിത്യസംഭ്രാന്തം
ഈ തെരുവ്.

ദാ, കറുത്ത കണ്ണടകള്‍
വില്‍ക്കാന്‍ വച്ച
ഒരു തെരുവോരപ്പലക കണ്ടോ?
അതു തുറന്നാല്‍
അടുത്ത നഗരത്തിലേക്കുള്ള
ഭൂഗര്‍ഭവഴിയാണ്.

നമ്മുടെ നഗ്നപാദങ്ങളില്‍
മാതളച്ചാര്‍ പുരണ്ടു.
പണ്ട് ഈ കെട്ടിടങ്ങള്‍ക്കിടയിലൂടെ
ഒരു കാട്ടാറുണ്ടായിരുന്നു.

കൂട്ടുകാരി വരിക,
ശവങ്ങള്‍ ശൌചം ചെയ്യാനെത്തും
"ബ്രോക്കണ്‍ ബ്രിഡ്ജ്",
സന്ധ്യക്ക് ഇരുണ്ട ചില്ലികള്‍
ചലിപ്പിച്ച് രാത്രിയില്‍ തിളങ്ങുന്ന
കാക്കപ്പുള്ളിയായ് മാറും റൌണ്ടാന.
സ്വിസ് കോട്ടണില്‍ പൊതിഞ്ഞ
മൌണ്ട് റോഡിന്‍റെ
നെഞ്ചിടങ്ങള്‍.

ചെന്നൈ നീ
ചിലപ്പോള്‍
പൊക്കിള്‍ക്കൊടിയില്‍
ചുറ്റിവരിയപ്പെട്ട
സമ്മാനപ്പൊതിയാണ്.
സബര്‍ബന്‍ തീവണ്ടിയില്‍
മറന്നുപേക്ഷിക്കപ്പെട്ട്
ഏതോ ഭിക്ഷാടകന് ലഭിക്കുന്ന
സുഗന്ധദ്രവ്യം.

ഇനി ചുവന്ന വട്ടപ്പൊട്ടുമായ്
നിന്‍റെ പകലുകള്‍,
മുടിപ്പിന്നില്‍ കുരുങ്ങിയ
മല്ലിപ്പൂവായ് രാത്രികള്‍.

നില്‍ക്കൂ.
ആയുര്‍‌വേദ മരുന്നിന്‍റെ
ഗന്ധവുമായി, മുടിയഴിച്ചിട്ട ഒരു
ഇളംതെന്നല്‍ ഈ വഴി
ഇപ്പോള്‍ കടന്നുപോയോ?
ഒരു വെറും
ഒളിച്ചോട്ടക്കാരിയെപ്പോലെ
നീ പരുങ്ങിയോ?

(കടപ്പാട് : ഭാഷാപോഷിണിയോടും രൂപേഷ് പോളിനോടും)

Submitted by hari on Fri, 2005-07-15 10:50.

മേതിലിന്റെ വളര്‍ത്തുമകന്‍ മേതിലിനെ പ്പോലെ തന്നെ... കുറച്ചുകാലമായി "ഇവനെന്റെ പ്രിയപുത്രനെന്ന" സുവിശേഷം കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌.. മേതില്‍ തള്ളിപ്പറഞ്ഞാല്‍ കുഞ്ഞാടിന്റെ ഗതി അധോഗതിയാകുമോ?