തര്‍ജ്ജനി

ഒരു ദലിത്‌ ഗ്രാമത്തിന്റെ ദുരിത കഥ

Quote:ലോകത്തെ ഏറ്റവും മഹത്വമേറിയ മതേതര ജനാധിപത്യ രാഷ്‌ട്രത്തിലെ പൌരന്മാരാണെന്ന്‌ ഊറ്റം കൊള്ളുന്നവരുടെ അറിവിലേക്ക്‌:

കീരിപ്പട്ടി പഞ്ചായത്തിലെ പിഞ്ചുകുഞ്ഞുങ്ങളും പടുകിഴവികളുമടങ്ങുന്ന 15 കുടുംബങ്ങള്‍ ആഴ്ചകളായി പട്ടിണിയിലാണ്‌. ഭക്ഷ്യക്ഷാമമോ, ദാരിദ്യ്രം മാത്രമോ അല്ല ഈ സാധുജന്മങ്ങളെ പട്ടിണികിടക്കാന്‍ നിര്‍ബന്‌ധിതരാക്കിയത്‌. പിന്നെയോ?
തൊഴുകൈകളോടെ നിന്ന്‌ ലക്ഷ്‌മി സങ്കടക്കഥ പറയുമ്പോള്‍ മഷിയോളം കറുത്ത അവളുടെ വിരലറ്റത്ത്‌ ചെയ്‌തുപോയ 'ധിക്കാര'ത്തിന്റെ ശേഷിപ്പ്‌ തെളിഞ്ഞുകാണാമായിരുന്നു. മേല്‍ജാതിക്കാരുടെയും പ്രമാണിമാരുടെയും തീട്ടൂരം വകവെക്കാതെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്‌തു എന്നതാണ്‌ ഇവളുടെയും മറ്റ്‌ 15 കുടുംബങ്ങളുടെയും മേലുള്ള അപരാധം -പോരാത്തതിന്‌ ലക്ഷ്‌മിയുടെ നേരാങ്ങള പൂങ്കോടിയന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള അഹങ്കാരവും കാട്ടി.

മാധ്യമത്തില്‍ വന്ന ഒരു ലേഖനത്തില്‍ നിന്നാണത്. ഇവിടെ പൂര്ണ്ണമായും വായിക്കുക: http://madhyamamonline.com/featurestory.asp?fid=28&iid=316&hid=140&id=2226

ഇത്രയും ദുരിതമയമോ ഇന്ത്യയിലെ ദളിതരുടെ ജീവിതം? എന്തു ജനാധിപത്യമാണ്‌ നമുക്കുള്ളത്?

Submitted by kevinsiji on Tue, 2005-07-12 16:00.

സുഖലോലുപതയുടെ പട്ടുമെത്തയിൽ കിടന്നുറങ്ങുമ്പോൾ സൌകര്യപൂർവ്വം മറന്നു പോകാൻ നമ്മൾ ശീലിച്ച ഒരായിരം അന്യായത്തിന്റെ കഥകൾ, തട്ടിയുണർത്തി ഉറക്കെ കേൾപ്പിയ്ക്കുന്ന പത്രധർമ്മം പാലിയ്ക്കുന്ന പത്രത്തിനു നന്ദി.

Submitted by Sunil on Sat, 2005-07-23 19:47.

ഹരി, ഇതുതന്നെയാണ്‍ പ്രശ്നം. ദളില്‍താരയതുകൊണ്ടാണല്ലൊ ഇങനെ ഉണ്ടായത്. ഇവിടെ അവറ് സാമ്പതികമായി എങങ്നെ മുന്‍പോട്ടുപോകും? വിദ്യാഭ്യാസം ലഭിച്ചാലും ആരവര്‍ക്കു ജോലി കൊടുക്കും? അപ്പോഴല്ലെ സാമുദായിക സം‌വരണത്തിന്‍റെ ആവശ്യം വരുന്നത്?

Submitted by Sivan on Sat, 2005-07-23 21:12.

മാധ്യമത്തിനു മാധ്യമത്തിന്റേതായ രാഷ്ട്രീയമുണ്ട്‌. ഒരു വാർത്തയും മനുഷ്യനന്മയെ കരുതി ഉണ്ടാവുന്നില്ല എന്നതാണ്‌ ഈ കാലം നേരിടുന്ന ദുരന്തം.
അല്ലെങ്കിൽ ആർക്കാണ്‌ commitment? കേരളത്തിന്റെ കടം 40.000 കോടിയായിത്തീർന്നിരിക്കുന്ന ഇന്ന്..?

Submitted by kevinsiji on Mon, 2005-07-25 19:24.

മാധ്യമത്തിന്റെ രാഷ്ട്രീയ ചായ് വുകളെ വിശകലനം ചെയ്തു കൊണ്ടു പറയുകയല്ല. അന്യായം അതാരു വിളിച്ചു പറഞ്ഞാലും, അന്യായത്തിനെതിരെയുള്ള ഒരു ചുവടെങ്കിലും ആയി കാണണം. രാജ്യം കടം കൊണ്ടു മുടിഞ്ഞാലും ഇല്ലെങ്കിലും പട്ടിണിപാവങ്ങളുടെ അവസ്ഥകളുക്കു പ്രത്യേകിച്ചു മാറ്റമൊന്നും സംഭവിയ്ക്കാനും പോകുന്നില്ല.

Submitted by Sunil on Thu, 2005-07-28 16:45.

പട്ടിണി പാവങളുടെ അവസ്ഥയ്ക്കു മാറ്റം വരുത്തേണ്ടേ, കെവിന്‍? ഇന്നത്തെ കാലത്ത് സമരം എന്ന കാര്യം വിചാരിക്കാന്‍ കൂടിപറ്റില്ല. സമരം ഒരു പ്രതിഷേധപ്രകടനം എന്ന നില മാറി നശീകരന്ണം എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. എങങനനീവര്‍ പ്രതിഷേധിക്കും? അവറ് നശിച്ചുപോകട്ടെ എന്നാണോ? അതു വിധിയെന്നാണോ?

Submitted by cachitea on Fri, 2005-07-29 09:30.

വി സി ശ്രീജനെ ആദ്യം അറിയുന്നത് ഒരു കാര്‍‍ട്ടൂണ്‍‍ കവിതയിലൂടെയാണ് (അതോ കാര്‍ട്ടൂണിലൂടെയോ?). ആരാണത് എഴുതിയത് (അതോ വരച്ചതോ?) എന്ന് ഓര്‍‍മ്മയില്ല. ചത്തു കിടക്കുന്ന പുലിയെ, പല ഇസങ്ങളിലും പെട്ട നിരൂപകര്‍‍ വിശകലനം ചെയ്യുന്നതാണ് അതിന്‍റെ പ്രമേയമെന്ന് തോന്നുന്നു‍. ചത്തു കിടക്കുന്ന പുലിയെ വിശകലനം ചെയ്യാന്‍ ശ്രീജന്‍ ഭാരതീയ സാഹിത്യ വിമര്‍ശനം പ്രയോഗിക്കുന്നതിനെ പരിഹസിക്കുന്ന വരികളോ വരകളോ ആണ് ശ്രീജനെപ്പറ്റി കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മയില്‍ വരിക.

മലയാളത്തിലെ പല വിമര്‍ശകരുടെയും പുസ്തകങ്ങള്‍ വായിക്കാറുണ്ടെങ്കിലും ശ്രീജനെ വായിക്കാന്‍ പറ്റിയില്ല. എങ്കിലും സുഹൃത്തുക്കള്‍ വഴി, സമകാലികങ്ങളില്‍ വരുന്ന നാട്ടുവര്‍ത്തമാനങ്ങള്‍ വഴി, ശ്രീജനെ ചിലപ്പോഴൊക്കെ കണ്ടുമുട്ടാറുണ്ട്. ഇങ്ങിനെയുള്ള അവസാനത്തെ കണ്ടുമുട്ടല്‍, ചിന്തയില്‍ ശിവന്‍ നടത്തിയ ഒരു പോസ്റ്റിലൂടെയാണ്. ആധുനികോത്തരതയെ എതിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ ശ്രീജന്‍റെ പേരും ശിവന്‍ ചേര്‍ത്തിരുന്നു.

ഓ.. മറന്നുപോയി! ഭാഷാപോഷിണിയില്‍ - ഇക്കൊല്ലത്തെ വാര്‍ഷികപ്പതിപ്പില്‍ - ശ്രീജനുമായി കെ എം നരേന്ദ്രന്‍ നടത്തുന്നൊരു അഭിമുഖം ഞാന്‍ വായിച്ചിരുന്നു. നരേന്ദ്രന്‍ സ്വനഗ്രാഹിയന്ത്രം കൊണ്ടുപോയിക്കാണില്ല എന്നു തോന്നുന്നു. അല്ലെങ്കില്‍ നരേന്ദ്രന്‍, ശ്രീജന്‍റെ ഭയങ്കര ആരാധകന്‍ ആയിരുന്നിരിക്കണം. കാരണം, അവിടെയും ഇവിടെയും തൊടാതെ വളരെ നന്നായി ശ്രീജനെ ഈ അഭിമുഖത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്, ചെടിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, മൌലികമായ ഒന്നും മറുപടികളില്‍ ഇല്ലാതിരുന്നിട്ടുകൂടി!

സംഭവമെന്തായാലും ഈ ലക്കം മാതൃഭൂമിയില്‍ ശ്രീജന്‍ നേരിട്ടെഴുതിയ "ദളിതവാദവും നിരൂപണവും" എന്ന ലേഖനം എനിക്ക് 'ക്ഷ' ബോധിച്ചു. ശ്രീജനെ മനസ്സിലാക്കാന്‍ വൈകിയതെന്തേ എന്ന് കുണ്ഠിതവുമുണ്ടായി.

ദളിതവാദത്തെപ്പറ്റി പി കെ രാജശേഖരന്‍ പറഞ്ഞ ചില അപ്രിയ സത്യങ്ങള്‍ ചിലര്‍ക്കെങ്കിലും രസിച്ചില്ല. അവരത് തെളിഞ്ഞും മറഞ്ഞും പല സമകാലികങ്ങളിലും അവതരിപ്പിച്ചു. ഇതിനിടയിലാണ് പി കെ രാജശേഖരന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് "അടിയന്‍ ലച്ചിപ്പോം" എന്ന് ആര്‍ത്തുവിളിച്ച് വി സി ശ്രീജന്‍ മാതൃഭൂമിയില്‍ കയറിപ്പറ്റുന്നത്. ദളിതരോട് നോട്ടത്തിന്‍റെ ദിശ മാറ്റാനും സവര്‍ണ്ണരോടുള്ള കലഹം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്യുന്ന ശ്രീജന്‍റെ വാദമുഖങ്ങള്‍ എന്നാല്‍ ആവും വിധം വിശകലനം ചെയ്യാന്‍ ഒരുമ്പെടുകയാണ് ഇവിടെ.

"യഥാര്‍ത്ഥ പ്രശ്നങ്ങളെ മറച്ചുവെച്ച് ദളിതരെയും ദളിത് പ്രശ്നങ്ങളെയും ഇപ്പോഴുള്ള നിലയില്‍ തന്നെ മാറ്റമില്ലാതെ നിലനിര്‍ത്താനുള്ള പ്രത്യയശാസ്ത്രമാണ് ദളിതവാദം" എന്നാണ് രാജശേഖരന്‍റെ കണ്ടെത്തല്‍. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരുമെഴുതി. എന്നാല്‍ രാജശേഖരന്‍റെ പുതിയ ദളിതവാദത്തെ (ആധുനികോത്തര ദളിതവാദം - ശ്രീജന്‍ സമ്മതിക്കില്ലെങ്കിലും) പൂര്‍ണ്ണമായി പിന്തുണച്ചുകൊണ്ടും ഈ വാദത്തിന് ആവശ്യത്തിലധികം കോപ്പു കൂട്ടിക്കൊണ്ടും പുറത്തുവന്ന ശ്രീജന്‍റെ ലേഖനത്തെപ്പറ്റി രണ്ട് വാക്ക് പറയാതെ വയ്യ!

ദളിതവാദത്തില്‍ അന്തര്‍ഹിതമായ (?) ചില പൊതുതത്വങ്ങള്‍ കണ്ടെത്തിക്കൊണ്ടാണ് ശ്രീജന്‍ തന്‍റെ ലേഖന പടയോട്ടം ആരംഭിക്കുന്നത്. ദളിതവാദം ഈ പൊതുതത്വങ്ങളില്‍ വിശ്വസിക്കുന്നു എന്നാണ് ശ്രീജന്‍റെ വിശ്വാസം. (ശ്രീജന്‍റെ വിശ്വാസം ശ്രീജനെ രക്ഷിക്കട്ടെ!) പൊതുതത്വങ്ങള്‍ എന്താണെന്നും അവയ്ക്കുള്ള മറുപടി എന്തായിരിക്കണമെന്നും നമുക്കു കാണാം.

പൊതുതത്വം 1: സമൂഹത്തിലെ അസമത്വങ്ങള്‍ ശാശ്വതമായി ഇല്ലാതാക്കാന്‍ കഴിയും. സാഹിത്യവും കലയും കൊണ്ട് സമൂഹത്തിലെ അസമത്വം പോലുള്ള യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.

ആദ്യ പൊതുത്വത്തില്‍ തന്നെ കല്ലു കടിക്കുന്നു. സമൂഹത്തിലെ അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും എന്ന് ശഠിക്കുന്നത് കമ്മ്യൂണിസ്റ്റ് / മാര്‍ക്സിസ്റ്റ് അനുയായികളാണ്. ദളിതവാദമല്ല. സാഹിത്യവും കലയും കൊണ്ട് അസമത്വത്തെ ചെറുക്കാന്‍ കഴിയുമെന്ന് ദേശാഭിമാനി പേനയുന്തുകാര്‍ മാത്രമേ ധരിച്ചുവശായിട്ടുണ്ടാവൂ. ദളിത് കമ്മ്യൂണിസ്റ്റുകളും ഇങ്ങിനെ ചിന്തിക്കുന്നുണ്ടാവാം. ശ്രീജന് എതിര്‍ക്കേണ്ടത് കമ്മ്യൂണിസത്തെയാണോ, ദളിതവാദത്തെയാണോ? അതോ രണ്ടുമാണോ? മനസ്സിരുത്തി ശ്രീജന്‍ ചിന്തിക്കുന്നത് നന്ന്.

പൊതുതത്വം 2: വിദൂരഭൂതകാലത്തില്‍ നടന്ന അക്രമങ്ങള്‍ വേണമെങ്കില്‍ ഇന്നു തിരുത്താനും പരിഹരിക്കാനും കഴിയും. മുന്‍ തലമുറ അനുഭവിച്ച പീഢനങ്ങളും വേദനകളും ദശകങ്ങള്‍ കഴിഞ്ഞാലും പിന്‍ തലമുറ ഭാവനാത്മകമായി അനുഭവിക്കും.

യേശുദാസിനെ കടലോര ക്രിസ്ത്യാനിയെന്ന് സക്കറിയ ആക്ഷേപിച്ചിട്ട് അധികകാലം ആയിട്ടില്ല. സക്കറിയയും മനോരമാകുടുംബവും ബ്രാഹ്മണരില്‍ നിന്ന് നേരിട്ട് നസ്രാണികളായി മാറിയ ആഢ്യവര്‍ഗ്ഗമല്ലയോ! മാര്‍ഗ്ഗം കൂടികള്‍ എത്ര തലമുറ കഴിഞ്ഞാലും പരിഹാസത്തിന് പാത്രമാവും എന്ന് ചുറ്റും നോക്കിയാല്‍ മനസ്സിലാവും. ഇത് ഞാന്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സമൂഹത്തിലെ മാത്രം ദളിത പ്രശ്നമാണ്. മറ്റ് സമൂഹങ്ങള്‍ക്ക് അവരുടേതായ അനുഭവങ്ങള്‍ പറയാനുണ്ടാവും

ശ്രീജന്‍റെ രണ്ടാം പൊതുതത്വത്തെപ്പറ്റി ഇനിയും ആഴത്തില്‍ ചിന്തിച്ചാല്‍ ഒന്നേ പറയാനുള്ളൂ. അബോധമനസ്സും ആര്‍ക്കിടൈപ്പുകളും എന്ന വിഷയത്തെ അധികരിച്ച് ഇന്നുവരെ ഇറങ്ങിയിട്ടുള്ള പുസ്തകങ്ങളില്‍ ഏതെങ്കിലും ഒന്ന് ശ്രീജന്‍ വായിക്കണം. ചിലപ്പോള്‍ ശ്രീജന് ബുദ്ധി വന്നേക്കാം.

പൊതുതത്വം 3: പഴയ ശത്രുക്കളോട് മുന്‍‌ഗാമികള്‍ക്ക് ഉണ്ടായിരുന്ന അമര്‍ഷം തീര്‍ക്കാന്‍ ഇന്ന് അവരുടെ പിന്‍ തലമുറയോട് യുദ്ധം പ്രഖ്യാപിച്ചാല്‍ മതിയാവും.

പഴയ ശത്രുക്കള്‍ ഇപ്പോഴും പ്രബലരാണെങ്കില്‍ യുദ്ധം അനിവാര്യം തന്നെ. തലമുറകള്‍ക്ക് മുമ്പ് ദളിതരെ കടിച്ച കൊതുകിന്‍റെ പിന്‍ തലമുറക്കാരാണ് ഇന്നും അവരെ കടിക്കുന്നത്. കടിയും കൊണ്ട്, ആസനത്തില്‍ കയ്യും വെച്ച് മിണ്ടാതെയിരിക്കണം എന്നാണോ ശ്രീജന്‍റെ ഗീതോപദേശം?

ശ്രീജന്‍റെ അടുത്ത വാദം ഇതാ - "താണുകൊടുക്കാന്‍ മനസ്സില്ലാത്ത വിധം സ്വയം മാറാനും മാറ്റിപ്പണിയാനും കഴിയണമെങ്കില്‍ ദളിതന് ലോകപരിചയം വേണം. ലോകപരിചയത്തിന്‍റെ ഭാഗമായി കലയും സാഹിത്യവും വരാം. എന്നാല്‍ സാഹിത്യം കൊണ്ട് അസമത്വം ഇല്ലാതാക്കാന്‍ കഴിയില്ല. കാരണം കൂടെ ചേര്‍ന്നു കരയാനുള്ള തരളതയേ സാഹിത്യം നല്‍കുകയുള്ളൂ.'

കലയും സാഹിത്യവും മാത്രമാണ് ദളിതവാദമെന്ന് ധരിച്ചുവശായിരിക്കുകയാണ് പാവം ശ്രീജന്‍. ദളിതന് ദളിതവാദം പ്രചരിപ്പിക്കാന്‍ സാഹിത്യവും കലയും വേണമെന്ന് ആരാണ് പറഞ്ഞത്? അക്ഷരം കൊണ്ട് കാണിക്കുന്ന കസര്‍ത്തുകളെല്ലാം സാഹിത്യമാവുമോ? അതോ, മാര്‍ക്സിന്‍റെ മൂലധനം പോലും സാഹിത്യസൃഷ്ടിയാണെന്ന് ശ്രീജന്‍ വാദിച്ചുകളയുമോ?

ഇവിടെ, സം‌വാദത്തില്‍ പങ്കെടുത്ത് സിബു പറഞ്ഞത് ഓര്‍മ്മ വരികയാണ് - "കവിതയും കഥയും എഴുതുന്ന സാഹിത്യകാരന്മാരുടെ സാമൂഹികവിമര്‍ശനത്തെ മമ്മൂട്ടിയുടെയും മോഹന്‍‌ലാലിന്‍റെയും സാമൂഹികവിമര്‍ശനം പോലെ തന്നെയേ കാണേണ്ടതുള്ളൂ. തുമ്പിയെ കല്ലെടുപ്പിക്കുന്ന പോലെ ഭാരിച്ചതും ചേരാത്തതുമായ ഒരു ജോലിയാണ്‌ സാഹിത്യകാരന്മാര്‍ക്ക്‌ നമ്മള്‍ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്‌. വികാരരഹിതമായി വിശകലനം ചെയ്യേണ്ടുന്നൊരു കാര്യത്തിന്റെ താക്കോല്‍ വികാരജീവികള്‍ക്കാണ്‌ കിട്ടിയിരിക്കുന്നത്‌ എന്നു വിശ്വസിക്കാന്‍ പ്രയാസം.' സത്യം, നൂറു ശതമാനം!

വിചിത്രമാണ് ശ്രീജന്‍റെ അടുത്ത വിചിന്തനം. ഇങ്ങ് തലശ്ശേരിയില്‍ ഇരിക്കുന്നയാള്‍ വിചാരിച്ചാല്‍ ബീഹാറിലെ ദളിതപീഢനം ഇല്ലാതാക്കാന്‍ പറ്റില്ലെന്ന്! ഹൌ! എത്ര പ്രായോഗികമതിയാണ് ശ്രീജന്‍. അതായത് നമുക്കിടപെടാന്‍ പറ്റാത്ത പ്രശ്നങ്ങളെപ്പറ്റി ചിന്തിച്ച് തല പുണ്ണാക്കേണ്ട എന്ന് സാരം! നല്ല വിമര്‍ശന (തത്വ) ചിന്ത അല്ലേ?

(തുടരും... പറഞ്ഞ് കഴിഞ്ഞില്ല.. - ബെന്നി)

Submitted by cachitea on Sun, 2005-07-31 10:20.

കേരളത്തില്‍ സവര്‍ണ്ണ മേധാവിത്വം ഉണ്ടെന്ന് വസ്തുനിഷ്ഠമായി തെളിയിക്കാന്‍ പറ്റില്ല എന്ന് ശ്രീജന്‍. മാത്രമല്ല, അങ്ങിനെയൊന്ന് ഉണ്ടെങ്കില്‍ തന്നെ, ദളിതരോടുള്ള പഴയ മനോഭാവം മാറ്റി, സവര്‍ണ്ണരുടെയുള്ളില്‍ നല്ല മറ്റൊരെണ്ണം പതിച്ചു വെയ്ക്കാന്‍ ആര്‍ക്കുകഴിയും എന്നാണ് ശ്രീജന്‍റെ മഹാചോദ്യം. ഇങ്ങിനെ ഉത്തരമില്ലാത്ത മഹാസമസ്യകള്‍, വിക്രമാദിത്യ മഹാരാജാവിന്‍റെയടുത്ത് വേതാളം ചോദിച്ചതായി മാത്രമേ കേട്ടറിവുള്ളൂ.

ഇനിയുമുണ്ട്, ശ്രീജന്‍റെ കുതര്‍ക്കങ്ങള്‍. ബ്രാഹ്മണര്‍ സംസ്കാരമില്ലാത്തവര്‍ ആണെന്ന് തെളിയിക്കാന്‍ അംബേദ്കര്‍ 'പോലും' അനവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ടെത്രെ. ഇന്നത്തെ നിയമം വെച്ച് പണ്ടത്തെ പൂര്‍‌വികരെ കുറ്റം വിധിക്കുന്നത് വസ്തുനിഷ്ഠമായ ചരിത്രരചനാരീതിയല്ല എന്ന് ശ്രീജന്‍ നമ്മെ സാദരം ഓര്‍മ്മപ്പെടുത്തുന്നു.

എന്നാല്‍ നളിനി ജമീലയുടെയും മറ്റും വിപ്ലവകഥകള്‍ വായിച്ച്, പണ്ടത്തെ താത്രിക്കുട്ടിയെ ആദ്യ ഫെമിനിസ്റ്റായും സമുദായ ഉദ്ധാരകയായും ചിത്രീകരിക്കാന്‍ ആരൊക്കെയോ പെടാപ്പാടു പെടുന്നത് ശ്രീജന് കാണാന്‍ പറ്റുന്നില്ല. ശ്രീജന്‍റെ നോട്ടത്തില്‍ ദളിതന് ഒരു നിയമം, സവര്‍ണ്ണന് മറ്റൊന്ന്, എന്നാണെന്നു തോന്നുന്നു.

ദളിതരോട് ചിന്തക്കരുത് എന്നാണ്‍ ശ്രീജന്‍റെ അഭ്യര്‍ത്ഥന. ഇതാ കാണുക - 'മര്‍ദകരുടെ പിന്‍‌ഗാമികളെ ശകാരിച്ചാല്‍ പോവുന്നതല്ല, മര്‍ദനങ്ങളുടെ തെളിവുകള്‍ സൃഷ്ടിക്കുന്ന ആത്മനിന്ദ. തന്‍റെ കൂട്ടര്‍ മര്‍ദിക്കപ്പെട്ടിരുന്നു എന്ന അറിവു തന്നെ എല്ലാ ആത്മവിശ്വാസവും നശിപ്പിക്കും.' അപ്പോള്‍ ആത്മവിശ്വാസമുണ്ടാക്കാന്‍ പറ്റിയ മരുന്ന് പഴയതെല്ലാം മറക്കുക എന്നതാണ്! ഹൌ, എന്തൊരു കരിയര്‍ ഗൈഡന്‍സ്!

ഇതിനേക്കാളൊക്കെ രസാവഹമായ ഒരു നിരീക്ഷണം ലേഖനത്തിന്‍റെ അവസാന ഭാഗത്തുണ്ട്. 'പോസ്റ്റ് മോഡേണിസം കയറ്റി അയയ്ക്കുന്ന ചിന്തകരുള്ള അമേരിക്കപോലെയുള്ള സാമ്രാജ്യത്വ ശക്തികളുടെ താല്‍പ്പര്യമാണ് മൂന്നാം‌ലോക രാജ്യങ്ങളിലെ അടിപിടികള്‍ ഒരിക്കലും തീരാന്‍ പാടില്ല എന്നത്. അത് ഫലിച്ചിട്ടുണ്ടെന്ന സൂചനയാണ് ബ്രാഹ്മണിസത്തേക്കാള്‍ നമ്മള്‍ സ്വാഗതം ചെയ്യേണ്ടത് ആഗോളവാദത്തെയും ഉദാരീകരണത്തെയും ആണെന്ന ദളിതവാദം.'

ഇതു വായിച്ചപ്പോഴാണ് ആ ഗുട്ടന്‍സ് പിടികിട്ടിയത്. ആഗോളവാദത്തെയും ഉദാരീകരണത്തെയും പ്രശംസിക്കുന്ന, എന്നാല്‍ ബ്രാഹ്മണിസത്തെ തള്ളിപ്പറയുന്ന ആധുനികോത്തരവാദത്തെയാണ് ശ്രീജന്‍ എതിര്‍ക്കുന്നത്. യേത്? സംഭവം മനസ്സിലായോ?

കഴിഞ്ഞില്ല. അടുത്ത ഖണ്ഡികയില്‍ ട്രപ്പീസു കളിക്കാരന്‍റെ ലാഘവത്തോടെ ശ്രീജനൊരു മലക്കം മറിയല്‍ നടത്തുന്നുണ്ട് - 'ആധുനികോത്തരതയിലെ സത്വസങ്കല്‍പ്പത്തിന് പുതിയ കാലത്തിന് പറ്റാത്തത്ര പഴക്കമുള്ള ഒരു മതഗോത്ര സ്വഭാവമുണ്ട്. ആധുനികോത്തരത വേണ്ടത്ര ആധുനികോത്തരമാവത്തതിന്‍റെ ഫലമാണിത്.'

അതായത് ആഗോളവാദത്തെയും ഉദാരീകരണത്തെയും അല്ല ആധുനികോത്തരത പ്രശംസിക്കേണ്ടതെന്ന് സാരം. പകരം (ഇന്ത്യന്‍ പശ്ചാത്തലത്തില്‍) ഹിന്ദുമത-ഗോത്രങ്ങളെയാണെന്ന് സാരം. പക്ഷേ, ഇവിടെയും ശ്രീജന് Logic error പറ്റുന്നു. നാലോ അഞ്ചോ നൂറ്റാണ്ടിന്‍റെ ചരിത്രമെന്ന ഉള്ളിത്തോലും കടന്ന്, കൂടുതല്‍ ആഴത്തിലേക്ക് മുങ്ങാംകുഴിയിട്ടാണ് ദളിതന്‍ വീണ്ടെടുപ്പിന് ശ്രമിക്കുന്നത്. അതായത് "മതങ്ങള്‍ക്കും മുമ്പ്" എന്നൊക്കെ ചിന്തിക്കാന്‍ ശ്രീജന്‍ മനസ്സിനെ പരിശീലിപ്പിക്കുന്നത് നന്നായിരിക്കും.

ഇതാ അടുത്ത ധിഷണാപരമായ (?) മറ്റൊരു കുതര്‍ക്കം! ഘടനാവാദാനന്തരചിന്തയുടെ വ്യാഖ്യാതാക്കളുടേതായി പരിചയപ്പെടുത്തിയാണ് ശ്രീജന്‍ ഇത് മുന്നോട്ട് വെക്കുന്നത്. "താനൊരു ജൂതന്‍ ആണെന്ന് പറയുമ്പോഴും ഈ പറയുന്നതില്‍ നിന്ന് പറയുന്നയാള്‍ വ്യത്യസ്തനായിരിക്കും. സത്യത്തിന്‍റെ ചെറിയൊരു അംശം മാത്രമേ ഈ വാക്കുകള്‍ ഉള്‍ക്കൊള്ളുന്നുള്ളൂ. തന്‍റെ സത്വം എന്നു പറയേണ്ടത് മറ്റ് ജൂതന്‍മാരില്‍ നിന്ന് തനിക്കുള്ള വ്യത്യാസങ്ങളെയാണ്. അല്ലാതെ ജൂത്ന്മാര്‍ക്കും തനിക്കുമുള്ള പൊതുവായ സ്വഭാവലക്ഷണങ്ങളെയല്ല. അങ്ങിനെ വരുമ്പോള്‍ താന്‍ ദളിതനാണെന്ന പ്രഖ്യാപനം തന്‍റെ സത്വത്തെ സ്ഥാപിക്കുകയല്ല, പകരം അതിനെ മറച്ചു വെക്കുകയാവും ചെയ്യുക."

തര്‍ക്കം ഭേഷായിട്ടുണ്ട്. വ്യക്തി കേന്ദ്രീകൃത ചിന്തകളും പ്രവൃത്തികളുമാണ് ആരില്‍നിന്നും ശ്രീജന്‍ പ്രതീക്ഷിക്കുന്നത്. ശാന്തം പാപം! ആരുമിനി മാര്‍ക്സിസ്റ്റാണ്, ഹിന്ദുമതക്കാരാണ്, നസ്രാണിയാണ്, ആര്‍ എസ് എസ്സാണ്, ജനതാദള്ളാണ് , ഇന്ത്യക്കാരനാണ് എന്നൊന്നും പറയാന്‍ പാടില്ല. ഇങ്ങിനെ പറയുന്നത് നമ്മുടെ സത്വത്തെ ഹനിക്കലാവും. (എന്‍റെ സുഹൃത്ത് ജോണ്‍സണ്‍ എഴുതിയ ഡിക്ടറ്റീവ് നോവലില്‍ "സിമിത്തേരിയില്‍ നിന്ന് ഡിക്ടറ്റീവ് ജോസിന്‍റെ നേര്‍ക്ക് ഒരു "സുത്തം" ചാടിവീണു എന്ന് വായിച്ചിട്ടുണ്ട്. ഈ സുത്തമാണോ ശ്രീജന്‍റെ സത്വം?!)

ഇരിക്കുന്ന കൊമ്പു തന്നെ ഇങ്ങിനെ കുതര്‍ക്കങ്ങള്‍ കൊണ്ട് മുറിക്കാതിരിക്കാന്‍ ആരെങ്കിലും ശ്രീജനെ ഉപദേശിച്ചാല്‍ നന്ന്. കൊമ്പോടിഞ്ഞു വീണാല്‍ നട്ടെല്ലു തന്നെ ഒടിയാം!

Submitted by Sunil on Sun, 2005-07-31 10:46.

സത്യം പറയാമെങ്കിൽ, ഈ ബ്രാഹ്മണ വായനയും ദളിത വായനയും എനിക്കു ദഹിക്കുന്നില്ല. എന്തോ കഥ. ദീപസ്തംഭം മഹാശ്ചര്യം!!!!

Submitted by pradeepanakoodu on Sun, 2005-07-31 16:31.

വരേണ്യതയുടെ ഗര്‍ഭം പേറി നടക്കുന്നവരാണ് പി കെ രാജശേഖരനെയും ശ്രീജനെയും പോലുള്ളവര്‍. ഒരു കാലില്‍ മാധ്യമ മുതലാളിത്ത സുഖിപ്പിക്കലിന്‍റെ മന്തും പേറേണ്ടി വരുമ്പോള്‍ ഇത്രയൊക്കെയേ പ്രതീക്ഷിക്കേണ്ടതുള്ളൂ....

Submitted by cachitea on Sat, 2005-08-06 18:55.

രാജേട്ടനെ എനിക്കു നേരിട്ടറിയാം. വീട്ടില്‍ പോയിട്ടും ഉണ്ട്. സാഹിത്യം - തത്വശാസ്ത്രം തമ്മില്‍ സംസാരിച്ചിട്ടില്ല എങ്കിലും ദളിതര്‍ക്കെതിരെ പട നയിക്കാന്‍ മാത്രം കാഠിന്യമുള്ള മനസ്സല്ല രാജേട്ടന്‍റേതെന്ന് എനിക്കറിയാം. ശ്രീജനെ എനിക്ക് അടുത്തറിയില്ല. ശ്രീജനെ അടുത്ത് അറിയുന്നവര്‍ക്ക് രാജേട്ടനെപ്പറ്റി ഞാന്‍ പറഞ്ഞ പോലെ അഭിപ്രായമുണ്ടായിരിക്കാം. എന്നാല്‍ മാതൃഭൂമി ലേഖനത്തിലൂടെ അറിഞ്ഞിട്ടോ (അറിഞ്ഞിട്ടു തന്നെയാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എങ്കിലും സംശയത്തിന്‍റെ ആനുകൂല്യം നല്‍കുന്നതിന്) അറിയാതെയോ ശ്രീജന്‍ ചെയ്തത് മാപ്പര്‍ഹിക്കുന്നതല്ല.