തര്‍ജ്ജനി

അന്യന്‍ നല്‍കുന്ന പാഠങ്ങള്‍

നിയമലംഘനം ചെറുക്കേണ്ടതാണെന്ന ബോധം ഉള്ളവര്‍ തന്നെ കുറുക്കു വഴിയിലൂടെ തന്‍കാര്യസാദ്ധ്യത്തിനു ശ്രമിക്കുന്നതാണ്‌ ഇന്ത്യ പിന്നോട്ടു മാത്രം പൊയ്ക്കൊണ്ടിരിക്കാന്‍ കാരണം എന്നാണ്‌ 'അന്യന്‍' എന്ന ബിഗ്‌ ബഡ്ജറ്റ്‌ സിനിമ പൊതുമക്കള്‍ക്ക്‌ നല്‍കുന്ന സന്ദേശം. പ്രതികരണശേഷിയി കുറഞ്ഞു വരികയാണെന്ന ഒരു അഭിപ്രായ പ്രകടനത്തിലൊതുങ്ങുകയാണ്‌ നമ്മുടെ പ്രതികരണശേഷി. 'ഇതിനൊന്നും ആരും വധിശിക്ഷയൊന്നും വിധിക്കുകയില്ലല്ലോ' എന്ന ആത്മഗതത്തില്‍ തൂങ്ങി എല്ലാവരും ചെറിയ ചെറിയ തെറ്റുകളില്‍ അഭിരമിക്കുന്നു. കൂടുതല്‍ പ്രായോഗിക മതികളാവുന്നു. എന്നാല്‍ സിനിമയില്‍ ചോദിക്കുമ്പോലെ അഞ്ചു കോടിപേര്‍ അഞ്ചുകോടിപ്രാവശ്യം അയ്യഞ്ചുപൈസ തിരുടുന്നത്‌ വലിയതെറ്റുതന്നെയല്ലേ? എല്ലാവരുമറികെ അതാണു നടന്നുകൊണ്ടിരിക്കുന്നത്‌.
ഒരു വാണിജ്യസിനിമയുടെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ ഇന്ത്യയുടേ പ്രശ്നത്തെ അതിലളിതവത്കരിക്കുകയായിരിക്കുകയാണ്‌ 'അന്യനും' ചെയ്യുന്നത്‌. എങ്കിലും യഥാര്‍ത്ഥവില്ലന്‍ നമ്മളോരോരുത്തരുമാണെന്ന ചൂണ്ടുപലക സിനിമ വ്യക്തമായി നമുക്കു മുന്നില്‍ സ്ഥാപിക്കുന്നു. നിയമത്തെ അതേപടി പാലിക്കാന്‍ വെമ്പുന്ന 'അമ്പിയും' നിയമം കൈയിലെടുക്കുന്ന 'അന്യനും' നമ്മള്‍ തന്നെ. സദാചാരിയും വിടനും നമ്മള്‍ തന്നെ. ഈ അര്‍ത്ഥത്തിലാണ്‌ വര്‍ത്തമാനാവസ്ഥയില്‍ ശങ്കറിന്റെ 'അന്യന്‍' നമുക്കിടയില്‍
ഒരു സ്ഥലം പിടിച്ചെടുക്കുന്നത്‌. അതേ സമയം ഗരുഡപുരാണത്തിലെ നരക ശിക്ഷാവിധികള്‍ നടപ്പാക്കികൊണ്ട്‌ സര്‍വസാധുവും സസ്യാഹാരിയുമായ 'അമ്പിരാമാനുജനില്‍' നിന്നിറങ്ങിവരുന്ന അന്യന്‍, പ്രത്യക്ഷത്തില്‍ നിശ്ശബ്ദവും നിസ്സഹായവുമായി കാണപ്പെടുന്ന, ബ്രാഹ്മണ്യത്തിന്റെ അക്രമാസക്തമായ ഒരു ഭാവിമുഖത്തെകൂടി പ്രതിനിധീെകരിക്കുന്നുണ്ടോ? എങ്കില്‍ സിനിമയുടെ മായികതയില്‍ മയങ്ങിപ്പോകാതെ നാം ചര്‍ച്ചയ്ക്കെടുക്കേണ്ട ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്താവനയാണത്‌.

Submitted by cachitea on Tue, 2005-07-05 15:36.

തമിഴിലിറങ്ങുന്ന തീവ്രവാദി മാസികയായ ഉണ്‍മയില്‍ അന്യനെപ്പറ്റി ഒരു ലേഖനം കണ്ടു. തമിഴ് ദളിത് സാഹിത്യത്തിന്‍റെ കുത്തക അവകാശപ്പെടുന്ന മാസികകളിലൊന്നാണ് ഈ ഉണ്‍മ. ബ്രാഹ്മണിസത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഈ സിനിമ വഴി സം‌വിധായകന്‍ ശങ്കറും തിരക്കഥാകൃത്ത് സുജാതയും കൂടി ഉദ്ദേശിക്കുന്നതെന്ന് ഉണ്‍മ ആരോപിക്കുന്നു. ആര്‍ എസ് എസ്സിനെ സഹായിക്കാനാണ് ഇത്തരമൊരു ചിത്രമെന്നു വരെ ലേഖനത്തില്‍ ആരോപണമുണ്ട്.

Submitted by hari on Fri, 2005-07-08 06:54.

സ്വതന്ത്രമായൊരു അഭിപ്രായ പ്രകടനം സാധ്യമല്ലാത്തവിധം കണ്ണുകള്‍ക്കുള്ളിലേയ്ക്ക് ഹാലോജന്‍ ലാമ്പുകള്‍ വച്ച് വെളിച്ചം കയറ്റിവിടുന്നവരില്‍ പ്രധാനികള്‍ മാധ്യമങ്ങള്‍ തന്നെ. ശിവന്റെ "ചാപ്പകള്‍" എന്ന പോസ്റ്റില്‍ കണ്ടതു തന്നെയല്ലേ അന്യന്റെ കാര്യത്തില്‍ ഉണ്ടയെന്ന തീവ്രവാദി മാസിക ചെയ്യുന്നതും?

എല്ലാം വയറ്റുപ്പിഴപ്പിനായിട്ടാവണം!!!